You are here: HOME » MAGAZINE »
എല്‍ഫ്രീഡ്‌ ജൂലിനെക്ക്‌
ജോഷി ചെറുകാട്ട്‌ Jayakeralam Malayalam News
പാശ്ചാത്യ മാധ്യമങ്ങള്‍ക്കും ബുദ്ധിജീവികള്‍ക്കും ജൂലിനെക്കിനെ ഇഷ്ടമായിരുന്നില്ല. മാന്യതയുടെ പൊള്ളത്തരം തകര്‍ത്ത ഈ എഴുത്തുകാരിക്ക്‌ നോബല്‍ സമ്മാനം കിട്ടിയപ്പോഴും ലോകരാജ്യങ്ങളില്‍ ഇവരുടെ രചനകള്‍ എത്തിയിരുന്നില്ല.

" ഞാനെഴുതുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കാറുണ്ട്‌. അത്‌ ദുര്‍ബലരുടെ പക്ഷത്ത്‌ നില്‍ക്കുക എന്നതാണ്‌. ശക്തിയുള്ളവരുടെ പക്ഷം സാഹിത്യത്തിന്റെ പക്ഷമല്ല. 2004-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഓസ്ട്രിയന്‍ എഴുത്തുകാരി എല്‍ഫ്രീഡ്‌ ജൂലിനെക്കിന്റെ വാക്കുകളാണിത്‌.

എന്നും അധികാരി വര്‍ഗത്തിനെതിരെ യുക്തിയുടെ പരിഹാസ ശരങ്ങള്‍ തൊടുത്തു കൊണ്ട്‌ ആശയങ്ങളുടെ പക്ഷത്തുനിന്ന എഴുത്തുകാരിയാണ്‌ അമ്പത്തിയേഴുകാരിയായ ജൂലിനെക്‌. ജൂലിനെക്കിന്റെ ഏറ്റവും ഒടുവിലായി പ്രസിദ്ധീകരിച്ച "ബാംബിലാന്‍ഡ്‌ " എന്ന നാടകം പോലും അമേരിക്ക ഇറാഖ്‌ ആക്രമിച്ചതിനെതിരെയുള്ള എഴുത്ത്‌ യുദ്ധമാണ്‌.

അതുകൊണ്ടായിരിക്കണം ജൂലിനെക്കിന്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ച വേളയില്‍ സ്വീഡിഷ്‌ അക്കാദമി സെക്രട്ടറി ഹെറാസ്‌ എങ്ക്‌ ദാള്‍ പറഞ്ഞത്‌ ? ഈ പുരസ്കാര നിര്‍ണയം ഒരു രാഷ്ട്രീയ പ്രതികരണമായി തെറ്റിദ്ധരിക്കരുതെന്ന്‌ ".

നോബല്‍ സമ്മാനാനന്തര നാടകമായി ഒരു കൃതി സെപ്റ്റംബറില്‍ പുറത്തിറക്കുന്നു. "ബാബേല്‍ എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. കുപ്രസിദ്ധമായ ആബുഗ്രാബ്‌ ജയിലിലെ കൊടും പീഡനങ്ങളും നഗ്ന താണ്ഡവവുമാണ്‌ ഇതിലെ പ്രമേയം. ഇറാഖില്‍
പിടിയിലായ ഭടന്‍മാരെ അമേരിക്കന്‍ ഭടന്‍മാര്‍ ക്രൂരമായി പീഡിപ്പിച്ച സംഭവം ലോകമെങ്ങും പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിനോടൊപ്പം അമേരിക്ക ഇറാക്കി ഭടന്‍മാരുടെ ശരീരം വികൃതമാക്കിയതും നാടകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

പാശ്ചാത്യ നാടുകളിലെ സാഹിത്യ മാധ്യമങ്ങളുടെയും പ്രസാധകരുടെയും ബുദ്ധി ജീവി സംഘത്തിന്‌ ജൂല��നെക്‌ ഒരിക്കലും അഭിമതയായിരുന്നില്ല. അതുകൊണ്ടു തന്നെ അവര്‍ പലപ്പോഴും ബുദ്ധിജീവികളുടെ ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇന്ത്യ ഉള്‍പ്പടെ പല മൂന്നാം രാജ്യങ്ങളിലും ജൂലിനെക്കിന്റെ പുസ്കങ്ങള്‍ എത്താതിരുന്നതിനും കാരണമിതാണ്‌.

ആഭരണം പോലെ പ്രതിഷേധം കൊണ്ടു നടക്കുന്ന ചട്ടപ്പടി പ്രക്ഷോഭകാരികളുടെ വര്‍ഗത്തിലല്ല ജൂലിനെക്കിന്റെ സ്ഥാനം. അവര്‍ നേരറിവുകളുമായി ചരിത്രത്തോടും സമകാലീന സന്ദിഗ്ധതകളോടും ജീവിത ദുരിതങ്ങളോടും പ്രത്യക്ഷ ശാസ്ത്രകാപട്യ
മില്ലാതെ സത്യസന്ധത പുലര്‍ത്തി; നാടകമോ കവിതയോ ആയി എന്തു മാറണം എന്നത്‌ സംബന്ധിച്ച്‌ കലാശാല ബുദ്ധിജീവികളുടെ നിലപാടുകളായിരുന്നില്ല അവരുടേത്‌. തനിക്ക്‌ സ്വീകാര്യമായ സര്‍ഗാത്മക പഥങ്ങള്‍ മാത്രമാണ്‌ അവര്‍ തിരഞ്ഞെടുത്തത്‌.

ഓസ്ട്രിയയിലെ പരമ്പരാഗത രാഷ്ട്രിയക്കാരും സമരക്കാരും എന്നും ജൂലിനെക്കിനെ എതിര്‍ത്തു പോരുകയായിരുന്നു. അധികാരികളുടെ സമീപനങ്ങളെ തുറന്നുകാട്ടുന്നു എന്നതായിരുന്നു കുറ്റം.

സമൂഹത്തിന്റെ മാന്യതയുടെ പൊള്ളത്തരം തകര്‍ത്ത എഴുത്തുകാരി എന്നാണ്‌ സ്വീഡിഷ്‌ അക്കാദമി ജൂലിനെക്കിനെ വിശേഷിപ്പിച്ചത്‌.

ഒരു കവിതാ സമാഹാരവുമായി 1967 -ല്‍ ജൂലിനെക്‌ സാഹിത്യത്തില്‍ രംഗപ്രവേശം ചെയ്യുന്നത്‌. അവരുടെ വിമന്‍ ആഡ്‌ ലവേഴ്സ്‌ (1975), വണ്ടര്‍ഫുള്‍ ടൈംസ്‌ (1980) എന്നിവ ഏറെ പ്രശസ്തമായി.

ഭാവ ഗീതാത്മകം എന്ന്‌ വിശേഷിപ്പിക്കാവുന്ന രചനകളാണ്‌ ലിസാഡ്‌ ഷേഡ്‌, ദ സ്വീറ്റ്‌ ലാംഗ്വേജ്‌ എന്നിവ. അതേ സമയം വി ആര്‍ ബെയ്റ്റ്സ്‌ ബേബി, ലവര്‍ ഇന്‍സൈഡ്‌, ദ ലോക്കൗട്ട്‌ ദി ചില്‍ഡ്രന്‍ ഓഫ്‌ ദ ഡെഡ്‌ വണ്‍സ്‌, ദ ഗ്രീഡ്‌ എന്നിവ പ്രധാനപ്പെട്ട ഗദ്യ രചനകളാണ്‌.

ജൂലിനെക്കിന്റെ നാടകങ്ങളില്‍ ഏറെ ശ്രദ്ധ നേടിയത്‌ ക്ലൗഡ്‌ ഹോം, ന്യൂ പ്ലേയ്സ്‌, എ പീസ്‌ ഓഫ്‌ സ്പോര്‍ട്ട്‌, ദ പ്ലേയ്സ്‌ ഓഫ്‌ എല്‍ഫ്രീഡ്‌ ജൂലിനെക്‌ എന്നിവയാണ്‌.

പരിഭാഷപ്പെടുത്തിയ കൃതികള്‍ക്ക്‌ കയറിച്ചെല്ലാന്‍ പറ്റാത്ത വടക്കേ അമേരിക്കന്‍ സാഹിത്യവിപണിയിലേക്ക്‌ പ്രവേശനം സാധ്യമാക്കി എന്നതാണ്‌ നോബല്‍ സമ്മാനത്തിന്റെ അനന്തരഫലം. പുതിയ വായനക്കാരെ ഈ എഴുത്തുകാരിക്ക്‌ ഇനി കിട്ടാന്‍ പോവുകയാണ്‌.

ലണ്ടനിലെ സെര്‍പെന്റ്സ്‌ ടെയ്‌ല്‌ എന്ന പ്രസാധകര്‍ വരെ ജൂലിനെക്കിന്റെ
പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായിരിക്കുന്നു. അവര്‍ ഒരിക്കല്‍ പറഞ്ഞത്‌ ജൂലിനെക്‌ തങ്ങള്‍ സങ്കല്‍പ്പിക്കുന്ന എഴുത്തുകാരുടെ ജാനസ്സില്‍ വരുന്നില്ലെന്നാണ്‌.

സമ്മാനം വാങ്ങാന്‍ പോയില്ല; ഭയംമൂലം

ഇക്കഴിഞ്ഞ ഡിസംമ്പര്‍ 10 -ന്‌ സ്റ്റോക്ഖോള്‍മില്‍ നടന്ന നോബല്‍ സമ്മാനദാന ചടങ്ങില്‍ ജൂലിനെക്‌ പങ്കെടുത്തില്ല. തന്റെ നാടകങ്ങളിലൂടെ സമൂഹത്തിന്റെ മാന്യതയുടെ പൊള്ളത്തരം തകര്‍ത്ത എഴുത്തുകാരിയാണെങ്കിലും അവള്‍ ഒരു നാണം കുണുങ്ങിയാണ്‌. തിരഞ്ഞെടുക്കപ്പെട്ട ആളുകളുടെ സദസ്സിനു മുന്നിലെത്തുമ്പോള്‍ ഭയം തോന്നും. എന്നാണവര്‍ ഇതിനു കാരണമായി പറഞ്ഞത്‌.

വിയന്നയിലെ സ്വീഡന്‍ എമ്പസിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ വച്ചാണവര്‍ സമ്മാനം ഏറ്റു വാങ്ങിയത്‌.

നോബല്‍ സമ്മാനം വാങ്ങാന്‍ ലോകത്തെ എഴുത്തുകാര്‍ വേറെയുമുണ്ട്‌. ഹെമിംഗ്‌വേയും സാര്‍ ത്രൂവും അക്കൂട്ടത്തില്‍പെടുന്നു.

103 വര്‍ഷത്തെ ചരിത്രത്തില്‍ ആകെ സമ്മാനിതരായത്‌ പത്തു വനിതകള്‍ക്ക്‌

1996 -ല്‍ വിസ്ലാസ്‌ സിംബോര്‍സികയ്ക്ക്‌ നോബല്‍ സമ്മാനം നല്‍കിയശേഷം ഒരു വനിതയ്ക്ക്‌ ഈ സമ്മാനം നല്‍കുന്നത്‌ ഇപ്പോഴാണ്‌. 103 വര്‍ഷത്തെ നോബല്‍ സമ്മാന ചരിത്രത്തില്‍ ആകെ സമ്മാനിതരായിട്ടുള്ളത്‌ പത്ത്‌ വനിതകള്‍ മാത്രം.

എന്നാല്‍ ഞാനൊരു സ്ത്രീയായതുകൊണ്ടല്ല അവര്‍ എന്നെ തിരഞ്ഞെടുത്തത്‌. എന്റെ
രചനകള്‍ അവര്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്‌. ജൂലിനെക്‌ പറഞ്ഞതിങ്ങനെയാണ്‌.

നോബല്‍ സമ്മാന��� നിശ്ചയിക്കുന്ന സ്വീഡിഷ്‌ അക്കാദമിയില്‍ ആകെ 218 അംഗങ്ങളാണുള്ളത്‌. ഇതില്‍ നാല്‌ പേര്‍ മാത്രമാണ്‌ വനിതകളായുള്ളത്‌.


ദ്‌ പിയാനോ ടീച്ചര്‍

1983 -ല്‍ പ്രസിദ്ധീകരിച്ച ദ്‌ പിയാനോ ടീച്ചറാ ണ്‌ ജൂലിനെക്കിന്റെ ഏറ്റവും പ്രശസ്തമായ കൃതി. ഒരു സ്തീയുടെ മാനസീകമായ അന്യഥാത്വത്തെ ആത്മകഥാ
പരമായാണ്‌ ഇതില്‍ പരിശോധിക്കുന്നത്‌.

ദ്‌ പിയാനോ ടീച്ചര്‍ ചലചിത്രമാക്കിയിട്ടുണ്ട്‌. ഇസബെല്ല ഹുപ്പര്‍ട്ടാണം പ്രധാന വേഷം
ചെയ്തത്‌. ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ച ദ ലസ്റ്റ്‌ ആന്‍ഡ്‌ പോര്‍ണോ ഗ്രാഫി എന്ന ഗ്രന്ഥവും ജീലിനെക്കിന്റെ മൗലിക രചനകളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നുണ്ട്‌.

1974 - 91 കാലത്ത്‌ ജൂലിനെക്‌ ഓസ്ട്രിയന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ അംഗമായിരുന്നു.
-----------------------------------------------
Published in 2005 in Samasya, A Kerala Cultural Society Magazine, Vienna, Austria


SocialTwist Tell-a-Friend
Related Stories: എല്‍ഫ്രീഡ്‌ ജൂലിനെക്ക്‌ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon