You are here: HOME » MAGAZINE »
സ്നേഹത്തേയും മരണത്തേയും കുറിച്ച്‌
സി. മഹിജ Jayakeralam Malayalam News
പതിവുപോലെ
ജാലകത്തിലെ തിളങ്ങുന്ന ഇരുട്ടില്‍
വെളുത്ത തൂവാല വീശി അയാളെന്നെ വിളിച്ചു
ഉറക്കത്തിന്റെ സമാധിദശ പൊട്ടിച്ച്‌
ഞാന്‍ വെളിയിലേക്കിറങ്ങി
മോചനവും കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ട്‌
ഏകാന്തതയുടെ അറ്റങ്ങളിലൂടെ ഞാനയാളെ അനുഗമിച്ചു
അയാളുടെ വിരലുകളുടെ അറ്റങ്ങളില്‍ പ്രലോഭിക്കപ്പെട്ട്‌
നിശ്വാസങ്ങളില്‍ പ്രേരിപ്പിക്കപ്പെട്ട്‌
മഞ്ഞുകട്ടകളുടെ കൂടാരങ്ങള്‍ക്കിടയിലൂടെ
മേഘങ്ങളുടെ മള്‍ബറിക്കാടുകളിലൂടെ
തോല്‍ക്കുടങ്ങളിലെ ഏറ്റവും പുരാതനമായ
ഏകാന്തതമായ ലഹരികളിലൂടെ...
എന്റെ ശിശിരങ്ങളെയും, സന്ധ്യകളെയും പിടിച്ചടക്കി
എന്റെ കടലുകളെ വിരലുകളിലെടുത്ത്‌
വെയിലിന്റെ ആത്മാവുകളിലേക്ക്‌ നടന്ന്‌
ജലഭിത്തികളെയും,
വെളുത്ത ഇലകളെയും, കൂണുകളെയും ചുംബിച്ച്‌,
ദേവാലയത്തിന്റെ പടവുകളിലും
കമാനങ്ങളിലുമിരുന്ന്‌,
അനന്തമായി സ്നേഹിക്കപ്പെട്ട്‌...
അയാളെനിക്ക്‌,
കല്ലുകളില്‍ നിന്ന്‌ സന്താനങ്ങളെയും
ഉമിനീരില്‍നിന്ന്‌ ഏറ്റവും സത്യമായ മധുരങ്ങളും
നക്ഷത്രത്തില്‍ നിന്ന്‌ പക്ഷികളെയും
നിലാവില്‍ നിന്ന്‌ മുട്ടകളെയും
ആകാശത്തില്‍ നിന്ന്‌ വനാന്തരങ്ങളെയും
മുടിയിഴകളില്‍ നിന്ന്‌ വിഷാദത്തെയും
പുല്‍മേടുകളില്‍ നിന്ന്‌ ശൈത്യങ്ങളെയും,
കണ്ണുകളില്‍ നിന്ന്‌ ഏറ്റവും സനാതനമായ സത്യത്തേയും
സൂര്യനില്‍നിന്ന്‌ നദികളെയും
ചര്‍മ്മത്തില്‍ നിന്‌ ഹിമസംഗീതത്തെയും
ജലമര്‍മ്മരങ്ങളെയും നിര്‍മ്മിച്ചുതന്നു.
ഞാന്‍,
എന്റെ ഒടുവിലത്തെ സത്യം പോലും പറഞ്ഞ്‌
ആത്മാവിന്റെ ഏറ്റവും സുതാര്യതയില്‍നിന്ന്‌ മുലപ്പാലും
ജീവനില്‍ നിന്ന്‌ രക്തവും, മുറിവും
മഴയില്‍ നിന്ന്‌
ഉപ്പും, മരണവും, ദു:ഖവും, വെള്ളിയും,
അടിത്തട്ടുകളില്‍ നിന്ന്‌ വാക്കും
ഉല്‍പാദിപ്പിക്കുന്നു.
കണ്ണുനീരില്‍ നിന്നും നാരുകളെ വിവേചിച്ച്‌
ജലവും ഭൂമിയും ശവക്കച്ചയും തുന്നിയെടുക്കുന്നു
എന്നാല്‍,
പ്രകാശവലയങ്ങള്‍ക്കും,
ഞാറല്‍ കിളികളുടെ താഴ്‌വരകള്‍ക്കുമിടയില്‍
മുടിയിഴകള്‍ കൊണ്ടുള്ള പാലങ്ങളിലും,
ശിലകളില്‍നിന്നും ഗര്‍ത്തങ്ങളില്‍ നിന്നും
പൊട്ടിപ്പുറത്തു വരുന്ന നിത്യമായ മരണങ്ങളിലും
നീയെനിക്ക്‌ ഇല്ലാതാവുന്നു.
മഴയും, മരണവും എന്നെ മൂടുന്നു.
മഞ്ഞ്‌ എന്നെ.....
---------------------------------------
2. ഞങ്ങളുടെ അസ്തിത്വം രൂപപ്പെട്ടതിനെ കുറിച്ച്‌...

പ്രളയങ്ങളൊടുങ്ങിയ ഞങ്ങളുടെ ദ്വീപ്‌
ഇളകിപോയ അടിത്തറകളുടെ കുന്നുകള്‍,
ചോരയുടെ കല്‍ക്കുളങ്ങള്‍
നിശ്ശബ്ദതയുടെ പേടിപ്പെടുത്തുന്ന സമതലങ്ങള്‍
ചത്തടിഞ്ഞ ഞണ്ടിന്‍പറ്റങ്ങളും,
ഉള്ളെല്ലാം ഉണങ്ങിപ്പോയ
കക്കകളും, ചിപ്പികളും, ശംഖുകളും.
നിശ്ശബ്ദമായ ഇരുട്ട്‌....
അച്ഛനെപ്പോഴും ഞങ്ങള്‍ക്കുവേണ്ടി
മെഴുകുതിരികളും, നക്ഷത്രവിളക്കുകളും
ഉണ്ടാക്കിക്കൊണ്ടേയിരുന്നു.
ആഴകടലിലേക്ക്‌ തെന്നിപ്പോയ്കൊണ്ടിരിക്കുന്ന
കല്ലുകളുരച്ച്‌ തീ കത്തിച്ചുകൊണ്ടേയിരുന്നു.
കറുപ്പും വെളുപ്പും ചിതറിതെറിച്ച ആത്മാവിനെ തുറന്നുവച്ച്‌
എന്നെ ജീവിതം പഠിപ്പിച്ചുകൊണ്ടേയിരുന്നു.

പഴയ ഒരു പച്ചിരുമ്പ്‌ കഷണവും
കറ്റാര്‍വാഴയും നന്നാറിയും മണക്കുന്ന
രണ്ടുതുണ്ടു കടലാസും എന്റെ പൂര്‍വ്വികരുടെ തെളിവാണ്‌.
ഭൂഗര്‍ഭത്തിലേക്ക്‌ ആണ്ടുപോയ ഞങ്ങളുടെ പുഴ;
പുതുമഴയിലും, ഇളം മഞ്ഞിലും നനഞ്ഞ്‌
പശുക്കിടാങ്ങളെ മേച്ച്‌ പുഴവക്കിലൂടെ നടക്കുവാന്‍
അച്ഛന്‌ വളരെ ഇഷ്ടമായിരുന്നു.
അച്ഛനെന്നും, വാല്‍നക്ഷത്രങ്ങളോടും
നനഞ്ഞ ആകാശത്തോടും സംസാരിച്ചിരുന്നു-
നിര്‍ത്താതെ...
അച്ഛന്‌ പ്രകൃതിയുടെ വചനങ്ങളറിയാമായിരുന്നു.
ഒരിക്കലും വിതയ്ക്കാനറിയാത്ത
ഒരു വസന്തകാലത്തിന്റെ വിത്തുമായി
അച്ഛന്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു
നദീതടങ്ങളിലൂടെ
മേച്ചില്‍ പുറങ്ങളിലൂടെ...


സി. മഹിജ
ഡിപ്പാര്‍ട്ട്മെന്റ്‌ ഓഫ്‌ പ്ലാന്റേഷന���‍ സയന്‍സ്‌


SocialTwist Tell-a-Friend
Related Stories: സ്നേഹത്തേയും മരണത്തേയും കുറിച്ച്‌ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon