You are here: HOME » SPORTS »
ബാറ്റിങ് കരുത്തില്‍ ഇംഗ്ലണ്ട്‌
സ്വന്തം ലേഖകൻ Jayakeralam Malayalam News
Wednesday, 12 October 2011
ഹൈദരാബാദ്: ഇംഗ്ലീഷ് മണ്ണില്‍ അമ്പേ പരാജയപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് തിരിച്ചുവരവിന് ഒരുങ്ങുമ്പോള്‍, ബാറ്റിങ് കരുത്തില്‍ ഇന്ത്യയെ കീഴടക്കാമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് ടീം. ഇന്ത്യയും ഇംഗ്ലണ്ടുമായുള്ള അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. പ്രമുഖ താരങ്ങളില്ലാതെ കളിക്കാനിറങ്ങുന്ന ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിലേറ്റ തോല്‍വിക്ക് തിരിച്ചടി നല്‍കാനാവുമോ എന്നാണ് ആരാധകര്‍ പരമ്പരയില്‍ ഉറ്റുനോക്കുന്ന കാര്യം.

സന്നാഹ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇംഗ്ലീഷ് ബാറ്റിങ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെതിരെ ചൊവ്വാഴ്ച നടന്ന രണ്ടാം സന്നാഹ മത്സരത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സാണ് ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയത്. യുവതാരം ജോണി ബയര്‍‌സ്റ്റോ നേടിയ അപരാജിത സെഞ്ച്വറിയും മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ മികച്ച പ്രകടനവുമാണ് സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിന് തുണയായത്.

53 പന്തില്‍ ആറ് ബൗണ്ടറിയും എട്ട് സിക്‌സറും പറത്തി 104 റണ്‍സോടെ പുറത്താകാതെ നിന്ന ബെയര്‍‌സ്റ്റോവിന്റെ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക് (74 പന്തില്‍ 85) , വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്രെയ്ഗ് കീസ്‌വെറ്റര്‍ (86 പന്തില്‍ 71) , ജോനാഥന്‍ ട്രോട്ട് (68 പന്തില്‍ 74) എന്നിവരും ഇന്ത്യന്‍ പരമ്പരയ്ക്ക് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരം നന്നായി വിനിയോഗിച്ചു. മുന്‍നിരക്കാരില്‍ കെവിന്‍ പീറ്റേഴ്‌സണ്‍ (10) മാത്രമാണ് പരാജയപ്പെട്ടത്.

പുതുനിര ബൗളര്‍മാരുടെ മികവില്‍ പടുകൂറ്റന്‍ വിജയവും ഇംഗ്ലണ്ട് സ്വന്തമാക്കി. ഇംഗ്ലീഷ് ബൗളിങ്ങിനുമുന്നില്‍ തകര്‍ന്നടിഞ്ഞ ഹൈദരാബാദ് 114റണ്‍സിന് പുറത്തായപ്പോള്‍, ഇംഗ്ലണ്ട് 253 റണ്‍സിന്റെ ജയമാണ് ആഘോഷിച്ചത്. പത്തോവറില്‍ 30 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റെടുത്ത സ്‌കോട്ട് ബോര്‍ത്ത്‌വിക്കിന്റെയും മൂന്ന് വിക്കറ്റെടുത്ത സ്റ്റ്യുവര്‍ട്ട് മീക്കറുടെയും പ്രകടനമാണ് ഇംഗ്ലണ്ടിന്റെ വിജയം അനായാസമാക്കിയത്.

കഴിഞ്ഞയാഴ്ച നടന്ന ആദ്യ ടൂര്‍ മത്സരത്തിലും ഇംഗ്ലണ്ട് വിജയിച്ചിരുന്നു. അന്ന് ബൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെതിരെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ അപ്രതീക്ഷിതമായി പരാജയപ്പെട്ടപ്പോള്‍ 47.2 ഓവറില്‍ 219 റണ്‍സുമാത്രമേ ഇംഗ്ലണ്ടിന് കണ്ടെത്താനായുള്ളൂ. രവി ബൊപ്പാരയുടെയും (73) ക്രിസ് വോക്‌സിന്റെയും (46) ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. എന്നാല്‍, ഈ മത്സരത്തില്‍ ഹൈദരാബാദിനെ 163 റണ്‍സിന് പുറത്താക്കി ഇംഗ്ലണ്ട് മുഖം രക്ഷിച്ചു. സ്റ്റീവന്‍ ഫിന്നിന്റെ നാലുവിക്കറ്റ് പ്രകടനമാണ് ആ മത്സരത്തില്‍ അവര്‍ക്ക് വിജയം നേടിക്കൊടുത്തത്.

മികച്ച ടീമിനെ കളത്തിലിറക്കാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ കഷ്ടപ്പെടുമ്പോള്‍, ഫസ്റ്റ് ഇലവന്‍ തിരഞ്ഞെടുപ്പില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്ന സംശയത്തിലാണ് ഇംഗ്ലണ്ട്. രണ്ട് സന്നാഹ മത്സരത്തിലും വ്യത്യസ്ത ബൗളര്‍മാരെയാണ് ഇംഗ്ലണ്ട് പരീക്ഷിച്ചത്. ആദ്യമത്സരത്തില്‍ ഫിന്നിനായിരുന്നു ആക്രമണത്തിന്റെ ചുമതലയെങ്കില്‍, രണ്ടാം മത്സരത്തില്‍ ടിം ബ്രെസ്‌നന്‍ രംഗത്തെത്തി. ആദ്യമത്സരത്തില്‍ വിക്കറ്റെടുക്കുന്നതില്‍ ഗ്രേയം സ്വാന്‍ പരാജയപ്പെട്ടപ്പോള്‍, രണ്ടാം മത്സരത്തിലിറങ്ങിയ സ്‌കോട്ട് ബോര്‍ത്ത്‌വിക്ക് എന്ന ലെഗ്‌സ്പിന്നര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

ചാമ്പ്യന്‍സ് ലീഗിന്റെ തിരക്കില്‍നിന്ന് മുക്തരായ ടീം ഇന്ത്യയുടെ താരങ്ങള്‍ ഹൈദരാബാദില്‍ പരിശീലനത്തിലേര്‍പ്പെട്ടുതുടങ്ങി. മുന്‍നിര താരങ്ങളില്ലെങ്കിലും ഇംഗ്ലണ്ടിലെ തോല്‍വിക്ക് ഇവിടെ കണക്കുതീര്‍ക്കാനാകുമെന്ന് പ്രതീക്ഷയില്‍ത്തന്നെയാണ് ഇന്ത്യയുടെ യുവനിര. ഇന്ത്യന്‍ ഗ്രൗണ്ടുകളില്‍ ടീമിന്റെ ശേഷിയെന്തെന്ന് ഇംഗ്ലണ്ടിന് കാട്ടിക്കൊടുക്കുമെന്ന് മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന പ്രഖ്യാപിച്ചുകഴിഞ്ഞു. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ മഴയുടെ ഇടപെടലാണ് കൂട്ടത്തോല്‍വിക്ക് കാരണമായതെന്നാണ് ടീമിന്റെ വിലയിരുത്തല്‍.


SocialTwist Tell-a-Friend
Related Stories: ബാറ്റിങ് കരുത്തില്‍ ഇംഗ്ലണ്ട്‌ - Tuesday, October 11, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon