You are here: HOME » SPORTS »
അവസാന മിനിറ്റില്‍ ജപ്പാന്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Saturday, 22 January 2011
ദോഹ: രണ്ടുതവണ മുന്നിട്ടുനിന്ന ആതിഥേയര്‍ ഒടുവില്‍ എതിരാളികളുടെ പരിചയസമ്പത്തിനുമുന്നില്‍ കീഴടങ്ങി. അതും അവസാന മിനിറ്റില്‍. ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് ഖത്തറിനെ പരാജയപ്പെടുത്തി ജപ്പാന്‍ ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്ന ആദ്യ രാജ്യമായി. 28, 70 മിനിറ്റുകളില്‍ ഷിന്‍ജി കഗാവയും 90-ാം മിനിറ്റില്‍ മസാഹികോ ഇനോഹയുമാണ് ജപ്പാന്റെ ഗോളുകള്‍ നേടിയത്. 12-ാം മിനിറ്റില്‍ സെബാസ്റ്റ്യന്‍ സോറിയ ക്വിന്റാനയും 63-ാം മിനിറ്റില്‍ ഫാബിയോ സെസാര്‍ മൊണ്ടേസിനുമാണ് ഖത്തറിന്റെ ഗോളുകള്‍ നേടിയത്.

ജപ്പാന്‍ പ്രതിരോധത്തിന്റെ ഓഫ്‌സൈഡ് ട്രാപ്പ് പൊട്ടിച്ചുകൊണ്ടാണ് ഖത്തര്‍ തുടക്കത്തിലേ ലീഡെടുത്തത്. ഗോള്‍ നേടിയ സെബാസ്റ്റ്യന്‍ ഓഫ്‌സൈഡാണെന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നുവെങ്കിലും റഫറി ഗോളനുവദിച്ചു. പതിനഞ്ചു മിനിറ്റുകള്‍ക്കുശേഷം, ഷിന്‍ജി ഒകാസാക്കിയുടെ പാസ്സില്‍നിന്ന് കഗാവ ജപ്പാനെ ഒപ്പമെത്തിച്ചു. ഖത്തര്‍ ഗോളിയെ കബളിപ്പിച്ച് ഒക്കാസാക്കി തോണ്ടിയിട്ട പന്തില്‍ ഹെഡ്ഡറിലൂടെയാണ് കഗാവ പന്ത് വലയിലെത്തിച്ചത്.

ഫ്രീക്കിക്കില്‍നിന്നാണ് ഖത്തര്‍ രണ്ടാം ഗോള്‍ നേടിയത്. ബോക്‌സിലേക്ക് താഴ്ന്നുവന്ന ഇന്‍ഡയറക്ട് ഫ്രീക്കിക്കില്‍ ഫാബിയോക്ക് തലോടിവിടേണ്ട ദൗത്യമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ആതിഥേയരുടെ ആഹ്ലാദം അധികനേരം നീണ്ടുനില്‍ക്കാന്‍ കഗാവ അനുവദിച്ചില്ല. ഖത്തര്‍ പ്രതിരോധനിരയ്ക്കിടയിലൂടെ തന്നെത്തേടിയെത്തിയ പാസില്‍നിന്ന് കഗാവ ജപ്പാന്റെ രണ്ടാം ഗോള്‍ കണ്ടെത്തി.
അധികസമയത്തേക്കെന്ന് ഉറപ്പിച്ച മത്സരത്തില്‍ മത്സരത്തിലെ ഹീറോ കഗാവതന്നെയാണ് ജപ്പാന്റെ വിജയഗോളിന് വഴിതുറന്നത്.
ഖത്തര്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ വീണുകിട്ടിയപന്ത് ഇനോഹയ്ക്ക് കഗാവ മറിച്ചുനല്‍കുമ്പോള്‍ പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇനോഹയുടെ ഷോട്ട് തറഞ്ഞുകയറിയത് ഖത്തര്‍ ഫുട്‌ബോളിന്റെ ഹൃദയത്തിലേക്കും.
ശനിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഇറാന്‍ ദക്ഷിണ കൊറിയയെയും ഇറാഖ് ഓസ്‌ട്രേലിയയെയും നേരിടും.


SocialTwist Tell-a-Friend
Related Stories: അവസാന മിനിറ്റില്‍ ജപ്പാന്‍ - Saturday, January 22, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon