You are here: HOME » TRAVEL »
ഈ മനോഹരതീരത്ത്‌
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 13 March 2011
ആലപ്പുഴയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ എന്നും റൊമാന്റിക്കാക്കുന്നു. സായാഹ്നത്തില്‍ ഈ കടല്‍ത്തീരത്തിരിക്കുമ്പോള്‍ മനസില്‍ പഴയ കാലമാണ് നിറയുന്നത്. ഒന്നിച്ചഭിനയിക്കുമ്പോഴും ആരുമറിയാതെ പ്രണയിച്ചതിന്റെ ത്രില്‍, അറിഞ്ഞപ്പോഴുള്ള പുകിലുകള്‍.. എല്ലാം താണ്ടി ഇവിടെ വരെയെത്തിയ ജീവിതയാത്ര, ശുഭയാത്ര. (അങ്ങിനെയൊരു സിനിമയില്‍ നിന്നായിരുന്നു ഞാനും പാര്‍വതിയും പ്രണയയാത്ര ആരംഭിക്കുന്നത്). ഒഴിവു കിട്ടുമ്പോഴെല്ലാം അവധിക്കാലം ആഘോഷിക്കാന്‍ ഞാനിവിടെയെത്തും. കായലും കടലും തുരുത്തുകളും നിറഞ്ഞ കിഴക്കിന്റെ ഈ വെനീസിലേക്ക്.

ഡിസംബറിന്റെ അവസാന ദിവസങ്ങളില്‍ ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തില്‍ ചെലവഴിച്ച് ഒന്നാം തിയതി ഗുരുവായൂരിലെത്തുക. അല്ലെങ്കില്‍ ഒന്നാം തിയതി ഗുരുവായൂരില്‍ ചെലവഴിച്ച ശേഷം യാത്ര പോവുക. അങ്ങിനെയാണ് സാധാരണ എന്റെ രീതി. ഒരടിപൊളി പുതുവത്സരാഘോഷവും ഒപ്പം പ്ലാന്‍ ചെയ്യും.

ഇക്കുറി മഹാബലിപുരമാണ് ആദ്യം മനസിലെത്തിയത്. പക്ഷെ ഹോട്ടലുകളെല്ലാം ബുക്ക്ഡായി പോയി. പിന്നെ മനസില്‍ വന്നത് ആലപ്പുഴയാണ്. സുഹൃത്തായ ജോജി കുറേക്കാലമായി അങ്ങോട്ട് വിളിക്കുന്നു. ഒന്നിന് ഗുരുവായൂരില്‍ നിന്ന് യാത്ര തിരിച്ചു. മാരാരിക്കുളം കടല്‍തീരത്ത് 14 ഏക്കറില്‍ പരന്നു കിടക്കുന്ന'ബീച്ച് അറ്റ് പൊള്ളേത്തൈ.' കടലിന്റെയും ഉള്‍നാടന്‍ ജലാശയത്തിന്റെയും ഗ്രാമ്യഭംഗികളുടെയും പഞ്ചനക്ഷത്ര സൗകര്യങ്ങളുടെയും ഒരു മിശ്രണം. ചെറിയ കോട്ടേജുകള്‍, സ്വിമ്മിങ്പൂള്‍, കൈത്തോടുകള്‍, പാലങ്ങള്‍, കുളങ്ങള്‍ പുല്‍ത്തകിടി അങ്ങിനെ.. കടലിന്റെ സാന്ത്വനസ്വരവും കേട്ട് തമാശയും കളിയും ചിരിയുമായി ആ പുല്‍ത്തകിടിയില്‍ പുതുവത്സരം ആഘോഷിക്കുമ്പോള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു ദിനം കൂടി സ്വന്തമാക്കുകയായിരുന്നു.

പിറ്റേദിവസം ആലപ്പുഴയിലൊന്ന് കറങ്ങി എറണാകുളത്തേക്ക് വിമാനം കയറാന്‍ പോവുകയായിരുന്നു. പഴയ ഉദയാ സ്റ്റുഡിയോ വഴി. (ഇന്നത് വി.ടി.ജെ ഫിലിംസിറ്റി). അതിലേ കടന്നുപോകുമ്പോഴെല്ലാം അതിനു മുമ്പില്‍ മനസു കൊണ്ട് നമസ്‌കരിക്കും. അവിടെ ഷൂട്ടിങ്ങിനു ചെല്ലുന്ന കാലം ഓര്‍ക്കും. പ്രേംനസീര്‍ കോട്ടേജും രാഗിണി കോട്ടേജുമെല്ലാം വീണ്ടും കാണും. അപ്പോള്‍ മനസില്‍ അറിയാതെ കടന്നുവരുന്നത് ഓര്‍മ്മകളുടെ ബ്ലാക് ആന്റ് വൈറ്റ് യുഗമാണ്.

കാളിദാസന്് ജയറാമിന്റെ മകന്‍ എന്നൊരു വിലാസമുണ്ട്. ബാലതാരമാവാന്‍ അവനത് തുണയായിട്ടുണ്ടാവാം. എന്നാല്‍ ഇങ്ങിനെയൊരു വിലാസമില്ലാതെ സിനിമയില്‍ ചാന്‍സ് മോഹിച്ച് നടന്നൊരു കാലത്തെ കുറിച്ച് ഞാനവന് പറഞ്ഞ് കൊടുത്തു. ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് 'ഉദയ' കാണുന്നത്. എന്റെ വല്യച്ഛന്റെ മകള്‍ അഞ്ജനാ ഹരിഹരനെ അമേരിക്കയിലേക്ക് വിമാനം കയറ്റാന്‍ തിരുവനന്തപുരത്ത് പോയതായിരുന്നു. മടക്കയാത്രയില്‍ ആലപ്പുഴയെത്താറായി. ഞാന്‍ കാറിനുവെളിയില്‍ തലയിട്ട് ഉദയാ സ്റ്റുഡിയോ വരുന്നതും കാത്തിരുന്നു. അതാ, ഭൂഗോളം കാല്‍ക്കീഴിലാക്കി കൂവാന്‍ തലയുയര്‍ത്തി നില്‍ക്കുന്ന പൂവന്‍, ഉദയായുടെ ചിഹ്നം. എന്റെ മനസ് പിടച്ചു. ഗേറ്റില്‍ വന്‍ ജനാവലി. കാറില്‍ അമ്മാവന്‍ ഹരിഹരനും കുടുംബവും ഉണ്ട്. വരുന്നതു വരട്ടെന്ന് കരുതി കാറു നിര്‍ത്താന്‍ പറഞ്ഞു. ''ഞാനൊന്ന് ഷൂട്ടിങ് കണ്ടോട്ടെ.'' അമ്മാവനും താത്പര്യമുണ്ടായിരുന്നു. കാറു പിന്നോട്ടെടുത്തു. ഗേറ്റില്‍ പോയി ആള്‍ക്കൂട്ടത്തിനിടയില്‍ തലനീട്ടി നോക്കിയപ്പോള്‍ സാക്ഷാല്‍ പ്രേംനസീര്‍, തൊട്ടടുത്ത് ഷീലയും ജയനും അടൂര്‍ ഭാസിയും. മലയാള സിനിമ തന്നെ കണ്‍മുമ്പില്‍! 'ആനപാച്ചന്റെ' ഷൂട്ടിങ്ങായിരുന്നു. എങ്ങിനെയെങ്കിലും ഒന്ന് അകത്തു കടന്നെങ്കില്‍. ഒടുക്കം ഞങ്ങളൊരു അടവെടുത്തു -മലയാറ്റൂര്‍ രാമകൃഷ്ണന്‍! അദ്ദേഹ വുമായുള്ള ബന്ധുത്വം പറഞ്ഞതോടെ ഞങ്ങള്‍ കാറടക്കം അകത്തേക്ക്.

''ഇതുവരെ ഞമ്മളൊരു ഉമ്മാന്റെ മക്കളാണ്. ഇനി ഞമ്മള്‍ക്ക് ഞമ്മന്റെ ബഴി. ഇങ്ങക്ക് ഇങ്ങള ബഴി'' ഭാസി നസീറിനോട് പറയുന്ന ഈ ഡയലോഗ് സീനാണ് ഞാനാദ്യം കണ്ട ഷൂട്ടിങ്. നസീറിന്റെ കാലുതൊട്ട് വന്ദിച്ച് തിരിച്ചുവരുമ്പോള്‍ എന്നെങ്കിലും സിനിമയുടെ മായാലോകത്തെത്തുമോ എന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കുന്നുണ്ടായിരുന്നു. കാറില്‍ ആലപ്പുഴ പിന്നിടുമ്പോഴും മനസ് ഉദയായില്‍ തന്നെയായിരുന്നു.

പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ അവിടെയെത്തി. എന്റെ ആദ്യ സിനിമ അപരന്റെ ഷൂട്ടിങിന്. താമസിച്ചത് പ്രേംനസീര്‍ കോട്ടേജില്‍. ആ ചിത്രത്തിനു വേണ്ടി എന്റെ ആദ്യ സീന്‍ ചിത്രീകരിച്ചത് കുട്ടനാട്ടില്‍. അന്നൊരു ഫിബ്രവരി 18 ആയിരുന്നു. 1988ല്‍. നെടുമുടി വേണുവിന്റെ വീടിനടുത്തുള്ള കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍. ഞാനാദ്യമായി ക്യാമറയ്ക്കു മുന്നില്‍ നിന്നു. സംവിധായകന്‍ പത്മരാജന്‍ ആക്ഷന്‍ പറഞ്ഞപ്പോള്‍ ''ദേവീ അനുഗ്രഹിക്കണേ'' എന്ന് ആദ്യത്തെ ഡയലോഗ് പറഞ്ഞു. 22 വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു ഫിബ്രവരി 18ന് സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവതയ്ക്കു വേണ്ടി വീണ്ടും അതേ ക്ഷേത്രനടയില്‍ ഞാനെത്തി. യാദൃശ്ചികമാവാം ഇക്കുറിയും ക്യാമറാമാന്‍ വേണുവായിരുന്നു. ഞങ്ങളാ പഴയ ഓര്‍മ്മകള്‍ പങ്കു വെച്ചു.

ആദ്യമായി പാര്‍വ്വതിയെ കണ്ടതും ആലപ്പുഴയില്‍ വെച്ചാണ്. ആദ്യചിത്രത്തില്‍ തന്നെ എന്നോടൊപ്പം പാര്‍വ്വതിയും ഉണ്ടായിരുന്നു. പെങ്ങളായി അഭിനയിക്കാന്‍. ഒരു ദിവസം ഉച്ചയ്ക്ക് സംവിധായകന്‍ ബ്രേക്ക് പറഞ്ഞപ്പോള്‍ പാര്‍വ്വതിയും അച്ഛനും കൂടി ഒരു കൊതുമ്പു വള്ളത്തില്‍ കയറി തുഴഞ്ഞു പോയി. ഞാനത് അതിശയത്തോടെ നോക്കി നിന്നു. തിരിച്ചുവന്നപ്പോള്‍ അത്ഭുതത്തോടെ ചോദിക്കുകയും ചെയ്തു. ''അച്ഛന്റെ വീട് ഇവിടെ ചമ്പക്കുളത്തല്ലെ, ഞങ്ങളിവിടെ വളര്‍ന്നവരാ..'' പാര്‍വ്വതിയുടെ മറുപടി. അന്ന് മനസില്‍ പ്രണയം മൊട്ടിട്ടിരുന്നോ എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. ആ കാഴ്ച മനസിലിപ്പോഴും മായാതെ നില്‍പ്പുണ്ട്.
അതുകൊണ്ടുകൂടിയാവാം കുട്ടനാട്ടിലേക്കും ആലപ്പുഴയിലേക്കും എനിക്കു വീണ്ടും വീണ്ടും വരാന്‍ തോന്നുന്നത്.


SocialTwist Tell-a-Friend
Related Stories: ഈ മനോഹരതീരത്ത്‌ - Saturday, March 12, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon