You are here: HOME » MAGAZINE »
പുലികളിയിലെ നടനശരീരം
ഡോ. എല്‍. തോമസ്‌ കുട്ടി Jayakeralam Malayalam News
കാര്‍ഷിക ജനതയുടെ ആഘോഷങ്ങളേറെയും വിളവെടുപ്പ്‌ ഉത്സവങ്ങളാണ്‌. അവരുടെ വിശ്രമവേളകളാവാം ഇവ്വിധം പരിണമിച്ചത്‌. കേരളത്തിലെ ഓണോഘോഷവും ഇമ്മാതിരി ആകാനാണിട. തെക്കും വടക്കും കേരളങ്ങളില്‍ ഒരേ ദിവസം ഓണാഘോഷം നടക്കാത്തതിനുള്ള കാരണവും കൃഷിയിലും ഭൂപ്രകൃതിയിലുമുള്ള പ്രാദേശികവ്യത്യാസം തന്നെയാണ്‌.

പനമ്പള്ളി ഗോവിന്ദമേനോന്‍ ദേശീയോത്സവമായി ഔദ്യോഗികമായി അംഗീകരിക്കുന്നതിനും മുന്‍പേ കേരളത്തിലെ നാട്ടിടങ്ങളില്‍ അത്‌ ആഘോഷിക്കപ്പെട്ടിരുന്നു. മാവേലി മിത്തിന്റെ പിന്‍ബലം ഉണ്ടാകുന്നതിനും മുമ്പ്‌ ഓണാഘോഷം തുടങ്ങിയിരുന്നു എന്നു വിചാരിക്കുന്നതാണ്‌ ഉചിതം. മതാധിഷ്ഠിത വ്യാഖ്യാനങ്ങള്‍ക്ക്‌ മുന്‍പേതന്നെ അദ്ധ്വാനിക്കുന്ന ജനത അവരുടെ വിളവെടുപ്പ്‌ ആഘോഷിച്ചു എന്നു ഗണിക്കാം. അങ്ങനെ വരുമ്പോള്‍ ജനതയുടെ ചരിത്രവും ലോകവീക്ഷണവും ജീവിതവും പഠിക്കാന്‍ ഓണാഘോഷത്തിന്റെ ഘടനയും അവയോടനുബന്ധിച്ചുള്ള ആചാരാനുഷ്ഠാനങ്ങളുടെ കലാപ്രകടനങ്ങളും പഠിക്കേണ്ടിവരും. മാവേലിയെ വരവേല്‍ക്കാന്‍ ഒരുക്കുന്ന അത്തപ്പൂക്കളത്തിന്റെ മധ്യേ വാമനമൂര്‍ത്തിയെ പ്രതിഷ്ഠിക്കുവാനുള്ള ചരിത്രയുക്തി പര്യാലോചിക്കേണ്ടിവരും.

താരതമ്യേന പാര്‍ശ്വവത്കൃതരായ കീഴാള കലാകാര?ാ‍രാണ്‌ ഇന്ന്‌ തൃശ്ശൂരില്‍ മുഖ്യമായും പുലികളിക്കുന്നത്‌. അവരുടെ നടനത്തിന്റെ മുഖ്യ ഉപാധിയാവട്ടെ ശരീരവും. ഈ നടനശരീരത്തെ അപഗ്രഥിക്കുന്നതിലൂടെ ഓണനടനത്തില്‍ ശരീരത്തിനുള്ള പ്രാധാന്യവും പാര്‍ശ്വവത്കൃതജനതയുടെ സര്‍ഗസംവേദനത്തില്‍ അവയ്ക്കുള്ള പങ്കും മനസ്സിലാക്കാനാവും.കൈകൊട്ടിക്കളി, വള്ളംകളി, കടുവകളി, പുലികളി, കുമ്മാട്ടിക്കളി, സീതകളി, കരടികളി, ഓണപ്പൊട്ടന്‍ തുടങ്ങി ഒട്ടേറെക്കലാരൂപങ്ങള്‍ ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തില്‍ അവതരിപ്പിച്ചുവരുന്നു. സവിശേഷവാദ്യങ്ങളും വായ്ത്താരികളും പാട്ടുകളും ഇവ���്ക്ക്‌ അകമ്പടി ചേരുന്നു. വള്ളംകളി ജലോത്സവമെന്ന നിലയില്‍ ഇതരങ്ങളില്‍നിന്നും ഭിന്നമാണ്‌. മറ്റുള്ളവയിലെല്ലാം തന്നെ നര്‍ത്തനം പ്രമുഖപ്രധാനമായ വിനിമയോപാധിയാകുന്നു. വീടുകള്‍തോറും കയറിയിറങ്ങി വിനോദലക്ഷ്യത്തോടെ അവതരിപ്പിക്കുന്ന പ്രകടനകലകളാണ്‌ ഇവയിലേറെയും.

സമൂഹമൊന്നടങ്കം മായികമായൊരു മണ്ഡലത്തിലേക്ക്‌ പരിവര്‍ത്തിതമാകുന്ന മുഹൂര്‍ത്തമാണല്ലോ ഉത്സവമെന്നത്‌. അതിനാല്‍തന്നെ അയഥാതഥവും വര്‍ണാഭവുമായ വ്യവഹാരങ്ങളാണ്‌ ഉത്സവങ്ങളുടെ സവിശേഷത. അലങ്കാരങ്ങളും നിറച്ചാര്‍ത്തുകളും അവിടെ അനിവാര്യമാകുന്നു. പതിവില്ലാത്ത വേഷങ്ങളും അപരിചിതരായ ആള്‍ക്കൂട്ടവും അതിന്‌ മേമ്പൊടിയാകുന്നു. അതുമൂലമാണ്‌ ഉത്സവാനുബന്ധിതമാകുന്ന പ്രകടനകലകളെല്ലാം തന്നെ പ്രതീകാത്മകവര്‍ണ്ണങ്ങളാല്‍ സമൃദ്ധമാകുന്നത്‌.

ഉത്സവവ്യവഹാരകേന്ദ്രത്തിലെ അനുഷ്ഠാനങ്ങള്‍ക്കും അതിന്റെ ഭ്രമണപരിധിയിലെ വിനോദകലകള്‍ക്കും ഇത്‌ ബാധകമാകുന്നു. കരടികളി, കടുവാകളി, പുലികളി എന്നിവയിലെല്ലാം തന്നെ കെട്ടിയാടുന്ന മൃഗരൂപത്തെ ഓര്‍മ്മിപ്പിക്കുംവിധം നട?ാ‍ര്‍ ചമയമിടുന്നു. കരടികളിയില്‍ ശരീരമാസകലം ഉണങ്ങിയ വാഴ ഇലകൊണ്ടു മൂടിക്കെട്ടുകയാണ്‌. മുഖം കരിപുരട്ടിയോ കരടിയുടെ മുഖംമൂടികൊണ്ടോ മറയ്ക്കുകയും ചെയ്യും. കടുവകളി, പുലികളി എന്നിവയിലാവട്ടെ നാമമാത്ര വസ്ത്രം ധരിച്ച നട?ാ‍ര്‍ ശരീരമാസകലം മഞ്ഞവര്‍ണ്ണം തേച്ച്‌ അതില്‍ പുള്ളിയോ കലകളോ യഥാവണ്ണം വരച്ചുചേര്‍ക്കുന്നു. മുഖംമൂടിയും വാലുംകൂടി പിടിപ്പിച്ച്‌ കഴിയുമ്പോള്‍ ചമയം പൂര്‍ണ്ണമാകും. കടുവകളിക്കാര്‍ മിക്കപ്പോഴും മുഖംമൂടിക്കുപകരം നിറമുള്ള കളിപ്പാട്ടക്കണ്ണടകള്‍ വയ്ക്കുന്ന പതിവുമുണ്ട്‌.

നടന്റെ നൃത്തച്ചുവടുകളോടൊപ്പം അഭ്യാസപ്രകടനത്തിനും ഇവകളില്‍ സ്ഥാനമുണ്ട്‌. ഈ കലാരൂപങ്ങള്‍ തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും ഏറ��� പ്രചാരത്തിലുണ്ടായിരുന്നു. വര്‍ത്തമാനകാലത്തില്‍ ഈ കലാരൂപങ്ങള്‍ക്ക്‌ ഗണ്യമായ വ്യതിയാനം സംഭവിച്ചിട്ടുണ്ട്‌. ഇന്ന്‌ തൃശ്ശൂര്‍ നഗരവുമായി ബന്ധപ്പെട്ടാണ്‌ പുലികളി ഏറെ സജീവം. പുലിക്കളി തൃശ്ശൂരാണ്‌ ആരംഭിച്ചതെന്ന്‌ പൂത്തേഴത്ത്‌ രാമന്‍മേനോന്‍ പറയുന്നുണ്ട്‌. ഈ പുലികള്‍ക്കു പുലിമുഖം വച്ചു കെട്ടുക മാത്രമല്ല സിംഹമുഖം ശരീരത്തില്‍ വരച്ചുചേര്‍ക്കുന്ന പതിവും ഉണ്ട്‌. സിംഹത്തിന്റെ കണ്ണ്‌ മാറിലും വായ പൊക്കിളിലും വരത്തക്കവിധമാണ്‌ വരയ്ക്കുന്നത്‌. വലിയ വയറുള്ള നട?ാ‍രാണ്‌ ഈ വേഷം കെട്ടാന്‍ ഉത്തമരെന്നാണ്‌ ഇന്ന്‌ പരക്കെ വിശ്വസിക്കപ്പെടുന്നത്‌. പഴയൊരു ഫോക്ലോര്‍ രൂപം കാലികമായ സാങ്കേതിക വിദ്യയുടേയും സാംസ്കാരികജീവിതത്തിന്റെയും വ്യതിയാനത്തിനനുസൃതമായി പരിവര്‍ത്തിതമാവുകയാണിവിടെ. ഇന്ന്‌ സര്‍ക്കാര്‍ ഈ ആഘോഷത്തെ പ്രോത്സാഹിപ്പിക്കുകയും മത്സരാധിഷ്ഠിതമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.

പഴയ സാമൂഹ്യനിയമങ്ങളല്ല ഇന്നത്തെ പുലികളിയെ നിയന്ത്രിച്ചുനിറുത്തുന്നത്‌. മുന്‍പ്‌ സവിശേഷമായ ചില കീഴ്ജാതി സമൂഹങ്ങളായിരുന്നു പുലി, കടുവ, വേഷങ്ങള്‍ കെട്ടിയാടിയിരുന്നത്‌. വേഷത്തിനും ആകാരത്തിനുമെന്നതിനേക്കാള്‍ താളത്തിനും ചുവടുകള്‍ക്കും അന്ന്‌ പ്രാധാന്യം കൂടുതലായിരുന്നു. കളിക്കിടയില്‍ അവര്‍ക്കു കിട്ടുന്ന സംഭാവനകള്‍ മാത്രമായിരുന്നു പ്രതിഫലം. ഇന്നാവട്ടെ നഗരവാസികളിലെ ഡ്രൈവര്‍മാരും പെയിന്റര്‍മാരും മറ്റ്‌ ചെറിയ തൊഴില്‍ക്കൂട്ടങ്ങളുമാണ്‌ പുലികളിക്കുന്നത്‌. വിവിധ മതസ്ഥര്‍ പുലിവേഷം കെട്ടിയാടാറുമുണ്ട്‌. ജാതിഘടനയില്‍നിന്നും സമ്പദാധിഷ്ഠിത തൊഴില്‍ക്കൂട്ടങ്ങളിലേക്കു കേരളീയകലകളും സമൂഹവും പരിവര്‍ത്തിതമാകുന്നതിന്റെ ഗുണപരമായ ലക്ഷ്യമാണിത്‌.

ടെമ്പ്രാപൗഡറും വാര്‍ണിഷും, നാടന്‍ ചായങ്ങളും പ്രകൃതിവസ്തുക്കളും ചമയത്തിനായി മുന��‍പ്‌ ഉപയോഗിച്ചിരുന്നിടത്ത്‌ പുതിയ സാങ്കേതികവിദ്യയും സാമിഗ്രികളുമാണ്‌ ഇന്ന്‌ ഉപയോഗിക്കുന്നത്‌. സ്പ്രേ പെയിന്റിംഗിലൂടെ പുലിയുടേയും സിംഹത്തിന്റേയും യഥാതഥചിത്രം ശരീരത്തില്‍ വരച്ചുചേര്‍ക്കുകയാണ്‌ ഇപ്പോള്‍. തൃശ്ശൂര്‍ പട്ടണത്തിലെ റൗണ്ടില്‍, ഉച്ചയ്ക്കുശേഷം നാലാം ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന മത്സരപ്പുലികളി രാത്രി ഏകദേശം എട്ടുമണിയോടെ അവസാനിക്കും. നഗരത്തിന്റെ പുതിയ ഫോക്ലോറാകയാല്‍, വീടുവീടാന്തരം കയറിയിറങ്ങുന്ന പൊതുപതിവ്‌ ഈ കലാരൂപത്തിനില്ല. കേവലവിനോദമെന്നതിലുപരി മതപരമായ ലക്ഷ്യവും ഇന്ന്‌ ഈ കലാരൂപത്തിനില്ല.പുലിദൈവങ്ങളെ ആരാധിക്കുകയും പുലിക്കോലങ്ങള്‍ കെട്ടിയാടുകയും ചെയ്യുന്ന സമ്പ്രദായം വടക്കന്‍ കേരളത്തിലുണ്ട്‌. പുലിക്കോട്ടു കുഞ്ഞിക്കന്നി, പുലിക്കോട്ടിടം കുഞ്ഞിക്കേളു, പുലിക്കോട്ടേല്‍ കുട്ടിനമ്പറ്‌ തുടങ്ങിയവരുടെ കഥകളും വടക്കന്‍ പാട്ടിലുണ്ട്‌. പുലിവേഷം കെട്ടി പുലിയെപ്പിടിക്കാന്‍ പോയവരാണ്‌ ഇവരില്‍ ചിലര്‍. കുട്ടിനമ്പറ്‌ പുലിയെ കൂട്ടിലാക്കിയപ്പോള്‍ ചതിയനായ കാര്യക്കാരന്‍ അവരെ തോക്കെടുത്തു വകവരുത്തിയതായ കഥയുമുണ്ട്‌. കടുവയെക്കുറിച്ചുള്ള പ്രസിദ്ധ സന്താളി നാടോടിക്കഥയില്‍ പിറക്കാനിരിക്കുന്ന ഒരു കുട്ടിയുടെ അന്ത്യത്തെക്കുറിച്ച്‌ കടുവ വൃക്ഷത്തോടു സംസാരിക്കുന്നതും വിധിയില്‍നിന്നും കുഞ്ഞിനെ രക്ഷിക്കുവാനായി, അവന്റെ അമ്മാവന്‍ കാത്തിരിക്കുന്നതും കുട്ടിയെ കൊല്ലാനെത്തിയ കടുവയെ വകവരുത്തുന്നതും, എങ്കില്‍പ്പോലും വിധിവശാല്‍, ചത്ത കടുവയുടെ പല്ലുകൊണ്ട്‌ കുട്ടി മരിക്കുന്നതുമായ ഒരു കഥയുണ്ട്‌. ഇന്ത്യന്‍ നാടോടിക്കഥകളില്‍ മിക്കപ്പോഴും ചതിയനും ഹിംസ്രജീവിയും ഒപ്പം വിഡ്ഢിയുമായാണ്‌ കടുവ പ്രത്യക്ഷപ്പെടുന്നത്‌. കുറുക്കന്റെ കൗശലങ്ങളാണ്‌ അവനില്‍നിന്നും മനുഷ്യനെ രക്ഷിക്കുന്നത്‌. ഇരയും വ��ട്ടയും തമ്മിലുള്ള ഒരു ബന്ധമാണ്‌ പൂര്‍വ്വകാലത്തിലെ ഇത്തരം മൃഗകഥകള്‍ കാട്ടിത്തരുന്നത്‌. അതില്‍ പുലി-കടുവകളുടെ സ്ഥാനം മിക്കപ്പോഴും ഇരപിടിയന്റേതുമാണ്‌.
ആഫ്രിക്കയിലെ തിബാനെ (Tibane) യിലെ പോണ്ടോ (Pondo) വംശക്കാര്‍ക്കിടയില്‍ സ്ത്രീകളുടെ അരങ്ങേറ്റ (initiation) കര്‍മ്മങ്ങളില്‍ (ഋതുമതിയാകുന്നതോടനുബന്ധിച്ചുള്ള തരുണകര്‍മ്മങ്ങള്‍) പുലി, സിംഹം തുടങ്ങിയ വന്യജീവികള്‍ക്ക്‌ സ്ഥാനമുണ്ട്‌. ഉകുത്‌വാസ (Ukuthwasa) ഇത്യാല (Ityala) തുടങ്ങിയ ആചാരങ്ങളില്‍ യുവതികള്‍ സ്വപ്നദര്‍ശനമനുസരിച്ച്‌ ശരീരമാസകലം പുലിപ്പുള്ളികുത്തി നൃത്തം വയ്ക്കുന്നതാണ്‌ ചടങ്ങ്‌. ഇലകളും മറ്റുമുപയോഗിച്ച്‌ തലയും അരയും മറക്കുകയും ചെയ്യും. സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്ന മൃഗങ്ങള്‍ തങ്ങളുടെ പൂര്‍വ്വീകരാണെന്നും ഇവര്‍ വിശ്വസിക്കുന്നുണ്ട്‌.

ബൗദ്ധമതസ്വാധീനത്തിനു മുന്‍പുള്ള നേപ്പാളിലും പുലി ആരാധനയും മഞ്ഞുപുലിയുടെ പ്രീതിക്കായുള്ള അനുഷ്ഠാനങ്ങളും സജീവമായിരുന്നു. അവര്‍ മനാംഗ്‌ (Manang) എന്ന അനുഷ്ഠാനം മലദേവതകളുടെ കോപം അടക്കുവാനായിട്ടാണ്‌ നടത്തുക. തങ്ങളുടെ വിളകളും പച്ചമരുന്നുകളും വളര്‍ത്തുമൃഗങ്ങളും കാക്കുവാനായി മരിച്ചുപോയ ലാമമാര്‍ മഞ്ഞുപുലികളായി (Snow Leopards) അവതരിച്ചിരിക്കുകയാണെന്നാണ്‌ തിബറ്റന്‍ നാടോടിവിശ്വാസം. അവരുടെ തന്നെ മറ്റൊരു വിശ്വാസപ്രകാരം മനുഷ്യന്‍ ചെയ്ത ദുഷ്കര്‍മ്മങ്ങളുടെ തോതനുസരിച്ച്‌ നായ്ക്കളായോ പുലികളായോ അവന്‍ പുനര്‍ജ്ജനിക്കും. ആകയാല്‍ പുലിയെ കൊന്നാല്‍, അതിന്റെ പാപം കൂടി കൊല്ലുന്നവനില്‍ ചേരുകയും അവന്റെ അടുത്ത ജ?ത്തിലെ പുലിയായുള്ള ജീവിതം കൂടുതല്‍ ദുഷ്കരമാവുകയും ചെയ്യും.

തൃശ്ശൂരിലെ പുലികളിയുടെ ചരിത്രം അന്വേഷിച്ച പുത്തേഴത്ത്‌ രാമന്‍ മേനോന്‍, അത്‌ ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ കമ്പനിയിലെ മുഹമ്മദീയരുടെ "മൊഹറം" ആഘോഷത്തോടൊപ്പം ആരംഭിച്ചതാണെന്ന്‌ വിലയ���രുത്തുന്നു. അതില്‍ ആകൃഷ്ടരായ ഹൈന്ദവര്‍ പുലിക്കളി അനുകരിക്കുകയും ഓണാഘോഷത്തിലും മറ്റും നടപ്പില്‍ വരുത്തുകയും ചെയ്തതാണെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. ഇതിനുള്ള കാരണമായി പുത്തേഴന്‍ പറയുന്നത്‌ തൃശ്ശൂരിലെ ഹൈന്ദവര്‍ക്കിടയില്‍ പുലിമേലേറിവരുന്ന അയ്യപ്പആരാധനപോലും പ്രചരിക്കുന്നത്‌ തൊള്ളായിരത്തി അറുപതുകള്‍ക്കുശേഷമാണെന്നും അതിനുമുന്‍പേ തന്നെ "പുലികളി" പ്രചാരത്തിലുണ്ടായിരുന്നുവെന്നുമാണ്‌. എന്നാല്‍ കുറച്ചുകൂടി വിശാലമായി നോക്കിയാല്‍ ഏതെങ്കിലും ഒരു മതത്തിന്റെ പിന്‍ബലമില്ലാതെതന്നെ ഇത്‌ മനസ്സിലാക്കാനാവും. മനുഷ്യകുലത്തിന്റെ അബോധമനസ്സില്‍ സംരക്ഷിതമാകുന്ന വന്യപ്രകൃതിയാവാം ഈ പുലി. ആദിമബോധങ്ങളില്‍ രൂപംകൊണ്ട വന്യഭീതിയുടെ ആര്‍ക്കിടൈപ്പ്‌, അതിനുമേലുള്ള ജയത്തിന്റെ രംഗാവിഷ്ക്കാരമായും പുലികളിയെ വിലയിരുത്താം.

പുലി, കടുവ തുടങ്ങിയ മൃഗവേഷങ്ങള്‍ക്കു പുറമേ സായ്‌വ്‌, മദാമ്മ, കുട്ടിസ്രാങ്ക്‌, വികാരിയച്ചന്‍, കന്യാസ്ത്രീ എന്നീ കഥാപാത്രങ്ങളും ഒന്നിച്ചോ ഒറ്റയായോ ഇതില്‍ മുന്‍കാലങ്ങളിലുണ്ടായിരുന്നു. ആട്ടിന്‍കുട്ടിയെ കൊന്ന്‌, പുലി ചോര കുടിക്കുന്നതോടുകൂടിയാണ്‌ കളി അവസാനിച്ചിരുന്നത്‌ (പുത്തേഴന്‍, തൃശ്ശൂര്‍-ട്രിച്ചൂര്‍). എന്നാലിന്ന്‌ മനുഷ്യകഥാപാത്രങ്ങള്‍ ഏറെക്കുറേ അപ്രത്യക്ഷമായിക്കഴിയുകയും ശരീരനടനത്തിന്റെ പ്രസക്തിയും അഭ്യാസവൈവിധ്യവും വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്‌. ഈ അഭിനയാംശമാണ്‌ ഇന്നും പുലികളിയുടെ ആകര്‍ഷണകേന്ദ്രം. ക്ലാസിക്കല്‍ കലകളും ഇതരപരിഷ്കൃതകലകളും മുഖത്തെ മുഖ്യഅഭിനയാംഗമായി ഗണിക്കുമ്പോള്‍, ശരീരത്തെ മുഴുവനായും നടനത്തില്‍ പ്രയോഗക്ഷമമാക്കുകയാണ്‌ നാടോടി രീതി. മുഖാവരണം ധരിക്കുന്നു എന്നതു മാത്രമല്ല ഇതിനു കാരണം. സംവേദനത്തിന്റെ ഭിന്നമായൊരു രചനാ (composition) രീതിയാണത്‌. കയ്യും മെയ്യും ഒന്നാകെ എ���ുത്തുപയോഗിക്കുന്ന ഒരു പ്രയോഗവിശേഷം. അവനെ ചൂഴ്‌ന്നുനില്‍ക്കുന്ന അന്തരീക്ഷം അനുനിമിഷം ചലനാത്മകചേരുവ(combination)കളിലൂടെ ഭിന്നശില്‍പങ്ങളിലേക്ക്‌ പരിവര്‍ത്തിക്കപ്പെടുന്നതുമാണ്‌.

നാടോടിപ്രകടനങ്ങളുടെ മുഖ്യസവിശേഷതയായ ഭാഗികപ്രേക്ഷകന്‌ (ഒരാളും ഒരു പ്രകടനവും സമ്പൂര്‍ണ്ണമായി കാണുന്നില്ല, എന്തെന്നാല്‍ ഒരിടത്ത്‌ ആരംഭിച്ച്‌ മറ്റൊരിടത്തേക്കു സഞ്ചരിക്കുക എന്നുള്ളതാണ്‌ ഇവകളുടെ രീതി). തുടര്‍ച്ചകളെന്നതിനേക്കാള്‍ ക്ഷണികവും ചലനാത്മകവുമായ മായികാവിഷ്ക്കാരങ്ങളായിരിക്കും പഥ്യം. നടനത്തിനാധാരമായ ത്രിഗുണങ്ങള്‍ വഴക്കം, ക്ഷമത, ശക്തി (Suppleness, Stamina & Strength) കാര്യക്ഷമമായി പ്രയോഗിക്കുന്നതിലൂടെയാണ്‌ നാടോടി അരങ്ങ്‌ പ്രേക്ഷകരെ പിടിച്ചിരുത്തുക. നാടോടി നടന്റെ പ്രധാനവെല്ലുവിളിയും ഇതാണ്‌. അവന്റെ സര്‍ഗവാസനയും മനോധര്‍മ്മാഭിനയവും ശരീരനിയന്ത്രണവും വഴി അയാളത്‌ നിര്‍വ്വഹിക്കുന്നു. കേവലം ഒരു കഥാപാത്രനിര്‍ദ്ദേശത്തിനപ്പുറം വിപുലമായൊരു പ്രമേയ വസ്തുവോ കഥാവിവരണമോ ഇല്ലാതെ പുലിവേഷക്കാരന്‍ കളി തുടങ്ങുമ്പോള്‍ ശരീരവിന്യാസത്തിന്റെ വിവിധ പടുതികളും അഭ്യാസ-നൃത്തമികവുകളും തന്നെയാണ്‌ നടനത്തിനുള്ള-സൗന്ദര്യാത്മക സംവേദന ഉപാധി. തോക്കുചൂണ്ടുന്ന കാട്ടാളനും വെടിയേറ്റുവീഴുന്ന കരടിയും കരടികളിയിലുമുണ്ട്‌. സായ്‌വും മദാമ്മയും പോലുള്ള കഥാപാത്രങ്ങള്‍ മുന്‍പ്‌ പുലികളിയിലുണ്ടായിരുന്നു എന്നു സൂചിപ്പിച്ചുവല്ലോ?. അനതിവിദൂരമായ കോളനിവാഴ്ചയുടെ ഭാഗികസൂചന അതിലുണ്ടാവാം. അവിടങ്ങളില്‍ വെടിയേല്‍ക്കുന്ന വന്യത (കരടി/പുലി) ദേശീയജനതയാകാമെന്ന ലാക്ഷണികസൂചന അഭിനേതാവിന്‌ പ്രമേയപിന്തുണയുമാവാം. എന്നാല്‍ ഇന്ന്‌ പുലികളി, പ്രത്യക്ഷമായ യാതൊരു പ്രമേയാടിത്തറയിലുമല്ല ഉറപ്പിച്ചിട്ടുള്ളത്‌. കഥയില്ലാതെ, കേവലം നാട്യശരീരത്തെ ആധാരമാക്കി, വര്‍ത്തമാന നഗരസംസ്കൃതിയുട��� ആഘോഷമൊരുക്കുകയാണ്‌.പാരമ്പര്യകലാരൂപത്തെ സമകാലികമായി വ്യാഖ്യാനിച്ചെടുക്കുകയാണ്‌. ഗ്രാമമൂലകളിലും വീട്ടുപടിക്കലുമൊക്കെ അലഞ്ഞിരുന്ന മുന്‍കാല പുലികളില്‍നിന്നും ഭിന്നമായി, ഇന്നത്തെ പുലികള്‍ പട്ടണവീഥിയിലൂടെ മാത്രം ചലിക്കുകയാണ്‌. കാട്ടിലെ പുലി നാട്ടിലെത്തുന്നതിന്റെ ആവിഷ്കാരമായിരുന്നു മുന്‍പ്‌ എങ്കില്‍ പുറത്തുള്ള പുലിയില്‍നിന്നും അവനവന്റെ അകത്തുള്ള പുലിയെക്കുറിച്ചുള്ള അന്വേഷണമായാണ്‌ ഇന്നത്തെ പുലികളി മാറുന്നത്‌. വന്യതയുടെ പൊക്കിള്‍ക്കൊടി ബന്ധം നടനശരീരത്തിലൂടെ സ്ഥാപിക്കുകയാണ്‌. (ശരീരത്തില്‍ സിംഹം, പുലി, കടുവ മുതലായ ചിത്രങ്ങള്‍ വരച്ചുചേര്‍ക്കുന്ന പതിവുണ്ട്‌. മുലക്കണ്ണുകളില്‍ മൃഗക്കണ്ണും പൊക്കിളില്‍ വായും വരത്തക്കവണ്ണമാണ്‌ മിക്കപ്പോഴും വരയ്ക്കുന്നത്‌. ഇത്‌ ഒരു പക്ഷേ യാദൃശ്ചികമാവാം. ശരീരത്തില്‍ വീരപ്പന്റെ ചിത്രം പോലും വരച്ചിരുന്നെന്ന കാര്യവും ഇവിടെ രേഖപ്പെടുത്തട്ടെ!). ഒറ്റയാന്‍ പ്രകൃതിയായ പുലി, വര്‍ത്തമാന ഫോക്ലോറിസമായി ആഘോഷക്കൂട്ടായ്മാമധ്യേ വിപുല നടനം ചെയ്യുകയാണ്‌ പുലികളിയില്‍.

ജപ്പാന്‍ നാട്യാചാര്യനായ സിയാമിയുടെ അഭിപ്രായത്തില്‍ കബുക്ക്കിയുടെ ആധാരഘടകങ്ങള്‍ എല്ലും മാംസവും തോലുമാകുന്നു. നാട്യത്തില്‍ നടനശരീരത്തിന്റെ പ്രാധാന്യത്തെ അടിവരയിടുന്ന ചിന്തകനാണ്‌ ഫ്രഞ്ചുകാരനായ അര്‍ത്തോയും. വാഗതീത (Non verbal) കലകള്‍ സമൃദ്ധമായുള്ളത്‌ നാടന്‍കലകളിലാണ്‌. കേരളത്തിലെ നാടോടിക്കലകളില്‍ നടനശരീരഭാഷയിലൂടെയുള്ള വിനിമയം സാര്‍വ്വത്രികമായുണ്ട്‌. ആധുനിക മനഃശാസ്ത്രത്തിന്‌ പ്രാമുഖ്യം ലഭിച്ച ശേഷം നാടകത്തിലും സിനിമയിലുമൊക്കെ പ്രബലമായിത്തീര്‍ന്ന മനഃശാസ്ത്രാധിഷ്ഠിത അഭിനയത്തേക്കാള്‍ വിപുലവും ആഴത്തിലുള്ളതുമായ അഭിനയ-സംവേദനരീതികള്‍ ഇതിലുണ്ട്‌. അത്‌ സമൂഹമനസ്സിന്റെ അബോധത്തില്‍നിന്നും ഉറവെടുക്കുന്ന ഒന്നാകുന്നു. സമൂഹശരീരത്തിന്റെ തുറന്നവേദിയില്‍ കളിയാടുന്ന ഒന്നാകുന്നു. ശരീരമാദ്യമെന്ന ആദിമ നടനവഴക്കങ്ങളെ പിന്‍ചൊല്ലുകയും സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ലളിതവും സുകുമാരവുമായ ഒരു നടനമണ്ഡലമാകുന്നു. പുലികളിയിലെ നാട്യരീതി ഇത്തരത്തില്‍ പ്രസക്തമാണ്‌. അവിടെ ശരീരത്തില്‍നിന്നും ശരീരത്തിലൂടെ ശരീരാഘോഷമായി ഉത്സവം പരിവര്‍ത്തിക്കപ്പെടുന്നു. വന്യമായ ഒരു പ്രതീകം അതിനു തുണയാകുന്നു. പുതുസംസ്കൃതികളിലെ ഒഴിഞ്ഞ ഇടങ്ങളില്‍ നിന്നും പാര്‍ശ്വവത്ക്കരിക്കപ്പെട്ട തൊഴില്‍ക്കൂട്ടങ്ങളുടെ നാട്ടുചേരലിലൂടെ നാടോടി അഭിനയത്തിനടിത്തറ തുടര്‍ച്ച നേടുന്നു. അത്‌ പുലികളിയിലൂടെ നവഫോക്ലോറിസമായി വരുംകാലങ്ങളിലേക്ക്‌ സംരക്ഷിതമാവുകയാണ്‌.

ആധാരഗ്രന്ഥങ്ങള്‍
1. ട്രച്ചൂര്‍ ട്രിച്ചൂര്‍ - പുത്തേഴത്ത്‌ രാമന്‍ മേനോന്‍
2. കലയും വിദ്യയും കാഴ്ചപ്പാടുകളിലൂടെ - വി.എം. കുട്ടിക്കൃഷ്ണമേനോന്‍
3. The Secret Art of the Performer: Eugenio Barba
4. Culture/Metaculture: Francis Mulhen.
5. Folklore and Folklife : Richard M. Dorson.


SocialTwist Tell-a-Friend
Related Stories: പുലികളിയിലെ നടനശരീരം - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon