You are here: HOME » MAGAZINE »
സ്വപ്നഹത്യാ മുനമ്പ്‌
രാധാകൃഷ്ണന്‍ വട്ടോളി Jayakeralam Malayalam News
"എന്റെ സകല പാപങ്ങളും ഈ താഴ്‌വാരത്തിലേക്ക്‌ വലിച്ചെറിയുന്നു."
കുന്നിന്‍നിറുകയിലെ പാറക്കെട്ടിലിരുന്ന്‌, താഴത്തെ മഞ്ഞിന്റെ അഗാധതയിലേക്ക്‌ നോക്കി ജയദേവന്‍ പറഞ്ഞുതീരുംമുമ്പെ അടുത്തുനിന്നും നിവേദിതയുടെ അടക്കമില്ലാത്ത പൊട്ടിച്ചിരി ഉയര്‍ന്നു. ആ ചിരി തീരെ രസിക്കാത്ത മട്ടില്‍ അവനവളെ നോക്കി.
ഒരു നാലാംതരം വേശ്യ തന്റെ ഉപഭോക്താവിനോട്‌ പെരുമാറേണ്ട രീതിയിതല്ലെന്നുള്ള അഹന്തയിലൂന്നിയ നാട്യം അവന്റെ കണ്ണുകളില്‍ നിഴലിക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു. അഹന്തയാല്‍ ഇടുങ്ങിപ്പോയ ആ കണ്ണുകളിലേക്ക്‌ അവള്‍ തന്റെ അനായാസമായ വാചാലത പകര്‍ന്നു.

"വലിച്ചെറിയാന്‍ മാത്രം പാപമുള്ളവര്‍ ഭാഗ്യവാ?ാ‍ര്‍. സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതാകുന്നു."
ആ പരിഹാസത്തെ മറികടക്കാനായി, ക്രോധത്തോടെ ചലിക്കാനൊരുങ്ങിയ അവന്റെ ചുണ്ടുകള്‍ ഒരു നേര്‍രേഖപോലെ അമര്‍ന്നുപോയി.

അര്‍ഹിക്കുന്ന പരിഹാസം തന്നെയാണ്‌ നിനക്ക്‌ കിട്ടിയതെന്ന ചിരിയോടെ ഞാനവനെ നോക്കി. പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വതവേ വന്നുചേരാറുള്ള നിസ്സംഗത അവന്റെ മുഖത്ത്‌.
തീര്‍ത്ഥാടനത്തിന്റെ സ്വകാര്യതയിലേക്ക്‌ ഒരു സുഖം വില്‍പനക്കാരിയെ വലിച്ചിഴക്കേണ്ടതില്ലെന്ന്‌ ഒരുപാടു തവണ അവനോട്‌ പറഞ്ഞതാണ്‌. ഏറെ നാളായി താലോലിച്ചു പോരുന്ന സ്വകാര്യസ്വപ്നങ്ങളിലൊന്നിന്റെ സഫലീകരണത്തിന്‌ ഇതിലും അനുയോജ്യമായ സമയം ഇനി കിട്ടുകയില്ലെന്നുള്ള ന്യായീകരണം കൊണ്ട്‌ അവനെന്നെ നേരിട്ടു. അന്യനാട്ടുകാരിയായ നിവേദിതയെക്കുറിച്ച്‌ പ്രചരിച്ചിരുന്ന കഥകളില്‍ മുങ്ങിത്താണ്‌, എന്റെ യൗവ്വനവും ഒരുപാടുതവണ കിതച്ചുപോയിട്ടുള്ളതിനാല്‍, പിന്നെ ഞാനും മൗനസമ്മതം നല്‍കുകയായിരുന്നു.

മുഴുവന്‍ പണച്ചെലവും ഏറ്റെടുത്ത്‌ അവളുടെ കാര്യത്തില്‍ അവന്‍ പ്രത്യേക അധികാരം ചെലുത്തി. നാട്യത്തില്‍ മാത്രമല്ല, ആകാരത്തിലും അവര്‍ അനുയോജ്യരായ വധ���വര?ാ‍രായി തോന്നിച്ചു. അവളുടെ ആദ്യവേഴ്ചയ്ക്ക്‌ മണിയറയൊരുക്കി, ക്ഷേത്രത്തിലെ അരങ്ങേറ്റവേദിയിലേക്ക്‌ ഞാനൊഴിഞ്ഞുമാറി. സംഗീതവിദ്യാര്‍ത്ഥികളുടെ പിഴവുകള്‍ നിറഞ്ഞ രാഗാലാപനം കേട്ടിരുന്ന്‌, വീണുകിട്ടിയ ഇടവേളകളില്‍ മാത്രം മുറിയിലേക്ക്‌ തിരിച്ചുചെന്നു.

പിഴവുകള്‍ നിറഞ്ഞ മറ്റൊരു രാഗാലാപനം മാത്രമായിരുന്നു എന്റെ കാമപൂര്‍ത്തീകരണത്തിന്റെ യജ്ഞങ്ങള്‍. പരിചയസമ്പന്നയായൊരു ജോലിക്കാരിയുടെ ആത്മാര്‍ത്ഥതയോടെ, ഏറിവന്ന തളര്‍ച്ചയിലും തികഞ്ഞ ഊര്‍ജ്ജസ്വലത നടിച്ചുകൊണ്ട്‌ അവള്‍ യജ്ഞത്തില്‍ പങ്കാളിയായി. കുന്നിന്‍മുകളിലെ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയില്‍പ്പോലും തന്റെ തളര്‍ച്ച പ്രകടിപ്പിക്കാതിരിക്കാന്‍ അവള്‍ ഏറെ ശ്രദ്ധിച്ചുപോന്നു.

ഞാന്‍ ക്യാമറ ഫോക്കസ്‌ ചെയ്ത്‌, അവരെ രണ്ടുപേരെയും മഞ്ഞിന്റെ പശ്ചാത്തലമുള്ള ഒരു ഫ്രെയിമിലേക്ക്‌ ഒതുക്കാന്‍ നോക്കി. അടുത്തടുത്താണിരുന്നതെങ്കിലും ഫ്രെയിമിലൊതുങ്ങാന്‍ കൂട്ടാക്കാതെ അവള്‍ വേറിട്ടുനിന്നു. അലസമായി പാറിപ്പറന്നിരുന്ന ചുരുള്‍മുടി മാടിയൊതുക്കാന്‍ ശ്രമിച്ചുകൊണ്ട്‌ എന്നെ നോക്കി അവള്‍ പറഞ്ഞു.

"എന്നെ വിലയ്ക്ക്‌ വാങ്ങിയവര്‍ക്കൊപ്പം നിന്ന്‌ ഫോട്ടെയെടുക്കണമെന്ന്‌ പലപ്പോഴും ആഗ്രഹിച്ചതാണ്‌."

തയ്യാറെടുപ്പോടെ അവള്‍ എഴുന്നേറ്റു.
"ആദ്യം ജയദേവനും ഞാനും നില്‍ക്കും. പിന്നെ ജയദേവന്‍ നമ്മുടെ രണ്ടുപേരുടെയും ഫോട്ടോയെടുക്കണം."

ഏറെ അഭിനയസാധ്യതയുള്ള ഒരു വേഷം വീണുകിട്ടിയ നടിയുടെ ഭാവം ആ മുഖത്ത്‌.
താഴ്‌വാരത്തുനിന്നും അലയടിക്കുന്ന കാറ്റിന്റെ മുഴക്കം അടുത്തുവരുന്നുണ്ട്‌. ആ അലയില്‍പ്പെട്ട്‌ അല്‍പസമയത്തേക്ക്‌ മഞ്ഞിന്‍ മറനീങ്ങുമ്പോള്‍ അപാരമായ ആ താഴ്ച തെളിയുന്നുണ്ട്‌. താഴത്തേക്ക്‌ മിഴികളൂന്നി, ഭീതിദമായ ആ സൗന്ദര്യം നുകര്‍ന്ന്‌, അവള്‍ അടുത്ത്‌ ഉയര്‍ന്നുനിന്നിരുന്ന പാറക���കെട്ടിനു മുകളിലേക്ക്‌ വിരല്‍ചൂണ്ടി.
"ആ പാറക്കെട്ടില്‍ നില്‍ക്കാം. ഫോട്ടോ കാണുന്നവര്‍ക്ക്‌ നമ്മള്‍ എത്ര ഉയരത്തിലാണ്‌ നില്‍ക്കുന്നതെന്ന്‌ മനസ്സിലാകണം."

ഒരു കൊച്ചുകുട്ടിയുടെ കുസൃതിനിറഞ്ഞ ചുവടുവയ്പുകളോടെ അവള്‍ പാറയുടെ മുകളിലേക്ക്‌ ഓടിക്കയറി, ജയദേവനെ കൈകാട്ടി വിളിച്ചു. ആദ്യമൊന്ന്‌ മടിച്ചെങ്കിലും അല്‍പം അപകടഭീതി നിറഞ്ഞ ചലനങ്ങളോടെ അവനും പാറക്കെട്ടിനു മുകളില്‍ കയറിപ്പറ്റി അവള്‍ക്കടുത്ത്‌ നിന്നു. ആ നില്‍പ്പിലെ അപകടം മണത്തറിഞ്ഞ്‌, ഒരു നവവധുവിന്റെ നാണത്തോടെ നിന്ന അവളുടെ പ്രസന്നതയിലേക്കും ജയദേവന്റെ വിളറിയ നിസ്സംഗതയിലേക്കും ഞാന്‍ തിടുക്കത്തോടെ ക്യാമറ ക്ലിക്ക്‌ ചെയ്തു.

താഴത്തേക്ക്‌ ഊര്‍ന്നിറങ്ങി ജയദേവന്‍ എന്റെ കയ്യില്‍നിന്നും ക്യാമറ വാങ്ങി.
ചെറുപ്പത്തിലേ ഉയരങ്ങള്‍ എന്നെ ഭയപ്പെടുത്താറുള്ളതിനാല്‍ വളരെ ശ്രദ്ധിച്ചാണ്‌ ഞാന്‍ പാറയുടെ മുകളിലേക്ക്‌ കയറിയത്‌. അവളോട്‌ ചേര്‍ന്നു നില്‍ക്കുമ്പോള്‍ പിറകിലെ അഗാധതയിലേക്ക്‌ നോക്കിപ്പോവാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. അവളുടെ പ്രസന്നതയ്ക്കൊപ്പം എന്റെ ഭീതിയേയും ഒപ്പിയെടുത്തുകൊണ്ട്‌ ജയദേവന്റെ കയ്യിലെ ക്യാമറ മിന്നി. ഞാന്‍ ധൃതിയില്‍ താഴത്തേക്കിറങ്ങിയിട്ടും അവള്‍ പാറയുടെ മുകളില്‍ത്തന്നെ നിന്നു."എന്റെ രണ്ട്‌ വ്യത്യസ്ത വിവാഹഫോട്ടോകള്‍ എടുത്തുകഴിഞ്ഞു."
ചിരിയിലും അവളുടെ ഒച്ച ചിലമ്പി.

"അടുത്ത ദിവസം പൂര്‍ത്തിയാകുന്നതുവരെ നിങ്ങളുടെ കാമുകിയായിരിക്കുമെന്നതിന്റെ അധികാരത്തില്‍ ചോദിക്കുകയാണ്‌. എന്റെ തനിച്ചൊരു ഫോട്ടോ എടുത്തുതരാമോ?"
കളിപ്പാട്ടം ആവശ്യപ്പെടുന്ന ഒരു കുട്ടിയുടെ യാചനയുണ്ട്‌ ആ സ്വരത്തില്‍. സമ്മതത്തിനായി ഞാന്‍ ജയദേവനെ നോക്കി. അവനാ പശ്ചാത്തലം മടുത്തുതുടങ്ങിയെന്ന്‌ തോന്നി.

"കിന്നാരം പറയാണ്ട്‌ അവിടെനിന്നിറങ്ങ്‌."
ദേഷ്യത്തോടെ അവന്‍ പറഞ്���ു. അവനെ സമാധാനിപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ്‌ ഞാന്‍ പറഞ്ഞത്‌.

"ഒരു ഫോട്ടോകൂടിയല്ലേ, ഞാനെടുക്കാം."

അവന്റെ കൈയ്യില്‍നിന്നും ക്യാമറ വാങ്ങി ഞാന്‍ പാറയുടെ മുകളിലേക്ക്‌ ഫോക്കസ്‌ ചെയ്തു. പൂര്‍ണ്ണമായും ഫ്രെയിമിലൊതുങ്ങാന്‍ മടിച്ചുകൊണ്ട്‌ ആകര്‍ഷകമായി നിവര്‍ന്നുനിന്ന അവളുടെ പിറകില്‍ നരച്ചുതുടങ്ങിയ ആകാശം മാത്രം. ഇറങ്ങിവരുന്ന മഞ്ഞിന്‍പാളികള്‍ ഇടയ്ക്ക്‌ കാഴ്ചയെ മറയ്ക്കുന്നു. മഞ്ഞ്‌ നീങ്ങിയ നിറവാര്‍ന്നൊരു നിമിഷത്തില്‍ ഞാന്‍ ക്യാമറ ക്ലിക്ക്‌ ചെയ്തു. എന്നിട്ടും മുകളില്‍നിന്നിറങ്ങാന്‍ കൂട്ടാക്കാതെ അവള്‍ സംസാരിച്ചുതുടങ്ങി.

"ജയദേവന്‍ അവന്റെ സകല പാപങ്ങളും ഈ താഴ്‌വാരത്തിലേക്ക്‌ വലിച്ചെറിഞ്ഞുകഴിഞ്ഞു. എന്റെ പാപങ്ങളാണെങ്കില്‍ അടര്‍ത്തിയെറിയാന്‍ കഴിയാത്തവിധം എന്നില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നു."

കിടപ്പറയിലെ കൃത്രിമരതി അനുഷ്ഠാനത്തിനിടയിലെന്നപോലെ അവള്‍ കിതച്ചു. മഞ്ഞിന്‍പാളിയോടൊപ്പം ഞങ്ങളുടെ മുഖത്തേക്കടിച്ചുകയറിയ അമ്പരപ്പിന്റെ പാളികളിലേക്ക്‌ നോക്കി അവള്‍ കൈവീശി.

"പാപങ്ങളുടെ ആകെത്തുകയായ എന്നെത്തന്നെ ഞാനീ താഴ്‌വാരത്തിലേക്ക്‌ വലിച്ചെറിയുകയാണ്‌."

ഞങ്ങള്‍ക്ക്‌ എന്തെങ്കിലും സംസാരിക്കാനിടനല്‍കാതെ, നേര്‍ത്ത പുഞ്ചിരിയോടെ, അനുകരിക്കാനാവാത്ത ഒരു അനായാസ നൃത്തച്ചുവടിനെ അനുസ്മരിപ്പിച്ചുകൊണ്ട്‌, ഒരു തോണിയില്‍ കയറുന്ന ലാഘവത്തോടെ അവള്‍ പിറകിലെ അപാരമായ ശൂന്യതയിലേക്ക്‌ കാലെടുത്തുവെച്ചു. അടക്കിവെക്കാന്‍ ശ്രമിച്ച്‌ ചിന്നിച്ചിതറിയ നിലവിളിയോടെ ഞങ്ങള്‍ ഓടിച്ചെന്ന്‌ താഴ്‌വാരത്തിലേക്ക്‌ നോക്കി. മൂടിവെക്കപ്പെട്ട പരിഹാസംപോലെ മഞ്ഞിന്‍മറ മാത്രം. ഉ?ാ‍ദാവസ്ഥയില്‍ തപ്പിത്തടഞ്ഞാണ്‌ കുന്നിറങ്ങിയത്‌.
നിറിപ്പുകയുന്ന ഒരു രഹസ്യവും വഹിച്ച്‌ ഏറെനാള്‍ ജീവിതപ്പാതയിലൂടെ നീങ്ങിയതും ഉ?ാ‍ദികളായാണ്‌.

വര്‍���ങ്ങള്‍ക്കുശേഷം കത്തിയാളുന്ന ഒരു നട്ടുച്ചയിലേക്ക്‌ ജയദേവന്‍ വീണ്ടും കയറിവരുന്നത്‌, അവന്റെ രണ്ടാമത്തെ കുട്ടിയുടെ ചോറൂണിന്‌ ക്ഷണിക്കാനാണ്‌. ഔപചാരികമായ കുശലാന്വേഷണങ്ങള്‍ക്കിടയില്‍, മടിച്ചുമടിച്ചാണ്‌ നിവേദിതയെക്കുറിച്ചുള്ള അമര്‍ത്തിവെക്കപ്പെട്ട പരിഭ്രമം ഞാനവനുമുന്നില്‍ വെച്ചത്‌.
ആസ്വാദ്യമായൊരു ഫലിതം കേട്ടപോലെ അവന്‍ പൊട്ടിച്ചിരിച്ചു.

"നീയിപ്പോഴും അതും ഓര്‍ത്തോണ്ടിരിക്കുകയാണോടാ മണ്ടാ?"
അവന്‍ ചിരി നിര്‍ത്തുന്നില്ല.
"നീയാ ഫോട്ടോ എന്തുചെയ്തു?"
അവന്റെ ചിരിയിലേക്ക്‌ ഞാനെന്റെ ജിജ്ഞാസ നീട്ടി."ആദ്യരാത്രിയില്‍, പുസ്തകങ്ങള്‍ അടുക്കിവെക്കുന്നതിനിടയില്‍ ആ ഫോട്ടോ പാറി മടിയില്‍ വീണു. ഭാര്യ കാണാതെ ഒളിപ്പിച്ചുവെച്ച്‌, പിറ്റേന്ന്‌ രാവിലെ ഞാനത്‌ കത്തിച്ചുകളഞ്ഞു. അവള്‍ തനിച്ചുള്ള ഫോട്ടോപോലും ഞാന്‍ ബാക്കിവെച്ചില്ല."
എന്റെ വിസ്മയഭാവത്തോടെ യാത്രപറഞ്ഞ്‌ അവനിറങ്ങിപ്പോയി.

അന്നുരാത്രി, പറഞ്ഞുതീരാത്ത നഴ്സറി വിശേഷങ്ങളുമായിരിക്കുകയായിരുന്ന മകളെ ഒരുറക്കത്തിലേക്ക്‌ ചരിച്ചുകിടത്തിക്കഴിഞ്ഞപ്പോള്‍ ഞാനാ ഫോട്ടോയെക്കുറിച്ചോര്‍ത്തു.
പേടിച്ചരണ്ട ഭാവത്തിന്റെയും പ്രസന്നതയുടെയും സമന്വയം എത്രത്തോളം അനാകര്‍ഷകമാണെന്ന്‌ തെളിയിക്കുന്ന ഒരു ചിത്രക്കാഴ്ച.
പലപ്പോഴായി നശിപ്പിക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട ഉദ്യമം.

അടുത്ത്‌ മകള്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു. ഉറക്കത്തിലും കുരുന്നുചുണ്ടുകള്‍ അസ്പഷ്ടമായ ചില പരിഭാവവാക്കുകള്‍ക്കായി ചലിക്കുന്നുണ്ട്‌. അവള്‍ക്ക്‌ അമ്മയില്‍നിന്നും പകര്‍ന്നുകിട്ടിയ സ്വഭാവങ്ങളിലൊന്നാണത്‌. ചലനമറ്റ ഒരു മയക്കത്തിലേക്ക്‌ അവള്‍ വീണുപോയഗതിന്റെ ശൂന്യത നികത്താനെന്നപോലെ, സദാ ചലനാത്മകമായ ചുണ്ടുകളോടുകൂടിയ ഒരു പെണ്‍കുഞ്ഞ്‌. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി, തട്ടിമറിഞ്ഞ്‌ അലസമായി ഒഴുകിപ്പരന്നുപോകേണ്ടിയിരുന്ന തന്റെ ജീവിതപാത്രത്തെ നിയന്ത്രണവിധേയമാക്കി നിര്‍ത്തുന്നത്‌ ഈ കുരുന്നു സാന്ത്വനസ്പര്‍ശമാണ്‌.

ഓര്‍മ്മച്ചൂടില്‍ പൊള്ളിയപ്പോള്‍, എഴുന്നേറ്റ്‌ പഴയ പെട്ടി തുറന്നു. പെട്ടിക്കടിയില്‍ നിവേദിതയോടൊപ്പം എടുത്ത ഫോട്ടോ ഭദ്രമായിക്കിടപ്പുണ്ട്‌.
കത്രികയെടുത്ത്‌, നേരിയ പൂപ്പല്‍ ബാധിച്ചുതുടങ്ങിയ ഫോട്ടോയില്‍ നിന്നും അവളെ മുറിച്ചുമാറ്റുമ്പോള്‍ കാഠിന്യമേറിയ ഒരു ജോലിയിലെന്നപോലെ ഞാന്‍ വലതുകയ്യിലേക്ക്‌ മുഴുവന്‍ ശക്തിയും സംഭരിക്കാന്‍ ശ്രമിച്ചു. മുറിച്ചുമാറ്റപ്പെട്ട അവളെ രണ്ടാമതൊന്ന്‌ നോക്കാന്‍ മിനക്കെടാതെ ചുരുട്ടി ജനലിലൂടെ പുറത്തേക്കെറിഞ്ഞു.

രോഗശാന്തി ലഭിച്ചവന്റെ ആശ്വാസത്തോടെ കയ്യിലെ ഫോട്ടോയിലേക്ക്‌ നോക്കിയപ്പോഴാണ്‌, മുറിച്ചുമാറ്റാന്‍ കഴിയാത്തവിധം അവളുടെ ചുരിദാര്‍ ഷാളിന്റെയും ചുരുള്‍മുടിയുടെയും അല്‍പഭാഗങ്ങള്‍ എന്റെ ഇടനെഞ്ചിലേക്ക്‌ വീണുകിടക്കുന്നത്‌ കണ്ടത്‌. ക്രൂരമായൊരു വാശഷിയോടെ അതും മുറിച്ചുനീക്കാനൊരുങ്ങിയപ്പോള്‍, സ്വന്തം ചിത്രം തന്നെ നഷ്ടപ്പെട്ടേക്കുമെന്ന ചിന്ത എന്നിലൊരു പ്രകമ്പനമായുണര്‍ന്നു.
മുറിച്ചുനീക്കാനൊരുങ്ങുമ്പോഴാണ്‌, ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ വേരുകള്‍ എത്രത്തോളം പടര്‍ന്നിരിക്കുന്നുവെന്ന്‌ തിരിച്ചറിയുന്നത്‌.

ഉദ്യമം ഉപേക്ഷിച്ച്‌, ഫോട്ടോ കിടക്കയുടെ അടിയിലേക്ക്‌ തിരുകി, മോളെ കെട്ടിപ്പിടിച്ച്‌ കിടന്നതോര്‍മ്മയുണ്ട.
രാവിലെ മകള്‍ തട്ടിവിളിച്ചപ്പോഴാണുണര്‍ന്നത്‌. കയ്യില്‍ മടക്കിപ്പിടിച്ചിരുന്ന ഫോട്ടോ അവളെന്റെനേര്‍ക്ക്‌ നീട്ടി.

"ദാ അച്ഛന്റെ ഫോട്ടോ."
ഫോട്ടോ വാങ്ങാനായി കൈനീട്ടുമ്പോഴേക്കും അവളത്‌ പുറകിലൊളിപ്പിച്ചു. പിന്നെ, മുന്നറിയിപ്പേതുമില്ലാതെ പുരികം വളച്ച്‌ ഒരു ചോദ്യമെറിഞ്ഞു.
"അച്ഛനെന്തിനാ ഫോട്ടോയില്‍നിന്ന്‌ അമ്മയെ മുറിച്ചുകളഞ���ഞത്‌?"
കുട്ടിത്തത്തെക്കാള്‍ വലിയവരുടെ ഭാവമാണാ കൊച്ചുകണ്ണുകളില്‍. അനിയന്ത്രിതമായൊരു കോപം എന്റെ സിരകളില്‍ പതഞ്ഞു.

"അമ്മയെ മുറിച്ചുമാറ്റിയെന്നോ... വേണ്ടാത്തതിലൊന്നും കയ്യിടരുതെന്ന്‌ നിന്നോടെത്ര തവണ പറഞ്ഞതാ."

വാക്കുകള്‍ക്കൊപ്പം എന്റെ കൈപ്പത്തി അവളുടെ കാല്‍വണ്ണയില്‍ പതിഞ്ഞു. നിലത്തുവീണുരുണ്ട്‌ കരയുന്ന അവളെ ഗൗനിക്കാതെ ഞാന്‍ ഫോട്ടോ തട്ടിപ്പറിച്ചെടുത്ത്‌ പെട്ടിക്കുള്ളിലൊളിപ്പിച്ചു. കരച്ചിലിനിടയില്‍ അവള്‍ വാശിയോടെ വിളിച്ചുപറയുന്നുണ്ട്‌.
"എനിക്ക്‌ അമ്മയുടെ ഫോട്ടോ കാണണം."

അലിവോടെ അവളെ കയ്യിലെടുത്ത്‌, ഞാന്‍ ചുമരിലെ വിവാഹഫോട്ടോയിലേക്ക്‌ വിരല്‍ ചൂണ്ടി. നിറം മങ്ങിത്തുടങ്ങിയ ആ വിവാഹഫോട്ടോയില്‍ തെല്ലിട നോക്കിയതിനുശേഷം, എന്റെ മാറില്‍ പറ്റിച്ചേര്‍ന്ന്‌, വെറുമൊരഞ്ചുവയസ്സുകാരിയുടെ വിതുമ്പലോടെ അവള്‍ പറയുകയാണ്‌.

"അമ്മൂന്‌ അച്ഛന്‍ മതി. അമ്മയെ കാണണ്ട..., അമ്മു ഇനി വേണ്ടാത്തതിലൊന്നും കയ്യിടാന്‍ പോണില്ല..."

അവളുടെ കുഞ്ഞുസങ്കടം കണ്ണീരായി ഒഴുകിത്തീരുകയാണ്‌. ആ കവിളിലെ നനവ്‌ ചുണ്ടുകളിലൊപ്പിയെടുത്ത്‌, ഞാന്‍ സാന്ത്വനവാക്കുകള്‍ക്കായി തിരഞ്ഞു. ഏറിവന്ന ഗദ്ഗദത്തില്‍ വാക്കുകള്‍ കുരുങ്ങിക്കിടക്കുന്നതറിഞ്ഞു.
ഞാനും അവള്‍ക്കൊപ്പം കരയാന്‍ തുടങ്ങി.


SocialTwist Tell-a-Friend
Related Stories: സ്വപ്നഹത്യാ മുനമ്പ്‌ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon