You are here: HOME » MAGAZINE »
ഒപ്പന
പ്രൊഫ. ഡോ. എം. എന്‍. കാരശ്ശേരി Jayakeralam Malayalam News
Monday, 23 April 2012
ഒപ്പന എന്ന വാക്കിന്‌ എന്താണര്‍ത്ഥം?

കേരളീയ മുസ്ലീങ്ങളുടെ കല്യാണാഘോഷവുമായി ബന്ധപ്പെട്ട ഒരു കലാരൂപത്തിന്റെ പേരായതുകൊണ്ട്‌ ആ പദം അറബിയാണെന്നു തോന്നാം. പക്ഷേ, ഒപ്പന ഒരു ദ്രാവിഡപദമാണ്‌. അറബിയില്‍ "പ " എന്നൊരക്ഷരംതന്നെയില്ല. "ഒക്കുക " എന്ന ക്രിയാപദവുമായി ഇതിന്‌ ബന്ധമുണ്ട്‌. ഉപമ, താരതമ്യം, തെളിവ്‌, പരസമ്മതം, യോജിപ്പ്‌, ആഭരണം, അലങ്കരണം എന്നൊക്കെയാണര്‍ത്ഥം. തെയ്യക്കോലങ്ങളുമായി ബന്ധപ്പെട്ട്‌ "തിരുവൊപ്പന " എന്നൊരു വാക്കുണ്ട്‌. അലങ്കൃതവേഷം എന്നര്‍ത്ഥം. ചില തെയ്യങ്ങളുടെ മനോഹരമായ പുറപ്പാടിനെ തിരുവൊപ്പന എന്നു പറയും. മുച്ചിലോട്ടു ഭഗവതി, കണ്ണങ്കാട്ടു ഭഗവതി, പുലിയരു കാളി തുടങ്ങിയ തെയ്യങ്ങളെയാണ്‌ തിരുവൊപ്പന എന്നു വിശേഷിപ്പിക്കുന്നത്‌.

"ഓമനമകള്‍ പുലിയരു കാളീരെ
രൂപഗുണം തിരുവൊപ്പനയും"

എന്നിങ്ങനെ തോറ്റംപാട്ടുകളില്‍ ഇത്തരം സൂചന കാണാം.

മുസ്ലീംകളുടെ കലാരൂപത്തെക്കുറിക്കുന്ന ഒപ്പന എന്ന പ്രയോഗത്തില്‍ അലങ്കരിച്ച വേഷം എന്നാവാം അര്‍ത്ഥം. അണിയിച്ചൊരുക്കിയ മണവാളനെയോ മണവാട്ടിയേയോ ആ പദം കുറിക്കുന്നുണ്ടാവാം.

കേരളത്തിലെ മുസ്ലീംകളുടെ ദൃശ്യകലാരൂപങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ ഒപ്പന. ഇവിടത്തെ മുസ്ലീം സ്ത്രീകളുടെ ഒരേയൊരു കലാരൂപം. പ്രധാനമായും വിവാഹാഘോഷത്തോടു ബന്ധപ്പെട്ട കലാപ്രകടനമാണിത്‌. കല്യാണത്തിന്‌ വധുവിനെ അലങ്കരിച്ചിരുത്തി കൂട്ടുകാരികളും വരനെ അണിയിച്ചൊരുക്കി കൂട്ടുകാരും ചുറ്റും ഇരുന്നും നിന്നും കൈമുട്ടി മാപ്പിളപ്പാട്ടുകള്‍ പാടുന്നതാണ്‌ ഒപ്പന. സാധാരണയായി ഇതിനെ ഒപ്പന പാടുക എന്നു പറയുന്നു. ഇടയ്ക്ക്‌ കൈമുട്ടുള്ളതിനാല്‍ ഒപ്പന മുട്ടുക എന്നു പറയും. ഒരാള്‍ മുന്‍പോട്ടു പാടിയാല്‍ മറ്റുള്ളവര്‍ ഏറ്റുപാടും. ഈ കലാപ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ ഒരുതരം വാദ്യവും ഉപയോഗിക്കുന്ന പതിവ്‌ പണ്ട്‌ ഇല്ല.

ഇത്‌ സ്ത്��ീകളുടെ മാത്രം കലാരൂപമാണെന്ന്‌ സാമാന്യമായി ഒരു ധാരണയുണ്ട്‌. അതു ശരിയല്ല. സ്ത്രീകള്‍ക്ക്‌ ഒപ്പനയുള്ളതുപോലെ പുരുഷ?ാ‍ര്‍ക്കും ഒപ്പനയുണ്ട്‌. ശ്രദ്ധേയമായ കാര്യം ആണും പെണ്ണും ഇടകലരുന്ന ഒപ്പനയില്ല എന്നതാണ്‌. ഇവിടത്തെ മുസ്ലീംകള്‍ക്ക്‌ ആണും പെണ്ണും ഇടകലരുന്ന പാരമ്പര്യകലകള്‍ ഒന്നുമില്ല.

ആണുങ്ങളുടെ ഒപ്പനയെ സാധാരണയായി ഒപ്പന വയ്ക്കുക എന്നാണ്‌ പറയുക. ആണുങ്ങളുടെ കലാപ്രകടനത്തില്‍ പെണ്ണുങ്ങളുടേതിനെ അപേക്ഷിച്ച്‌ ശരീരചലനങ്ങള്‍ കുറവാണ്‌. വാദ്യങ്ങള്‍ ഉപയോഗിക്കാതെ വായ്പാട്ടും കൈമുട്ടും മാത്രമായി ആണുങ്ങളും ഈ കലാരൂപം അവതരിപ്പിക്കുന്നു.

മലബാറിലെ മുസ്ലീംകള്‍ക്കിടയില്‍ കല്യാണത്തിന്റെ തലേദിവസത്തെ ആഘോഷവും വളരെ പ്രധാനമാണ്‌. മെയിലാഞ്ചി, വെറ്റിലക്കെട്ട്‌ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ ആഘോഷത്തിനും ഒപ്പന പതിവുണ്ട്‌. അന്ന്‌ വധുവിനെ മെയിലാഞ്ചിയണിയിക്കുന്ന ചടങ്ങും സാധാരണമാണ്‌.
വരനെ പുതിയാപ്പിള (പുതിയ മാപ്പിള) എന്നു വിളിക്കുന്നു. പുതിയാപ്പിള വധൂഗൃഹത്തിലേക്കു പോകുന്നത്‌ വളരെ ആഘോഷമായിട്ടാണ്‌. പുതിയാപ്പിളപ്പോക്കി ന്റെ ഈ ഘോഷയാത്രയില്‍ വഴിയിലുടനീളം കൂട്ടുകാര്‍ കൈമുട്ടിപ്പാടും. മാപ്പിളപ്പാട്ടില്‍ വഴിനീളം എന്ന പേരില്‍ ഒരു ഇശല്‍തന്നെയുണ്ട്‌. മണിയറയില്‍ അയാളെ ഇരുത്തിയശേഷവും ചങ്ങാതിമാര്‍ കളിയാക്കിപ്പാടും.

വധുവിനെ പുതിയെണ്ണ്‌ (പുതിയ പെണ്ണ്‌) എന്നാണ്‌ വിളിക്കുക. പുതിയ കുട്ടി എന്ന അര്‍ത്ഥത്തില്‍ പിയ്യുട്ടി എന്നും പറയും. അവള്‍ വരന്റെ ഗൃഹത്തിലേക്ക്‌ ആഘോഷമായി പോകുന്നതിന്‌ പുതുക്കം പോവുക എന്നാണ്‌ പേര്‌. പുതുക്കം പോകുമ്പോഴും മണിയറ പൂകിക്കഴിഞ്ഞാലും നേരത്തെ പറഞ്ഞപോലെ പാട്ടും കൈമുട്ടും ഉണ്ട്‌.

ആണ്‍കുട്ടികളുടെ മാര്‍ക്കക്കല്യാണം, പെണ്‍കുട്ടികളുടെ കാതുകുത്തു കല്യാണം, പ്രസവത്തിന്റെ നാല്‍പതാം ദിവസമുള്ള നാല��‍പതുകുളി തുടങ്ങിയവയുമായി ബന്ധപ്പെട്ട്‌ ചിലേടങ്ങളില്‍ ഒപ്പന യുണ്ടായിരുന്നു എന്ന്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌.

കല്യാണത്തിന്‌ വാദ്യങ്ങള്‍ വായിച്ചും കൈമുട്ടിയും പാട്ടുപാടിയും സന്തോഷും ഉത്സാഹവും പ്രകടിപ്പിക്കുന്ന പതിവ്‌ അറബികള്‍ക്കിടയില്‍ ഉണ്ട്‌. പക്ഷേ, അറേബ്യന്‍ സംസ്കാരവുമായി നേരിട്ടു ബന്ധമില്ലാത്ത പല കേരളീയ സമൂഹങ്ങളിലും ഇത്തരത്തില്‍ വിവാഹത്തെ പാടിപ്പൊലിപ്പിക്കുന്ന ആചാരങ്ങള്‍ കാണാം.

നമ്മുടെ നാട്ടിലെ ക്രൈസ്തവര്‍ക്കിടയില്‍ ഇപ്പറഞ്ഞ തരത്തിലുള്ള കലാരൂപങ്ങള്‍ പലതുണ്ട്‌. ഉദാഹരണമാണ്‌ കല്യാണവുമായി ബന്ധപ്പെട്ട അവരുടെ വട്ടക്കളി എന്ന വിനോദ കലാപ്രകടനം. കല്യാണദിവസവും തുടര്‍ന്നുള്ള രണ്ടുമൂന്നു ദിവസങ്ങളിലും ഇത്തരം കളികള്‍ ഉണ്ടാകും. ക്നായിത്തോമ്മാ കൊടുങ്ങല്ലൂരില്‍ കുടിയേറി ആസ്ഥാനമുറപ്പിച്ചതും പിന്നീട്‌ മെത്രാ?ാ‍ര്‍ വന്നതും മറ്റുമാണ്‌ വട്ടക്കളിക്ക്‌ പാടുന്ന പല പാട്ടുകളിലേയും വിഷയം. ചില പാട്ടുകളില്‍ വധൂവര?ാ‍രെ വസ്ത്രങ്ങളും ആഭരണവും അണിയിക്കുന്നത്‌ വര്‍ണ്ണിക്കുന്നുണ്ട്‌. മെയിലാഞ്ചി അണിയിക്കുന്ന ചടങ്ങും മെയിലാഞ്ചിപ്പാട്ടും ക്രൈസ്തവര്‍ക്കും ഉണ്ട്‌. ചില പ്രദേശങ്ങളില്‍ പുലയര്‍ക്കിടയില്‍ കല്യാണക്കളിയായി വട്ടക്കളി യുണ്ട്‌.

ക്രിസ്ത്യാനികളുടെ മറ്റൊരിനം കല്യാണപ്പാട്ടാണ്‌ അടച്ചുതുറപ്പാട്ട്‌ . കല്യാണം കഴിഞ്ഞ്‌ നാലാം ദിവസത്തെ ചടങ്ങാണ്‌ അടച്ചുതുറ . വധൂവര?ാ‍രുടെ കുളിയും ഊണും കഴിഞ്ഞാണ്‌ ഇതു നടത്തുന്നത്‌. മണവാളന്‍ ഊണുകഴിഞ്ഞ്‌ ചങ്ങാതിമാരോടൊപ്പം മണിയറയില്‍ ചെന്ന്‌ വാതിലടച്ചിരിക്കും. വധുവിന്റെ അമ്മ, അതായത്‌ അമ്മായിഅമ്മ, പല പാട്ടുകള്‍ പാടിക്കൊണ്ട്‌ വാതില്‍ തുറക്കാന്‍ ആവശ്യപ്പെടും. പല പാട്ടുകള്‍ പാടുകയും അനേകതരം വസ്തുക്കള്‍ നല്‍കാമെന്ന്‌ വാഗ്ദാനം ചെയ്യുകയും ചെയ്തശേഷമേ വാതില്‍ തുറക്കുകയു���്ളു.
ചില പ്രദേശങ്ങളില്‍ ഹിന്ദു സമൂഹങ്ങളില്‍ കല്യാണാഘോഷത്തിന്റെ ഭാഗമായി വാതില്‍തുറപ്പാട്ടുകള്‍ ഉണ്ട്‌. കല്യാണത്തിന്‌ മുറിയുടെ അകത്തും പുറത്തും ഇരുന്ന്‌ വധൂവര?ാ‍രുടെ ചോദ്യവും ഉത്തരവും എന്ന മട്ടില്‍ പാടുന്നവയാണ്‌ വാതില്‍തുറപ്പാട്ടുകള്‍. പുരാണകഥകളാണ്‌ ഇവയിലെ പ്രതിപാദ്യം. വാതില്‍തുറപ്പാട്ടുകളുടെ ഒരു വകഭേദമാണ്‌ അമ്മാവിപ്പാട്ടുകള്‍ . അമ്മാവിയാണ്‌ ഇതില്‍ വാതിലില്‍ മുട്ടിവിളിക്കേണ്ടത്‌. ക്രിസ്ത്യാനികളുടെ അടച്ചുതുറപ്പാട്ടിന്റെ സമാന്തരകലാപ്രകടനമായി വാതില്‍തുറപ്പാട്ടുകളെ കാണാവുന്നതാണ്‌.

നായര്‍, കുറവ, ഈഴവ സമൂഹങ്ങളില്‍ വളരെ പ്രചാരമുണ്ടായിരുന്ന ഒന്നാണ്‌ കല്യാണക്കളി . പാട്ടു പാടിക്കൊണ്ടും ചുവടു വച്ചുകൊണ്ടും നടത്തുന്ന ഈ കളി പുരുഷ?ാ‍രുടേതാണ്‌. താലികെട്ടു കല്യാണത്തോടനുബന്ധിച്ചാണ്‌ ഇതു നടത്തിയിരുന്നത്‌. പുരാണകഥകള്‍ ഇതിവൃത്തമായുള്ള പാട്ടുകളാണ്‌ പ്രധാനമായും പാടുക.
നായര്‍ തറവാടുകളില്‍ കെട്ടുകല്യാണത്തിന്‌ ബ്രാഹ്മണിയമ്മമാര്‍ പാട്ടുപാടുന്ന പതിവുണ്ടായിരുന്നു. കെട്ടുകല്യാണം, താലികെട്ടുകല്യാണം, താലിക്കല്യാണം തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആ ആചാരം കുറ്റിയറ്റുപോയതോടെ അതിനോടു ബന്ധപ്പെട്ട കലാരൂപങ്ങളും ചരിത്രത്തിലേക്കു പിന്‍വാങ്ങി.

കല്യാണാഘോഷത്തിന്റെ ഭാഗമായി പാടുകയും ചുവടുവയ്ക്കുകയും ചെയ്യുന്ന കലാപ്രകടനങ്ങള്‍ ഇവിടത്തെ മുസ്ലീംകള്‍ക്കെന്നപോലെ മറ്റു സമൂഹങ്ങള്‍ക്കും ഉണ്ടായിരുന്നു എന്നര്‍ത്ഥം.
മുസ്ലീംകളുടെ ഒപ്പനയില്‍ പാടുന്ന മാപ്പിളപ്പാട്ടുകളില്‍ സാധാരണയായി വിഷയമാകുന്നത്‌ പുതുമണവാളനും പുതുമണവാട്ടിയും ആണ്‌. കൂട്ടുകാര്‍ അവരെ കളിയാക്കിപ്പാടുകയാണ്‌. അവരുടെ സൗന്ദര്യവും ശീലഗുണങ്ങളും കുടുംബമഹിമയും ആ മാപ്പിളപ്പാട്ടുകളില്‍ വാഴ്ത്തപ്പെടുന്നു. ഇടയ്ക്ക്‌ അവ കളിയാക്കപ്പെടുന്നു. ദൈവസ്തുതികളും പ്രവാചകസ്തുതികളും പാട്ടിന്റെ തുടക്കത്തിലും ഒടുക്കത്തിലും കടന്നുവരിക പതിവാണ്‌.

പ്രവാചകനായ മുഹമ്മദ്‌ നബിയുടെയും സഹചര?ാ‍രുടെയും കഥകളും അവര്‍ നടത്തിയ വിശുദ്ധയുദ്ധങ്ങളുടെ ചരിത്രങ്ങളും ഒപ്പനപ്പാട്ടുകളില്‍ കാണാം. പ്രമേയമല്ല, ഈണവും ഭാവവും ആണ്‌ ഒപ്പനപ്പാട്ടുകളില്‍ പ്രധാനം.

മാപ്പിളപ്പാട്ടുകളിലെ ഇശലുകള്‍ എന്നറിയപ്പെടുന്ന ഈണങ്ങള്‍ക്കിടയില്‍ ഒപ്പന ഒരു ഇനമാണ്‌. ഒപ്പനയുടെ ഈണം രണ്ടുതരത്തിലുണ്ട്‌ - ഒപ്പനമുറുക്കം, ഒപ്പനചായല്‍. ദ്രുതതാളത്തിലുള്ളതാണ്‌ മുറുക്കം; അയഞ്ഞതാളത്തിലുള്ളത്‌ ചായല്‍. മുറുക്കം പാടുമ്പോള്‍ മാത്രമേ പണ്ട്‌ കൈമുട്ടാറുള്ളു.

കല്യാണപ്പാട്ടുമായോ കല്യാണവുമായോ നേരിട്ടു ബന്ധമില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ ആവിഷ്കരിക്കുവാനും ഒപ്പനമുറുക്കം, ഒപ്പനചായല്‍ എന്നീ ഇശലുകള്‍ മാപ്പിളപ്പാട്ടെഴുത്തുകാര്‍ ഉപയോഗിക്കാറുണ്ട്‌. പ്രവാചകന്റെ കാലത്ത്‌ അറേബ്യയിലെ ബദര്‍ എന്നുപേരുള്ള മലഞ്ചെരുവില്‍ നടന്ന യുദ്ധചരിത്രം ആവിഷ്കരിക്കുന്ന ബദര്‍ ഒപ്പന യുള്ളത്‌ ഉദാഹരണം. മോയിന്‍കുട്ടി വൈദ്യര്‍ (1852-1892) എന്ന കവി ബദറുല്‍ മുനീര്‍ - ഹുസ്നുല്‍ ജമാല്‍ (1872) എന്ന കാവ്യത്തില്‍ ചില രംഗങ്ങള്‍ ചിത്രീകരിക്കുന്ന പാട്ടുകള്‍ രചിച്ചിരിക്കുന്നത്‌ ഒപ്പന ഇശലില്‍ ആണ്‌. പ്രണയം, ഉത്സാഹം, ആവേശം, അമിതമായ ആഹ്ലാദം തുടങ്ങിയ പ്രസന്നഭാവങ്ങള്‍ക്ക്‌ ശബ്ദാവിഷ്കാരം നല്‍കാന്‍ ഒപ്പനയുടെ ഈണത്തിന്‌ സവിശേഷമായ പ്രാപ്തിയുണ്ട്‌.

ശൃംഗാരപ്രധാനമായ മാപ്പിളപ്പാട്ടുകള്‍ക്കാണ്‌ ഒപ്പനയില്‍ പ്രാധാന്യം. അതിന്‌ ഒളിവു നല്‍കിക്കൊണ്ട്‌ ഭക്തിയും ചരിത്രവും നില്‍ക്കുന്നു.
പൊതുവേ പറഞ്ഞാല്‍, കേരളത്തിലെ കൈകൊട്ടിക്കളിയുടെ പാരമ്പര്യത്തില്‍പ്പെടുന്ന നാടന്‍ കലാരൂപമാണ്‌ ഒപ്പന. അതില്‍ ഇന്ന്‌ കണ്ടുവരുന്ന അളവിലുള്ള ശരീരചലനങ്ങള്‍ പണ്ടുണ്ടായിര��ന്നില്ല. സിനിമയും രംഗവേദികളും നല്‍കിയ പരിഷ്കാരത്തിലൂടെ ഒപ്പന ഇന്നൊരു നൃത്തരൂപമായിരിക്കുന്നു. ഇത്‌ പാരമ്പര്യത്തില്‍നിന്നുള്ള വ്യതിയാനമോ വളര്‍ച്ചയോ ആണ്‌.

കല്യാണവുമായി ബന്ധപ്പെട്ട അറബികളുടെ കലാപ്രകടനങ്ങളുടെയും കേരളീയരുടെ ദൃശ്യരൂപങ്ങളുടെയും മിശ്രമായി ഒപ്പന എന്ന കലാരൂപത്തെ കാണാവുന്നതാണ്‌. അറബിയും കേരളീയവുമായ താളങ്ങള്‍ ഒത്തുചേരുന്ന ഈണമാണ്‌ ഒപ്പനയ്ക്കുള്ളത്‌. ഇസ്ലാമികവും പ്രാദേശികവുമായ ഇതിവൃത്തങ്ങള്‍ ഒപ്പനപ്പാട്ടുകളില്‍ മേളിക്കുന്നു.

ഒരു മതവിശ്വാസവും ഒരു പ്രാദേശിക സംസ്കൃതിയും മനുഷ്യജീവിതത്തിലെ നിറപ്പകിട്ടാര്‍ന്ന സുരഭില മുഹൂര്‍ത്തത്തില്‍ സംഗീതസാന്ദ്രമായി ലയിച്ചുചേരുന്നതിന്റെ പ്രതീകമാണ്‌ ഒപ്പന.
(നിറവ്‌, 1997 ജനുവരി)

ഡോ. എം.എന്‍. കാരശ്ശേരിയുടെ ആരും കൊളുത്താത്ത വിളക്ക്‌ എന്ന പുസ്തകത്തില്‍നിന്ന്‌...


SocialTwist Tell-a-Friend
Related Stories: ഒപ്പന - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon