You are here: HOME » MAGAZINE »
ഹെക്ടറിന്റെ മനോവിചാരങ്ങളിലൂടെ..
ഷെല്‍ബി തോമസ്‌ ഏലംകുന്നം Jayakeralam Malayalam News
ഇലിയഢില്‍ നിന്നൊരേട്‌ : ഹെക്ടറിന്റെ മനോവിചാരങ്ങളിലൂടെ..

ഇലിയഢും ഒഢീസിയും ഗ്രീക്കുമഹാകവി ഹോമറാല്‍ രചിക്കപ്പെട്ട വിശ്വോത്തര ഗ്രീക്ക്‌ ഇതിഹാസങ്ങളാണ്‌. ഇലിയഢ്‌, ഗ്രീസും ട്രോയിയും തമ്മിലുള്ള യുദ്ധത്തിന്റെ കഥ പറയുമ്പാള്‍, ഒഢീസി, ട്രോജന്‍ യുദ്ധത്തില്‍ പങ്കെടുത്ത ഒരു ഗ്രീക്ക്‌ രാജാവിന്റെ, ഒഢീസിയസിന്റെ, ട്രോയിയില്‍ നിന്നുള്ള മടക്കയാത്രാനുഭവവിവരണമാകുന്നു.

ഇലിയഢ്‌ എന്ന ഇതിഹാസ കാവ്യത്തെ ആധാരമാക്കിക്കൊണ്ടുള്ള ഈ കഥയുടെ പിന്നാമ്പുറം: പരസ്പരം കലഹിച്ചിരുന്ന ഗ്രീക്കുദേശങ്ങളായ ട്രോയിയും സ്പാര്‍ട്ടയും സമാധാനത്തിലെത്തുന്നു. സ്പാര്‍ട്ടയിലെ രാജാവ്‌ മെനലാസിന്റെ രാജധാനി യില്‍ സന്ധി സംഭാഷണത്തിനെത്തിയ ട്രോജന്‍ രാജകുമാരന്‍മാര്‍ - ഹെക്ടറും, ഇളയ സഹോദരന്‍ പാരീസും. സന്ധി സംഭാഷണത്തിനൊടുവില്‍ മെനലാസിന്റെ പട്ടമഹഷി ഹെലനില്‍ അനുരക്തനായി പാരീസ്‌ ഹെലനുമായി ട്രോയിയിലേയ്ക്ക്‌ ഒളിച്ചോടുന്നു. പ്രതികാര ദാഹിയായ മെനലാസ്‌ ഗ്രീക്കു ചക്രവര്‍ത്തിയാകാന്‍ ശ്രമിക്കുന്ന ജ്യേഷ്ഠ സഹോദരന്‍ അഗമെംനണ്‍ന്റെ നേതൃത്വത്തില്‍ ഒരു സംയുക്ത ഗ്രീക്കു പടയെ ട്രോയി ആക്രമിക്കാനായി നയിക്കുന്നു. പിന്നെ, സംവത്സരങ്ങള്‍ നീണ്ടു നിന്ന ഗ്രീക്ക്‌ -ട്രോജന്‍ യുദ്ധം, ഇരുപക്ഷത്തും നാശങ്ങളേറേ. ഇത്‌ ഇതിവൃത്തം; ശേഷം ട്രോയിയുടെ മഹാപോരാളിയായ, കാവല്‍ക്കാരനായ ഹെക്ടറിന്റെ വിചാരധാരകളിലൂടെ...

പക്ഷേ എന്തേ, ഞാനീ സമയത്തുണരാന്‍ ! പുലരാന്‍ ഇനിയും നാഴികകളേറേ. കണ്ണീര്‍ക്കണങ്ങള്‍ ഇനിയുമുണങ്ങാത്ത എന്റെ പ്രിയതമയുടെ ഭയവിഹ്വലതകളാണോ എന്നെയുണര്‍ത്തിയത്‌? നാളത്തെ യുദ്ധം, എന്റെ ചിരന്തനവൈരിയായ
അക്കീലീസുമായുള്ള ദ്വന്ദ്വയുദ്ധത്തിന്റെ അനിവാര്യതയാണ്‌ അവളെ ആകുലയാക്കുന്നത്‌. ഈ യുദ്ധഫലം തീരുമാനിക്കേണ്ടത്‌ ദേവകളാണെങ്കിലും എന്തോ അകാരണമായി ഞാന്‍ ഭയചകിതനാകുന്നു.ഈ ദ്വന്��്വയുദ്ധത്തിന്റെ ഫലമറിയുവാന്‍ കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്നൂ ചരിത്രാഖ്യായികാകാരന്‍മാര്‍ ! നാഴികകള്‍ക്ക്‌ മുന്‍പേയുള്ള പാനീയോപചാരങ്ങളും എന്റെ പ്രിയതമ ആന്‍ഡ്രോമാക്കിയോടു കൂടിയുള്ള ഒത്തു ചേരലും എല്ലാറ്റിനുമുപരി എന്റെ യുദ്ധനൈപുണ്യ നൈരന്തര്യത്തിന്റെ വര്‍ണ്ണനകളും (ചെയ്ത യുദ്ധത്തിനേക്കാള്‍ കഠിനമത്രേ ഈ പുകഴ്ത്തലുകള്‍) എന്തേ എന്നെ ഉറക്കത്തിന്റെ, മറ്റൊരര്‍ഥത്തില്‍ നിതാന്ത നിദ്രയുടെ ചെറുപകര്‍പ്പിലേയ്ക്ക്‌ തള്ളി വിട്ടില്ല ! മതിലുകള്‍! ഇതിനെ ട്രോജന്‍ കോട്ടയെന്നോ ട്രോജന്‍ മതിലുകളെന്നോ ഇനി വരുന്ന തലമുറകള്‍ക്ക്‌ പാടി പുകഴ്ത്താം. ഈ ട്രോയി നഗരത്തിന്റെ ചുറ്റുമതിലുകള്‍ അപ്രതിരോധിതം എന്നത്രേ എന്റെ പിതാവിന്റെ, ട്രോയിയുടെ അധിപതി സാക്ഷാല്‍ പ്രയാം രാജാവിന്റെ വീണ്‍വാക്കുകള്‍. കഷ്ടം! ഇടിമിന്നലിന്റെ ദേവനായ ദേവാധിദേവന്‍ സ്യൂസും സമുദ്രാധിപന്‍ പോസ്യ്ഡോണും, യുദ്ധദേവനായ അപ്പോളോയും ഈ മതിലുകള്‍ക്ക്‌ കരുത്ത്‌ പകര്‍ന്നു കൊണ്ട്‌ നിലനില്‍ക്കുന്നുവെന്നുള്ള പിതാവിന്റെ മൂഢവിശ്വാസം! എവിടെയാണ്‌ ദുരന്തങ്ങളുടെ മുന്നടയാളങ്ങള്‍ എനിയ്ക്ക്‌ കാണപ്പെട്ടു തുടങ്ങിയത്‌?

സ്നേഹത്തെപ്പറ്റി, ആത്മാര്‍ഥ സ്നേഹത്തെപ്പറ്റി എന്റെ കുഞ്ഞനുജന്‍ പാരീസ്‌ എന്നെ പഠിപ്പിക്കാന്‍ തുടങ്ങിയത്‌ മുതല്‍ക്കോ? അതോ ട്രോയിയുടെ സമ്പല്‍സമൃദ്ധിയിലും അഭിവൃദ്ധിയിലും അസൂയ പൂണ്ട്‌ ട്രോജന്‍ നഗരത്തിനെ തന്റെ വരുതിയിലാക്കാന്‍, സ്വയം ഗ്രീക്കുചക്രവര്‍ത്തിയായി ചമഞ്ഞ അഗമെംനണ്‍ന്‌ എതിരേയുള്ള തന്ത്രത്തിന്റെ ഭാഗമായി സ്പാര്‍ട്ടയിലെ മെനലാസിനെ, അഗമെംനണ്‍ന്റെ ഇളയ സഹോദരനെ സൗഹൃദസംഭാഷണത്തിനായി നാം ക്ഷണിച്ചത്‌ മുതലായിരുന്നുവോ എല്ലാത്തിന്റേയും തുടക്കം? അല്ല എക്കിയന്‍ വംശജരുടെ ചക്രവര്‍ത്തിയാകാന്‍ തുനി ഞ്ഞിറങ്ങിയ അഗമെംനണ്‍ തന്നെയായിരുന്നുകാരണ���. സ്പാര്‍ട്ടയിലെ രത്നം, ഹെലന്‍, ഒരു ഉപകരണം മാത്രമായിരുന്നു.

എന്റെ അനുഭവങ്ങളെ എങ്ങനെ ഞാന്‍ ക്രോഡീകരിക്കും.? സ്പാര്‍ട്ടയില്‍, മെനലാസിന്റെ രാജധാനിയില്‍ ഞങ്ങള്‍ക്ക്‌ രാജകീയ വരവേല്‍പ്‌ തന്നെയാണ്‌ കിട്ടിയത്‌. സുരസേവയില്‍, സുന്ദര തരുണികളുടെ സാന്നിധ്യത്തില്‍ ഉത്തരവാദിത്തങ്ങളേയും ബന്ധങ്ങളേയും വരെ മറക്കുന്ന പാരീസ്‌, എന്നത്തേയും പോലെ അന്നും ഉന്‍മത്തനായിരുന്നു. ആരംഭം മുതല്‍ക്കേ സുന്ദരരില്‍ സുന്ദരനായ പാരീസിന്റെയും സ്പാര്‍ട്ടയിലെ സാക്ഷാല്‍ ഹെലന്റേയും കണ്ണുകള്‍ ഉടക്കുന്നതും പിന്നീട്‌ അത്‌ മനസ്സുകളുടെ അടുപ്പമായി വളരുന്നതും നോക്കിക്കാണുന്നുണ്ടായിരുന്നു ഞാന്‍. സത്യത്തില്‍ ഞാനും അസൂയപ്പെട്ടുപോയി, എന്തൊരു ചേര്‍ച്ച. പരസ്പരം യോജിയ്ക്കുവാന്‍ വേണ്ടി പിറന്നവരേപ്പോലെ! എത്ര സ്ത്രീകള്‍ തന്റെ ഭാര്യമാരായി അന്തഃപുരത്തില്‍ വിവസ്ത്രരായി വിറളി പിടിച്ചു നടക്കുന്നുണ്ടെന്ന്‌ അറിയാത്ത മെനലാസ്‌, എങ്ങനെ അറിയും തന്റെ ഭാര്യയുടെ, ഹെലന്റെ പ്രേമോദ്ദീപകമായ ഹൃദയ വിചാരങ്ങള്‍ ! യുദ്ധക്കളത്തില്‍ അദ്വിതീയനാണ്‌ മെനലാസ്‌. പക്ഷെ സ്വന്തം തട്ടകത്തില്‍ ജയിക്കാന്‍ അറിയാതെ കിതച്ചുകൊണ്ട്‌ പിന്‍വാങ്ങുമ്പാള്‍ ഹെലന്റെ പുച്ഛ നോട്ടങ്ങളെ അവഗണിക്കാന്‍ ഷെല്‍ബ വെല്ലുന്ന യോദ്ധാവ്‌ ! സ്പാര്‍ട്ടയും ട്രോയിയും പരസ്പരം ആക്രമിക്കില്ലയെന്നുള്ള ഒത്തുതീര്‍പ്പിലാണ്‌ സന്ധിഭാഷണങ്ങള്‍ അവസാനിച്ചത്‌. പിന്നെ ആഘോഷങ്ങളുടെ, പാനോപചാരങ്ങളുടെ തുടക്കമായിരുന്നു. സ്പാര്‍ട്ടയിലെ വീഞ്ഞിന്റെ വീര്യവും മാധുര്യവും, സ്പാര്‍ട്ടന്‍ അംഗന മാരുടെ രൂപ സൗകുമാര്യവും കുഴയുന്ന നാക്കാല്‍ വീഞ്ഞിന്റെ പുളിച്ച ഗന്ധ ത്തിന്റെ അകമ്പടിയോടെ മെനലാസ്‌ വര്‍ണ്ണിക്കുമ്പോള്‍ പലപ്പോഴും മടുപ്പ്‌ തോന്നി. പലതും പാതിശ്രദ്ധയോടെയാണ്‌ ശ്രവിച്ചത്‌. മനസ്സും ഹൃദയവും ട്രോയിയില്‍ തന്ന��� വഴിക്കണ്ണുമായി കാത്തിരിക്കുന്ന പ്രിയതമ ആന്‍ഡ്രോമാക്കിയിലും തന്റെ ആദ്യജാതന്‍ ആസ്റ്റ്യനാക്സിലും ഉടക്കികിടന്നതും ഒരു കാരണമാകാം.
ഇത്തരമൊരു അലംഭാവ നിമിഷത്തിലാണ്‌ പാരീസിന്റെയും ഹെലന്റെയും കണ്ണുകള്‍ പ്രേമത്തിന്റെ, കാമത്തിന്റെ കഥ ഉപസംഹരിക്കുന്നതും വളരെ വിദഗ്ദമായി അവര്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന്‌ അപ്രത്യക്ഷരാകുന്നതും ഞാന്‍ ശ്രദ്ധിച്ചത്‌. പാരീസിന്റെ അഭാവം പ്രകടമായിരുന്നില്ലെങ്കിലും അവന്‍ വരുവാന്‍ താമസിക്കുന്ന ഓരോ നിമിഷവും ഞാന്‍ ആശങ്കാകുലനായിരുന്നു. വളരെ വൈകി ആഘോഷങ്ങളെല്ലാം കെട്ടടങ്ങി എല്ലാവരും പാതിനിദ്രയിലാണ്ട ശേഷമാണ്‌ പാരീസ്‌ വീണ്ടും പ്രത്യക്ഷപ്പെട്ടത്‌. ലോകം പിടിച്ചടക്കിയ ഒരു ചക്രവര്‍ത്തിയുടെ മുഖഭാവവും, ആഗ്രഹിച്ച കളിക്കോപ്പ്‌ കിട്ടിയ ഒരു കൊച്ചു കുട്ടിയുടെ സന്തോഷവും, പ്രണയാതുരനായ ഒരു കാമുകന്റെ വിഹ്വലതകളും ഞാന്‍ അവനില്‍ ദര്‍ശിച്ചു. ആ സുന്ദര മിഴികള്‍ സ്വപ്നം കാണുന്നുണ്ടായിരുന്നു. ചുണ്ടുകളില്‍ ഒരു ഗൂഢസ്മിതത്തിന്റെ ലാഞ്ചനയും. ശുഭരാത്രി ആശംസിച്ച്‌ പാരീസ്‌ പിരിയുമ്പോള്‍ അവനുവേണ്ടി നിശ്ചയിക്കപ്പെട്ട ഉപമന്ദിരത്തില്‍ അവന്‍ മറയുന്നത്‌ വരെ അവനറിയാതെ എന്റെ മിഴികള്‍ അവനെ പിന്തുടരുന്നുണ്ടായിരുന്നു. എനിയ്ക്കെന്തേ അപ്പോള്‍ അകാരണമായി ഭയം തോന്നാന്‍? വരാന്‍ പോകുന്ന ഒരു മഹാദുരന്തം മുന്നില്‍ കണ്ടിട്ടെന്നപോലെ.ഒരു പത്തു കപ്പല്‍ നിറയ്ക്കുവാനുള്ള സമാനങ്ങളുമായാണ്‌ രാജോചിതമായി മെനലാസ്‌ ഞങ്ങളെ യാത്ര അയച്ചത്‌.

ട്രോജന്‍ മലനിരകളുടെ ആദ്യദര്‍ശനത്തിനായി ആകാംക്ഷാഭരിതനായി മുഖ്യ കപ്പലിന്റെ അമരത്ത്‌ ഞാന്‍ നില്‍ക്കുമ്പോഴാണ്‌ മടിച്ച്‌ മടിച്ച്‌ പാരീസ്‌ എന്റെ അരികിലേയ്ക്ക്‌ വന്നത്‌. വിറയാര്‍ന്ന ശബ്ദത്തില്‍ അവന്‍ സംസാരിച്ചു തുടങ്ങി. അവന്റെ ആവശ്യം ആദ്യം വിചിത്രമായി തോന്നി. രക്തബന്ധത്തിന്റെ അര��‍ഥം അവന്‌ അറിയണം. ഒരു അപകട സന്ധിയില്‍, അവന്റെ ജീവന്‍ തന്നെ നഷ്ടപ്പെടുമെന്നൊരു ഘട്ടത്തില്‍ അവനെ സംരക്ഷിക്കുവാന്‍ എത്രത്തോളം ഞാന്‍ പോകുമെന്ന്‌, എന്തെല്ലാം ഞാന്‍ ത്യജിക്കുമെന്നായിരുന്നു അവന്‌ അറിയേണ്ടത്‌. പ്രിയപ്പെട്ട പാരീസ്‌ നിന്റെ ചോദ്യത്തിലെ കെണി എനിക്ക്‌ മനസ്സിലായില്ലല്ലോ ! ജന്‍മനാ ദുര്‍ബലനായ നിന്നെ, ഒരു യോദ്ധാവിന്റെ രൂപവും കരുത്തും ഇണങ്ങാത്ത നിന്നെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കേണ്ടത്‌ എന്റെ കടമയാണെന്ന്‌ ചെറുപ്പം മുതലേ എന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്ന നമ്മുടെ പിതാവിനെയോര്‍ത്ത്‌ വികാരാധീനനായി പോയതു കൊണ്ടാണോ നിന്റെ ചോദ്യത്തിലെ ദുഷ്ടലാക്ക്‌ ഞാന്‍ മനസ്സിലാക്കാതെ പോയത്‌?

എന്തും ത്യജിയ്ക്കും കുഞ്ഞേ, മഹത്തായട്രോയി നഗരത്തെ, എന്റെ ജീവന്റെ ജീവനായ ആന്‍ഡ്രോമാക്കിയെ, എന്റെ കണ്ണിന്റെ പ്രകാശമായ ആസ്റ്റ്യനാക്സിനെ, എന്റെ പിതാവിനെ, എന്റെ ജീവനെത്തന്നെ അത്തരമൊരു സന്ദര്‍ഭത്തില്‍ ത്യജിക്കാന്‍ തയ്യാറാണെന്ന്‌ ഞാന്‍ അവനോട്‌ പറഞ്ഞു. അവന്റെ കണ്ണുകള്‍ തിളങ്ങി. കവിളിണകളില്‍ ശോണിമ പരന്നു. ഒരു രണ്ടാം ജന്‍മം ി‍ട്ടിയവനെ പോലെ ആത്മവിശ്വാസത്തോടെനടന്ന്‌ ദൂരെമാറി ആകെ മൂടിപ്പുതച്ച്‌ നിന്നിരുന്നഒരു കറുത്ത രൂപത്തെ എന്റെ മുന്നിലേയ്ക്ക്‌ ആനയിച്ചു. മുഖാവരണം മാറ്റിയപ്പോള്‍ദൃശ്യമായ സൗന്ദര്യ പൂര്‍ണ്ണതയില്‍ ഒരു മാത്ര ഞാന്‍ സ്തബ്ധനായി പോയി. സ്പാര്‍ട്ടയിലെ വിശ്വൈക സുന്ദരി ഹെലന്‍ ! യോദ്ധാക്കളുടെ യോദ്ധാവായ മെനലാസിന്റെ പത്നി,അതിലുപരി ഗ്രീക്ക്‌ ചക്രവര്‍ത്തി സാക്ഷാല്‍ അഗമെംനണിന്റെ സഹോദര ഭാര്യ ! അഗമെംനണിന്റെ യുദ്ധക്കൊതിയ്ക്കും ഏകീകൃത ഗ്രീക്കു സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയാകാന്‍ ഉള്ള ഗൂഢമോഹത്തിനും വിലങ്ങുതടിയായി നില്‍ക്കുന്ന ട്രോയിയുടെ അജയ്യതയെ പറ്റിയോര്‍ത്തപ്പോള്‍ വരാനിരിക്കുന്ന ദുരന്തമാരിയില്‍ അപ്രതിരോധിതമെന്ന്‌ കരുതിയ ട്രോജന്‍ മതിലുകള്‍ നിലം പരിശാകുന്നതും, കവികള്‍ പാടിപുകഴ്ത്തിയ പ്രയാംരാജാവിന്റെ മഹത്തായ ട്രോയിയുടെ പ്രതാപൈശ്വര്യങ്ങള്‍ തകര്‍ന്നടിയുന്നതും, ട്രോജന്‍ വിധവകള്‍ കൈക്കുഞ്ഞുങ്ങളുമായി മാറത്തടിച്ച്‌ വിലപിക്കുന്നതും, അഷ്ടിയ്ക്ക്‌ വകയില്ലാഞ്ഞ്‌ വ്യഭിചാരിണികളാകുന്നതും എല്ലാമെല്ലാം ഒരു ദുഃസ്വപ്ന പരമ്പപോലെ നിമിഷ മാത്രയില്‍ മനസ്സിലൂടെ കടന്നു പോയി. ആ വിധവകളില്‍ ഞാനെന്റെ ആന്‍ഡ്രോമാക്കിയെ കണ്ടുവോ, ആ കൈക്കുഞ്ഞുങ്ങളിലൊന്ന്‌ എന്റെ ആസ്റ്റ്യാനാക്സ്‌ ആയിരുന്നുവോ? ഈ മഹാദുരന്തം മുന്നില്‍ കണ്ട്‌ അതൊഴിവാക്കാനായി സ്പാര്‍ട്ടയിലേയ്ക്ക്‌ കപ്പല്‍ വ്യൂഹം തിരിയ്ക്കാന്‍ തുനിഞ്ഞ എന്നെ ഹെലന്റെ കണ്ണീരും പാരീസിന്റെ ആത്മഹത്യാഭീഷണിയുമാണ്‌ ആ ഉദ്യമത്തില്‍ നിന്ന്‌ പിന്തിരിപ്പിച്ചത്‌.
അന്ന്‌ ഞാന്‍ ട്രോയിയുടെ വിധിയെഴുതുകയായിരുന്നു. പക്ഷേ ഒന്നുറപ്പായിരുന്നു, ട്രോയിയുടെ നാശം അനിവാര്യമെങ്കില്‍ അത്‌ സംഭവിക്കുന്നത്‌ ട്രോയിയുടെ കാവല്‍ക്കാരന്റെ, സിംഹപരാക്രമിയായ, ദേവതുല്യനായഹെക്ടറിന്റെ, എന്റെ മരണ ശേഷമായിരിക്കും. ഇവിടെ ഞാന്‍ പാരീസിന്‌ കൊടുത്ത വാക്ക്‌ അന്വര്‍ഥമായിത്തീരുകയായിരുന്നു. പാരീസിന്റെ സംരക്ഷണത്തിനായി ട്രോയിയെയും, പ്രിയതമയേയും, പ്രിയ പുത്രനേയും, പിതാവിനേയും സ്വന്തം ജീവനെത്തന്നെയും ത്യജിക്കാംള്ള വാക്ക്‌.

ട്രോയിയില്‍ ഞങ്ങള്‍ക്ക്‌ ഊഷ്മളമായ വരവേല്‍പ്‌ ലഭിച്ചു. അപ്പോളോ ദേവന്‍ കാക്കുന്ന ട്രോജന്‍ മതിലിലും, യുദ്ധനിപുണരായ ട്രോജന്‍ സൈ ന്യാധിപന്‍മാരിലും, കരുത്തിന്റെ പര്യായമായ ട്രോജന്‍ പോരാളികളിലും അമിത വിശ്വാസം പൂണ്ട പിതാവിന്റെ, സാര്‍വഭൗമനായ പ്രയാം രാജാവിന്റെ ധാര്‍ഷ്ട്യം സ്പാര്‍ട്ടയിലെ ഹെലനെ, ട്രോയിയിലെ ഹെലനായി അംഗീകരിക്കാനുള്ള തീരുമാന ത്തില്‍ പ്രകടമായിരുന്നു. ഞാനെന്തു പറയാന്‍! ആപത്ഘട്ടത്തില്‍ സഹോദരന്‌ ഒപ്പം നിന്നയെന്നെ ആലിംഗനം ചെയ്ത്‌ എന്റെ കണ്ണിലെപ്രകാശമേ, ട്രോയിയുടെ അഭിമാനമേയെന്ന്‌ അഭിനന്ദിക്കുന്ന വന്ദ്യ വയോധികനെ വരാനി രിക്കുന്ന ദുരന്ത പരമ്പരകളെപ്പറ്റി എങ്ങനെ ഓര്‍മ്മിപ്പി ക്കാന്‍ !

ദിവസങ്ങള്‍ നീണ്ടുനിന്ന മഹാഘോഷങ്ങള്‍ അവസനിക്കുമ്പോഴായ ‍ ര ു‍ ന്ന ു‍ കടല്‍ക്കരയിലുള്ള നിരീക്ഷണ സ്തൂപത്തില്‍ നിന്നും അതിപ്രധാനമായ സന്ദേശവുമായി സന്ദേശവാഹകരെത്തിയത്‌. കടലിന്റെ പടിഞ്ഞാറേ ചക്രവാളത്തില്‍ അവര്‍ കണ്ടത്രേ ധ്വജങ്ങള്‍, എക്കിയന്‍ ധ്വജങ്ങള്‍ ! ഒന്നല്ല രണ്ടല്ല ആയിരക്കണക്കിന്‌ ധ്വജങ്ങള്‍ ! ആയിരക്കണക്കിന്‌ കപ്പലുകള്‍ ഉള്‍പ്പെട്ട എക്കിയന്‍ കപ്പല്‍ വ്യൂഹങ്ങള്‍ ട്രോയിയുടെ തീരത്തണഞ്ഞത്‌, ധൃതഗതിയിലായിരുന്നു. ട്രോയിയുടെ അജയ്യതയില്‍ എന്നും അസൂയ പൂണ്ടിരുന്ന, അഗമെംനണ്‍ സ്പാര്‍ട്ടയും ട്രോയിയും സമാധാനത്തില്‍ വര്‍ത്തിക്കുന്നതിന്‌ എന്നും എതിരായിരുന്നു. സഹോദരഭാര്യയുടെ അപഹരണം കാരണമായെടുത്ത്‌ ട്രോയിയ്‌ ക്കെതിരെ ഗ്രീക്കു രാജാക്കന്‍മാരെ അണിനിരത്തുന്നതില്‍ അയാള്‍ തീര്‍ത്തും വിജയിച്ചു എന്നതിന്‌ തെളിവായിരുന്നു ആയിരക്കണക്കിന്‌ വരുന്ന ഗ്രീക്ക്‌ കപ്പല്‍ വ്യൂഹങ്ങള്‍. പിന്നീട്‌ നടന്ന യുദ്ധത്തെ എങ്ങനെയും വിശേഷിപ്പിക്കാം. അത്‌ ചരിത്രകാരന്‍മാര്‍ തീരുമാനിക്കട്ടെ. അതിഥിയായെത്തി ഭാര്യയെഅപഹരിച്ച നികൃഷ്ടനോടുള്ള മെനലാസിന്റെ പ്രതികാരമായോ, ഗ്രീക്ക്‌ ചക്രവര്‍ത്തി പദത്തിന്‌ വ്യാമോഹിക്കുന്ന അഗമെംനണിന്റെ മേല്‍ക്കോയ്മയെ ചോദ്യം ചെയ്യുന്ന ട്രോയിയെ കീഴടക്കുവാനുള്ള ത്വരയോ, അതുമല്ലെങ്കില്‍ രണ്ട്‌ മഹാ യോദ്ധാക്കളുടെ ദ്വന്ദ്വയുദ്ധത്തിന്റെ വീരഗാഥയായിട്ടോ ഈ യുദ്ധം അറിയപ്പെടട്ടെ. മഹാ യോദ്ധാക്കള്‍!

പെല്യൂസിന്റെ പുത്രന്‍ അക്കീലീസ്‌ !യുദ്ധമുറകളും സൈനീക തന്ത്രങ്ങളും സ്വായത്തമാക്കിയിരുന്ന ചെറുപ്പകാലം തൊട്ടേ എന്റെ ഉറക്കം കെടുത്തിയിരുന്ന നാമം. ഗ്രീസിന്റെ മഹാ യോദ്ധാവായ അക്കീലീസ്‌! ട്രോയിയുടെ വില്ലാളിവീരന്‍ ഹെക്ടര്‍ ! ഗാഥാകാരന്‍മാര്‍ ഞങ്ങളെ ഇരുവശത്തേയും മഹാമേരുക്കളാക്കി. പിതാവിന്റെ, സാക്ഷാല്‍ പ്രയാം രാജാവിന്റെ പടയോട്ട ചരിത്രങ്ങള്‍ സൗഹൃദസദസ്സുകളില്‍ അദ്ദേഹം വിളിക്കുമ്പോള്‍ പെല്യൂസുമായുള്ള മുഖാമുഖ പോരാട്ടങ്ങളെ പറ്റി അദ്ദേഹം വിവരിക്കുമായിരുന്നു. അതുല്യ പോരാളിയായിരുന്നത്രേ പെല്യൂസ്‌. പെല്യൂസിന്റെ യുദ്ധനിപുണതയില്‍ ഹരം കൊണ്ട്‌ അദ്ദേഹത്തെ മനസ്സാ വരിച്ച ഒരു സമുദ്രദേവി - തെറ്റിസ്‌. തെറ്റിസില്‍ പെല്യൂസിനുണ്ടായ മഹാനായ പുത്രനത്രേ അക്കീലീസ്‌. യുദ്ധമുറകളില്‍ മകന്‍ അച്ഛനെ വെല്ലുമെന്ന്‌ കണ്ട്‌ പെല്യൂസ്‌ തന്റെ നെടിയ കുന്തം, ഒരു ഗ്രീക്കു യോദ്ധാവിനും എടുത്തുയര്‍ത്താന്‍ പ്രാപ്തിയില്ലായിരുന്ന, ഗ്രീക്കിന്റെ ശത്രുക്കളുടെ നടുക്കമായിരുന്ന കുന്തം, തന്റെ മകന്‍ അക്കീലീസിന്‌ സമ്മാനിച്ചു.

പക്ഷേ പിതാവിന്റെ വ്യക്തിപ്രഭാവം പാരമ്പര്യമായി അക്കീലീസിന്‌ പകര്‍ന്നുകിട്ടിയില്ല. അഗമെംനണിന്റെ കാവല്‍പട്ടിയായി ഒരു കൊലയാളി യന്ത്രമായി മാറാനായിരുന്നു അയാളുടെ നിയോഗം. എണ്ണമറ്റയുദ്ധങ്ങള്‍ അക്കീലീസിന്റെ യുദ്ധനൈ പുണ്യം ഒന്നുകൊണ്ട്‌ മാത്രം അഗമെംനണ്‍ ജയിച്ചു, ഗ്രീക്കിന്റെ ചോദ്യം ചെയ്യപ്പെടാത്ത ഏകഛത്രപതിയായി. ട്രോയിയിലേയ്ക്കുള്ള പടയോട്ടത്തില്‍ അക്കീലീസും ഉണ്ടെന്നുള്ളത്‌ എന്റെ ഉറക്കം കെടുത്തിയിരുന്നു. പക്ഷേ, ട്രോയിയുടെ ഭാഗ്യമോ ദേവകളുടെ തീരുമാനമോ എന്തെന്നറിയില്ല, ഈ ട്രോജന്‍ യുദ്ധത്തില്‍ ഇതുവരെ അയാള്‍ പങ്കെടുത്തിരുന്നില്ല.

ഒരു ദാസിപ്പെണ്ണിന്റെ ഉടമസ്ഥാവകാശത്തെ പറ്റിയുള്ള തര്‍ക്കം അഗമെംനണിനേയും അക്കീലീസിനേയും തമ്മില്‍ തെറ്റിച്ചു. അഗമെംനണ്‍ വന്ന്‌ കാല്‌ പിടിച്ച്‌ യാചിക്കാതെ യുദ്ധത്തിനിറങ്ങില്ലെന്നുള്ള വാശിയിലായിരുന്നത്രേ അക്കീലീസ്‌. ആ വാശി അവസാനിപ്പിക്കുവാന്‍ കാരണ ഭൂതനായത്‌ ഞാനും. ട്രോയിയുടെ ധീരമായ ചെറുത്തു നില്‍പില്‍ പരാജിതനാകുമെന്നുറപ്പായതോടെ അക്കീലീസിന്റെ കാല്‌ പിടിക്കാന്‍ അഗമെംനണ്‍ തയ്യാറായി. അക്കീലീസില്‍ നിന്ന കരസ്ഥമാക്കിയ ദാസിപ്പെണ്ണുള്‍പ്പടെ 30 ദാസികളെ അക്കീലീസിന്‌ സമ്മാനിച്ചപ്പോഴാണ്‌ അക്കീലീസ്‌ തന്റെ മെര്‍മിഡിയന്‍ സേനയെ തന്റെ ആത്മസുഹൃത്ത്‌ പെട്രോക്ലിസിന്റെ നേതൃത്വത്തില്‍ ട്രോയിയ്ക്കെതിരെ യുദ്ധം ചെയ്യാനായി വിട്ടുകൊടുത്തത്‌. എങ്കിലും മഹാബുദ്ധിമാനും യുദ്ധ തന്ത്രജ്ഞനുമായ നെസ്തറിന്റെ പ്രീണനവാക്കുകളും, കുടില തന്ത്രജ്ഞനായ ഒഡീസിയസിന്റെ സന്ധി ശ്രമങ്ങളും അക്കീലീസിനെ യുദ്ധത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചില്ല. പെട്രോക്ലിസിനെ ഞാനെങ്ങനെ അക്കീലീസായി തെറ്റിദ്ധരിച്ചു? അക്കീലീസിന്റെ മാതാവ്‌ തെറ്റിസ്ദേവി ദേവശില്‍പിയായ ഹെഫേയ്സ്റ്റസിനെക്കൊണ്ട്‌ നിര്‍മിപ്പിച്ച കവചം ധരിപ്പിച്ചാണ്‌ മെര്‍മിഡിയന്‍ സേനയുടെ അധിപനായി പെട്രോക്ലിസിനെ അക്കീലീസ്‌ യുദ്ധരംഗത്തേയ്ക്ക്‌ അയച്ചത്‌.ദേവനിര്‍മ്മിതമായ കവചവും അക്കീലിസിന്റേതിന്‌ സമാനമായ യുദ്ധമുറകളും കണ്ട്‌ ഞാന്‍ തെറ്റിദ്ധരിച്ചു. അക്കീലീസിനെ തന്നെ മുന്നില്‍ കിട്ടിയെന്ന്‌ തോന്നി. ദേവകളും ചരിത്രാഖ്യായികാകാരന്‍മാരും കാത്തിരുന്ന മുഹൂര്‍ത്തം.ആര്‌ മുന്‍ എന്ന ചോദ്യത്തിന്‌ ഉത്തരം കൊടുക്കേണ്ട കടമ രണ്ടുപേര്‍ക്കുമുണ്ടെന്ന്‌ തോന്നി. കനിഞ്ഞ്‌ കിട്ടിയ ഒരവസരത്തില്‍ സര്‍വാംഗം മൂടിയ ആ കവചത്തില്‍ ആകെ കണ്ട ഒരു പഴുതില്‍, തൊണ്ടക്കുഴിയില്‍, ഞാനെന്റെ കുന്തം ഇറക്കിയപ്പോള്‍ വര്‍ഷങ്ങളായി ഉത്തരം കിട്ടാതിരുന്ന ഒരു ചോദ്യത്തിന്‌ ഉത്തരവും അക്കീലീസ്‌, അക്കീലീസ്‌ എന്ന്‌ ഞാന്‍ കണ്ടിരുന്ന ദുഃസ്വപ്നങ്ങളുടെ അവസാനവുമാണെന്ന്‌ ഞാന്‍ കരുതി. ഇരുമ്പു കവചവ��ം മുഖാവരണവും പിടിച്ചെടുത്തപ്പോഴാണ്‌ അത്‌ അക്കീലീസ്‌ അല്ലെന്ന്‌ ഞാന്‍ മനസ്സിലാക്കിയത്‌.ദുഃസ്വപ്നങ്ങള്‍ വീണ്ടും തുടര്‍ന്നു. ചാരന്‍മാരില്‍ നിന്ന്‌ ഞാനറിഞ്ഞു, ആത്മസുഹൃത്തിന്റെ മൃതശരീരം കണ്ടുള്ള അക്കീലീസിന്റെ മാറത്തടി ു‍ള്ള വിലാപവും സമസ്യ പ്രതികാര പ്രതിജ്ഞയും. എന്നെ വധിച്ച്‌ എന്റെ കുതിഞ്ഞരമ്പുകള്‍ വെട്ടി അയാളുടെ രഥത്തിന്റെ പിന്‍തണ്ടില്‍ കെട്ടി രണഭൂമി മൂന്ന്‌ വലം വച്ചതിനുശേഷം എന്റെ ശരീരം കാകനും കഴുകനും കൊത്തിക്കീറുമ്പോള്‍ ആ സാന്നിധ്യത്തിലത്രേ ചന്ദനമുട്ടിയും പ്പൂരവും അട്ടിയടുക്കായി വച്ച പെട്രോക്ലിസിന്റെ ചിതയ്ക്ക്‌ അയാള്‍ തീ കൊളുത്തൂ.

എനിയ്ക്ക്‌ ഭയം തേന്നുന്നു. എന്റെ ആന്‍ഡ്രോമാക്കിയെ ഞാന്‍ സ്നേഹിച്ചു മതിയായിട്ടില്ല. എന്റെ ആസ്റ്റ്യനാക്സിനെ കണ്ടെനിക്ക്‌ കൊതിതീര്‍ന്നിട്ടില്ല. ഒരു പിതാവിനും ഇത്രയും പ്രിയനും ന്യായസ്ഥനും കടമകള്‍ മറക്കാത്തവനുമായ മകനുണ്ടാവില്ലെന്ന്‌ പറഞ്ഞ്‌ എന്റെ പിതാവ്‌ ഇല്ലാത്തദേവകളുടെ സേവ പിടിച്ച്‌ എന്റെ വിജയം സുനിശ്ചിതമെന്ന്‌ ഉറപ്പിക്കുന്നു. സ്നേഹത്തെപ്പറ്റി എന്നെ പഠിപ്പിക്കാന്‍ ഉദ്യമിച്ച പാരീസ്‌, നിനക്കെന്തറിയാം ആത്മാര്‍ഥസ്നേഹത്തെപ്പറ്റി! തെരുവോരങ്ങളിലും വണിക്കുകളുടെ സദനങ്ങളിലുംവണികകളുമായി രമിച്ചു മദിച്ചുരസിച്ചുകഴിഞ്ഞ നിനക്ക്‌ ഈ ജ്യേഷ്ഠസഹോദരന്റെ,ഏക പത്നീവ്രതം ജീവിതനിയോഗമായികരുതിയ എന്റെ സ്നേഹത്തേപ്പറ്റിഎന്തറിയാം? ചിലപ്പോള്‍ അതെന്നെ പഠിപ്പിച്ചത്‌എന്റെ ആന്‍ഡ്രോമാക്കിയായിരിക്കാം.കര്‍ത്തവ്യബോധത്തെപ്പറ്റിയെന്നെ പഠിപ്പിച്ച എന്റെ പിതാവിനെ പോലെ, പ്രയാം രാജാവിനെപോലെ. കണ്ടു മതി വന്നില്ല എന്റെ ആസ്റ്റ്യനാക്സിനെ, എന്റെ ഏക ജാതനെ ! ഒരുകൊലയാളിയന്ത്രത്തിന്റെ സ്നേഹിതനോ ടുള്ള കടപ്പാടിന്റെ പേരില്‍ ഞാനും ഒരു ബലിയാടായി നിന്നുകൊടുക്കണം.

ഒരു കാമഭ്രാന്തന്‍ സഹോദരനുവേണ്ടി ഞാനൊരു സാമ്രാജ്യത്തെ കാഴ്ചവെക്കണം. പിതാവിന്റെ മൂഢവിശ്വാസങ്ങളെ എതിര്‍ക്കാന്‍ പറ്റാത്തതിന്റെ പേരില്‍ ഞാനൊരു സംസ്കൃതിയെ, ഒരു ജനസാമാന്യത്തെ, കൂടെ എന്റെ ജീവന്റെ ജീവനായ ആന്‍ഡ്രോമാക്കിയേയും ആസ്റ്റ്യനാക്സിനേയും ബലിയാടുകളായി നല്‍കണം. അക്കീലീസ്‌, നിന്റെ പ്രതികാരവാഞ്ചയിലൂന്നിയ പോര്‍വിളികള്‍, നാളെ നീ മുഴക്കുവാന്‍ പോകുന്നവെല്ലുവിളികള്‍ ഞാനിപ്പോഴേ കേള്‍ക്കാന്‍തുടങ്ങിയിരിക്കുന്നു. ഏറിയാല്‍ ഒന്നോരണ്ടോ നാഴിക, ചിലപ്പോള്‍ അതിനു മുന്‍പുതന്നേ നീ ട്രോയിയുടെ കവാടത്തിനുമുന്നില്‍ കാണുമെന്നുറപ്പാണ്‌. ഞാനോ നീയോ, അത്‌ തീരുമാനിക്കേണ്ടത്‌ കാലമാണ്‌.നിന്റെ വെല്ലുവിളിയ്ക്ക്‌ എന്തായാലും ധീരമായിത്തന്നെ മറുപടി പറയും ഞാന്‍. ഞാന്‍മരിക്കുകയാണെങ്കില്‍, നീയും ഞാനുംആന്‍ഡ്രോമാക്കിയും പാരീസും ഹെലനുംപ്രയാമും മഹത്തായ ട്രോയിയും അടങ്ങിയ ഒരു മഹാസംസ്കൃതിയുടെ കാലഘട്ടത്തില്‍ ജീവിച്ചു മരിച്ചുവെന്ന ചാരിതാര്‍ഥ്യത്തോടെ എനിക്ക്‌ മരിക്കാം. മറിച്ച്‌, നിന്നെയെനിക്ക്‌വധിക്കാന്‍ പറ്റിയാല്‍ മഹത്തായ ട്രോയിഅതിന്റെ എല്ലാ പ്രതാപൈശ്വര്യങ്ങളോടുംകൂടിനിലനില്‍ക്കും. ട്രോജന്‍ മതിലുകള്‍ദേവകളാല്‍ സംരക്ഷിതമെന്ന്‌ കണ്ട്‌യുദ്ധങ്ങള്‍ നയിച്ചിരുന്ന എന്റെ പിതാവിന്റെയുദ്ധവിജയങ്ങളില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി എനിക്ക്‌ ചേര്‍ക്കാനാകും! എനിക്കറിയില്ല ഒന്നുമറിയില്ല, ഹായോദ്ധാവായ, വീരാധിവീരനായഹെക്ടറിന്റെ മനസ്സില്‍ ഇപ്പോള്‍ ഭയംമാത്രമാണ്‌. ഭയം മാത്രം വിട, ഇനി ഞാനൊന്ന്‌ ഉറങ്ങാന്‍ ശ്രമിക്കട്ടെ.


SocialTwist Tell-a-Friend
Related Stories: ഹെക്ടറിന്റെ മനോവിചാരങ്ങളിലൂടെ.. - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon