You are here: HOME » MAGAZINE »
കനല്‍ക്കാടുകളിലൂടെ
കൃഷ്ണകുമാര്‍ മാരാര്‍ Jayakeralam Malayalam News
Monday, 23 April 2012
തോട്ടില്‍ തുണിയലക്കിക്കൊണ്ടിരുന്ന നിര്‍മ്മല അനൂപിന്റെ ഉറക്കെയുള്ള വിളി കേട്ടു. അവന്‍ സ്കൂള്‍ വിട്ടുവന്നതാണ്‌. കഠിനമായ വിശപ്പും കൊണ്ടാണ്‌ വരവ്‌. സ്കൂള്‍ബാഗ്‌ നിലത്ത്‌ വലിച്ചെറിഞ്ഞ്‌ നേരെ അടുക്കളയിലേക്ക്‌. ഗോതമ്പ്‌ ദോശയോ ഉപ്പുമാവോ എന്തെങ്കിലുമുണ്ടാവാറുണ്ട്‌. മധുരമുള്ള കാപ്പിയും കൂട്ടി വയറുനിറയെ തിന്നും. കവിളുകളില്‍ ഭക്ഷണം നിറയുമ്പോള്‍ അവന്‍ കണ്ണുമിഴിക്കും. യൂണിഫോം കൂടിയായ വെള്ളഷേര്‍ട്ടില്‍ നിറയെ അഴുക്കുണ്ടാവും

ഇന്ന്‌ ദോശയോ ഉപ്പുമാവോ ഇല്ല. കന്നിന്‌ വൈക്കോല്‍ വലിച്ചിട്ടുകൊടുക്കുമ്പോള്‍ രണ്ട്‌ കോഴിമുട്ട കിട്ടി. അത്‌ പുഴുങ്ങി വച്ചിട്ടുണ്ട്‌. അനൂപിനത്‌ വലിയ ഇഷ്ടമാണ്‌. ഇറച്ചിയായാലും മീനായാലും കുറച്ചേയുള്ളൂവെങ്കിലും അത്‌ കണ്ടാല്‍ മതി. അനൂപിന്റെ ഭീമന്‍ വിശപ്പിന്‌ ശമനം വരും. വയര്‍ നിറഞ്ഞില്ലെങ്കിലും എല്ലാ പരാതികളും മാറ്റിവച്ച്‌ ആസ്വദിച്ച്‌ കഴിച്ചുകൊള്ളും.

തുണിനനക്കല്‍ പകുതിവച്ച്‌ നിര്‍ത്തി നിര്‍മ്മല കേറി വന്നു. നൈറ്റിയുടെ അടിത്തുമ്പ്‌ മുഴുവന്‍ നനഞ്ഞിരുന്നു. അടുക്കളയില്‍ പരതിയിട്ട്‌ തിരിച്ചുവന്ന അനൂപ്‌ ഇറയത്ത്‌ മുഖം വീര്‍പ്പിച്ച്‌ ഇരിക്കുകയാണ്‌. ഇപ്പോഴാണ്‌ അവന്റെ അച്ഛന്റെ തനിപ്പകര്‍പ്പ്‌ കിട്ടുന്നത്‌. വിശന്നാല്‍ ശ്രീധരേട്ടനും ഇങ്ങിനെയായിരുന്നല്ലോ. അനൂപ്‌ വളരുംന്തോറും ശ്രീധരേട്ടന്റെ തനി സമ്പ്രദായമായിട്ടാണ്‌ വരുന്നത്‌ ഛായ മാത്രമേ ഇല്ലാതുള്ളൂ.

മുട്ടയും കാപ്പിയും കിട്ടിയപ്പോള്‍ അനൂപ്‌ വൈരാഗ്യം കളഞ്ഞ്‌ അമ്മയോട്‌ സ്നേഹം കാട്ടി. അവന്‍ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ നിര്‍മ്മല മുറ്റത്തിട്ടിരുന്ന വിറക്‌ അടുക്കിപ്പെറുക്കാന്‍ തുടങ്ങി. കാപ്പികുടികഴിഞ്ഞ്‌ അനൂപ്‌ അഴിച്ചിടുന്ന യൂണിഫോമുകളുംകൊണ്ട്‌ വേണം ഇനി തോട്ടിലേക്ക്‌ പോകാന്‍.

ലോറിഡ്രൈവറായിരുന്ന ശ്രീധരേട്ടന്‌ ഒരു ലോറി സ്വന്തമാക്കണമെന്നുണ്ടായിരുന്നു. കൂപ്പില്‍ തടിയെടുക്കാന്‍ പോയപ്പോള്‍ തന്റെ മോഹങ്ങളോടൊപ്പം ഒരു കൊക്കയിലേക്ക്‌ മറിഞ്ഞ്‌ എല്ലാം ഒടുങ്ങി. അനൂപുണ്ടായതിന്റെ നാലാം നാള്‍.

മുത്തശ്ശിയെവിടെയാ പോയത്‌? അനൂപ്‌ ചോദിച്ചു.
പാല്‍ കൊടുക്കാന്‍, പണിയില്‍ശ്രദ്ധിച്ചുകൊണ്ട്‌ നിര്‍മ്മല പറഞ്ഞു.

ശ്രീധരേട്ടന്റെ അമ്മക്ക്‌ രാവിലെയും വൈകിട്ടും പാല്‍ വിതരണമുണ്ട്‌. അനൂപിന്റെ പഠിപ്പിനും വീട്ടുചെലവിനും പാല്‍ക്കച്ചവടം കൂടാതെ, നിര്‍മ്മല പ്ലൈവുഡ്‌ കമ്പനിയില്‍ പണിക്ക്‌ പോകുന്നുണ്ട്‌. ഇപ്പോള്‍ ലോണിസമരം. തമിഴ്‌നാട്ടിലേക്ക്‌ പോകേണ്ട ലോഡുകള്‍ കെട്ടിക്കിടക്കുന്നു. അപകട ഇന്‍ഷൂറന്‍സ്‌ കുട്ടിയപ്പോള്‍ ശ്രീധരേട്ടന്‍ തുടങ്ങിവച്ച വീടുപണി പൂര്‍ത്തിയാക്കി.

ശ്രീധരേട്ടന്റെ മരണശേഷം അമ്മ പറഞ്ഞതാണ്‌. കുഞ്ഞിനേംകൊണ്ട്‌ സ്വന്തം ഇഷ്ടന്താന്ന്‌വച്ചാലായിക്കോളൂ....... എന്നെ നോക്കണ്ട കുഞ്ഞൊരു ഭാരമാവുമ്പോ എനിക്ക്‌ തന്നേക്ക്‌.

നിര്‍മ്മല അന്നെടുക്കാതിരുന്ന തീരുമാനം ഇന്നും ബാക്കിയാണ്‌. ശ്രീധരേട്ടന്‍ മരിക്കുമ്പോള്‍ ആരെക്കുറിച്ചാവും ഏറ്റവും കൂടുതല്‍ ഓര്‍ത്തിട്ടുണ്ടാവുക. അമ്മയെക്കുറിച്ചോ, തന്നെക്കുറിച്ചോ, മകനെക്കുറിച്ചോ? താനിങ്ങനെ ബാക്കിയുള്ളതുകൊണ്ടാണ്‌ നിര്‍മ്മല തന്നെ വിട്ടുപോകാത്തതെന്ന്‌ അമ്മക്കറിയാം. നിര്‍മ്മലയുടെ ജീവിതാവസ്ഥയില്‍ അവര്‍ക്ക്‌ മനം നോവാറുണ്ട്‌. നിര്‍മ്മല സ്വന്തം കാര്യം നോക്കിപ്പോകാന്‍ വേണ്ടി പരുഷമായി വര്‍ത്തമാനം പറഞ്ഞിട്ടുണ്ട്‌. പക്ഷെ നിര്‍മ്മലക്ക്‌ വൃദ്ധയെ അറിയാം.

കാപ്പികുടികവിഞ്ഞ്‌ അനൂപ്‌ ക്രിക്കറ്റ്‌ കളിക്കാനോടി. ഇനി ഇരുട്ടണം അവന്‍ തിരിച്ചെത്തണമെങ്കില്‍. നിര്‍മ്മല വീണ്ടും തോട്ടിലേക്ക്‌. അനൂപിന്റെ മുത്തശ്ശി വന്നു.

ചെക്കന്‍ വന്നില്ല്യോടീ; അവര്‍ ചോദിച്ചു.
ഉവ്വ്‌
കാലിയായ പാല്‍പ്പാത്രങ്ങള്‍ ഇറയത്തുവച��ച്‌ അവര്‍ ക്ഷീണമകറ്റി. മുറുക്കാന്‍ ചെല്ലം വലിച്ചടുപ്പിച്ച്‌ തുറന്നു. ഇപ്പോള്‍ അവര്‍ക്ക്‌ തോട്ടില്‍ തുണിയലക്കിക്കൊണ്ടിരിക്കുന്ന നിര്‍മ്മലയെക്കാണാം. അവളോട്‌ സംസാരിച്ചുകൊണ്ട്‌ നില്‍ക്കുന്ന പുരുഷനേയും.

അനൂപിനും അമ്മക്കും അത്താഴം വിളമ്പിക്കൊടുത്ത്‌ തനിക്ക്‌ വേണ്ടത്‌ വിളമ്പിയെടുക്കുകയായിരുന്നു നിര്‍മ്മല. പതിവിലേറെ അവള്‍ മൗനം പാലിക്കുന്നുണ്ടെന്ന്‌ അമ്മക്ക്‌ തോന്നി.
ഊണ്‌ കഴിഞ്ഞുപോയ അനൂപ്‌ നിലത്ത്‌ ചടഞ്ഞിരുന്ന്‌ പാഠപുസ്തകങ്ങള്‍ നിരത്തിത്തുടങ്ങി. ഇനി അതിലേക്ക കമിഴ്‌ന്ന്‌ കിടന്നാണ്‌ അവന്റെ എഴുത്തും വായനയും. അമ്മ അവരുടെ മുറിയിലേക്ക്‌ പോയി. അനൂപിന്‌ ഇംഗ്ലീഷും കണക്കും പറഞ്ഞുകൊടുക്കാന്‍ നിര്‍മ്മലക്കറിയാം. പതിവായി അവളത്‌ ചെയ്യാറുണ്ട്‌. ഇന്നതും ഉണ്ടാവുന്നില്ല. വൃദ്ധ നിര്‍മ്മലയുടെ സ്വരത്തിന്‌ കാതോര്‍ത്തു. മകന്റെ ഭാര്യ വിദ്യാഭ്യാസമുള്ള കുട്ടിയെ ആണെന്നറിഞ്ഞപ്പോള്‍ അവര്‍ സന്താഷിച്ചിരുന്നു. ഒരഭയം മാത്രം കാംക്ഷിച്ച്‌ ഒതുങ്ങുന്ന പെണ്ണല്ല അവള്‍ എന്ന്‌ അവര്‍ നേരത്തെ കണ്ട്‌ പിടിച്ചിരുന്നു. ഇപ്പോള്‍ അഭയം വേണ്ടത്‌ തനിക്കാണ്‌. അത്‌ ഔദാര്യം കൊണ്ടെങ്കിലും വേണ്ടുവോളം കിട്ടുന്നുണ്ട്‌. കഴിവുണ്ടെങ്കിലും തന്നിഷ്ടത്തിന്റെ ഒരു ലാഞ്ചനപോലും അവളില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല....

അനൂപ്‌ എന്തോ സംശയവുമായി പുസ്തകവുമെടുത്ത്‌ നിര്‍മ്മലക്കരികില്‍ ചെന്നു. ഇരുട്ടില്‍ കിടക്കുകയായിരുന്നു അവള്‍. ഇന്ന്‌ വയ്യ മോനെ മോന്‍ പോയിക്കിടന്നോ. നിര്‍മ്മല അത്രയും പരയുന്നത്‌ അമ്മ കേട്ടു. പിന്നെ അനൂപ്‌ വിളക്കണച്ച്‌ തന്റെ അരികില്‍ വന്ന്‌ കിടക്കുന്നതും അവര്‍ അറിഞ്ഞു. പുതപ്പിന്റെ പകുതി അവന്റെ ശരീരത്തിലേക്കിട്ട്‌ വൃദ്ധ അവനോട്‌ ചേര്‍ന്നു.

നിര്‍മ്മല ചിന്തയിലായിരുന്നു. സൗഹൃദവുമായി വന്ന ഒരാള്‍. കുറെക്കാലമായി എന്താണയാള്‍ പരഞ്ഞ���കൊണ്ടിരിക്കുന്നത്‌. സംരക്ഷിച്ചോളാമെന്ന്‌, സ്നേഹമാണെന്ന്‌..... എന്ത്‌ മറുപടി പറയണം. ഒരു തീരുമാനത്തിലും എത്താനാവുന്നില്ല. ആ കണ്ണുകള്‍ക്ക്‌ ഏതു മനസ്സും തുരക്കാനുള്ള മൂര്‍ച്ചയുണ്ട്‌. ഒപ്പം സൗഹൃദത്തിന്റെ സാന്ദ്രതയും.

കമ്പനിയിലെ സൂപ്പര്‍വൈസറായി അയാള്‍ എത്തിയിട്ട്‌ ഒരു വര്‍ഷമായി. പ്രവര്‍ത്തിസമയം കഴിഞ്ഞ്‌ കമ്പനി ശൂന്യമായാല്‍ അയാള്‍ നടക്കാനിറങ്ങും. വായനശാലയില്‍ കയറിയിരുന്ന്‌ വായിക്കും. പലപ്പോഴും ചുണ്ടില്‍ സിഗരറ്റ്‌ എരിയുന്നുണ്ടാവും.

അനൂപ്‌ പനിപിടിച്ച്‌ ആശുപത്രിയില്‍ക്കിടന്നപ്പോള്‍ നിര്‍മ്മലക്ക്‌ ജോലിക്ക്‌ പോകാനായില്ല. ക്ഷേമമന്വേഷിക്കാന്‍ വന്ന അയാള്‍ ഏറെ വൈകിയാണ്‌ മടങ്ങിയത്‌. അന്നയാള്‍ തന്റെ കഥ അവളോട്‌ പറഞ്ഞു. ചുരുക്കി മാത്രം. പക്ഷെ അതില്‍ എല്ലാ കാര്യങ്ങളുമുണ്ടായിരുന്നു.

എത്ര ആലോചിച്ചിട്ടും ഉത്തരങ്ങള്‍ കൂടണയാതെ വന്നപ്പോള്‍ നിര്‍മ്മലക്ക്‌ രാത്രി വല്ലാതെ മടുത്തുപോയി. വീടിനുള്ളില്‍ കുമിഞ്ഞു കൂടിയ ഇരുട്ടിലേക്ക്‌ ഒരു മിന്നാമിനുങ്ങ്‌ കടന്നുകൂടി. എന്തൊരു പ്രകാശമാണതിന്‌....

ലോറിസമരം കഴിഞ്ഞു. പിറ്റേന്ന്‌ മുതല്‍ പണിയുണ്ടാവുമെന്നറിഞ്ഞിട്ടും നിര്‍മ്മല പോകുന്നില്ലെന്ന്‌ തീരുമാനിച്ചു. ഇന്നു മാത്രമല്ല ഇനി കുറെ നാളത്തേക്ക്‌. സന്ധ്യയോടടുത്ത്‌ അയാള്‍ വന്നു. നിര്‍മ്മലയുടെ വീടല്ലേ ഇത്‌ എന്ന ചോദ്യം നിര്‍മ്മല അടുക്കളയില്‍ വച്ചു തന്നെ തിരിച്ചറിഞ്ഞു.

ഇന്ന്‌ ജോലിക്ക്‌ കണ്ടില്ല, ലോറിസമരം തീര്‍ന്ന വിവരം പലരുമറിഞ്ഞിട്ടില്ല..... ആള്‌ തീരെ കുറവായിരുന്നു. അയാളുടെ ശബ്ദത്തില്‍ ഒരു ശാസന മണക്കുന്നുണ്ടായിരുന്നു. പണി തുടങ്ങിയ കാര്യം ഞാനറിഞ്ഞില്ല. അമ്മ കേള്‍ക്കാന്‍ വേണ്ടി അവള്‍ ഒരു കള്ളം പറഞ്ഞു.

നാളെ വരുവോ? അയാള്‍ ചോദിച്ചു.
വരാം നിര്‍മ്മല ഉറപ്പുകൊടുത്തു. അയാള്‍ക്ക്‌ വേണ്ടി കാപ്പിയിടാന്‍ വേണ്ടി അവള്‍ അട��ക്കളയിലേക്ക്‌ പോയി. അമ്മയും അയാളും സംസാരത്തില്‍ മുഴുകി കാപ്പികുടി കഴിഞ്ഞ്‌ ചുണ്ട്‌ തുടച്ചു. വൃദ്ധ മുറ്റത്തിന്റെ അരികിലേക്ക്‌ തുപ്പാന്‍പോയ അവസരം നോക്കി അയാള്‍ പറഞ്ഞു. എന്നെ പേടിച്ചിട്ട്‌ പണിക്കു വരാതിരിക്കണ്ട. ഞാനുപദ്രവകാരിയല്ല..... അയാളിറങ്ങി നടന്നു.

അനൂപിനുള്ള ഉച്ചഭക്ഷണം പാത്രത്തിലാക്കിക്കൊടുത്ത്‌ തനിക്കുള്ളതും പൊതിഞ്ഞെടുത്ത്‌ പിറ്റേന്ന്‌ നിര്‍മ്മല പണിക്കിറങ്ങി. വൃദ്ധക്കുള്ള കാപ്പിയും പലഹാരവും അടച്ചുവച്ചു. കുളിയും കാവില്‍പോക്കും കഴിഞ്ഞേ വൃദ്ധക്ക്‌ മറ്റെന്തുമുള്ളൂ. കമ്പനിയോട്‌ ചേര്‍ന്നാണ്‌ കാവ്‌.

കാവിലുല്‍സവമടുത്തിരിക്കുന്നു. ഉല്‍സവദിവസം കമ്പനിക്കവധിയാണ്‌. നിര്‍മ്മലക്ക്‌ ഉല്‍സാഹച്ചിറകുകള്‍ മുളക്കുന്നത്‌ അമ്മ ശ്രദ്ധിച്ചു. മൗനത്തിന്റെ പടലങ്ങള്‍ പൊട്ടിത്തകര്‍ന്ന്‌ ഇപ്പോള്‍ എല്ലാം ഉണര്‍ന്നിരിക്കുന്നു. വീട്ടില്‍ മിക്കവാറും ഇറച്ചിയും മീനും ഉണ്ടാവും. അനൂപിന്‌ അടുക്കളയില്‍ ഉല്‍സവമാണ്‌.

ഉല്‍സവത്തിന്‌ എത്ര കളിപ്പാട്ടങ്ങള്‍ വാങ്ങണമെന്ന്‌ അനൂപ്‌ ഒരു ലിസേറ്റ്ടുത്തു വച്ചിരുന്നു. തിരക്കുകള്‍ക്കിടയിലൂടെ ശുഭ്രവസ്ത്രം ധരിച്ച്‌ നിര്‍മ്മലയും അനൂപും വൃദ്ധയും തൊഴുതിറങ്ങി. പ്രകാശക്കൊഴുപ്പില്‍ കാവും പരിസരും മുങ്ങിത്താണു. ഉച്ചഭാഷിണികള്‍ അലറിപ്പൊളിച്ചു. വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞതും അനൂപ്‌ കളിപ്പാട്ടങ്ങളുമായി സല്ലപിക്കാന്‍തുടങ്ങി. മുത്തശ്ശിയും അവനോടൊപ്പമിരുന്നു. കീ കൊടുത്താല്‍ നീങ്ങിപ്പോകുന്ന വിമാനവും, ചെണ്ടകൊട്ടുന്ന കുരങ്ങനും അവര്‍ ജീവിതത്തിലാദ്യമായിക്കാണുകയായിരുന്നു.

ദൂരെ കാവില്‍നിന്നും കോളാമ്പിയുടെ മര്‍മ്മരം കേള്‍ക്കാം. അനൂപ്‌ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ക്കിടന്ന്‌ ഉറങ്ങിപ്പോയിരുന്നു. നിര്‍മ്മല അവനെയെടുത്ത്‌ അമ്മയുടെ അരികില്‍ക്കിടത്തി. വിളക്കണഞ്ഞു. നിര്‍മ്മല പ���റത്തെ ഇരുട്ടിലേക്ക്‌ നടന്നു.

രാത്രിയേറുംന്തോറും കോളാമ്പികളുടെ ശബ്ദം കൂടുതല്‍ വ്യക്തമായിത്തുടങ്ങി. വസ്ത്രം ധരിച്ച്‌ അയാള്‍ പോകാനൊരുങ്ങി. നിലാവ്‌ കൂടുതല്‍ തെളിമയോടെ പുഞ്ചിരിച്ചുനിന്നു. മുറ്റത്തിന്റെ അതിരു കടന്നതും വഴി തടഞ്ഞ്‌ ഒരു രൂപം. മേല്‍മുണ്ടിട്ട്‌ നിന്ന അത്‌ വൃദ്ധയാണെന്ന്‌ തിരിച്ചറിയാന്‍ നിര്‍മ്മലക്ക്‌ താമസം വേണ്ടി വന്നില്ല. അയാളും നിര്‍മ്മലയും കിടിലം കൊണ്ട്‌ പോയി.

നാളെ പകല്‍ ഇയാള്‍ ഇവിടെയൊന്ന്‌ വരണം. വരുവോ? വരാം. മറുപടി അല്‍പ്പം താമസിച്ചാണുണ്ടായത്‌. വൃദ്ധ വഴിയൊഴിഞ്ഞു നിന്നു. അയാള്‍ പോയി. നിര്‍മ്മലയെ ശ്രദ്ധിക്കാതെ വൃദ്ധ അകത്തേക്കും തിരികെ മുറിയിലെത്തിയപ്പോള്‍ നിര്‍മ്മല ആകെ വിയര്‍ത്തിരുന്നു. തൊണ്ടയില്‍ ലേശം ജലമില്ല.. വാരിച്ചുറ്റിയ വസ്ത്രങ്ങള്‍ അഴിഞ്ഞുപോയിരുന്നു. നഗ്നയായിത്തന്നെ ഇരുട്ടിലൂടെ തപ്പിത്തടഞ്ഞ്‌ അവള്‍ അടുക്കളയിലേക്കോടി. കിട്ടിയ പാത്രത്തില്‍ വെള്ളം മുക്കിക്കുടിച്ചപ്പോള്‍ അത്‌ അവളുടെ ശരീരമാകെ പടര്‍ന്നൊഴുകി.തിരികെ മുറിയിലെത്തുവോളം നിര്‍മ്മല വല്ലാതെ കിതച്ചു.

ഊണ്‍മേശയില്‍ മുഖമമര്‍ത്തിക്കിടന്ന നിര്‍മ്മലയുടെ ചുമലില്‍ വൃദ്ധ കൈത്തലം വച്ചു. വിഷമിക്കാണ്ടരിക്ക്‌. ആ സാന്ത്വനസ്പര്‍ശത്തില്‍ നിര്‍മ്മല മുഖമുയര്‍ത്തി.

ശ്രീധരനെ നീ മറന്നുപോയിത്തുടങ്ങി അല്ലേ മോളേ. ചത്തിട്ടും ചാവാതെ നിന്നേം എന്നേം കൂട്ടിയിണക്കി. അവനെന്റെയടുത്ത്‌ തന്നെയുണ്ട്‌. ന്റെ ഓര്‍മ്മേന്ന്‌ അവന്‍ പോണില്ല

നിര്‍മ്മല ഒന്നും മിണ്ടിയില്ല.
അയാള്‍ വര്‍വോ, വൃദ്ധ വീണ്ടും ചോദിച്ചു. നിന്നെ കൊണ്ടോവ്വോ. അറിയില്ല. ന്റെ കുട്ടിക്ക്‌ ഇഷ്ടാണെങ്കില്‍ പോണം. ഞാന്‍ പറയാം അയാളോട്‌. എന്നെ നോക്കണ്ട. നീ സുഖായിട്ടിരുന്നാല്‍ മതി.

നിര്‍മ്മലക്ക്‌ മറുപടിയുണ്ടായിരുന്നില്ല. അവള്‍ വൃദ്ധയുടെ മുഖത്തേക്ക്‌ നോക്കി. ആ കണ്ണുകള്‍ ന��റഞ്ഞുപോയിരുന്നു. നിര്‍മ്മല കണ്ടതും അവര്‍ മേല്‍മുണ്ടുകൊണ്ട്‌ ധൃതിയില്‍ കണ്ണുകള്‍ തുടച്ചു.

അയാളിനി വരണ്ട. ഞാനെങ്ങോട്ടുമില്ല.
വൃദ്ധ മറുപടി പറയും മുമ്പേ നിര്‍മ്മല എഴുനേററ്‌ പോയി.
കളി കഴിഞ്ഞ്‌ ഓടിക്കിതച്ചെത്തിയ അനൂപ്‌ പറഞ്ഞു. ആരാണ്ട്‌ വന്നു നില്‍ക്കുന്നുണ്ടവിടെ.
.......................
കൃഷ്ണകുമാര്‍ മാരാര്‍
രേണുകാ ഭവന്‍
കീഴില്ലം പി. ഒ.
എറണാകുളം ജില്ല


SocialTwist Tell-a-Friend
Related Stories: കനല്‍ക്കാടുകളിലൂടെ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon