You are here: HOME » MAGAZINE »
പരിസ്ഥിതിയും സ്ത്രീയും
പ്രസീത പടുവിലായി Jayakeralam Malayalam News
മനുഷ്യജീവിതത്തിന്റെ സര്‍വ്വ തലസ്പര്‍ശിയായ ഇടങ്ങളില്‍ പാരിസ്ഥിതികാവ ബോധം ആഴത്തില്‍ വേരോടി നിന്ന ഒരു ചരിത്രം നമുക്കുണ്ടായിരുന്നു. പ്രകൃതിക്ക്‌ കീഴടങ്ങി ജീവിക്കുക എന്നതില്‍നിന്ന്‌ പ്രകൃതിയെ കീഴടക്കി ജീവിക്കുക എന്ന തത്വത്തിലേക്കെത്തിയതോടെ പ്രകൃതിയോടുള്ള മനുഷ്യന്റെ സമീപനത്തില്‍ പ്രകടമായ മാറ്റങ്ങളുണ്ടായി. വ്യാവസായിക വിപ്ലവാനന്തര ലോകഘടന മുന്നോട്ടുവയ്ക്കുന്ന ഉല്‍പാദനവ്യവസ്ഥയും വികസനപ്രവര്‍ത്തനങ്ങളും പ്രകൃതിയുടെ ജൈവാവസ്ഥയെ തകിടംമറിച്ചുകൊണ്ടിരിക്കുകയാണ്‌. പരിസ്ഥിതിയുടെ താളം കൃത്രിമമായി തടയണക്കുള്ളില്‍ ഇച്ഛാനുസരണം ബലപ്പെടുത്തുന്ന പുതിയ പരിഷ്കാരങ്ങള്‍ പക്ഷി-മൃഗാദികള്‍ക്കും സസ്യജാലങ്ങള്‍ക്കും സ്വതന്ത്രമായി വളരാനും വികസിക്കാനുമുള്ള അവസ്ഥ നിഷേധിക്കുന്നു. ഇത്‌ മനുഷ്യജീവിതത്തില്‍ സൃഷ്ടിക്കുന്ന അവ്യവസ്ഥയെ മറികടക്കാന്‍ ഇന്നത്തെ ഭരണകൂടകേന്ദ്രീകൃതവികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ കഴിയുന്നില്ല. പ്രകൃതി-മനുഷ്യ ചുറ്റുപാടുകളെ വ്യത്യസ്തമായ അറകളിലാക്കി നിര്‍ത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ പരിസ്ഥിതിവാദം പ്രതിരോധിക്കുന്നു. ജീവികളെ അവയുടെ ജൈവികവും ഭൗതികവുമായ ചുറ്റുപാടുകളുമായി ബന്ധിപ്പിച്ച്‌ പഠിക്കുന്ന പരിസ്ഥിതിശാസ്ത്രവീക്ഷണത്തിലൂടെ പരിസ്ഥിതി എന്ന ആകെത്തുകയിലെ ഒരു കണ്ണി മാത്രമാണ്‌, മനുഷ്യന്‍ എന്ന്‌ ഓര്‍മ്മപ്പെടുത്തുകയാണ്‌ പരിസ്ഥിതിവാദം.

വര്‍ദ്ധിച്ചുവരുന്ന ലോകജനസംഖ്യയും വികസനമോഹങ്ങളും പ്രകൃതിവിഭവങ്ങളുടെ നിയന്ത്രിതോപയോഗത്തിന്റെ അനിവാര്യത വിളിച്ചുപറയാന്‍ എല്ലാ വിജ്ഞാനമേഖലകളെയും നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ആഗോളീകരണ രാഷ്ട്രീയത്തിന്റെ അനിവാര്യതകളില്‍പ്പെട്ട്‌ പ്രാദേശികമായ ആവാസവ്യവസ്ഥകള്‍ക്ക്‌ അസ്തിത്വം നഷ്ടപ്പെടുന്ന ഈ കാലത്ത്‌ പരിസ്ഥിതിവാദം ഒരു പ്രതിരോധപ��രവര്‍ത്തനമായി മാറിയിരിക്കുന്നു. പരിസ്ഥിതിവാദത്തിന്റെ തത്വചിന്താപരവും ദാര്‍ശനികവും രാഷ്ട്രീയവും ചരിത്രപരവുമായ പഠനങ്ങള്‍ പ്രകൃതി-മനുഷ്യബന്ധങ്ങളെ പുനര്‍നിര്‍വ്വചിച്ചുകൊണ്ടിരിക്കുകയാണ്‌. സാഹിത്യാദികലകളിലും പ്രകൃതിസംരക്ഷണദര്‍ശനം ഇപ്പോള്‍ വളരെ സോദ്ദേശമായിത്തന്നെ പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്നു.

പരിസ്ഥിതിവാദത്തിന്റെ വീക്ഷണത്തിലൂടെ സ്ത്രീപ്രശ്നങ്ങളെ പാരിസ്ഥിതികസ്ത്രീവാദം പഠനവിധേയമാക്കുന്നു. പുരുഷകേന്ദ്രിതമായ അധികാരഘടനയില്‍ വിധേയത്വത്തിന്റെയും മര്‍ദ്ദനത്തിന്റെയും ഇരയായി, സത്താപരമായ ഇല്ലായ്മയായി മാറേണ്ടിവന്നതാണ്‌ ലോകസ്ത്രീചരിത്രം. ഇത്തരം അപമൂല്യന(റമശ്ി‍)ത്തിനും അപമാനവീകരണ(റലവൗാ‍മിശ്വമശ്ി‍)ത്തിനും എതിരെയുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളുമാണ്‌ ലോകത്തെങ്ങുമുള്ള സ്ത്രീവാദപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നത്‌. നൂറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലിന്റെ ചരിത്രം കേരളത്തിലെ സ്ത്രീമനസ്സിനെയും അടക്കിഭരിക്കുന്നു. മരുമക്കത്തായത്തിന്റെയും മക്കത്തായത്തിന്റെയും അകത്തളങ്ങളില്‍ തറവാടുകളിലെ സ്ത്രീകള്‍ അസ്വാതന്ത്ര്യത്തിന്റെ കൈപ്പുനീര്‍ കുടിച്ചാണ്‌ കഴിഞ്ഞിരുന്നത്‌. കുടിലുകളിലെ സ്ത്രീകള്‍ ദാരിദ്ര്യത്തോടൊപ്പം ജ?ി‍-നാടുവാഴികളുടെ കാമക്കണ്ണുകളില്‍നിന്നും രക്ഷപെടാനായി പാടുപെട്ടു. സാമ്രാജ്യത്വാധിനിവേശങ്ങളും സ്ത്രീകളെ ചൂഷണംചെയ്യുന്നതില്‍ ജാഗ്രത വര്‍ദ്ധിപ്പിച്ചതേയുള്ളു. ജാതീയമായ വിലക്കുകള്‍ക്കു പുറമെ സ്ത്രീയെന്ന നിലയിലുള്ള വിലക്കുകളെയും ചൂഷണങ്ങളെയും അതിലംഘിച്ചുകൊണ്ടാണ്‌ കേരളത്തിലെ സ്ത്രീവാദം പൊതു-സ്വകാര്യ ഇടങ്ങള്‍ക്കായി പൊരുതിക്കൊണ്ടിരിക്കുന്നത്‌.അമ്മദൈവാരാധനയും കാവുകളും അമ്പലങ്ങളും സ്ത്രീയെ പൂജിക്കുകയായിരുന്നില്ല. സ്ത്രീസ്വത്വത്തെ അടക്കിഭരിക്കുകയായിരുന്നു. ഉറഞ്ഞുതുള്ളുന്ന ദേവിയുടെ സാന്നിധ്യം സ്ത്രീക്ക്‌ അനുഗ്രഹമായൊരു സാമൂഹ്യസാഹചര്യം ഒരിക്കലും കേരളത്തില്‍ ഉണ്ടായിരുന്നില്ല. ഉറഞ്ഞുതുള്ളുന്ന ആരാധ്യസ്ത്രീദേവതയുടെ മുന്നില്‍ കൂപ്പുകൈയുമായി നില്‍ക്കുന്ന മനുഷ്യന്‌ പൊതുഇടങ്ങളില്‍ സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന, പ്രതികരിക്കുന്ന സ്ത്രീയെ ഭയക്കുന്ന ഒരു പൊതുബോധം മാത്രമേ എന്നും കേരളത്തിലുണ്ടായിരുന്നുള്ളു. മാനുഷികപരിഗണനകള്‍ നിഷേധിക്കുന്ന സ്ത്രീക്ക്‌ സ്വന്തം ശരീരത്തിലും മനസ്സിലും സ്വതന്ത്രമായി ഇടപെടാനുള്ള ശ്രമങ്ങളെ ചെറുക്കാനുള്ള ഒരു കവചമായി മാറുന്ന വിശ്വാസങ്ങളുടെ ഒരു പാരിസ്ഥിതികതലം മാത്രമായിരുന്നു ഇത്‌. ആചാരവിശ്വാസങ്ങളുടെ പുരുഷകേന്ദ്രീകൃതാവസ്ഥയില്‍ പെണ്ണിന്‌ മാറ്റിനിര്‍ത്തപ്പെടലുകളും കുളിച്ചുതൊഴലും മാത്രമായിരുന്നു എന്നും. കാവുകളും അമ്പലങ്ങളും കേന്ദ്രീകരിച്ച പഴയ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുന്ന ഈ കാലത്തും സ്ത്രീ ഉടുത്തൊരുങ്ങി മാറിനിന്ന്‌ പൂജ കണ്ട്‌ തൊഴുതുമടങ്ങുന്നു. അവിടങ്ങളില്‍ കുന്നുകൂടുന്ന പണവും അധികാരവും രാഷ്ട്രീയഘടനയും സമ്മാനിക്കുന്ന ആധിപത്യമനോഭാവം ഇന്നും ഭൂരിപക്ഷസ്ത്രീചിന്തയ്ക്ക്‌ വിഷയമേ അല്ലാതാവുന്നു.

വീട്ടുജോലികളിലും കുട്ടികളുടെ സംരക്ഷണച്ചുമതലയിലും ഒതുങ്ങി ജീവിച്ചിരുന്നതില്‍നിന്ന്‌ തൊഴില്‍രംഗത്തും സജീവമായപ്പോഴും സ്ത്രീ പുരുഷന്റെ സംരക്ഷണയുടെ കീഴില്‍ മാത്രം കഴിയേണ്ടവളാണെന്ന ധാരണയില്‍നിന്ന്‌ സ്വതന്ത്രമാവാന്‍ നമ്മുടെ സമൂഹത്തിന്‌ കഴിഞ്ഞിട്ടില്ല. സംരക്ഷണത്തിനപ്പുറമുള്ള സഹജീവനത്തിന്റേതായ ചുറ്റുപാട്‌ കുടുംബത്തിലോ സമൂഹത്തിലോ ഉണ്ടായിട്ടില്ല എന്നതാണ്‌ കേരളീയ സ്ത്രീയെ രണ്ടാംപദവിയിലേക്ക്‌ തള്ളിമാറ്റിയത്‌. സ്ത്രീ-പുരുഷ ധര്‍മ്മങ്ങളിലെ ജീവശാസ്ത്രപരമായതും മാറ്റമില്ലാത്തതുമായ ലിംഗവ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്‌ ഇന്നും സ്ത്രീ പദവി നിര്‍ണ്ണയിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്‌. അതുകൊണ്ടുതന്നെ സ്ത്രീസമൂഹം എവിടെയും ഇരട്ട ചൂഷണത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുകയാണ്‌. ഒരേസമയം വീട്ടിലും സമൂഹത്തിലും, മറ്റു തൊഴിലിടങ്ങളിലും അടുക്കളയിലും സ്വന്തം ശരീരത്തിലും സാംസ്കാരിക നിര്‍മ്മിതിയിലും എന്നിങ്ങനെ അവ അടിച്ചമര്‍ത്തലുകളുടെ പരാഭേദങ്ങളായി പുനര്‍ജ്ജനിച്ചുകൊണ്ടേയിരിക്കുന്നു. കേരളത്തിലെ പുരോഗമനചിന്ത സ്ത്രീവാദ രാഷ്ട്രീയത്തെ ഏറെ മുന്നോട്ടു കൊണ്ടുപോയിട്ടുണ്ടെങ്കിലും കേരളീയ പൊതുബോധം ഇന്നും സ്ത്രീവിരുദ്ധമാണ്‌. ഒരുഭാഗത്ത്‌ സ്ത്രീവാദചിന്തയ്ക്ക്‌ പുതിയ മാനങ്ങളേറെയുണ്ടായിക്കൊണ്ടിരിക്കുമ്പോഴും മറുഭാഗത്ത്‌ ആധിപത്യ അടിമ മനോഭാവവും വര്‍ദ്ധിച്ചുവരുന്നു.1970-കള്‍ക്ക്‌ ശേഷം സ്ത്രീവാദചിന്തയിലുണ്ടായ നവീനമായൊരു ധാരയാണ്‌ പാരിസ്ഥിതിക സ്ത്രീവാദം (ഋരീ എലാശിശൊ). അത്‌ പരിസ്ഥിതിവാദത്തിന്റെയും സ്ത്രീവാദത്തിന്റെയും ചെറുത്തുനില്‍പ്‌ സ്വഭാവം മുന്നോട്ടുവയ്ക്കുന്നു. മനുഷ്യന്റെ ആധിപത്യമനോഭാവമാണ്‌ പ്രകൃതിയെ ചൂഷണംചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌. അനിയന്ത്രിതമായ ചൂഷണം സര്‍വ്വനാശത്തിലേക്കുള്ള വഴി തുറക്കുന്നു. പാരിസ്ഥിതിക സ്ത്രീവാദം പ്രകൃതി-സ്ത്രീ പ്രശ്നങ്ങളെ സമാനമായി കാണുന്നു. പുരുഷകേന്ദ്രിത വ്യവസ്ഥ പ്രകൃതിക്കു മേല്‍ ആധിപത്യം ചെലുത്തുന്നതുപോലെ സ്ത്രീയുടെ മേലും ആധിപത്യം ചെലുത്തുന്നു. പ്രകൃതിയുടെ ഉര്‍വ്വരതയെ നിയന്ത്രിക്കുന്നതുപോലെ സ്ത്രീയുടെ ഉര്‍വ്വരതയേയും നിയന്ത്രിക്കുന്നു. പ്രകൃതിസമ്പത്തിന്റെയും ഉല്‍പാദനോപകരണങ്ങളുടെയും മേല്‍ തന്റെ ആധിപത്യം ഉറപ്പിക്കുന്നതുപോലെ പുരുഷകേന്ദ്രീകൃതവ്യവസ്ഥ സ്ത്രീയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും, പുനരുല്‍പാദന പ്രക്രിയയിലും ആധിപത്യമനോഭാവം അടിച്ചേല്‍പിക���കുന്നു. ഉല്‍പാദനത്തിന്റെയും വികസനത്തിന്റെയും ഉത്തമപങ്കാളിത്തം വഹിക്കുന്ന സ്ത്രീ-പ്രകൃതി പ്രശ്നങ്ങള്‍ തുല്യനിലയ്ക്കുള്ളതാണെന്ന്‌ പാരിസ്ഥിതിക സ്ത്രീവാദം വ്യക്തമാക്കുന്നു.

ആധുനിക മുതലാളിത്ത സാങ്കേതികവിദ്യകളുടെ കടന്നുകയറ്റം സ്ത്രീയുടെ ജൈവഘടനയെ തകിടംമറിക്കുന്നതാണ്‌. ആരോഗ്യരംഗത്തെ വര്‍ദ്ധിച്ചുവരുന്ന കച്ചവടതാല്‍പര്യം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌ സ്ത്രീയെയാണ്‌. ലൈംഗികപീഡനങ്ങളും ഭ്രൂണഹത്യകളും വര്‍ദ്ധിച്ചുവരുന്നു. അസന്തുലിതമായ പെണ്‍-ആണ്‍ ജനസംഖ്യാവിതരണത്തിലേക്ക്‌ നയിക്കുന്ന സാമൂഹ്യസാഹചര്യം വര്‍ദ്ധിച്ചുവരുന്ന പെണ്‍ഭ്രൂണഹത്യയുടെ തെളിവാണ്‌. ജനസംഖ്യയില്‍ പുരുഷ?ാ‍രേക്കാള്‍ സ്ത്രീകളുള്ള സംസ്ഥാനമാണ്‌ കേരളം. എന്നാല്‍ അടുത്തകാലത്തായി പെണ്‍ഭ്രൂണഹത്യകള്‍ ഇവിടെയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. പുനരുല്‍പാദനപ്രക്രിയയില്‍ പോലും സ്ത്രീകളുടെ നേരെ അടിമമനോഭാവം വെച്ചുപുലര്‍ത്തുന്ന സമൂഹത്തില്‍നിന്ന്‌ സ്വതന്ത്രബുദ്ധിയായ ഒരു സ്ത്രീസമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്ന ആഭ്യന്തരവും ബാഹ്യവുമായ ഭാരിച്ച ഉത്തരവാദിത്തമാണ്‌ കേരളത്തിലെ സ്ത്രീവാദം നേരിടുന്നത്‌. ഇങ്ങനെ അടിമത്തത്തിന്റെ ഭാരം ഭ്രൂണത്തില്‍ത്തന്നെ പെണ്‍കുട്ടികള്‍ വഹിച്ചുതുടങ്ങുന്നു എന്നതാണ്‌ സ്ത്രീകളുടെ പിന്നോക്കാവസ്ഥയെക്കുറിച്ച്‌ പറയുമ്പോള്‍ നാം മറന്നുപോകുന്നൊരു കാര്യം. ഇത്‌ സ്ത്രീകളുടെ പിന്നോക്കാവസ്ഥയുടെ മാത്രം പ്രശ്നമല്ല. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളില്‍ മാതൃകാപരമായൊരു സ്ഥാനം നേടിയ ഒരു സംസ്ഥാനത്തിന്റെ സാംസ്കാരിക പിന്നോക്കാവസ്ഥയുടെ, ഫ്യൂഡല്‍ ബോധത്തിന്റെ പ്രശ്നമാണ്‌.

പ്രസവത്തെ ഇന്ന്‌ വൈദ്യശാസ്ത്രം ഏറ്റവും ലാഭകരമായ കച്ചവടമാക്കി മാറ്റിയിരിക്കുകയാണ്‌. സ്വാഭാവിക പ്രസവങ്ങള്‍ക്കു പകരം പലപ്പോഴും ശസ്ത്രക്രിയകള്‍ അടിച്ചേല്‍പിക്കുന്ന സമീപനമാണ്‌ വൈദ്യരംഗം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌. ഇത്‌ സ്ത്രീയുടെ ശരീരഘടനയെ അപകടകരമാംവിധം അനാരോഗ്യത്തിലേക്ക്‌ നയിക്കുന്നു. ആധുനിക പരിഷ്കാരങ്ങള്‍ പരിസ്ഥിതിയുടെ വ്യവസ്ഥാപരമായ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നതുപോലെ ഒരു ദീര്‍ഘകാല അസന്തുലിതാവസ്ഥയാണ്‌ ഇത്തരം ശസ്ത്രക്രിയകള്‍ സ്ത്രീശരീരത്തില്‍ സൃഷ്ടിക്കുന്നത്‌. ഇത്‌ സ്വന്തം നിലനില്‍പ്പിന്റെ മാത്രം പ്രശ്നങ്ങളാകുന്നില്ല. ആരോഗ്യപൂര്‍ണ്ണമായൊരു കുടുംബസാമൂഹ്യപശ്ചാത്തലം തന്നെയാണ്‌ ഇതിലൂടെ നഷ്ടമാവുന്നത്‌.പരിസ്ഥിതി കേന്ദ്രീകൃതവികസനമെന്നതുപോലെ പ്രധാനമാണ്‌ സ്ത്രീകേന്ദ്രീകൃത വികസനവും. പെണ്‍കുട്ടികള്‍ക്ക്‌ ലഭിക്കേണ്ട ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുമ്പോള്‍ അതൊരു സാമൂഹ്യസുരക്ഷ തന്നെയാണ്‌ എന്ന കാര്യം മറക്കുന്ന, വികസനസങ്കല്‍പങ്ങളിലെ അന്യവത്കരിക്കപ്പെട്ട (മഹശലിമലേറ), വിഭാഗീയമായ ചിന്താഗതി ഇന്നും നിലനില്‍ക്കുന്നു. വീട്ടിലും തൊഴിലിടങ്ങളിലും മണിക്കൂറുകളോളം ജോലികളിലേര്‍പ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീകളുടെ ശാരീരികവും മാനസികവുമായ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും കൂടിവരികയാണ്‌. പുതിയ ജീവിതാവസ്ഥകള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തിന്റെ വിവിധ സ്രോതസ്സുകള്‍ (ഇ-വെയിസ്റ്റുകള്‍ പോലുള്ളവ) മൂന്നാംലോകരാഷ്ട്രങ്ങളിലെ സ്ത്രീകളുടെ ദാരിദ്ര്യവും രോഗങ്ങളും മാനസികസംഘര്‍ഷങ്ങളും ഏറെ വര്‍ദ്ധിപ്പിക്കുന്നു.

പരിസ്ഥിതിയും സ്ത്രീയും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുമ്പോള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത മറ്റൊരു മേഖലയാണ്‌ ഇന്ന്‌ വിനോദവികസനം (ഠീൌ‍ൃ‍ശൊ ഉല്ലഹീു‍ാ‍ലിി‍). പാരിസ്ഥിതിക സൗന്ദര്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്താമെന്ന്‌ വീക്ഷണം ആധുനിക ലോകഭരണകൂടങ്ങളെല്ലാം മുന്നോട്ടുവെക്ക��ന്നുണ്ട്‌. ഇന്ന്‌ വിനോദത്തെ ഒരു വ്യാവസായിക വില്‍പനച്ചരക്കാക്കി മാറ്റുകയും പരിസ്ഥിതിയെ വിവേചനരഹിതമായി ഉപയോഗിക്കുകയും ചെയ്യുന്നു. കേരളീയ ഗ്രാമങ്ങളുടെ ആര്‍ദ്രസൗന്ദര്യം നിലനിന്നിരുന്നത്‌ അതിന്റെ പരിസ്ഥിതി കേന്ദ്രീകൃത വ്യവസ്ഥയിലായിരുന്നു. പ്രാദേശികമായ എഴുതപ്പെടാത്ത നിയമങ്ങളുടെ ഒരു വ്യൂഹം പഴയ ഗ്രാമങ്ങളെ നിയന്ത്രിച്ചിരുന്നു. വികസനവിരുദ്ധമായ എല്ലാ പാരമ്പര്യവിശ്വാസങ്ങളെയും ഇല്ലാതാക്കുമെന്ന വ്യാമോഹവുമായി വന്ന ഈ പുതിയ തൊഴില്‍മേഖലയും സ്ത്രീയെ ചൂഷണം ചെയ്യുകയായിരുന്നു. പ്രത്യേകിച്ച്‌ കേരളത്തിലെ കടലോരഗ്രാമങ്ങളുടെ നേര്‍ക്കാണ്‌ ഈ വികസനമോഹങ്ങള്‍ ഏറെയും ശ്രദ്ധ കേന്ദ്രീകരിച്ചത്‌. സ്ത്രീകളെ ഉപയോഗിച്ചുകൊണ്ട്‌ വളരുന്ന സെക്സ്‌ ടൂറിസം എന്നുതന്നെ പറയാവുന്ന അപകടകരമായ പ്രതിസന്ധികളാണ്‌ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്‌. ആഗോള കമ്പോളത്തിലെ സൗന്ദര്യസങ്കല്‍പങ്ങളും പരസ്യങ്ങളും ഉണ്ടാക്കിയെടുക്കുന്ന അധീശരാഷ്ട്രീയത്തിന്റെ ഇരയായി സ്ത്രീ മാറുന്നു. ഇത്തരമൊരു അധികാരഘടനയെ എതിര്‍ക്കുന്നതോടൊപ്പം ശരീരമാണ്‌ സ്ത്രീയുടെ ഏറ്റവും വലിയ ശക്തി എന്ന ചിന്തയേയും പാരിസ്ഥിതിക സ്ത്രീവാദം എതിര്‍ക്കുന്നു. ആധുനികാനന്തര സ്ത്രീവാദപശ്ചാത്തലത്തിലും സ്വന്തം ശരീരഭാഷയെ സ്വാതന്ത്ര്യത്തോടുകൂടി ആവിഷ്കരിക്കാന്‍ പൊരുതേണ്ടിവരുന്ന സാമൂഹ്യസാഹചര്യമാണ്‌ നമ്മുടേത്‌. ഇങ്ങനെ സ്ത്രീയുടെയും പരിസ്ഥിതിയുടെയും സ്വാഭാവിക പ്രക്രിയകളെ പരിവര്‍ത്തനപ്പെടുത്തുന്ന, അടിച്ചമര്‍ത്തുന്ന എല്ലാവിധ മാനുഷിക പ്രവര്‍ത്തനങ്ങളെയും പാരിസ്ഥിതിക സ്ത്രീവാദം എതിര്‍ക്കുന്നു. ഇത്‌ ഒരാഗോള പാരിസ്ഥിതിക കാഴ്ചപ്പാടാണ്‌. മനുഷ്യചരിത്രസംസ്കൃതിയില്‍ പുതിയ സമവാക്യങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഈ സാംസ്കാരിക പാരിസ്ഥിതിക സ്ത്രീവാദ പ്രതിരോധ പ്രവര്‍ത്തന��്ങള്‍ക്ക്‌ കേരളത്തില്‍ ഇനിയും വേണ്ടത്ര ജാഗ്രത ഉണ്ടായിട്ടില്ല.

ഏതുതരത്തിലുള്ള അടിമമനോഭാവവും അതനുഭവിക്കുന്നവരെപ്പോലെ അനുഭവിപ്പിക്കുന്നവരെയും അധോഗതിയിലേക്ക്‌ തന്നെയാണല്ലോ നയിക്കുന്നത്‌. പാരിസ്ഥിതിക സ്ത്രീവാദം കേവലം സ്ത്രീവാദമോ പാരിസ്ഥിതികവാദമോ അല്ല മുന്നോട്ടുവയ്ക്കുന്നത്‌. മാനവികമൂല്യങ്ങള്‍ക്കും പ്രകൃതി-മനുഷ്യ സന്തുലിതാവസ്ഥയ്ക്കും വിവേചനരഹിതവും സ്വച്ഛവുമായ ഒരു ജീവിതാവസ്ഥയ്ക്കും വേണ്ടിയുള്ള ഒരു ചിന്താ-പ്രവര്‍ത്തന പദ്ധതിയാണത്‌. സാംസ്കാരിക വിനിമയത്തിലെ ചൂഷണരഹിതമായ ഇടം സ്ത്രീവാദം മുന്നോട്ടുവെയ്ക്കുന്നതുപോലെ പാരിസ്ഥിതിക സ്ത്രീവാദവും എല്ലാവിധ ആധിപത്യ മനോഭാവങ്ങള്‍ക്കുമെതിരെയുള്ള ശ്രമങ്ങളാണ്‌ ലക്ഷ്യമിടുന്നത്‌. അതിന്‌ വേഗം കൂട്ടുക എന്നത്‌ ഒരു ജനതയുടെ, ഭരണകൂടത്തിന്റെ ലക്ഷ്യമാവേണ്ടിയിരിക്കുന്നു.


SocialTwist Tell-a-Friend
Related Stories: പരിസ്ഥിതിയും സ്ത്രീയും - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon