You are here: HOME » MAGAZINE »
ശിക്ഷ
സൗമ്യ വി. Jayakeralam Malayalam News
എന്റെ വിഷം നിറച്ച കുപ്പിയും മഷി നിറച്ച കുപ്പിയും മാറിപ്പോയി. അതുകൊണ്ടെനിയ്ക്ക്‌ എഴുതാനോ മരിയ്ക്കാനോ കഴിഞ്ഞില്ല.

ഞാന്‍ പറയുന്നത്‌ നിങ്ങള്‍ക്ക്‌ മനസ്സിലാവുന്നുണ്ടല്ലോ, അല്ലേ? തെണ്ടിതെരഞ്ഞു നടന്നിട്ടും തൃപ്തിവരാതെ ചിലമ്പലോടെ കൂടണയുന്ന ഈ കാക്കകളെപോലെ ഞാനസ്വസ്ഥയാണ്‌; ദാ ഇപ്പോള്‍ ഇങ്ങനെ "അനുസരണയോടെ" നിങ്ങളുടെ മടിയില്‍ കിടക്കുമ്പോഴും ഞാനസ്വസ്ഥയാണ്‌. ഈ തലചായ്ക്കല്‍ തല്‍ക്കാലത്തെ തളര്‍ച്ചകൊണ്ടുമാത്രം.

ഉറക്കമില്ലാത്ത രാത്രികളില്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും അവളുടെ എല്ലിച്ച കാലുകളിലെ പിടച്ചിലും കണ്ണുകളിലെ ഭയവും ഒടുക്കം ആ പെണ്ണിന്റെ അവജ്ഞ നിറഞ്ഞ വാക്കുകളുമാണ്‌ മുന്നില്‍.
ഞാന്‍ പറയുന്നത്‌ നിങ്ങള്‍ക്ക്‌ മനസ്സിലാവുന്നില്ലേ? നിങ്ങളോടെ എനിയ്ക്കിത്‌ പറയേണ്ടതുള്ളൂ. നിങ്ങളുടെ ഈ കടുത്ത മൗനംപോലും എനിയ്ക്കുള്ള സൂചനകളാണെന്നറിയാം; അതുകൊണ്ട്‌ ഞാന്‍ തുടരട്ടെ.

അവസാന നാളുകളിലൊരു ദിവസം എന്റെ ഉത്സാഹത്തോടുകൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ നോക്കികൊണ്ട്‌ അവളെന്നോട്‌ പറഞ്ഞു, എനിയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ നിനക്കോ നിന്റെ കൂടെ വരുന്ന വിലകൂടിയ പാര്‍ട്ടികള്‍ക്കോ കഴിയില്ല. കാരണം ഞാന്‍ കുടുങ്ങിയത്‌ നിങ്ങള്‍ക്കിടയില്‍തന്നെയാണ്‌.

ഞാനവളോടപ്പോള്‍ പൊരുതി വിജയിക്കേണ്ടതിന്റെ ആവശ്യകതയും നമ്മുടെ പാര്‍ട്ടിക്ക്‌ ഈ കേസിലുള്ള പ്രത്യേക താല്‍പര്യത്തെക്കുറിച്ചും മറ്റും ഓര്‍മ്മിപ്പിച്ചു. കൂടാതെ, സുഹൃത്തുക്കള്‍ക്കിടയിലെ ഇത്തരം വിഷയത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഓര്‍ത്തുകൊണ്ട്‌ ഞങ്ങളുടെ യുവരക്തം ഇത്തരം അനീതികള്‍ക്കെതിരെ തിളയ്ക്കുന്നുണ്ടെന്നുകൂടി പറഞ്ഞു.

അവളപ്പോള്‍ എന്നെ ഒട്ടും ശ്രദ്ധിക്കാതെ, എന്നാലൊരു വെപ്രാളത്തോടുകൂടിയും എന്തൊക്കെയോ പറഞ്ഞു. ഇവിടെ നിറയെ ഉറുമ്പുകളാണ്‌; ചുവന്ന ഉറുമ്പുകള്‍.... എന്നെ ഒ��്ന്‌ തിരിച്ച്‌ കിടത്തൂ....
അന്നെനിയ്ക്ക്‌ അവളോട്‌ ചെറിയ ദേഷ്യം തോന്നിയിരുന്നു. പക്ഷെ ഇപ്പോളില്ല. ഇന്നെനിയ്ക്ക്‌ കാര്യങ്ങളെ കുറെക്കൂടി വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്‌.

ഞാന്‍ പറയുന്നത്‌ നിങ്ങള്‍ക്ക്‌ മനസ്സിലാവുന്നുണ്ടെന്ന്‌ വിചാരിക്കുന്നു. നോക്ക്‌, അവള്‍ കാര്യങ്ങളെ നന്നായി പഠിച്ചിരുന്നെന്ന്‌ ഇന്നെനിയ്ക്ക്‌ മനസ്സിലായി.

അന്നവിടെ മുഴുവനും ഉറുമ്പുകളായിരുന്നു. ചുവന്ന ചോണനുറുമ്പുകള്‍... കറുത്ത കട്ടെറുമ്പുകള്‍... പാമ്പനെറുമ്പുകള്‍... അവളുടെ കാലിടുക്കില്‍..., ചുങ്ങിയ മുലകളില്‍..., പാതി പിളര്‍ന്ന വായിടുക്കില്‍... കണ്ണുകളില്‍... എല്ലാം ഉറുമ്പുകള്‍. അവ അവളെ ഓരോ രീതിയില്‍ പരതികൊണ്ടിരുന്നു.
ഒടുവില്‍ പത്രക്കാര്‍ റിപ്പോര്‍ട്ടുചെയ്തു. ഏറ്റവും വികാര നിര്‍ഭരമായ വാക്കുകളില്‍; നേതാക്കള്‍ ഉദ്ഘാടന ചടങ്ങുകളില്‍ പോലും അനുശോചിച്ചു; യൂണിവേഴ്സിറ്റികളിലെ തലമൂത്തവരുടേയും യുവനിരയുടേയും വിപ്ലവാശയങ്ങള്‍ വെടിയുണ്ടകളായി.

ശേഷം ... ശേഷം അവര്‍ ചായകുടിച്ചു, സിഗരറ്റ്‌ പുകച്ചു, പുസ്തകമെഴുതി, രാവേറെ ചെല്ലുന്നതുവരെ ചര്‍ച്ചകളിലേര്‍പ്പെട്ടു.
ഇന്ന്‌ എല്ലാം വ്യക്തം.

അവളുടെ നിസ്സഹായതയില്‍ നിന്നായിരുന്നു ഞങ്ങള്‍ ഊര്‍ജ്ജം സംഭരിച്ചത്‌.
ഞാന്‍ പറയുന്നത്‌ നിങ്ങളോടാണ്‌.

ഞങ്ങള്‍ക്കും അവള്‍ക്കുമിടയിലെ അല്‍പത്തരങ്ങളില്‍ നില്‍ക്കാത്ത നിങ്ങളോട്‌ നോക്കൂ ഞാന്‍ പറയുന്നത്‌ മനസ്സിലാവുന്നില്ലേ?

ഉം, മനസ്സിലായി വരുന്നു. ഇപ്പോള്‍ നീ ആ വിഷം നിറച്ച കുപ്പിയില്ലേ, അതങ്ങ്‌ ഒഴിച്ചുകള .
II

ജനാധിപത്യരീതിയില്‍ തന്നെയായിരുന്നു.....
പക്ഷെ പതുക്കെ ഞങ്ങളുടെ ചര്‍ച്ചകളെല്ലാം അലസിപോയി. ചര്‍ച്ചകള്‍ മാത്രമല്ല......
ഞാന്‍ പറഞ്ഞു വരുന്നത്‌ മനസ്സിലാവുന്നുണ്ടല്ലോ അല്ലേ? എന്റെ വിവാഹം, വിവാഹജീവിതം ഒരു വട്ട പൂജ്യമായിരുന്നു. ആ വളയത്തിനകത്ത്‌ കിടന്ന്‌ വീര്‍പ���പുമുട്ടുകയായിരുന്നു ഞാന്‍. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനൊരു ചടങ്ങിന്‌ പേരിനുപോലും ഞാന്‍ നിന്നു കൊടുക്കരുതായിരുന്നു.
ഞാന്‍ പ്രത്യേകിച്ച്‌ ഒന്നും ചെയ്യേണ്ടായിരുന്നു. വെറുതെ അയാളുടെ ഷര്‍ട്ടിന്റെ ബട്ടന്‍സുകള്‍ ഇട്ടുകൊടുത്ത്‌, നന്നായി ഒരുങ്ങി അയാളുടെ കൂടെ പുറത്തുപോയി, അയാളെ സന്തോഷിപ്പിച്ച്‌..... അങ്ങനെയങ്ങനെ........ അയാളുടെ വിയര്‍ത്ത നെഞ്ചില്‍ അനുസരണയോടെ കിടക്കുമ്പോളും ഞാനസ്വസ്ഥയായിരുന്നു. ആ തലചായ്ക്കല്‍ തല്‍ക്കാലത്തെ തളര്‍ച്ച കൊണ്ട്‌ മാത്രം.

എന്റെ നെറുക ബലമായി കൊത്തി ചുവപ്പിക്കാന്‍ ശ്രമിച്ചപ്പോളാണ്‌ ഞാനയാളെ ആദ്യമായി ചവിട്ടിമാറ്റിയത്‌, നെറുകയില്‍ പാപത്തിന്റെ ചുവപ്പണിഞ്ഞ്‌ നടക്കാന്‍ എനിക്കാവില്ലായിരുന്നു. അന്ന്‌ രാത്രി ഞാനാ വളഞ്ഞ വാലും ചുവന്നപൂവും മുറിച്ചെടുത്ത്‌ കുപ്പയിലെറിഞ്ഞു. പിറ്റേന്ന്‌ നേരം വെളുത്തപ്പോള്‍ വീട്ടില്‍ നിറയെ ഉറുമ്പുകള്‍ ചുവന്ന ചോണനുറുമ്പുകള്‍, കറുത്ത കട്ടെറുമ്പുകള്‍.... പാമ്പനെറുമ്പുകള്‍.......,

ഞാന്‍ പറയുന്നത്‌ മനസ്സിലാവുന്നുണ്ടല്ലോ......? ഭ്രാന്താണെന്ന്‌ തോന്നുന്നുണ്ടോ? അല്ലെങ്കിലും ഭ്രാന്തുണ്ടെന്ന്‌ മറ്റുള്ളവര്‍ പറയുന്ന സമയത്താണ്‌ ഞാന്‍ കാര്യങ്ങളെ ശരിയായി കാണുന്നതും പറയുന്നതും.
അപ്പോ, ഞാന്‍ പറഞ്ഞു വന്നത്‌ ഉറുമ്പുകളുടെ കാര്യമാണ്‌. എന്റെ കണങ്കാലിലൂടെ തുടകളിലൂടെ വയറിലൂടെ നെഞ്ചിലൂടെ അതങ്ങനെ കയറി തുടങ്ങി.
പക്ഷെ ഭയം തോന്നിയില്ല. ഒട്ടും.

ഉറുമ്പുകളെ ഞരണ്ടി, ഒന്ന്‌ നന്നായി ചൊറിഞ്ഞ്‌ വീടും പൂട്ടി ഇങ്ങോട്ടു പോന്നു. ദാ, ഇപ്പോള്‍ നിങ്ങളുടെ മടിയില്‍ ഇങ്ങനെ കിടക്കുമ്പോള്‍ ഞാന്‍ അസ്വസ്ഥയല്ല. ഞാന്‍ പറയുന്നത്‌ മനസ്സിലാവുന്നില്ലേ. അയാള്‍ക്കും എനിക്കും ഇടയിലെ അല്‍പത്തരങ്ങളില്‍ നില്‍ക്കാത്ത നിങ്ങളോടെ എനിയ്ക്കിത്‌ പറയേണ്ടതുള്ളൂ.

സത്യം. ഇപ്പോള്‍ ഞാനസ്വസ്ഥയല്ല. നിങ്ങളു���െ മടിയില്‍ ഇങ്ങനെ കിടക്കുമ്പോള്‍ ഞാനസ്വസ്ഥയല്ല.
നിസ്സഹായതകളില്‍ നിന്നൂര്‍ജ്ജം സംഭരിക്കാത്ത, എന്റെ നെറുക കൊത്തി ചുവപ്പിക്കാത്ത നിങ്ങളുടെ മടിയില്‍ ഇങ്ങനെ കിടക്കുമ്പോള്‍ ഞാന്‍ അസ്വസ്ഥയല്ല. ഉറപ്പ്‌.

നോക്ക്‌, എന്തോ ഒരു കിരുകിരിപ്പ്‌, ദേഹത്തൊരു നീറ്റല്‍. എന്തോ ഒന്ന്‌ ഓടി മറയുന്നു. അതെ അതൊരു കട്ടെറുമ്പാണ്‌. ഇവിടെയും ഉറുമ്പുകള്‍ അരിക്കുന്നുണ്ടോ!

ഈ മടിത്തട്ടും ഉറുമ്പുകളരിച്ച്‌ തുടങ്ങിയാല്‍ സത്യം, ഞാന്‍ മണ്ണില്‍ പൂഴ്ത്തികളയും ഈ മടിത്തട്ടും.

=========================================
സൗമ്യ വി.
എവര്‍ഗ്രീന്‍,
ചെറുവണ്ണൂര്‍,


SocialTwist Tell-a-Friend
Related Stories: ശിക്ഷ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon