You are here: HOME » SPORTS »
ആഘോഷം കഴിഞ്ഞു ഇനി അന്വേഷണം
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 17 October 2010
ന്യൂഡല്‍ഹി: പ്രശ്‌നങ്ങളൊന്നുമില്ലാതെ ആഘോഷപൂര്‍വം കോമണ്‍വെല്‍ത്ത് ഗെയിംസ് സമാപിച്ചതോടെ, ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് അന്വേഷണം തുടങ്ങുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയമിച്ചു. മുന്‍ സി.എ.ജി. വി.കെ. ഷുങ്ഗ്ലുവാണ് സമിതി തലവന്‍. മൂന്നുമാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണം.

സി.ബി.ഐ., എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്,കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സി.വി.സി.) എന്നീ ഏജന്‍സികളെ വിവിധ തലങ്ങളില്‍ അന്വേഷണം നടത്തുന്നതിന് നിയോഗിച്ചതിനു പുറമേയാണിത്. സുരേഷ് കല്‍മാഡിയെയും സംഘാടക സമിതിയുടെ മറ്റു ഭാരവാഹികളെയും ഉടനെ ചോദ്യം ചെയ്യാന്‍ ഇടയുണ്ടെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.ഗെയിംസുമായി ബന്ധപ്പെട്ട അഴിമതികള്‍ അന്വേഷിക്കുമെന്ന് വിദേശ കാര്യമന്ത്രി എസ്.എം. കൃഷ്ണയും വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ പ്രതിച്ഛായ നശിപ്പിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടത് സര്‍ക്കാറിന്റെ ചുമതലയാണെന്നും അത് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും പറഞ്ഞു.സി.എ.ജി., സി.വി.സി. എന്നിവ ഗെയിംസിന്റെ ചില കരാറുകള്‍ സംബന്ധിച്ച് നേരത്തേ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനു തുടര്‍ച്ചയായുള്ള അന്വേഷണമായിരിക്കും അവര്‍ നടത്തുക. അതേസമയം, സി.ബി.ഐ.യും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഒട്ടേറെ ഇടപാടുകളുമായി ബന്ധപ്പെട്ട ഫയലുകള്‍ തയ്യാറാക്കിയിട്ടുണ്ട്. അവരുടെ തുടരന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉടനെ ഉത്തരവിടുമെന്നാണ് സൂചന.

അതിനിടെ, സി.എ.ജി.യുടെ അന്വേഷണം വെള്ളിയാഴ്ച തന്നെ തുടങ്ങിയത് ശ്രദ്ധേയമായി. നീന്തല്‍ മത്‌സരം നടന്ന എസ്.പി.മുഖര്‍ജി സ്റ്റേഡിയത്തിലെ പൊതുമരാമത്ത് ഓഫീസിലേക്ക് സി.എ.ജി. ഉദ്യോഗസ്ഥരെത്തി ചില നിര്‍മാണ പദ്ധതികളുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിച്ചു. കരാര്‍, പണം നല്‍കല്‍ തുടങ്ങിയവ സംബന്ധിച്ച കണക്കുകളാണ് പരിശോധിച്ചത്. ഇനിയുള്ള ദിവസങ്ങളില്‍ ഗെയിംസ് നടന്ന മറ്റ് വേദികളിലും ഉദ്യോഗസ്ഥര്‍ നേരിട്ടുപോയി അന്വേഷണം നടത്തുമെന്ന് സി.എ.ജി. വൃത്തങ്ങള്‍ പറഞ്ഞു.

രാജ്യത്തെ അപമാനത്തിലാഴ്ത്തിയ ഒട്ടേറെ അഴിമതിക്കഥകള്‍ ഗെയിംസ് തുടങ്ങുന്നതിനു മുമ്പ് പുറത്തുവന്നിരുന്നു. ഗെയിംസിനുള്ള ഒരുക്കങ്ങള്‍ വൈകിയതിലും രൂക്ഷവിമര്‍ശമുണ്ടായി. ഒടുവില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് സ്ഥിതിഗതികള്‍ നേരെയാക്കിയത്. അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാതിത്വവും വിദേശ മാധ്യമങ്ങളില്‍പ്പോലും നിറഞ്ഞുനിന്നപ്പോള്‍, ഗെയിംസ് കഴിഞ്ഞാല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുംയു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയും പ്രസ്താവിച്ചിരുന്നു.

അന്വേഷണത്തില്‍നിന്ന് സര്‍ക്കാര്‍ പിറകോട്ട് പോകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വെള്ളിയാഴ്ച വ്യക്തമായ സൂചന നല്‍കിയിരുന്നു. ഇന്ത്യയുടെ മെഡല്‍ ജേതാക്കള്‍ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വൈകിട്ട് അദ്ദേഹത്തിന്റെ വസതിയില്‍ നല്കിയ ചായസത്കാരത്തിന് സുരേഷ് കല്‍മാഡിയെയും മറ്റു ഭാരവാഹികളെയും ക്ഷണിക്കാതിരുന്നത് ഇക്കാര്യത്തില്‍ ഗെയിംസ് സംഘാടകസമിതിയോടുള്ള സര്‍ക്കാരിന്റെ അതൃപ്തി വിളിച്ചോതുന്നതായിരുന്നു. സ്‌പോര്‍ട്‌സ് മന്ത്രി എം.എസ്. ഗില്‍ മാത്രമാണ് മെഡല്‍ ജേതാക്കളോടൊപ്പം ഉണ്ടായിരുന്നത്.

കോണ്‍ഗ്രസ്സും സര്‍ക്കാരും ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്കില്ലെന്നും ആരെങ്കിലും ഫണ്ട് ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടണമെന്നും പാര്‍ട്ടി വക്താവ് മനീഷ് തിവാരി പറഞ്ഞു.


SocialTwist Tell-a-Friend
Related Stories: ആഘോഷം കഴിഞ്ഞു ഇനി അന്വേഷണം - Saturday, October 16, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon