You are here: HOME » PERCEPTIONS »
പത്രികാ സമര്‍പ്പണം ഇന്നു തുടങ്ങും; മുന്നണികള്‍ ഒരുക്കത്തില്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Friday, 09 December 2011
തിരുവനന്തപുരം: സീറ്റ് വിഭജന തര്‍ക്കങ്ങള്‍ ഇരുമുന്നണികളെയും വേട്ടയാടുമ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ക്ക് ഔപചാരിക തുടക്കമാവുന്നു. തിങ്കളാഴ്ച മുതല്‍ നാമനിര്‍ദേശ പത്രിക സ്വീകരിക്കും. തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള അന്തിമ ശ്രമങ്ങളിലാണ് മുന്നണികള്‍.

സംസ്ഥാനത്തെ 1207 തദ്ദേശ സ്ഥാപങ്ങളിലെ 21,595 വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തിങ്കളാഴ്ച വിജ്ഞാപനം ചെയ്യും. കോഴിക്കോട് ജില്ലയിലെ വേളം ഗ്രാമപ്പഞ്ചായത്തിലേക്കും ഈ പഞ്ചായത്ത് പ്രദേശത്തെ ബ്ലോക്ക്, ജില്ലാ ഡിവിഷനുകളിലേക്കും ഒക്ടോബര്‍ അഞ്ചിനാണ് വിജ്ഞാപനം. ഇവിടെ ഒക്ടോബര്‍ 30 നായിരിക്കും തിരഞ്ഞെടുപ്പ്.

പത്രികാസമര്‍പ്പണത്തിന് സമയമായിട്ടും ഇരുമുന്നണികളിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല. കൂടുതല്‍ തദ്ദേശസ്ഥാപനങ്ങളില്‍ ധാരണയിലെത്തി ഇക്കാര്യത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് ഇടതുമുന്നണിയാണ്. എന്നാല്‍ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തര്‍ക്കമാണ് എല്‍.ഡി.എഫിലെ പ്രശ്‌നം. ഘടകകക്ഷികള്‍ ദുര്‍ബലമാകുകയും കൊഴിഞ്ഞുപോകുകയും ചെയ്തതോടെ ഒഴിഞ്ഞ സീറ്റുകള്‍ സി.പി.എം കൈപ്പിടിയിലൊതുക്കുന്നതാണ് സി.പി.ഐയുടെ എതിര്‍പ്പിന് കാരണം.

അധിക സീറ്റുകള്‍ സി.പി.എം ഒറ്റയ്ക്ക് എടുക്കുന്നതിന് താഴെത്തട്ടില്‍ വഴങ്ങിക്കൊടുക്കേണ്ടെന്നും പ്രശ്‌നം മണ്ഡലം-ജില്ലാ സമിതികള്‍ക്ക് വിടണമെന്നുമുള്ള സന്ദേശം സി.പി.ഐ കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഭൂരിപക്ഷം സീറ്റുകളിലും മത്സരിച്ച് ഭരണം ഒറ്റയ്ക്ക് പിടിക്കുന്നതിനുള്ള സി.പി.എമ്മിന്റെ നീക്കത്തെ സി.പി.ഐ സംശയത്തോടെയാണ് കാണുന്നത്. മണ്ഡലാടിസ്ഥാനത്തില്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ജില്ലാ നേതാക്കള്‍ അടങ്ങുന്ന സമിതിയാണ് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത്.

യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ്, ജെ.എസ്.എസ് കക്ഷികളാണ് എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുന്നത്. ജോസഫ് ഗ്രൂപ്പിന്റെ കടന്നുവരവ് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് ഇനിയും തയ്യാറായിട്ടില്ല. ജോസഫ് ഗ്രൂപ്പ് ഇടതുമുന്നണിയില്‍ ആയിരുന്നപ്പോള്‍ ജയിച്ച സീറ്റുകള്‍ നല്‍കണമെന്നാണ് കെ.എം.മാണിയുടെ ആവശ്യം. അതത് തദ്ദേശ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് നടത്തിയിരുന്ന സീറ്റ് വിഭജന ചര്‍ച്ച കഴിഞ്ഞദിവസം മുതല്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാക്കി. കോണ്‍ഗ്രസ്സിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഈ മാറ്റം.

ജാസഫ് ഗ്രൂപ്പിന് കാര്യമായ പ്രാതിനിധ്യമുള്ള കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ അവരെ കഴിയുന്നത്ര ഉള്‍ക്കൊള്ളാമെന്ന നിലപാടിലേക്ക് കോണ്‍ഗ്രസും വന്നിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടും കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് ചര്‍ച്ച നടന്നു. അന്തിമധാരണ ഉണ്ടാകാത്തതിനാല്‍ ജെ.എസ്.എസ് ആലപ്പുഴ ജില്ലയില്‍ ചില സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ധാരണയുണ്ടാകുന്നപക്ഷം അവരെ വേണമെങ്കില്‍ പിന്‍വലിക്കും.

ബി.ജെ.പിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഒക്ടോബര്‍ അഞ്ചോടെ പൂര്‍ത്തിയാവുമെന്നാണ് ഇപ്പോഴത്തെ ധാരണ. ജില്ലാ പഞ്ചായത്തുകളിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക അംഗീകരിക്കുന്നതിനുള്ള യോഗം തിങ്കളാഴ്ച കൂടാനിരിക്കുകയാണ്.


ഏഴിന് ചിത്രം തെളിയും


തദ്ദേശ തിരഞ്ഞെടുപ്പിലെ മത്സര രംഗത്തിന് ഒക്ടോബര്‍ ഏഴിന് അന്തിമരൂപം കൈവരും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം അന്നാണ്.

തിങ്കളാഴ്ച മുതല്‍ ഒക്ടോബര്‍ നാലുവരെയാണ് പത്രിക സ്വീകരിക്കുന്നത്. വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും ഓഫീസുകളിലാണ് പത്രിക സ്വീകരിക്കുക. രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്നു വരെയാണ് സമയം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ അഞ്ചിനാണ്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ ഏഴ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒക്ടോബര്‍ 23നാണ് വോട്ടെടുപ്പ്. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ 25 നും. എല്ലായിടത്തും ഒക്ടോബര്‍ 27 നാണ് വോട്ടെണ്ണല്‍.ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും 200 രൂപയാണ് കെട്ടിവെയേ്ക്കണ്ടത്. മുനിസിപ്പാലിറ്റിയിലും ബ്ലോക്ക് പഞ്ചായത്തിലും 150 രൂപ. ഗ്രാമപ്പഞ്ചായത്തില്‍ 100 രൂപയും. പട്ടിക വിഭാഗങ്ങള്‍ക്ക് പകുതിയാണ് നിക്ഷേപത്തുക. ഇത് പണമായി സ്വീകരിക്കും. ട്രഷറിയിലും അടയ്ക്കാം. പത്രിക നല്‍കുമ്പോള്‍ സ്ഥാനാര്‍ത്ഥിക്കും പിന്താങ്ങുന്നവര്‍ക്കും പുറമെ നാലുപേരെ മാത്രമേ വരണാധികാരിയുടെ ഓഫീസില്‍ പ്രവേശിപ്പിക്കൂ. സ്ഥാനാര്‍ത്ഥിക്കൊപ്പമുള്ള മൂന്നിലധികം വാഹനങ്ങള്‍ വരണാധികാരിയുടെ ഓഫീസിന്റെ നൂറുമീറ്റര്‍ ചുറ്റളവില്‍ പ്രവേശിക്കാനും പാടില്ല. തിരക്കൊഴിവാക്കാനാണ് ഈ നിര്‍ദേശങ്ങള്‍.

പത്രികയോടൊപ്പം സ്ഥാനാര്‍ത്ഥിയുടെ സ്വത്തുവിവരം, വിദ്യാഭ്യാസ യോഗ്യത, ക്രിമിനല്‍ പശ്ചാത്തലം എന്നിവ വ്യക്തമാക്കുന്ന ഫോറം രണ്ട്-എ നല്‍കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഒക്ടോബര്‍ 23, 25 തീയതികളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെയും വാര്‍ഡുകളുടെയും എണ്ണം-ഗ്രാമപ്പഞ്ചായത്ത്-997 (16629), ബ്ലോക്ക് പഞ്ചായത്ത്-152 (2093), ജില്ലാ പഞ്ചായത്ത്-14 (332), നഗരസഭ-59 (2182), കോര്‍പ്പറേഷന്‍ 5 (359).
SocialTwist Tell-a-Friend
Related Stories: പത്രികാ സമര്‍പ്പണം ഇന്നു തുടങ്ങും; മുന്നണികള്‍ ഒരുക്കത്തില്‍ - Monday, September 27, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon