You are here: HOME » SPORTS »
ഇന്ത്യന്‍ ഫുട്‌ബോള്‍ അഴിച്ചുപണിയണമെന്ന് എ.എഫ്.സി
സ്വന്തം ലേഖകൻ Jayakeralam Malayalam News
Saturday, 22 January 2011
ഹൂട്ടനെതിരെ ഫെഡറേഷന്റെ സാങ്കേതിക സമിതി; ഫിലിപ്പ് ട്രൗസിയറെ പരിശീലകനാക്കണമെന്ന് നിര്‍ദേശം


ന്യൂഡല്‍ഹി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടി മൂന്നുവര്‍ഷം സമയമുണ്ടായിട്ടും മെച്ചപ്പെടാതിരുന്ന ഇന്ത്യന്‍ ഫുട്‌ബോളില്‍ അഴിച്ചുപണി ആവശ്യമാണെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി). ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഘടനയും കളിരീതിയും പരിശീലനരീതികളും മാറ്റണമെന്ന് എ.എഫ്.സി ജനറല്‍ സെക്രട്ടറി അലക്‌സ് സൂസെ നിര്‍ദേശിക്കുന്നു. ബോബ് ഹൂട്ടനുപകരം മുന്‍ ഫ്രഞ്ച് താരവും അന്താരാഷ്ട്ര പരിശീലനരംഗത്ത് ഏറെ പരിചയമവുമുള്ള ഫിലിപ്പ് ട്രൗസിയറെ പരിഗണിക്കണമെന്നും സൂസെ ആവശ്യപ്പെട്ടു.

അതിനിടെ, ഏഷ്യന്‍ കപ്പിലെ ദയനീയ പ്രകടനം കോച്ച് ബോബ് ഹൂട്ടന്റെ സ്ഥാനം തെറിപ്പിക്കാനുള്ള സാധ്യതയും ശക്തമായി. 2013 വരെ ഹൂട്ടന് ഇന്ത്യന്‍ ടീമുമായി കരാറുണ്ടെങ്കിലും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ടെക്‌നിക്കല്‍ കമ്മിറ്റിയിലെ നാലംഗങ്ങള്‍ ഹൂട്ടനെതിരെ രംഗത്തുവന്നുകഴിഞ്ഞു. മുന്‍ക്യാപ്റ്റന്മാര്‍ കൂടിയായ മുഹമ്മദ് ഹബീബ്, പ്രദീപ് ചൗധരി, ഇന്ദര്‍ സിങ്, ബ്രഹ്മാനന്ദ് എന്നിവരാണ് ഹൂട്ടന്‍ മാറണമെന്ന നിലപാട് സ്വീകരിച്ചിട്ടുള്ളത്. ഹൂട്ടന്റെ ഏകാധിപത്യ നിലപാടുകളും ടീം തിരഞ്ഞെടുപ്പിലെ കര്‍ക്കശസ്വഭാവവുമാണ് ഇന്ത്യന്‍ ഫുട്‌ബോളിന് തിരിച്ചടിയായതെന്ന് ഇവര്‍ പറയുന്നു.വിദേശത്തെ പരിശീലനക്യാമ്പുകളുടെ വേദി നിശ്ചയിക്കുന്നതിലും ക്യാമ്പിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നതിലും ഹൂട്ടന്‍ മറ്റാരുടെയും നിര്‍ദേശങ്ങള്‍ പരിഗണിക്കാറില്ലെന്നും സാങ്കേതിക സമിതി അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു.

ഹൂട്ടന്‍ മാറണമെന്ന സൂചനയാണ് എ.എഫ്.സി.യും മുന്നോട്ടുവെക്കുന്നത്. ദോഹയില്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ്, വൈസ് പ്രസിഡന്റ് സുബ്രതോ ദത്ത എന്നിവരുമായി ചര്‍ച്ച നടത്തിയ സൂസെ, ഇന്ത്യയുടെ പ്രകടനത്തെ ദയനീയമെന്നാണ് വിശേഷിപ്പിച്ചത്. ടീമിന്റെ ശൈലി അറുപതുകളിലും എഴുപതുകളിലും ലോകത്തെ മറ്റ് ടീമുകള്‍ ഉപേക്ഷിച്ച താണെന്നും ഇന്ത്യ ഇതില്‍നിന്ന് ഏറെ മാറേണ്ടിയിരിക്കുന്നുവെന്നും സൂസെ പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാന്‍ ഇന്ത്യയ്ക്കായിട്ടില്ലെന്ന കണ്ടെത്തലാണ് എ.എഫ്.സിയുടേത്. ഏഷ്യന്‍ കപ്പിന് തയ്യാറെടുക്കാന്‍ ഇന്ത്യയ്ക്ക് മൂന്നുവര്‍ഷം കിട്ടിയിട്ടും വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ ടീമിന് സാധിച്ചിട്ടില്ല.

ഇന്ത്യയെ സാങ്കേതികമായും സാമ്പത്തികമായും സഹായിക്കാന്‍ തയ്യാറാണെന്ന് എ.എഫ്.സി.പ്രസിഡന്റ് മുഹമ്മദ് ബിന്‍ ഹമാമും വ്യക്തമാക്കിയിട്ടുണ്ട്. ടീമിന്റെ പ്രകടനത്തില്‍ നിരാശരാണെന്ന് പറഞ്ഞ കുശാല്‍ ദാസ്, ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേലും എക്‌സിക്യുട്ടീവ് കമ്മിറ്റിയും പ്രകടനം വിലയിരുത്തിയശേഷം അടുത്ത നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.


SocialTwist Tell-a-Friend
Related Stories: ഇന്ത്യന്‍ ഫുട്‌ബോള്‍ അഴിച്ചുപണിയണമെന്ന് എ.എഫ്.സി - Saturday, January 22, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon