You are here: HOME » MAGAZINE »
പെണ്‍കുട്ടികളെ ക്കുറിച്ച്‌ ഒരു ഉപന്യാസം
എം. ലിനീഷ്‌ Jayakeralam Malayalam News
Monday, 23 April 2012
ചില പെണ്‍കുട്ടികള്‍
തുലാവര്‍ഷം പോലെയാണ്‌.
ഗൃഹാതുരത്വത്തിന്റെ
നനുത്ത സ്മരണകളുണര്‍ത്തി
രാത്രികാലങ്ങളില്‍
പെയ്തുകൊണ്ടേയിരിക്കും.
പക്ഷേ,
ഉള്ളുകത്തുന്ന നട്ടുച്ചകളില്‍
കനത്ത മുഖവുമായി
ആകാശത്ത്‌ പെയ്യാതെ നില്‍ക്കും.

ചില പെണ്‍കുട്ടികള്‍
മാംഗോഷവര്‍ മഴപോലെ
തപിച്ചു കിടക്കുന്ന മണ്ണിലേക്ക്‌
ആത്മഹര്‍ഷത്തോടെ
പെയ്യാന്‍ തുടങ്ങും.
പക്ഷേ,
പെട്ടെന്നൊരുനേരം
മിണ്ടാതെ പറയാതെ
ധാവണിത്തുമ്പില്‍ വെയില്‍പടര്‍ത്തി
പിണങ്ങിപ്പോയ്ക്കളയും.

ചില പെണ്‍കുട്ടികള്‍
ഹൃദയതന്ത്രികളിലേക്ക്‌ ചാഞ്ഞുപെയ്യും
പെയ്തു പെയ്ത്‌
അപശ്രുതി തുടങ്ങുംമുമ്പേ
കാറ്റിന്റെ കയ്യും പിടിച്ച്‌
എങ്ങോട്ടോ യാത്രയാകും.

ചില പെണ്‍കുട്ടികള്‍
ഓട്ടിന്‍പുറത്തെ മഴപോലെ.
അവര്‍ ഹൃദയത്തില്‍ പെയ്യുക
ചരല്‍ത്താളത്തിലാണ്‌.
ഒടുവില്‍ മഴ തോരുന്നനേരം
ഹൃദയം വല്ലാതെ
കല്ലിച്ചിരിക്കും.

ചില പെണ്‍കുട്ടികള്‍
നോട്ടങ്ങളില്‍ കുപ്പിച്ചില്ലുവെച്ച്‌
ഹൃദയത്തിലേക്ക്‌ എറിഞ്ഞുകൊണ്ടിരിക്കും.
ഒടുവില്‍ തുളവീണ ഹൃദയവുമായി
അരികിലെത്തുമ്പോള്‍
വാക്കുകളില്‍ ആസിഡ്‌ നിറച്ച്‌
ഹൃദയം കത്തിച്ചുകളയും.

പിന്നെയും ചില പെണ്‍കുട്ടികളുണ്ട്‌.
ധനുമാസ നിലാവുപോലെ
ഹൃദയത്തിലേക്ക്‌
പ്രകാശം പരത്തിക്കൊണ്ടേയിരിക്കുന്നവര്‍.
മഞ്ഞില്‍ത്തട്ടിച്ചിതറും നിലാവിനെ
കൈവെള്ളയിലൊതുക്കാന്‍
ശ്രമിച്ചാല്‍, പരാജയം ഫലം
നിലാവ്‌ ആരുടെയും സ്വന്തമല്ല!


SocialTwist Tell-a-Friend
Related Stories: പെണ്‍കുട്ടികളെ ക്കുറിച്ച്‌ ഒരു ഉപന്യാസം - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon