You are here: HOME » SPORTS »
മുന്നില്‍ അവസാന കടമ്പ
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 03 January 2011
കേപ്ടൗണ്‍: കണ്‍മുന്നില്‍ ചരിത്രനേട്ടം. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നേടിയിട്ടില്ലെന്ന പഴി തീര്‍ക്കാന്‍ മഹേന്ദ്രസിങ് ധോനിക്കും സംഘത്തിനും കിട്ടുന്ന സുവര്‍ണാവസരമാണ് ന്യൂലാന്‍ഡ്‌സില്‍ ഞായറാഴ്ച തുടക്കം കുറിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ്. ഇന്ത്യക്ക് കീഴടങ്ങാത്ത ഒരേയൊരു ചക്രവാളമായി ദക്ഷിണാഫ്രിക്ക നിലനില്ക്കുമോയെന്ന് ഇനിയുള്ള അഞ്ചു ദിവസങ്ങള്‍ പറയും. അവസാന കടമ്പയെന്ന് വിശേഷിപ്പിക്കുന്ന ദക്ഷിണാഫ്രിക്കയും ധോനിപ്പട മറികടക്കുമോയെന്ന് കാതോര്‍ക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍.

ലോകറാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടം ഇതുവരെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിട്ടുണ്ട്. 2007-ല്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് ഇവിടെ തോറ്റ് 1-2ന് പരമ്പര കൈവിട്ടിരുന്നു. ഇക്കുറി കോട്ടം നികത്താമെന്ന പ്രത്യാശയിലാണ് ഇന്ത്യന്‍ സംഘം. പ്രത്യേകിച്ചും ബൗണ്‍സിന് പേരുകേട്ട ഡര്‍ബനിലെ കിങ്‌സ്മീഡില്‍ ഗ്രേയം സ്മിത്തിനെയും കൂട്ടരെയും ഞെട്ടിച്ചതിലൂടെ. ഡര്‍ബന്‍ വിജയം ടീമിന്റെ ആത്മവിശ്വാസം കുറച്ചൊന്നുമല്ല ഉയര്‍ത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അത്ഭുതം സംഭവിച്ചുകൂടായ്കയില്ല. ആദ്യ മത്സരത്തില്‍ ഇന്നിങ്‌സിനു തോറ്റതിനുശേഷമായിരുന്നു ഡര്‍ബനിലെ തിരിച്ചുവരവ്.

ന്യൂലാന്‍ഡ്‌സില്‍ 21 ടെസ്റ്റുകളില്‍ 14ലും ജയിച്ച ചരിത്രമാണ് ദക്ഷിണാഫ്രിക്കയുടേത്. ഇന്ത്യയാകട്ടെ കളിച്ച മൂന്നു ടെസ്റ്റുകളില്‍ രണ്ടിലും തോല്‍വി വഴങ്ങി. ആതിഥേയരുടെ ഭാഗ്യഗ്രൗണ്ടിലാണ് സന്ദര്‍ശകരുടെ വെല്ലുവിളി. കളിയുടെ എല്ലാമേഖലകളിലും തിളങ്ങിയാലേ വിജയിക്കാനൊക്കൂവെന്ന് ധോനി ടീമംഗങ്ങളെ ഓര്‍മിപ്പിക്കുന്നു. ആദ്യ രണ്ടു ടെസ്റ്റുകളും ഫാസ്റ്റ്ബൗളര്‍മാരെ തുണയ്ക്കുന്നതായിരുന്നുവെങ്കില്‍ ന്യൂലാന്‍ഡ്‌സിലേത് ബാറ്റ്‌സ്മാനെ തുണയ്ക്കുന്ന പിച്ചാണ്. ആദ്യദിനംപേസ് ബൗളിങ്ങിനെയും നാലും അഞ്ചും ദിവസങ്ങളില്‍ സ്​പിന്നിനെയും തുണയ്ക്കുന്നതാണ് ഈ പിച്ചിന്റെ ശീലം. രണ്ടും മൂന്നും ദിവസങ്ങളാണ് ബാറ്റിങ്ങിന് ഏറ്റവും ഉത്തമം. ടെന്നീസ്‌ബോള്‍ ബൗണ്‍സുള്ള പിച്ചാണിത്. ബാറ്റ്‌സ്മാന്മാര്‍ക്കായിരിക്കും ഇത്തരം പിച്ചുകളില്‍ മേധാവിത്തം.

ദക്ഷിണാഫ്രിക്ക മാറ്റമൊന്നും കൂടാതെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാമ്പിലേക്ക് ഓപ്പണര്‍ ഗൗതം ഗംഭീര്‍ തിരിച്ചെത്തും. മുരളി വിജയാണ് വഴിമാറുന്നത്. ഇടങ്കയ്യന്‍ പേസര്‍ സഹീര്‍ ഖാന്റെ തിരിച്ചുവരവാണ് ഡര്‍ബനില്‍ ആതിഥേയരെ ഉലച്ചത്. സഹീര്‍ തിരിച്ചെത്തിയതോടെ ബൗളിങ് നിര കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കയാണ്.

ആതിഥേയരെ രണ്ടുവട്ടം പുറത്താക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാവും ഇന്ത്യ ഇറങ്ങുക. പ്രതിസന്ധികളില്‍ ടീമിന്റെ രക്ഷക്കെത്തുന്ന വി.വി.എസ്.ലക്ഷ്മണും, പരിചയസമ്പന്നരായ സച്ചിന്‍ തെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും അണിനിരക്കുന്ന മധ്യനിര ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളിയാണ്. ഓപ്പണര്‍മാരായ ഗംഭീറും സെവാഗും നല്ല തുടക്കമേകിയാല്‍ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ഇന്ത്യക്ക് പ്രയാസമുണ്ടാവില്ല. സ്വിങ് കിട്ടുന്ന പിച്ചില്‍ പന്ത് ഇരുവശത്തേക്കും ചലിപ്പിക്കാന്‍ ശേഷിയുള്ള സഹീറും ഡര്‍ബനില്‍ ജാക്ക് കാലിസിനെ പുറത്താക്കിയ അത്ഭുത പന്തിലൂടെ പ്രതിഭയ്‌ക്കൊട്ടും പഞ്ഞമില്ലെന്ന് തെളിയിച്ച ശ്രീശാന്തും ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് നിറംപകരുന്നു.


SocialTwist Tell-a-Friend
Related Stories: മുന്നില്‍ അവസാന കടമ്പ - Sunday, January 2, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon