You are here: HOME » MAGAZINE »
കല്ലറയ്ക്കല്‍ മഹാദേവ-മഹാവിഷ്ണു ക്ഷേത്രം - ഒരു വീക്ഷണം
രാജു-വിളാവത്ത്‌ Jayakeralam Malayalam News
ഒരിയ്ക്കലെങ്കിലും മലനാട്‌ സന്ദര്‍ശിച്ചിട്ടുള്ളവര്‍, ആ ദൃശ്യ സൗന്ദര്യം ആസ്വദിച്ചിട്ടുള്ളവര്‍, പറയുന്ന ഒരുകാര്യമുണ്ട്‌. അതെന്താണെന്നുവച്ചാല്‍ ദൈവം കനിഞ്ഞു നല്‍കിയ വരദാനം തന്നെ. അതായത്‌ "പ്രകൃതിഭംങ്ങി" തന്നെ. അല്ലാതെന്ത്‌! വിദേശികളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട.!

എല്ലാവരാലും ഒരേപോലെ പുകഴ്ത്തുന്ന കേരളത്തിന്റെ ഒരുഭാഗത്ത്‌ ശാന്തസുന്ദരമായ ഒരുഗ്രാമമുണ്ട്‌. കൂവപ്പടി. എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനും കാലടിക്കും എതാണ്ട്‌ മദ്ധ്യ ഭാഗത്തായി കിടക്കുന്ന ഒരുഗ്രാമമാണിത്‌.

ഈ നാട്ടുകാര്‍ക്ക്‌ ഒരാശ്രയമായി, സകലപാപസങ്കടനിവാരണാര്‍ത്ഥം നിലകൊള്ളുന്ന ഒരു പുണ്ണ്യ ക്ഷേത്രമാണ്‌ കല്ലറക്കല്‍ മഹാദേവ-മഹാവിഷ്ണു ക്ഷേത്രം.

ഐതീഹ്യം: വാമൊഴി പ്രകാരം ഈ ക്ഷേത്രം ശങ്കരാചാര്യരുടെ കാലത്തിനു മുമ്പോ അക്കാലം തൊട്ടോ നിലനിന്നിരുന്നതായി കാണുന്നു. ശങ്കരാചാര്യരുടെ കാലം എട്ടാം നൂറ്റാണ്ടിന്റെ അവസാനവും ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യവും ആണെന്നിരിയ്ക്കെ (788-820) പ്രസ്തുത ക്ഷേത്രത്തിന്‌ ആയിരത്തി ഇരുനൂറു കൊല്ലത്തെ പഴക്കം ഉണ്ടെന്നനുമാനിയ്ക്കാം.

വേറൊരൈതീഹ്യമുള്ളത്‌ ഇങ്ങിനെയാണ്‌. ടിപ്പു സുല്‍താന്റെ കാലത്ത്‌, അദ്ദേഹത്തിന്റെ പടയോട്ടക്കാലത്ത്‌, ഈ ക്ഷേത്രവും അക്രമിച്ച്‌ കേടുവരുത്തിയതായി പറയുന്നുണ്ട്‌. ഏതായാലും ക്ഷെത്രം പത്തുനാല്‍പതുവര്‍ഷം മുന്‍പ്‌ കിടന്നിരുന്ന സ്ഥിതി കണ്ടിട്ടുള്ളവര്‍ക്ക്‌ പ്രസ്തുത ഐതീഹ്യം വാസ്ഥവമല്ലേ എന്നു തോന്നുന്നതില്‍ അത്ഭുതമില്ല.

പണ്ടു കാലത്ത്‌ ഇവിടം കേരള ബ്രാഹ്മണരെന്നറിയപ്പെട്ടിരുന്ന നമ്പൂതിരിമാരുടെ അഗ്രഹാരമയിരുന്നു എന്നാണ്‌ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്‌.

വെട്ടുകല്ലു(അഥവാ ചെങ്കല്ല്‌) കൊണ്ടു നാലുവശവും ചതുരാകൃതിയില്‍ മേല്‍കൂരയില്ലാതെയായിരുന്നു ശ്രീകോവില്‍ പണിതിരുന്നത്‌. പ്രസ്തുതശ്രീ��ോവില്‍ പൊട്ടിപ്പൊളിഞ്ഞ നിലയില്‍ എന്റെ കുട്ടിക്കാലത്ത്‌ കാണാനിടവന്നിട്ടുണ്ട്‌. കല്ലറയ്ക്കല്‍ എന്ന നാമവും ഇങ്ങിനെ കല്ലുകൊണ്ടുണ്ടാക്കിയതായതുകൊണ്ടാണെന്നൂഹിക്കാം.

ഈ ഗ്രാമ നിവാസിയായ ഒരു ബ്രാഹ്മണ ദമ്പതിമാര്‍ക്ക്‌ വിവാഹശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സന്താനഭാഗ്യം ഉണ്ടായില്ല.ത്രിശിവപേരൂര്‍ വടക്കുംനാഥന്റെ ഒരുത്തമ ഭക്തയായ ആ അന്തര്‍ജനത്തിന്റെ നിര്‍ബന്ധം നിമിത്തം അവര്‍ വടക്കുംനാഥന്റെ നടയില്‍ 41-ന്ന് ദിവസ്സം ഭജനമിരിക്കാന്‍ നിശ്ചയിച്ചു. ആതുപ്രകാരം 41-ന്ന് ദിവസ്സത്തെ ഭജനം കഴിഞ്ഞ്‌ സ്വഗൃഹത്തിലേക്കു മടങ്ങി. അധികം താമസ്സിയാതെ അന്തര്‍ജനം ഗര്‍ഭം ധരിക്കുകയും ഒരാണ്‍കുഞ്ഞിന്‌ ജന്മം നല്‍കുകയും ചെയ്തു.

ഭഗവാനോടുള്ള അമിതമായ ഭക്തി നിമിത്തം ആ കുടുംബക്കാരും നാട്ടുകാരും ചേര്‍ന്ന്‌ ഒരമ്പലം പണിത്‌ അതില്‍ ശിവപ്രതിഷ്ഠ നടത്തി, കൂടാതെ മറ്റൊരു ശ്രീകോവിലില്‍ ശ്രീകൃഷ്ണനേയും ഇരുത്തി നിത്യപൂജ, ഉത്സവം മുതലായവ മുടങ്ങാതെ നടത്തിവന്നു. ക്ഷേത്രത്തിന്റെ വടക്കുകിഴക്കായി ഒരു ദേവിചൈതന്യം കാണുന്നതായും അവിടെ ആദ്യകാലത്ത്‌ ഒരു ക്ഷേത്രം നിലനിന്നിരുന്നതായും ദേവപ്രശ്നത്തില്‍ കാണുകയുണ്ടായി.

കരിമ്പനയ്ക്കല്‍ ഭഗവതിയെന്നപേരില്‍ അറിയപ്പെടുന്ന ദേവി ഇവിടെകുടികൊള്ളാനുണ്ടായ ഐതീഹ്യവും രസകരമാണ്‌. പെരുമ്പാവൂരുനടുത്ത്‌ ഏകദേശം എട്ടുപത്ത്‌ കിലോമീറ്റര്‍ അകലെ മേത്തലയില്‍ കല്ലില്‍ എന്നൊരു പ്രദേശത്തെ പുരാതനവും പ്രസ്സിദ്ധവുമായ ഒരു ക്ഷേത്രമാണ്‌ കല്ലില്‍ ഭഗവതിയുടേത്‌. ക്കല്ലറക്കല്‍ ദേവന്മാരുടെ സാഹോദര്യത്വം വഹിക്കുന്ന ദേവി ഇടയ്ക്കിടയ്ക്ക്‌ കല്ലറക്കല്‍ വന്നുപോകാറുണ്ട്‌.

കരിമ്പനക്കല്‍ ദേവിയുടെ ഒരുത്തമ ഭക്ത ഈ പ്രദേശത്തുണ്ടായിരുന്നു. അവര്‍ കല്ലില്‍ ക്ഷേത്രം സന്ദര്‍ശിച്ചിട്ടില്ലെങ്കിലും ഭഗവതിയോടുള്ള ഭക്ത്തിവാത്സല്ല്യം അപാരമ��യിരുന്നു. കല്ലറക്കല്‍ നിന്ന്‌ കല്ലില്‍ വരെ പോകുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു അക്കാലാത്ത്‌. എന്നിരുന്നാലും അഗ്രഹം ഉള്ളിലൊതുക്കി അവര്‍ പതിവായി ദേവിയെ വിളിക്കുമായിരുന്നു. ഒരുദിവസം ദേവി സഹോദരങ്ങളെ കാണാന്‍ അവിടെ വന്നിട്ടുണ്ടെന്നും, എന്റെ ഭക്തര്‍ക്കായി അംബലത്തിന്റെ വടക്കുകിഴക്കു ഭാഗത്തായി എന്റെ ചൈതന്ന്യം അനുഭവപ്പെടുമെന്നും അവിടെ ഒരു ചെറിയ ക്ഷേത്രം പണിത്‌ കുടിയിരുത്താനും അവര്‍ക്കരുള്‍പ്പാടുണ്ടായി.

അന്നവിടെ ക്ഷേത്രം പണിതതായിട്ട്‌ തീര്‍പ്പ്‌ പറയാന്‍ പറ്റിയ തെളിവൊന്നുമില്ലെങ്കിലും, ദേവിയെ ആരാധിച്ചിരുന്നതായി കേട്ടറിവുണ്ട്‌. മാത്രമല്ല മുടിയേറ്റ്‌, തൂക്കം മുതലായ ക്ഷേത്രകലകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഉത്സവങ്ങളും ഇവിടെ നടന്നിരുന്നതായി കേട്ടുകേള്‍വിയുണ്ട്‌. ഏഴെട്ടുകൊല്ലം മുമ്പ്‌ ക്ഷേത്രം പണിത്‌ പ്രതിഷ്ഠ നടത്തുകയുണ്ടായി. ആദ്യകാലത്ത്‌ മറ്റുക്ഷേത്രാങ്കണങ്ങളേപ്പോലെ ഇവിടേയും സര്‍പ്പങ്ങളുടെ വിഹാരരംഗമായിരുന്നെന്നു മാത്രമല്ല സര്‍പ്പപ്രതിഷ്ഠയും പൂജാദികളും മുറയ്ക്കു നടത്തിയിരുന്നതായി കാണുന്നു.തീര്‍ത്ഥക്കുളം: ഈ ക്ഷേത്രത്തിന്റെ വടക്കുകിഴക്കായി ഉണ്ടായിരുന്ന കുളം മൂടിപ്പോയിരിക്കുന്നതായി അറിവായിട്ടുണ്ട്‌. പ്രസ്തുത ജലാശയം വീണ്ടെടുത്ത്‌ പുനര്‍നിര്‍മ്മിക്കേണ്ടുന്ന ഒരു ഭാരിച്ച ചുമതലകൂടി ഉള്ളതായി കാണാന്‍ കഴിഞ്ഞു. പ്രതിഷ്ഠ: ലക്ഷ്മീനരസിംഹമൂര്‍ത്തീഭാവമാണ്‌ മഹാവിഷ്ണുവില്‍ കുടികൊള്ളുന്നത്‌. ശാതനും കാരുണ്യസമേതനുമായി സര്‍വാലങ്കാരഭൂഷിതനായിലക്ഷ്മീദേവീസമേതനായി കുടികൊള്ളുന്നു. അതുപോലെ പാര്‍വതീസമേതനായി ശിവനും കന്നിമൂലത്തില്‍ വിരാചിക്കുന്നു. എന്നാല്‍ ഗണപതി പ്രതിഷ്ഠ ഉണ്ടായിരുന്നതായി കാണുന്നില്ല.

പുനരുദ്ധാരണത്തിനുള്ള ആലോചന നാട്ടുകാര്‍ക്കിടയില്‍ തുടങ്ങിയത്‌ കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ്‌. നാട്ടിലെപ്രമാണിമാരായ ചിലര്‍ ഒത്തുകൂടി ഒരു കമ്മിറ്റി രൂപികരിച്ച്‌ പ്രവര്‍ത്തനം തുടങ്ങുകയും താമസ്സിയാതെ ഇന്നുകാണുന്ന തരത്തിലുള്ള ശ്രീകോവില്‍ പടുത്തുയര്‍ത്തി പ്രതിഷ്ടാ കലശം എന്നിവ നിര്‍വഹിക്കയും ചെയ്തു. അന്നത്തെ പ്രശ്നത്തിലും ദേവിചൈതന്ന്യം ഉള്ളതായി കണ്ടിരുന്നെങ്കിലും പരിമിതമായ ധനസ്ഥിതി ശ്രികോവില്‍ പണിത്‌ ദേവിയെ പ്രതിഷ്ടിക്കുന്നതിനനുവദിച്ചില്ല.

ക്ഷേത്രപുനരുദ്ധാര്‍ണം:
കൊല്ലവര്‍ഷം അയിരത്തി ഒരുനൂറ്റി എഴുപത്തിനാല്‌ മകരത്തില്‍ നടത്തിയ അഷ്ടമംഗല്യ പ്രശ്നപ്രകാരം ക്ഷേത്രം പുനരുദ്ധരിച്ച്‌ പുനപ്രതിഷ്ഠ, കലശം, ഉത്സവം മുതലായവ ആഘോഷപൂര്‍വം കൊണ്ടാടുകയും, ഭാവി നടപടികള്‍ നിശ്ചയിയ്ക്കുകയും അതിലേയ്ക്കു വേണ്ടുന്ന പ്രവര്‍ത്തക സമിതി രൂപീകരിക്കുകയും ചെയ്തു. കൊ.വ. എഴുപത്താറാം മാണ്ടോടുകൂടി സര്‍വതും പ്രവര്‍ത്തനയോഗ്യമായി.

വഴുപാടുവിവരം: ക്ഷേത്രത്തിലേക്ക്‌ പൊതുവായും, പ്രത്യേകം ഓരോരൊ ദേവീദേവന്മാര്‍ക്കും നടത്തപ്പെടേണ്ടതായ വഴുപാടു വിവരങ്ങള്‍ സന്നിധിയില്‍ പരസ്യം ചെയ്തിട്ടുള്ളതുകൊണ്ട്‌ ഭക്ത ജനങ്ങല്‍ക്ക്‌ ഉപകാരപ്രദമാണ്‌.

------------------------------

കല്ലറയ്ക്കല്‍ മൂര്‍ത്തീസ്തോത്രം: (രാജു-വിളാവത്ത്‌.).

അല്ലല്‍കൂടാതെ നിത്യേന വാഴുവാന്‍
ഇല്ലെനിയ്ക്കു മനോബലമീശ്വരാ!
കല്ലറയ്ക്കല്‍ വസ്സിക്കും ജഗദീശാ-
തെല്ലുകാരുണ്യമേകുയെനിയ്ക്കു നീ.

ശങ്ഖ്ചക്രഗദാപദ്മധാരിയായ്‌-
നില്‍ക്കുംതാവകരൂപം മനോഹരം
ആര്‍ക്കുവര്‍ണിപ്പാനൊക്കുമിപ്പാരിലെ-
ന്നുള്‍ക്കാമ്പില്‍പ്പോലും ചിന്തിയ്ക്കാനാവില്ല!

ലിംഗരൂപം പൂണ്ടുവസ്സിക്കുന്നു തെ-
ല്ലകലെയീക്ഷേത്രത്തില്‍ താവക-
സോദരസ്ഥാനിയായിട്ടു ശങ്കരന്‍
നിത്യദുഖനിവാരണാര്‍ത്ഥം ഭവാന്‍!

ക്ലേശം മേല്‍ക്കുമേല്‍ വന്നങ്ങനുദിനം
നാശനഷ്ടത്തിലുഴലും ജനങ്ങളെ
ലേ��ം കാരുണ്യം കാട്ടിയീനാടിന്റെ
ഐശ്വര്യം കാത്തുരക്ഷിയ്ക്ക്കണം, ഭവാന്‍.

നല്ലമാനുഷ ജന്മം ലഭിയ്ക്കുവാന്‍
വല്ലഭാതവ ലീലാവിലാസങ്ങള്‍
തെല്ലുമില്ലാതെ സാദ്ധ്യമല്ലെന്നുതാ-
നുള്ളിലെപ്പോഴും മാമകചിന്തനം.

ത്രൈലോക്യപൂജിത നാഥാ മഹാവിഷ്ണൂ-
ത്രൈലോക്യപൂജിത നാഥാ മഹേശ്വര!
തിങ്ങുംഭക്തിയാല്‍ നിത്യം ഭജിയ്ക്കുമീ-
ഞങ്ങള്‍ക്കുവരം നല്‍കുമാറാകണേ!

-----------------


SocialTwist Tell-a-Friend
Related Stories: കല്ലറയ്ക്കല്‍ മഹാദേവ-മഹാവിഷ്ണു ക്ഷേത്രം - ഒരു വീക്ഷണം - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon