You are here: HOME » SPORTS »
സ്‌കൂളുകളില്‍ ഹോക്കി പരിശീലിപ്പിക്കണം -ശ്രീജേഷ്‌
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 12 December 2010
മേഴത്തൂര്‍: ഹോക്കിയെ ജനകീയമാക്കാനും പ്രോത്സാഹിപ്പിക്കാനും സ്‌കൂളില്‍ ഹോക്കി പരിശീലിപ്പിച്ചുതുടങ്ങണമെന്ന് ഇന്ത്യന്‍ ഹോക്കിടീമിന്റെ ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷ് പറഞ്ഞു. രാജ്യത്തിന്റെ തനത്കളിയായ ഹോക്കിക്ക് ക്രിക്കറ്റിനുകൊടുക്കുന്നത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും ഈ കായികതാരം പരിഭവിക്കുന്നു.

വേണ്ടത്ര ഫണ്ടില്ല, വിദേശടീമുകള്‍ പരിശീലനം നേടുന്ന തരം കൃത്രിമ ആസ്‌ട്രോടര്‍ഫ് ഗ്രൗണ്ടുകളും ഇന്ത്യയില്‍ കുറവാണ്. ലോകമത്സരങ്ങളില്‍ വേണ്ട നിലവാരത്തിലെത്താന്‍ ഇന്ത്യന്‍ടീമിന് സാധിക്കാത്തതിന് പ്രധാനകാരണം ഇവയാണെന്ന് ശ്രീജേഷ് അഭിപ്രായപ്പെട്ടു.

2003 മുതല്‍ കേരളടീമിലും ദേശീയടീമിലും കളിച്ച ഈ എറണാകുളത്തുകാരന്‍ വിദേശപര്യടനത്തിനിടയില്‍ ഹോളണ്ടുമായുണ്ടായ മത്സരത്തിനിടെ കാലിനുംഡിസ്‌കിനുമേറ്റ പരിക്കിന് ആയുര്‍വേദചികിത്സ തേടി മേഴത്തൂരിലെ വൈദ്യമഠത്തിലെത്തിയതാണ്. എഴുപതോളം ലോകമത്സരത്തില്‍ കളിച്ച ശ്രീജേഷ് ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ടീമിന്റെ ഒന്നാംനമ്പര്‍ ഗോളിയായിരുന്നു.

കേരളത്തില്‍ ഹോക്കിക്കുവേണ്ടി യാതൊരു പ്രചാരണപ്രവര്‍ത്തനവുമില്ലെന്ന പരാതിയും താരം പങ്കുവെച്ചു. വൈദ്യമഠത്തില്‍ ചെറിയനാരായണന്‍നമ്പൂതിരിയുടെ നേതൃത്വത്തില്‍ പിഴിച്ചില്‍, വസ്തി, നവരച്ചോറ്‌തേപ്പ്, പൊടിക്കിഴി എന്നീ ചികിത്സാരീതികള്‍ ഈ കായികതാരത്തിന് തുടങ്ങിക്കഴിഞ്ഞു.

അടുത്ത ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് കിരീടം നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്നും ഇതിന് ടീമും സര്‍ക്കാരും ഒത്തൊരുമിക്കുമെന്നും ഈ കളിക്കാരന്‍ പ്രത്യാശിക്കുന്നുണ്ട്.


SocialTwist Tell-a-Friend
Related Stories: സ്‌കൂളുകളില്‍ ഹോക്കി പരിശീലിപ്പിക്കണം -ശ്രീജേഷ്‌ - Sunday, December 12, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon