You are here: HOME » MAGAZINE »
ശതപത്രികാ രാജ്യത്തെ ആമത്തൊണ്ടന്‍
ആര്‍. രാധാകൃഷ്ണന്‍ Jayakeralam Malayalam News
Monday, 23 April 2012
അധ്യായം ഒന്ന്‌:

ശതപത്രിക രാജ്യത്തില്‍ ഛത്രപതി എന്നൊരു രാജാവുണ്ടായിരുന്നു. - രാജാവിന്റെ ഏക ദു:ഖം കുട്ടികളില്ല എന്നതായിരുന്നു.

രാജാവും അദ്ദേഹത്തിന്റെ ഏകലോചന എന്ന പേരായ ഭാര്യയും നേരാത്ത വഴിപാടുകളില്ല, ചെയ്യാത്ത പ്രാര്‍ത്ഥനകളില്ല, യാഗങ്ങളില്ല

- രാമായണത്തിലെപുത്രകാമേഷ്ടി യാഗത്തെ ക്കുറിച്ച്‌ കൂട്ടുകാര്‍ക്ക്‌ ഓര്‍മ്മ കാണുമല്ലോ?
കൊട്ടാരം വൈദ്യന്‍, കൊട്ടാരം മന്ത്രി, കൊട്ടാരം ഉപദേശകന്‍, എന്തിന്‌ കൊട്ടാരം വിദൂഷകന്‍ വരെ രാജാവിനെ ഉപദേശിച്ചതെന്താണെന്നോ?
മറ്റൊരു കല്യാണം കഴിക്കാന്‍.

ഏകലോചനയെ ജീവനുതുല്യം സ്നേഹിക്കു ന്ന രാജാവ്‌ രാജ്ഞിയോട്‌ ഇക്കാര്യം സംസാരിക്കാന്‍ തീരുമാനിച്ചു.

രാജാവിന്റെ ദു:ഖം അദ്ദേഹത്തിന്റെ മാത്രമല്ലല്ലോ -
രാജ്ഞിയുടെയും മുഴുവന്‍ പ്രജകളുടെയും അല്ലേ?

രാജാവിന്‌ മറ്റൊരു കല്യാണം കഴിക്കാന്‍ അവര്‍ അനുമതി നല്‍കി.
ചുരുങ്ങിയ സമയം കൊണ്ട്‌ ആലോചനകള്‍ വിവിധ ഭാഗത്തുനിന്നും പ്രവഹിക്കുകയായിരുന്നു.
തന്റെ തന്നെ രാജ്യത്തിലെ അതിസുന്ദരികളായ, ഇരട്ട സഹോദരിമാരായ പ്രഥിലയും പ്രജുലയും രാജാവിന്റെ മനം കവര്‍ന്നു.

ഒരേ പന്തലില്‍ ഇവരെ രണ്ടുപേരെയും ഇരുവശവും ഇരുത്തി കല്യാണം കഴിക്കുന്ന അപൂര്‍വ ചടങ്ങിന്‌ രാജ്യം സാക്ഷിയായി.

ഒരേ വയറ്റാട്ടി സെക്കന്റുകളുടെ വ്യത്യാസത്തില്‍ പേറെടുത്തതുപോലെ ഒരേ പുരുഷന്‍ ഇരുവശവും ഇരുന്ന കാമിനിമാരുടെ കഴുത്തുകളില്‍ താലി ചാര്‍ത്തി. ഈ ചട ങ്ങു കണ്ട പലരും മനസ്സാ സംശയം പ്രകടിപ്പിച്ചു.

ഇവരിലും രാജാവിന്‌ കുഞ്ഞുങ്ങളുണ്ടാവാന്‍ പോകുന്നില്ല.
പ്രവചനം പോലെ കുഞ്ഞിക്കാലുകാണല്‍ സ്വപ്നത്തില്‍ മാത്രമായി.

ആയിടയാണ്‌ ഒരു വികലാംഗന്‍ സന്യാസി രാജകൊട്ടാരത്തില്‍ രാജാവിനെ മുഖം കാണിക്കാനെത്തിയത്‌.

പുതിയഭാര്യമാരുടെ സ്നേഹപ്രകടനങ്ങളിലും പരിചരണങ്ങളിലും സന്യാസി സന്തുഷ്ടനായി. അദ്ദേഹം അ���രോട്‌ ചോദിച്ചു.

"നിങ്ങള്‍ക്ക്‌ എന്തു വരമാണ്‌ നല്‍കേണ്ടത്‌" "സ്വാമിന്‍, രാജാവിന്റെയും പ്രജകളുടെയും ദു:ഖം അങ്ങേക്കറിയാവുന്നതല്ലേ? അതിനെന്താ പരിഹാരം"

സന്യാസി അവരെ വായുവില്‍ നിന്ന്‌ ഒരു മാങ്ങ കൈത്തലത്തിലേക്ക്‌ വരുത്തി, അവര്‍ക്കു നല്‍കി.

മാജിക്കുകാരുടെയും മറ്റും ഇത്തരം പ്രകടനം കൂട്ടുകാര്‍ക്ക്‌ മനസ്സില്‍ കാണാനാവുന്നില്ലേ, ഇപ്പോള്‍?

സന്യാസി തുടര്‍ ന്നു,

"നിങ്ങള്‍ ഈ മാങ്ങ കഴിച്ചോളൂ - നിങ്ങളുടെ ആഗ്രഹം സഫലമാകും"
സന്യാസി അനുഗ്രഹിച്ച്‌ യാത്രയായി.

മാങ്ങ രണ്ടായിപ്പകുത്ത്‌ സഹോദരിമാരായ ഭാര്യമാര്‍ കഴിച്ചു.

ഇപ്പോള്‍ നിങ്ങള്‍ ഏകലോചന എന്ന ആദ്യ രാജ്ഞിയെക്കുറിച്ച്‌ ഓര്‍ത്തില്ലേ? ഇവിടെ ഇളയരാജ്ഞിമാര്‍ മൂത്തരാജ്ഞിയെ ഓര്‍ത്തില്ല.

സന്യാസിയുടെ വരപ്രസാദത്തിലെ ആകാംക്ഷകാരണം വേഗം മാങ്ങ മുറിച്ചു തിന്നതാണ്‌ കാരണം.

ചിലപ്പോള്‍ അങ്ങിനയല്ലേ - നിങ്ങളും.

ഇഷ്ടപ്പെട്ട ആഹാര സാധനം കഴിച്ചു കഴിയുമ്പോള്‍ "ഛേ" അമ്മയ്ക്കും അച്ഛനും ഇത്തിരി കൊടുക്കാമായിരുന്നു എന്ന്‌ തോന്നാറില്ലേ? അതുപോലെ ഏകലോചന ഇതറിഞ്ഞ്‌ അവരെ കുറ്റപ്പെടുത്താനും രാജാവിനോട്‌ പരാതി പറയാനും പോകാതെ എന്തുചെയ്തുവെന്നോ?

ഇളയവര്‍ കഴിച്ചിട്ട്‌ മുറ്റത്തെറിഞ്ഞ മാങ്ങയുടെ അണ്ടി കണ്ടുപിടിച്ച്‌ അതുപൊട്ടിച്ച്‌ കഴിച്ചു.അധ്യായം രണ്ട്‌

മാസം പലതുകഴിഞ്ഞു. മൂവരും ഗര്‍ഭണികളായി -
പച്ച മാങ്ങാക്കൊതിമൂവര്‍ ക്കും ഉണ്ടായി.

കൊട്ടാര വളപ്പിലെ എത്രയോ മാങ്ങകള്‍ അവര്‍ ഉപ്പുകൂട്ടി തിന്നു.

ഈ സമയത്ത്‌ ഇത്തരം കൊതിയ്ക്ക്‌ "വ്യാക്കൂണ്‌" എന്നും പറയാറുള്ളത്‌ കൂട്ടുകാര്‍ക്ക്‌ അറിയുമോ?

എല്ലാ കഥയിലേതും പോലെ എല്ലായിടത്തും സംഭവിക്കും പോലെ മൂന്നുപേരും പ്രസവിച്ചു. മുതിര്‍ന്ന രാജ്ഞിയുടെ പ്രസവമാണ്‌ ആദ്യം നടന്നത്‌.

ഇരട്ട സഹോദരികളായ ഇളയ രാജ്ഞികളുടെ കുഞ്ഞുങ്ങള്‍ ഏകദേശം ഒരേ പോലെയുള��ള ശരീരപ്രകൃതിയായിരുന്നു.

പക്ഷേ ആദ്യം പ്രസവിച്ച കുട്ടിയുടെ മുതുകത്ത്‌ ആമത്തോട്‌ പോലെ എന്തോ പരുക്കന്‍ പദാര്‍ത്ഥം!

വൈദ്യന്മാര്‍ പലവട്ടം നിരീക്ഷിച്ചിട്ടും ഈ മനുഷ്യ ജീവിയുടെ മുതുക്‌ ഇങ്ങിനെയായതിന്റെ കാരണം മനസ്സിലായില്ല.

ഏകലോചന എന്ന മുതിര്‍ന്ന രജ്ഞിയോട്‌ അന്വേഷിച്ചപ്പോള്‍ ആ രഹസ്യം പുറത്തുവന്നു.
താന്‍ ആരും കാണാതെ മാങ്ങയണ്ടി ഭക്ഷിച്ച കാര്യം -

മാങ്ങയണ്ടിയുടെ പുറത്തെ തോടിന്റെ കട്ടിയിലുള്ള ഒരു ഷെല്‍ മുതുകത്ത്‌ ധരിച്ച വിരൂപിയായ കുഞ്ഞ്‌ മറ്റു രണ്ടു കുട്ടികളോടൊപ്പം സാധാരണപോലെ വളര്‍ ന്നു.

വളര്‍ന്ന്‌ വരുമ്പോഴേയ്ക്കും ഇളയവര്‍ രണ്ടും തേജസ്വികളായ കുമാരന്മാര്‍ ആയെന്ന്‌ സാധാരണ കഥയില്‍ പറയും പോലെ ആയിരുന്നില്ല.

വിരൂപിയായ രാജകുമാരന്‌ അപകര്‍ഷതാബോധം തോന്നി എന്ന്‌ കൂട്ടുകാര്‍ കരുതുന്നുണ്ടെങ്കില്‍ തെറ്റി. തന്റെ വൈരൂപ്യം ശരീരത്തിന്റെ വൈശിഷ്ട്യമായി കണ്ട്‌ ഈശ്വരനെ സ്തുതിക്കുന്നത്‌ പതിവാക്കിയിരുന്നു ആ കുമാരന്‍.

മറ്റു കുട്ടികളോടൊത്ത്‌ കളിക്കുമ്പോഴും മുതുകത്തെ തോട്‌ പ്രശ്നമാകുമ്പോഴും സര്‍വവും സഹിച്ച്‌ കുമാരന്‍ ദൈവത്തെ പ്രാര്‍ത്ഥിച്ചു.

വളരും തോറും വൈരൂപ്യം ഏറിവരുന്നു. ഇത്‌ കണ്ടുകൊണ്ടിരിക്കുന്ന ഏകലോചനയുടെ കണ്ണ്‌ പലപ്പോഴും നിറഞ്ഞു കവിയും.

ആമത്തൊണ്ടന്‍ എന്ന ഇരട്ടപേര്‌ കൂടെ കളിക്കുന്ന കുട്ടികള്‍ ഉറക്കെ വിളിക്കുമ്പോള്‍ മനസ്സ്‌ നോവുന്നത്‌ അമ്മയ്ക്കു മാത്രം.

ആമത്തൊണ്ടന്റെ രൂപം കൂട്ടുകാരേ നിങ്ങളുടെ മനസ്സിലെന്താണെന്ന്‌ ഊഹിക്കാനാവുന്നുണ്ട്‌. കുഞ്ഞിക്കൂനന്‍ എന്ന സിനിമയിലെ ദിലീപ്‌ അവതരിപ്പിച്ച കഥാപാത്രത്തെപ്പോലെ അല്ലേ? മുതുകത്ത്‌ ഭാരം കയറ്റിവച്ച ആമയെപ്പോലെ പതുക്കെ പതുക്കെ നീങ്ങുന്ന നമ്മുടെ കഥപാത്രത്തെ നമുക്ക്‌ അങ്ങിനെ വിടാം.

അധ്യായം മൂന്ന്‌

ഈശ്വരനെ കഠിനമായി പ്രാര്‍ത്ഥിച്ച ആമതൊണ്��ന്റെ മുന്നില്‍ ഒരു നാള്‍ ഈശ്വരന്‍ പ്രത്യക്ഷപ്പെട്ടു.

വ്രതം കൊണ്ട്‌ മെലിഞ്ഞ
വൃശ്ചിക നിലാവിന്‌
വെറുതെയാവുമോ ധ്യാനം
എന്നൊരു ഗാനം പശ്ചാത്തലത്തില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

(എന്തേ ഇങ്ങിനെ ഒരു ഗാനം പശ്ചാത്തലത്തില്‍ എന്ന്‌ കൂട്ടുകാര്‍ അത്ഭുതപ്പെടുന്നുണ്ടാവും. വടക്കന്‍ പാട്ടുകളുടെ ഉദയാ സിനിമയോ, പുരാണ സിനിമകളുടെ നീല പ്രൊഡക്ഷന്‍സ്‌ സിനിമയോ കാണാത്തതുകൊണ്ടാണ്‌ നിങ്ങള്‍ക്കീ സംശയം-"മള്‍ട്ടി ടാസ്കിംഗ്‌" എന്ന പദം പറയുമ്പോള്‍ കമ്പ്യൂട്ടര്‍ ജ്ഞാനികളായ നിങ്ങള്‍ക്ക്‌ മനസ്സിലാവും- കമ്പ്യൂട്ടറില്‍ പാട്ടുകേട്ടുകൊണ്ട്‌ പ്രോഗ്രാമിംഗ്‌ ചെയ്യുന്നതു പോലൊരു സുഖം.)

ഈശ്വരന്‍ അരുളിചെയ്തു -

"കുമാരാ, നിന്റെ പ്രാര്‍ത്ഥന എന്റെ ഉള്ളില്‍ സന്തോഷം നിറക്കുന്നു .
"നിനക്ക്‌ എന്തു വരമാണ്‌ വേണ്ടത്‌ " -

"സ്വാഭാവികമായും എന്റെ
മുതുകത്തെ ആമത്തോട്‌ മാറിക്കിട്ടണം".

കുമാരന്‌ അതിനുള്ള മന്ത്രം പറഞ്ഞു കൊടുത്തുകൊണ്ട്‌ ഈശ്വരന്‍ പറഞ്ഞു.
"നീ ഈ മന്ത്രം ചൊല്ലുമ്പോള്‍ നിന്റെ
ഈ പുറന്തോട്‌ ഇളകിമാറും -
നീ സുന്ദര പുരുഷനായി ഭവിക്കും - "
ഈ പ്രക്രിയ നീ ആരും കാണാതെയാവണം ചെയ്യേണ്ടത്‌. ആരോടും ഇതിന്റെ രഹസ്യം വിവരിക്കയുമരുത്‌ -
അങ്ങിനെയെന്തെങ്കിലും സംഭവിച്ചാല്‍ നിന്റെ ഈ വരം അസഫലമാവുകയും ചെയ്യും
- ഈ അത്ഭുത വിദ്യ പരീക്ഷിച്ചു നോക്കിയ കുമാരന്‍ അതീവ സന്തുഷ്ടനായി.
തിരിച്ച്‌ ആമത്തോടണിഞ്ഞ്‌ കൊട്ടാരത്തി ലേക്ക്‌ യാത്രയായി.

അധ്യായം നാല്‌

പൂര്‍ണത്രയീ നദീ തീരത്ത്‌ നില്‍ക്കുമ്പോഴാണ്‌ രാജകുമാരന്‍ തന്റെ രൂപം പ്രതിബിംബമായി കണ്ടത്‌.

സുന്ദര രൂപം ജലോപരിതലത്തില്‍ ദര്‍ശിച്ച അയാള്‍ക്ക്‌ അപ്പോഴാണ്‌ ഒരു കാര്യം ഓര്‍മ്മ വന്നത്‌.

ഈ പുതിയ രൂപം നേരത്തെ കിട്ടിയിരുന്നെങ്കില്‍ ആയോധന കാലം കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കാമായിരുന്നു.

അസ്ത്ര ശസ്ത���ര പ്രയോഗങ്ങളില്‍ നൈപുണ്യം നേടാന്‍ തന്റെ മുതുകത്തെ അന്യപദാര്‍ത്ഥം എത്രത്തോളം തടസ്സം ഉണ്ടാക്കിയിരിക്കുന്നു.

തന്റെ രൂപം മാറാന്‍ ഇപ്പോള്‍ അവസരം കൈവന്നിരിക്കുന്നു.

ഇനി ഈശ്വരനെ കാണുമ്പോള്‍ ഇക്കാര്യം കൂടി പറഞ്ഞു നോക്കാം.

ആമത്തൊണ്ടന്‍ പ്രാര്‍ത്ഥനയും ഈശ്വര വിശ്വാസവും കൈവിട്ടില്ല.

പിന്നൊരിക്കല്‍ ദൈവം പ്രത്യക്ഷനായി. ഇത്തവണ പശ്ചാത്തല സംഗീതം വ്യത്യസ്തമായിരുന്നു.

"പൊന്നലയില്‍ അമ്മാനമാടി
എന്‍ തോണി അങ്ങേക്കരേ പോയി വാ" ദൈവം പറഞ്ഞു - "നിന്റെ മനപ്രയാസം എനിക്ക്‌ മനസ്സിലാവുന്നു.

ഒരു യുവരാജാവിന്‌ വേണ്ട ആയുധാഭ്യാസവും ചുറുചുറുക്കും വേണ്ടതെല്ലാം നിന്റെ നല്ല പ്രായത്തില്‍ നിനക്ക്‌ കിട്ടിയില്ല.

പക്ഷേ നിന്റെ കാര്യത്തില്‍ നീ അജയനാകാന്‍ ഞാന്‍ നിനക്ക്‌ മൂന്നു കുറുക്കു വഴികള്‍ നല്‍കാം.�

അതെന്ത്‌ എന്ന്‌ അതിശയിച്ചു നിന്ന ആമത്തൊണ്ടന്റെ മുന്നില്‍ ദൈവം പഴയ മാജിക്ക്‌ കാരനെപ്പോലെ ആകാശത്ത്‌ വരച്ച വൃത്തത്തില്‍ നിന്ന്‌ ഒരു ദണ്ഡും ഒരു പായയും ഒരു അമ്പും പ്രത്യക്ഷപ്പെടുത്തി.

ഈ പായയില്‍ നീ കിടന്നാല്‍ നിന്റെ ആഗ്രഹത്തിനനുസരിച്ച്‌ ഏതു സ്ഥലത്ത്‌ എത്തിക്കാനും ഈ പായയ്ക്കാവും.

പിന്നെ ഈ ദണ്ഡ്‌ - ശത്രുക്കളെ ആക്രമിക്കാന്‍, നിന്റെ സ്വയരക്ഷയ്ക്കും മറ്റും.

നീ കറക്കി വിടുന്ന വടി അടിയ്ക്കേണ്ടയാളെ, ആളുകളെ വലിയ സൈന്യത്തെ വരെ അടിച്ചു നിലം പരിശാക്കികളയും.

മൂന്നാമത്‌ ഒരു അമ്പ്‌ -

ഇതുപയോഗിച്ചാല്‍ ഏതു ജീവിയുടേയും ജീവനെടുക്കാം - പക്ഷേ ഇത്‌ ഉപയോഗിക്കുമ്പോള്‍ ഹിംസ എത്ര പാപമാണെന്നുകൂടിയോര്‍ക്കണം.

വളരെ സന്തോഷത്തോടെ
ദൈവത്തെ വണങ്ങി മൂന്ന്‌ വസ്തുക്കളും അവന്‍ സ്വന്തമാക്കി.

എപ്പോഴെങ്കിലും ഉപകരിക്കുമല്ലോ എന്നോര്‍ത്ത്‌ അവ തന്റെ സ്വകാര്യ ശേഖരത്തില്‍ അവന്‍ സൂക്ഷിച്ചു വച്ചു.അദ്ധ്യായം അഞ്ച്‌

ഛത്രപതി രാജാവ്‌ വൃദ്ധനാവുമ്പോള്‍ ��ന്റെ മക്കളെ ഓര്‍ത്തു ദു:ഖിച്ചു.

മൂന്ന്‌ പേരില്‍ മൂത്തയാള്‍ വേഗം നടക്കാന്‍ പോലും ആകാത്തവന്‍.
ഇളയവര്‍ രണ്ടുപേരും മേലനങ്ങാത്ത സുഖിയന്മാരും.
തന്റെ കാലശേഷം ആര്‍ക്ക്‌ രാജഭരണം നല്‍കും?
യുവരാജാവായി തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യത തെളിയിക്കപ്പെടേണ്ടതല്ലേ?
രാജാവ്‌ മന്ത്രിമാരോടും മറ്റും ആലോചന തുടങ്ങി.

രാജാക്കന്മാരുടെ പ്രധാന വിനോദമാണല്ലോ വേട്ട അഥവാ നായാട്ട്‌.

മൃഗയാ വിനോദം എന്നും ഒരു പേരുണ്ട്‌. ഇന്നത്തെ കാലത്താണ്‌ ഇതു നടന്നതെങ്കിലോ? മൃഗസംരക്ഷണ വകുപ്പ്‌ ജയിലിലടയ്ക്കപ്പെടുന്നവരില്‍ പ്രമുഖര്‍ അവരാകുമായിരുന്നു.

പുലിനഖവും പുലിത്തോലും മാന്‍ തലകളും നായാട്ടിന്റെ ബാക്കിയായി കൊട്ടാരങ്ങളിലെ ഷോക്കേസുകളില്‍ ഉള്ളത്‌ നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ.

ഹിംസയുടെ രൂപമായ നായാട്ടില്‍ സല്‍മാന്‍ ഖാന്‍ എന്ന ഹിന്ദി നടന്‍ ശിക്ഷിക്കപ്പെട്ടതും കൂട്ടുകാര്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും മാന്‍ വേട്ട നടത്തിയതിന്‌ അയാള്‍ പിടിയ്ക്കപ്പെട്ട വാര്‍ത്ത.

നമ്മുടെ കഥയില്‍ രാജാവ്‌ മൂന്ന്‌ മക്കളും നായാട്ടില്‍ അവര്‍ എത്ര കേമന്മാരായിരിയ്ക്കുന്നു എന്ന്‌ അറിയാനാഗ്രഹിച്ചു.

മൂവരും മൂന്ന്‌ ദിശകളിലേക്ക്‌,
വനത്തിന്റെ അന്തര്‍ഭാഗത്തേക്ക്‌,
നീങ്ങി.

ഇളയവരുടെ ഉന്നം പിഴക്കുകയോ മുന്നില്‍ചെറുജീവികള്‍ മാത്രം വന്നുപെടുകയോ ചെയ്തു. അവര്‍ക്ക്‌ കിട്ടിയതും ചെറിയ മുയലുകള്‍, കാടക്കോഴികള്‍, "സരിഗമ"മാന്‍ എന്ന്‌ പേരായ ചെറിയ മാനുകള്‍ തുടങ്ങിയവ.

നമ്മുടെ ആമത്തൊണ്ടന്‌ ദൈവം അനുഗ്രഹിച്ചു തന്ന മാന്ത്രിക വസ്തുക്കളുടെയും പുറത്തെ തോടിന്റെ ഭാരം മാറ്റിവച്ച്‌ യുവസുന്ദരനാകാനുള്ള മന്ത്രത്തിന്റെയും ഓര്‍മ്മ വന്നു.

ഭീകര ജീവികളുടെ മേലുള്ള നായാട്ട്‌ കുമാരന്‌ ആഘോഷിക്കാമായിരുന്നു.
ഒന്നും ചെയ്തില്ല എന്നു പറഞ്ഞു കൂടാ, വേഷം മാറുന്ന മന്ത്രം മാത്രം ഉ���യോഗിച്ചു. സ്വയം ഭംഗി കണ്ടു രസിച്ചു - പൂര്‍ണ്ണത്രയീ നദിക്കരയിലിരുന്നു.

ഇളയവര്‍ വലിയ മൃഗങ്ങളെ കിട്ടാതെ ദു:ഖിച്ച്‌ ഇരിക്കുമ്പോള്‍, ആമത്തൊണ്ടന്‍ തേജസ്വീ രൂപം പൂണ്ട്‌ അവരുടെ മുന്നിലെത്തി.
പ്രകാശം പരത്തുന്ന ഒരു പുരുഷരൂപത്തെ കണ്ട്‌ യുവരാജാക്കന്മാര്‍ അത്ഭുതം കൂറി.

"അങ്ങാരാണ്‌?"

- രണ്ടുപേരും ഒന്നിച്ചു ചോദിച്ചു.
മറുപടി പറയാതെ സുന്ദരകുമാരന്‍ പറഞ്ഞു - �നിങ്ങളുടെ ദു:ഖം എനിക്ക്‌ മനസ്സിലാവുന്നുണ്ട്‌ - വേട്ടയാടിക്കിട്ടിയ ചെറിയ പക്ഷികളെയും മൃഗങ്ങളെയും കൊണ്ടുപോയാല്‍ കൊട്ടാരത്തിലുണ്ടാവുന്ന നാണക്കേടല്ലേ ദു:ഖ കാരണം?"

"അതിന്‌ വഴിയുണ്ട്‌"

തന്റെ മാന്ത്രികാസ്ത്രം പ്രയോഗിച്ച്‌ സുന്ദരകുമാരന്‍ അവര്‍ക്ക്‌ വേണ്ടുവോളം വന്‍ മൃഗങ്ങളെ കൊന്ന്‌ ചൂടുമാറാതെ മുന്നിലിട്ടുകൊടുത്തു.

അവര്‍ സന്തുഷ്ടരായി കുമാരന്‌ നന്ദിയും പറഞ്ഞ്‌ കാട്‌ വിട്ടു നാട്ടിലേക്ക്‌ യാത്രയായി.

ആമത്തൊണ്ടന്‍ തന്റെ പഴയ രൂപം കൈവരിച്ച്‌ താന്‍ തന്റെ നിലവിലുള്ള ആരോഗ്യം കൊണ്ട്‌ പിടികൂടിയ ചെറിയ മൃഗങ്ങളെയും തൂക്കി കൊട്ടാരത്തിലേക്ക്‌ വച്ചു പിടിച്ചു.

അപ്പോഴാണ്‌ പായയുടെ കാര്യം ഓര്‍ത്തത്‌.

പായയുടെ മേല്‍ കിടന്ന്‌ "കൊട്ടാരത്തില്‍ പോകട്ടെ" എന്ന്‌ പറഞ്ഞതും പായ പുഷ്പക വിമാനം പോലെ പറന്നുയര്‍ന്നു.

ഇളയകുമാരന്മാര്‍ എത്തിയതിന്‌ മുന്നേ എത്തുകയും ചെയ്തു.

ഇളയ രണ്ടുപേരുടെയും വേട്ടമൃഗങ്ങളെ കണ്ട രാജാവ്‌ അതീവസന്തുഷ്ടനായി. പ്രശംസാ വചനങ്ങളേറ്റു വാങ്ങിയ ഇളയ രണ്ടു പേരും കാട്ടില്‍ വച്ച്‌ കണ്ട തേജസ്വിയുടെ കാര്യം പുറത്തു പറഞ്ഞില്ല.

ആമത്തൊണ്ടന്റെ പ്രകടനത്തില്‍ കൊട്ടാര വാസികളും രാജാവും സഹതാപം പ്രകടിപ്പിച്ചു.

മൂന്ന്‌ പേരുടെയും നായാട്ടു സാമര്‍ത്ഥ്യത്തില്‍ സന്തോഷം തോന്നിയ രാജാവ്‌ മൂന്നു പേര്‍ക്കും ആശംസകള്‍ നേര്‍ന്നു.

വിവാഹ പ്രായം എത്തിയ മൂവരുടെയും കല്യാണാല��ചനകള്‍ക്കായി എല്ലാ രാജ്യത്തിലേക്കും രാജകുമാരിമാരെ അന്വേഷിക്കാന്‍ ഏര്‍പ്പാടാക്കി.

ആമത്തൊണ്ടന്റെ രൂപം പെണ്‍ വീട്ടുകാരെ അറിയിയ്ക്കാതെ വിവാഹം നിശ്ചയിക്കാന്‍ കൊട്ടാരം മന്ത്രി രാജാവിനെ ഉപദേശിച്ചു.

സുന്ദരികളായ മൂന്ന്‌ പെണ്‍കുട്ടികളെ കണ്ടു പിടിച്ചു.

വിവാഹ മുഹൂര്‍ത്തത്തില്‍ മാത്രമാണ്‌ വേദിയിലിരിക്കുന്ന മൂന്ന്‌ രാജകുമാരന്മാരെയും പെണ്‍ കുട്ടികള്‍ കണ്ടത്‌.

തന്റെ മുതുകിലെ ഭാരം രാജവസ്ത്രങ്ങളാല്‍ അലങ്കരിച്ചതിനാല്‍ ആമത്തൊണ്ടനും സുന്ദരനായി തോന്നപ്പെട്ടു. മുഖം വഴി തൂങ്ങിക്കിടക്കുന്ന മുല്ലപ്പൂ മാലകള്‍ വരന്റേയും വധുവിന്റേയും കാഴ്ച തടസ്സപ്പെടുത്തുന്ന ഉത്തരേന്ത്യന്‍ കല്യാണം ഓര്‍ ക്കുക. പെണ്‍കുട്ടി തന്റെ ചെക്കന്‍ സുന്ദരനായിരിക്കുമെന്ന്‌ ഊഹിച്ചു.

മൂന്ന്‌ താലികെട്ട്‌ ഒരേ മുഹൂര്‍ത്തത്തില്‍ തന്നെ നടന്നു.

ആമത്തൊണ്ടനെ വിവാഹം കഴിച്ച പെണ്‍ കുട്ടിയുടെ വീട്ടുകാരോട്‌ മാത്രം അയാളുടെ വികൃതരൂപത്തെക്കുറിച്ച്‌ അവസാനഘട്ടത്തില്‍ പറഞ്ഞു.

പെണ്‍ കുട്ടി മാത്രം ഇത്‌ അറിയരുതെന്ന്‌ ചട്ടം കെട്ടിയിരുന്നു.

വിവാഹ രാത്രിയില്‍ അവള്‍ സ്വയം അറിഞ്ഞു കൊള്ളട്ടെ - വീട്ടുകാര്‍ക്ക്‌ മകള്‍ രാജകൊട്ടാരത്തില്‍ വധു ആയി ചെന്നു ചേര്‍ന്നതിലാണ്‌ സന്തോഷം.

പണ്ടും ഇപ്പോഴും പെണ്‍ കുട്ടികളുടെ ആശയും അഭിലാഷവും വിവാഹ നിശ്ചയ സമയത്ത്‌ ആരും തന്നെ ചിന്താവിഷയമാ ക്കാറില്ലല്ലോ -

വിവാഹ ചടങ്ങുകള്‍ വേഗം തീര്‍ന്നു.

കുമാരിമാരെ കൊട്ടാരത്തിലെ സ്ത്രീകള്‍ വന്ന്‌ അന്ത:പുരങ്ങളിലേക്ക്‌ കൊണ്ടുപോയി.

ആദ്യ രാത്രിയില്‍ ആമത്തൊണ്ടന്റെ മുറിയില്‍ നടന്നതെന്തെന്നറിയാന്‍ ആകാംഷയുണ്ടല്ലേ?

പക്ഷേ നിങ്ങള്‍ മിടുക്കന്മാരും മിടുക്കികളുമാണ്‌ കൂട്ടുകാരുടെ മനസ്സില്‍ ആമത്തൊണ്ടന്‍ മന്ത്രം ഉപയോഗിച്ച്‌ സുന്ദര പുരുഷനാകും എന്ന ചിന്തയല്ലേ ഇപ്പോള്‍?

വളരെ ശരിയാണ്‌.

ഇത്രയും സുന്ദരനായ ചെറുപ്പക്കാരനെ ആ പെണ്‍കുട്ടി അന്നേ വരെ കണ്ടിട്ടേയില്ലാ യിരുന്നു.
കുമാരന്മാരും കുമാരിമാരും സന്തോഷത്തോടെ കഴിഞ്ഞു.

ആമത്തൊണ്ടന്റെ ഭാര്യയുടെ പേര്‌ പറഞ്ഞില്ല. നിങ്ങള്‍ ഒരു പേര്‌ പറഞ്ഞു നോക്കൂ - ആ പേരിടാം - "കണ്ണമ്മ" നല്ല പേരല്ലേ? അതുതന്നെ ആമത്തൊണ്ടന്റെ ആര്യ പുത്രിയുടെ പേര്‌.


അദ്ധ്യായം ആറ്‌

പിറ്റേ ദിവസം രാജ്യത്തിന്‌ ഒരു അശുഭമാണ്‌ ശ്രവിക്കാനാണ്‌ ദുര്യോഗം ഉണ്ടായത്‌.
അയല്‍ രാജ്യത്തിന്റെ പട്ടാളക്കാര്‍ അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങി എന്നായിരുന്നു വാര്‍ത്ത.
അതിര്‍ത്തി പ്രദേശത്ത്‌ ശതപത്രികാരാജ്യത്തിന്റെ യോദ്ധാക്കള്‍ വീരചരമം പ്രാപിക്കുന്നു എന്ന ദു:ഖകരമായ അവസ്ഥ രാജാവിനെ സങ്കടത്തിലാക്കി.

അടിയന്തിരമായി രാജാവ്‌ മന്ത്രിമാരെയും ഇളയ രണ്ടു മക്കളെയും വിളിച്ചു വരുത്തി.
ആമത്തൊണ്ടനെ വിളിച്ചിട്ട്‌ എന്താകാര്യം?

കാര്യങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്തു ചില തീരുമാനങ്ങളിലെത്തി. വേഗം അതിര്‍ത്തിയിലേക്ക്‌ പുറപ്പെടുക.

ഇളയ രാജകുമാരന്മാര്‍ തങ്ങളുടെ കുതിരകളെ ഓടിച്ച്‌ യുദ്ധത്തിന്‌ തയ്യാറായി.

ആമത്തൊണ്ടന്‍ കണ്ണമ്മയില്‍ നിന്നാണ്‌ വിവരം അറിഞ്ഞത്‌. അവള്‍ സുന്ദരപുരുഷ രൂപം പൂണ്ട ആമത്തൊണ്ടനെ മാത്രമല്ലേ കണ്ടിട്ടുള്ളൂ.

രാജാവ്‌ തന്റെ ഭര്‍ത്താവിനെ കുറച്ച്‌ കാണിക്കുന്ന രീതിയില്‍ പെരുമാറിയതില്‍ അസ്വസ്ഥയായി കണ്ണമ്മ. കണ്ണമ്മ കുമാരനോട്‌ പരിഭവം പറഞ്ഞു.

"എന്നാലും ആര്യപുത്രനെ രാജാവ്‌ യുദ്ധ വാര്‍ത്ത അറിയിച്ചില്ലല്ലോ?"
മൂത്തയാള്‍ അടുത്ത രാജാവാകുന്നതല്ലേ പതിവ്‌?

ആമത്തൊണ്ടന്‍ ഒന്നും പറഞ്ഞില്ല. പകരം കണ്ണമ്മയുടെ കൈ എടുത്ത്‌ ചുണ്ടോട്‌ ചേര്‍ത്ത്‌ ഒരു ചുമ്പനം നല്‍കി.

എന്നിട്ട്‌ പറഞ്ഞു.

"ഞാനും യുദ്ധ സ്ഥലത്തേക്ക്‌ പോകുന്നു. നീ വീര കുങ്കുമം ചാര്‍ത്തി എന്നെ യാത്രയാക്കുക".

കൂട്ടുകാര്‍ക്കറിയില്ലേ? രജപുത്രരാജാക്കന്മാരുടെ കഥയിലെ വീരന്മാരുടെ ഭാര്യമാര്‍ സിന്ദൂരം കൊണ്ട്‌ വീര തിലകം ചാര്‍ത്തുന്ന രംഗങ്ങള്‍?

"ആര്യപുത്രാ, ജയിച്ചു വരൂ" - തിരിച്ചു വരുമ്പോള്‍ താലപ്പൊലിയും നിലിവിളക്കുമായി ഞാന്‍ കാത്തിരിക്കും - നിറഞ്ഞ ഉപവാസത്തോടെ.

തന്റെ "പറക്കും പായ" നിവര്‍ത്തി വച്ച്‌ അതില്‍ കയറിയിരുന്ന്‌ ആമത്തൊണ്ടന്‍ അതിര്‍ത്തിയിലേക്ക്‌ യാത്രയായി. കണ്ണമ്മയുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. ഈശ്വരന്‍ എല്ലാ അനുഗ്രഹങ്ങളും എന്റെ ഭര്‍ത്താവിന്‌ നല്‍കണേ എന്ന്‌ ആ പതിവ്രത പ്രാര്‍ത്ഥിച്ചു.

ഈശ്വരന്‍ അയാള്‍ക്ക്‌ നേരത്തെ ചില അനുഗ്രഹങ്ങള്‍ നല്‍കിയിരുന്നുവല്ലോ -

യുദ്ധം തകൃതിയായി നടക്കുകയാണ്‌. ഇളയ രാജകുമാരന്മാര്‍ എതിര്‍ രാജ്യത്തെ പോരാളികളില്‍ നിന്ന്‌ തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന സമയം - തേജസ്വിയായ ഒരു കുമാരന്‍ അവരെ സഹായിക്കാനെത്തുന്നത്‌. ഇതെ കുമാരന്‍ തന്നെയല്ലേ തങ്ങളുടെ പള്ളി വേട്ടയില്‍ സഹായിച്ചത്‌. വലിയ മൃഗങ്ങളെ കൊന്നു തന്ന്‌ അച്ഛന്‍ രാജാവിന്റെ മുമ്പില്‍ കേമന്മാരാകാന്‍ സഹായിച്ചത്‌ -

ഇത്തവണയും നമ്മള്‍ രക്ഷപ്പെട്ടു.

ആമത്തൊണ്ടന്‍ തന്റെ സ്വകാര്യ അത്ഭുത സ്വത്തുക്കളായ അമ്പും ദണ്ഡും പ്രയോഗിച്ച്‌ എതിര്‍ രാജ്യത്തെ തുരത്തുക തന്നെ ചെയ്തു.

തലങ്ങും വിലങ്ങും അടികൊണ്ട പോരാളികള്‍ ഓടുന്നതു കാണാന്‍ നിങ്ങള്‍ക്കാവും -
ഫാസ്റ്റ്‌ ഫോര്‍വേഡില്‍ ദൃശ്യങ്ങള്‍ ചലിക്കുന്നതുപോലെ - ബാക്‌ ഗ്രൗണ്ടിലെ ശബ്ദം കാസ്സറ്റ്‌ കുരുങ്ങി ടേപ്‌ റെക്കാര്‍ഡര്‍ പാടുന്നതുപോലെയും -

ഇപ്പോള്‍ ശത്രുക്കള്‍ ഓടിയ ദൃശ്യവും ശബ്ദവും കൂട്ടുകാര്‍ക്ക്‌ അനുഭവിക്കാനായില്ലേ?

ഇതിലും കൃത്യമായി യുദ്ധരംഗത്തിന്റെ ക്ലൈമാക്സ്‌ എഴുതി ഫലിപ്പിക്കാനാവില്ല.അധ്യായം ഏഴ്‌

എതിര്‍ രാജ്യത്തെ തോല്‍പിച്ച്‌ തുന്നം പാടിച്ച്‌ ശതപത്രികാ രാജ്യത്തെ പോരാളികള���‍ സ്വന്തം രാജ്യത്ത്‌ തിരിച്ചെത്തി.

ഇളയ രാജകുമാരന്മാര്‍ രണ്ടുപേരും കുതിരപ്പുറത്ത്‌ വിജയശ്രീലാളിതരായി വരുന്ന രംഗം കണ്ട്‌ രാജാവ്‌ കോരിത്തരിച്ചു.

ജനങ്ങളുടെ വക ഗംഭീര സ്വീകരണം. ഓരോ ഗ്രാമത്തില്‍ നിന്നും ഏറ്റു വാങ്ങി കൊണ്ടായിരുന്നു വരവ്‌. രാജാവ്‌ തന്റെ ഇളയമക്കളെ പറ്റി അഭിമാനം കൊണ്ട്‌ നടന്നു. അപ്പോള്‍ ഗ്രാമത്തിലും നഗരത്തിലും യുദ്ധത്തിന്റെ വിജയ രഹസ്യത്തെക്കുറിച്ച്‌ മറ്റൊരു കഥ പ്രചരിക്കുകയായിരുന്നു. ഏതോ മാന്ത്രിക ശക്തിയുള്ള ഒരു യുവാവ്‌ ശതപത്രികാരാജ്യത്തെ സഹായിക്കനെത്തിയിരുന്നു എന്ന വിവരം രാജാവിന്റെ ചെവിയിലും എത്തി. കുമാരന്മാരെ വിളിച്ച്‌ ചോദ്യം ചെയ്തപ്പോള്‍ അവര്‍ ഈ വിവരം സമ്മതിച്ചു. പക്ഷേ അവര്‍ക്കും ആ യുവാവിന്റെ പേരോ ഊരോ നേരോ അറിയില്ല. തങ്ങള്‍ ചോദിച്ചിട്ടും അദ്ദേഹം ഒന്നു ചിരിച്ചതല്ലാതെ മറുപടി തന്നില്ല എന്ന്‌ അവര്‍ അച്ഛന്‍ രാജാവിനെ ധരിപ്പിച്ചു. ആ യുവാവിനെക്കുറിച്ച്‌ കൂടുതല്‍ അറിയുവാനായി രാജാവ്‌ പ്രജകളില്‍ ചിലരേയും സൈനികരേയും ചട്ടം കെട്ടി. അപ്പോഴാണ്‌ രാജാവിന്‌ പള്ളിവേട്ട സമയത്ത്‌ ഇളയ കുമാരന്മാര്‍ക്ക്‌ വന്യ മൃഗങ്ങളെ കൊന്ന്‌ സഹായിച്ച വ്യക്തിയും ഇയാളാണെന്ന്‌ അറിഞ്ഞത്‌. ഈ വിവരം ഇത്രയും നാള്‍ തന്നില്‍ നിന്ന്‌ മറച്ചുവച്ചതിന്‌ രാജാവ്‌ അനിയന്‍ കുമാരന്മാരെ വഴക്കുപറഞ്ഞു. അപ്പോള്‍ അവരെക്കുറിച്ചുണ്ടായിരുന്ന തന്റെ ധാരണകളെല്ലാം അബദ്ധങ്ങളായിരുന്നെന്ന്‌ രാജാവിന്‍ തോന്നി. വിശ്വാസ വഞ്ചകര്‍ ആകാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. ഈ സമയമൊക്കയും ആമത്തൊണ്ടന്‍ എന്തെടുക്കുകയായിരിക്കാം - അന്ത:പുരത്തില്‍ തന്റെ കണ്ണമ്മയുടെ മുന്നില്‍ ആമത്തൊണ്ടന്‍ സുന്ദരപുരുഷനായിതന്നെ എങ്ങിനെ കഴിയാനായി? അതിന്‌ അവന്‍ ഒരു വഴി കണ്ടുപിടിച്ചിരുന്നു.അധ്യായം എട്ട്‌

അന്ത:പുരത്തില്‍ ആമത്തൊണ്ടന്‍ രാത്രിയിലേ എത��തൂ-കണ്ണമ്മയുടെ മുന്നില്‍ എപ്പോഴും സുന്ദരനായി വരാന്‍ അയാള്‍ ശ്രദ്ധ വയ്ക്കും രാവിലെ പ്രാതലും കഴിച്ച്‌ രാജ്യകാര്യങ്ങള്‍ നോക്കാനെന്ന നാട്യത്തില്‍ ഇറങ്ങിപ്പോകും. പിന്നെ കണ്ണമ്മയുടെ മുന്നില്‍ രാത്രി സുന്ദരയുവാവായി വന്നു കയറും. പകല്‍ അടുത്തെത്താറില്ലാത്ത തന്റെ ഭര്‍ത്താവിനെ കണ്ണമ്മ സംശയിച്ചതേയില്ല. അനിയന്‍ രാജകുമാരന്മാരെക്കുറിച്ച്‌ നാട്ടില്‍ പ്രചരിച്ച വാര്‍ത്ത കണ്ണമ്മയുടെ ചെവിയിലും എത്തി. അപ്പോള്‍ മുതല്‍ അവള്‍ക്ക്‌ ഒരു സംശയം- തന്റെ ബലിഷ്ഠനായ ഭര്‍ത്താവ്‌ യുദ്ധത്തിലും നായാട്ടിലും മറ്റുള്ളവരുടെ പിന്നിലായിപ്പോകുന്നതിന്റെ കാരണം എന്തായിരിക്കും? ഇത്‌ അന്വേഷിക്കാന്‍ തന്നെ തീരുമാനിച്ചു. ഇളയ കുമാരന്മാരില്‍ നിന്നാണ്‌ കണ്ണമ്മയ്ക്ക്‌ ആ ഞെട്ടിക്കുന്ന വാസ്തവം അറിയാന്‍ കഴിഞ്ഞത്‌. തന്റെ ഭര്‍ത്താവ്‌ യഥര്‍ത്ഥത്തില്‍ ആമത്തോട്‌ മുതുകില്‍ ധരിച്ച വിരൂപനാണെന്ന്‌ -

വിരൂപനായ വിമല്‍ കുമാറിന്റെ മുഖം മനസ്സില്‍ കണ്ട്‌ കൂട്ടുകാരും കണ്ണമ്മയുടെ മനസ്സ്‌ കണ്ടല്ലോ. അല്ലേ?

കണ്ണമ്മ ഒന്ന്‌ തീരുമാനിച്ചുറച്ചു. അതിരാവിലെ എഴുന്നേറ്റ്‌ തന്റെ ഭര്‍ത്താവ്‌ പോകുന്നതെവിടെ? അതറിയണം - അയാളറിയാതെ അയാളെ പിന്തുടരണം.


അധ്യായം ഒന്‍പത്‌

പതിവുപോലെ ആമത്തൊണ്ടന്‍ (ഇപ്പോള്‍ സുന്ദരന്‍) കണ്ണമ്മയെ ചേര്‍ത്തു പിടിച്ചു ചുംബിച്ച്‌ വൈകുന്നേരം കാണാമെന്ന്‌ പറഞ്ഞ്‌ പിരിഞ്ഞു. കണ്ണമ്മ അയാളറിയാതെ അയാളെ പിന്തുടര്‍ന്നു. കുമാരന്‍ നേരെ പോയത്‌ കൊട്ടാരത്തിലെ കുളത്തിലേയ്ക്കാണ്‌. കുളത്തിലേക്ക്‌ ഊളിയിട്ടിറങ്ങിയ കുമാരന്‍ അടിത്തട്ടിലെവിടെയോ ഒളിപ്പിച്ചുവച്ച ഒരു വസ്തുവുമായി പൊങ്ങി വന്നു. അത്‌ മുതുകത്തെ ആമത്തോടല്ലാതെ മേറ്റെന്താണ്‌? കണ്ണമ്മ ആദ്യാമായാണ്‌ ആ വസ്തുവിനെ കാണുന്നത്‌. അതെടുത്ത്‌ ധരിച്ച കുമാരന്‍ വികൃതരൂപിയായി ഭവിച്ചു. നടന്നു നീങ്ങാന്‍ ആ��യോ ഒച്ചോ മുന്നില്‍ എന്ന വേഗത മാത്രം. കണ്ണമ്മയുടെ കണ്ണില്‍ വെള്ളം നിറഞ്ഞു. കണ്ണുതുടച്ച്‌ അവള്‍ തിരിച്ച്‌ കൊട്ടാരത്തിലേക്ക്‌ മടങ്ങി. അവളുടെ മുഖം കണ്ടാല്‍ എന്തോ ഒന്ന്‌ തീരുമാനിച്ചുറച്ച ലക്ഷണമായിരുന്നു. ദൃഡനിശ്ചയം കണ്ണില്‍ നോക്കിയാലറിയാവുന്നത്‌ കൂട്ടുകാര്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

പതിവുപോലെ രാത്രിയിലെത്തിയ തന്റെ സുമുഖന്‍ ഭര്‍ത്താവിനെ പരിചരിച്ച്‌ ഉറക്കികിടത്തിയസഹധര്‍മ്മിണി ആ കൂരിരുട്ടില്‍ കുളപ്പടവിലേക്ക്‌ നടന്നു. വെള്ളത്തിലിറങ്ങി ആമത്തോട്‌ കണ്ടെടുത്തു എന്നു പറയേണ്ടതില്ലല്ലോ - എന്നിട്ട്‌ ആ തോട്‌ കത്തിച്ചു കളഞ്ഞു - ആരാരുമറിയാതെ. തിരിച്ച്‌ കട്ടിലില്‍ വന്ന്‌ കിടന്ന കണ്ണമ്മയുടെ ശരീരത്തിലേക്ക്‌ കൈ എടുത്തു വച്ച കുമാരന്‌ ചെറിയ തണുപ്പ്‌ തോന്നി. നനഞ്ഞ ശരീരത്തിന്റെ കുളിര്‍മ്മയില്‍ കുമാരനും കണ്ണമ്മയും നന്നായി ഉറങ്ങി.

രാവിലെ പതിവുപോലെ യാത്രപറഞ്ഞു പോയ കുമാരന്‌ കുളക്കടവില്‍ തന്റെ പുറന്തോട്‌ കാണാഞ്ഞ്‌ വേവലാതിപ്പെട്ട്‌ നിന്നപ്പോള്‍ ഈശ്വരന്‍ പ്രത്യക്ഷപ്പെട്ടു.

ഇത്തവണ യാതൊരു പശ്ചാത്തല ഗാനവും ഇല്ലാതെ.

അദ്ദേഹം പറഞ്ഞു - " കുമാരാ, നീ ഞാന്‍ പറഞ്ഞതൊക്കെ അക്ഷരം പ്രതി അനുസരിച്ചു. നീ അറിയാതെ നിന്റെ രഹസ്യം മറ്റൊരാള്‍ അറിഞ്ഞതിനാല്‍ നിനക്കിനി ആമത്തോട്‌ എന്ന ഭാരം ഏറ്റെടുക്കാതെ ഈ സുമുഖന്റെ വേഷം സ്ഥിരമായി ധരിയ്ക്കാം.

ഈ സമയം കണ്ണമ്മ രാജാവിന്റെ അടുക്കല്‍ തന്റെ കണ്ടുപിടിത്തം അറിയിയ്ക്കുകയായിരുന്നു.

ആശ്ചര്യ ചകിതനായ ഛത്രപതി രാജാവ്‌ തന്റെ മൂന്ന്‌ ഭാര്യമാരോടും ഒന്നിച്ച്‌ ആമത്തൊണ്ടന്റെ അടുക്കലേക്ക്‌ കുതിച്ചു.

അപ്പോള്‍ രാജാവിന്‌ മനസ്സിലായി-

തന്റെ ഇളയ മക്കളെ ആപത്ഘട്ടത്തില്‍ സഹായിച്ചത്‌ തന്റെ മൂത്ത മകനായിരുന്നെന്നും അതും യാതൊരു പ്രതിഫലേച്ഛയും കൂടാതെയായിരുന്നുവെന്നും രാജാവ്‌ ഓര്‍ത്തു.

വൈകാതെ ആമത്തൊണ���ടനെ യുവരാജാവായി അഭിഷേകം ചെയ്യേണ്ടത്‌ അച്ഛനായ തന്റെ കടമയാണെന്ന്‌ രാജാവ്‌ ഓര്‍ത്തു.

കഥകളെല്ലാം തീരും പോലെ ആമത്തൊണ്ടന്‍ രാജാവ്‌ കണ്ണമ്മ രാജ്ഞിയോടൊത്ത്‌ സസുഖം വാഴുന്ന വരി എഴുതാത്തതെന്തെന്ന്‌ കൂട്ടുകാര്‍ ഓര്‍ക്കുന്നുണ്ടാവും -

കഥ നിറുത്താന്‍ തുടങ്ങുമ്പോള്‍ കുറേ കഥാപാത്രങ്ങള്‍ "ഞങ്ങളെ എന്താ കഥയിലെടുക്കാഞ്ഞേ" എന്ന്‌ ചോദിച്ച്‌ ശല്യപ്പെടുത്തുന്നുണ്ട്‌.

ഇടം കൈകൊണ്ട്‌ അവരെ പുറത്ത്‌ തടഞ്ഞു നിര്‍ത്തി, ഞാന്‍ ആമത്തൊണ്ടനോട്‌ പറഞ്ഞു.

"നീ ഇവരുടെ കാര്യം കൂടി നോക്കണം രാജാവല്ലേ? അവര്‍ സിനിമ തീര്‍ന്നതു പോലെ എല്ലാം മനസ്സിലായി തിരിച്ചുപോകാനൊരുങ്ങുന്നു. കൊടുകൈ - അല്ല കൂപ്പുകൈ -


SocialTwist Tell-a-Friend
Related Stories: ശതപത്രികാ രാജ്യത്തെ ആമത്തൊണ്ടന്‍ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon