You are here: HOME » MAGAZINE »
ഇര
ധന്യാരാജ്‌ Jayakeralam Malayalam News
വൈകുന്നേരം സ്കൂള്‍ബാഗും തൂക്കി തിടുക്കത്തില്‍ നടന്നുവരുന്ന രേണുവിനെ കണ്ടപ്പോഴാണ്‌ അവള്‍ ഉച്ചയ്ക്ക്‌ ഫോട്ടോസ്റ്റാറ്റ്‌ എടുക്കാന്‍ തന്ന കടലാസുകളുടെ കാര്യം ഞാന്‍ ഓര്‍ത്തതുതന്നെ.

"ഇക്കാ ഒന്നു പെട്ടെന്നാകട്ടെ"

ഞാന്‍ ഫോട്ടോസ്റ്ററ്റ്ടുക്കുന്നത്‌ അക്ഷമയോടെ നോക്കിക്കൊണ്ട്‌ രേണു തിടുക്കംകൂട്ടി. അവള്‍ക്ക്‌ ഇവിടെയിന്ന്‌ അരമണിക്കൂറെങ്കിലും കാത്തുനില്‍ക്കേണ്ടിവരുമെന്നുറപ്പാണ്‌. വൈകുന്നേരങ്ങളില്‍ എന്റെ കടയില്‍ നല്ല തിരക്കായിരിക്കും. അടുത്തുള്ള ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിട്ടുകഴിഞ്ഞാല്‍പ്പിന്നെ ചോദ്യക്കടലാസുകളോ നോട്ടുബുക്കുകളോ ഫോട്ടോസ്റ്ററ്റ്ടുക്കാന്‍ വരുന്ന കുട്ടികളെക്കൊണ്ട്‌ ഇവിടം നിറയും.

ഈ കടയോടു ചേര്‍ന്നുതന്നെയാണ്‌ എന്റെ വീട്‌. വീടിന്റെ മുമ്പിലത്തെ രണ്ടു മുറികള്‍ കടയായി മാറ്റുകയായിരുന്നു. പകല്‍സമയം മുഴുവനും ഞാന്‍ കടയില്‍ത്തന്നെയുണ്ടാകുമെങ്കിലും ഇടയ്ക്ക്‌ എന്റെ ഭാര്യ നബീസുവോ മകളോ വിളിച്ചാല്‍ ഞാന്‍ വീട്ടുകാര്യം നോക്കാനും പോയെന്നുവരും. എന്റെ പേരക്കുട്ടി രണ്ടുവയസ്സുകാരിയായ ഫാത്തിമയ്ക്കാണെങ്കില്‍ എന്റെകൂടെ കടയിലിരിക്കാനാണ്‌ ഏറ്റവുമിഷ്ടം. സാധാരണ കുട്ടികളെപ്പോലെ വഴക്കോ ബഹളമോ ഒന്നുമില്ലാത്തതിനാല്‍ ഫാത്തിമ കടയില്‍ വന്നിരിക്കുന്നതുകൊണ്ട്‌ എനിക്കൊരു ശല്യവുമില്ല.
ഇവിടെ ഫോട്ടോസ്റ്റാറ്റ്‌ എടുക്കാന്‍ വരുന്ന പ്ലസ്ടു കുട്ടികളെ മിക്കവരെയും എനിക്ക്‌ നല്ല പരിചയമാണ്‌. ആണ്‍കുട്ടികളുമായി ഞാന്‍ നല്ല ചങ്ങാത്തത്തിലുമാണ്‌. ഇവിടേക്ക്‌ സ്ഥിരമായി വരുന്ന പെണ്‍കുട്ടികളില്‍ രേണുവിന്റെയും കൂട്ടുകാരി ഐശ്വര്യയുടെയും പേരുമാത്രമേ എനിക്കോര്‍മ്മയുള്ളു. കഴിഞ്ഞവര്‍ഷം രേണു സ്കൂളിലേക്ക്‌ പ്ലസ്‌വണ്ണിന്റെ ഇന്റര്‍വ്യൂവിനു വന്ന ദിവസംതന്നെ ഞാനവളെ ശ്രദ്ധിച്ചതാണ്‌. ഉന്മേഷം തുടിക്കുന്ന ചലനങ്��ളും നിഷ്കളങ്കമായ മുഖവും ഒക്കെയായി അവള്‍ എന്റെ മകളുടെ ബാല്യകാലത്തെ ഏതൊക്കെയോ തരത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നു തോന്നിയതുകൊണ്ടാണ്‌ ഞാന്‍ അവളെ ശ്രദ്ധിച്ചതും രേണു എന്ന പേര്‌ ഓര്‍മവെച്ചതും. അതൊക്കെ ഒന്നരവര്‍ഷത്തിനു മുമ്പായിരുന്നു. ഇപ്പോള്‍ രേണുവിന്റെ മുഖത്ത്പഴയ പ്രസരിപ്പൊന്നും കാണാനേയില്ല.

ഫോട്ടോസ്റ്റാറ്റ്‌ എടുക്കാനായി രേണു ബാഗില്‍നിന്ന്‌ രണ്ട്‌ പുസ്തകങ്ങള്‍കൂടി പുറത്തെടുത്തു.
"ഓര്‍ഗാനിക്‌ കെമിസ്ട്രി - പേജ്‌ തേര്‍ടിവണ്‍ ടു ഫോര്‍ടിഫൈവ്‌" പതിഞ്ഞ ശബ്ദത്തില്‍ രേണു പറഞ്ഞു.

"സുവോളജി - പേജ്‌ സെവന്റി ടു എയ്റ്റിത്രി" ഐശ്വര്യ പൂരിപ്പിച്ചു.

"പെട്ടെന്നുവേണം ഇക്കാ" രേണു തിടുക്കംകൂട്ടി.

പച്ചക്കറിക്കടക്കാരന്‍ രാമചന്ദ്രനും പിന്നെ ഇവിടേക്കു വരുന്ന പരിചയക്കാരുമൊക്കെ എന്നെ കാദറിക്കാ എന്നോ ഇക്കാ എന്നോ ആണ്‌ വിളിക്കുക. അതുകേട്ടാണ്‌ സ്കൂള്‍കുട്ടികളും അങ്ങനെ വിളിച്ചുതുടങ്ങിയത്‌. ചിലപ്പോള്‍ ഫാത്തിമയും എന്നെ ഇക്കാ എന്നു വിളിക്കാറുണ്ട്‌.
"പോട്ടെ ഇക്കാ. നെറ്റില്‍നിന്ന്‌ കേരളത്തിലെ നാടന്‍കലകളെപ്പറ്റി കുറേ ഡാറ്റാസ്‌ ഡൗണ്‍ലോഡ്‌ ചെയ്തെടുക്കാനുണ്ട്‌. മലയാളത്തിന്റെ അസൈന്‍മെന്റാണ്‌."കടലാസുകള്‍ സ്റ്റേപ്പിള്‍ ചെയ്യുന്നതിനിടയില്‍ രേണു എന്നോടു പറഞ്ഞു. എനിക്കാണെങ്കില്‍ പിള്ളേരുടെ ഈ ഇന്റര്‍നെറ്റ്‌ ഭാഷ ഒരക്ഷരംപോലും പിടികിട്ടാറില്ല. പ്രായം എഴുപതു കഴിഞ്ഞതുകൊണ്ട്‌ ഇനി പുതിയ സാങ്കേതികവിദ്യകളൊന്നും പഠിക്കേണ്ട എന്ന്‌ ഞാന്‍ മനസ്സില്‍ ഒരു മടുപ്പുവിചാരിച്ചതാണ്‌ പ്രശ്നമായത്‌. പഠിത്തത്തിന്‌ അങ്ങനെ പ്രത്യേകിച്ച്‌ പ്രായമെന്തെങ്കിലുമുണ്ടോ? ഔപചാരികമായി പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമേ ഉള്ളുവെങ്കിലും എനിക്ക്‌ ഒരുവിധം നന്നായി ഇംഗ്ലീഷ്‌ എഴുതാനും വായിക്കാനും അറിയാം. അനുജത്തി താഹിറയുടെ വീട്ടില്‍ പോകുമ്പോ��ൊക്കെ ഞാന്‍ ഹിന്ദു പേപ്പര്‍ വായിക്കാറുണ്ട്‌.

ചെവിയില്‍ മൊബെയില്‍ഫോണ്‍ ചേര്‍ത്തുപിടിച്ചുകൊണ്ട്‌ രേണു റോഡിന്റെ എതിര്‍വശത്തുള്ള ..യാഹുഡോട്ട്കോം.. എന്ന ഇന്റര്‍നെറ്റ്‌ കഫെയുടെ ഗോവണി കയറിപ്പോകുന്നത്‌ ഞാന്‍ ഫോട്ടോസ്റ്ററ്റ്ടുക്കുന്നതിനിടയില്‍ കണ്ടു. ഇവിടെ പുതിയതായി തുടങ്ങിയ ഒരു ഇന്റര്‍നെറ്റ്‌ കഫെയാണത്‌. വൈകുന്നേരങ്ങളില്‍ ഒരുപാട്‌ കുട്ടികളും ചെറുപ്പക്കാരും സംഘമായി അങ്ങോട്ടു പോകുന്നതുകാണാം. ചിലപ്പോള്‍ വീഡിയോഗെയിം കളിക്കാനായി ചെല്ലുന്ന ആണ്‍കുട്ടികള്‍ക്ക്‌ കമ്പ്യൂട്ടര്‍ ഒഴിവില്ലാത്തതുകൊണ്ട്‌ ഏറെ സമയം വരാന്തയില്‍ കാത്തുനില്‍ക്കേണ്ടിവരാറുണ്ട്‌. ആ കഫെയുടെ ഉടമയാരാണെന്ന്‌ എനിക്ക്‌ വ്യക്തമായി അറിയില്ല. ചിലപ്പോഴൊക്കെ അണിഞ്ഞൊരുങ്ങിയ ഒരു സ്ത്രീ കൂര്‍ത്ത മുടമ്പുള്ള ചെരുപ്പുകളുടെ ശബ്ദം കേള്‍പ്പിച്ചുകൊണ്ട്‌ അധികാരഭാവത്തോടെ അവിടേക്ക്‌ കയറിപ്പോകുന്നതു കാണാം. സ്ഥിരമായി കഫെയിലിരിക്കുന്ന കണ്ണടവെച്ച ചെറുപ്പക്കാരന്റെ സമീപം ഒരു കസേരയിലിരുന്ന്‌ അവര്‍ എന്തൊക്കെയോ പറഞ്ഞ്‌ ചിരിക്കും. ആ സമയം ചെറുപ്പക്കാരനോ അയാളുടെ സുഹൃത്തുക്കളോ താഴത്തെ നിലയിലുള്ള കൂള്‍ബാറില്‍നിന്ന്‌ അവര്‍ക്കുവേണ്ടി ജ്യോൂസ്‌ വാങ്ങിക്കൊണ്ടുവരും.

രേണു എപ്പോഴാണ്‌ അവിടെനിന്നിറങ്ങിപ്പോയതെന്ന്‌ ഞാന്‍ കണ്ടില്ല. സന്ധ്യ കഴിഞ്ഞപ്പോഴാണ്‌ ആ സ്ത്രീ ഇന്റര്‍നെറ്റ്‌ കഫെയില്‍നിന്നിറങ്ങിയിട്ട്‌ ചെറുപ്പക്കാരിലൊരുവന്റെ സ്കൂട്ടറിന്റെ പിന്നില്‍ കയറിപ്പോകുന്നതുകണ്ടത്‌. മിക്ക ദിവസങ്ങളിലും അവള്‍ ഒരു ടാക്സി കാറിലാണ്‌ മടങ്ങിപ്പോകാറുള്ളത്‌.

സന്ധ്യകഴിഞ്ഞാല്‍പ്പിന്നെ എന്റെ കടയിലേക്ക്‌ അധികമാരും വരാറില്ല. എങ്കിലും അത്താഴസമയമാകുമ്പോഴേ ഞാന്‍ കട പൂട്ടി വീട്ടിലേക്കു മടങ്ങാറുള്ളു. അപ്പോഴേക്കും രാമചന്ദ്രനും ഇപ്പുറത്തെ ബുത്തുടമ ഗോപിയും മറ്���ു പരിചയക്കാരുമൊക്കെഇങ്ങോട്ടു വരാറുണ്ട്‌. ഞങ്ങള്‍ ലോകകാര്യങ്ങളും കേരള രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ ചലനങ്ങളുമെല്ലാം വിമര്‍ശനവിധേയമാക്കും. പിറ്റേദിവസത്തേക്ക്‌ ഫോട്ടോസ്റ്ററ്റ്ടുത്തു വെക്കാനായി കുട്ടികള്‍ എന്നെ ഏല്‍പിച്ചവയൊക്കെ ഈ ബഹളത്തിനിടയില്‍ ഞാന്‍ മിക്കവാറും മറന്നിട്ടുണ്ടാകും.

ഫോട്ടോസ്റ്റാറ്റുകട തുടങ്ങുന്നുണ്ടെങ്കില്‍ അത്‌ ഏതെങ്കിലും സ്കൂളിന്റെയോ കോളേജിന്റെയോ അടുത്തുതന്നെ വേണമെന്ന്‌ എന്റെ മൂത്തമകന്‍ റഷീദിന്‌ വലിയ നിര്‍ബന്ധമായിരുന്നു. അവന്‍ എന്നെപ്പോലയല്ല; വലിയ പ്രായോഗികബുദ്ധിയുള്ളയാളാണ്‌. റഷീദ്‌ സൗദിയില്‍പ്പോയി കഷ്ടപ്പെട്ടുണ്ടാക്കിയ കാശുകൊണ്ടാണ്‌ ഈ കടയുള്‍പ്പെടെ എല്ലാമുണ്ടായത്‌. നേരെ വിപരീതമാണ്‌ എന്റെ ഇളയമകന്‍ അന്‍സാറിന്റെ സ്വഭാവം. എങ്ങനെയെങ്കിലും പണം ധൂര്‍ത്തടിച്ച്‌ ജീവിക്കണമെന്നേയുള്ളു അവന്‌. അന്‍സാറിന്റെ കൂട്ടുകാരാണെങ്കില്‍ അവനേക്കാളും വഷളന്മാരാണ്‌.പിറ്റേദിവസം ഉച്ചയ്ക്ക്‌ ഇന്റര്‍വെല്‍ സമയത്ത്‌ രേണു തിടുക്കത്തില്‍ ഇന്റര്‍നെറ്റ്‌ കഫെയിലേക്കുള്ള സ്റ്റെപ്പുകള്‍ കയറിപ്പോകുന്നതും അഞ്ചുമിനിറ്റിനുശേഷം ഇറങ്ങിവരുന്നതും ഞാന്‍ കണ്ടു. ആ ഇന്റര്‍നെറ്റ്‌ കഫെയുടെ ഉടമയായ സ്ത്രീയുമുണ്ട്‌ അവളുടെ കൂടെ. കോണിച്ചുവട്ടില്‍വെച്ച്‌ രേണുവിനോട്‌ എന്തെല്ലാമോ അടക്കി സംസാരിച്ചതിനുശേഷം അവര്‍ കാറില്‍കയറി പോയപ്പോള്‍ രേണു എന്റെ കടയിലേക്കു വന്നു.

"അതാരാ?" ഞാന്‍ ചോദിച്ചു. എന്താണിത്ര സംശയം എന്നമട്ടില്‍ രേണു നിസ്സാരമായി പറഞ്ഞു.

"രുക്മിണിച്ചേച്ചി"

രേണുവിന്റെ കയ്യിലിപ്പോള്‍ പുതിയൊരു മൊബെയില്‍ഫോണാണ്‌. കസേരയുടെ അടിയില്‍ ഒളിച്ചിരിക്കുകയായിരുന്ന ഫാത്തിമയെ സൂത്രത്തില്‍ പിടിച്ചെഴുന്നേല്‍പിച്ചിട്ട്‌ രേണു മൊബെയില്‍ക്യാമറയിലൂടെ അവളുടെ ഫോട്ടോയെടുത്തു. ഫോട്ടോസ്റ്റാറ്റ്‌ എടുക്കാ���ുള്ള ഒരുകെട്ട്‌ ചോദ്യക്കടലാസുകള്‍ എന്നെ ഏല്‍പിച്ചിട്ട്‌ രേണു സ്കൂളിലേക്കു പോയി.

അപ്പോഴാണ്‌ അവള്‍ കഴിഞ്ഞദിവസം കടയില്‍ മറന്നുവെച്ച രണ്ട്‌ നോട്ട്ബുക്കുകളുടെ കാര്യം ഞാനോര്‍ത്തത്‌. ഈയിടെയായി എന്തൊക്കെയോ ചിന്തകളാല്‍, അവയുടെ സമ്മര്‍ദ്ദങ്ങളില്‍ സ്വയം നഷ്ടപ്പെട്ടതുപോലെയാണ്‌ രേണുവിന്റെ പെരുമാറ്റങ്ങള്‍ എന്നെനിക്കു തോന്നി. മിനിഞ്ഞാന്നാണ്‌ അവള്‍ ഒരു നൂറുരൂപാ നോട്ടെടുത്തു തന്നിട്ട്‌ ബാക്കി കാശ്‌ വാങ്ങാതെ പോയത്‌. അതിന്റെ തലേദിവസമാണെങ്കില്‍ ഫോട്ടോസ്റ്ററ്റ്ടുത്തതിന്റെ കാശു തരാന്‍ മറന്ന്‌ ഇറങ്ങിപ്പോവുകയും ചെയ്തു.

പിന്നീട്‌ കുറേദിവസങ്ങള്‍ ഞാന്‍ രേണുവിനെ കണ്ടതേയില്ല. അവളുടെ പുസ്തകങ്ങളും ചോദ്യക്കടലാസുകളും ഞാന്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്നു. രേണുവിന്റെ ഏതെങ്കിലും കൂട്ടുകാരെ കണ്ടാല്‍ അത്‌ അവരുടെ കൈവശം കൊടുത്തുവിടാമെന്ന്‌ ഞാന്‍ കരുതി. അങ്ങനെയിരിക്കെയാണ്‌ ഒരുദിവസം ഉച്ചയ്ക്ക്‌ രേണു സ്കൂള്‍ബാഗും തൂക്കി ക്ഷീണിച്ച മുഖത്തോടെ സാവധാനം നടന്നുവരുന്നത്‌ ഞാന്‍ കണ്ടത്‌. സ്കൂള്‍ വിട്ടിരുന്നില്ല. ഉച്ചയ്ക്കു ശേഷമുള്ള പീരിയഡുകള്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. രേണു റോഡിലേക്കെത്താറായപ്പോള്‍ പുസ്തകങ്ങള്‍ തിരിച്ചുകൊടുക്കാന്‍ വേണ്ടി ഞാനവളെ കൈയാട്ടി വിളിച്ചു. ഒരുനിമിഷം സംശയിച്ചുനിന്നതിനുശേഷം രേണു എന്റെ കടയിലേക്കു വന്നു.

"സ്കൂള്‍ വിട്ടുവോ?" ഞാന്‍ ചോദിച്ചു.
"ഇല്ല. ഞാന്‍ സാറിനോട്‌ ചോദിച്ച്‌ നേരത്തെ വീട്ടില്‍ പോകുവാണ്‌." ഒരു നിമിഷത്തിനുശേഷം ഇടറിയ ശബ്ദത്തില്‍ അവള്‍ കൂട്ടിച്ചേര്‍ത്തു.
"വല്ലാത്ത തലവേദന."

രേണു നുണ പറയുകയാണെന്നും അവളുടെ മനസ്സില്‍ ഭയങ്കരമായ എന്തൊക്കെയോ വടംവലികള്‍ നടക്കുന്നുണ്ടെന്നും എഴുപതുവര്‍ഷത്തെ ജീവിതാനുഭവം എന്നോടു പറഞ്ഞു. മേശവലിപ്പ്തുറന്ന്‌ പുസ്തകങ്ങളും ചോദ്യക്കടലാസുകളും എടുത്തു നീട്ടിയപ്പോള്‍ രേണു പതുക്കെ പറഞ്ഞു."ഇപ്പോ വേണ്ട ഇക്കാ, നാളെ രാവിലെ എടുത്തുകൊള്ളാം."
അവളുടെ തിളക്കം നഷ്ടപ്പെട്ട കണ്ണുകളിലേക്ക്‌ നോക്കിയപ്പോള്‍ എനിക്ക്‌ തടസ്സംപറയാന്‍ തോന്നിയില്ല. കടയുടെ വരാന്തയില്‍ കുറച്ചുസമയം എന്തോ ആലോചിച്ചുനിന്നിട്ട്‌ രേണു ഇന്റര്‍നെറ്റ്‌ കഫെയിലേക്ക്‌ പോയി.

"ബാപ്പ എന്തിനാണ്‌ ആവശ്യമില്ലാതെ പിള്ളേരുടെ കാര്യങ്ങളിലിടപെടുന്നത്‌?"
ജനാലയിലൂടെ എത്തിനോക്കി മുഖംചുളിച്ചുകൊണ്ട്‌ ഇളയ മകന്‍ അന്‍സാര്‍ ചോദിച്ചു. എനിക്ക്‌ നല്ല ദഷ്യം വന്നു. ഒരുകാര്യത്തിലും ഒരുത്തരവാദിത്തവുമില്ലാത്ത ഇവനാണ്‌ എന്നെയുപദേശിക്കുന്നത്‌. പക്ഷേ ഞാനൊന്നും പറയാന്‍ പോയില്ല.

കുറേസമയം കഴിഞ്ഞാണ്‌ രേണു ഇന്റര്‍നെറ്റ്‌ കഫെയില്‍നിന്ന്‌ തിരിച്ചുവന്നത്‌. ജീവിതത്തിന്റെ എല്ലാ പ്രശ്നസങ്കീര്‍ണ്ണതകള്‍ക്കും ഉത്തരം കിട്ടിയതുപോലുള്ള ഒരു ശാന്തത അവളുടെ മുഖത്ത്‌ ഞാനപ്പോള്‍ വ്യക്തമായി കണ്ടു.

പിറ്റേദിവസം രാവിലെതന്നെ കറന്റ്‌ പോയതിനാല്‍ എനിക്ക്‌ കടയില്‍ ഒരു ജോലിയും ചെയ്യാനില്ലായിരുന്നു. ഫോട്ടോസ്റ്ററ്റ്ടുക്കാനായി പുസ്തകങ്ങളുമായി വന്ന കുട്ടികള്‍ അവ എന്നെയേല്‍പ്പിച്ച്‌ ക്ലാസിലേക്ക്‌ തിരിച്ചുപോയി. ഉച്ചവരെ ഞാനവിടെ വെറുതെയിരുന്നു. ഉച്ചയ്ക്കുശേഷം മാര്‍ക്കറ്റിലേക്കിറങ്ങിയിട്ട്‌ സന്ധ്യയോടെ ഞാന്‍ മടങ്ങിയെത്തി. രാത്രിയായപ്പോഴാണ്‌ കറന്റ്‌ വന്നത്‌. കുട്ടികള്‍ തന്നിട്ടുപോയ പുസ്തകങ്ങളെടുത്ത്‌ ഞാന്‍ ഫോട്ടോസ്റ്റാറ്റ്‌ എടുക്കാന്‍ തുടങ്ങി. സമയം കടന്നുപോയി. അത്താഴം വിളമ്പിയെന്നു പറഞ്ഞ്‌ മകള്‍ ഇതിനിടയില്‍ ഒന്നുരണ്ടുതവണ എന്നെ വിളിക്കാന്‍ വന്നു. എനിക്കാണെങ്കില്‍ എന്തെങ്കിലുമൊരു ജോലി പകുതിയിലിട്ടിട്ടു പോയാല്‍ പിന്നൊരു സ്വസ്ഥതയുമില്ല.

എന്റെ ചാരുകസേരയില്‍ കിടന്ന്‌ ഇതിനകം ഉറക്കംപിടിച്ച ഫാത്തിമയെ അകത്തു കൊണ്ടു ��ിടത്താനായി ഞാന്‍ വീട്ടിലേക്കു പോകാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ്‌ റോഡില്‍ ഒരു ടാക്സി കാര്‍ വന്നുനിന്നത്‌. കാറിന്റെ മുന്‍സീറ്റില്‍ ഇന്റര്‍നെറ്റ്‌ കഫെയുടെ ഉടമയായ സ്ത്രീയും അവരോടൊപ്പം കാണപ്പെടാറുള്ള ചെറുപ്പക്കാരിലൊരാളുമാണ്‌ ഇരിക്കുന്നതെന്ന്‌ ഞാന്‍ തിരിച്ചറിഞ്ഞു. പിന്‍സീറ്റിലിരിക്കുന്നവരെ എനിക്കു കാണാനാവുമായിരുന്നില്ല. സ്ത്രീ കാറിന്റെ ഡോര്‍ തുറന്നിറങ്ങിയിട്ട്‌ ഇന്റര്‍നെറ്റ്‌ കഫെയുടെ സ്റ്റെപ്പുകള്‍ അതിവേഗം ചവിട്ടിക്കയറാന്‍ തുടങ്ങി. അവര്‍ വളരെ പരിഭ്രമത്തിലാണെന്നു തോന്നിച്ചു. രാത്രിയുടെ നിശ്ശബ്ദതയില്‍ അവരുടെ ചെരുപ്പുകളുടെ ശബ്ദം ഭയങ്കരമായി മുഴങ്ങിക്കേട്ടുതുടങ്ങി. കഫെയിലിരിക്കുന്ന കണ്ണടവെച്ച ചെറുപ്പക്കാരനോട്‌ എന്തോ അടക്കി സംസാരിച്ചതിനുശേഷം അവര്‍ അതേ വേഗത്തില്‍ കോണിപ്പടികളിറങ്ങി. ഇതിനകം കഫെ അടച്ചിട്ട്‌ ചെറുപ്പക്കാരനും അവരെ അനുഗമിച്ചു. സ്ത്രീ തിടുക്കത്തില്‍ കാറിന്റെ ഡോര്‍ തുറന്ന്‌ പിന്‍സീറ്റിലേക്ക്‌ കയറി. അവിടെ ഒരു പെണ്‍കുട്ടി ഇരിക്കുന്നുണ്ടായിരുന്നു. അടുത്തുള്ള കൂള്‍ബാറിലെ ട്യൂബ്ലൈറ്റില്‍നിന്ന്‌ പാളിവീണ വെളിച്ചത്തില്‍ ഞാനാ പെണ്‍കുട്ടിയുടെ മുഖം അവ്യക്തമായി കണ്ടു. തലയിലിട്ടിരുന്ന കറുത്ത ഷാള്‍ കൊണ്ട്‌ മുഖം പകുതി മറഞ്ഞിരുന്നെങ്കിലും അത്‌ രേണുവാണെന്ന്‌ എനിക്ക്‌ തോന്നി. കൂടുതല്‍ വ്യക്തമായ ഒരു കാഴ്ചയ്ക്കുവേണ്ടി ഞാന്‍ കടയുടെ വരാന്തയിലേക്കിറങ്ങിച്ചെന്ന നിമിഷത്തില്‍ കാര്‍ സ്റ്റാര്‍ട്ടുചെയ്തു. ഞാന്‍ ചെറിയൊരമ്പരപ്പോടെ വരാന്തയില്‍ കുറേസമയം നിന്നു. ഒരുപാടു ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി. പിറ്റേദിവസം വൈകിട്ട്‌ സ്കൂള്‍ വിട്ടതിനുശേഷം കടയിലേക്കു വന്ന ഐശ്യരെയാണ്‌ എന്നോടതു പറഞ്ഞത്‌ "രേണുവിനെ കാണാനില്ല."

എന്റെ മനസ്സിലേക്ക്‌ ഭാരമുള്ള എന്തോ ഒന്ന്‌ വന്നുവീണു. കടലാ��ുകള്‍ അടുക്കിക്കൊണ്ടിരുന്ന എന്റെ വിരലുകള്‍ നിശ്ചലമായി. ഫോട്ടോസ്റ്ററ്റ്ടുക്കുന്ന മിഷ്യന്‍ ഓഫ്‌ ചെയ്തിട്ട്‌ ഞാന്‍ കസേരയില്‍ ചെന്നിരുന്നു. വേവലാതി നിറഞ്ഞ ഒരു ശൂന്യതയോടെ ഫാത്തിമയെ നോക്കിക്കൊണ്ട്‌ വരാന്തയില്‍ നില്‍ക്കുകയാണ്‌ ഐശ്വര്യ. കുറേസമയത്തിനു ശേഷം ഒരു തുടര്‍ച്ചയെന്നോണം അവള്‍ പറഞ്ഞു "ഇന്നലെ രാവിലെ സ്കൂളിലേക്ക്‌ തിരിച്ചതായിരുന്നുവത്രെ. പിന്നെയിതുവരെ ഒരു വിവരവുമില്ല. രേണുവിന്റെയച്ഛന്‍ മൂന്നുനാലു പ്രാവശ്യം എന്നെ വിളിച്ചിരുന്നു." ഞാനൊന്നും മിണ്ടിയില്ല.

അടുത്തദിവസം മുതല്‍ വല്ലാത്തൊരു അസ്വസ്ഥതയോടെയാണ്‌ പകല്‍സമയങ്ങളില്‍ ഞാന്‍ കടയിലിരുന്നത്‌. എന്തൊക്കെയോ ഓര്‍മ്മകളില്‍ എന്റെ മനസ്സ്‌ കലങ്ങിമറിഞ്ഞുകൊണ്ടിരുന്നു. കൂടുതല്‍ സമയം വീട്ടുകാര്യങ്ങളില്‍ മുഴുകിക്കൊണ്ടോ ഫാത്തിമയുടെ കളിചിരികളില്‍ ശ്രദ്ധിച്ചുകൊണ്ടോ സമയം തള്ളിനീക്കാന്‍ ശ്രമിച്ചാലും ദൂരെയായി നരച്ച മഞ്ഞനിറത്തില്‍ കാണുന്ന ഹയര്‍സെക്കന്ററി സ്കൂള്‍ കെട്ടിടവും രാവിലെയും വൈകീട്ടും എന്റെ കടയില്‍ തിങ്ങിനിറയുന്ന സ്കൂള്‍കുട്ടികളും റോഡിന്റെ എതിര്‍വശത്തെ യാഹൂഡോട്ട്കോം എന്ന ഇന്റര്‍നെറ്റ്‌ കഫെയും എന്റെ ചിന്തകളെ വഴിതിരിച്ചുവിടും. പിന്നീട്‌ കുറേ ദിവസത്തേക്ക്‌ കടയിലെത്തുന്ന പരിചയക്കാരും കുട്ടികളുമെല്ലാം രേണുവിനെപ്പറ്റി എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുമായിരുന്നു. വളരെ വേദനാജനകമായ ഒരു വാര്‍ത്ത സ്വീകരിക്കാനായി അപ്പോഴൊക്കെ ഞാന്‍ മനസ്സില്‍ സ്വയമൊരു തയ്യാറെടുപ്പു നടത്തും. പക്ഷേ ഏതാനും ദിവസങ്ങള്‍ക്കകംതന്നെ പത്രത്താളുകളില്‍നിന്നും ആള്‍ക്കാരുടെ വര്‍ത്തമാനങ്ങലില്‍നിന്നും രേണു മറഞ്ഞുപോയി.
കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഒരു വൈകുന്നേരം ഐശ്വര്യ ഫോട്ടോസ്റ്ററ്റ്ടുക്കാനുള്ള ഒരു നോട്ടുബുക്കുമായി വന്നു. കടയില്‍ തിരക്കൊഴിഞ്ഞ സമയമായിരുന്നു അത്‌. അപ്പോള്‍ ഇന്റര്‍നെറ്റ്‌ കഫെയിലിരിക്കുന്ന കണ്ണടവെച്ച ചെറുപ്പക്കാരന്‍ ഒരു ചൂളമടിശബ്ദത്തോടെ സ്റ്റെപ്പുകളിറങ്ങിവരുന്നത്‌ ഞാന്‍ കണ്ടു. താഴെ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറിനടുത്തേക്ക്‌ നീങ്ങവെ, അയാള്‍ അലക്ഷ്യമായ ഒരു നോട്ടം ഞങ്ങളുടെ നേര്‍ക്കെറിഞ്ഞു. അടുത്തനിമിഷത്തില്‍ കണിശമായ ഒരു ചൂണ്ടക്കൊളുത്തുപോലെ അയാളുടെ കണ്ണുകള്‍ ഐശ്വര്യയില്‍ തറഞ്ഞുനിന്നു. ആ സമയം എന്റെ രക്തത്തില്‍ എന്തോ ഒന്ന്‌ പിടഞ്ഞുണര്‍ന്നു. കഠിനമായ ദേഷ്യംകൊണ്ട്‌ എന്റെ ഉടല്‍ വിറച്ചു. വാര്‍ധക്യത്തിന്റെ, നിലംപൊത്താറായ സിംഹാസനത്തില്‍ അക്ഷമയോടെയിരിക്കുന്ന ഒരു വയസ്സന്‌ ഇനിയെന്തിനെയാണ്‌ ഭയക്കാനുള്ളത്‌? ഇരുണ്ട നിറത്തില്‍ ഒരു ഗുഹപോലെ കാണപ്പെട്ട ഇന്റര്‍നെറ്റ്‌ കഫെയുടെ നേര്‍ക്ക്‌ തുറിച്ചുനോക്കിക്കൊണ്ട്‌ ഞാനാലോചിച്ചു. "നാളെ ഞങ്ങള്‍ രേണുവിന്റെ വീട്ടിലേക്കൊന്നു പോകുന്നുണ്ട്‌" വളരെ പതിഞ്ഞ ശബ്ദത്തില്‍ ഐശ്വര്യ പറഞ്ഞു. ഞാന്‍ മേശവലിപ്പ്‌ തുറന്ന്‌ രേണുവിന്റെ പുസ്തകങ്ങളെടുത്ത്‌ ഐശ്വര്യയെ ഏല്‍പിച്ചു.

"വേണ്ട" അവയില്‍ സ്പര്‍ശിക്കാന്‍ മടിച്ചിട്ടെന്നവണ്ണം ഒട്ടൊരു ഭയത്തോടെ അവള്‍ പറഞ്ഞു.
"രേണു വരുമ്പോള്‍ ഇക്ക കൊടുത്താല്‍മതി."

ഐശ്വര്യയുടെ ശബ്ദത്തിലെ ഉറപ്പില്ലായ്മ, രേണു ഇനിയൊരിക്കലും തിരിച്ചുവരാന്‍ പോകുന്നില്ലെന്ന്‌ എന്നെ ബോധ്യപ്പെടുത്തി.

ഐശ്വര്യ പോയപ്പോള്‍ ഞാന്‍ രേണുവിന്റെ പുസ്തകങ്ങള്‍ വെറുതെ മറിച്ചുനോക്കി. കണക്കിന്റെ ഹോംവര്‍ക്ക്‌ നോട്ടുബുക്കാണ്‌ ഒരെണ്ണം. പൊതിയിട്ടിരുന്ന രണ്ടാമത്തെ ബുക്ക്‌ ബോട്ടണി നോട്ടാണെങ്കിലും അതിന്റെ മറുവശത്തുനിന്ന്‌ ഇംഗ്ലീഷില്‍ ഡയറിക്കുറിപ്പുകള്‍ എഴുതിയിരിക്കുന്നു. ചെറിയ കവിതകളും ഭംഗിയുള്ള പൂക്കളുടെ ചിത്രങ്ങളും അവിടവിടെയായി ഒട്ടിച്ചുവെച്ചിട്ടുണ്ട്‌. ഉദാസീനമായ ഒരു കൗതുകത്തോടെ പേജുകള��‍ മറിച്ചിട്ട്‌ ഡയറി അടയ്ക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ചില വാചകങ്ങളില്‍ എന്റെ നോട്ടം ഉടക്കിയത്‌. ഇന്റര്‍നെറ്റ്‌ കഫെയുടെ ഉടമയായ രുക്മിണിച്ചേച്ചിയെപ്പറ്റിയുള്ള ചില വിവരണങ്ങള്‍ക്കുശേഷം അമര്‍ത്തിപ്പിടിച്ച നിലവിളിപോലെയുള്ള വാക്കുകളില്‍ കായലോരത്തുള്ള ഒരു റിസോര്‍ട്ടിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്‌. ആളൊഴിഞ്ഞ ആ റിസോര്‍ട്ട്‌ പെട്ടെന്ന്‌ എന്റെ ഓര്‍മ്മയിലേക്കു വന്നു. എന്തൊക്കെയോ രഹസ്യങ്ങള്‍ ഒളിപ്പിച്ചുവെച്ച്‌, ആലസ്യത്തിലാണ്ടു കിടക്കുന്നതുപോലുള്ള ആ കെട്ടിടം പല അനാശാസ്യപ്രവര്‍ത്തനങ്ങളുടെയും താവളമാണെന്ന്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അവിടെവെച്ച്‌ രുക്മിണിച്ചേച്ചി പരിചയപ്പെടുത്തിയ മൂന്ന്‌ ചെറുപ്പക്കാരെപ്പറ്റിയാണ്‌ തുടര്‍ന്നെഴുതിയിട്ടുള്ളത്‌. അത്‌ എന്റെ മകന്‍ അന്‍സാറും അവന്റെ കൂട്ടുകാരായ നിഖിലും അരവിന്ദും ആണെന്നറിഞ്ഞപ്പോള്‍, അപ്പോള്‍ മാത്രമാണ്‌ ഞാന്‍ നടുങ്ങിപ്പോയത്‌. പിന്നീടൊന്നും എനിക്ക്‌ വായിക്കാന്‍ കഴിഞ്ഞില്ല. എഴുപതാം വയസ്സിന്റെ തിമിരക്കാഴ്ചയില്‍ ആ ഡയറിയും എന്റെ കടയും ഈ ലോകംതന്നെയും ഇരുണ്ടുപോയി.

ഒരായിരം ശാപവചനങ്ങള്‍ അണപ്പല്ലുകള്‍ക്കിടയിലിട്ട്‌ ഞെരിച്ചുകൊണ്ടാണ്‌ ഞാന്‍ വീട്ടിലേക്കു ചെന്നത്‌. അന്‍സാര്‍ വീട്ടിലേക്കു വന്നിട്ട്‌ കുറേ ദിവസങ്ങളായിരുന്നു.

"അന്‍സാറെവിടെ?" എനിക്കു അപരിചിതമായ ഒരു ശബ്ദത്തില്‍ ഞാന്‍ നബീസുവിനോട്‌ ചോദിച്ചു. "അവന്‍ സേലത്തു പോയി. ഒരാഴ്ച കഴിഞ്ഞേ വരൂ." എന്റെ മുഖത്തേക്ക്‌ പകപ്പോടെ നോക്കിക്കൊണ്ട്‌ മകള്‍ പറഞ്ഞു. അവളുടെ കയ്യിലിരുന്ന്‌ ഫാത്തിമ ഉറക്കെ കരഞ്ഞുതുടങ്ങി. ഫാത്തിമയൊരിക്കലും ഇത്ര രൂക്ഷമായി കരഞ്ഞിട്ടില്ലല്ലോ എന്ന്‌ അസ്വസ്ഥതയോടെ ഞാനോര്‍ത്തു.

ഞാന്‍ തിരികെ കടയിലേക്കു വന്ന്‌ എന്റെ കസേരയിലിരുന്നു. രേണുവിന്റെ ഡയറി, പേജുകള്‍, മറിഞ്ഞുകൊണ്ട്‌ അവിടെത്തന്നെയിരിക്കുന്നുണ്ട്‌. കടലാസിന്റെ ഓരോ ചലനവും അസംഖ്യം വിറയലുകളായി എന്റെ ശരീരത്തില്‍ പടര്‍ന്നുകയറി. പെട്ടെന്ന്‌ ഞാനതെടുത്ത്‌ കടലാസുകള്‍ എന്റെ വിരലുകള്‍ക്കിടയിലിട്ട്‌ ഞെരിച്ചുകൊണ്ട്‌ വീട്ടിലേക്ക്‌ തിരിച്ചുപോയി. അടുക്കളയില്‍ എരിഞ്ഞുകൊണ്ടിരുന്ന അടുപ്പിലേക്ക്‌ ഞാനത്‌ വലിച്ചെറിഞ്ഞു. അന്‍സാറിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകളൊക്കെ ഇതോടെ കത്തിയവസാനിക്കുകയാണെന്ന്‌ കടുത്ത ആത്മനിന്ദയ്ക്കിടയിലും ഞാന്‍ ആശ്വാസംകൊണ്ടു.

ഫാത്തിമയുടെ കരച്ചില്‍ അപ്പോഴും കൂര്‍ത്ത ചീളുകള്‍ പോലെ എന്റെ കാതുകളില്‍ വന്നുവീണുകൊണ്ടിരുന്നു. ആരാണ്‌ കരയുന്നത്‌? പരിഭ്രമത്തോടെ ഞാന്‍ കാതോര്‍ത്തു. അപ്പോള്‍ ഫാത്തിമയോടൊപ്പം ഒരുപാട്‌ പെണ്‍കുഞ്ഞുങ്ങളും അലറിക്കരയുന്നതിന്റെ തീവ്രമായ ശബ്ദം ഞാന്‍ വ്യക്തമായി കേട്ടു. എനിക്ക്‌ വല്ലാത്ത തളര്‍ച്ച തോന്നി. ഒരു ശബ്ദത്തിനും കടന്നുവരാന്‍ കഴിയാത്തവിധം കാതുകളില്‍ വിരല്‍ ചേര്‍ത്തുപിടിച്ചിട്ട്‌ നിസ്സഹായതയോടെ ഞാന്‍ തലകുമ്പിട്ടിരുന്നു...
----------------------------------------------------------
ധന്യാരാജ്‌
ശ്രീധന്യ, പന്തപ്ലാവ്‌ പി.ഒ., പട്ടാഴി, കൊല്ലം


SocialTwist Tell-a-Friend
Related Stories: ഇര - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon