You are here: HOME » MAGAZINE »
വേലക്കാരിസ്വത്വം മലയാളസിനിമയില്‍
രഘുവാസ്‌ Jayakeralam Malayalam News
സിനിമ, ദൃശ്യശ്രാവ്യചിഹ്നങ്ങളുടെ ആസ്വാദനത്തിന്റെ അനിവാര്യതയെ ആവശ്യപ്പെടുന്ന മാധ്യമമാണ്‌. ഓരോ സമയം കാഴ്ചയുടെയും കേള്‍വിയുടെയും ആസ്വാദനം ആവശ്യപ്പെടുമ്പോള്‍ത്തന്നെ രണ്ടുതരം ആസ്വാദനശീലത്തെ തൃപ്തിപ്പെടുത്തിക്കൊണ്ടുവേണം അതിന്‌ മുന്നോട്ടുപോകാന്‍. രണ്ടിനെയും ഒരേ അനുപാതത്തില്‍ സമന്വയിപ്പിച്ച്‌ കൊണ്ടുപോവുകയാണ്‌ സിനിമ ചെയ്യേണ്ടിയിരിക്കുന്നത്‌. പല ലോക ക്ലാസ്സിക്കുകളും അത്തരം ആസ്വാദനബോധത്തെ തൃപ്തിപ്പെടുത്തിയതായിരുന്നു. ഇത്തരത്തില്‍ വളരെ ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടുന്ന അഭ്രകാവ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീയും പുരുഷനും പലവിതാനത്തില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ പുരുഷകേന്ദ്രിത സമൂഹം തങ്ങളുടെ പക്ഷത്തെ പ്രത്യക്ഷമായോ പരോക്ഷമായോ അളന്നുനോക്കുന്നില്ല എന്നതാണ്‌ പരാമര്‍ശം.

എന്നാല്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീയെ പലരും പല രീതിയില്‍ പഠിച്ചിട്ടുണ്ട്‌. ക്യാമറക്കാഴ്ചയിലെ സ്ത്രീ, പുരുഷന്റെ കണ്ണിലെ സ്ത്രീ, സമൂഹത്തിലെ സ്ത്രീസ്വത്വം ഇങ്ങനെ പല രീതിയില്‍ കാല്‍നൂറ്റാണ്ടോളമായി വളരെ സജീവമായിരിക്കുന്ന സ്ത്രീകാഴ്ച ചര്‍ച്ച ചെയ്യപ്പെടുന്നു.

വേലക്കാരന്‍ എന്ന പുരുഷശബ്ദത്തിന്‌ എതിര്‍ലിംഗപദം, ഭാഷയില്‍ അത്തിയെന്നോ കാരിയെന്നോ പ്രത്യയം ചേര്‍ത്ത്‌ ഉപയോഗിക്കേണ്ടതാണെന്ന്‌ കേരളപാണിനി നിഷ്കര്‍ഷിക്കുന്നു. അപ്പോള്‍ വേലക്കാരന്റെ എതിര്‍ലിംഗപദം വ്യവച്ഛേദിക്കാം. രണ്ടു പദങ്ങളും സ്ത്രീസ്വത്വത്തെക്കുറിക്കുന്നു. വേല, അതായത്‌ തൊഴില്‍ ചെയ്യുന്നവള്‍ എന്നര്‍ത്ഥത്തില്‍ വേലക്കാരി എന്ന നാമം അനുയോജ്യമാണ്‌. പക്ഷേ പണിക്കാരി പണി ചെയ്യുന്നവളായിരിക്കെ മറ്റൊരര്‍ത്ഥതലവുമുണ്ട്‌ ആ പദത്തിന്‌. വേലക്കാരി മേലാളഗൃഹങ്ങളിലെ അടുക്കള പ്രവൃത്തി ചെയ്യുന്നവളും പണിക്കാരി പാടത്തും പറമ്പിലും തൊഴില്‍ ചെയ്യുന്നവളുമായി മാറുന്നു. എന്തായാലും ഫ്യൂഡല്‍ വ്യവസ്ഥിതിയിലെ അടിയാള കീഴാള ബോധം തന്നെയായിരിക്കും ഇവരില്‍ പ്രവര്‍ത്തിക്കുന്നത്‌. കീഴാള വര്‍ഗബോധം സാഹിത്യത്തില്‍ അവതരിപ്പിക്കുമ്പോള്‍ അത്‌ തികച്ചും ദളിത്‌വത്കരിക്കപ്പെട്ട ഭൂമികയില്‍ നിന്നകന്ന്‌ ഒരു ചലച്ചിത്രകാരന്റെ തട്ടകത്തിലേക്കാണ്‌ ഈ ലേഖനം കണ്ണോടിക്കുന്നത്‌.

മലയാള ചലച്ചിത്രത്തിന്റെ ഏതൊരു കാലഘട്ടം പരിശോധിച്ചാലും നായികയെ വേലക്കാരിയായി അവതരിപ്പിച്ച്‌ വിജയംകൊയ്ത ചിത്രങ്ങള്‍ ഏറെയുണ്ടെന്ന്‌ കാണാം. നായിക-കേന്ദ്രിത, സ്ത്രീപ്രാതിനിധ്യമുള്ള സിനിമകളാണ്‌ എന്നും കൂടുതലായി ചര്‍ച്ചചെയ്യപ്പെടുന്നത്‌. ദുരന്തങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട അവശവിഭാഗമായി സ്ത്രീയെ പ്രത്യക്ഷീകരിച്ച്‌ കാണാനുള്ള പുരുഷകാഴ്ചയുടെ പരുഷബോധമാണ്‌ ഇവിടെ പ്രവര്‍ത്തിക്കുന്നത്‌. കദനകഥകളെ ചിത്രീകരിക്കുമ്പോഴും സ്ത്രീ ഒരു ചരക്കാണ്‌ എന്ന വികല കാഴ്ചയാണ്‌ മുന്നിട്ടുനില്‍ക്കുന്നത്‌. പുതുമുഖ നായികമാരെ വേലക്കാരിവേഷം കെട്ടിച്ച്‌ വെള്ളിത്തിരയില്‍ കാണിക്കുന്ന സംവിധായകന്റെ കച്ചവടക്കണ്ണ്‌ ഒരു ശരാശരി കേരളീയന്റെ മനോനിലകളിലേക്കാണ്‌ വന്നുപതിക്കുന്നത്‌. ഇവരെല്ലാം വെളുത്തു തുടുത്തവരും മണിപ്രവാള നായികമാലെപ്പോലെ അഴകുവഴിയുന്നവരും കടാക്ഷ വിക്ഷേപങ്ങലും ഘനത്വമേറിയ വക്ഷോജങ്ങളുമുള്ളവരായിരിക്കണമെന്ന്‌ ഇന്നും ശഠിക്കുന്നത്‌ ആരുടെ വക്രീകരിച്ച മനസ്സാണ്‌ എന്നത്‌ പകല്‍പോലെ വ്യക്തമാണ്‌.ഹരിഹരന്റെ നഖക്ഷത ങ്ങളില്‍ കുടുംബപ്രാരാബ്ധങ്ങളുള്ള വേലക്കാരിയായ തങ്കമണിയെ അവതരിപ്പിച്ച്‌ ഉര്‍വ്വശി അവാര്‍ഡ്‌ നേടിയ മോനിഷ അഭിനയകാര്യത്തില്‍ ഉര്‍വ്വശി അവാര്‍ഡിന്‌ തികച്ചും അര്‍ഹതന്നെയായിരുന്നു. പക്ഷേ, വേലക്കാരിയെ പൊലിപ്പിച്ചെടുക്കാന്‍ ക്യാമറയുടെ കണ്ണുകള്‍ ഏതളവിലും മാനങ്ങളിലുമാണ���‌ നീങ്ങുന്നത്‌ എന്ന്‌ ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രഥമ ദര്‍ശനത്തില്‍ത്തന്നെ അനുരാഗലോലരാവുന്ന നായികാനായക?ാ‍രെ സംവിധായകന്‍/തിരക്കഥാകൃത്ത്‌ തന്റെ അഭീഷ്ടത്തിനനുസരിച്ച്‌ പരിമിതപ്പെടുത്തുന്നു. ത്രികോണപ്രേമ കഥാപരിണതിയില്‍ നായകനെക്കൊണ്ട്‌ ആത്മഹത്യ ചെയ്യിക്കുന്നു. വേലക്കാരി തലമറന്ന്‌ എണ്ണതേച്ച്‌ നായകനെ കുരുതികൊടുത്തു എന്നും വേണമെങ്കില്‍ കുട്ടിക്കൃഷ്ണമാരാരുടെ ഭാഷയില്‍ പറയാം. ഇത്തരത്തിലുള്ള പ്രണയസങ്കല്‍പങ്ങളാണ്‌ വേലക്കാരിയെ കേന്ദ്രീകരിച്ച്‌ അന്നും ഇന്നും മലയാളസിനിമയെ ഭരിക്കുന്നത്‌.

സിബി മലയില്‍ ചിത്രമായ മായാമയൂര ത്തില്‍ ഭദ്രയെന്ന വേലക്കാരി പെണ്‍കുട്ടിയായി ഉര്‍വ്വശി ശോഭനയാണ്‌ അഭിനയിച്ചത്‌. ഇരട്ടനായക വേഷത്തിലവതരിച്ച നായകനുവേണ്ടി നിര്‍മ്മിക്കപ്പെട്ട കഥയാണെങ്കിലും വേലക്കാരിയായി പ്രേക്ഷകരുടെ സ്നേഹവും സഹതാപവും പിടിച്ചുപറ്റുന്നത്‌ ഭദ്രതന്നെയാണ്‌. പ്രണയത്തിനുവേണ്ടി സ്വയം ആത്മഹത്യയ്ക്കൊരുങ്ങുന്ന ഭദ്രയെന്ന കീഴാളജീവിതത്തെ ഒടുക്കം രക്ഷിച്ചെടുക്കാനുള്ള സ?നസ്സ്‌ കാണിക്കുന്നത്‌ മേലാളന്‍ (തിലകന്‍ അവതരിപ്പിച്ച കഥാപാത്രം) തന്നെയാണ്‌ അപ്പോള്‍ കാണികളിലുണ്ടാകുന്ന വികാരം കീഴാളസ്വത്വത്തിന്റെ രക്ഷപെടലിനപ്പുറം മേലാളന്റെ ദയയെ പാര്‍വതീകരിച്ച്‌ അംഗീകരിക്കുന്ന മട്ടിലാണ്‌.

സര്‍ഗം എന്ന ചിത്രത്തില്‍ മാനസിക രോഗിയായ കുട്ടന്‍തമ്പുരാന്‌ വിവാഹത്തിന്‌ ഒരു പെണ്‍കുട്ടിയെ കിട്ടാതെ വന്നപ്പോള്‍ ബലിയാടാവേണ്ടി വന്നത്‌ വേലക്കാരിയായ നായിക (രംഭ) തന്നെയായിരുന്നു. ഇവിടെയും കീഴാള-മേലാള ദ്വന്ദ്വാത്മകത ദൃശ്യമാവുന്നു. എന്നും കീഴാളസ്വത്വത്തെ ഇത്തരത്തില്‍ അടിച്ചമര്‍ത്തുക എന്നത്‌ പ്രത്യക്ഷ സാമൂഹ്യജീവിതത്തില്‍ സാധിക്കാതെ വന്നപ്പോള്‍ അത്‌ കലയിലൂടെ സാധിച്ചെടുക്കാനുള്ള തത്പരകക്ഷികളുടെ നീക്കമ��ണ്‌ പ്രത്യക്ഷമാവുന്നത്‌. ഇത്‌ എത്രത്തോളം അപകടകരമാകുന്നുവെന്നത്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു. നായികയുടെ സ്ത്രീശാക്തീകരണബോധം ഉണരാതിരിക്കാന്‍ സ്ത്രീസ്വത്വത്തെ സാമൂഹ്യപരിസരത്തുനിന്നും സമര്‍ത്ഥമായി ഹൈജാക്ക്‌ ചെയ്തുകൊണ്ടുപോകുകയാണ്‌ സംവിധായകന്‍. ബാലചന്ദ്രമേനോന്റെ അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെ ആനിയെന്ന പുതുമുഖനായികയെ വില്‍പന ചെയ്യുന്നതും വേലക്കാരന്‍ എന്ന വേഷംകെട്ടിച്ചുകൊണ്ടാണ്‌. വേലക്കാരന്‍/വേലക്കാരിയെ ഒരു വില്‍പനച്ചരക്കാക്കുക എന്ന ലളിതവത്കരിച്ച ഒരു ഗൂഢതന്ത്രമാണ്‌ ഇവിടെയും നടപ്പാവുന്നത്‌. സുന്ദര്‍ദാസിന്റെ സല്ലാപ ത്തിലെ രാധ(മഞ്ജുവാര്യര്‍)യെ മേലാളന്റെ ഗാര്‍ഹിക ചുറ്റുപാടെന്ന ഫ്യൂഡല്‍വ്യവസ്ഥ സംരക്ഷിക്കാന്‍വേണ്ടി നിറുത്തപ്പെടുന്ന ഒരു വേലക്കാരിയാക്കി മാറ്റിയിരിക്കുന്നു. ചൂഷണത്തിന്റെ നീരാളിക്കൈകള്‍ മേലാളനായ സംരക്ഷകനില്‍നിന്നുപോലും നീണ്ടുവരുമ്പോള്‍ സുരക്ഷതേടി പലായനോ?ു‍ഖമാകുന്ന നായികയെ/വേലക്കാരിയെ ഇതില്‍ കാണാം.

കൗമാരക്കാരികളായ വേലക്കാരി പെണ്‍കുട്ടികള്‍ സമ്പന്ന ഗൃഹങ്ങളെ മോടികൂട്ടുമ്പോള്‍ അവര്‍ പ്രതാപത്തിന്റെ ചിഹ്നമായി ഉപയോഗിക്കപ്പെടുന്നു. ബോധപൂര്‍വ്വമോ അല്ലാതെയോ ഇവിടെ കീഴാളന്റെ ശക്തിയുടെ ഉണര്‍വിനെ ഹിപ്നോട്ടൈസ്‌ ചെയ്ത്‌ മരവിപ്പിച്ച്‌ നിര്‍ത്താന്‍ മലയാളബോധത്തിന്‌ കഴിയുന്നു. അതിലൂടെ കീഴാളന്റെ സ്വത്വബോധത്തെ തകര്‍ക്കാനുള്ള ശ്രമം ബലപ്പെടുന്നു. ഫ്യൂഡലിസ്റ്റ്‌ കാലഘട്ടത്തില്‍ അടിയാളവര്‍ഗം എന്നു വ്യവഹരിക്കപ്പെട്ടു പോന്നിരുന്നവര്‍ വിവാഹത്തിന്റെ ആദ്യരാത്രിയില്‍ വേട്ടപെണ്ണിനെ ജ?ി‍ക്ക്‌ കാഴ്ചവെക്കുന്ന സമ്പ്രദായ സരണിയിലേക്ക്‌ പിന്‍നടത്തുന്ന ബുദ്ധിപരമായ പ്രവര്‍ത്തനനിഷ്ഠൂരതയാണ്‌ ഇവിടെ കാണുന്നത്‌. അങ്ങനെ കറുപ്പിന്റെ സൗന്ദര്യം ആദ്യമാസ്വദിക്കുക എന്ന മാംസവല്‍ക്കരിക്കപ്പെട്ട ആസ്വാദനബോധം പോലും ഉണര്‍ന്നുവരുന്നു. ചൂഷണത്തിന്റെ അടിച്ചമര്‍ത്തലിന്റെ ഇരതന്നെയാവുന്നു അപ്പോള്‍ വേലക്കാരികള്‍. വേലക്കാരികള്‍ക്ക്‌ സംവിധായകന്‍ ഒരുക്കിക്കൊടുക്കുന്ന വേഷം പോലും നമുക്ക്‌ ശ്രദ്ധിക്കാം. സ്ത്രീയുടെ ഉടല്‍ക്കാഴ്ചയെ എക്സ്പോസ്‌ ചെയ്യുന്ന തരത്തില്‍ പാവാടയും ജാക്കറ്റുമണിഞ്ഞ്‌ അവരെ നിര്‍ത്തുകയും നിര്‍ദ്ദോഷമെന്നു പലര്‍ക്കും തോന്നിയേക്കാവുന്ന വിധം അവരെ കാഴ്ചവല്‍കരിക്കുകയും ചെയ്യുന്നു.
അടുത്തകാലത്തിറങ്ങിയ നന്ദനം , കസ്തൂരിമാന്‍ എന്നീ ചിത്രങ്ങളിലും സംവിധായകര്‍ അണിയിച്ചൊരുക്കിയിരുന്നു. പ്രായത്തെ ഇത്തിരികൂടി കുറച്ച്‌ അപകടകരമായ രീതിയില്‍ ഈ നിഷ്കളങ്കതയെ ക്യാമറ ഒപ്പിയെടുക്കുകയും ചെയ്യുന്നു. നന്ദന ത്തില്‍ സംവിധായകന്‍ പ്രത്യക്ഷപ്പെടുന്ന അനേകം വേലക്കാരീമുഖങ്ങളില്‍ നവ്യാനായര്‍ എന്ന അഭിനേത്രിയെ മണ്ണിന്റെ പശിമയും ആകാരവടിവും ഉള്ളവളായി ചിത്രീകരിച്ച്‌ ആദ്യമേ തന്നെ പ്രേക്ഷകമനസ്സില്‍ ഒരു വേലക്കാരിയെ കോറിയിടുന്നു. അതിനെ പിന്നീട്‌ പ്രണയാതുര മനസ്കയെന്നും ഭക്തയെന്നും ബലഹീനയെന്നും പറഞ്ഞ്‌ ഒരു നിലയിലേക്ക്‌ ചേര്‍ത്തുനിര്‍ത്തി മേലാളന്റെ കണ്ണിന്‌ കുളിരുപകരുന്നവളാക്കി നിര്‍ത്തുന്നു. ഇവിടെയും മാറാന്‍ കൂട്ടാക്കാത്ത മനസ്സുമായി നില്‍ക്കുന്ന സംവിധായകന്റെ/തിരക്കഥാകൃത്തിന്റെ വേലക്കാരീബോധം പ്രവര്‍ത്തിക്കുന്നു. പ്രണയം ഒരു നിമിത്തമാവുകയും വേലക്കാരിയെപ്പോലും പത്നീപദത്തിലേക്കുയര്‍ത്തി വിശാലമനസ്കനാവുന്ന ഒരാളായി നായകന്‍ മാറുന്നതും കണ്ടുകഴിയുമ്പോള്‍ അതിന്‌ പുതിയ വ്യാഖ്യാനം ആവശ്യമില്ലാതെ വരുന്നു.

കസ്തൂരിമാനി ലെ മീരാജാസ്മിന്‍ അവതരിപ്പിക്കുന്ന വേലക്കാരി, സാമ്പ്രദായിക രീതിയില്‍നിന്നും അല്‍പം മാറി പുരുഷവര്‍ഗ്ഗത്തെ പന്തുതട്ടുന്നത്‌ ഒരുപക്ഷേ ലോഹിതദാസ്‌ എന്ന തിരക്ക���ാകൃത്തിന്റെ ഇഷ്ടത്തോടെയായിരിക്കണം. കളര്‍ഫുള്ളായി നായികയെ ചിത്രീകരിക്കുന്ന കലാകാരബോധം ആസ്വാദകനു മുമ്പേ സ്ത്രീശരീരം ആസ്വദിക്കുന്ന ഒരു കലാകാരനെയാണ്‌ ആലേഖനം ചെയ്യുന്നത്‌.

ഒരിടവേളയ്ക്കുശേഷം മലയാളസിനിമയില്‍ വീണ്ടുമൊരു വേലക്കാരീ കഥാപാത്രം പ്രത്യക്ഷപ്പെട്ടേക്കും. അവളും മേല്‍പ്പറയപ്പെട്ട കാഴ്ചകളാല്‍ സൃഷ്ടിക്കപ്പെടുന്നതായിരിക്കും. ഷക്കീലച്ചിത്രങ്ങളേക്കാള്‍ മാര്‍ക്കറ്റ്‌ നേടി ഒരുപക്ഷേ അവ മലയാളിമനസ്സുകളെ ഭരിച്ചേക്കാം. അപ്പോഴും യഥാര്‍ത്ഥ വേലക്കാരിസ്വത്വം തിരക്കഥാകൃത്തിനും സംവിധായകനുമിടയിലോ, അഭിനയത്തിനും ക്യാമറക്കണ്ണിനുമിടയിലോ, വെള്ളിത്തിരയ്ക്കും കാഴ്ചക്കാരനുമിടയിലോ നഷ്ടപ്പെടുന്ന സ്വത്വത്തെയോര്‍ത്ത്‌ വേവലാതിയോടെ നീങ്ങുന്നുണ്ടായിരിക്കും.


SocialTwist Tell-a-Friend
Related Stories: വേലക്കാരിസ്വത്വം മലയാളസിനിമയില്‍ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon