You are here: HOME » SPORTS »
ഗംഭീര്‍ ഗംഭീരന്‍ കൊച്ചിയ്ക്ക് ശ്രീ
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 10 January 2011
ബാംഗ്ലൂര്‍: ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഗൗതംഗംഭീര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റ് ലേലത്തില്‍ ടീം ഉടമകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍. ഗംഭീറിനുവേണ്ടി വീറോടെ ലേലം നടത്താന്‍ വിവിധ ടീമുകള്‍ രംഗത്തുവന്നതോടെ ഐ.പി.എല്ലിന്റെ ചരിത്രത്തിലെ റെക്കോഡു തുകയായി അദ്ദേഹത്തിന്റെ വില. 24 ലക്ഷം ഡോളറിന് (ഏകദേശം 10.8കോടി രുപ) ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ്ഖാന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഗംഭീറിനെ ലേലംകൊണ്ടത്. ദേശീയ ക്രിക്കറ്റ് ടീമില്‍ കേരളത്തിന്റെ ഒരേയൊരു പ്രതിനിധിയായ കൊച്ചിക്കാരന്‍ ശ്രീശാന്ത് ആഗ്രഹിച്ച പോലെ കൊച്ചി ടീമില്‍ ഇടം കണ്ടു. ഒമ്പത് ലക്ഷം ഡോളറിനാണ് (4.05 കോടി രൂപ) കൊച്ചി ടീം ശ്രീയെ സ്വന്തമാക്കിയത്. ശ്രീശാന്തടക്കം 11 കളിക്കാരെയാണ് ആദ്യ ദിവസത്തെ ലേലത്തില്‍ കൊച്ചി ടീം സ്വന്തമാക്കിയത്. ആകെ 70 കളിക്കാരെയാണ് ഐ.പി.എല്ലിലെ 10 ടീമുകളും കൂടി ലേലത്തില്‍ പിടിച്ചത്. ഇവര്‍ക്കുവേണ്ടി മൊത്തം 5.23 കോടി ഡോളര്‍ (235.35 കോടി രൂപ) ടീമുടമകള്‍ ചെലവിട്ടു.

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി, വെസ്റ്റിന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസം ബ്രയന്‍ ലാറ, വെസ്റ്റിന്‍ഡീസിന്റെ മുന്‍നായകന്‍ ക്രിസ് ഗെയ്ല്‍, ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹെര്‍ഷല്‍ ഗിബ്‌സ്, ഇംഗ്ലണ്ട് ഫാസ്റ്റ്ബൗളര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ തുടങ്ങിയ പ്രമുഖരെ ലേലത്തില്‍ കൊള്ളാന്‍ ആദ്യദിനം ആരും മുന്നോട്ടുവന്നില്ല.
ബാംഗ്ലൂര്‍ ഐ.ടി.സി. ഗാര്‍ഡേനിയ ഹോട്ടലില്‍ ശനിയാഴ്ച തുടങ്ങിയ ഐ.പി.എല്‍. ലേലത്തിന്റെ ഒന്നാം ദിനം ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തീരുമാനിച്ചു. കൊച്ചി ഗംഭീറിനുവേണ്ടി 23 ലക്ഷം ഡോളര്‍ വരെ വിലപേശിയെങ്കിലും ഒരു ലക്ഷം കൂടി കൂട്ടിവിളിച്ച് കൊല്‍ക്കത്തക്കാര്‍ കൊണ്ടുപോവുകയായിരുന്നു. ഗംഭീറിനെ ഏറ്റവും കൂടിയ വിലയ്‌ക്കെടുത്ത അവര്‍തന്നെ യൂസഫ് പഠാനെയും 21 ലക്ഷം ഡോളറിന് (9.4 കോടി രൂപ) ലേലം പിടിച്ചു. റോബിന്‍ ഉത്തപ്പയെ 21 ലക്ഷംഡോളറിന് പുണെ വാരിയേഴ്‌സും രോഹിത് ശര്‍മയെ 20ലക്ഷം ഡോളറിന് മുംബൈ ഇന്ത്യന്‍സും വിലയ്‌ക്കെടുത്തു.

കെവിന്‍ പീറ്റേഴ്‌സന്റെയും ആന്‍ഡ്രൂ ഫ്‌ളിന്റോഫിന്റെയും റെക്കോഡ് തകര്‍ത്താണ് ഗംഭീര്‍ ഐ.പി.എല്‍. പ്രതിഫലത്തിന്‍െ പുതിയ ചരിത്രം കുറിച്ചത്. പോയ സീസണില്‍ 15.5 ലക്ഷം ഡോളര്‍ (ഏകദേശം ഏഴു കോടി രൂപ) വിലയുണ്ടായിരുന്ന പീറ്റേഴ്‌സണ് ഇക്കുറി 6 ലക്ഷം ഡോളറാണ് ലഭിച്ചത്.
ശ്രീശാന്തിനുവേണ്ടി ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ശക്തമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍, ശ്രീയെ വിട്ടുകൊടുക്കില്ലെന്ന കൊച്ചിയുടെ വാശിക്കു മുന്നില്‍ ഡല്‍ഹി ഒടുവില്‍ കീഴടങ്ങി.

മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനയാണ് കൊച്ചി ടീമിന്റെ ഏറ്റവും വിലപിടിപ്പുള്ള താരം. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ താരമായിരുന്ന ജയവര്‍ധനെയെ 6.75 കോടി നല്കിയാണ് കൊച്ചി സ്വന്തമാക്കിയത്.
സ്​പിന്‍ ഇതിഹാസം ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍(4.98 കോടി രൂപ), രവീന്ദ്ര ജഡേജ(4.30 കോടി), ആര്‍.പി.സിങ്(2.26കോടി), ബ്രെണ്ടന്‍ മെക്കല്ലം(2.15) ബ്രാഡ് ഹോഡ്ജ്(1.9 കോടി), പാര്‍ഥിവ് പട്ടേല്‍, വി.വി.എസ്.ലക്ഷ്മണ്‍, സ്റ്റീവന്‍ സ്മിത്ത്, രമേശ് പവാര്‍ എന്നിവരാണ് കൊച്ചി ടീം ആദ്യദിനം ലേലത്തില്‍ കൊണ്ട മറ്റു താരങ്ങള്‍. 6.92 ലക്ഷം ഡോളറാണ് (31.16 കോടി രൂപ)ഇവര്‍ക്കായി ടീം ചെലവിട്ടത്. ഗംഭീറിനുവേണ്ടി പത്തുകോടിയും യൂസഫ് പഠാനും റോബിന്‍ ഉത്തപ്പയ്ക്കും വേണ്ടി ഒമ്പത് കോടി രൂപ വീതവും വരെ കൊച്ചി മുന്നോട്ടുവെച്ചെങ്കിലും ഫലമുണ്ടായില്ല. ഗംഭീറിനെയും പഠാനെയും കൊല്‍ക്കത്ത ടീം കൊത്തിയപ്പോള്‍ പുണെ വാറിയേഴ്‌സാണ് റോബിന്‍ ഉത്തപ്പയെ കൊണ്ടുപോയത്.

റോയല്‍ ചാലഞ്ചേഴ്‌സാണ് ആദ്യ ദിനം ഏറ്റവും കൂടുതല്‍ പണം വാരിയെറിഞ്ഞത്.79.5 ലക്ഷം ഡോളര്‍. ഏകദേശം 35.7 കോടി രൂപ. കുറച്ചു പണമിറക്കിയത് 24.75 കോടി രൂപ ചിലവിട്ട ഡെക്കാന്‍ ചാര്‍ജേഴ്‌സും.
ശനിയാഴ്ച രാവിലെ പത്തിനു തുടങ്ങിയ ലേലം വൈകിട്ട് ആറുവരെ നിണ്ടു. 340 കളിക്കാര്‍ക്കവേണ്ടിയാണ് ലേലം നടക്കുന്നത്. ഇത് ഞായറാഴ്ചയും തുടരും. കൊച്ചിക്കുവേണ്ടി വിവേക് വേണുഗോപാലും കോച്ച്‌ജെഫ് ലോസണും പങ്കെടുത്തു.


SocialTwist Tell-a-Friend
Related Stories: ഗംഭീര്‍ ഗംഭീരന്‍ കൊച്ചിയ്ക്ക് ശ്രീ - Sunday, January 9, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon