You are here: HOME » MAGAZINE »
പനി
ഹാരി Jayakeralam Malayalam News
മണ്‍സൂണ്‍ കാലഘട്ടം സംസ്ഥാനത്താകമാനം പനിസംബന്ധമായ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സമയമാണ്‌. പനി ഒരു രോഗമല്ല, മറിച്ച്‌ രോഗലക്ഷണമാണ്‌ എന്ന കാര്യം പരക്കെ അറിവുള്ളതാണല്ലോ. മഴക്കാലത്ത്‌ കൂടുതല്‍ വ്യാപകമാകുന്ന വൈറസ്‌ രോഗങ്ങളാണ്‌ (ജലദോഷം, ഡെങ്കി, ചികുന്‍ഗുനിയ തുടങ്ങിയവ) പ്രധാനമായും പനി ഉണ്ടാക്കുന്നത്‌. പനിയോടൊപ്പമുള്ള അനുബന്ധലക്ഷണങ്ങളില്‍നിന്നാണ്‌ മുഖ്യമായും രോഗനിര്‍ണ്ണയം നടത്തുന്നത്‌. ഡെങ്കി, ചികുന്‍ ഗുനിയ മുതലായവയ്ക്ക്‌ സന്ധിവേദനയാണ്‌ മുഖ്യ അനുബന്ധ ലക്ഷണം.

സാധാരണയായി ഈ രോഗങ്ങള്‍ വലിയ ബുദ്ധിമുട്ടുകളോ വൈകല്യങ്ങളോ ഉണ്ടാക്കാതെ ഭേദമാവുകയാണ്‌ പതിവ്‌. ഇത്തവണ മാധ്യമങ്ങള്‍ പരത്തിയ ഭീതിയാണ്‌ മിക്ക രോഗികളെയും ആശുപത്രി വരെ എത്തിച്ചത്‌. ആദ്യമേതന്നെ മറ്റു രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ (ഹൃദ്രോഗം, ക്ഷയം മുതലായവ), രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ (പ്രമേഹ രോഗികള്‍), കൊച്ചുകുട്ടികള്‍, വൃദ്ധര്‍ തുടങ്ങിയവരില്‍ മാത്രമേ പനിരോഗങ്ങള്‍ ഗുരുതരമാവുകയോ മരണകാരണമാവുകയോ ചെയ്യാറുള്ളു. ചികുന്‍ഗുനിയ മരണകാരണമാവുമെന്ന്‌ ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.


സങ്കീര്‍ണ്ണമായ ലാബ്പരിശോധനകളിലൂടെ മാത്രമേ വൈറല്‍ പനികളെ വേര്‍തിരിച്ച്‌ അറിയാനാവൂ. ഓരോ വൈറല്‍ പനിക്കും ഇനംതിരിച്ച്‌ പ്രത്യേക ചികിത്സകളും നല്‍കാറില്ല. ലക്ഷണങ്ങള്‍ക്കുള്ള ചികിത്സകളാണ്‌ സാധാരണയായി നല്‍കുന്നത്‌. ഗുരുതരമായ രോഗാവസ്ഥകളില്‍ മാത്രമേ രോഗിക്ക്‌ ആശുപത്രിയില്‍ കിടത്തിയുള്ള പരിചരണം ആവശ്യമുള്ളു.

പനിരോഗങ്ങള്‍ മഴക്കാലത്ത്‌ സാധാരണമാണെങ്കിലും കൃത്യമായ പ്രതിരോധ മാര്‍ഗ്ഗങ്ങളിലൂടെ രോഗത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ കഴിയും. കൊതുകു നശീകരണമാണ്‌ ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌. ഇതിന്‌ രാസവസ്തുക്കളുടെ പ്രയോഗത്തേക്കാള്‍ നല്ലത്‌ കൊതുകുകളുടെ ആവാസവ്യവസ്ഥ നശിപ്പിക്കുകയാണ്‌. അവ മുട്ടയിട്ടു പെരുകുന്ന ഇടങ്ങള്‍ കണ്ടെത്തി നശിപ്പിക്കണം. പിന്നീട്‌ അവ വീണ്ടും ഉണ്ടാകാന്‍ അനുവദിക്കുകയുമരുത്‌. ഇതിനു വേണ്ടത്‌ പരിസരശുചിത്വമാണ്‌. ഓരോ വ്യക്തിയും ഇക്കാര്യത്തില്‍ പ്രത്യേകശ്രദ്ധ വയ്ക്കണം. ഭരണസംവിധാനങ്ങള്‍ക്ക്‌ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ പരിമിതിയുണ്ട്‌. സാമൂഹ്യപങ്കാളിത്തമാണ്‌ ഏറ്റവും പ്രധാനം.
--------------------
-ഹാരി



SocialTwist Tell-a-Friend
Related Stories: പനി - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon