You are here: HOME » MAGAZINE »
ഓണത്തിന്റെ ഒളിവിടങ്ങള്‍
സി. ഗണേഷ്‌ Jayakeralam Malayalam News
Monday, 23 April 2012
ഓണം മലയാളികളുടെ പ്രിയപ്പെട്ട ആഘോഷമാകുന്നത്‌ അത്‌ അനുവദിച്ചുതരുന്ന ആഘോഷാത്മകതയുടെ അനന്തസാദ്ധ്യതകള്‍ കൊണ്ടാണ്‌. "പ്രിയപ്പെട്ട" എന്ന പ്രയോഗം ജനതയുടെ ജനപ്രിയതയെക്കൂടി ഉള്‍ക്കൊള്ളുന്നു. ജനപ്രിയ സംസ്ക്കാരത്തിന്റെ ഭാഗമെന്നല്ല, അടിമുടി ജനപ്രിയ/ജനഹിത ചേരുവകളുടെ ചേര്‍ച്ച എന്ന നിലയിലാണ്‌ ഇന്ന് ഓണം ആഘോഷിക്കപ്പെടുന്നത്‌. അതുവഴി ഏതൊരു ആഘോഷവും പരിണാമത്തിന്‌ വിധേയമായിക്കൊണ്ടിരിക്കും. ഇവിടെയാണ്‌ ഓണം സാമൂഹ്യനിര്‍മിതിയായി തിരിച്ചറിയപ്പെടുന്നത്‌.

ഓണത്തെ ഒരു സാമൂഹ്യനിര്‍മിതിയായി കണ്ടുകൊണ്ട്‌ അതിലടങ്ങിയ ഒളിവിടങ്ങളെക്കുറിച്ചാണ്‌ ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത്‌. ചരിത്രധാരണയോ സാമൂഹ്യമനോഭാവമോ ജീവിത വീക്ഷണമോ പ്രതിഫലിപ്പിക്കുംവിധം കൂട്ടായ്മ നടത്തുന്ന രക്ഷപെടല്‍ തന്ത്രത്തെ കൂടിയാണ്‌ ഒളിവിടം (hideouts) എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌. ഒളിവിടം സ്വയം ഒളിപ്പിക്കാനുള്ള ഇടവും പലതും ഒളിപ്പിക്കാനുള്ള സ്ഥലവുമാണ്‌.

ഓണത്തിന്റെ ഐതീഹ്യം പല മാതിരിയിലാണ്‌ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്‌. വേദങ്ങളിലോ ഉപനിഷദ്‌ കളിലോ മഹാബലി പ്രത്യക്ഷപ്പെടുന്നില്ല. പുരാണങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ബലിയാകട്ടെ ഇന്നു ചിത്രീകരിക്കപ്പെടുന്ന ബലിയുമായി പുലബന്ധംപോലും ഇല്ലാത്തതാകുന്നു.

രാമായണത്തിലും മഹാഭാരതത്തിലുമാണ്‌ ബലി കടന്നുവരുന്നത്‌. വേദങ്ങളില്‍ ഓണൈതീഹ്യത്തിന്റെ പൂര്‍വരൂപങ്ങളുണ്ട്‌. എന്നാല്‍ അവയില്‍ ഒന്നും വിഷ്ണു വാമനനെ പാതാളത്തിലേയ്ക്ക്‌ ചവിട്ടിത്താഴ്ത്തുന്നില്ല. വിഷ്ണു സ്വയം മൂന്നു ചുവടുകള്‍ വച്ചതായാണ്‌ വേദങ്ങളില്‍. യജുര്‍വേദത്തിന്റെ അനുബന്ധങ്ങളായ ബ്രാഹ്മണങ്ങളിലാണ്‌ വിഷ്ണുവിനെ വാമനരൂപത്തില്‍ ചിത്രീകരിച്ചിട്ടുള്ളത്‌. എന്നാല്‍ വാമനന്‍ ബ്രഹ്മണനായിരുന്നു എന്ന സൂചന ബ്രാഹ്മണത്തിലോ വേദങ്ങളില്‍ തുടങ്ങി അനുക്രമമായി പല കാലങ്ങളില്‍ ചേര്‍ക്കപ്പെട്ടും തമസ്കരിക്കപ്പെട്ടുമാണ്‌ ഓണൈതിഹ്യം ഇന്നത്തെ രൂപത്തില്‍ എത്തിയിരിക്കുന്നത്‌.ഓണൈതീഹ്യത്തില്‍ സുപ്രധാനമായ ഒരു ഒളിവിടം സൃഷ്ടിക്കപ്പെടുന്നത്‌ വാമനന്റെ കാര്യത്തിലാണ്‌. ബ്രാഹ്മണപ്രത്യയശാസ്ത്രത്തിന്റെ രൂപത്തിലാണ്‌ ഐതീഹ്യത്തില്‍ ഒളിവിടം തീര്‍ക്കപ്പെട്ടിരിക്കുന്നത്‌. ബലിയും വാമനനും തമ്മിലുള്ള ബന്ധം രണ്ടു രീതിയിലാണ്‌ രാമായണത്തിലും മഹാഭാരതത്തിലും ഉള്ളത്‌. മഹാഭാരതത്തിലെ ബലിയുടെ സ്വഭാവത്തിനുനേരെ വിപരീതമായി രാമായണത്തിലെ ബലി ബ്രഹ്മണവിരോധിയല്ല എന്നത്‌ ശ്രദ്ധേയമാണ്‌. ബ്രാഹ്മണവത്കരണത്തിന്റെ ചരിത്രഘട്ടത്തിലൂടെ കടന്നുപോയതിനിടയില്‍ ആഘോഷം തട്ടിയെടുക്കപ്പെടുകയായിരുന്നു എന്നാണിതു കാണിക്കുന്നത്‌. അവിടെ വാമനന്‌ ഒളിച്ചിരിക്കാനുള്ള സ്ഥലം ഓണം നല്‍കി. സേവ്യര്‍ കുട്ടി ഇക്കാര്യത്തെക്കുറിച്ച്‌ ഇങ്ങനെ എഴുതുന്നു. " ചാതുര്‍ വര്‍ണ്യവ്യവസ്ഥയും തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അനാചാരങ്ങളും ജാതിവ്യവസ്ഥയും നികൃഷ്ടമായ പുനരുത്പാദനവും ആഭ്യന്തരകോളനികളും നിലവില്‍ വന്നു. അതോടൊപ്പം പരശുരാമന്‍ മഴുവെറിന്‍ഞ്ഞ്‌ സമുദ്രത്തില്‍ നിന്നുയര്‍ത്തിയ കേരളക്കര ബ്രാഹ്മണരുടെ 64 ഇല്ലങ്ങളായി വീതിച്ചു നല്‍കിയെന്നും ഈ ഭൂസുരന്മാരുടെ ആജ്ഞാനുവര്‍ത്തികളും അടിമകളുമായി മറ്റുള്ളവര്‍ കഴിഞ്ഞുകൊള്ളണമെന്നുള്ള ഐതിഹ്യങ്ങള്‍ പടച്ചുണ്ടാക്കപ്പെട്ടു,"

ഓണപ്പാട്ടുകളുടെ വിവിധ പാഠങ്ങളിലൊന്നില്‍ ബ്രാഹ്മണരെ നിത്യവും ഊട്ടിയതുകൊണ്ടാണ്‌ ഭൂമിയില്‍ ദാരിദ്ര്യം വന്നതെന്ന വരികള്‍ പിന്നീട്‌ ഉപേക്ഷിച്ചിരിക്കുന്നു. ഇത്‌ മറ്റൊരു ഒളിവിടത്തെയാണ്‌ കാണിച്ചുതരുന്നത്‌.

ഓണാഘോഷത്തിന്റെ ചടങ്ങുകളിലവിടവിടെയായി ഒളിവിടങ്ങളുണ്ട്‌. ഹൈന്ദവത പതുങ്ങിയിരിക്കാന്‍ പാകത്തില്‍ പൂക്കളത്തിന്റെ തട്ടുവരെ സങ്കല്‍പ്പിക്കുന്നത്‌ ��ാണുവാന്‍ കഴിയും. പത്തു നിലയിലാണ്‌ പൂക്കളം തീര്‍ക്കേണ്ടതെന്നും ഒന്നാം നിലയില്‍ ഗണപതി, രണ്ടാമത്തെതില്‍ ശിവശക്തി, മൂന്നാമത്തേതില്‍ ശിവന്‍, നാലാമത്തേതില്‍ ബ്രഹ്മാവ്‌, അഞ്ചാമത്തെതില്‍ പഞ്ചപോണങ്ങള്‍, ആറില്‍ ഷണ്‍മുഖന്‍, എഴില്‍ ഗുരുനാഥന്‍ തുടങ്ങിയ ക്രമം വിവരിക്കുന്നതും മാബെലിക്കു പൂജിക്കണമെന്ന വ്യവസ്ഥയും തൃക്കാക്കരയിലായിരുന്നു മഹാബലിയുടെ ആസ്ഥാനമെന്ന വിശ്വാസവും എല്ലാം ഒളിത്താവളങ്ങളുടെ സാന്നിദ്ധ്യമാണ്‌ വിളംബരം ചെയ്യുന്നത്‌. ഓണച്ചടങ്ങുകളില്‍ ആദിവാസികള്‍ക്കും ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും സ്ഥാനമില്ല.

ജനപ്രിയതയുടെ ചിഹ്നങ്ങളിലും ഒളിവിടങ്ങള്‍ പ്രത്യക്ഷപ്പെടുന്നു എന്നതാണ്‌ സമകാലിക അനുഭവം. അത്തച്ചമയവും തൃക്കാക്കര ഉത്സവവും ഇന്ന് മാധ്യമവാര്‍ത്തയാകുന്നത്‌ സവര്‍ണ്ണപക്ഷവായനയിലൂടെയാണ്‌. പൂക്കളത്തിലും ഓണസദ്യയിലും ആഘോഷാത്മകതയുടെ മറ്റിടങ്ങളിലും മാര്‍ക്കറ്റ്‌ (Market) ഒരുക്കുന്ന ഒളിത്താവളം വ്യാപ്തിയുള്ളതാണ്‌. ജനങ്ങള്‍ക്ക്‌ എന്താണോ വേണ്ടത്‌ രുചിയോടെ അത്‌ വിളമ്പുന്ന ഊണ്‍ തളങ്ങളായി മാധ്യമങ്ങള്‍ മാറുന്നു. മാധ്യമങ്ങളാണ്‌ ഓണാഘോഷത്തിന്റെ മാറ്റങ്ങളെ ഏറ്റവും ധൃതഗതിയിലാക്കുന്നത്‌.
വര്‍ത്തമാനകാല ഓണാഘോഷത്തില്‍ ഒളിച്ചിരിക്കുന്ന നിര്‍ണ്ണായകമായ ഘടകം ശരീരമാണ്‌. ഐതീഹ്യത്തില്‍ കുറുകിയ ശരീരമുള്ള ബ്രാഹ്മണനാണ്‌ ബൃഹത്ശരീരമുള്ള മഹാവിഷ്ണുവായിത്തീരുന്നത്‌. ചെറിയ ശരീരത്തില്‍ നിന്നും വലിയ ശരീരത്തിലേയ്ക്കുള്ള -വിശ്വരൂപത്തിലെയ്ക്കുള്ള - വളര്‍ച്ചയാണ്‌ ഓണം. ഓണക്കവിതകളില്‍ പലപ്പോഴും വര്‍ണ്ണിക്കപ്പെടുന്നത്‌ ശരീരമാണ്‌. സൂഷമശരീരവര്‍ണനകളില്‍ ഓണപ്പാട്ടുകള്‍ വരെ ശ്രദ്ധിക്കുന്നത്‌ കാണാം. ഓണക്കളികളില്‍ പ്രധാനമായ ഓണത്തല്ലും തിരുവാതിരകളിയും ശരീരപ്രദര്‍ശനത്തിന്റെ കലകളാണെങ്കില്‍ ഓണസദ്യയിലെ വിഭവങ്ങളും കഴിക്കേ��്ട ചിട്ടകളും ശരീരസംരക്ഷണബോധത്തില്‍ ഊന്നിയുള്ളതാണ്‌. പുലികളിയില്‍ ശരീരം മൃഗരൂപത്തില്‍ തിമര്‍ക്കുന്നു. ചുരുക്കത്തില്‍ ശരീരത്തിന്റെ ആഘോഷമായി ഓണം മാറുന്നു. ഏതൊരു കാലത്തെയും ഓണാഘോഷത്തില്‍ ഈയൊരു ഒളിത്താവളം ഉണ്ടായിരുന്നു.

ഇതുവരെയും ആഘോഷപരതയുടെ സാമൂഹ്യതന്ത്രത്തെ ഒളിവിടം എന്നാണ്‌ വിശേഷിപ്പിച്ചത്‌. ചിലപ്പോഴെങ്കിലും ഒളിവിടങ്ങളെക്കുറിച്ച്‌ ബോധമുണ്ടെങ്കിലും അവ വിശകലനം ചെയ്യാനോ എതിര്‍ ജാഗ്രത പുലര്‍ത്താനോ പൊടുന്നനെ ഒരു കൂട്ടായ്മയ്ക്ക്‌ സാധ്യമല്ല. കാരണം ഒളിവിടങ്ങള്‍ ചരിത്രത്തിന്റെ വേരുകളില്‍ നിന്നും രൂപപ്പെട്ടുകൊണ്ടിരിക്കുന്നവയാണ്‌. സാമൂഹ്യശാസ്ത്രവീക്ഷണത്തില്‍ സാമൂഹ്യതന്ത്രം എന്നതിനേക്കാള്‍ "സാമൂഹ്യ സ്വഭാവം" എന്നാവും ഇതിന്റെ പേര്‌. ഇനിയും കണ്ടെടുക്കപ്പെടാത്ത ഒളിയിടങ്ങള്‍ ഓണത്തിന്‌ ഉണ്ടായിരിക്കാം. അത്‌, ഇനി ഓണാഘോഷത്തില്‍ വരാനിരിക്കുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമേ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ.


SocialTwist Tell-a-Friend
Related Stories: ഓണത്തിന്റെ ഒളിവിടങ്ങള്‍ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon