You are here: HOME » MAGAZINE »
മീരയുടെ കാര്യം
കൃഷ്ണകുമാര്‍ മാരാര്‍ Jayakeralam Malayalam News
Monday, 23 April 2012
കൃത്യം 176 കവറുകള്‍. കൈപ്പത്തി ഫണാകൃത്യയില്‍പിടിച്ച്‌ മീര അതെല്ലാമൊന്ന്‌ ചിക്കി. ബഡ്ഷീറ്റില്‍ കവറുകളെല്ലാം തെന്നിനിരന്നു. ചിലതില്‍നിന്ന്‌ ഉള്ളടക്കങ്ങള്‍ പുറത്തു ചാടി. എല്ലാ കവറുകളിലും ഗാന്ധിശിരസ്സുള്ള സ്റ്റാമ്പുകള്‍ ചിലതില്‍ ഒന്ന്‌, ചിലവയില്‍ രണ്ട്‌, ചിലതില്‍ മൂന്ന്‌. തപാല്‍വകുപ്പിന്റെ നിരക്കുവര്‍ദ്ധന അറിയുവാന്‍ ഈ കവറുകള്‍ സമാഹരിച്ചെടുത്ത്‌ പരിശോധിച്ചാല്‍ മതിയാകും.

"ഇതൊക്കെയിനിയും സൂക്ഷിച്ചു വക്കണോ".?

മീര ശശിയോട്‌ ചോദിച്ചു. ശശി ഒന്നും മിണ്ടിയില്ല.ഫൈബര്‍ചെയറിലിരുന്ന്‌ മേശയിലേക്ക്‌ കാലുകള്‍ ഉയര്‍ത്തി വച്ച്‌ ഓഫീസില്‍നിന്നും കൊണ്ടുവന്ന പ്രൂഫുകള്‍ നോക്കുകയാണ്‌ അയാള്‍ ഒരു എഫോറിന്‌ മൂന്ന്‌ രൂപ വച്ച്‌ കിട്ടും. ജോലിയില്‍ ശ്രദ്ധിച്ചിരിക്കുന്നതിനേക്കാള്‍ അയാള്‍ ഒരു ചെവികേള്‍ക്കാത്തവനെപ്പോലെയാണ്‌ മീരക്കു തോന്നിയത്‌

മീര വീണ്ടും കവറുകള്‍ക്കുി‍ടയിലേക്ക്‌ കൈ പൂഴ്ത്തി. കവറുകള്‍ കരണം മിറഞ്ഞു. രണ്ട്‌ ഹാഫ്‌ പേജ്‌ വരയിട്ട പേപ്പറുകള്‍ എഴുതി നിറച്ച ശശിയുടെ ഒരു കത്ത്‌ മീര കൈയിലെടുത്തു. അക്ഷരങ്ങളുടെ നൂല്‍പ്പാമ്പുകള്‍ കൃഷ്ണമണിയിലേക്കിഴഞ്ഞുകയറി. ശശിയുടെ കൈയക്ഷരത്തിന്‌ അല്‍പ്പം സ്ത്രൈണതയുണ്ട്‌.

തമ്മില്‍ക്കാണാറുണ്ടെങ്കിലും തപാല്‍ മുഖാന്തിരം കത്തുകള്‍ കൈമാറണമെന്ന്‌ ശശിക്കു നിര്‍ബന്ധമായിരുന്നു. എങ്കിലേ പ്രണയം അതിന്റെ ശരിയായ വഴിയില്‍ നടക്കൂ എന്നാണയാള്‍ വിശ്വസിച്ചിരുന്നത്‌. വരയിട്ട പേപ്പറുകള്‍ അയാള്‍ പ്രണയലേഖനങ്ങള്‍ക്കുപയോഗിച്ചപ്പോള്‍ മീര അല്‍ഭുതപ്പെടാതിരുന്നില്ല. ഏതിനും ഉല്‍സവപ്പറമ്പു കളിലവശേഷി ക്കുന്ന കടലാസുതുണ്ടുകളുടെ വിലയേ ഈ ബഡ്ഷീറ്റിനു മുകളില്‍ നിരന്നു കിടക്കുന്ന പ്രണയലേഖനങ്ങള്‍ക്കിപ്പോഴുള്ളൂവെന്ന്‌ മീരക്ക്‌ തോന്നി.

ശശിയുടെ പ്രണയലേഖനങ്ങള്‍ ഷൈമയും തുറന്നുവായിക്കാറുണ്���്‌. ഷൈമയുമായുള്ള ഉറ്റസൗഹൃദത്തിന്റെ ആഴത്തില്‍ ഒരു കത്തൊളിപ്പിച്ചു വക്കാനുള്ള സാമര്‍ത്ഥ്യമൊന്നും മീരക്കുണ്ടായിരുന്നില്ല. ചിഹ്നവ്യവസ്ഥകളെക്കുറിച്ചോ, പാരഗ്രാഫ്‌ മുറിക്കേണ്ടതിനേക്കുറിച്ചോ, ശശിക്ക്‌ വല്യ ധാരണയൊന്നുമുണ്ടായിരുന്നില്ല. ഒരേ വിഷയം തന്നെ എഴുതിനിറക്കുന്ന ഖണ്ഡികകള്‍. ഷൈമ ചിലതെല്ലാം എഡിറ്റു ചെയ്യും. കുത്തും കോമയും ശരിയാക്കും.
"ചങ്ങമ്പുഴക്കിപ്പുറം വന്നിട്ടില്ല നിന്റെ കാമുകന്‍". ഷൈമ ഇടക്കിടക്ക്‌ കളിയാക്കും.
"പ്രണയം സത്യമാണെങ്കില്‍ അത്‌ ചങ്ങമ്പുഴ തന്നെയാണ്‌." മീര തര്‍ക്കിക്കും.

"എനിക്കറിയില്ലേ??". ഷൈമ പിന്മാറും.

ഏതായിരുന്നു സത്യം. മീരക്കിപ്പോള്‍ സംശയമായി. അവള്‍ കത്തുകളെല്ലാം വാരിക്കൂട്ടി കട്ടിലിനടിയില്‍നിന്ന്‌ ഒരു ട്രങ്ക്‌ പെട്ടി വലിച്ചെടുത്ത്‌ കത്തുകള്‍ അതിലേക്ക്‌ നിക്ഷേപിച്ചു. ഉണ്ടായ ശബ്ദങ്ങളൊന്നും ശശിയെ ബാധിച്ചതേയില്ല. തലമുടി പിന്നോക്കമെറിഞ്ഞ്‌ മീര കിടക്കയിലേക്ക്‌ മലര്‍ന്നു. ക്യാമ്പസില്‍ ഷൈമയുടെ സ്മാര്‍ട്നസ്സിനു മുന്നില്‍ ഒരുതരം വാശിയോടെയാണ്‌ മീര ശശിയോട്‌ പ്രണയത്തിലായത്‌.

രാജീവ്നാരായണനെന്ന ചോക്ലേറ്റ്‌ ഫിഗറുള്ള സഹപാഠിയുടെ വക്കാലത്തുമായി ഷൈമ വന്നതായിരുന്നു. അപ്പോഴേക്കും മീര ശശിയുമായുള്ള പ്രണയം വ്യവസ്ഥയാക്കിയിരുന്നു. സാരമില്ല, രാജീവിനോട്‌ വേറൊരുമീ രയെ തപ്പാന്‍ ഞാന്‍ പറഞ്ഞോളാം. എന്ന്‌ പറഞ്ഞ്‌ ഷൈമ പോയി.മീരയുടെ കണ്ണുകള്‍ ഇഷ്ടപ്പെട്ടുവെന്നാണ്‌ രാജീവ്‌ കാരണം പറഞ്ഞത്‌.മീര അന്നുതന്നെ കണ്ണാടിയെടുത്ത്‌ കണ്ണുകളെ വീക്ഷിച്ചു. ശശി ഒരിക്കല്‍പോലും മീരയുടെ കണ്ണുകളെക്കുറിച്ച്‌ പരാമര്‍ശിച്ചതേയില്ല. പിന്നീടങ്ങോട്ട്‌ രാജീവ്നാരായണന്റെ ചുണ്ടിലുണരുന്ന ചിരിയും, വെള്ളാരം കല്ലുകള്‍ പോലത്തെ കണ്ണുകളുടെ നോട്ടവും പാടുപെട്ടവഗണിച്ചാണ്‌
മീര ശശിക്കുള്ള കത്തുകള്‍ തയ്യാറാക്കിയത്‌.

ശശി ഒന്ന്‌ ചുമച്ചു. അടുത്തിരുന്ന മക്ഷില്‍ നിന്ന്‌ കുറെ വെള്ളമെടുത്ത്‌ കുടിച്ചു. ജലപാനത്തിന്റെ ശബ്ദം കേട്ട്‌ മീര ശശിയെ ശ്രദ്ധിച്ചു. കസേരക്കു മുകില്‍ കാണാവുന്ന ശശിയുടെ ഷോള്‍ഡറില്‍ മൂന്ന്‌ ചുണങ്ങ്‌ പാടുകളുണ്ട്‌. ബള്‍ബിന്റെ ബലം കുറഞ്ഞ പ്രകാശം ഉയര്‍ത്തി വച്ചിരിക്കുന്ന കാല്‍പത്തിയുടെ നിഴല്‍ ഭിത്തിയില്‍ പതിപ്പിച്ചിരുന്നു.

കോളേജ്‌ ജീവിതം കഴിഞ്ഞപ്പോള്‍ ഷൈമ ചോദിച്ചതാണ്‌. "ശശിയെപ്പറ്റി നിന്റെ തീരുമാനമെന്താണിനി."

അതേക്കുറിച്ച്‌ മീര ആകെ ആശയക്കുഴപ്പത്തിലായിരുന്നു. പൂര്‍ണ്ണമായും യാഥാസ്ഥിതികമായ ട്രാക്കില്‍ സഞ്ചരിക്കുന്ന ശശിയെ താന്‍ പൂര്‍ണ്ണമായും ഇഷ്ടപ്പെട്ടുകഴിഞ്ഞുവോ എന്ന്‌ മീരക്ക്‌ സംശയമായിി‍രുന്നു. അതേ ഷൈമയെക്കാ ണിക്കുവാനുള്ള പ്രകടനങ്ങളായിരുന്നുവോ.

മരയഴികളുള്ള ജനലിലൂടെ താഴത്തെ പാടശേഖരങ്ങളില്‍ നിന്ന്‌ കാറ്റുവീശി. മടുപ്പിക്കുന്ന ശൈത്യസാന്നിധ്യമുണ്ട്‌ ഈ കാറ്റിന്‌. ശശിയുടെ പക്കല്‍നിന്നും ഒന്നുരണ്ട്‌ കടലാസുകള്‍ പറന്നുപോയി. അതും അയാള്‍ ശ്രദ്ധിക്കുകയുണ്ടായില്ല.

ശശി കത്തുകളില്‍ ഏറ്റവും കൂടുതല്‍ വര്‍ണ്ണിച്ചിട്ടുള്ളത്‌ വീടിന്റെ തൊട്ടുതാഴെ ബഹൂദൂരം പച്ചവിതാനങ്ങളുള്ള പാടശേഖരങ്ങളെക്കുറിച്ചാണ്‌. അവിടെ കുറച്ച്‌ സ്ഥലം അയാളുടേത്‌ കൂടിയായിരുന്നു. ഒറ്റക്ക്‌ നിലമൊരുക്കി വിത്ത്‌ വിതക്കാറുള്ള അത്യദ്ധ്വാനത്തിന്റെ കഥകള്‍ വലിയ സാഹസമെന്നമെന്ന മട്ടില്‍ കത്തുകളില്‍ ആവര്‍ത്തിച്ചെഴുതാറുണ്ട്‌. പക്ഷെ അതൊക്കെ എപ്പോള്‍വേണമെങ്കിലും മറന്നുപോകാവുന്ന കൗതുകമേ ഉണ്ടാക്കിയിരുന്നുള്ളൂവെന്ന്‌ മീര ഓര്‍ക്കുന്നു. പ്രസിദ്ധീകരണസ്ഥാപനത്തില്‍ ജോലികിട്ടിയെന്നറിഞ്ഞപ്പോള്‍തന്നെ മീര എഴുതി. ഇനി സ്ഥലം വിറ്‌ര്‌ ബാങ്കിലിട്ടോളൂ. സൂപ്പര്‍മാര്‍ക്കറ്റില്‍ നല്ല ഇനം അരി വാങ്ങാന്‍ കിട്ടും. ശശി അങ്ങിനെ തന്നെ ചെയ്തു. ഒരു ഹണിമൂണ്‍ട്രിപ്പെന്ന മട്ടില്‍ ശശിയോടൊപ്പം പാടവരമ്പിലൂടെ നടന്നപ്പോള്‍ ശശിക്ക്‌ ഭീമിയെക്കുറിച്ച്‌ ഒന്നും പറയാനറിയില്ലെന്ന്‌ മീരക്ക്‌ മനസ്സിലായി. ചെളിയില്‍ പാദങ്ങള്‍ പൂണ്ട്‌ പോയപ്പോള്‍ മീര നിലവിളിച്ചുപോയി.

വിവാഹത്തിനുള്ള ക്ഷണക്കത്തുമായി ഷൈമയെക്കാണാന്‍ ചെന്നപ്പോള്‍ അവള്‍ പനിപിടിച്ചു കിടക്കുകയായിരുന്നു.

"അപ്പോള്‍ അങ്ങിനെതന്നെ തീരുമാനിച്ചു അല്ലേ........." ഷൈമ ചോദിച്ചു.
മീര ഒന്നും മിണ്ടിയില്ല.

"പ്രണയം ഒരപകടമായിത്തീരാതിരിക്കട്ടെ." ഷൈമ ആശംസിച്ചു. "ശശിക്ക്‌ ഒരു കാമുകനാവാനുള്ള ക്വാളിറ്റിയുണ്ടെന്ന്‌ എനിക്ക്‌ തോന്നിയിരുന്നില്ല. അയാള്‍ക്കൊരു സഹോദരനാവാനേ കഴിയുമായിരുന്നുള്ളൂ. നിന്നോടതെനിക്ക്‌ പറയുവാന്‍ ഭയമായിരുന്നു. നീ എന്നോട്‌ പിണങ്ങുമോയെന്ന ഭയം. ഇനിയേതായാലും സന്തോഷമായിരിക്ക്‌ " മീരക്കെന്തായാലുംശരിക്കും സങ്കടം വന്നുപോയി. പനി ചിക്കന്‍പോക്സിലേക്ക്‌ മാറിയതുകൊണ്ട്‌ ഷൈമ മീരയുടെ കല്ല്യാണത്തിന്‌ ചോറ്റാനിക്കരക്ക്‌ പോകാന്‍ വന്നില്ല.

ഷൈമയെ പലവട്ടം ഫോണില്‍ വിളിക്കുവാന്‍ മീരക്ക്‌ ആഗ്രഹം തോന്നിയിട്ടുണ്ട്‌. പക്ഷെ ഏറ്റവും അടുത്തുള്ള ബൂത്തിലേക്ക്‌ ഒന്നരകിലോമീറ്റര്‍ നടക്കണം. കവുങ്ങിന്‍ തോട്ടങ്ങളും, പാടവരമ്പുകലും കടന്ന്‌ ടെലഫോണ്‍പോസ്റ്റുകള്‍ ഈ വീട്ടിലേക്കെത്തുന്നത്‌ ഒരതീതസ്വപ്നമായിത്തോന്നി മീരക്ക്‌. രാവിലെ ചണച്ചാക്കുകള്‍ തുന്നിച്ചേര്‍ത്ത്‌വാതിലുണ്ടാക്കിയ ബാത്‌റൂമില്‍ തുടങ്ങുന്ന ദിവസങ്ങള്‍. അസൗകര്യങ്ങളുടെ കാരാഗ്രഹത്തിലേക്ക്‌ മീര വാശിയോടെ ഒതുങ്ങുകയായിരുന്നു.

ഷൈമയുടെ വിവാഹക്കുറി വന്നപ്പോള്‍ അതിലൊരു കുറിപ്പും ഉണ്ടായിരുന്നു. നിന്റെ മൗനം വാചാലമാണ്‌, വളരെയധികം ഞാനതില്‍ നിന്നും വായിക്കുന്നു.ജീവിതം മടുക്കാതെ സൂക്ഷിക്കുക. വിവാഹത്തിനു രണ്ടുപേരും വരണം. എന്തുകൊണ്ടോ മീര ശശിയെക്കൂടാതെയാണ്‌ കല്ല്യാണത്തിനു പോയത്‌.

വലിയൊരു കോട്ടുവായോടെ ശശി എഴുനേറ്റു. പഴയൊരു മാസികയുടെ താളുകള്‍ക്കിടയിലേക്ക്‌ നോക്കിത്തീര്‍ന്ന പ്രൂഫുകള്‍ തിരുകിവച്ചു. കൈകള്‍ കുരിശാകൃതിയില്‍ പിടിച്ച്‌ അയാളൊന്ന്‌ ഞെളിഞ്ഞു. ക്ഷീണശരീരത്തില്‍നിന്ന്‌ വാരിയെല്ലുകള്‍ മീരയെ തുറിച്ചുനോക്കി. കണ്ണട ധരിക്കാറുണ്ടെങ്കിലും സദാ ഫ്രെയിമിനു മുകളിലൂടെ നോക്കുന്ന വൈകല്യമുണ്ടയാളുടെ കാഴ്ചക്ക്‌. മീര ചുമരിനടുത്തേക്ക്‌ നീങ്ങിക്കിടന്നയാള്‍ക്ക്‌ സ്ഥലമുണ്ടാക്കി. പ്രകാശം കുറഞ്ഞ ആ ബള്‍ബ്‌ കൂടി അണഞ്ഞപ്പോള്‍ ഇടനാഴി വികസിച്ചതുപോലുള്ള ആ മുറിയുടെ വിസ്തീര്‍ണ്ണം ഒന്നുകൂടി കുറഞ്ഞതായിതോന്നി മീരക്ക്‌. ശശിയുടെ വിയര്‍പ്പിന്‌ കുളച്ചേറിന്റെ ഗന്ധമാണ്‌.വേദനിപ്പിക്കുന്ന തഴുകലോടെ ഹ്രസ്വനേരത്തേക്കു മാത്രമുള്ള അയാളുടെ ഒരു പരാക്രമംകൂടി കഴിഞ്ഞാല്‍ വരാത്ത ഉറക്കത്തിനുവേണ്ടി മീരക്ക്‌ കാത്തു കിടക്കാം.
ഈ പകലിനും രാത്രിക്കും ആവശ്യത്തിലേറെ നീളമുണ്ട്‌

..................

കൃഷ്ണകുമാര്‍ മാരാര്‍
രേണുകഭവന്‍
കീഴില്ലം പി. ഒ.
എറണാകുളം ജില്ല - 683541


SocialTwist Tell-a-Friend
Related Stories: മീരയുടെ കാര്യം - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon