You are here: HOME » MAGAZINE »
നമ്മുടെ ബാപ്പ
സി.ഗണേഷ്‌ Jayakeralam Malayalam News
Monday, 23 April 2012
കല്ല്യാണക്കാറില്‍ നിന്നിറങ്ങി പുതിയാപ്ലയുടെ നിഴലിനു മുകളില്‍ മറ്റൊരു നിഴലായി നില്‍ക്കുന്നതിനിടയില്‍ സൈനബയുടെ കണ്ണുകള്‍ പുതിയാപ്ലയുടെ തൊട്ടടുത്തുനിന്ന വൃദ്ധനില്‍ ഉടക്കി. പെട്ടെന്ന്‌ പിന്‍വലിക്കാന്‍ കഴിയാത്തവിധം എന്തോ പ്രത്യേകതയുള്ള ഉടക്കലായിരുന്നു അത്‌. സൈനബയുടെ കണ്‍മഷിയിട്ട കണ്ണുകള്‍ വൃദ്ധമുഖത്ത്‌ - പുതിയാപ്ല ജലീലിന്റെ ബാപ്പ ബേവുക്ക - ഒന്നുകൂടി ഉഴിച്ചില്‍ നടത്തി, താനിപ്പോള്‍ നിക്കാഹ്‌ കഴിഞ്ഞ മണവാട്ടിയാണെന്ന ബോധ്യത്തില്‍ പരിസരത്തിലേക്ക്‌ ഭവ്യതയോടെയും ബഹുമാനത്തിന്റെയും അനുസരണയുടേയും ഭാഷ സൃഷ്ടിച്ചുകൊണ്ട്‌ മടങ്ങി. പിന്നീട്‌ ഘടികാരത്തിന്റെ മണിക്കൂര്‍ സൂചി കഷ്ടിച്ചൊരു വൃത്തം പൂര്‍ത്തിയാക്കും മുമ്പ്‌ വൃദ്ധന്‍ മരിച്ചുപോയപ്പോള്‍ സൈനബ അവളുടെ സങ്കടം പ്രകടിപ്പിക്കേണ്ട വിധമറിയാതെയാണ്‌ കുഴങ്ങിപ്പോയത്‌.

സൈനബയുടെ വിവാഹം ഇത്രപെട്ടെന്നു നടക്കാന്‍ കാരണം അവളുടെ പ്രേമമാണ്‌. മൂന്നാം ക്ലാസുമുതല്‍ ഒപ്പം പഠിച്ച ശിവശങ്കരന്‍മാഷിന്റെ മകന്‍ സുരേഷ്കുമാര്‍ സൈനബയെ ഇഷ്ടപ്പെടുകയും ഇടയ്ക്കൊക്കെ സംസാരിച്ചുനില്‍ക്കാന്‍ സമയം കണ്ടെത്തുകയും ചെയ്തിരുന്നു. സൈനബയ്ക്ക്‌ സുരേഷിനോടു പ്രേമമായിരുന്നു എന്നു പറഞ്ഞാല്‍ ശരിയാവില്ല. എങ്കിലും ഒഴിഞ്ഞുമാറാന്‍ സൈനബയ്ക്ക ആയിരുന്നില്ല. അങ്ങിനെ ഇവര്‍ തമ്മില്‍ സംസാരിച്ചു നില്‍ക്കുന്നത്‌ കണ്ടു സൈനബയുടെ ബാപ്പ ഏതൊരു പിതാവിനെയും പോലെ അവളെ ചെറുതായൊന്നു ശാസിക്കുകയും അന്നു രാത്രിയില്‍ സ്വന്തം ബീവിയോട്‌ മകളുടെ വിവാഹക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു. സൈനബ സുരേഷ്കുമാറിനെ പരിപൂര്‍ണ്ണമായും മായ്ച്ചുകളയുന്നുവെന്ന്‌ പ്രതിജ്ഞയും എടുത്തു.

പിറ്റേന്നു തന്നെ സൈനബയുടെ ബാപ്പ വിവാഹം കഴിഞ്ഞ്‌ ഭര്‍തൃവീടുകളില്‍ സുഖമായിരിക്കുന്ന സൈനബയുടെ മൂന്നു ജ്യേഷ്ടത്തിമാരെയും വരുത്തി��്ചു. സൈനബയുടെ നിക്കാഹിനെപ്പറ്റി ഉഷാറായി ആലോചിക്കാന്‍ പോവുകയാണെന്നും നിങ്ങളുടെ അറിവില്‍ ചൊര്‍ക്കുള്ള പയ്യന്‍മാര്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞുകൊണ്ട്‌ ബാപ്പ ജ്യേഷ്ടത്തിമാരെ തിരിച്ചയച്ചു. സൈനബയുടെ സൗദിയിലുള്ള മൂത്താങ്ങളയെ ഫോണില്‍ വിളിച്ച്‌ വിവരം പറഞ്ഞു. ദമാമില്‍ ഡ്രൈവറായ കുഞ്ഞാങ്ങളയെ അഞ്ചട്ടുതവണ വിളിച്ചിട്ടും ലൈന്‍ ബിസി ....... ലൈന്‍ ബിസി ....... എന്ന അറിയിപ്പു തന്നെ കിട്ടിയത്‌.

ഇതെന്തുശെയ്ത്താനാണ്‌ ബിശിബിശീന്നും പറഞ്ഞിരിക്ക്ണ്‌?
സൈനബയുടെ ബാപ്പ ഫോണിന്‌ ഒരടികൊടുത്ത്‌ സൗദിയിലേക്കു വീണ്ടും വിളിച്ച്‌ ദമാമിലേക്ക്‌ വിവാഹക്കാര്യം പറയാനേല്‍പ്പിക്കുന്നു.

സൈനബയുടെ ബാപ്പ, ദൃഢചിത്തനായ ചെറുകിടകോണ്‍ട്രാക്ടര്‍, താന്‍ പണിതുയര്‍ത്തുന്ന കെട്ടിടം പോലെയാണ്‌ മകളുടെ വിവാഹത്തെയും കണ്ടത്‌. പരിചയക്കാരെയും ബന്ധുക്കളെയും അറിയാവുന്ന ബ്രോക്കര്‍മാരേയും വിളിച്ച്‌ പറയുമ്പോള്‍

ബാപ്പ വിഷമിക്കേണ്ട, സുരേഷ്കുമാറിനോടൊപ്പം ഒളിച്ചോടാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍, പ്രത്യേകിച്ചും ഇന്നത്തെകാലത്ത്‌

എന്നു പറഞ്ഞില്ലെന്നേയുള്ളൂ. ഒറ്റ രാത്രികൊണ്ട്‌ നിശ്ചയിക്കപ്പെട്ട വിവാഹമെന്നു വിശേഷിപ്പിക്കാവുന്ന രീതിയില്‍ കാര്യങ്ങള്‍ ഇത്രയ്ക്ക്‌ സുഗമമായി മുന്നോട്ടു പോവുമെന്നു സൈനബ വിചാരിച്ചില്ല, പുതുനഗരത്തേക്കു നിക്കാഹുകൊടുത്ത സഹോദരി നസീബ വരുന്നതുവരെ. നബീസ കുട്ടികളേയുമെടുത്തുകൊണ്ട്‌ ബസ്സില്‍ തന്നെയാണ്‌ വന്നത്‌. മൂന്നുവയസ്സും ഒന്നരവയസ്സുമുള്ള രണ്ടുകുട്ടികളെ നോക്കേണ്ട ചുമതല ഉണ്ടായിട്ടുകൂടി അവള്‍ സാംന്യം തടിച്ചിരിക്കുന്നുവെന്ന്‌ സൈനബയ്ക്ക്‌ തോന്നി. നസീബ വീട്ടിലെത്തുമ്പോള്‍ ബാപ്പ ടൗണിലുള്ള ഔരു ബ്രോക്കറുടെ അടുത്തേക്ക്‌ പോയിരിക്കുകയായിരുന്നു. നസീബ ഉമ്മയോട്‌ പുറംകാര്യങ്ങള്‍ പറഞ്ഞതല്ലാതെ നിക്കാഹിനെപ്പറ്റി ���ന്നും പറഞ്ഞില്ല. ഉമ്മയോടു പറഞ്ഞിട്ടെന്തുകാര്യം? നിക്കാഹൊക്കെ നിശ്ചയിക്കേണ്ടത്‌ പടച്ചോലും ബാപ്പയും ആലോചിച്ചല്ലേ. അതിനാലവള്‍ ബാപ്പ വരുന്നതുവരെ കാത്തിരുന്നു. എന്നിട്ട്‌ ബാപ്പ വന്ന ശേഷം പ്രശ്നം അവതരിപ്പിച്ചു.
അസര്‍ നിസ്കാരത്തിന്റെ ബാങ്കൊലികള്‍ മുഴങ്ങുന്ന നേരത്ത്‌ ജലീലിന്റെയും സൈനബയുടെയും പേരുകള്‍ തെര്‍മ്മോക്കോളില്‍ കൊത്തിയെടുത്ത്‌ ഒട്ടിച്ച കാറിനകത്ത്‌ പുത്യാപ്ലക്ക്‌ സമീപമിരുന്നു വിയര്‍ക്കുമ്പോള്‍ സൈനബ ഉഷ്ണമാണ്‌ വിവാഹമെന്നറിഞ്ഞു.

വിയര്‍ക്കുന്നുണ്ടോ?

വെളുത്തഷര്‍ട്ടും മുണ്ടുമണിഞ്ഞ അതിസുന്ദരനായ ജലീല്‍ ചെറു ചിരിയോടെ ചോദിച്ചതോടെ അവള്‍ക്ക്‌ തണുത്തു.

ഓന്റെയൊരു സുഗാന്വേസണം

അവനെയൊന്നു നുള്ളി, കാറിനകത്ത്‌ പിന്നിലുണ്ടായിരുന്ന ബന്ധു അവന്റെ ചോദ്യത്തിലേക്ക്‌ രസം പുരട്ടി. തമാശയും പരിഹാസവും കലര്‍ന്ന മിശ്രിതമായി വിവാഹക്കാറ്‌ ജലീലിന്റെ വീടിനു മുന്നിലെത്തി.

കല്യാണപ്പെണ്ണിന്‌ വിവാഹത്തിന്റന്ന്‌ ഒറ്റ നോട്ടം കൊണ്ട്‌ ഒരായിരം കാര്യങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയും. ബാപ്പയോട്‌ ജേഷ്ടത്തി വിദഗ്ധമായ ആംഗ്യങ്ങളോടെ സൂചിപ്പിച്ച വസ്തുതകള്‍ യഥാര്‍ത്ഥമാണോയെന്ന്‌ ജലീലിനു പിന്നില്‍ നിഴലായി ഇറങ്ങിയയുടന്‍ സൈനബ എണ്ണിയെടുക്കാന്‍ തുടങ്ങി. പള്ളിമീനാരങ്ങളുടേതുപോലെ വീടിനു മുന്നിലെ തൂണുകളുടെ ഉന്നത ശീര്‍ഷങ്ങള്‍, ആകാശത്തേക്കു കുതിക്കുന്ന പച്ച റോക്കറ്റുപോലുള്ള വൃക്ഷം, നാലുചക്രവാഹനം പ്രതീക്ഷിച്ചിരിക്കുന്ന പോര്‍ച്ച്‌, ടെറസിനു മേലെ വാ തുറന്ന ഡിഷ്‌ ആന്റിന............ അവള്‍ തന്റെ മാറില്‍ സര്‍പ്പശിരസ്സുപോലെ കിടക്കുന്ന നെക്ലേസുകളും കൈത്തണ്ടയില്‍ ഇത്തിരി സ്ഥലം അനുവദിക്കാതെ കിടക്കുന്ന വളകളും ഒന്നു നോക്കി. പിന്നെ ബന്ധുക്കളിലും സന്തോഷത്തില്‍ തിമിര്‍ക്കുന്ന കുട്ടികളിലും നല്ലപോലെ അടിക്കുന്ന വെയിലിലും അവള്‍ സന���തോഷം കണ്ടെത്തി.

നിക്കാഹ്‌ ആഘോഷമാക്കുന്ന പതിവ്‌ ജലീലിന്റെ കുടുംബത്തിന്‌ ഇല്ലായിരുന്നെങ്കില്‍കൂടി, കോണ്‍ക്രീറ്റുചെയ്ത മുറ്റമെല്ലാം പന്തലിനു കീഴിലായിരുന്നു. കാറില്‍ നിന്നിറങ്ങി മണവാളനും മണവാട്ടിയും അകമ്പടിക്കാരും അസാധരണമായൊരു മന്ദഗതിയില്‍ പ്രവേശിച്ച്‌ ബേവുക്കയുടെ കുടുംബചരിത്രത്തിലേക്ക്‌ സൈനബയുടെ പേര്‌ എഴുതിച്ചേര്‍ത്തു.

അപ്പോള്‍ ജലീലിന്റെ കാതില്‍ നിക്കാഹ്‌ നേരത്തെ വരികളായിരുന്നു.

..സവ്വജ്‌ തുക്ക വ അന്‍കഹ്‌ തുക്ക ബിന്‍ തി സൈനബ 1
ബി മഹ്‌രിന്‍ മബ്ല ഉഹൂ.........

ജലീല്‍ പ്രതിവചനം ഉരുവിട്ടു ..ഖബില്‍ തു മിന്‍ക നിക്കാഹഹാ വ 2
തസ്വീജഹാ ബി മഹ്‌രി
ബാദല്‍ മദ്കൂരി...............

ടൗണിലെ അഹമ്മധാജിയുടെ ഓഡിറ്റോറിയത്തല്‍ വച്ചായിരുന്നു പരിശുദ്ധ നിക്കാഹ്‌. സൈനബ വിചാരിച്ചതിലധികം ആളുകള്‍ പെണ്‍വീട്ടുകാരുടെ ലേബലില്‍ ഉണ്ടായിരുന്നത്‌ അവളെ ചെറുതായി ലജ്ജിപ്പിച്ചിരുന്നു. കോഴിക്കാലുകള്‍, ആളുകള്‍ വലിക്കുന്നു. നെയ്ച്ചോറിന്റെയും ബിരിയാണിയുടെയും മസാലമണെ വായുവിലൂടെ ചൂടില്‍ ഒഴുകി നടക്കുന്നു.

തിരക്ക്‌ നിയന്തിച്ചിരുന്നത്‌ ആ വൃദ്ധനായിരുന്നു. വൃദ്ധനെന്ന്‌ പറയാമോ എന്നറിയില്ല. കണ്ടയുടന്‍ അതാണ്‌ തോന്നിയതെന്ന്‌ മാത്രം. ചടങ്ങനസമയത്ത്‌ ആണിഞ്ഞ നിറയെ ദ്വാരങ്ങളുള്ള തൊപ്പി അയാള്‍ ഊരിയിരുന്നില്ല. കയറ്റിയുടുത്ത മുണ്ടും നിസ്കാരത്തഴമ്പുള്ള നെറ്റിയില്‍ നേരിയ വിയര്‍പ്പുമായി അയാള്‍ കാണുന്നവരോടൊക്കെ കുശലം പറഞ്ഞുകൊണ്ട്‌ ഓടി നടന്നിരുന്നു. വരിന്നവരെ അസ്സലാമു അലൈക്കും പറഞ്ഞ്‌ ആലിംഗനം ചെയ്യുകയും സലാം പറഞ്ഞ്‌ ഹസാതദാനം നടത്തുകയും ചെയ്തിരുന്നു. അതിനിടെ ഒരു രഹസ്യം സൈനബ കണ്ടുപിടിക്കുകയായിരുന്നു. അയാളുടെ കഷണ്ടിക്ക്‌ ചെമന്ന നിറമാണ്‌. ശരിക്കു പറഞ്ഞാല്‍ ചെത്തിവച്ച ചേന. കുടവയറുകണ്ടാല്‍ പത്തുമാസം ഗര്‍ഭമാണെന്നും തോന്നും.
പ്രസന്നത അയാള്��ക്ക്‌ ജന്മസിദ്ധമായി കിട്ടിയതാണെന്ന്‌ ഊഹിക്കാവുന്ന രീതിയില്‍ വൃദ്ധന്‍ ഓടിനടന്നു. ഓഡിറ്റോറിയത്തിന്റെ മുകള്‍നിലയില്‍ നിന്ന്‌ നോക്കുമ്പോള്‍ നൃത്തരംഗങ്ങളില്‍ ചിലരെ മാത്രം പ്രകാശം വീഴ്ത്തിക്കാണിക്കുന്ന കണക്ക്‌ അയാള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇടയ്ക്കെപ്പോഴോ റംബിതാത്ത പറഞ്ഞു തന്നു

അതാ കണ്ടാ, അതാണ്‌ പുതിയാപ്ലേന്റെ ഉപ്പ. അവരുടെ കുടീച്ചെന്നാ കണ്ടണ്ടറിഞ്ഞ്ക്കണം യ്യ്‌...

..ഉം... അവള്‍ നീട്ടിമൂളി.

വൃദ്ധന്‍ ദൂരെ അങ്ങോട്ടു മിങ്ങോട്ടും ഓടുക തന്നെയാണ്‌, പാവം, അതിനിടെ അയാള്‍ കൊലുന്നനെയായി വെളുത്ത പയ്യനും കൈകൊടുക്കുന്നു. പടച്ചവന്‍ തുണ. സുരേഷ്കുമാറാണ്‌. സൈനബ ക്ഷണിച്ചിട്ടില്ല. പക്ഷെ അവന്‍ വന്നു. സുരേഷികുമാര്‍ ഭാഗ്യമില്ലാത്തവനാണെന്നും താനും ജലീലും യുഗയുഗാന്തരങ്ങള്‍ക്ക്‌ മുമ്പെ തനിക്കായി കരുതുവച്ചതായിരിക്കുമെന്നും ചിന്തിക്കുമ്പോള്‍ ഓര്‍മകള്‍ പ്ലാസ്റ്റിക്‌ കൂടിനകത്തെ സാധനമായി അവളെ ബുദ്ധിമുട്ടിച്ചു.

കല്യാണനിശ്ചയത്തിന്‌ ബേവുക്ക വന്നിരുന്നില്ല. ചെറിയകോളറ പിടിച്ച കിടപ്പിലായിരുന്നുവെന്നാണ്‌ പറഞ്ഞത്‌. തീരുമാനങ്ങളെല്ലാം ഉമ്മയോടും പള്ളിക്കമ്മിറ്റി സെക്രട്ടറി മൊയ്തീന്‍ കുഞ്ഞിനോടും അവര്‍ പറഞ്ഞേല്‍പ്പിച്ചിരുന്നു.

കല്യാണമഹലിലിരുന്ന്‌ അവളാലോചിച്ചത്‌ ഒരു നിക്കാഹ്‌ നടക്കുന്നതിനായി ഒത്തുവരേണ്ട ഘടകങ്ങളെപ്പറ്റിയാണ്‌. മനസ്സുകള്‍ അനവധി ഒരുമിക്കണം. കുടുംബങ്ങള്‍, വംളത്തിന്റെ വേരുകള്‍, മതത്തിന്റെ അക്ഷരങ്ങള്‍, ജൂവല്ലറിക്കാരന്റെയും നമ്മുടെയും ഇഷ്ടങ്ങള്‍, ബാങ്കിലെ കടലാസ്സുകള്‍, നെയാച്ചോറിന്റെ പാകം, വിരുന്നുകാര്‍, ഇത്താത്തമാരുടെ ഭര്‍ത്താക്കന്‍മാര്‍, കല്ല്യണക്കുറി അച്ചടിക്കുന്ന പ്രസ്സുകാരന്‍ ഒടുവില്‍ പുതിയാപ്ലയും മണവാട്ടിയും.. അല്ലാഹവേ പ്രപഞ്ചാദികള്‍ മുഴുവനും ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര���‍ത്ഥത്തില്‍ ഒത്തുകൂടുകയാണ്‌ വിവാഹമംഗളകര്‍മ്മത്തില്‍. ഇതിനെല്ലാം ചുക്കാന്‍പിടിക്കുന്നത്‌ ഒന്നോ രണ്ടോ പേരായിരുക്കും. ഇവുടെ അത്‌ പൊന്നാനിത്തൊപ്പിയിട്ട ബേവുക്കയാണ്‌.

അയാളിപ്പോള്‍ കണ്ടാല്‍ സമ്പന്നമെന്നു വിളിച്ചറിയിക്കുന്ന ഒരു കുടുംബിനിയേയും ബര്‍ത്താവിനേയും അവരുടെ ഇത്തിരിപോന്ന മകളേയും ലാളിച്ചുകൊണ്ട്‌ തീന്‍മേശയിലേക്ക്‌ ക്ഷണിക്കുന്നു. അല്‍പനേരം അവര്‍ ഭക്ഷിക്കുന്നതു നോക്കി, അവര്‍ക്ക്‌ സലാഡില്‍ നിന്ന്‌ ഉതിര്‍ന്ന സവാളകള്‍ എടുത്ത്‌ വിളമ്പി. പിന്നീട്‌ കുട്ടികള്‍ ഇരിക്കുന്ന സ്ഥലത്തേക്കു പോയി കുശലം പറഞ്ഞു. വാണം പോലെ പാഞ്ഞ്‌ വെപ്പുപുരയില്‍ പോയി ഭക്ഷണം എത്രയുണ്ടെന്നന്വേഷിക്കുന്നു. നെയ്ച്ചോറും ഇറച്ചിയും ഇളക്കിനോക്കുന്നു. ഒരു ഗ്ലാസ്‌ ജീരകവെള്ളം കുടിച്ച്‌ വീണ്ടും ആള്‍ക്കൂട്ടത്തിലേക്ക്‌ പരിചിതമായ ചിരിയോടെ നീങ്ങുന്നു.

ഭക്ഷണത്തിന്‌ പുത്യാപ്ലയേയും മണവാട്ടിയേയും ഒരുമിച്ചിരുത്തിയാല്‍ ചിലര്‍ക്കത്‌ പിടിക്കില്ല. ലോകത്ത്‌ വിവ്ഹപ്രായമെത്തിയ പലരും വിവാഹം കഴിയാതെ ദുഖിക്കുമ്പോള്‍, ഈ നിമിഷം ഭൂമിയില്‍ അനേകം സഹോദരന്മാര്‍ ആഹാരം കിട്ടാതെ വലയുമ്പോള്‍ ഇപ്പോള്‍മാത്രം ഒരുമിച്ച വരനും വധുവും അതിരറ്റ്‌ ആഹ്ലാദിക്കരുതെന്ന്‌ ചിലര്‍ പറയും. എന്നാല്‍ വൃദ്ധന്‍ കാരണവന്‍മാരോടൊക്കെ സംസാരിച്ച്‌, ഒരുമിച്ചിരിക്കാന്‍ വേണ്ട ഏര്‍പ്പാട്‌ ചെയ്തിരുന്നു.

ദൂരെ നില്‍ക്കുകയായിരുന്ന ഫോട്ടോഗ്രാഫറെ വിളിച്ച്‌ ബേവുക്കയെടുപ്പിച്ച-അപ്പോഴേക്കും അയാളുടെ വെളുത്ത ഷര്‍ട്ട്‌ നനഞ്ഞൊട്ടിയിരുന്നു-കുടുംബഫോട്ടോ താനിതുവരെ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവുമധികം പേര്‍ നിരന്നു നിന്ന ഫോട്ടോയാണെന്ന്‌ അപ്പോള്‍ത്തന്നെ അവള്‍ക്ക്‌ പുതിയാപ്ലയോട്‌ പറയാന്‍ തോന്നിയെങ്കിലും പറഞ്ഞില്ല. മണവാട്ടിയുടേയും പുത്യാപ്ലയുടേയും ഉമ്മ ബാപ്പമാര്‍, ���ഹോദരന്‍, അവരുടെ കുട്ടികള്‍, ഇരുകുടുംബങ്ങളിലേയും ഉപ്പൂപ്പമാര്‍, വല്യത്താത്തമാര്‍, ബേവുക്കയുടെ സുഹൃത്തുക്കളായ ചില മൗലവിമാര്‍ തുടങ്ങിയവരെല്ലാം നിര്‍ത്തിക്കൊണ്ട്‌ അയാള്‍ പ്രത്യേകം എടുപ്പിച്ച ഫോട്ടോയായിരുന്നു അത്‌.

കല്യാണക്കാറിനു വഴികാട്ടിയായി മുമ്പില്‍ പോയ ജീപ്പ്പില്‍ മുന്‍ഭാഗത്ത്‌ ബേവുക്ക ഇരുന്നു. കണ്ണാടിയില്‍ ഇടക്കിടെ നോക്കിക്കൊണ്ടും പുറത്തേക്ക്‌ കൈ ചലിപ്പിച്ച്‌ ആംഗ്യം കാട്ടിയും അയാള്‍ വഴി തെളിച്ചുകൊണ്ടിരുന്നു.
ജലീലിന്റെ വീട്ടിലെ മുറികള്‍ പജപ്രശ്നത്തിലെ കള്ളികള്‍ പോലെ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്‌ യോജിപ്പുള്ളവയായിരുന്നതുകൊണ്ട്‌ വീടിന്റെ ഭൂമിശാസ്ത്രം മുഴുവനൊന്നും മനസ്സിലായില്ല. ബഹളങ്ങുടെ വൈകുന്നേരം പിന്നിട്ടപ്പോള്‍ മണിയറ മാത്രം കണ്ടു. ജലീല്‍ വളരെ ക്ഷീണിച്ചിരുന്നു. അവന്‍ പറഞ്ഞു.

...എന്തോരു തിരക്കായിരുന്നു നിക്കാഹിന്‌ സൈനബാ......
..ന്‍ഘതെ..
...എല്ലാരേം പിരിച്ചയക്കാന്‍ ബാപ്പ ഒരുപാടു ബുദ്ധിമുട്ടിക്കാണും...

അവള്‍ അതും സമ്മതിച്ചു. ഷര്‍ട്ടഴിച്ചുകൊണ്ട്‌ അവന്‍ പറഞ്ഞു.

..നിനക്കുള്ള വിസ ശരിയാക്കണമെന്നു വിചാരിച്ചതാ..

ഒന്നു നിര്‍ത്തി അവന്‍ കൂട്ടിച്ചേര്‍ത്തു...ഞാന്‍ പോയാല്‍ മൂന്നുമാസത്തിനുള്ളില്‍ വരും. നിനക്കുള്ള വിസയുമായിട്ട്‌. അവള്‍ക്ക്‌ അത്ഭുതം തോന്നി. നല്ല ശ്രദ്ധയും പരിചരണവും കാണിക്കുന്ന ഭര്‍ത്താവുതന്നെ ജലീല്‍. എത്ര ചുരുക്കിയാണ്‌ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്‌. ഗള്‍ഫില്‍ ജോലിയുള്ളവരൊക്കെ നാട്ടില്‍ വരുമ്പോള്‍ ഇങ്ങനെയാവും. കുറഞ്ഞ സമയത്തിനുള്ളില്‍ അവര്‍ക്ക്‌ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്‌..

ജലീല്‍ മേല്‍ കഴുകുവാന്‍ പോയി. അവള്‍ എന്തു ചെയ്യണമെന്നറിയാതെ കുറതച്ചുനേരം ഇരുന്നു. പിന്നം ആഭരണങ്ങളഴിച്ച്‌ അതാതു ജൂവല്ലറിപെട്ടികളില്‍ വച്ചു. ധരിക്കുന്നതിനേക്കാള��‍ അവയ്ക്കു ഭംഗി ജൂവല്ലറിപെട്ടികളിലെ വര്‍ണ്ണക്കടലാസില്‍ പതിഞ്ഞു കിടക്കുമ്പോഴാണ്‌. രാവിലെ മുതല്‍ ഉടുത്ത സാരി മാറ്റി. പുതിയ വസ്ത്രങ്ങള്‍ അടുക്കിവച്ച അവളുടെ പെട്ടി തുറന്നു. കൊതിപ്പിക്കുന്ന വസ്ത്രങ്ങളുടെ ചുളിവുമാറാത്ത ഇനങ്ങള്‍ കാത്തിരിപ്പില്‍. പര്‍ദകളും മക്കനകളും സാരികളും ചുരിദാറുകളും. അവള്‍ മാക്സിയെടുത്ത്‌ ധരിച്ചു.

ജലീല്‍ വന്നെത്തിയപ്പോള്‍ ചന്ദ്രികസോപ്പിന്റെ മണം.അവള്‍ പണ്ടെപ്പോളോ പറിച്ചിട്ടുള്ള അല്‍കഹ്ഹ്‌ സൂക്തങ്ങളിലൊന്ന്‌ ഓര്‍മ്മയില്‍ നിന്ന്‌ ഉരുവിട്ടു.

..സത്യം നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ളതാണ്‌. അതിനാല്‍ ഇഷ്ടമുള്ളവന്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവന്‍ നിഷേധിക്കട്ടെ. അക്രമികള്‍ക്കു നാം നരകാഗ്നി ഒരുക്കി വച്ചിട്ടുണ്ട്‌. അതിന്റെ കൂടാരം അവരെ നാനാഭാഗങ്ങളില്‍ നിന്നും വലയം ചെയ്തിരിക്കുന്നു, അവര്‍ വെള്ളത്തിനു കേഴുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള വെള്ളം കൊണ്ടാണ്‌ അവര്‍ക്കു സഹായം നല്‍കുക. അതവരുടെ മുഖം കരിച്ചുകളയും. എത്ര മോശമായ പാനീയം? എത്ര ദുഷിച്ച വിശ്രമസ്ഥലം?..

3 ജലീല്‍ അവളുടെ അറിവിന്റെ പ്രകടനം കണ്ട്‌ സന്തോഷിച്ചു.

..നീ കോളേജിലൊക്കെ പഠിച്ചിട്ടും ഇതൊന്നും മറന്നില്ല അല്ലേ? നാളെ ബാപ്പയ്ക്ക്‌ ഇതൊന്നു കേള്‍പ്പിക്കണം. ബാപ്പ എല്ലാരോടും പിന്നെ പറഞ്ഞ്‌ നടന്നോളും നിന്റെ മഹിമ.. ജലീല്‍ പറഞ്ഞു.
അവന്‍ അവളോട്‌ മേല്‍ കഴുകി വരാന്‍ പറഞ്ഞു. ഇവിടെ നിക്കാഹനോളം പ്രാധാന്യം മേല്‍കഴുകലിനുമുണ്ട്‌. അവള്‍ വിചാരിച്ചു.

അവന്‍ കിടപ്പറ വാതില്‍ ബോള്‍ട്ടിട്ട ശേഷം റാഫിയുടെ കാസറ്റ്‌ കേട്ടുകൊണ്ടിരുന്നു.
കുളിമുറി, ബക്കറ്റുകള്‍, മഗ്ഗ്‌, ഷവര്‍, വെള്ളം - എന്തെല്ലാം പുതുമകള്‍ മണവാട്ടിക്ക്‌ നേരിടണം? അവള്‍ മേല്‍കഴുകി വരുമ്പോള്‍ പാട്ട്‌ ശബ്ദം കുറച്ചു വച്ച്‌ ജലീല്‍ കണ്ണടച്ചിരിക്കുകയാണ്‌. പാട്ടിനു മുകളിലൂടെ ബേം എന്ന ഏമ്പക്കം കേട്ടപ്പോള്‍ ജലീല്‍ പറഞ്ഞു.

..ബാപ്പയാണ്‌. അത്താഴം കഴിഞ്ഞു..

ജലീല്‍ തന്റെ ജീവിതകഥ നളരെ വേഗത്തില്‍ മൂന്നിലൊന്നായി സംഗ്രഹിച്ച്‌ പറഞ്ഞു. ജലീലിന്‌ സ്വന്തമായി ഒന്നുമില്ലെന്നാണ്‌ പറയുന്നത്‌. എല്ലാം ബാപ്പയാണ്‌. ഉമ്മയാണെങ്കില്‍ ഒന്നും മിണ്ടാത്ത ഉമ്മ. അതുകൊണ്ട്‌ ഇനിയെല്ലാം ബീവി വേണം ചെയ്തുടൊടുക്കാന്‍. ഇതായിരുന്നു ചുരുക്കം. ദുബൈയിലെ എണ്ണക്കമ്പനിയിലെ കണക്കെഴുത്തോ അവള്‍ ഹാസ്യാത്മകമായി ചോദിച്ചു.
ജലീല്‍ ബാപ്പയെപ്പറ്റി പറയാനാരംഭിച്ചു.

ബേവുക്കയെന്നു കേട്ടാല്‍ നാടിന്‌ എന്തൊരു ബഹുമാനമാണെന്നോ. ബാപ്പ എല്ലാവരേയും സഹായിക്കും. ബേവുക്കയെന്നു കേട്ടാല്‍ ഗ്രാമം തലകുനിച്ചു നില്‍ക്കും. ജലീലിന്റെ സംസാരം കുറച്ചു കൂടിപ്പോകുന്നുണ്ടെന്നു തോന്നിയെങ്കിലും മറുത്തൊന്നും പറയാതെ അവള്‍ കേട്ടു. ബാപ്പയുടെ ചരിത്രം പൊടുന്നനെ നിര്‍ത്തി അവന്‍, നമുക്ക്‌ മധുവിധുവിന്‌ രണ്ടു മാസമേയുള്ളൂ എന്നു പറഞ്ഞപ്പോള്‍ അവള്‍ക്ക്‌ നാണിക്കാതെ നിവൃത്തിയില്ലെന്നായി.

അവള്‍ അവളുടെ കഥ പറയാനാരംഭിച്ചപ്പോഴേക്കും നേരം ഏറെ പിന്നിട്ടിരുന്നു. വലിയ വീടിന്റെ നിശബ്ദ്ധയില്‍ അവളുടെ കഥയിലെ ക്രിയാംശങ്ങള്‍ സ്വതന്ത്രമായി പുറത്തിറങ്ങി. ജലീല്‍ നല്ലൊരു കേള്‍വിക്കാരന്‍കൂടിയാണെന്ന്‌ അവള്‍ മനസ്സിലാക്കി.

..ജലീലേ യ്യ്ങ്ക്ട്‌ ബന്നേ.. പുറത്തുനിന്ന്‌ വയസ്സായ വിളി.

ജലീല്‍ ലുങ്കി വൃത്തിയായുടുത്ത്‌ വാതില്‍ തുറന്ന്‌ പുറത്ത്പോയി. മഴയുടെ ഇരമ്പം പോലെ നേരിയ ഒച്ച കേള്‍ക്കുന്നുണ്ട്‌. പെട്ടെന്നത്‌ കൂട്ടനിലവിളിയായി മാറി.

അവള്‍ അമ്പരന്നു. ജലീല്‍ അഴിച്ചുവച്ച സില്‍ക്ക്‌ ഷര്‍ട്ടുമായി അവള്‍ നിലവിളിഭാഗത്തേക്ക്‌ പതുക്കെ നടന്നു. ബേവുക്ക പുരാതനമായ കട്ടിലില്‍ ഒരു കാല്‍ താഴോട്ടാക്കി ഏങ്കോണിച്ച്‌ കിടക്കുന്നു. ജലീല്‍ ബേവുക്കയുടെ കവിളത്ത്‌ തടവി നോക്കിയ ശേഷം നിസ്സംഗമായി കൂട��� നിന്ന സ്ത്രീകളുടെ ആള്‍ക്കൂട്ടത്തെ നോക്കി.

സൈനബ കൈയിലുള്ള സില്‍ക്ക്‌ ഷര്‍ട്ട്‌ അവനുനേരെ നീട്ടി. അതുമുഖത്തേക്കു പൊത്തിവച്ച്‌ അവന്‍ പൊട്ടി. അവിടുന്നും ഇവിടുന്നുമായി കുറച്ച്‌ ആണുങ്ങള്‍ വന്നു. പതര്‍ച്ചകള്‍, സംസാരങ്ങള്‍, ബദ്ധപ്പാട്‌. ഉറക്കം മറഞ്ഞ്പോയ മുഖങ്ങള്‍. ബേവുക്കയുടെ ശരീരം കുറേപ്പേര്‍ താങ്ങിപ്പിടിച്ച്‌ ഇടനാഴിയില്‍ കിടത്തി. ജലീല്‍ കരഞ്ഞുകരഞ്ഞ്‌ അവശനായതവള്‍ കണ്ടു. ഉമ്മയ്ക്ക്‌ ബോധമില്ല. ഒരു പിടി മുഖങ്ങള്‍ക്കു നടുവില്‍ ബേവുക്ക കിടന്നു.

അഭിനയിക്കാനറിയാമെങ്കില്‍ നന്നായൊന്നു കരയാമായിരുന്നെന്ന്‌ അവള്‍ ചിന്തിച്ചു. ജലീലിന്റെ ബാപ്പ, തന്റെ മറുപാതിയുടെ ബാപ്പ. എന്നിട്ടും അതൊരു പേരു മാത്രം. മരണത്തിനു നമ്മെ സ്പര്‍ശിക്കുവാന്‍ ഒരുപാടു തടസ്സങ്ങളുണ്ട്‌. സ്ത്രീകളും കുട്ടികളും എന്തിനാണിത്രമാത്രം കരയുന്നതെന്നും ജലീല്‍പോലും ആവശ്യത്തിലധികം വിഷമിക്കുകയാണെന്നും അവള്‍ക്കു കോന്നി. നോക്കിയാല്‍ തന്നെ മരിച്ചുവെന്നറിയാവുന്ന കാര്യം പുലര്‍ച്ചെ ഡോക്ടര്‍ വന്ന്‌ സ്ഥിരീകരിച്ചു. ത്വാരിഖ്വൂല്‍ അഖ്യാറില്‍4 ബേവുക്ക ലക്ഷ്യം കണ്ടെത്തിയിരിക്കുന്നു.

പള്ളിയില്‍ നിന്നും അധികൃതര്‍ വന്ന്‌ ബേവുക്കയുടെ കാലിലെ തള്ളവിരലുകള്‍ പരസ്പരം ചേര്‍ത്തും മൂക്കില്‍ പഞ്ഞി തിരുകിയും മേല്‌ വെള്ളവസ്ത്രം ധരിപ്പിച്ചും അത്തറ്‌ തേച്ചും ബേവുക്കയെ ഒന്നാന്തരമൊരു മയ്യത്താക്കി മാറ്റിയപ്പോള്‍ യഥാര്‍ത്ഥമരണമുറിയായി അവളവിടം ഉള്‍ക്കൊണ്ടു. അതിനിടയ്ക്ക്‌ സുബഹ്ബാങ്കിന്റെ ശബ്ദവും കടന്നുവന്നു.
ഇപ്പോള്‍ കരച്ചിലില്ല. വിതുമ്പലുകള്‍ മാത്രമേയുള്ളു. ധാരാളമാളുകള്‍ വന്നു പോകുന്നു. ജലീലിന്റെ ഭാഷയില്‍ ഗ്രാമം തലകുനിക്കുന്നതവള്‍ കണ്ടു. നിക്കാഹുവേളയില്‍ ഗൗരവം നടിച്ച ജലീലിന്റെ സഹോദരിമാര്‍, നാത്തൂന്‍മാര്‍, ചീര്‍ത്ത്‌ വിരസമായ ഭാവവുമായി ഇരിക്കുകയും കിടക്കുകയും ചെയ്യുന്നു. സങ്കടം വരുന്ന വഴി നിശ്ചയമില്ലാതെ സൈനബ വൃദ്ധന്റെ പഞ്ഞി തിരുകിയ മൂക്കിന്റെ രൂപം നോക്കുന്നു. ഒരു ഈച്ച ചന്ദനത്തിരിയുടെ പുകച്ചുരുകള്‍ക്കിടയിലൂടെ സൂക്ഷിച്ച്‌ ബേവുക്കയുടെ മൂക്കിന്‍തുമ്പത്തിരിക്കുവാന്‍ ശ്രമിക്കുകയാണ്‌.

ചന്ദനത്തിരികളുടെ മണമറിഞ്ഞുകൊണ്ട്‌ അവള്‍ ബാവുക്കയുമായി ഇതുവരെ ഒരു വാക്കുപോലും സംസാരിച്ചിട്ടില്ലെന്നതു മറന്നു. അറിയാം ബേവുക്കയെ. കണ്ടിട്ടുണ്ട്‌, അറിഞ്ഞിട്ടുണ്ട്‌, ഈ വൃദ്ധകാരുണ്യം.

ഒരു മിന്നല്‍, സുരേഷ്‌ പറഞ്ഞതാണത്‌. പത്തില്‍ ആദ്യവട്ടം തോറ്റപ്പോള്‍ അവന്‍ ആകെ ഇല്ലാതായി. മാഷിന്റെ മകനായിട്ടും തോറ്റതിന്‌ ശിവശങ്കരന്‍മാഷ്‌ അവനെ പൊതിരെ തല്ലി. ബെല്‍റ്റിന്റെ ബള്‍ക്കിസ്‌ ദേഹത്തുകൊണ്ട്‌ ചോര പൊടിഞ്ഞിട്ടും മാഷ്‌ തല്ല്‌ നിര്‍ത്തിയില്ല. അവന്‍ ഇറങ്ങിയോടി. ഇനി ചോറു തരില്ലെന്നും കടന്നുപൊയ്ക്കൊള്ളാനും പറഞ്ഞ്‌ സുരേഷിന്റെ അച്ചന്‍ അലറി. പള്ളി ശ്മശാനത്തിലെ മീസാന്‍കല്ലുകളില്‍ ആരുമറിയാതെ നെറ്റിവച്ച്‌ മൂന്നുതവണ ആഞ്ഞടിച്ചാല്‍ വേദനയില്ലാതെ മരിക്കുമെന്ന്‌ അവനോട്‌ മദ്രസയിലെ കുട്ടികള്‍ പറഞ്ഞിരുന്നത്‌ അവനോര്‍ത്തു. ഉച്ചനേരമായി. അവനില്‍ നിരാശ മാത്രമായി. അവന്‍ ശ്മശാനത്തിനകത്ത്കിടന്ന്‌ കൂനിക്കൂടിയിരുന്ന്‌ കരഞ്ഞു. കണ്ണിറക്കി കല്ലിലേക്ക്‌ നെറ്റികൊണ്ട്‌ ആഞ്ഞടിച്ചപ്പോള്‍ ചോര ചീറ്റി. സുരേഷ്‌ വേദനയാല്‍ പിടഞ്ഞു. ഒരടി കൂടി കൊടുത്താല്‍ മരിച്ചുകൊള്ളുമെന്നു കരുതി വീണ്ടും ന്റി കല്ലില്‍ ചേര്‍ത്തു. അപ്പോള്‍ എവിടെ നിന്നോ തുളകളുള്ള തൊപ്പിയിട്ട ഒരു വൃദ്ധന്‍

..എന്റെ മോനേ..

എന്നു വിളിച്ച്‌ വന്നുവെന്നാണ്‌ സുരേഷ്‌ പറഞ്ഞത്‌. അയാള്‍ അവനെ എടുത്ത്‌ ചോരകഴുകിക്കളഞ്ഞ്‌ പള്ളിയിലെ മുറിയില്‍ കിടത്തി. ഭക്ഷണം വാങ്ങിക്കൊടുത്തു. നെറ്റിയില്‍ മരുന്നുവെച്ചുകെട്ടി. വീട്ടില്‍ വന്ന്‌ സംഗതിയൊക്കെ പ���ഞ്ഞ്‌ അച്ഛന്റെ ദേഷ്യമൊ ക്കെ ആറിത്തണുത്തപ്പിച്ചു.
സുരേഷ്‌ നെറ്റിയിലെ മുറിവടയാളം കാണിച്ച്‌ നിര്‍ത്തുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞത്‌ സൈനബയുടേതായിരുന്നു.

ചന്ദനത്തിരിയുടെ മണത്തിലേക്കു മടങ്ങിയെത്തി, സൈനബയ്ക്കത്‌ മിന്നലായി. ആ മനുഷ്യന്‍.
പള്ളിയില്‍ നിന്നും ചിലര്‍ എത്തിയിട്ടുണ്ട്‌. മയ്യത്തുകട്ടില്‍ ഉടനെ കൊണ്ടു വരും. അതോടെ ബേവുക്ക യാത്രയാവും. എങ്കിലും ചുരുങ്ങിയത്‌ രണ്ടുമണിക്കൂറെങ്ങിലുമാവാതിരിക്കില്ല. ജലീലിനോട്‌ ആരോ ഷര്‍ട്ടിടുവാന്‍ പറഞ്ഞു. കരഞ്ഞുതീര്‍ത്ത ഷര്‍ട്ടുതന്നെ ജലീല്‍ ധരിച്ചു. അവന്‍ സൈനബയെ മറന്നതുപോലെ കാല്‍മുട്ടില്‍ തലചേര്‍ത്ത്‌ കുനിഞ്ഞിരുന്നു.

കബറടക്കം നടക്കമെന്നു പറഞ്ഞതോടെ ഒരു സ്രത്രീ അവളോട്‌ ആചാരപ്രകാരമുള്ള വസ്ത്രം ധരിക്കാന്‍ പറഞ്ഞു. ബേവുക്കയില്‍ നിന്ന്‌ കണ്ണെടുക്കാന്‍ തോന്നാതെ അവളിരിക്കുകയായിരുന്നു. അവള്‍ ദീര്‍ഘദൂരം ഓടിയതുമാതിരി കിതക്കുകയായിരുന്നു.

............... അതൊരു ഭയം, ഭയം സങ്കല്‍പ്പിക്കുന്ന ചിത്രം. മണവാട്ടി ഒന്നും ഭയക്കാതിരുന്നുകൂടാ. മുഞ്ഞന്‍വരമ്പുകളിലൂടെയായിരുന്നു അവള്‍ ഓടിയിരുന്നത്‌. ഒന്നുതെന്നിയാല്‍ പാടത്ത്‌ വീഴും. തിരിഞ്ഞു നോക്കിക്കൊണ്ടാണവള്‍ ഓടിയത്‌. പിന്നില്‍ കഷണ്ടിയുള്ള ഒരുവന്‍ ആര്‍ത്തിയോടെ വരുന്നുണ്ടായിരുന്നു. എവിടെ നിന്നാണവന്‍ പിന്‍തുടര്‍ന്നതെന്നറിയില്ല. കശുമാങ്ങ പെറുക്കാന്‍ നിന്നപ്പോഴായിരിക്കണം. അല്ലെങ്കില്‍ നോട്ടുപുസ്തകങ്ങള്‍ വാങ്ങിക്കാന്‍ കടയില്‍ കയറിയപ്പോഴായിരിക്കണം. അതുമല്ലെങ്കല്‍ പപ്പടം വാങ്ങിച്ച പണ്ടാരന്‍മാരുടെ തൊടിയില്‍ നിന്നുമായിരിക്കാം. ഏതായാലും അവന്‍ ഓടി വരികയാണ്‌. മണത്തും കാളി പടര്‍ന്ന മുള്‍വേലി ചാടിക്കടന്ന്‌ ഓടിയപ്പോള്‍ അവന്‍ സ്വല്‍പം പുറകിലായി. ഓടി വരുന്നുണ്ടവന്‍. തളര്‍ന്നു വീഴുന്നതുവരെ ഓടിക്കുമായിരിക്കും. തല പിളരുന്നു. ശ്വാ���ം കിട്ടുന്നില്ല. തെങ്ങിന്‍തോട്ടത്തിനടുത്തുള്ള കുളത്തിനരികെയെത്തിയപ്പോഴേക്കും പുല്ലില്‍ വീണുപോയി. അതിനുമുമ്പെ കൈയിലുള്ള നോട്ടു പുസ്തകങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. അയാള്‍ അടുത്തെത്തി. മലര്‍ന്നു കിടക്കവേ, അവന്റെ കൈരണ്ടും ചീറിയെത്തി. മുഖത്ത്‌ ഒരു പറ്റം കടന്നലുകള്‍ ................

പെട്ടെന്ന്‌ അയാള്‍ മാറി. ഇപ്പോള്‍ ഓടുന്നത്‌ അയാളാണ്‌.

..എന്താ മോളേ വഴ്തി വീണ്‍ക്കണോ?..
തെങ്ങില്‍ നിന്നും കള്ളുചെത്തി ഇറങ്ങുന്ന ഒരുവന്‍ ചോദിച്ചു. തെങ്ങുകയറ്റക്കാരനെ കണ്ട്‌ രക്ഷപ്പെട്ടതായിരിക്കും അയാള്‍. അവള്‍ ഊഹിച്ചു.
അനുഭാവപൂര്‍വ്വം ചെത്തുകാരന്‍ അടുത്തുവന്നു.

..ആരെയും വീഴിക്കും കള്ളിപ്പുല്ലുകള്‍.. ഒരു വിധത്തില്‍ എഴുന്നേറ്റ്‌ അവള്‍ പറഞ്ഞു.

..ആ കുളത്തിമ്മേ കൈകാല്‍ കഴുകി പൊയ്ക്കോ.. ചെത്തുകാരന്‍ നിര്‍ദ്ദേശിച്ചു. അതിനൊന്നും നിന്നില്ല. വീണ്ടും ഓട്ടം വച്ചുകൊടുത്തു. കിതപ്പ്‌ ശ്വാസം തിന്നുതീര്‍ക്കുവോളം അവിടെനിന്നും ഓടുകയായിരുന്നു.
സൈനബ അപസ്മാരരോഗിയായി കിതച്ചു. ചുറ്റുമുള്ളവര്‍ രൂക്ഷമായി നോക്കുന്നതു കണ്ടപ്പോള്‍ കിതപ്പ്‌ അടങ്ങി.

സമയമിനിയും ബാക്കിയാണ്‌. അന്നേരം പുരുഷന്‍ കൈ വെക്കാത്ത ഇരുണ്ടതും പേടിനിറഞ്ഞതുമായ ചതുപ്പുനിലമായി മണവാട്ടിയെ അവള്‍ സ്വയം നിര്‍വചിച്ചു.

എങ്കിലും അനാവശ്യമായ ഓര്‍മ്മകളെ, മണവാട്ടിയായ്ക്കഴിഞ്ഞവളെ സംബന്ധിച്ച്‌ അപ്രധാനമായ ഓര്‍മ്മകളെ താന്‍ ഇണക്കിച്ചേര്‍ത്തവ്ധം അവളെ മുറിവേല്‍പ്പിച്ചു. തന്റെ പേടിയുടെയും നന്മയുടെയും തുറമുഖത്തേക്ക്‌ മയ്യിത്തുകപ്പലിനെ അടുപ്പിക്കാമോ? തെറ്റ്‌ തെറ്റ്‌. മണവാട്ടിക്ക്‌ എന്തിനേയും ഭയക്കാനുള്ള അവകാശമുണ്ട്‌. അവള്‍ നാവു കടിച്ചു. അവള്‍ക്ക അവളോട്‌ വെറുപ്പ്‌ പുകഞ്ഞു.
യാ ഇലാഹാ, ഇല്ലള്ളാ .........യാ ഇലാഹാ .........മയ്യത്തുപെട്ടി യാത്ര ആരംഭിച്ചിരുന്നു.

മയ്യത്തുകട്ടില്‍ നീങ്ങിത്തുടങ്ങുമ്പോള്‍ സൈനബ ഉറക്കെ കരഞ്ഞു. എല്ലാവരും പുതുമണവാട്ടിയുടെ ദുഖം കണ്ടു. അവളുടെ കരച്ചില്‍ നിന്നില്ല. അവള്‍ ഇഴഞ്ഞുചെന്ന്‌ ജലീലിന്റെ ദേഹത്തേക്ക്‌ കുഴഞ്ഞു വീണു പുലമ്പി, ..നമ്മുടെ ബാപ്പ...........
--------------------------------------------
1. ഈ സ്വര്‍ണ്ണാഭരണ മഹറിന്‌ പകരമായി എന്റെ മകള്‍ സൈനബയെ നിനക്ക്‌ ഞാന്‍ വധുവാക്കി, ഇണയ്ക്കി ചേര്‍ത്ത്‌ തന്നിരിക്കുന്നു.

2. ഈ പറയപ്പെട്ട മഹറിന്‌ പകരമായി നിങ്ങളില്‍ നിന്ന്‌ ഞാന്‍ സ്വീകരിച്ചു. തൃപ്തിപ്പെട്ടു. നിങ്ങള്‍ വിവാഹം ചെയ്ത്‌ തന്നതും വധുവാക്കി ഇണയാക്കി ചേര്‍ത്ത്‌ തന്നതും.

3. ഖുര്‍ ആന്‍ വിവര്‍ത്തനം. കെ അബ്ദുറഹാമാന്‍ ഡി.സി.ബുക്സ്‌, കോട്ടയം, സെപ്തം. 96

4. നിസ്കാരം, വ്രതം, ഖുര്‍ ആന്‍ പാരായണം തുടങ്ങിയവയിലൂടെ സുകൃതങ്ങള്‍ വര്‍ദ്ധിപ്പിച്ച്‌ മുന്നേറുന്നവരുടെ പാത.സി.ഗണേഷ്‌
1976 ല്‍ ജനനം.
അച്ഛന്‍ : ടി.ഒ. കുട്ടികൃഷ്ണന്‍
അമ്മ : രുഗ്മിണി കുമാരി.
മാതൃഭൂമി ബാലപംക്തിയില്‍ എഴുതിത്തുടങ്ങി.
എം.എ., ബി. എഡ്‌, ടി.ടി.സി., ബിരുദങ്ങള്‍. കേരളസാഹിത്യ അക്കാദമിയുടെ സഹായത്തോടെ കേരളത്തിലേയും ആന്ധ്രയിലേയും തോല്‍പ്പാവക്കൂത്തിനെക്കുറിച്ച്‌ പഠനം നടത്തി. ആനുകാലികങ്ങളിലും ഇന്റര്‍നെറ്റ്‌ മാഗസിനുകളിലും എഴുതാറുണ്ട്‌. ക്രിയാത്മക കഥാപാത്രങ്ങള്‍, നനഞ്ഞപതിവുകള്‍, ചെമ്പകം എന്നിവ പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങള്‍. ഇണ/ജീവിതം ഋി‍്ീ‍ു‍്യ‍ എന്ന പേരില്‍ മഹേണ്ടറുമൊത്ത്‌ നോവല്‍ പ്രസിദ്ധീകരിച്ചു. അങ്കണം സാംസ്കാരികവേദിയുടെ കൊച്ചുബാവ പുരസ്കാരം, നെഹ്രുയുവകേന്ദ്രയുടെ യുവ എഴുത്തുകാര്‍ക്കായുള്ള പുരസ്കാരം, പ്രഫമ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക സമ്മാനം എന്നിവ ലഭിച്ചിട്ടുണ്ട്‌. സ്കൂള്‍ അദ്ധ്യാപകനായി ജോലിനോക്കുന്നു. കാലടി ശ്രീശങ്കര സംസ്കൃത സര്‍വകലാശാലയില്‍ ഡോ. എല്‍. സുഷമയുടെ കീഴില്‍ ഗവേഷണം നടത്തുന്നു.

വിലാസം--
സി.ഗണേഷ്‌
ഭാമിനി നിലയം,
മാത്തൂര്‍ പി.���.,
പാലക്കാട്‌ - 678581
ഫോണ്‍ നമ്പര്‍ : 0492 2214210, 9847789337


SocialTwist Tell-a-Friend
Related Stories: നമ്മുടെ ബാപ്പ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon