You are here: HOME » MAGAZINE » STORY
ത്യാഗരാജ സ്വാമികള്‍...
രാജു വിളാവത്ത് Jayakeralam Malayalam News
കലകളില്‍വച്ച്‌ അത്യുന്നതം എന്ന്‌ മഹത്തുക്കളാല്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള സംഗീതം കൊണ്ട്‌ സാധിക്കാത്തതായി ഒന്നുംതന്നെയില്ലെന്ന്‌ അനേകം ദൃഷ്ടാന്തങ്ങള്‍ മുഖേന പൗരാണികകാലം മുതല്‍ക്ക്‌ പൗരസ്ത്യരും പാശ്ചാത്യരും ഒന്നുപോലെ നമുക്ക്‌ കാണിച്ചുതന്നിട്ടുണ്ട്‌. ഭാരതിയസംഗീതം അവരുടെ ദേവതകളുമായി അഭേദ്യബന്ധം പുലര്‍ത്തിപ്പോരുന്നതായി കാണാന്‍ പ്രയാസമില്ല. സ്മൃതികളിലും, ഉപനിഷത്തുകളിലും, വേദങ്ങളില്‍ പ്രത്യേകിച്ച്‌ സാമവേദത്തിലും
സംഗീതം നിറഞ്ഞു നില്‍ക്കുന്നു. അനായാസേന മോക്ഷം പ്രാപിക്കാനും, രോഗനിവാരണത്തിനും, ഉയര്‍ന്ന സംസ്കാരത്തിനും എന്നുവേണ്ട ധാന്യങ്ങളുടെ വിളവുവര്‍ദ്ധനക്കു പോലും സംഗീതം ഉപയോഗപ്രദമായിത്തെളിഞ്ഞിട്ടുണ്ടെന്ന്‌ ആധുനികശാസ്ത്രജ്ഞന്മാര്‍ പോലും സമ്മതിച്ചിട്ടുള്ള കാര്യമാണ്‌.

"വീണാവാദനതത്ത്വജ്ഞ: ശ്രുതിജാതിവിശാരദ:
താളജ്ഞശ്ചാപ്രയാസേന മോക്ഷമാര്‍ഗ്ഗം നിയച്ചതി."
(യാ.വ. സ്മൃതി).


അങ്ങിനെയുള്ള സംഗീതസാധനയിലൂടെ മോക്ഷപ്രാപ്തനായ മഹാനായിരുന്നു ത്യാഗരജസ്വാമികള്‍.

വിജയനഗര സാമ്രാജ്യത്തിന്റെ അധപ്പതനത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം നിമിത്തം പലതെലുങ്കു ബ്രാഹ്മണ കുടുംബങ്ങളും തമിള്‍നാട്ടിലുള്ള തഞ്ചാവുര്‍ ജില്ലയിലേക്ക്‌ കുടിയേറി പാര്‍ക്കുകയുണ്ടായി. തഞ്ചാവൂര്‍ രാജാക്കന്മാര്‍ അവര്‍ക്ക്‌ യധാകാലം സംരക്ഷണം നല്‍കുക മാത്രമല്ലാ, കാവേരിനദീതീരത്തുള്ള ഫലഭൂയിഷ്ടമായ പലേ ഭൂപ്രദേശങ്ങള്‍ പതിച്ചുകൊടുക്കുകയും ചെയ്തു. അങ്ങിനെ തിരുവാരൂരില്‍ സ്ഥിരതാമസമാക്കിയിരുന്ന "മുരിഗുനാഡു" വിഭാഗത്തില്‍പ്പെട്ട രാമബ്രഹ്മത്തിന്റെയും സീതമ്മയുടേയും മൂന്നാമത്തെ പുത്രനായി 1767 മെയ്മാസം നാലാം തിയ്യതി ത്യാഗരാജന്‍ ജനിച്ചു. ജല്‍പ്പേശനും രാമനാഥനും അദ്ദേഹത്തിന്റെ ജ്യേഷ്ട സഹോദരങ്ങളായിരുന്നു. കുട്ടികള്‍��്ക്‌ ഏതെങ്കിലും ദേവീദേവന്മാരുടെ പേരിടുകയെന്നത്‌ അക്കാലത്ത്‌ ബ്രാഹ്മണരുടെ ഇടയിലുണ്ടായിരുന്ന ഒരു നാട്ടു സബ്രദായ മായിരുന്നു. അതനുസരിച്ച്‌ തിരുവാരൂരിലെ പ്രധാനദേവനായ ത്യാഗരാജന്റെ (ശിവന്‍) നാമം തന്നെ രാമബ്രഹ്മം സ്വപുത്രന്‌ നല്‍കി. വേദാന്തത്തിലും സംഗീതത്തിലും നിത്യോപാസന അനുഷ്ടിച്ചുവന്നിരുന്ന കുടുംബമായിരുന്നു രാമബ്രഹ്മത്തിന്റേത്‌. സ്വന്തം സഹോദരങ്ങളില്‍ പലരും സന്ന്യാസം സ്വീകരിച്ചിരിക്കെ, അഞ്ചാമനായ ഗിരിരാജബ്രഹ്മത്തിന്‌ ഒരു കവിയാകാനായിരുന്നു നിയതിനിശ്ചയം. അദ്ദേഹമായിരുന്നു ത്യാഗരാജന്റെ പിതാമഹന്‍.

പുരന്ദരദാസന്റെ ഭക്തിനിര്‍ഭരമായ അനേകം കീര്‍ത്തനങ്ങള്‍ പ്രഭാതത്തിലും സായാന്‍ഹത്തിലും സീതമ്മ പതിവായി പാടാറുണ്ടായിരുന്നു. അവര്‍ ഒരു നല്ല ഗായികയുമായിരുന്നു. രാമബ്രഹ്മമാണെങ്കില്‍ രാമായണം നിത്യപാരായണം ചെയ്തിരുന്ന വ്യക്തിയും. ഈ അന്തരീക്ഷത്തിലാണ്‌ ത്യാഗരാജന്‍ വളര്‍ന്നത്‌. മൂത്ത പുത്രന്മാര്‍ രണ്ടും പഠനവിഷയത്തില്‍ താല്‍പര്യം കാണിക്കുന്നില്ലെന്നു കണ്ട പിതാവ്‌ ത്യാഗരാജനില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തി. ബാല്യത്തില്‍ തന്നെ സംസ്കൃതം തെലുങ്ക്‌ മുതലായവ അച്ചനില്‍ നിന്നും സംഗീതം അമ്മയില്‍ നിന്നും ത്യാഗരാജന്‍ അഭ്യസിക്കാനാരംഭിച്ചു. എന്തും ഒരിക്കല്‍ കേട്ടാല്‍ മനപാഠമാക്കാനുള്ള ബാലന്റെ ഗ്രഹണ പാടവത്തെക്കണ്ട്‌ മാതാപിതാക്കള്‍ അഹ്ലാദചിത്തരായി. തഞ്ചാവൂര്‍ അരമനയിലെ ഉത്സവത്തോടനുബന്ധിച്ചു കൂടുന്ന സാഹിത്യസദസ്സില്‍ രാമായണപാരായണം ചെയ്തുവന്നിരുന്നത്‌ രാമബ്രഹ്മമായിരുന്നു. ഈ സമയമെല്ലാം ഏതാണ്ട്‌ നിത്യദാരിദ്ര്യത്തില്‍ക്കഴിയേണ്ടിവന്നരാമബ്രഹ്മവും കുടുംബവും ത്യാഗുവിന്‌ എട്ടുപത്തുവയസുള്ളപ്പോള്‍ തിരുവയ്യാറിലേക്ക്‌ താമസം മാറ്റി. നാടുവാണിരുന്ന രാജാവിന്റെ കാരുണ്യം കോണ്ട്‌ അവിടെ ഒരു ചെറിയ വീടും കുറെ കൃഷിഭൂമിയും അദ്ദേഹത്തിന്‌ ദാനമായി കിട്ടി.തഞ്ചാവൂര്‍ രാജകൊട്ടാരം തിരുവയ്യാറില്‍ നിന്നും അധികം ദൂരത്തല്ലായിരുന്നതുകൊണ്ട്‌, രാമബ്രഹ്മം മകനേയും ഇടക്ക്‌ അവിടെ കൂട്ടികൊണ്ട്‌ പോവുക പതിവായിരുന്നു. ത്യാഗുവിന്‌ അക്ഷരസ്പുടതയോടുകൂടി രാമായണം വായിക്കാമെന്നായപ്പോള്‍ രാമബ്രഹ്മം മകനെ ആ കൃത്യം ഏല്‍പിച്ചു. അങ്ങിനെ ഒരുദിവസം നിറഞ്ഞ പണ്ഡിത സദസ്സില്‍ ആദ്യമായി ത്യാഗരാജന്‍ രാമായണശ്ലോകങ്ങള്‍ ചൊല്ലുകയും രാമബ്രഹ്മം അവയെ വ്യാഖ്യാനിക്കുകയും ചെയ്തു. പണ്ഡിതലോകം ഒന്നടങ്കം ത്യാഗുവിന്റെ ഉച്ചാരണ നിപുണതയെ പുകഴ്ത്തി. ത്യാഗരാജന്‍ ശ്ലോകങ്ങള്‍ വായിക്കുക, രാമബ്രഹ്മം അര്‍ത്ഥം പറയുക എന്നത്‌ കൊട്ടാരസദസ്സിലെ നിത്യസംഭവമായി മാറാന്‍ അധിക കാലം വേണ്ടിവന്നില്ല. കൊട്ടാരം വിദ്വാന്മാരുടെ അഭിപ്രായത്തെ മാനിച്ച്‌ ത്യാഗുവിന്‌ വേണ്ടതായ സംഗീത ശിക്ഷണം നല്‍കുവാന്‍ പിതാവ്‌ നിശ്ചയിച്ചു. കൊട്ടാരത്തിലെ ആസ്ഥാന വിദ്വാനും തന്റെ അയല്‍ വാസിയുമായിരുന്ന സൊണ്ടി വെങ്കിടരമണയെന്ന സംഗീതജ്ഞന്റെ കീഴില്‍ സംഗീതത്തിന്റെ ഉപരിപഠന വിഷയകമായി ത്യാഗുവിനെ ആക്കിയാലെന്തെന്ന്‌ പിതാവിനാഗ്രഹമുണ്ടായിരുന്നെങ്കിലും, ഇത്രചെറിയ ഒരു കുട്ടിയെ വലിയ സംഗീതജ്ഞനായ അദ്ദേഹം ശിഷ്യനായി സ്വീകരിക്കുമോ എന്നൊരു ശങ്കയും ഉണ്ടാകാതിരുന്നില്ല.

രാമബ്രഹ്മത്തിന്റെ നിത്യപൂജക്ക്‌ പൂപറിക്കാന്‍ ത്യാഗരാജന്‍ പോകാറുള്ളത്‌ വെങ്കിടരമണയ്യയുടെ പൂന്തോട്ടത്തിലായിരുന്നു. അദ്ദേഹം ശിഷ്യന്മാരെ സംഗീതമഭ്യസിക്കുന്നത്‌ കേട്ടു നില്‍ക്കുകയും ത്യാഗുവിന്റെ പതിവായിരുന്നു. അങ്ങിനെ ഒരുദിവസം പൂവുമായിവരാന്‍ ത്യാഗു പതിവിലേറെ വൈകിയതുകണ്ട്‌ അച്ചന്‍ അന്ന്വേഷിച്ചിറങ്ങി. അപ്പോള്‍ ഗുരുവില്‍നിന്നൊഴുകിവരുന്ന നാദബ്രഹ്മത്തില്‍ മതിമറന്ന്‌ നില്‍ക്കുന്ന മകനെക്കണ്ട്‌ പിതാവ്‌ വിസ്മയം പൂണ്ടു. ഉടനെ ത്യാഗുവി���െയും കൂട്ടിക്കൊണ്ട്‌ അദ്ദേഹം ഗുരുവിന്റെ വസതിയില്‍ ചെല്ലുകയും വിവരങ്ങളെല്ലാം ഉണര്‍ത്തിക്കുകയും ചെയ്തു. എല്ലാം കേട്ട ഭാഗവതര്‍ ത്യാഗുവിനെ സസന്തോഷം തന്റെ ശിഷ്യനായി സ്വീകരിച്ച്‌ വിദഗ്ധമായി ശിഷണവുമാരംഭിച്ചു. അധികകാലം കഴിയുന്നതിനുമുമ്പ്‌, ഗുരുവിനറിയാവുന്നതെല്ലാം ത്യാഗരാജന്‍ സ്വായത്തമാക്കുകയും, വിനീതനായ ഒരു ശിഷ്യന്‍ എന്നനിലയില്‍ ഗുരുവിന്റെ അനുഗ്രഹം നേടുകയും ചെയ്തു.

സംഗീതശാസ്ത്രപരമായി അന്നുവരെ ഉണ്ടായിരുന്ന സകല ഗ്രന്ഥങ്ങളും ത്യാഗരാജന്‍ വായിച്ചു പഠിച്ചു. എന്നിരുന്നാലും, വിപുലമായ സംഗീത രംഗത്ത്‌ ഇനിയും വളരെയേറെ പഠിക്കാനുണ്ടെന്നും അവയെല്ലാം എങ്ങിനെ സാധിക്കുമെന്നും ഉള്ള ചിന്ത അദ്ദേഹത്തെ അലട്ടികൊണ്ടിരുന്നു. അന്നത്തെ രീതിയനുസരിച്ച്‌ യൗവ്വനത്തില്‍ത്തന്നെ ത്യാഗരാജന്‍ വിവാഹം കഴിച്ചു. അദ്ദേഹത്തിന്‌ പതിനേഴു-പതിനെട്ടു വയസായപ്പോള്‍ പിതാവും, താമസിയാതെ മാതാവും അന്തരിച്ചു. രാമനാഥന്‍ എന്ന ജേഷ്ഠന്‍ നേരത്തെ മരിച്ചുപോയതുകൊണ്ട്‌ വീട്ടുസ്വത്ത്‌ ജല്‍പ്പേശനും ത്യാഗരാജനും കൂടി ഭാഗിച്ചെടുത്തു. വീടിന്റെ ഒരു ഭാഗവും പിതാവ്‌ പൂജിച്ചിരുന്ന ശ്രീരാമ വിഗ്രഹവും ത്യാഗുവിന്‌ കിട്ടി. ശ്രീരാമപൂജയും രാമസങ്കീര്‍ത്തനവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യാനുഷ്ഠാനങ്ങള്‍. പതിമൂന്നാമത്തെ വയസുമുതല്‍ അദ്ദേഹം പിള്ളാരിഗീതങ്ങള്‍ രചിക്കാന്‍ തുടങ്ങിയിരുന്നു. പക്ഷേ ഇതൊന്നും സംഗീതപരമായി മേന്മപുലര്‍ത്തുന്നവയായിരുന്നില്ല. "നമോ നമോ രാഘവായ" എന്ന ഗാനം അദ്ദേഹത്തിന്റെ ആദ്യകാല കീര്‍ത്തനങ്ങളില്‍ പ്പെട്ടതാണ്‌.

കുടുംബസ്വത്തില്‍ നിന്നു കിട്ടിയ നാമമാത്രമായ ധനം മുഴുവന്‍ വേഗത്തില്‍ തീര്‍ന്നുപോയതുകൊണ്ട്‌ ഉഞ്ചവൃത്തി (ഭിക്ഷാടനം) ഉപജീവനമാര്‍ഗ്ഗമായി ത്യാഗരാജന്‍ സ്വീകരിച്ചു. രാമഭജനവും ഉഞ്ചവൃത്തിയുമായി ജീവിതം നയിക്കുന്നതിനിടയില്‍ കാഞ്ചി പുരത്തുനിന്നുവന്ന രാമകൃഷ്ണ്ണയതീന്ദ്രനെന്ന യോഗീവര്യനുമായി ത്യാഗരാജന്‌ സന്ധിക്കാനിടവന്നു. ത്യാഗരാജന്റെ നിസ്സീമമായ രാമഭക്തിയില്‍ ആകൃഷ്ടനായ സന്യാസിവര്യന്‍ അദ്ദേഹത്തിന്‌ ശ്രീരാമമന്ത്രം ഉപദേശിക്കുകയും, ആ മന്ത്രം 96 കോടി പ്രാവ്ശ്യം ജപിച്ച്‌ സിദ്ധിവരുത്തുവാനും നിര്‍ദ്ദേശിച്ചു. കല്‍പനപ്രകാരം തിരുവയാറിലെ ദക്ഷിണകൈലാസക്ഷേത്രത്തിന്റെ തിരുനടയിലിരുന്ന്‌ രാമമന്ത്രം ഉരുക്കഴിക്കാന്‍ തുടങ്ങി. ദിവസംതോറും ലക്ഷക്കണക്കിന്‌ രാമമന്ത്രം നിഷ്കര്‍ഷയോടും ഭക്തിയോടും കൂടി ഉരുവിട്ട്‌ ഏതാണ്ടിരുപത്തൊന്നു വര്‍ഷംകൊണ്ട്‌ 96 കോടി ജപം പൂര്‍ത്തിവരുത്തി. കാലതാമസം കൂടാതെ ശ്രീരാമന്‍ സീതലക്ഷ്മണഭരതഹനുമത്‌` സമേതനായി അദ്ദേഹത്തിന്‌ ദര്‍ശനമരുളുകയും, ആ അനര്‍ഘനിമിഷത്തെ മതിമറന്ന്‌ അദ്ദേഹം "ഏല നീ ദയര ദൂ" എന്ന ആഠണാ കീര്‍ത്തനം പാടിയെന്നും, ആ കീര്‍ത്തനമാണ്‌ ശാസ്ത്രീയ കര്‍ണ്ണടക സംഗീതത്തിന്‌ ത്യാഗരാജന്റെ ആദ്യത്തെ സംഭാവനയെന്നും വിശ്വസിച്ചുവരുന്നു.

പ്രസ്തുത സംഭവത്തിനുശേഷം അദ്ദേഹം ഭക്തിരസംതുളുമ്പുന്നവയും ഭാവാത്മകവുമായ ഒട്ടേറെ കീര്‍ത്തനങ്ങള്‍ തുടരെത്തുടരെ രചിച്ചു പാടിയിരുന്നു. അദ്ദേഹത്തിന്റെ സംഗീതത്തില്‍ ആകൃഷ്ടരായി പലരും ദൂരസ്ഥലങ്ങളില്‍നിന്നുപോലും വന്നിരുന്നു. അങ്ങിനെവന്നിരുന്നവരില്‍ പലരും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച്‌ സംഗീതമഭ്യസിക്കാന്‍ തുടങ്ങി. കുറച്ചുകാലംകൊണ്ട്‌ ആയിരക്കണക്കിന്‌ ശിഷ്യന്മാരദ്ദേഹത്തിനുണ്ടായി. നാമജപവും, ഭജനയും, ഉഞ്ചവൃത്തിയും, സംഗീതമഭസിപ്പിക്കലും മറ്റുമായി ഒരുലളിതജീവിതം ത്യാഗരാജന്‍ നയിച്ചു. ഭിക്ഷയെടുത്ത്‌ കിട്ടുന്ന പണത്തില്‍നിന്നും തനിക്കും തന്റെ ശിഷ്യര്‍ക്കും ചിലവിനുള്ളതു മത്രമെടുത്തിട്ട്‌ ബാക്കി പാവപ്പെട്ടവര്‍ക്കു ദാനം ചെയ്യുകയോ കാവേരിനദിയില്‍ കളയുകയോ ആണ്��� അദ്ദേഹം ചെയ്തിരുന്നത്‌.

അക്കാലത്ത്‌ പലരാജാക്കന്മാരും, ഉന്നതപദവിയാര്‍ജ്ജിച്ചിരുന്ന പ്രഭുക്കന്മാരും ത്യാഗരാജനെ ആസ്ഥാന വിദ്വല്‍സ്ഥാനം നല്‍കി ആദരിക്കാന്‍ മുന്നോട്ടുവന്നെങ്കിലും ഐഹികസുഖങ്ങളോടും പദവിയോടും വെറുപ്പ്‌ പ്രകടിപ്പിച്ചിരുന്ന ത്യാഗരാജന്‍ ക്ഷണമെല്ലാം നിരസിക്കുകയാണുണ്ടായത്‌. തഞ്ചാവൂര്‍ ഭരിച്ചിരുന്ന ഏകോജിയും അതിലേക്കായി ചില പരിശ്രമങ്ങള്‍ നടത്തിയെങ്കിലും ശ്രമം വിഫലമാവുകയാണുണ്ടായത്‌. തന്നെ സ്തുതിച്ചുകൊണ്ടൊരു ഗാനം രചിച്ചുപാടിയാല്‍ അളവറ്റസ്വത്തും കൂട്ടത്തില്‍ പല പദവികളും വാഗ്ദാനം ചെയ്ത ഏകൊജി അവസാനം നിരാശനായിത്തീര്‍ന്നു. ഏകോജിയുടെ ക്ഷണവുമായെത്തിയ ദൂതന്മാര്‍വശം കല്യാണി രാഗത്തില്‍ "നിധിചാലസുഖമാ" എന്ന കൃതി ത്യാഗരാജന്‍ കൊടുത്തയച്ചു. "ധനംസമ്പാദിച്ച്‌ സുഖമനുഭവിക്കുന്നതോ, രാമനാമം ജപിച്ച്‌ സുഖമനുഭവിക്കുന്നതോ യഥാര്‍ത്ഥസുഖം; അഹംഭാവികളായ നരന്മാരെ സ്തുതിക്കുന്നതാണോ യഥാര്‍ത്ഥ സുഖം, രാമന്റെ തൃപ്പാദങ്ങളെ സ്തുതിക്കുന്നതാണോ യഥാര്‍ത്ഥ സുഖം" എന്നെല്ലാം ആശയം ഉള്‍ക്കൊള്ളുന്നതും ചമത്കാരസമ്പൂര്‍ണവുമായ പ്രസ്തുത കൃതി കണ്ടപ്പോള്‍ ഏകോജിയുടെ അവസ്ഥ എന്തായിരുന്നിരിക്കാമെന്ന്‌ ചിന്തനീയമാണ്‌
ഈ സമയമായപ്പോഴേക്കും ത്യാഗരാജന്റെ കീര്‍ത്തി ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങി. തല്‍ഫലമായി അവിടെനിന്നും സംഗീതവിദ്വാന്മാരും കലാകുതുകികള്യും അദ്ദേഹത്തെ സന്ദര്‍ശിക്കുകയും നിസര്‍ഗസുന്ദരമായ ത്യാഗരാജസംഗീതം കേട്ട്‌ ആനന്ദചിത്തരാകുകയും, അഭിനന്ദനങ്ങളാല്‍ വീര്‍പ്പുമുട്ടിക്കുകയും പതിവായിരുന്നു. കേരളത്തില്‍നിന്നും പല വിദ്വാന്മാരും ത്യാഗരാജനെ സന്ദര്‍ശിക്കുകയുണ്ടായിട്ടുണ്ട്‌. ഷട്കാലഗോവിന്ദമാരാര്‍, പരമേശ്വര ഭാഗവതര്‍, മാളിയക്കല്‍ കൃഷ്ണ മാരാര്‍ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്‌. ഗോവിന്ദമാരാരും ത്യാഗരാജനും തമ്മിലുണ്ടായ കൂടിക്കാഴ്ച പ്രസിദ്ധമാണെന്നു മാത്രമല്ല, ആ സന്ദര്‍ശനത്തിന്റെ നിത്യസ്മാരകമായി ത്യാഗരാജ വിരചിതമായ "എന്തൊരു മഹാനുഭാവുലു" എന്ന പഞ്ചരത്ന കൃതി സംഗീതലോകത്തെ ഇന്നും പുളകോജ്ജ്വല മാക്കികൊണ്ടിരിക്കയാണല്ലൊ!.

ത്യാഗരാജന്‍ രാജാക്കന്മാരുടെയും മറ്റും ക്ഷണം സ്വീകരിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്കും സുഖമായി ജീവിക്കാമായിരുന്നു എന്നു കരുതിയ അസൂയാലുവും ധനകാംഷിയുമായിരുന്ന ജ്യേഷ്ടന്‍ ജല്‍പേശന്‌ തന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ സാധിക്കാതെ വന്നപ്പോള്‍ അദ്ദേഹത്തോട്‌ കടുത്ത വിദ്വേഷം തോന്നുക മാത്രമല്ലാ പലവിധത്തില്‍ ഉപദ്രവിക്കാനും തുടങ്ങി. ത്യാഗരാജന്‍ നിത്യപൂജ ചെയ്തിരുന്ന ശ്രീരാമവിഗ്രഹം ജല്‍പേശന്‍ കാവേരിയിലേക്കെറിഞ്ഞു കളഞ്ഞു. തന്റെ എല്ലാമായ രാമവിഗ്രഹം നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോള്‍ അത്‌ തിരഞ്ഞുകൊണ്ട്‌ ത്യാഗരാജന്‍ നിത്യവും കാവേരിയുടെ തീരത്ത്‌ അലയുമായിരുന്നു. വര്‍ഷമൊന്നു കഴിഞ്ഞിട്ടും വിഗ്രഹം കിട്ടാതായപ്പോള്‍, ഇനിയും തന്റെ ശ്രീരാമനെ കിട്ടിയിട്ടല്ലാതെ ജലപാനംപോലും ചെയ്യില്ലെന്ന്‌ ദൃഢ നിശ്ചയം ചെയ്തു.ഇഷ്ട ദേവതാനുഗ്രഹത്താല്‍ അന്നുരാത്രി വിഗ്രഹം കിടക്കുന്ന സ്ഥലം സ്വപ്നത്തിലൂടെ ത്യാഗരാജന്‌ കാണാറായി. സ്വപ്നത്തില്‍ക്കണ്ട സ്ഥലത്തുനിന്ന്‌ വിഗ്രഹം കിട്ടിയപ്പോള്‍ അദ്ദേഹത്തിന്‌ പൂര്‍വാധികം സന്തോഷവും വിശ്വാസവും ഹൃദയത്തില്‍ നുരഞ്ഞു പൊങ്ങി. ഈ സംഭവത്തെ സാധൂകരിക്കാന്‍ ത്യാഗരാജന്റെ കരുണരസം നിറഞ്ഞ ചില ഗാനങ്ങള്‍ (നേബെന്ദുവെദഗുദരാ; ഏപാപമു ജേസിതരാ) ഉദാഹരിക്കപ്പെട്ടിട്ടുണ്ട്‌.

സംഗീതശാസ്ത്രഗ്രന്ഥങ്ങല്‍ പലതും ത്യാഗരാജന്‍ പഠിച്ച്‌ ഉല്‍പത്തിവരുത്തിയിരുന്നെങ്കിലും "സ്വരാര്‍ണവം", "സംഗ്രഹചുഢാമണി" തുടങ്ങിയ കൃതികളാണ്‌ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്‌ മകുടോ,ലങ്കാരമായി വര്‍ത്തിച്���ിരുന്നതെന്ന്‌ കരുതപ്പെടുന്നു. സംഗീത രഹസ്യങ്ങളുടെ ഉള്ളറ കണ്ടറിയാന്‍ ആഗ്രഹിച്ചിരുന്ന ത്യാഗരാജന്‍ സംഗീത മുനിയായ നാരദനെ ഉപാസിച്ചുകൊണ്ടിരുന്നു. ഒരുദിവസം കാലത്ത്‌ അദ്ദേഹത്തെ കാണുന്നതിനായി ഒരു സന്യാസി ത്യാഗരാജന്റെ വസതിയില്‍ വന്നു. ആചാരോപചാരങ്ങള്‍ക്കുശേഷം കയ്യിലുണ്ടായിരുന്ന പൊതി ത്യാഗരാജനെ ഏല്‍പിച്ചിട്ട്‌ അദ്ദേഹം കാവേരിയില്‍ കുളിക്കാനായി പോയി. ഉച്ച ഊണിന്‌ സമയമായിട്ടും സന്യാസി കുളികഴിഞ്ഞ്‌ വന്നില്ല. അദ്ദേഹം വരാതെ ആഹാരം കഴിക്കുന്നത്‌ ഉചിതമല്ലല്ലോ എന്ന്‌ കരുതി നിരാഹാരിയായി ത്യാഗരാജന്‍ കാത്തിരുന്നു. അങ്ങിനെ കാത്തിരുന്ന്‌ രാത്രിയായപ്പോള്‍ ക്ഷീണംകൊണ്ട്‌ ത്യാഗരാജന്‍ ഉറങ്ങിപ്പോയി. ഉറക്കത്തില്‍ സന്യാസി പ്രത്യക്ഷപ്പെട്ട്‌, ഞാന്‍ തന്നെയാണ്‌ അങ്ങുപാസിക്കുന്ന നാരദമുനിയെന്നും; അവിടെ ഞാനുപേക്ഷിച്ച ഭാണ്ഡത്തില്‍ "സ്വരാര്‍ണവം" എന്ന ഗ്രന്ഥമുണ്ടെന്നും; അതു പഠിച്ചാല്‍ സംഗീതരഹസ്യങ്ങളേക്കുറിച്ചുള്ള അങ്ങയുടെ സംശയമെല്ലാം നീങ്ങുമെന്നും അരുളിചെയ്ത്‌ മറഞ്ഞു. ഉറക്കമുണര്‍ന്ന്‌ സന്യാസി പറഞ്ഞ മാതിരി ഭാണ്ഡമഴിച്ചുനോക്കിയപ്പോള്‍ പ്രസ്തുത ഗ്രന്ഥം കിട്ടി. അതിന്റെ സന്തോഷാധിക്ക്യത്താല്‍ മതിമറന്ന്‌ നാരദമുനിയെ സ്തുതിച്ചുകൊണ്ട്‌ "ശ്രീനാരദ.....(കാനഡ); നാരദഗുരുസ്വാമി...(ദര്‍ബാര്‍); വരനാരദ....(വിജയശ്രീ) തുടങ്ങിയ കൃതികള്‍ രചിച്ചു. സ്വരാര്‍ണവം പഠിച്ചതോടെ സംഗീതശാസ്ത്രസംബന്ധമായി ത്യാഗരാജനുണ്ടായിരുന്ന സന്ദേഹങ്ങളെല്ലം മാറിക്കിട്ടി.

കര്‍ണാടക സംഗീതത്തിന്റെ ഇന്നത്തെ പ്രശസ്തി; നിലനില്‍പ്‌ എന്നിവക്ക്‌ തികച്ചും കാരണഭൂതരായ സംഗീതതൃമൂര്‍ത്തികളില്‍ വച്ച്‌ ത്യാഗരാജന്‍ തന്നെയാണ്‌ സര്‍വോപരി ആരാധ്യനായിട്ടുള്ളത്‌. സംഗീതപരമായ ഗുണോല്‍കര്‍ഷം നോക്കുകയാണെങ്കില്‍ ത്യാഗരാജകൃതികളില്‍ ദീക്ഷിതരുടേയും ശ്യാമശാസ്ത്രികളുടേയും മാത��രമല്ല അവരുടെ സമകാലിനരുടെയും അവര്‍ക്കുശേഷമുള്ള വാഗ്ഗേയകാരുടേയും കൃതികളില്‍ നിന്ന്‌ വത്യസ്ഥമായി വല്ലതും കാണാന്‍ കഴിയുമോ എന്ന്‌ സംശയമാണ്‌. ത്യാഗരാജ കൃതികളും മറ്റുള്ളവയും തമ്മിലുള്ള അന്തരം ദൃശ്യമാകുന്നതും അവയിലല്ല. പാടിയകൃതികളുടെ എണ്ണം, രാഗങ്ങള്‍ കൊണ്ട്‌ കൈകാര്യം ചെയ്തതിലുള്ള വൈവിധ്യത, ആശയ പുഷ്കലത, ഭക്തിഭാവം എന്നിവയാണ്‌ ഈ കൃതികളെ മറ്റുള്ളവയില്‍ നിന്ന്‌ വേര്‍തിരിക്കുന്നത്‌. ത്യാഗരാജകൃതികളുടെ സംഖ്യ സൂഷ്മമായി അറിയാന്‍ നിവൃത്തിയില്ലെങ്കിലും, രണ്ടായിരത്തിലേറെയുണ്ടെന്ന്‌ കണക്കാക്കാം. ഇപ്പോള്‍ പ്രചരത്തിലിരിക്കുന്നത്‌ അതിന്റെ നാലിലൊന്നു മാത്രമെയുള്ളു. സംഗീതലോകത്ത്‌ ചിലനൂതന പ്രസ്ഥാനങ്ങള്‍ ത്യാഗരാജന്‍ ആവിഷ്കരിച്ചിണ്ട്‌. സംഗതിയെന്ന ഗാനാലങ്കാരം അദ്യമായി പ്രയോഗത്തില്‍ വരുത്തിയത്‌ അദ്ദേഹമാണ്‌. വെങ്കിടമഖിയുടെ മേളജന്യരാഗപദ്ധതിയനുസരിച്ച്‌ അന്നുവരെ പ്രചാരത്തിലില്ലാതിരുന്ന പലരാഗങ്ങലും പുനരുദ്ധാരണം ചെയ്ത്‌ സംഗീതലോകത്തിന്‌ തന്റെ കവനങ്ങളിലൂടെ ശാശ്വതപ്രതിഷ്ഠ നേടികൊടുത്തിട്ടുണ്ട്‌. അങ്ങിനെ സമുദ്ധരിച്ച രാഗങ്ങളില്‍ ഖരഹരപ്രിയ, ചാരുകേശി, കോകിലപ്രിയ, ചക്രവാകം, തുടങ്ങിയവ പ്രചാരം നേടി. ഖരഹരപ്രിയയില്‍ അദ്ദേഹം ആറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുള്ളതില്‍ "പക്കാലനിലബഡി, രാമ നീ സമാന, കോടിസേവിമ്പരാര" എന്നിവ വളരെ പ്രസിദ്ധമാണ്‌. ഒരേരാഗത്തില്‍ പലകൃതികള്‍ രചിക്കുബോള്‍ ഒരോന്നിലും വത്യസ്ഥമായരാഗങ്ങഭാവം ഉള്‍ക്കൊള്ളിക്കാന്‍ ത്യഗരാജനുള്ള സാമര്‍ത്ഥ്യം നിസ്സീമമാണ്‌. തോടിയുടേയും ദേവഗാന്ധാരിയുടേയും വിഭിന്നങ്ങളായ രാഗസഞ്ചാരങ്ങളും ഭാവങ്ങളും ആ രാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ കൃതികളില്‍ പ്രതിഭലിച്ചു കാണാം. മുപ്പതില്‍പരം ഗാനങ്ങള്‍ "തോടി"യില്‍ ത്യാഗരാജന്റേതായി നമുക്കു ലഭിച്ചിട്ടുണ്ട്‌. ഇരുപതിലേറെ രാഗങ്ങള്‍ അദ്ദേഹം സ്വന്തമായി ആവിഷ്ക്കരിച്ചിട്ടുണ്ട്‌. ബിന്ദുമാലിനി, ജയന്തശ്രീ, കോകിലധ്വനി, ആഭേരി, പ്രവാളജ്യോതി, നളിനകാന്തി എന്നിവ അവക്കുദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്‌. തന്നെയല്ല, ചിലരാഗങ്ങള്‍ക്ക്‌ ത്യാഗരാജകൃതികള്‍ മാത്രമെ ലക്ഷ്യങ്ങളായിട്ടുള്ളുവെന്നതും എടുത്തു പറയേണ്ടതായുണ്ട്‌.

ത്യാഗരാജകൃതികളിലെ ഭാഷ ലളിതമാണെന്നുള്ളത്‌ പ്രസ്താവയോഗ്യമാണ്‌. തെലുങ്കും സംസ്കൃതവും കൂടിയ ഒരു മിശ്രിത ഭാഷയാണദ്ദേഹത്തിന്റേത്‌. ഭക്തിയില്ലാത്ത സംഗീതം നിര്‍ജ്ജീവമാണെന്നും, സംഗീത തത്വങ്ങള്‍ യഥാര്‍ത്ഥ മായറിയുന്നവര്‍ സുഖപ്രാപ്തിയിലെത്തുമെന്നും, അവകൊണ്ടുള്ള ഭഗവത്ഭക്തിയാണ്‌ എളുപ്പമായ മോക്ഷമാര്‍ഗ്ഗമെന്നും, യോഗീവര്യന്മര്‍ക്കു മാത്രം സാധിക്കുന്ന കേവലനാദബ്രഹ്മോപാസന മോക്ഷമാര്‍ഗ്ഗത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും ത്യാഗരാജന്‍ അസംഖ്യം കൃതികളില്‍ക്കൂടി യുക്തിയുക്തം സ്ഥാപിച്ചിട്ടുണ്ട്‌. ശങ്കരാഭരണത്തില്‍ "സ്വര രാഗസുധാരസ", ധന്യാസിയില്‍ "സംഗീതഞ്ഞാനമു ഭക്തിവിനാ" തുടങ്ങിയവ ഉദാഹരണം.
ത്യാഗരാജശിഷ്യഗണങ്ങളുടെ സംഖ്യ ഖണ്ഡിതമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ലെങ്കിലും, ആയിരത്തിലേറെവരുമെന്ന്‌ കണക്കാക്കാം. അവരില്‍ അര്‍പ്പണബോധമുള്ള ശിഷ്യസമൂഹം ത്യാഗരാജ കൃതികള്‍ക്ക്‌ പ്രചാരം വരുത്തുവാന്‍ മുഖ്യ പങ്കുവഹിച്ചു. വീണകുപ്പയ്യര്‍, മാനമ്പുചാവടി വെങ്കിടസുബ്ബയ്യര്‍, വാലാജാപ്പേട്ടാ വെങ്കിടരമണ ഭാഗവതര്‍, മകന്‍ കൃഷ്ണ ഭാഗവതര്‍, ഉമയാല്‍പുരം കൃഷ്ണ ഭാഗവതര്‍, തഞ്ചാവൂര്‍ രാമറാവു തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ കൂടെ സഹജീവിതം നയിച്ച ശിഷ്യന്മാരാണ്‌. ഗായകന്‍ എന്ന നിലയിലും, ഗാനരചയിതാവെന്ന നിലയിലും എറ്റവും സമുന്നതനായ ത്യാഗരാജ ശിഷ്യന്‍ വീണകുപ്പയ്യയായിരുന്നു, ത്യാഗരാജ കൃതികള്‍ പകര്‍ത്തിവച്ച്‌ സംഗീതലോകത്തിന്‌ സംഭാവന ചെയ്തശിഷ്യരില്‍ മ���ഖ്യന്‍ വലാജാപ്പേട്ട വെങ്കിടരമണ ഭാഗവതരാണ്‌. അദ്ദേഹവും മകനായകൃഷ്ണ ഭാഗവതരും രചിച്ചഗുരുചരിതം പില്‍ക്കാല ഗവേഷകര്‍ക്ക്‌ താങ്ങും തണലുമായി.

വാര്‍ദ്ധക്ക്യത്തിന്റെ പ്രാരംഭത്തില്‍ ത്യാഗരാജന്‍ തീര്‍ത്ഥാടനത്തിന്‌ പുറപ്പെട്ടു. കാഞ്ചിയിലുണ്ടായിരുന്ന ഉപനിഷദ്‌ബ്രഹ്മയോഗിയേയും, തിരുപ്പതി മുതലായ പുണ്യക്ഷേത്രങ്ങളും ലക്ഷ്യമാക്കിയായിരുന്നു യാത്രയെങ്കിലും, മറ്റുപല മാന്യവ്യക്തികളുടെ ആതിഥ്യവും കൂട്ടത്തില്‍ അദ്ദേഹം സ്വീകരിച്ചു. തിരുവൊട്ടിയൂര്‍, കോവൂര്‍ മുതലായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ അവിടത്തെ ദേവന്മാരെ സ്തുതിച്ച്‌ അഞ്ച്‌കൃതികള്‍ വീതം രചിച്ചു. അവകള്‍ തിരുവൊട്ടിയൂര്‍ പഞ്ചരത്നം, കോവൂര്‍ പഞ്ചരത്നം എന്നീനാമങ്ങളാല്‍ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഘനരാഗ പഞ്ചരത്നത്തിന്‌ പുറമേയാണിവ. ഈ യാത്രാവേളയില്‍ പല അത്ഭുതകര്‍മ്മങ്ങളും അദ്ദേഹം ചെയ്തതായി ഐതീഹ്യം ഘോഷിക്കുന്നു. അവയെല്ലാം വിശദമായി വിവരിക്കുവാന്‍ തുടങ്ങിയാല്‍ സ്ഥലപരിധി നമ്മെ വിലക്കുമെന്നതുകൊണ്ട്‌ ഒന്നുരണ്ടുസംഭവങ്ങളിലൂടെ ഒരു ദിങ്മാത്രദര്‍ശനം നടത്തണമെന്നു മാത്രമെ ഉദ്ദേശിക്കുന്നുള്ളു.

ഭക്തനും ദാനശീലനുമായിരുന്ന കോവൂര്‍ സുന്ദരമുതലിയാരുടെ ആതിഥ്യം സ്വീകരിച്ച്‌ അദ്ദേഹത്തിന്റെ മുമ്പില്‍ ത്യാഗരാജന്‍ പാടി. മടക്കയാത്രയില്‍ മുതലിയാര്‍ ആയിരം പൊന്‍നാണയം കിഴിയാക്കി ത്യാഗരാജന്‌ സമ്മാനിച്ചു. സ്വാമികള്‍ അത്‌ നിരസിച്ചെങ്കിലും മുതലിയാര്‍ നാണയക്കിഴി അദ്ദേഹമറിയാതെ പല്ലക്കുമെത്തക്കടിയില്‍ തിരുകിവച്ചു. കൂടെയുള്ളവരോട്‌ വിവരവും പറഞ്ഞു. തിരുപ്പതിയിലേക്കുള്ള യാത്രാമദ്ധ്യേ ഒരു കാട്ടില്‍വച്ച്‌ കള്ളന്മാര്‍ അവരെ ആക്രമിച്ചു. തന്റെ കയ്യില്‍ പണമൊന്നുമില്ലെന്ന സത്യാവസ്ഥ ആക്രമികളോട്‌ പറഞ്ഞ്‌ അവരെ പിന്തിരിപ്പിക്കാന്‍ സ്വാമികള്‍ ശ്രമിച്ചപ്പോള���‍ മാത്രമാണ്‌ മറ്റുള്ളവര്‍ പണക്കിഴിയുടെ കര്യം സ്വാമികളോട്‌ പറഞ്ഞത്‌. പണം രാമനവമി ഉത്സവത്തിലേക്കായി മുതലിയാര്‍ തന്നതാണെന്നുമറിഞ്ഞപ്പോള്‍ "രാമന്റെ മുതല്‍ രാമന്‍തന്നെ രക്ഷിച്ചുകൊള്ളും" എന്നു പറഞ്ഞ്‌ ധ്യാനത്തില്‍ മുഴുകി. പൊടുന്നനെ തങ്ങളെ ലക്ഷ്യം വച്ച്‌ ശരവര്‍ഷം നടത്തുന്നതായും അവയെല്ലാം ദേഹംതുളക്കുന്നതായും തോന്നുകയാല്‍ കള്ളന്മാര്‍ പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെട്ടു. കുറെ കഴിഞ്ഞപ്പോള്‍ മനസാന്തരം വന്ന കള്ളന്മാര്‍ ത്യാഗരാജന്റെയടുക്കല്‍ ക്ഷമാപനം ചോദിച്ചുവന്നു. അപ്പോള്‍ സ്വാമികള്‍ "കള്ളന്മാരായ നിങ്ങളെ തുരത്തിയത്‌ സാക്ഷാല്‍ ശ്രീരാമലക്ഷ്മണന്മാരാണെന്നും അവരെ ദര്‍ശിക്കാനവസരം ലഭിച്ചതുതന്നെ നിങ്ങളുടെ പൂര്‍വജന്മസുകൃതം കൊണ്ടുമാത്രമാണെന്നും ഇതുപ്പൊലുള്ള ഹീനകൃത്യങ്ങളുപേക്ഷിച്ച്‌ ഭഗവാനില്‍ മനസുറപ്പിച്ച്‌ ശിഷ്ട ജീവിതംനയിക്കയാണ്‌ വേണ്ടതെന്നും, അങ്ങിനെയായാല്‍ അനായാസേന മോക്ഷം ലഭിക്കുമെന്നും" ഉപദേശിച്ചയച്ചു.

തിരുപ്പതിവെങ്കിടേശനെ കണ്ടുവണങ്ങാന്‍ വെമ്പല്‍ പൂണ്ടെത്തിയ ത്യാഗരാജന്‌ ഭഗവാനെ മറച്ചിരുന്ന തിരശ്ശീലയാണ്‌ കാണാന്‍കഴിഞ്ഞത്‌. ഭഗല്‍ദര്‍ശനത്തിനെത്തിയ തനിക്ക്‌ അതിനവസരമുണ്ടാക്കിത്തരണമെന്ന്‌ ക്ഷേത്രഭാരവാഹികളോട്‌ സ്വാമികള്‍ കേണപേക്ഷിച്ചെങ്കിലുംഫലമുണ്ടായില്ല. നിരാശാഭരിതനായ അദ്ദേഹം "തെരതീയഗ രാദാ" എന്ന കീര്‍ത്തനം രചിച്ചുപാടി. പാട്ടിന്റെ അവസാനം ബിംബത്തെ മറച്ചിരുന്ന പട്ട്‌ താഴെവീണു. അപ്പോള്‍ ഭഗവല്‍ദര്‍ശനം കിട്ടിയ സന്തോഷത്താല്‍ വെങ്കിടേശനെ സ്തുതിച്ചുകോണ്ട്‌ "വെങ്കിടേശ നിന്നു സേവിപ്പു" എന്ന കീര്‍ത്തനം പാടി.

രചനാവിഷയത്തില്‍ ത്യാഗരാജന്‌ മാര്‍ഗദര്‍ശിത്വം കിട്ടിയി
ട്ടുണ്ടെന്ന്‌ പൂര്‍ണമായും വിശ്വസിക്കാവുന്ന ചിലകീര്‍ത്തനകര്‍ത്താക്കളേ സൂചിപ്പിക്കേണ്ടത്‌ ഈ പ്രകൃതത്തില്‍ നല്ലതാണെന്നു തോന്നുന്നു. ഭദ്രാചലരാമദാസ്‌, ശ്രീരംഗം ശേഷ അയ്യങ്കാര്‍, പുരന്ദരദാസര്‍, തീര്‍ത്ഥനാരായണന്‍ മുതലായവരുടെ സ്വാധീനം അദ്ദേഹത്തിന്റെ കൃതികളില്‍ സ്പഷ്ടമായിരിക്കുന്നു. ഭദ്രാചലത്തിനെ തന്റെ പലകൃതികളിലും ത്യാഗരാജന്‍ സ്മരിക്കുന്നുണ്ട്‌`. "ക്ഷീരസാഗരശയന" എന്ന ദേവഗാന്ധാരകൃതിയില്‍ അദ്ദേഹത്തെപ്പറ്റി "ധീരുദൗ രാമദാസുനി ബന്ധമു ദീര്‍ച്ചിനദി വിന്നാനുറാ" എന്ന്‌ പറഞ്ഞു കാണുന്നു.

വര്‍ഷങ്ങളോളം നീണ്ടുനിന്ന തന്റെ തീര്‍ത്ഥയാത്ര അവസാനിക്കുമ്പോള്‍ വാര്‍ദ്ധക്യം ത്യാഗരാജനെ കാര്‍ന്നു കഴിഞ്ഞിരുന്നു. തിരുവയ്യറില്‍ തിരിച്ചെത്തിയ ശേഷം "നാദബ്രഹ്മാനന്ദ" എന്ന പേരില്‍ ത്യാഗരാജന്‍ സന്യാസം സ്വീകരിച്ചു. അടുത്ത പുഷ്യബഹുള പഞ്ചമിദിനത്തില്‍ ശിഷ്യന്മാരെയെല്ലാം ക്ഷണിച്ചുവരുത്തി അവരോട്‌ കീര്‍ത്തനങ്ങള്‍ തുടരെ ആല്ലപിക്കാനാവശ്യപ്പെട്ടു. കീര്‍ത്തനാലാപനം കേട്ട്‌കോണ്ടിരുന്ന സ്വാമിയുടെ ശിരസില്‍നിന്ന്‌ രാത്രി പതിനൊന്നുമണിയോടുകൂടി അഭൗമമായൊരു ദിവ്യതേജസ്‌ ഉയര്‍ന്നു പോകുന്നത്‌ കണ്ടുനില്‍ക്കാന്‍ സൗഭാഗ്യം ശിഷ്യര്‍ക്കുമുണ്ടായി. 1847 ജനുവരി 6-)0 തിയ്യതിയാണ്‌ ത്യഗരാജസമാധി.

വര്‍ഷം തോറും പുഷ്യബഹുള പഞ്ചമി നാളില്‍ ത്യാഗരാജ സമാധിമണ്ഡപത്തിന്‌ മുന്‍പില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ പഞ്ചരത്ന കീര്‍ത്തനാലാപത്തിലൂടെ ആ ഗാനഗന്ധര്‍വ്വന്‌ ആദരാജ്ഞലികളര്‍പ്പിച്ചുവരുന്നു. ത്യാഗരാജോത്സവം ഇന്ന്‌ ലോകപ്രസിദ്ധ മായിക്കഴിഞ്ഞിട്ടുണ്ട്‌


SocialTwist Tell-a-Friend
Related Stories: ത്യാഗരാജ സ്വാമികള്‍... - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon