You are here: HOME » MAGAZINE »
നാടന്‍ പാട്ടുകള്‍
ബി.കെ.ജെ Jayakeralam Malayalam News
സാധാരണ ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട്‌ തലമുറകളിലേക്ക്‌ വാമൊഴിയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നവയാണ്‌ നാടന്‍പാട്ടുകള്‍. ജീവിതത്തിന്റെ സത്യാത്മകവും ആത്മാര്‍ത്ഥവുമായ ആവിഷ്കാരങ്ങളാണ്‌ ഈ പാട്ടുകള്‍. നാടന്‍പാട്ടുകളുടെ കാലം നിര്‍ണ്ണയിക്കാന്‍ പ്രയാസമാണ്‌. തലമുറകളുടെ നാവിന്‍തുമ്പിലൂടെ, അത്‌ വര്‍ത്തമാനകാലത്തിലേക്ക്‌ പ്രവഹിക്കുന്നു. കേരളത്തിലെ ജനസാമാന്യത്തിന്റെ പണ്ടത്തെ ജീവിതം ഈ പാട്ടുകളിലൂടെ വെളിപ്പെടുന്നു. കേരളീയരുടെ ദേശീയോത്സവമായ ഓണവുമായി ബന്ധപ്പെട്ട ചില നാടന്‍പാട്ടുകളാണ്‌ ഈ ലക്കം പരിചയപ്പെടുത്തുന്നത്‌.
-------------------------------------------------
തുമ്പപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരു വട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
കാക്കപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരുവട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
അരിപ്പൂപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരു വട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
പൂവായ പൂവെല്ലാം പിള്ളേരറുത്തു
പൂവാം കുറുന്തല ഞാനും പറിച്ചു
പിള്ളെരേ പൂവൊക്കെ കത്തിക്കരിഞ്ഞുപോയ്‌
ഞങ്ങടെ പൂവൊക്കെ മുങ്ങിത്തെളിഞ്ഞുപോയ്‌
പൂവേപൊലി പൂവേപൊലി!
--------------------------------------------------

തിര്യോണം

കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞ്യേ (2)
പപ്പടം വേണം പായസം വേണം
തിര്യോണത്തിനു കുഞ്ഞാഞ്ഞ്യേ
തിര്യോണം തിര്യോണം
മാവേലിത്തമ്പ്രാന്റെ തിര്യോണം (2)
കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞ്യേ (2)
ഊഞ്ഞാലേ ഊഞ്ഞാലേ
തിര്യോണത്തിനങ്ങൂഞ്ഞാലേ (2)
പപ്പടം വേണം പായസം വേണം
തിര്യോണത്തിനു കുഞ്ഞാഞ്ഞ്യേ (2)
കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
കൊടകരയാറ്റില്‌ കരിതുള്ളി (2)
കൂരിക്കറി, കൂരിക്കറി
തിര്യോണത്തിനു കൂരിക്കറി
കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞ്യേ
----------------------------------------------------തുമ്പിതുള്ളല്‍

ആശാന്റെ പാടത്തെന്തിന്‌ കുഞ്ഞിത്തേയി നീ പോയി?
ആരാന്റെ പാടത്തെങ്ങളും കറ്റപെറുക്കാന്‍ ഞാന്‍ പോയീ
ആരാന്റെ പാടത്തെ കറ്റകളെന്താ നീ ചെയ്യ്‌വാ?
കറ്റകളെല്ലാം കെട്ടിമെതിച്ച്‌ നെന്മണിയാക്കി മാറ്റും ഞാന്‍

നെന്മണിയാക്കിവന്നാ പിന്നെ
എന്താ ചെയ്യ്‌വാ നാത്തൂനേ?
നെന്മണികുത്തി കുത്തിനിന്ന്‌
പുത്തരിച്ചോറ്‌ വിളമ്പൂലോ
പുത്തരിച്ചോറുവിളമ്പി കുഞ്ഞിനു
പുത്തരിയോണം തീര്‍ക്കൂലോ
പുത്തരിയോണം തീര്‍ത്താപ്പിന്നേ
ഓണത്തപ്പനെ വെക്കൂലോ
തുമ്പിതുള്ള്യാല്‍ നാത്തൂനേ
നാത്തൂന്‍ കൂടി തുള്ളൂലോ

ചന്തത്തില്‍ മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലീ ഓണം വന്നൂ
ചന്തയ്ക്കുപോയില്ല നേന്ത്രക്കാവാങ്ങീല
എന്തെന്റെ മാവേലീ ഓണം വന്നൂ
പന്തുകളിച്ചീലാ പന്തലുമിട്ടീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ
അമ്മാവന്‍ വന്നീല സമ്മാനം തന്നീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ
അച്ഛനും വന്നീലാ ആടകള്‍ തന്നീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ
നെല്ലു പുഴുങ്ങീല തെല്ലുമുണങ്ങീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ
പിള്ളേരും വന്നീല പാഠം നിറുത്തീല
എന്തെന്റെ മാവേലീ ഓണം വന്നൂ
കുഞ്ഞേലിപ്പെണ്ണിന്റെ മഞ്ഞികറുക്കുന്നു
എന്തെന്റെ മാവേലീ ഓണം വന്നൂ
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല
എന്തെന്റെ മാവേലീ ഓണം വന്നൂ


SocialTwist Tell-a-Friend
Related Stories: നാടന്‍ പാട്ടുകള്‍ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon