You are here: HOME » MAGAZINE »
പഠിക്കാത്ത പാഠങ്ങള്‍
ജാക്ക്സണ്‍ പുല്ലേലി Jayakeralam Malayalam News
കഥാപാത്രങ്ങള്‍

1) കണ്‍മണി
2) ഗുരു
3) വിനയന്‍
4) മൃദുലന്‍
5) തസ്കരന്‍
6) കരിംഭൂതം

രംഗം ഒന്ന്‌

(രംഗം തെളിയുമ്പോള്‍ ഗുരുവിന്റെ ആശ്രമം. പശ്ചാത്തലത്തില്‍ സംസ്കൃത ശ്ലോകം അലയടിക്കുന്നു. ഗുരുവും ശിഷ്യരായ വിനയനും, മൃദുലനും രംഗത്തുണ്ട്‌. ഗുരു അനുഗ്രഹിക്കുന്നു. ശിഷ്യര്‍ തല കുമ്പിട്ട്‌ നില്‍ക്കുന്നു.)

ഗുരു : - വത്സല ശിഷ്യരേ, ഈ ആശ്രമത്തിലെ പഠനം പൂര്‍ത്തിയാക്കി നിങ്ങള്‍ പിരിഞ്ഞു പോകുകയാണല്ലോ. വേദവും ശാസ്ത്രവുമെല്ലാം അരച്ചു കലക്കി പഠിച്ചു കഴിഞ്ഞ നിങ്ങള്‍ മിടുമിടുക്കന്‍മാര്‍ തന്നെ. നിങ്ങള്‍ക്ക്‌ മംഗളം ഭവിക്കട്ടെ!
ശിഷ്യര്‍ : - നന്ദി ഗുരോ! നന്ദി!
ഗുരു : - മംഗളം ഭവന്തു! മംഗളം ഭവന്തു!

(ഗുരു അകത്തേക്ക്‌ പോകുന്നു.)

മൃദുലന്‍ : - വിനയാ എനിക്കു ഒരു സംശയം?
വിനയന്‍ : - എല്ലാം പഠിച്ചു കഴിഞ്ഞപ്പോഴാണോ സംശയം? മൃദുലാ നീ വരുന്നുണോ?ഞാന്‍ പോകുന്നു.
മൃദുലന്‍ : - അങ്ങനെയങ്ങ്‌ പോകാതെ - എല്ലാം പഠിച്ചു തീര്‍ന്നോ എന്നാണ്‌ എന്റെ സംശയം?
വിനയന്‍ : - അവസാനത്തെ വിദ്യ ഗുരുക്കന്‍മാര്‍ ആരേയും പഠിപ്പിക്കാറില്ല.
മൃദുലന്‍ : - അതും കൂടെ പഠിക്കാന്‍ എന്താണൊരു മാര്‍ഗ്ഗം?
വിനയന്‍ : - വഴിയുണ്ട്‌. ഗുരുവിന്റെ ഒരേയൊരു സന്താനമല്ലേ കണ്‍മണി -
മൃദുലന്‍ : - പറഞ്ഞു നാവെടുത്തില്ല - അപ്പോഴേക്കും ദേ വരുന്നു നമ്മുടെ കണ്‍മണി.
വിനയന്‍ : - ശ്‌ പതുക്കെ. അവള്‍ ആവശ്യപ്പെട്ടാല്‍ ഗുരു എന്തും സാധിച്ചു തരും.

(കണ്‍മണി വരുന്നു)

കണ്‍മണി : - ചേട്ടന്‍മാര്‍ ഇതുവരേയും പോയില്ലേ?
വിനയന്‍ : - എങ്ങനെ പോകും?
മൃദുലന്‍ : - കണ്‍മണിയോട്‌ യാത്ര പറയാതെ ഞങ്ങള്‍ക്ക്‌ പോകാന്‍ പറ്റുമോ!
കണ്‍മണി : - ഇവിടുത്തെ ഏറ്റവും മിടുക്കര്‍ നിങ്ങള്‍ ആണെന്നാണ്‌ അച്ഛന്‍ എപ്പോഴുംപറയാറുള്ളത്‌.
മൃദുലന്‍ : - അവസാനത്തെ പാഠം പഠിപ്പിച്ചു തരാന്‍അച്ഛനോടൊന്നു പറയാമോ?
കണ്‍മണി : - ഞാന്‍ പറയില്ല.ഗുരു ദക്ഷിണ കൊടുക്കാത്ത സൂത്രക്കാരല്ലേ നിങ���ങള്‍.
മൃദുലന്‍ : - ഹോ! ഗുരുദക്ഷിണ!
വിനയന്‍ : - അക്കാര്യം ഞങ്ങളങ്ങു മറന്നു!
മൃദുലന്‍ : - നീ ഞങ്ങളുടെ കുഞ്ഞിപ്പെങ്ങളല്ലേ!
വിനയന്‍ : - തങ്കക്കുടമല്ലേ!
കണ്‍മണി : - തേങ്ങയല്ലേ - മാങ്ങയല്ലേ -
മൃദുലന്‍ : - അച്ഛനിഷ്ടപ്പെട്ട ഗുരുദക്ഷിണ എന്താണെന്ന്‌ -
വിനയന്‍ : - ഒന്നു പറഞ്ഞു തരാമോ?
കണ്‍മണി : - അത്‌ അച്ഛനോട്‌ നേരിട്ടങ്ങ്‌ ചോദിച്ചാല്‍ മതി.

(അകത്തേക്ക്‌ പോകുന്നു)

വിനയന്‍ : - കടുകു മണിയോളമേ ഉള്ളു എങ്കിലും -
മൃദുലന്‍ : - കാന്താരി മുളകിന്റേയാ സ്വഭാവം!
മൃദുലന്‍ : - ദേ ഗുരു വരുന്നു.
വിനയന്‍ : - കാല്‍ക്കല്‍ വീഴാം. അതേ രക്ഷയുള്ളു-

(ഗുരു വരുന്നു.)രണ്ടുപേരും : - (ഗുരുവിന്റെ കാല്‍ക്കല്‍ വീഴുന്നു) ഗുരോ - പ്രണാമം.
ഗുരു : - എഴുന്നേല്‍ക്കു ശിഷ്യരേ, ഇതു വരേയും നിങ്ങള്‍ ?
മൃദുലന്‍ : - അങ്ങേക്ക്‌ ഗുരു ദക്ഷിണ നല്‍കാതെ -
വിനയന്‍ : - ഞങ്ങള്‍ക്ക്‌ പോകാന്‍ കഴിയുമോ?
ഗുരു : - തന്നേക്കു ശിഷ്യരേ, തന്നേക്കു - ഞാനതു വാങ്ങിയില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ വിഷമമാകില്ലേ-
വിനയന്‍ : - പക്ഷേ -
മൃദുലന്‍ : - ഞങ്ങള്‍ കൊണ്ടു വന്നിട്ടില്ല. ഗുരോ.
ഗുരു : - ച്ഛേ! ആന കൊടുത്താലും ആശ കൊടുക്കരുതെന്ന്‌ ഞാന്‍ നിങ്ങളെ പഠിപ്പിച്ചത്‌ മറന്നുപോയോ?
മൃദുലന്‍ : - സൂര്യനു കീഴിലുള്ള എന്തും അങ്ങാവശ്യപ്പെട്ടുകൊള്ളൂ ..... എന്തു തന്നെയായാലും ....
വിനയന്‍ : - അതിവന്‍ കൊണ്ടു വരും.
മൃദുലന്‍ : - അല്ലാ -
വിനയന്‍ : - ഞങ്ങള്‍ കൊണ്ടു വരും. അത്‌ സ്വീകരിച്ച്‌ അങ്ങ്‌ -
മൃദുലന്‍ : - എന്നെ പിന്‍ഗാമിയാക്കണം.
വിനയന്‍ : - അല്ല, എന്നെ പിന്‍ഗാമിയാക്കണം.
മൃദുലന്‍ : - അല്ല എന്നെ -
ഗുരു : - ബഹളം വെയ്ക്കാതെ, ശിഷ്യരേ - ഗുരു ദക്ഷിണ തന്നില്ലെങ്കിലും എന്റെ പിന്‍ഗാമിയാകാന്‍
നിങ്ങള്‍ രണ്ടുപേരും യോഗ്യര്‍ തന്നെ.
വിനയന്‍ : - ഹോ - രക്ഷപ്പെട്ടു!
മൃദുലന്‍ : - ആശ്വാസമായി!
ഗുരു : - എങ്കിലും ഗുരു ദക്ഷിണ നല്‍കുന്നതാണല്ലോ അതിന്റെയൊരു ശരി.
രണ്ടുപേരും : - അയ്യോ -
ഗുരു : - പ്��ിയ ശിഷ്യരേ, നിങ്ങള്‍ക്കു മാത്രമേ എന്റെ ദുഃഖത്തിന്‌ ശാശ്വതമായ പരിഹാരം കാണാന്‍ കഴിയൂ -
മൃദുലന്‍ : - ദുഃഖമോ?
വിനയന്‍ : - പറയു ഗുരോ - എന്താണ്‌ അങ്ങയുടെ ദുഃഖം?
ഗുരു : - എന്റെ ഒരേയൊരു സന്താനമായ കണ്‍മണിയുടെ വിട്ടുമാറാത്ത അസുഖത്തെക്കുറിച്ച്‌
നിങ്ങള്‍ക്കും അറിയാവുന്നതല്ലേ? എല്ലാ പൗര്‍ണ്ണമി നാളിലും അമാവാസി നാളിലും ശ്വാസതടസ്സത്താല്‍ അവള്‍ കഷ്ടപ്പെടുന്നു.
മൃദുലന്‍ : - ഈ ദുഃഖം ഞങ്ങളുടേതു കൂടിയാണ്‌ ഗുരോ.
വിനയന്‍ : - അങ്ങേക്കു പോലും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത ഈ അസുഖത്തിന്‌ ഞങ്ങളെങ്ങനെ പരിഹാരം കാണാനാണ്‌?
ഗുരു : - ഇവിടെ നിന്നും വടക്കോട്ട്‌ ഏഴു മലകള്‍ കടന്നു ചെന്നാല്‍ മരുന്നു സസ്യങ്ങള്‍ തിങ്ങി നിറഞ്ഞ ഒരു ഉദ്യാനമുണ്ട്‌. ഉദ്യാനത്തിന്റെ നടുക്ക്‌ ഉണങ്ങിയ ഒരു വൃക്ഷമുണ്ട്‌. ഏഴു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അത്‌ കിളിര്‍ക്കുകയും ഇലകള്‍ വിരിയുകയും ചെയ്യും. ആ ദിവ്യമായ ഇലകളുടെ നീര്‌ കുടിപ്പിച്ചാല്‍ കണ്‍മണിയുടെ അസുഖം ശാശ്വതമായി പരിഹരിക്കപ്പെടും. ഞാന്‍ കാത്തു കാത്തിരിക്കുന്ന ആ ദിവസം വിശുദ്ധ മരത്തില്‍ ഇലകള്‍ കിളിര്‍ക്കുന്ന ആ ദിവസം ഈ വരുന്ന പൗര്‍ണ്ണമിയാണ്‌!
വിനയന്‍ : - ആ ഇലകള്‍ ഞങ്ങള്‍ ഇവിടെ കൊണ്ടു വരും.
മൃദുലന്‍ : - അതായിരിക്കും അങ്ങേക്ക്‌ ഞങ്ങള്‍ നല്‍കുന്ന ഗുരു ദക്ഷിണ!
ഗുരു : - ആത്മവിശ്വാസം നല്ലതു തന്നെ. പക്ഷേ അറിഞ്ഞു കൊണ്ട്‌ നിങ്ങളെ അപകടത്തിലേക്ക്‌ പറഞ്ഞു വിടാന്‍ എന്റെ മനസ്സനുവദിക്കുന്നില്ല.
വിനയന്‍ : - അപകടമോ?
ഗുരു : - ആ ഉദ്യാനത്തിന്‌ കാവല്‍ നില്‍ക്കുന്നത്‌ ഒരു കരിംഭൂതമാണ്‌!
വിനയന്‍ : - അയ്യോ...
മൃദുലന്‍ : - കരിംഭൂതമോ?
ഗുരു : - ഓരോ പെട്ടി നിറയെ സമ്മാനങ്ങള്‍ കാഴ്ചവെയ്ക്കുകയും, കരിംഭൂതത്തിന്റെ ചോദ്യങ്ങള്‍ക്ക്‌
ശരിയായ ഉത്തരങ്ങള്‍ നല്‍കുകയും ചെയ്താലേ ഇലകള്‍ ഇറുത്തെടുക്കാന്‍ അനുവദിക്കുകയുള്ളു.
മൃദുലന്‍ : - ഈ പരീക്ഷയെ ന���രിടുവാന്‍ ഞങ്ങള്‍ തയ്യാറാണ്‌.
വിനയന്‍ : - പക്ഷേ, കാഴ്ചവെയ്ക്കാനുള്ള സമ്മാനങ്ങള്‍?
ഗുരു : - സമ്മാനങ്ങള്‍ ഞാന്‍ നല്‍കാം. പക്ഷേ, ഒരു ചോദ്യത്തിന്റെയെങ്ങാനും ഉത്തരം തെറ്റിയാല്‍ പിന്നെ നിങ്ങളെ കരിംഭൂതം അടിമയാക്കും. ജീവിതകാലം മുഴുവന്‍ അടിമവേല ചെയ്ത്‌ ആ ഉദ്യാനത്തില്‍ കഴിയേണ്ടി വരും. വേണ്ട - നിങ്ങളെ ആ പരീക്ഷണത്തിന്‌ വിടാന്‍
എനിക്ക്‌ മനസ്സു വരുന്നില്ല.
മൃദുലന്‍ : - ഗുരോ ഞങ്ങളുടെ കഴിവില്‍ അങ്ങേക്ക്‌ വിശ്വാസമില്ലേ? കണ്‍മണിയെ ദുരിതത്തില്‍
നിന്നും രക്ഷിക്കണ്ടേ?
വിനയന്‍ : - അങ്ങ്‌, കാഴ്ച വെയ്ക്കാനുള്ള സമ്മാനങ്ങള്‍ ഞങ്ങള്‍ക്ക്‌ നല്‍കു - ഞങ്ങള്‍ വിജയികളായി തിരിച്ചു വരും.
ഗുരു : - പ്രിയ ശിഷ്യരേ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍ ഞാന്‍ കീഴടങ്ങുന്നു. വരു - സമ്മാനങ്ങള്‍ ഞാന്‍ എടുത്തു തരാം.

( മൂന്നു പേരും അകത്തു പോകുന്നു. )രംഗം രണ്ട്‌

(വിജനമായ ഒരു സ്ഥലത്തുകൂടെ വിനയനും മൃദുലനും ഓരോ പെട്ടി തലയിലേറ്റി നടക്കുന്നു)

വിനയന്‍ : - മൃദുലാ ഇങ്ങനെ തിരക്കു പിടിക്കാതെ - നില്‍ക്കു അല്‍പം വിശ്രമിച്ചിട്ടു പോകാം.
മൃദുലന്‍ : - ശരി. അല്‍പ സമയം മാത്രം. ഉദ്യാനത്തിലെത്താന്‍ എനിക്ക്‌ തിടുക്കമായി.
വിനയന്‍ : - ഹോ! ഇവന്റെ യീ തിടുക്കം കണ്ടാല്‍ കല്യാണ സദ്യക്കാണ്‌ പോകുന്നതെന്ന്‌ തോന്നും! ഇതിനകത്ത്‌ എന്താണെന്നറിയാന്‍ എനിക്ക്‌ കൊതിയാകുന്നു.
മൃദുലന്‍ : - വെണ്ട വേണ്ട. വഴിയില്‍ വെച്ച്‌ പെട്ടി തുറക്കരുതെന്ന്‌ ഗുരു പ്രത്യേകം പറഞ്ഞിട്ടുണ്ട്‌.
വിനയന്‍ : - ഒരു പേടിത്തൊണ്ടന്‍! ഞാനിത്‌ തുറക്കാന്‍ പോകുകയാ.
മൃദുലന്‍ : - ഇത്തരം കാര്യത്തിന്‌ ഞാന്‍ കൂട്ടു നില്‍ക്കില്ല.
വിനയന്‍ : - വേണ്ട. എന്റെ പെട്ടിയാ ഞാന്‍ തുറക്കുന്നത്‌.

(വിനയന്‍ സ്വന്തം പെട്ടി തുറക്കുന്നു.)

ഹോ! എന്താണി തിളങ്ങുന്നത്‌? സ്വര്‍ണ്ണത്തളിക! ഇതെനിക്ക്‌ വേണം. ആര്‍ക്കും ഞാന്‍ കൊടുക്കില്ല.

(സന്തോഷത്താല്‍ ��ുള്ളച്ചാടുന്നു.)

മൃദുലന്‍ : - വിനയാ - കണ്‍മണിയുടെ അസുഖം മാറ്റേണ്ട ചുമതല നിങ്ങള്‍ രണ്ടു പേര്‍ക്കുമാണ്‌.
വിനയന്‍ : - ഞാനില്ല ഉദ്യാനത്തിലേക്ക്‌. ഉത്തരമെങ്ങാന്‍ തെറ്റിയാല്‍ ആയുഷ്ക്കാലം മുഴുവന്‍ അടിമയായി കഴിയേണ്ടി വരും.
മൃദുലന്‍ : - പിന്നെ നീ എന്തു ചെയ്യാന്‍ പോകുന്നു?
വിനയന്‍ : - ഇവയെല്ലാം ഞാനെന്റെ നാട്ടില്‍ കൊണ്ടു പോകും - എന്നിട്ട്‌ സുഖമായി ജീവിക്കും.
മൃദുലന്‍ : - നിന്നോട്‌ സംസാരിക്കാന്‍ ഞാനില്ല. കണ്‍മണിയെ ഞാന്‍ രക്ഷിക്കും. (പോകുന്നു.)
വിനയന്‍ : - ഇവന്‍ ഒരു മൂഢന്‍ - ജീവിക്കാനറിയാത്തവന്‍. ഹോ! ഞാനിതുകൊണ്ട്‌ സുഖമായി ജീവിക്കും.

(പെട്ടെന്ന്‌ ഒരു കത്തിയുമായി തസ്ക്കരന്‍ എത്തുന്നു.)

തസ്ക്കരന്‍ :- നില്‍ക്കവിടെ - കൊന്നു കളയും ഞാന്‍.
വിനയന്‍ : - അയ്യോ - തസ്ക്കരന്‍! തസ്ക്കരന്‍! രക്ഷിക്കണേ...
തസ്ക്കരന്‍ :- ഒച്ചയെടുത്താല്‍ തട്ടിക്കളയും ഞാന്‍. എന്താണ്‌ നിന്റെ കയ്യില്‍?

( സ്വര്‍ണ്ണത്തളിക വാങ്ങുന്നു.)

സ്വര്‍ണ്ണം! സ്വര്‍ണ്ണം! ഇന്നത്തെ കൊള്ള മുതല്‍ ഉഗ്രനായിരിക്കുന്നു.
വിനയന്‍ : - അയ്യോ! എന്നെ കൊള്ളയടിക്കുന്നേ - രക്ഷിക്കണേ -
തസ്ക്കരന്‍ :- ഒച്ചയെടുക്കരുതെന്ന്‌ പറഞ്ഞില്ലേ? ഈ സ്വര്‍ണ്ണം എവിടെ നിന്നു ലഭിച്ചു? പറയൂ -
അവിടെച്ചെന്ന്‌ ബാക്കി കൂടി എനിക്ക്‌ കൊള്ളയടിക്കണം. (കത്തി ഓങ്ങുന്നു.)
വിനയന്‍ : - എന്നെ കൊല്ലല്ലേ - ഞാന്‍ പറയാം - എന്റെ ഗുരുനാഥന്‍ തന്നയച്ചതാണിത്‌. ഗുരുവിന്റെ മകള്‍ക്ക്‌ മരുന്ന്‌ വാങ്ങുവാനായി ഒരിടത്ത്‌ കൊടുക്കുവാന്‍.
തസ്ക്കരന്‍ :- പക്ഷേ നീ സന്തോഷത്താല്‍ തുള്ളിച്ചാടുന്നതാണല്ലോ ഞാന്‍ കണ്ടത്‌?
വിനയന്‍ : - അത്‌, അത്‌, ഇവയെല്ലാം അടിച്ചു മാറ്റി നാട്ടില്‍ പോയി സുഖിക്കാമെന്ന്‌ ഞാന്‍ കരുതി.
തസ്ക്കരന്‍ :- എന്ത്‌? സ്വന്തം ഗുരുനാഥനെ വഞ്ചിക്കുന്ന ദ്രോഹിയോ? എന്നെ തസ്ക്കര വിദ്യ പഠിപ്പിച്ച എന്റെ തസ്ക്കര ഗുരുവിനെ ഈശ്വരനെപ്പോലെയാണ്‌ ഞാന്‍ കരുതുന്നത്‌. കണ്ടാല്‍ യോഗ്യനായ നീ, നിന്റെ ഗുരുവിനെ ചതിച്ചിട്ട്‌ സുഖിക്കാന്‍ ശ്രമിക്കുന്നോ? ഗുരുശാപമുള്ള വസ്തുക്കള്‍ സ്പര്‍ശിക്കുവാന്‍പോലും പാടില്ലാത്തതാണ്‌. എനിക്കിതു വേണ്ട.

(സ്വര്‍ണ്ണത്തളിക വലിച്ചെറിഞ്ഞിട്ട്‌ പോകുന്നു)

വിനയന്‍ : - ഹോ! ഞാനെത്ര നീചനാണ്‌. എന്റെ പാപം എത്ര വലിയതാണെന്ന്‌ ഒരു തസ്ക്കരനില്‍നിന്നും ഞാന്‍ പഠിക്കേണ്ടി വന്നുവല്ലോ? ഈ സ്വര്‍ണ്ണം, ഈ സമ്മാനങ്ങള്‍ (എല്ലാം എടുക്കുന്നു.) ഒന്നും എനിക്കു വേണ്ട. അതാ ആ പൊട്ടക്കണറ്റിലേക്ക്‌ എല്ലാം ഞാന്‍ വലിച്ചെറിയും. ഞാനും അതില്‍ ചാടി ജീവിതം അവസാനിപ്പിക്കും.

(പെട്ടിയും കൊണ്ട്‌ ഓടിപ്പോകുന്നു.)രംഗം മൂന്ന്‌

(ഒരു ഉദ്യാനത്തിന്റെ മുന്‍ഭാഗത്ത്‌ കരിംഭൂതം കാവല്‍ നില്‍ക്കുന്നു)

കരിംഭൂതം : - ഹ ഹ ഹ ഹ... ആനന്ദിക്കേണ്ട ദിനങ്ങളാണ്‌ വന്നു ചേര്‍ന്നിരിക്കുന്നത്‌! ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം വിശുദ്ധ മരത്തില്‍ ഇലകള്‍ കിളിര്‍ത്തിരിക്കുന്നു. ഹ ഹ ഹ ഹ - പക്ഷേ മനുഷ്യ കീടങ്ങള്‍ക്ക്‌ ഞാനിവ വിട്ടു കൊടുക്കില്ല. നൂറു കണക്കിന്‌ ദിവ്യവൃക്ഷങ്ങള്‍! അമൂല്യങ്ങളായ മരുന്നു ചെടികള്‍! മനുഷ്യ കീടങ്ങള്‍ സ്പര്‍ശിക്കാതിരിക്കാന്‍ എല്ലാം ഈ മതില്‍ക്കെട്ടിനകത്ത്‌ ഭദ്രമായി സൂക്ഷിക്കും. ഹ ഹ ഹ ഹ - ങ്ങേ -ആരോ വരുന്നുണ്ടല്ലോ! എന്നെ തോല്‍പിച്ച്‌ മരുന്നിലകള്‍ തട്ടിയെടുക്കാന്‍ വരുന്നവരായിരിക്കും!

(മൃദുലന്‍ പെട്ടിയുമായി വരുന്നു.)

കരിംഭൂതം : ഹ ഹ ഹ ഹ - എടാ മനുഷ്യ കീടമേ - എന്താ നിന്റെ ഉദ്ദേശ്യം?
മൃദുലന്‍ : - അയ്യോ കരിംഭൂതമേ - എന്നെ പേടിപ്പിക്കാതെ. ഈ പെട്ടിയില്‍ നിറയെ നിനക്കുള്ളസമ്മാനങ്ങളാണ.്‌
കരിംഭൂതം : - അപ്പോള്‍ എന്റെ വ്യവസ്ഥകള്‍ നിനക്ക്‌ അറിയാമല്ലോ - ഊം ... തരൂ ...

(പെട്ടി തുറക്കുന്നു)

ഇതെന്താണിത്‌? പൊന്‍ തളികയോ! ഇത്തരം വിശുദ്ധ വസ്തുക്കള്‍ എന്റെ മതില്‍ക്കെട്ടിനകത്ത്‌ സൂക്ഷിക്കപ്പെടണം. നല്ലതൊന്നും മനുഷ്��ര്‍ക്ക്‌ ഞാന്‍ വിട്ടുകൊടുക്കില്ല.
മൃദുലന്‍ : - പക്ഷേ, നിന്റെ ചോദ്യങ്ങള്‍ക്ക്‌ ശരിയുത്തരം നല്‍കി, നിന്നെ തോല്‍പിച്ച്‌, ഉദ്യാനത്തിനകത്ത്‌ കയറാന്‍ തയ്യാറായിത്തന്നെയാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌.
കരിംഭൂതം : - ങ്ങേ! അത്രയ്ക്കായോ? എന്നാല്‍ ഇതാ ആദ്യത്തെ ചോദ്യം

- തസ്ക്കരന്‍മാര്‍ക്ക്‌ കവര്‍ന്നെടുക്കാന്‍ കഴിയാത്തതും ദാനം ചെയ്യുന്തോറും കുറഞ്ഞു പോകാത്തതുമായസ്വത്ത്‌ എന്താണ്‌?

മൃദുലന്‍ : - കള്ളന്‍മാര്‍ക്ക്‌ കവര്‍ന്നെടുക്കാന്‍ കഴിയാത്ത സ്വത്ത്‌ ഓരോരുത്തര്‍ക്കുമുള്ള വിജ്ഞാനമാണ്‌. നല്‍കുന്തോറും അറിവ്‌ കുറയുകയല്ല - വര്‍ദ്ധിക്കയാണ്‌ ചെയ്യുന്നത്‌.
കരിംഭൂതം : - ഭേഷ്‌! നീ മിടുക്കന്‍ തന്നെ! പക്ഷേ, എന്റെ രണ്ടാമത്തെ ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ കഴിയാതെ നീ തോല്‍ക്കും. അതോടെ നീ എന്റെ അടിമയായിത്തീരും.
മൃദുലന്‍ : - ചോദിച്ചുകൊള്ളൂ -
കരിംഭൂതം : - ഇരുട്ടില്‍ നിങ്ങളെ ഉപേക്ഷിച്ച്‌ കടന്നു കളയുന്ന സുഹൃത്ത്‌, വെളിച്ചത്തില്‍ നിങ്ങളെ വിടാതെ പിന്‍തുടരുന്നു. ആരാണവന്‍ - പറയൂ... ആരാണ്‌ നിങ്ങളുടെ ആ സുഹൃത്ത്‌?
പറയൂ... പറയൂ...

മൃദുലന്‍ : - എന്റെ നിഴല്‍ - എന്റെ നിഴല്‍

(തുള്ളിച്ചാടുന്നു.)

കരിംഭൂതം : - ഹോ! അതും ശരിയാക്കിയോ! എന്നാല്‍ ഏറ്റവും കടുപ്പമുള്ള അവസാനത്തെ ചോദ്യം ചോദിക്കാം - പുരയിടങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും അതിര്‍ത്തി നിശ്ചയിക്കുന്നത്‌ എന്തിന്റെ അടിസ്ഥാനത്തിലാണ്‌?

മൃദുലന്‍ : - സ്വാര്‍ത്ഥതയുടെ അടിസ്ഥാനത്തില്‍. സ്വാര്‍ത്ഥത! അതേ സ്വാര്‍ത്ഥതയാണ്‌ വേലികള്‍ക്കും, മതിലുകള്‍ക്കും, അതിര്‍ത്തികള്‍ക്കുമെല്ലാം കാരണം.
കരിംഭൂതം : - ങ്ങേ - അതും ശരിയാക്കിയോ?
മൃദുലന്‍ : - നിങ്ങളീ ഉദ്യാനം മതില്‍ കെട്ടി സൂക്ഷിച്ചിരിക്കുന്നത്‌ നിങ്ങളുടെ സ്വാര്‍ത്ഥത കാരണമല്ലേ? അല്ലേ?
കരിംഭൂതം : - നിര്‍ത്തു - ഉത്തരം പറഞ്ഞു പറഞ്ഞ്‌ നീ എനിക്കിട്ട്‌ പാര പണിയാനും തുടങ്ങിയോ? ഇനി ഇവിടെ നില്‍ക്കണ്ട ഉടന്‍ സ്ഥലം വിട്ടോളൂ
മൃദുലന്‍ : - എല്ലാ ഉത്തരങ്ങളും ഞാന്‍ ശരിയാക്കി. മരുന്നിലകള്‍ ശേഖരിക്കാന്‍ എന്നെ അനുവദിക്കണം.
കരിംഭൂതം : - എന്താ വേണ്ടതെന്നു വെച്ചാല്‍ ഉടന്‍ പറിച്ചെടുത്തോളണം.
(മൃദുലന്‍ ഉദ്യാനത്തിലേക്കോടുന്നു.

(കരിംഭൂതം പെട്ടിയും പൊന്‍തളികയും കയ്യിലെടുക്കുന്നു.)

കരിംഭൂതം : - ഇവനെയൊന്നും അധികസമയം അകത്തു നിര്‍ത്തുവാന്‍ കൊള്ളുകേല - അനുവാദം നല്‍കുന്നവരെപ്പോലും പുകച്ചു പുറത്തു ചാടിക്കുന്ന ഈ മാ - ഊം - മതി - മതി - അത്രയൊക്കെ മതി - വേഗം സ്ലം വിട്ടോളൂ...

(ഉദ്യാനത്തിലേക്ക്‌ പോകുന്നു.)
രംഗം നാല്‌

(ഗുരുവിന്റെ ആശ്രമം. ഗുരു കണ്‍മണിയെ താങ്ങിപ്പിടിച്ച്‌ കൊണ്ടു വരുന്നു. ഒരു പീഠത്തില്‍ ഇരുത്തുന്നു. കണ്‍മണി ശരീരത്തില്‍ പുതപ്പുചുറ്റിയിരിക്കുന്നു. കഷ്ടപ്പെട്ട്‌ ശ്വസിക്കുവാനായി ഏന്തിയേന്തി വലിക്കുന്നു.)

കണ്‍മണി : - അച്ഛാ എനിക്ക്‌ - വയ്യാ -
ഗുരു : - മേളേ വിഷമിക്കാതിരിക്കൂ
കണ്‍മണി : - എനിക്ക്‌ - ശ്വാസം കിട്ടുന്നില്ല -
ഗുരു : - ജ്യേഷ്ഠന്‍മാര്‍ മരുന്നിലകളുമായി ഉടന്‍ എത്തും. അതിന്റെ നീര്‌ കുടിച്ചാല്‍ പിന്നീടൊരിക്കലും ശ്വാസതടസ്സം ഉണ്ടാകില്ല -
കണ്‍മണി : - എനിക്ക്‌ ... വയ്യാ - എനിക്ക്‌ - വയ്യാ...

(മൃദുലന്‍ മരുന്നിലകളുമായി വരുന്നു.)

മൃദുലന്‍ : - ഗുരോ ഞാന്‍ വിജയിച്ചു! ഇതാ ഞാന്‍ മരുന്നിലകള്‍ കൊണ്ടു വന്നിരിക്കുന്നു. എന്റെ ഗുരുദക്ഷിണ സ്വീകരിച്ചാലും.
ഗുരു : - ഈശ്വരന്‍ നിനക്ക്‌ നല്ലതു വരുത്തട്ടെ - വിനയന്‍ എവിടെ?
മൃദുലന്‍ : - അവന്‍ അങ്ങയുടെ വാക്കുകള്‍ ധിക്കരിച്ചു. വഴിക്കു വെച്ച്‌ പെട്ടി തുറന്നു. സ്വര്‍ണ്ണത്തളികയുമായി കടന്നു കളഞ്ഞു!
ഗുരു : - ഹോ! ഞാനെന്താണീ കേള്‍ക്കുന്നത്‌?
മൃദുലന്‍ : - ഗുരോ, ഞാനീ ഇലകള്‍ ഇടിച്ചു പിഴിഞ്ഞു നീര്‌ കൊണ്ടു വരാം.

(അകത്തേക്ക്‌ പോകുന്നു.)

ഗുരു : - എന്റെ ശിഷ്യന്‍ എന്നെ വഞ്ചിച്ചെന്നോ? വിനയാ നിന���്കെങ്ങനെ എന്റെ വാക്കുകള്‍ ധിക്കരിക്കാന്‍ മനസ്സു വന്നു?

(മൃദുലന്‍ ഒരു പാത്രത്തില്‍ മരുന്നുമായി വരുന്നു.)

മൃദുലന്‍ : - ഗുരോ ഇതാ മരുന്ന്‌.
ഗുരു : - മോളേ - ഈ മരുന്ന്‌ കുടിക്കൂ -

(കണ്‍മണി മരുന്ന്‌ കുടിക്കുന്നു.)

മൃദുലന്‍ : - കണ്‍മണി ... ഇപ്പോള്‍ ആശ്വാസമുണ്ടോ?
ഗുരു : - മോളേ - ശ്വാസതടസ്സം മാറിയോ?
കണ്‍മണി : - എനിക്ക്‌ സുഖമായി - അച്ഛാ - ചേട്ടാ എനിക്കു സുഖമായി -
ഗുരു : - മോളേ ... അച്ഛന്‌ സന്തോഷമായി. മൃദുലാ - നീ വിജയിച്ചു. നിന്റെ കഴിവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.
കണ്‍മണി : - അപ്പോള്‍ വിനയന്‍ ചേട്ടന്‍ ഇനി ഇങ്ങോട്ടു വരില്ലേ?
മൃദുലന്‍ : - അവന്‍ സ്വര്‍ണ്ണത്തളിക കണ്ട്‌ ഭ്രമിച്ചു. ഉത്തരവാദിത്വം മറന്ന്‌ വഴിതെറ്റിപ്പോയി. ഞാന്‍ ഒറ്റയ്ക്കാണ്‌ കരിംഭൂതത്തിന്റെ അടുക്കല്‍ പോയി വിജയിച്ചത്‌.
കണ്‍മണി : - ദേ - വിനയന്‍ ചേട്ടന്‍ വരുന്നു.

(വിനയന്‍ പെട്ടിയുമായി വരുന്നു.)
( ഗുരുവിന്റെ കാല്‍ക്കല്‍ വീഴുന്നു.)

വിനയന്‍ : - ഗുരോ, എന്നോട്‌ പൊറുക്കണം - പാപിയാണ്‌ ഞാന്‍. അങ്ങയെ വഞ്ചിച്ചവനാണ്‌ ഞാന്‍. ഈ പാപിക്ക്‌ നിങ്ങളെല്ലാവരും മാപ്പു നല്‍കണം -
ഗുരു : - വിനയാ എഴുന്നേല്‍ക്കൂ...
വിനയന്‍ : - (എഴുന്നേല്‍ക്കൂന്നു.) എന്റെ തെറ്റിനെക്കുറിച്ചു ബോധ്യമായപ്പോള്‍ കുറ്റബോധത്താല്‍ ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞവനാണ്‌ ഞാന്‍.
ഗുരു : - വിനയാ - നീ എന്തൊക്കെയാണീ പറയുന്നത്‌?
വിനയന്‍ : - ഗുരോ അങ്ങയുടെ ശിഷ്യനെന്ന്‌ വിളിക്കപ്പെടുവാന്‍ ഞാന്‍ യോഗ്യനല്ല - മരിക്കുന്നതിനുമുന്‍പ്‌ അങ്ങയോട്‌ മാപ്പിരക്കുവാനാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌.
ഗുരു : - പ്രിയ ശിഷ്യാ - നിന്നോടു ഞാന്‍ പൊറുത്തിരിക്കുന്നു. നിന്റെ കണ്ണുനീര്‍ത്തുള്ളികളാണ്‌ എനിക്ക്‌ ഇതുവരേയും ലഭിച്ചിട്ടുള്ള ഏറ്റവും മൂല്യമുള്ള ഗുരു ദക്ഷിണ! നീ ജീവിച്ചിരിക്കണം ഇന്നു മുതല്‍ എന്റെ പിന്‍ഗാമിയായി!
മൃദുലന്‍ : - എന്ത്‌? ഈ വഞ്ചകനെയാണോ അങ്ങ്‌ പിന്‍ഗാമിയായി തെരഞ്ഞെടുത്തത്‌?
ഗുരു : - നഷ്ടപ്പെട്ടെന്നു കരുതിയ ഇവനെ എനിക്ക്‌ തിരിച്ചു കിട്ടിയിരിക്കുന്നു. ഇവന്‍ മൃതനായിരുന്നു. പശ്ചാത്താപത്തിലൂടെ പുനര്‍ജനിച്ചിരിക്കുന്നു. അതില്‍ നമുക്ക്‌ ആഹ്ലാദിക്കാം.
മൃദുലന്‍ : - ഇല്ല - ഇത്‌ ഞാന്‍ സമ്മതിക്കില്ല - ജീവന്‍ പണയം വെച്ചാണ്‌ ഞാന്‍ മരുന്നിലകള്‍ കൊണ്ടു വന്നത്‌. ഗുരു ദക്ഷിണ നല്‍കിയത്‌. എന്നിട്ടും അങ്ങ്‌ എന്നെ തഴഞ്ഞു. കണ്‍മണിയുടെ അസുഖം ഞാനാണ്‌ ഭേദമാക്കിയത്‌. പക്ഷേ മുടിയനായ ഇവനെയാണ്‌ അങ്ങ്‌ പിന്‍ഗാമിയാക്കിയത്‌. അങ്ങ്‌ ദുഷ്ടനാണ്‌. നീചനാണ്‌. ക്രൂരനാണ്‌. ഇനി ഒരു നിമിഷം പോലും ഞാനിവിടെ നില്‍ക്കില്ല -

(പോകുവാനായി തിരിയുന്നു.)

കണ്‍മണി : - മൃദുലന്‍ചേട്ടാ പോകരുത്‌.
വിനയന്‍ : - മൃദുലാ നീ വഴക്കിട്ട്‌ പോകല്ലേ -
ഗുരു : - ആരും അവനെ തടയണ്ട - അവസാനത്തെ പാഠം ഗുരുമുഖത്തു നിന്നും അല്ല പഠിക്കേണ്ടത്‌. സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നുമാണ്‌ പഠിച്ചെടുക്കേണ്ടത്‌. ശരികളേയും വിജയങ്ങളേയും കുറിച്ചാണ്‌ അവന്‍ പഠിച്ചിട്ടുള്ളത്‌. എന്നാല്‍ തെറ്റുകളേയും പരാജയങ്ങളേയും കൂടി മനസ്സിലാക്കിയാലേ പക്വത കൈവരു -പഠിക്കാത്ത പാഠങ്ങള്‍ കൂടി പഠിച്ചെടുക്കാന്‍ ജീവിതാനുഭവങ്ങളിലേക്ക്‌ നമുക്കവനെ യാത്രയാക്കാം. (ഗുരു കൈകളുയര്‍ത്തി അനുഗ്രഹിക്കുന്നു)

( പശ്ചാത്തലത്തില്‍ സംസ്കൃതശ്ലോകം മുഴങ്ങുന്നു. മൃദുലന്‍ മുന്നോട്ടു നീങ്ങുന്ന
ഭാവത്തില്‍ നില്‍ക്കുന്നു.)


SocialTwist Tell-a-Friend
Related Stories: പഠിക്കാത്ത പാഠങ്ങള്‍ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon