You are here: HOME » MAGAZINE »
അകലങ്ങളിലേക്ക്‌ പറന്നവര്‍
സുരേശന്‍ കാനം, പയ്യന്നൂര്‍ Jayakeralam Malayalam News
സൗപര്‍ണ്ണികയില്‍ മുങ്ങിനിവര്‍ന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു ഉന്മേഷം തോന്നി. ആള്‍ക്കാര്‍ കുളികഴിഞ്ഞീറനോടെ മടങ്ങുന്നുണ്ടായിരുന്നു. ഒരു സായാഹ്നത്തില്‍, അശുഭകരമായ ഒരുപാട്‌ കാര്യങ്ങളെക്കുറിച്ചോര്‍ത്ത്‌ മനസ്സ്‌ വ്യാകുലപ്പെട്ടിരിക്കവേ ഇവിടേക്ക്‌ വരാനിടയായ സാഹചര്യങ്ങളെക്കുറിച്ചോര്‍ത്തു. ആരതിച്ചേച്ചിയുടെ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നതുപോലെ...

"മോനൂട്ടാ... നീ സൗപര്‍ണ്ണികയെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ... പുണ്യനദി... കുടജാദ്രിയുടെ സംഗീതം... അതില്‍ മുങ്ങിനിവര്‍ന്നാല്‍ സര്‍വ്വപാപവും നീങ്ങൂന്നാ... വാഗീശ്വരിയെ നമിക്കാനുള്ള കെല്‍പ്‌ അപ്പോ കിട്ടുംത്രെ... മനസ്സിലെ കുറ്റബോധം കളയണംന്നുണ്ടെങ്കില്‍ അവിടംവരെ ചെല്ലണം... എനിക്കെപ്പഴാ അതിന്‌ ഭാഗ്യംണ്ടാവുക...?" ആരതിച്ചേച്ചിയുടെ ദീര്‍ഘനിശ്വാസം ഒരു വേദനയായി.

സൗപര്‍ണ്ണികയില്‍ ഇതെത്രാമത്തെ തവണയാണ്‌ മുങ്ങുന്നത്‌. വന്നിട്ട്‌ രണ്ടുദിവസമേ ആയുള്ളു... ഔഷധങ്ങളുടെ ഗന്ധവാഹിയായ കാറ്റ്‌ കുളിര്‍ജലത്തിലേക്കടര്‍ന്നു വീണുകൊണ്ടിരുന്നു. ഈറനോടെ പടിഞ്ഞാറെ ആലിന്‍ചുവട്ടിലെത്തുമ്പോഴേക്കും ഓര്‍മ്മകളുടെ തിരത്തള്ളല്‍ വീണ്ടും വീണ്ടും... ക്ഷേത്രത്തിന്റെ വിജനമായ ഒരു കോണില്‍ സ്വാസ്ഥ്യത്തിന്റെ വാല്മീകത്തില്‍ ഒതുങ്ങിയിരിക്കുമ്പോള്‍ പഴയതെല്ലാം ഒരു മാറാപ്പില്‍നിന്നെന്നവണ്ണം ചുറ്റിനും കുടഞ്ഞെറിഞ്ഞു. മനസ്സിലിപ്പോള്‍ വീടിനെക്കുറിച്ചുള്ള ഓര്‍മ്മകളും ഏകാന്തമായ ഒരു യാത്രയുടെ സ്നേഹാസ്വാസ്ഥ്യങ്ങളും മുഴച്ചുനില്‍ക്കുന്നു...

ഇളംപച്ചനിറമുള്ള നനുത്ത കുപ്പായവും അതിനൊത്ത നീളന്‍ കസവുപാവാടയും ധരിച്ച്‌ ആരതിച്ചേച്ചി നിറഞ്ഞു ചിരിച്ചിരുന്ന പഴയകാലം. നുണക്കുഴികള്‍ വിരിയുന്ന സുന്ദരമായ മുഖത്തേക്ക്‌ നോക്കാന്‍ പോലും കഴിയാതെ ലജ്ജാലുവായി അകത്തേക്ക്‌ ഓടിയൊളിച്ചിരുന്ന പഴയ നാളുകള���‍. ഓര്‍മ്മകളുടെ വെള്ളമേഘങ്ങള്‍ പഞ്ഞിത്തുണ്ടുകള്‍പോലെ മനസ്സില്‍ പാറിനടക്കുകയാണ്‌...

തുളുവനൂരമ്പലത്തില്‍ ഉത്സവത്തിന്‌ ഒരാഴ്ച മുമ്പ്‌ മാധവമ്മാമന്‍ വീട്ടില്‍ വന്നപ്പോള്‍ അമ്മ പറഞ്ഞത്‌ പായാരങ്ങളായിരുന്നു.

"മാധവേട്ടെന്താ... ഉത്സവത്തിന്‌ ആരതിയേം കൂടെ കൂട്ടാതിരുന്നത്‌... നാലു ദിവസത്തെ ഉത്സവമ്ന്ന്‌ പറഞ്ഞാല്‍ ചില്ലറ കാര്യമോ മറ്റോ ആണോ. അവള്‌ വന്നാല്‍ മിണ്ടാനും പറയാനും എനിക്കൊരാളാവൂലോ... അവള്‍ക്കാണേല്‍ ഇപ്പോള്‍ കോളേജവധിയാണെന്നല്ലേ ഏട്ടന്‍ പറഞ്ഞത്‌..."

"ഞാന്‍ ആരതിയെ ഇവിടെ കൊണ്ടുവന്നാക്കാം. പക്ഷേ, ഉത്സവത്തിന്‌ ഞാന്‍ സ്ഥലത്തില്ല. തിരുവനന്തപുരത്തിന്‌ പോകേണ്ടതുണ്ട്‌. കുറച്ചുദിവസം കഴിഞ്ഞേ മടങ്ങൂ... ഉത്സവം കഴിഞ്ഞ്‌ അവളെ വീട്ടില്‍ കൊണ്ടുവിടുന്ന ജോലി പിന്നെ നിനക്കാവും... ന്താ...?"

"ഓ... പിന്നെന്താ... ഈ വയ്യായ കാലത്ത്‌ ഞാന്‍തന്നെ അത്രടം പോണംല്ലേ? ചെക്കനില്ലേ ഇവിടെ... അവന്റൂടെ അയക്കാം. ഏട്ടന്‍ വരണതുവരെ കാത്തുനില്‍ക്കേം വേണ്ടല്ലോ..."

അമ്പലത്തില്‍ ഉത്സവത്തിന്റെ അന്ന്‌, കൊയ്തൊഴിഞ്ഞ പാടത്തിന്റെ വരമ്പിലൂടെയും പൂഴിമണല്‍ വിരിച്ച പടിഞ്ഞാറെ പുഴക്കരയിലൂടെയും നടക്കുമ്പോള്‍ മഞ്ഞിന്‍തുള്ളികളില്‍ മുങ്ങി പുല്‍ക്കൊടികള്‍ കാലില്‍ കുളിര്‌ പെയ്തു. ആരതിച്ചേച്ചിയേയും കൂട്ടി നടക്കാന്‍ ഒരു ഗമതന്നെയായിരുന്നു. ചെറിയ മഞ്ഞപ്പൂക്കളുള്ള ഒരു നീളന്‍ പാവാടയും ബ്ലൗസുമാണ്‌ ചേച്ചിയുടെ വേഷം. അമ്പലത്തില്‍ നിന്ന്‌ പലരും തന്നോട്‌ ലോഹ്യം കൂടി. ഇടയ്ക്കിടെ പലരും കണ്ണിട്ട്‌ ആരതിച്ചേച്ചിയെ നോക്കി. ചേച്ചി മനോഹരമായി മന്ദഹസിക്കുമായിരുന്നു. കാട്ടൂരെ ലക്ഷ്മിയേടത്തിയുടെ മകന്‍ ദിവാകരേട്ടനുമായി ആരതിച്ചേച്ചി ഒരുപാട്‌ നേരം വര്‍ത്തമാനം പറഞ്ഞു. പന്തലിച്ചു നില്‍ക്കുന്ന ആലിന്‍ചുവട്ടില്‍ വഴിവാണിഭക്കാരേയും നോക്കി നില്‍ക്കുമ്പോള്‍ വല്ലാത്തൊരു അസഹ്യത അനുഭവപ്പെട്ടു. ദിവാകരനേട്ടനുമായി ആരതിച്ചേച്ചിക്ക്‌ എന്താണിത്ര പറയാനുള്ളത്‌. ഒരേ കോളേജിലാണ്‌ പഠിക്കുന്നതെന്നല്ലേ ചേച്ചി പറഞ്ഞത്‌! ദീപാരാധന തൊഴുത്‌ ആളുകള്‍ മടങ്ങിക്കഴിഞ്ഞിരുന്നു.

പിറ്റേന്ന്‌ വീട്ടില്‍ അന്തിത്തിരിയും കൊളുത്തി അമ്പലത്തിലേക്ക്‌ പോകാനൊരുങ്ങവെയാണ്‌ ആരതിച്ചേച്ചി തന്നെയും വിളിച്ച്‌ മുകളിലത്തെ മുറിയില്‍ പോയത്‌.

"എന്തിനാ ഇപ്പോ മുകളിലേക്ക്‌ കയറുന്നത്‌..." ശ്വാസംമുട്ടി നില്‍ക്കുന്ന ഇരുട്ടില്‍ നരിച്ചീറുകള്‍ പാറിനടക്കുന്നിടമാണ്‌ മുകളിലത്തെ മുറിയെന്ന്‌ ചെറുപ്പത്തിലേയുള്ള ഭയമായിരുന്നു.

"ഒരു കാര്യത്തില്‍ എനിക്ക്‌ മോനൂട്ടന്റെ അഭിപ്രായമറിയണം... സത്യമേ മോനൂട്ടന്‍ പറയാവൂ ട്ട്വോ..."

ആരതിച്ചേച്ചി തന്നെയും ചേര്‍ത്തുപിടിച്ച്‌ കോണികയറി. മുറ്റത്തെ മാവിനുമേല്‍ പടര്‍ന്നു പന്തലിച്ച മുല്ലയില്‍നിന്നും ആരതിച്ചേച്ചി സന്ധ്യയ്ക്കു മുമ്പേ ശേഖരിച്ച മുല്ലപ്പൂക്കള്‍ ഒരു മാലയാക്കി കയ്യില്‍ ഒതുക്കിപ്പിടിച്ചിരുന്നു. എനിക്കതു കാണിച്ചുതന്നു. അനന്തരം ആരതിച്ചേച്ചി, മുല്ലമാല പടര്‍ന്നുകിടക്കുന്ന സുന്ദരമായ മുടിയില്‍ കൊരുത്തിട്ടു.

"ഇപ്പോ ചേച്ചിയെ കാണാന്‍ ഭംഗീണ്ടോ...?" പുറംതിരിഞ്ഞുനിന്ന്‌ മുടി കാണിച്ച്‌ ആരതിച്ചേച്ചി ചോദിച്ചു. ഭംഗിയായി വിടര്‍ത്തിയിട്ട മുടി, ചുരുളുകളായി താഴേക്കിഴയുന്നതുപോലെയാണ്‌ തോന്നിയത്‌. എന്തു കറുപ്പും മിനുപ്പുമാണ്‌ ആരതിച്ചേച്ചിയുടെ മുടിക്ക്‌. അതിനു നടുവില്‍ അലങ്കാരം പോലെ മുല്ലമാല! ചേച്ചി മുടിയിളക്കി. അന്തരീക്ഷത്തില്‍ മുല്ലപ്പൂവിന്റെയും കാച്ചിയെണ്ണയുടെയും ഗന്ധം.

"ഭംഗീണ്ട്‌...!"

സത്യത്തില്‍ നല്ല ഭംഗിയുണ്ടായിരുന്നു ആരതിച്ചേച്ചിയെക്കാണാന്‍. കറുത്ത നിബിഡമായ മുടിയുടെ നടുവില്‍ മുല്ലമൊട്ടുമാല തിളങ്ങുന്നു. ആരതിച്ചേച്ചിയെത്തന്നെ നോക്കിനിന്നു. ഇളംചിരിയോടെ തന്നെ ഇരുകൈക��ാലും വാരിപ്പുണര്‍ന്നു. അന്ന്‌ തന്റെ കവിള്‍ ആരതിച്ചേച്ചിയുടെ കവിളിനോട്‌ ഉരസിയപ്പോള്‍ മുല്ലപ്പൂവിന്റെ സുഗന്ധം ചേച്ചിയുടെ മുഖത്തുനിന്നാണ്‌ വരുന്നതെന്ന്‌ തോന്നി. മുല്ലപ്പൂക്കള്‍ പോലെയുള്ള വെളുത്ത പല്ലുകള്‍.

"എന്നെ ഇപ്പോള്‍ ആരുകണ്ടാലും ഇഷ്ടപ്പെട്വോ മോനൂട്ടാ...?"
"എനിക്ക്‌ നല്ലോണം ഇഷ്ടപ്പെട്ടു..."

അന്നും അമ്പലത്തിലെ ആല്‍ത്തറയ്ക്കടുത്തുവെച്ച്‌ ആരതിച്ചേച്ചി ദിവാകരേട്ടനുമായി സംസാരിച്ചു. വാണിഭക്കാരെ പൊതിഞ്ഞ്‌ ആള്‍ക്കാര്‍ കൂടിയതിനാല്‍ കാഴ്ചകളെല്ലാം മുഷിഞ്ഞു. സമയം വൈകിയതിനാല്‍ ചുറ്റമ്പലം ഒരു പ്രാവശ്യം മാത്രമേ വലംവെച്ചുള്ളു. ആരതിച്ചേച്ചിയുടെ ഒപ്പമെത്താന്‍ ഇടയ്ക്കിടെ കാലുകള്‍ നീട്ടിവെച്ചു നടന്നു.

തിരികെ വരുമ്പോള്‍ പറഞ്ഞു:

"ആരതിച്ചേച്ചീ ഞാനിത്‌ അമ്മയോട്‌ പറയും. കണ്ടവരോടൊക്കെ സംസാരിക്കുന്നുണ്ട്‌ ചേച്ചീന്ന്‌... ഇന്ന്‌ അമ്പലത്തിലെ മൂന്നരചുറ്റ്‌ കാണാന്‍ കഴിഞ്ഞ്വോ നമുക്ക്‌. ദിവാകരേട്ടനുമായി എത്ര സമയാ ചേച്ചി വര്‍ത്തമാനം പറഞ്ഞേ..."

"മോനൂട്ടാ ദേ ഞാനൊരു കാര്യം പറയാം. ദിവാകരേട്ടനുമായി ഞാന്‍ സംസാരിച്ച കാര്യം മോനൂട്ടന്‍ ആരോടെങ്കിലും പറഞ്ഞാല്‍... ഞാനിവിടുന്ന്‌ ഉത്സവങ്ങള്‍ക്കൊന്നും നില്‍ക്കാതെ എന്റെ വീട്ടിലേക്ക്‌ പോകുമേ... എനിക്ക്‌ ഉത്സവവും കാണണ്ട... കാഴ്ചേം കാണണ്ട..."

ചേച്ചിയുടെ മുഖത്തപ്പാടെ മഴമേഘങ്ങള്‍ നിറഞ്ഞതുപോലെ...

"ഞാന്‍ ആരോടും പറയില്ല... ചേച്ചി പിണങ്ങണ്ട..." - സത്യം ചെയ്തു.

പിറ്റേദിവസം, ഉച്ചതെറ്റിയ നേരം നടുത്തളത്തിലെ സിമന്റുതറയില്‍ മയക്കംപിടിച്ചിരിക്കുന്ന നേരം. ആരതിച്ചേച്ചി തന്നെയും വിളിച്ച്‌ നടുത്തളത്തിന്റെ തെക്കുഭാഗത്തുള്ള മുറിയിലേക്ക്‌ നടന്നു. ആ മുറിയില്‍ നല്ല വെളിച്ചം വീഴ്ത്തുന്ന ഒരു ജാലകമുണ്ടായിരുന്നു. ജനാലയ്ക്കല്‍ നിന്നു നോക്കിയാല്‍ വേലിക്കലെ വേപ്പുമരത്തിന്റെ കൊമ്പില്‍ ചിലയ്ക്കുന്ന പക്ഷികളെ കാണാം. അതിനുമപ്പുറത്ത്‌ അകലത്തോളം നീണ്ടുകിടക്കുന്ന പാടം.

"മോനൂട്ടന്‍ ഇവിടെ അടുത്തിരിക്ക്‌..."

ഞാനിരുന്നു. ആരതിച്ചേച്ചിയുടെ കണ്ണുകളില്‍ തിളക്കം. ശ്വാസത്തില്‍ മുല്ലപ്പൂവിന്റെ മണം.

"മോനൂട്ടന്റെ ചിരിയും തിളങ്ങുന്ന കണ്ണുകളും കാണുമ്പോ എനിക്ക്‌ ആരെയാണ്‌ ഓര്‍മ്മവരുന്നതെന്നു പറയട്ടെ... ദിവാകരേട്ടനെ..."

ആരതിച്ചേച്ചി ക്രമത്തിലധികം ശ്വാസം കഴിക്കുന്നുണ്ടായിരുന്നു. ആരതിച്ചേച്ചിയുടെ കൈകള്‍ വള്ളിപോലെ... കവിളില്‍ ഒരുമ്മ...

"മോനൂട്ടന്‍ അമ്മയോട്‌ പറയ്‌വോ... പറയരുത്‌ ട്ട്വോ... എനിക്ക്‌ ദിവാകരേട്ടനെ വല്യ ഇഷ്ടാണ്‌... മോനൂട്ടനെപ്പോലെ... പറഞ്ഞാ അവര്‌ ചേച്ചിയെ വഴക്കു പറയും..."

ആരതിച്ചേച്ചി നെറ്റിയിലും കവിളിലും ഉമ്മവച്ചു... അവയ്ക്ക്‌ ഇളംചൂടുണ്ടായിരുന്നു.

"ഇല്ല... ഇല്ല ഞാന്‍ പറയില്ല..."ചേച്ചിയുടെ മുഖത്തെ കാര്‍മേഘങ്ങള്‍ എപ്പോഴോ പെയ്തൊഴിഞ്ഞു.

അമ്പലത്തിലെ ഉത്സവത്തിമിര്‍പ്പില്‍ കതിനകള്‍ പൊട്ടുമ്പോഴും വടക്കുനിന്നും വന്ന നാടകക്കമ്പനികള്‍ പരിപാടി അവതരിപ്പിക്കുമ്പോഴും മനസ്സു നിറയെ ആരതിച്ചേച്ചിയുടെ ചിരിയായിരുന്നു... ആകാശത്ത്‌ പൂത്തിരി വിളക്കുകള്‍ തെളിഞ്ഞോ...!

"മോനൂട്ടാ... സ്നേഹിക്കുന്നവര്‌ അറിയാതെ തെറ്റു ചെയ്താ.. മാപ്പ്‌ കിട്ടാന്‍ എവിടെയാ പോകേണ്ടതെന്നറിയോ നിനക്ക്‌... മൂകാംബികയില്‍. അവിടെ സൗപര്‍ണ്ണികയില്‍ മുങ്ങി ശുദ്ധിനേടുക... അപ്പോ ചെയ്ത തെറ്റിന്‌ പ്രായശ്ചിത്തമാവും... ആരതിച്ചേച്ചി മനസ്സുകൊണ്ട്‌ തെറ്റു ചെയ്യ്‌വാ അല്ലേ? മോനൂട്ടന്‍ എപ്പോഴെങ്കിലും സൗപര്‍ണ്ണികയില്‍ മുങ്ങുമ്പോ... ചേച്ചിയുടെ പാപത്തിനെയും ഇല്ലാതാക്കാന്‍ ദേവിയോട്‌ പ്രാര്‍ത്ഥിക്കണം..."

ചേച്ചി ഏതോ ഒറ്റപ്പെട്ട ഒരു തുരുത്തില്‍ നിസ്സഹായമായി നില്‍ക്കുന്നതുപോലെ... കയ്യില്‍ പല്ല്‌ തേപ്പിനുള്ള ബ്രഷ്‌. ഇന്നും മനസ്സിലായിട്ടില്ല, എന്തു സ്വകാര്യദുഃ���മാണ്‌ ചേച്ചിയെ...

പല്ല്‌ ബ്രഷ്‌ ചെയ്യുമ്പോഴും ആരതിച്ചേച്ചിയുടെ മുഖത്തെ ഭാവമെന്തായിരുന്നു എന്ന്‌ കണ്ടുപിടിക്കാനായില്ല.

അതിനുശേഷം ഉപരിപഠനാര്‍ത്ഥം നാലഞ്ചുകൊല്ലം ബാംഗ്ലൂരിലായിരുന്നു. അപ്പോള്‍ നാട്ടിലെ സൂക്ഷ്മവിശേഷങ്ങള്‍ ഒന്നും അറിയാന്‍ കഴിഞ്ഞില്ല. ആണ്ടോടാണ്ട്‌ അമ്പലത്തില്‍ ഉത്സവം കൊടിയേറുകയും കതിനകള്‍ പൊട്ടുകയും ചെയ്തപ്പോഴൊക്കെ, ഒരുതരം ഗൃഹാതുരതയോടെ ഹോസ്റ്റല്‍ മുറിയില്‍ നിര്‍ജ്ജീവമായ കലണ്ടറില്‍ നോക്കിയിരുന്നു. മടുക്കുമ്പോള്‍ ജാലകക്കാഴ്ചകളില്‍ സ്വയം നഷ്ടപ്പെട്ട്‌...

എല്ലാം ഓര്‍ക്കാനേ കഴിയുമായിരുന്നുള്ളു. ഒരു തണുത്ത ഡിസംബറില്‍, പ്രാക്ടിക്കല്‍ എക്സാമിന്‌ ദിവസങ്ങള്‍ മാത്രം ശേഷിച്ച ഒരു പുലര്‍ച്ചയ്ക്കാണ്‌ വീട്ടില്‍നിന്നും ഫോണ്‍ വന്നത്‌. അങ്ങേത്തലയ്ക്കല്‍ അച്ഛനായിരുന്നു. ദുശ്ശാഠ്യക്കാരനായ ഒരു കുട്ടിയെ പറഞ്ഞു മനസ്സിലാക്കുന്നതുപോലെയായിരുന്നു അച്ഛന്റെ സ്വരം.

"മോനേ... മാധവമ്മാമയുടെ മകള്‍ ആരതി ഇന്നലെ സന്ധ്യയ്ക്ക്‌ നമ്മെ വിട്ടുപോയി. മഞ്ഞപ്പിത്തമായിരുന്നു. വളരെ കടുത്തത്‌. ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചു. പക്ഷേ, വിധി! അല്ലാതെന്താ പറയാ. കര്‍മ്മങ്ങളൊക്കെ കഴിഞ്ഞു. കാട്ടൂരെ ദിവാകരനുമായി വിവാഹം പറഞ്ഞുറപ്പിച്ചിരുന്നു. മനസ്സില്ലാ മനസ്സോടെയാണ്‌ എല്ലാവരും സമ്മതിച്ചതുതന്നെ... ഇനിയിപ്പോ... ഒന്നും വേണ്ടല്ലോ..."

തലയ്ക്കുള്ളില്‍ ചിന്തകള്‍ പെരുക്കാന്‍ തുടങ്ങിയിരുന്നു. ആരതിച്ചേച്ചി എല്ലാവരെയും വിട്ടുപിരിയുക! വിശ്വസിക്കാന്‍ പറ്റുന്നില്ല.

പ്രിന്‍സിപ്പാളിനോട്‌ അനുവാദം വാങ്ങി അന്നുതന്നെ വീട്‌ ലക്ഷ്യമാക്കി തിരിച്ചു. ഒരു നിയോഗംപോലെ ചെന്നത്തിയത്‌ മൂകാംബികയില്‍... മനസ്സുനിറയെ ആരതിച്ചേച്ചിയായിരുന്നു. മനസ്സിന്റെ കോണിലെവിടെയോ ഒരു ഭാരം വന്നുനിറഞ്ഞതുപോലെയുണ്ടായിരുന്നു അപ്പോള്‍.

സൗപര്‍ണ്ണികയില���‍ തെളിനീറ്റല്‍ ശരീരം തണുപ്പിച്ചു. വെള്ളം ഒഴുകിപ്പോയ്ക്കൊണ്ടിരുന്നു. കുരങ്ങുകള്‍ ചാടിക്കളിക്കുന്ന സൗപര്‍ണ്ണികയുടെ കരയില്‍ സ്വാസ്ഥ്യത്തിന്റെ സങ്കേതങ്ങള്‍ തേടി എത്രപേര്‍? ഓരോ ദിനവും സൗപര്‍ണ്ണികയ്ക്ക്‌ ഓരോ മുഖമായിരിക്കുമോ?

ഓളക്കുത്തിന്റെ ചലനമുണ്ടാക്കിക്കൊണ്ട്‌ ഒന്നുരണ്ടുപേര്‍ വെള്ളത്തിലേക്കിറങ്ങി. വെള്ളം ഒരാവരണമായി അവരെയൊക്കെ പൊതിഞ്ഞു.

എന്നിട്ടും നാലാംദിവസെ അവിടംവിടേണ്ടിവന്നു. രഥോത്സവത്തിന്‌ ആളും അരങ്ങും ഒരുങ്ങുന്നുണ്ടായിരുന്നു. ബഹളമയമായ അന്തരീക്ഷം.

വീട്ടിലെത്തിയത്‌ ദിവസങ്ങള്‍ കഴിഞ്ഞ്‌. ആരും പറയാനൊരുമ്പെടാത്ത ഒരു കഥയായി ആരതിച്ചേച്ചി അന്തരീക്ഷത്തില്‍ കനത്തുകിടന്നു.

അമ്മ വന്നു പറഞ്ഞു:

"മോനെ... ഇങ്ങനെ നോക്കുകുത്തിയായിരുന്നാല്‌ കാര്യമുണ്ടോ? എല്ലാം വിധിയാണെന്ന്‌ സമാധാനിക്കണം..."

ഒന്നും ഓര്‍ക്കാന്‍ ശ്രമിച്ചില്ല. മൂന്നാം ദിവസം ബാംഗ്ലൂരിലേക്കെന്നും കള്ളംപറഞ്ഞ്‌ വീണ്ടും മൂകാംബികയില്‍. സ്വാസ്ഥ്യത്തിന്റെ ഏത്‌ പുറന്തോടാണ്‌ എനിക്ക്‌ ആവരണമാവുക?

"ആരതിച്ചേച്ചി..." - ഉള്ളില്‍നിന്നും നിലവിളി ഉയര്‍ന്നുപൊങ്ങുന്നു. വെള്ളാരങ്കല്ലുകള്‍ തിളങ്ങുന്ന ആഴത്തില്‍ പല പ്രാവശ്യം മുങ്ങി...ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിച്ചു. സ്വയം സമര്‍പ്പണത്തിന്റെ ഏതോ ഒരു നിമിഷത്തില്‍ സൗപര്‍ണ്ണിക തന്നെ പൊതിയുകയാണ്‌. മുടിച്ചുരുളുകള്‍ നിറയെ കാച്ചിയെണ്ണയും മുല്ലപ്പൂഗന്ധവും ഉള്ള സൗപര്‍ണ്ണിക... വെള്ളത്തിന്‌ മിനുസമേറിയ തൊലിയുടെ സ്പര്‍ശം. ക്രമേണ നനഞ്ഞ ഒരു കരിമ്പടമായി കുളിര്‌ ശരീരത്തെ ചുറ്റിവരിഞ്ഞുകൊണ്ടിരുന്നു.


SocialTwist Tell-a-Friend
Related Stories: അകലങ്ങളിലേക്ക്‌ പറന്നവര്‍ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon