You are here: HOME » MAGAZINE »
മെയ്യെഴുത്ത്‌
പ്രദീപ്‌ Jayakeralam Malayalam News
Monday, 23 April 2012
ഒരു മൊട്ടുസൂചി കാരണം പാഴുതറ ക്രിമിനല്‍ കോടതിയിലെ പരുത്തിവസ്ത്രം ധരിച്ച ന്യായാധിപനുമുന്നില്‍ വിചാരണ പൂര്‍ത്തിയാകുന്നതുവരെ വാദിക്കൂട്ടില്‍ത്തന്നെ നില്‍ക്കേണ്ടിവരുമെന്ന്‌ ചുരുണ്ട മുടിയുള്ള ഇര അറിഞ്ഞിരുന്നില്ല. വിസ്താരം കഴിഞ്ഞ്‌ അഭിഭാഷകനായ മാസ്റ്റര്‍ അന്ന്‌ ഒടിയന്‍പൂജ നടത്തിക്കൊണ്ടിരുന്ന ഞാനെന്ന പ്രതിയുടെ മുറിയില്‍ കടന്നുവന്നപ്പോള്‍ അസന്തുഷ്ടനായിരുന്നു.

"എന്താ ഇന്നൊരു ഉഷാറില്ലാതെ ?" ഞാന്‍ ആരാഞ്ഞു.

"ഞാന്‍ വളരെ പ്രിപ്പയര്‍ ചെയ്തുപോയതാണ്‌ പക്ഷെ വര്‍ത്തുളകേശിക്കൊരു നിസംഗത. പ്രൊവോക്ക്‌ ചെയ്യാന്‍ പരമാവധി ശ്രമിച്ചു. ഇന്നലത്തെ ശ്യാമചര്‍മ്മയായിരുന്നു ഇതിലുംഭേദം. കാണാന്‍ ഭംഗിയില്ലെങ്കിലും എല്ലാവര്‍ക്കും മുന്നില്‍ കരയിക്കാനായപ്പോള്‍ നെഞ്ചില്‍ തെറിക്കുന്നതു കാണാന്‍ ഒരു ആനച്ചന്തമുണ്ടായിരുന്നു."- മാസ്റ്റര്‍ നിരാശപ്പെട്ടു.

"നാളെയാരെയാ?"- കഥാകൃത്ത്‌ ചോദിച്ചു.
"ശോണാധര" - ഒടിയന്‍ പ്രസാദം മോന്തിക്കൊണ്ട്‌ അദ്ദേഹം തുടര്‍ന്നു - "നീ വരുന്നില്ലേ, മിസ്‌ ചെയ്യണ്ട.

"നല്ല കാര്യമായി. വിധിക്കുമുമ്പ്‌ കോടതിയില്‍ പ്രതി കയറിയ കാര്യമെങ്ങാന്‍ ജഡ്ജി അല്ല, സെക്രട്ടറിയോ മറ്റോ അറിഞ്ഞാല്‍. ആഗ്രഹമില്ലാഞ്ഞല്ലല്ലോ."- ഞാന്‍ പറഞ്ഞു.

"ഓ. ഒരു അനുസരണക്കാരന്‍ വന്നിരിക്കുന്നു. ട്രാന്‍സ്‌റൈറ്റിങ്ങ്‌ ബോഡിറൈറ്റിങ്‌ എന്നൊക്കെ സിദ്ധാന്തിച്ച്‌ തോന്ന്യാസം കാണിച്ചപ്പോള്‍ ഇതൊന്നും കാണാത്തതെന്ത്‌? എന്തുവന്നാലും ഒടുവില്‍ രക്ഷിക്കാന്‍ ഞാനുണ്ടെന്ന ധൈര്യം നിനക്ക്‌ കുറെ കൂടുന്നു. സംഗക്കേസിനിടയ്ക്കൊരു തമാശ പറഞ്ഞാല്‍ കേള്‍ക്കാന്‍ കൂടിയാരുമില്ല. കമ്പനിക്കു വിളിച്ചപ്പോള്‍ ട്രാന്‍സ്‌വെസ്റ്റിക്‌ ആകുന്നത്‌ പെണ്ണെഴുത്തില്‍ ഇക്കാലത്ത്‌ പ്രസക്തമല്ലെന്ന്‌ ഒഴിവുകഴിവും. ഏത്‌ ടെക്നിക്കായാലും വേണ്ടില്ല - ഈ കേസും നിന്റെ ചെറുകഥയും - തുടര്‍ന്നുപോണമെങ്കില്‍ നാളെ നീ വന്നേ പറ്റൂ."

അറുത്തുമുറിച്ചതുപോലെ മാസ്റ്റര്‍ പറഞ്ഞിരിക്കുകയാണ്‌. ഞാനെന്തെങ്കിലും ചെയ്യാതെ തരമില്ല. അതുമല്ല അക്കൂട്ടത്തിലെന്നെയേറ്റവും ഭ്രമിപ്പിച്ചതും ശോണാധരയാണെന്നത്‌ വിസ്മരിച്ച്‌ സൗന്ദര്യോപാസകനായ ഒരു രചയിതാവ്‌ നിലകൊണ്ടാല്‍ നിങ്ങള്‍ നിരൂപകരും വായനക്കാരും മാപ്പു തരുമോ ? പക്ഷേ അതിനുമുമ്പ്‌ പുരുഷകഥാകൃത്തായ ഞാന്‍ പരലിംഗരചന നടത്തുവാനിടയായ പശ്ചാത്തലത്തില്‍ നിന്നാവാം പ്രാരംഭം.

മൊട്ടുസൂചി കഥാതന്തുവില്‍ കര്‍മ്മപരമ്പരകളുടെ നിയതാഖ്യാനത്തിന്‌ കരുവായെന്നുമാത്രം. ഏത്‌ ഉപജ്ഞയും അഭിജ്ഞയാണെന്നും മറിച്ചും പറയാന്‍ ചിഹ്നങ്ങള്‍ അനുവദിക്കുമെങ്കില്‍ ഉടലെഴുത്തിന്റെ വിന്യാസത്തില്‍ ഞാനൊരു രചന നടത്തിയതിങ്ങനെ -

പാര്‍ട്ടി ജമാ അത്ത്‌ ജനതാ ടി.വി.യില്‍ തുടങ്ങിയ പുതിയ ജനപ്രിയ സാംസ്കാരിക പരിപാടിയാണ്‌ ബിഗ്ബ്രദര്‍ഷോ. ഞങ്ങള്‍ പാഴുതറക്കാരുടെ ഏകനാഥനായ വല്യേട്ടന്റെ പേരില്‍ത്തുടങ്ങിയ നവീനസംരംഭം. ഒരുകൂട്ടം പ്രതിഭാശാലികളായ തരുണികള്‍ക്ക്‌ ഒരാഴ്ച ജീര്‍ണ്ണലോകത്തിന്റെ കാലുഷ്യങ്ങളില്‍ നിന്നൊഴിഞ്ഞ്‌ സഹജീവനത്തിനും അതുവഴി വര്‍ത്തമാനകാലത്തെ ലിംഗപ്രശ്നങ്ങളെ മനസ്സിലാക്കുന്നതിനുമൊരു സന്ദര്‍ഭം. - അറിയിപ്പില്‍ ഇത്രമാത്രമേയുണ്ടായിരുന്നുള്ളു.

മാസ്റ്റര്‍ ഇക്കാര്യം എന്നെ അറിയിക്കുന്നിടത്ത്‌ ഈ കഥയുടെ അടിത്തറയൊരുങ്ങുന്നു. ചന്ദനമരക്കാട്ടിലെ ചാരുസര്‍പ്പമാകാന്‍ ഞങ്ങളിരുവരും തീവ്രമായി കൊതിക്കുന്നുണ്ട്‌.

തെരഞ്ഞെടുക്കപ്പെടുന്നവരുടെ ചലനങ്ങളെ ഗുപ്തനേത്രങ്ങള്‍ വഴി ജനതാചാനലിലൂടെ പ്രക്ഷേപണം ചെയ്യുകയും അവരില്‍ ജനം ഇഷ്ടപ്പെടുന്ന ശ്രേഷ്ഠയായ വനിതയെ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കു കൊണ്ടുവരികയും ചെയ്യുകയാണ്‌ വല്യേട്ടന്‍ കളിയുടെ ഉദ്ദേശമെന്ന്‌ ഞങ്ങള്‍ മനസ്സിലാക്കിയിരുന്നില്ല.

ഉടല്‍ ഒരു ചൂഴ്‌നിലയാണോ. അതോ ഉടലെന്നെ ചൂഴുകയാണോ എന്ന സന്ദേഹത്തില്‍ ട്രാന്‍സ്‌റൈറ്റിങ്ങ്‌ ആരംഭിക്കുന്നിടത്ത്‌ ബിഗ്ബ്രദര്‍ഷോയില്‍ പരിഗണിക്കപ്പെടുന്നതിനായി വിര്‍ഗോസോപ്പിന്റെ സെയില്‍സ്‌ ഗേളായ കോകിലയെന്ന പെണ്‍കുട്ടിയുടെ സ്വത്വഭാവങ്ങള്‍ ഞാന്‍ മെനഞ്ഞെടുക്കുന്നു. രൂപാന്തരപ്രാപ്തിയില്‍ ബയോഡാറ്റയിങ്ങനെ.
ആണ്‍കോയ്മയുടെ വഞ്ചനയ്ക്കിരയാവേണ്ടിവന്ന കോകില ഒരു സിന്‍ഡറല്ല കഥയിലെ ചപലതവിട്ട്‌ റാഡിക്കല്‍ ലെസ്ബിയന്‍ സ്വച്ഛന്ദതയെ പുല്‍കിയവളാണ്‌. ഗോതമ്പ്‌ കതിരിന്റെ നിറവും പേടിച്ച പേടമാന്‍ മിഴികളും. സൈസ്‌ : 32-28-34

ഞാന്‍ - അല്ല - കോകില തെരഞ്ഞെടുക്കപ്പെട്ടെന്ന്‌ തുടര്‍ന്ന്‌ ഗുണശേഖരേട്ടന്റെ അറിയിപ്പ്‌. നിര്‍ഭാഗ്യവശാല്‍ മാസ്റ്ററുടെ കപടവ്യക്തിത്വം തിരസ്കൃതവും. മൊട്ടുസൂചിയെന്ന ആകസ്മികതയുടെ ആഘാതമാണിനി.
ഈ സ്ത്രീപക്ഷകഥ എഴുതുക്കൊണ്ടിരിക്കുമ്പോള്‍ മാസ്റ്ററെന്ന പ്രമേയാവശ്യം വിരചിതമാവുന്നത്‌ രണ്ടാം പേജിന്റെ ആദ്യവരികളില്‍. മൂന്നാം പേജില്‍ കഥാകൃത്ത്‌ കോകിലയായി മാറുമ്പോള്‍ ചുരിദാറിന്റെ ഷാള്‍ തോളിലുറപ്പിക്കുന്നതിന്‌ തല്‍ക്കാലം മറ്റൊന്നും കാണായ്കയാല്‍ ഈ ചെറുകഥയുടെ ഷീറ്റുകളെ ചേര്‍ത്തുവച്ചിരുന്ന മൊട്ടുസൂചി ഊരിയെടുക്കേണ്ടിവരുന്നു. അല്‍പനേരത്തിനകം കോകില പകരം വേറൊന്നുകൊണ്ട്‌ കഥയുറപ്പിച്ചു നിര്‍ത്തും. സ്ത്രൈണസഹജമായ ചപലതയും കാര്യശേഷിയില്ലായ്മയും ശ്രദ്ധക്കുറവും മൂലം രണ്ടാം പേജ്‌ ഇളകിപ്പോയ കാര്യം അവളറിയുന്നുമില്ല. (ഇക്കാര്യം അനുവാചകന്‌ ദഹിക്കാന്‍ പ്രയാസമുണ്ടാകുന്നുവെങ്കില്‍ ഒരു കാര്യം മനസ്സിലാക്കണം. കടലാസില്‍ പേനകൊണ്ട്‌ സര്‍ഗ്ഗസൃഷ്ടി ചെയ്തുകൊണ്ടിരുന്നപ്പോഴാണ്‌ രണ്ടാം ഷീറ്റില്‍ മാസ്റ്ററും മൂന്നാം ഷീറ്റില്‍ കോകിലയും ഉടലെടുത്തത്‌. അച്ചടിക്കപ്പെട്ട രൂപത്തില്‍ നിങ്ങളിലെത്തുമ്പോള്‍ പേജ്‌ സെറ്റ���്പ്‌ മാറിമറിയുന്നതിന്‌ രചയിതാവിനെ പഴിചാരരുത്‌.)സെലിബ്രിറ്റി ഹൗസില്‍ കോകിലയുടെ ദിനങ്ങള്‍
ശാന്തസുന്ദരമായ ശൈലസാനുവിലെ ഒരു രമ്യഹര്‍മ്മ്യമാണ്‌ ഞങ്ങള്‍ക്കായി ഒരുക്കിവെച്ച സെലിബ്രിറ്റിഹൗസ്‌. കോര്‍പ്പറേറ്റ്‌ ലൈഫിന്റെ കൃത്രിമത്വത്തില്‍ നിന്നും പ്രകൃതിയുടെ മാറിലേക്കൊരു പറിച്ചുനടല്‍. സ്വാഭാവികമായൊരു സംസര്‍ഗ്ഗപരിതോവസ്ഥയില്‍ നൈസര്‍ഗ്ഗികഭാവങ്ങള്‍ക്കനുസരിച്ച്‌ പെരുമാറാന്‍ വിലക്കുകളില്ലെന്ന്‌ ബ്രോഷറില്‍പ്പറഞ്ഞിരുന്നത്‌ നുണയായിരുന്നില്ല. ടിന്‍ഫുഡും ഓരോ ദിവസവും ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളും ഡില്‍ഡോകളും തന്ന്‌ ഗുണശേഖരന്‍ എന്നയാള്‍ ഞങ്ങളെ സെലിബ്രിറ്റി ഹൗസിലെത്തിച്ചു. ഒരാഴ്ച കഴിഞ്ഞ്‌ വീണ്ടുമെത്തുമെന്ന്‌ പറഞ്ഞ്‌ വാതില്‍ പുറത്തുനിന്ന്‌ പൂട്ടി മുദ്രവെച്ചു.
അങ്ങനെ ഞങ്ങള്‍ - കോകില എന്ന ഞാന്‍, വര്‍ത്തുള്ളകേശി, സ്വേദഗള, ശ്യാമചര്‍മ്മ, ശോണധര, പത്മപാദ, രോമഹസ്ത, പീവരജഘന, കബകകൃസരി, ഫുല്ലചൂചുക, സലിലനാഭി എന്നിങ്ങനെ ഒരു ക്രിക്കറ്റ്‌ ടീം പോലെ പതിനൊന്ന്‌ പേര്‍ - ആണ്‍മൊഴിയില്‍ പറയുമ്പോള്‍ അവയവങ്ങള്‍ - അസാധാരണമായൊരു സഹജീവനം തുടങ്ങുന്നു.

ഞാനൊരു സ്ത്രീയാണെന്നതിനാല്‍ തുടര്‍ന്നുള്ള ദിനങ്ങളിലെ സ്ത്രൈണ സ്വകാര്യതകള്‍ വേട്ടക്കാരുമായി പങ്കിടാനാഗ്രഹിക്കുന്നില്ല. അതേസമയം സ്ത്രൈണത അവഹേളിക്കപ്പെടുന്നിടത്ത്‌ തളര്‍ന്നുപോകുന്ന പഴയകോകിലയുമല്ല ഇന്നു ഞാന്‍. ശാബത്തിനു തലേന്ന്‌ - ആറാം നാള്‍ രാത്രി - ഒരുവന്‍ കടന്നുപിടിക്കാന്‍ അവതരിച്ചപ്പോള്‍ ആകെയുണ്ടായിരുന്ന പ്രതിരോധായുധം ഷാളിലുണ്ടായിരുന്ന സേഫ്റ്റിപിന്‍. തെരുവില്‍ മാത്രമല്ല സ്വന്തം കിടപ്പറയിലും സ്ത്രീ സുരക്ഷിതയല്ല. പരകല്‍പനകളുടെ മാംസഖണ്ഡങ്ങള്‍ മാത്രമാണവള്‍.

മൊട്ടുസൂചികൊണ്ട്‌ ഞാനയാളുടെ ദേഹത്തെവിടെയോ ആഞ്ഞുകുത്തി. അയാളുടെ നിലവിളിയൊടുങ്ങും മുമ്പ്‌ മറ്റുള്ളവരോടിയെത്തുകയും അയാളെ ബന്ധിതനാക്കുകയും ചെയ്തു. വസ്ത്രം നേരേയാക്കി വന്നപ്പോള്‍ കാണുന്നത്‌ എന്നെത്തന്നെ. കോകിലയെന്ന എന്നെയല്ല; കഥാകൃത്തെന്ന എന്നെ. തോഴികളില്‍ പലരെയും കഴിഞ്ഞ രാത്രികളില്‍ ഞാന്‍ ബലവേഴ്ചയ്ക്ക്‌ വിധേയനാക്കിയെന്ന്‌ പരസ്പരം പറഞ്ഞപ്പോഴാണറിയുന്നത്‌. എനിക്കെതിരെ പരാതിപ്പെടാന്‍ ബാക്കിയുള്ളവര്‍ ഒത്തുതീരുമാനിക്കുമ്പോള്‍ കോകിലയെന്ന ഞാനും സ്ത്രീപക്ഷത്ത്‌ നില്‍ക്കാനാണിഷ്ടപ്പെടുന്നത്‌.
*****************
മാസ്റ്ററെന്ന കഥാകൃത്ത്‌
കഥാകൃത്ത്‌ സൂചിപ്പിച്ചതുപോലെ അപ്രധാനമായൊരു കഥാപാത്രമായിരുന്നു ഈ കഥയില്‍ ഞാന്‍. രണ്ടാം പേജിനുള്ളില്‍ ഒടുങ്ങേണ്ടവന്‍. എന്റെ ശിഷ്യനാണെങ്കിലും ഒരു കഥാകൃത്തിനുവേണ്ട ജീവിതനിരീക്ഷണമോ ഉള്‍ക്കാഴ്ചയോ അവനില്ല. ചില ഫെമിനിസ്റ്റ്‌ പുസ്തകങ്ങള്‍ വായിച്ച്‌ തദനുസൃതമൊരു കഥയുണ്ടാക്കണമെന്നവന്‍ കുറെ നാളായി പറയാന്‍ തുടങ്ങിയിട്ട്‌. അപ്പോഴാണ്‌ ശില്‍പ്പാഷെട്ടി വംശീയ വിദ്വേഷത്തിനിരയായതുവഴി ശ്രദ്ധേയമായ സെലിബ്രിറ്റി ബിഗ്ബ്രദര്‍ ഷോയെക്കുറിച്ച്‌ വാര്‍ത്തവരുന്നത്‌. അപ്പോഴിതാ രണ്ടും കൂടി തിലതാണ്ഡൂലം ചേര്‍ത്തൊന്നു തട്ടിക്കൂട്ടിയിരിക്കുന്നു.

കഥാകൃത്ത്‌ കോകിലയായ വേളയില്‍ ഇളക്കിക്കിടന്ന രണ്ടാംപേജിന്റെ സ്വാതന്ത്ര്യം എനിക്കു ലഭിക്കും. തല്‍ക്കാലത്തേക്ക്‌ അവനുപേക്ഷിച്ചുപോയ കര്‍ത്തൃത്വം ഏറ്റെടുത്ത്‌ എനിക്ക്‌ രചന നടത്താനാവുമല്ലോ. കണ്‍മുന്നിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ അവന്‌ താല്‍പര്യമിലെങ്കിലും ഞാന്‍ അങ്ങനെയല്ല. ജീവിതഗന്ധിയായി ഞാനെഴുതുമ്പോള്‍ സെലിബ്രിറ്റി ഹൗസ്‌ ഒരു തുണിമില്ലിലെ ജീവനക്കാരികള്‍ താമസിക്കുന്നൊരു വീടാണ്‌.

പാഴുതറയുടെ വിവിധഭാഗങ്ങളില്‍ നിന്നും ആള്‍ക്കാരെ തുച്ഛശമ്പളത്തിന്‌ ജോലിക്ക്‌ കൊണ്ടുവന്നു പാര്‍പ്പിച്ചിരിക്കുന്ന ഒരു സ്ഥലം. ഇനി കഥാകൃത്ത്‌ ഈ മ���ല്ലിന്റെ മാനേജരോ സൂപ്പര്‍വൈസറോ ആണെങ്കില്‍ ഓരോ രാത്രിയിലും ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ അയാള്‍ക്കോരോ ചരക്കിനൊപ്പം മൃഗയാവിനോദമാകാം. എന്നുവച്ചാല്‍ കഥാകൃത്തെന്ന എനിക്ക്‌.

ഈ വിധത്തില്‍ തുടര്‍ന്നോരോ ദിനത്തിലും ഞാന്‍ പലരൊപ്പം രമിക്കുന്നു. ഒരു പേജിന്റെ പരിമിതി ഞാന്‍ ലാസ്യലഹരിയില്‍ വിസ്മരിക്കുകയാണ്‌. ആവേശത്തള്ളിച്ചയില്‍ ഒരുദിവസം ഇരുട്ടില്‍ പത്മപാദയെന്നു തെറ്റിദ്ധരിച്ച്‌ കടന്നുചെന്നത്‌ കോകിലയുടെ ശയ്യയിലേക്ക്‌. അവന്റെ മൊട്ടുസൂചി കൊണ്ടുള്ള കുത്ത്‌ അപ്രതീക്ഷിതമായതിനാല്‍ നിലവിളിച്ചുപോയി. അതുകേട്ട്‌ മറ്റുള്ളവരെന്നെ ബന്ധിതനാക്കി. ഞാനെന്നതപ്പോള്‍ അവനായിരുന്നതിനാല്‍ ആള്‍ക്കാരുടെ മുന്നില്‍ ആരോപിതനായത്‌ അവനും.

ഈ പേജിന്‌ അല്‍പംകൂടി ഇടമിനിയും ബാക്കിയിരിക്കുന്നതിനാല്‍ ഞാന്‍ കഥ തുടരും. നാലെണ്ണത്തിനെ ഞാനിനിയും അനുഭവിക്കാന്‍ ബാക്കിക്കിടക്കുന്നു. അവനാണിവിടെ പ്രതിയാവുന്നതെന്നതിനാല്‍ അവന്റെ അഭിഭാഷകനായി കഥയിലെന്നെ തുടര്‍ന്ന്‌ പുനര്‍നിര്‍വ്വചിച്ചാല്‍ മതി. കഥാകൃത്തിനെ രക്ഷപ്പെടുത്താം, എന്റെ കാര്യവും നടക്കും. അവനൊട്ടറിയുകയുമില്ല.

ഈ വിധത്തില്‍ രചയിതാവിന്റെ ബാധ്യതയും പഴിയും അവനേറ്റെടുക്കേണ്ടിവരുന്നതിനുമുമ്പ്‌ മൊട്ടുസൂചിയുടെ, രണ്ടാംപേജിന്റെ സാധ്യതകളില്‍ ഏതാനും വരികള്‍ക്കുകൂടിയിടമുണ്ട്‌. ഇങ്ങനെയെഴുതാം.

കഥയുടെ അഭ്യുന്നതി പദഘടനയിലല്ലെന്നതിനാലാണ്‌ ഈ കഥയുടെ ഏതുപേജിലും രണ്ടാം പേജിലൂടെ എനിക്ക്‌ പ്രവേശിക്കാനായത്‌. എന്തായാലും എല്ലാം ഉഗ്രന്‍ പീസുകളായിരുന്നു. ബാക്കിയുള്ളവയ്ക്ക്‌ ഞാന്‍ കാത്തിരിക്കുന്നു.
ഇനി മാസ്റ്ററെന്ന അഭിഭാഷകനായി ഞാനും ചെറുകഥയില്‍ തിരിച്ചുകയറുന്നു.
****************
സെലിബ്രിറ്റിഷോ പരാജയപ്പെടാനുള്ള കാരണങ്ങള്‍
ഞാന്‍ ഗുണശേഖരന്‍ കിഴക്കന്തറ ലോക്കല്‍കമ്മിറ്റി സെക്രട്���റി. ബിഗ്ബ്രദര്‍ഷോ ഓര്‍ഗനൈസിങ്ങ്‌ കമ്മിറ്റി ചെയര്‍മാനും കൂടിയായ ഞാന്‍ മേല്‍ക്കമ്മിറ്റിക്കു മുമ്പാകെ ഇപ്രകാരം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നു.

എനിക്ക്‌ സാഹിത്യഗ്വോഗ്വോകളിലല്ല; ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളിലാണ്‌ താല്‍പര്യം. ഈ ഷോ ആ രീതിയില്‍ വേണം കാണേണ്ടത്‌. ആദാന-പ്രദാനങ്ങളിലൂടെയാണ്‌ വ്യക്തിയുടെയും സമൂഹത്തിന്റെയും വികാസം. സ്വന്തമായൊരു മുറി ഇനിയും നമ്മുടെ സഹോദരിമാര്‍ക്ക്‌ ലഭ്യമായിട്ടില്ല. അത്തരമൊരു ചിന്താസരണിയില്‍ പരിമിതകാലത്തേക്കെങ്കിലും അവര്‍ക്ക്‌ തനിച്ചുപാര്‍ക്കാനിടം നല്‍കുകയെന്നത്‌ വിപ്ലവകരമാണ്‌; ആണെന്നുള്ളതാണ്‌.

സെലിബ്രിറ്റി ഹൗസ്‌ പൂട്ടി പുറത്തുപോന്ന ഞാന്‍ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമായൊന്നും ചെയ്തിട്ടില്ല. തത്സമയപ്രേക്ഷേപണം കിടപ്പുമുറിയിലേക്ക്‌ നീട്ടാതിരുന്നതാണ്‌ വിനയായത്‌. ശ്യാമചര്‍മ്മ പ്രാന്തവല്‍കൃത നിര്‍മ്മിതിയാണെന്നതുകൊണ്ട്‌ അവളെ വിജയിപ്പിക്കാന്‍ പാഴുതറ ഏരിയാകമ്മിറ്റിയില്‍ നിന്നു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫുല്ലചൗചുകയുടെ മദാലസഭാവത്തില്‍ പൊതുജനം ഭ്രമിക്കാമെന്നുള്ളതിനാല്‍ ശ്യാമചര്‍മ്മയ്ക്കനുസൃതമായി കൂടുതല്‍ എസ്‌.എം.എസ്‌. സന്ദേശങ്ങള്‍ ജനതാചാനലിലേക്ക്‌ പാര്‍ട്ടി, വിദ്യാര്‍ത്ഥി, യുവജനപ്രവര്‍ത്തകരെക്കൊണ്ട്‌ അയച്ചുകൊടുപ്പിക്കുന്ന തിരക്കിലായിരുന്നു ഞാന്‍.

ഈ സമയത്താണ്‌ കഥാകൃത്തും അവന്റെ മാസ്റ്ററും കാട്ടിക്കൂട്ടിയ കസര്‍ത്തുകളൊക്കെ ഒരുത്തനതിനെ തുണിമില്‍ തൊഴിലാളികളുടെ ഹോസ്റ്റലാക്കി. വേറൊരുത്തന്‍ വേണ്ടാതീനത്തിന്റെ വേദിയും. കഥാകൃത്തിനെ മറ്റുള്ളവര്‍ കെട്ടിയിട്ടത്‌ കിടപ്പറകളിലല്ലാഞ്ഞതിനാല്‍ പൊതുജനം ഒക്കെയും കണ്ടു. നീതിയും ന്യായവും കോടതി തീരുമാനിക്കട്ടെ എന്നല്ലേ ഇനി പറയാനാവൂ. ഒരു എളിയ പ്രവര്‍ത്തകനെന്ന നിലയില്‍ സന്ദര്‍ഭവശാല്‍ പറയുന്നത്‌അനുചിതമെങ്കില്‍ ക്ഷമിക്കണം. പാര്‍ട്ടി ഉന്നതാധികാര ബ്യൂറോ അംഗമായ ഒടിയന്‍ സഖാവിനെ കഥാകൃത്ത്‌ ഉപാസിച്ച്‌ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടത്രെ.

പ്രസ്ഥാനചൂഷകരെ സഹായിക്കാന്‍ അദ്ദേഹം മുതിരില്ലെന്നെനിക്കുറപ്പുണ്ട്‌.
അണികള്‍ക്കിടയിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ നല്‍കിയ ഇടയലേഖനമെന്തെന്ന്‌ വ്യക്തമാക്കിക്കൊണ്ട്‌ പതിവുപോലെ ഞാന്‍ ഉപസംഹരിക്കാം.

മൊട്ടുസൂചി ഒരു ഭൗതികപദാര്‍ത്ഥമായതിനാല്‍ ഡയലറ്റിക്കലായിവേണം അപഗ്രഥനം,, ഉദാഹരണത്തിന്‌ ഒരു സഖാവ്‌ റോഡ്‌ ക്രോസ്‌ ചെയ്യുമ്പോള്‍ ഒരു വാഹനം തട്ടുന്നുവെന്നിരിക്കട്ടെ. കൃത്യമായും നിശ്ചിതസമയത്ത്‌ വാഹനവും സഖാവും അവിടെയുണ്ടായിരുന്നതുകൊണ്ടാണ്‌ അങ്ങനെ സംഭവിച്ചത്‌. ഒരു പരിചയക്കാരനെ കണ്ട്‌ രണ്ട്‌ മിനിറ്റ്‌ സംസാരിച്ചുനിന്നില്ലായിരുന്നെങ്കില്‍ അദ്ദേഹം പാത മുറിച്ചുകടക്കുന്നത്‌ മറ്റൊരു സമയത്തായേനെ. പരിചയക്കാരന്‍ തത്സമയം അവിടെയെത്താന്‍ കാരണം. ഡോക്ടറെ കാണാന്‍ വന്നതിനാല്‍. ഡോക്ടറെക്കാണുന്നത്‌. ടി.ടി. ഇന്‍ജക്ഷനെടുക്കാന്‍ ടി.ടി. എടുക്കേണ്ടിവന്നത്‌ കാലില്‍ മൊട്ടുസൂചി തറച്ചതുകാരണം.

മൊട്ടുസൂചി കാലില്‍ തറയ്ക്കാനിടയായതും നിശ്ചിതസമയത്ത്‌ വാഹനം അവിടെയുണ്ടാകാനിടവന്നതുമൊക്കെ എന്തുകാരണങ്ങളാലാണെന്ന്‌ അനന്തമായി വലിച്ചുനീട്ടാം. നാനാത്വത്തിലെ ഏകത്വം വഴിയാണ്‌ ചരിത്രം ഉന്മുഖമായ പരിണതിയാവുന്നത്‌. പരിണതി മാത്രമാണ്‌ സത്യം. സ്ത്രീകള്‍ ആത്മരക്ഷയ്ക്ക്‌ സേഫ്റ്റിപിന്നുകള്‍ കരുതുന്ന കാലമാണിത്‌. അതിനെ കഥയിലെ വെറുമൊരു സന്ദര്‍ഭമെന്നതിലുപരി പരിഗണിക്കുന്നതിനുപകരം പാഷണ്ഡത പ്രചരിപ്പിക്കുന്നതിനുയുപയോഗിക്കുന്ന ഈ ചെറുകഥ നിരോധിക്കേണ്ടതാണ്‌. സഭയോടും സിംഹാസനത്തോടും പാറപോലെ ഉറച്ച എന്റെ വിശ്വാസവും കൂറും കോഴികൂവുന്നതിനുമുമ്പ്‌ മൂന്നാവര്‍ത്തികൂടി ഏറ്റുപറയുന്നു.കഥയെ ഇനി ക്രമീകരിക്കുമ്പോള്‍ വിചാരണവേളയില്‍ മാസ്റ്റര്‍ക്കുകൊടുത്ത വാക്ക്‌ പാലിച്ചുകൊണ്ട്‌ കോടതിമുറിയില്‍ ഇച്ഛാരൂപമായി ഞാനുണ്ടാകേണ്ടതുണ്ട്‌. പ്രതിയെന്നും കഥാകൃത്തെന്നുമുള്ള പരിമിതികള്‍ എന്നെ വിലക്കുന്നുമുണ്ട്‌. ഉത്തരം തരേണ്ട ബാധ്യത ഉത്തരം എന്ന വാക്കിന്റെ നാനാര്‍ത്ഥങ്ങളിലേക്ക്‌ വലിച്ചിഴയ്ക്കാനായാല്‍ ഞാനിനി ഉത്തരത്തിലിരിക്കുന്ന, ഉത്തരം താങ്ങുന്നുവെന്നു കരുതാവുന്ന ഒരു പല്ലി. താഴെ കോടതിയിലെ നടപടിക്രമങ്ങള്‍.

ശോണാധരയെ വാദവേഴ്ചയ്ക്കൊരുക്കുകയാണ്‌ മാസ്റ്റര്‍. ഞാനിപ്പോഴൊരു മനുഷ്യനായിരുന്നെങ്കില്‍ നിയന്ത്രണം വിട്ട്‌ തൊണ്ടിപ്പഴങ്ങള്‍ കടിച്ചീമ്പിയേനെ. പക്ഷേ നിര്‍വ്വാഹമില്ലല്ലോ.
കോടതിമുറിയിലെ സംഭവങ്ങള്‍ യഥാതഥ പദാനുപദചിത്രീകരണം നടത്തുന്ന രീതി വേണ്ട. അഭിഭാഷകന്റെ ചോദ്യമാരിയില്‍ ഉരുപ്പെടുത്തിയ സ്വത്വമിങ്ങനെ.

ശോണാധര - 21 വയസ്സ്‌. ഇടിമിന്നലേറ്റു ചത്ത അലക്കുകാരന്‍ ഗോപാലന്റെയും അടിച്ചുതളിക്കാരി ജാനുവിന്റെയും നാലു മക്കളില്‍ രണ്ടാമത്തേത്‌. പതിനൊന്നാം വയസ്സില്‍ അടുത്തവീട്ടിലെ കൂട്ടുകാരിയുടെ അച്ഛനേയും അതിനടുത്ത വര്‍ഷം ഹിന്ദി അധ്യാപകനെയും വഴിതെറ്റിക്കാനുള്ള ബാലപാഠം പഠിപ്പിച്ചുകൊടുത്തത്‌ ഏഴാംവയസ്സില്‍ മിഠായി വാങ്ങിക്കൊടുത്ത്‌ ചെറിയച്ഛന്‍. ചേച്ചിയുടെ വീട്ടില്‍ പ്രസവത്തിനുകൊണ്ടുവന്ന ദിവസങ്ങളിലൊന്നില്‍ ചേച്ചിയുടെ മദ്യപനായ ഭര്‍ത്താവിനെ ഇരയാക്കി. അനിയന്‌ വിസ കിട്ടാന്‍ പറമ്പ്‌ പണയം വെയ്ക്കേണ്ടിവന്നതോടെ പലിശക്കാരുടെ ശല്യം. അപ്പോഴാണ്‌ തുണിമില്ലില്‍ ജോലിക്കാരെയെടുക്കുന്നുവെന്നറിയുന്നത്‌.

"ശ്രദ്ധിക്കുക. ചരിത്രം മനസ്സിലായല്ലോ. ഇങ്ങനെയുള്ളവളാണ്‌ ബഹുമാനപ്പെട്ട കോടതിയില്‍ പരാതിക്കാരിയായി വന്നത്‌. യുവര്‍ ഓണര്‍. തൂത്തുക്കുടിലേക്കാരും ഉപ്പു കടത്താറില്ല."

"പരാതിക്കാരിയുടെ പൂര്��വ്വകാലമല്ല വിഷയം കേസിനാസ്പദമായ കാര്യങ്ങള്‍ ചോദിച്ചാല്‍ മതിയിനി." - പ്രാഡ്വിവാകന്‍ ധര്‍മ്മരോഷം കൊണ്ടു.

"അടിയന്‍" മാസ്റ്റര്‍ ശോണാധരയോട്‌ തുടര്‍ന്നു - "എപ്പോഴാണവന്‍ കടന്നുവന്നത്‌. നിനക്ക്‌ നിലവിളിക്കാമായിരുന്നില്ലേ?"

"കഴുത്തില്‍ കുത്തിപ്പിടിച്ചു, കൂടാതെ മില്ലിലെ പണിയില്‍ നിന്നും പിരിച്ചുവിടുമെന്നു പറഞ്ഞു."

"അതിനെക്കാള്‍ നല്ല പണിയറിയാമല്ലോ നിനക്ക്‌. പിന്നെന്താ." - മാസ്റ്റര്‍ അര്‍ത്ഥഗര്‍ഭമായി പറയുന്നതുകേണ്ട്‌ വാദം കേള്‍ക്കാനെത്തിയ ആരൊക്കെയോ ഉറക്കെച്ചിരിച്ചു.

"സെയിലന്‍സ്‌. സെയിലന്‍സ്‌. ഉച്ചപ്പടം കഴിഞ്ഞിറങ്ങിയവര്‍ക്ക്‌ ടൈംപാസിനുള്ള സ്ഥലമല്ല ഇത്‌. കോടതിയ്ക്കടുത്ത്‌ തിയേറ്ററിനു ലൈസന്‍സ്‌ കൊടുത്തവരെ വേണം പറയാന്‍. ശരി തുടരട്ടെ."

"അതുപോട്ടെ. നിലവിളിച്ചില്ല. സമ്മതിച്ചു. കടിച്ചതും മാന്തിയതുമൊന്നുമില്ല. കരഞ്ഞുകാലുപിടിച്ചാല്‍ എന്റെ കക്ഷി പിന്‍മാറുമായിരുന്നില്ലേ?"

"ഒന്നിനുമയാള്‍ സമ്മതിച്ചില്ല. വല്ലാത്ത ധൃതിയിലായിരുന്നു." - ശോണാധര വിതുമ്പി.

"എന്നാലിവിടെ ധൃതി വേണ്ട. എല്ലാം വിശദമായി പറയണം. മനസ്സിലായോ?"
ഇര ഭയന്ന്‌ തലയാട്ടി.
"എങ്കില്‍പ്പറയ്‌. എന്തായിരുന്നു നിന്റെ വേഷം ?"
"മാക്സി."
"അടിയില്‍ ?"

മറ്റൊരു കഴുക്കോലിലൂടെ ചുമരിനടുത്തേക്ക്‌ ഞാനിഴയുകയായിരുന്നു. കൂടുതല്‍ വ്യക്തമായി കേള്‍ക്കാന്‍. അപ്പോഴവിടെ വേറെ രണ്ട്‌ ഗൗളികള്‍. പുതിയൊരാളെ കണ്ട്‌ ആവാസവ്യവസ്ഥയില്‍ നിന്നോടിക്കാന്‍ അവര്‍ പിന്നാലെ. ഗൗളികള്‍ മനുഷ്യരെപ്പോലെ അസഹിഷ്ണുക്കളാകുമോ. അസൂയമൂത്ത മറ്റേതോ ഉത്തരാധുനിക കഥാകൃത്തുക്കള്‍ വേഷം മാറി ചെറുകഥയില്‍നിന്ന എന്നെ തുരത്താന്‍ വന്നിരിക്കുകയാണ്‌ എന്നു ഞാന്‍ മനസ്സിലാക്കുന്നു. എന്തായാലും രസകരമായ കുറെ ചേദ്യങ്ങള്‍ നഷ്ടപ്പെട്ടു.
"അതെന്താ ആനിഫ്രഞ്ച്‌ ഉപയോഗിക്കിക്കാതിരുന്നത്‌ ?" - അഭിഭാഷകന്‍ തുടരുന്നു. ആപ്പിള്‍ പാന്റീസും ഒക്കെക്കൂടിച്ചേര്‍ന്നൊരു ഇന്ദുമേനോന്‍ കഥാപശ്ചാത്തലമിവടെ സൃഷ്ടിച്ചിരിക്കുകയാണ്‌ മാസ്റ്റര്‍. പക്ഷേ, എനിക്കിവിടെ ഇടപ്പെടാന്‍ യാതൊരു നിര്‍വാഹവുമില്ല.

"അപ്പോള്‍ പ്രതിയുടെ നാവും പല്ലും എന്തു ചെയ്തുകൊണ്ടിരുന്നു. കോടതിയില്‍ സത്യം മാത്രമേ പറയാവൂ എന്നോര്‍മ്മവേണം."
"കടിക്കുകയായിരുന്നു എന്നെ"
"അങ്ങനെ ചുമ്മാതെ പറഞ്ഞാല്‍ പോര. വാസ്തവം ബോധ്യപ്പെട്ടാലേ ഇവിടെ നീതി നല്‍കാനാവൂ. പറയ്‌ ആ സമയത്ത്‌ വേദനയുണ്ടായിരുന്നോ. അതോ സുഖമോ."
"മാംസം പിളര്‍ന്നുപോകുംപോലെ"

"അങ്ങനെ വേദനിക്കണമെങ്കില്‍ നീളം ആറിഞ്ചുണ്ടോ. അതോ ഏഴിഞ്ച്‌. ?"
പെട്ടെന്ന്‌ കോടതിസമയം അവസാനിച്ചുവെന്നറിയിച്ച്‌ ഘടികാരം ചിലച്ചു.
"ശ്ശെ.. ഇനിയിപ്പം നാളെ തുടരാം. അതല്ലേ വഴിയുള്ളൂ."-ന്യായാധിപന്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു.

"നാളെയും മറ്റന്നാളും അവധിയാണ്‌ സാര്‍." - ബഞ്ച്‌ ക്ലാര്‍ക്ക്‌ ഓര്‍മ്മിപ്പിച്ചു.
"ഓ. ഞാനതങ്ങ്‌ മറന്നു. എന്നാലും ഇടയ്ക്കുവെച്ച്‌ ഒഴുക്കുമുറിഞ്ഞാല്‍ ന്യായവിധി നടപ്പാവില്ല. ഒരു കാര്യം ചെയ്യാം. നാളെ എന്റെ ചേമ്പറില്‍ വെച്ച്‌ വിചാരണ തുടരാം. ഭാര്യയും മക്കളും നാട്ടില്‍പ്പോയിരിക്കുകയാണ്‌. അഡ്വക്കേറ്റിനു ബുദ്ധിമുട്ടുണ്ടെങ്കില്‍ വരണ്ട. ചോദ്യങ്ങള്‍ എഴുതിത്തന്നാല്‍ മതി."

"ഹേയ്‌ ഒരു ബുദ്ധിമുട്ടുമില്ല. ഞാന്‍ വരാം." - മാസ്റ്റര്‍ പറഞ്ഞു.
"എങ്കില്‍ പറഞ്ഞതുപോലെ. ഇതിനടുത്തതാരാണ്‌ ?"
"പീവര ജഘന."
"എന്നാലായിക്കോട്ടെ. പിന്നെയൊരു കാര്യം. കുറച്ചുകൂടി പെനിട്രേറ്റിങ്ങായിട്ടുള്ള ചോദ്യങ്ങളുവേണം. കേട്ടോ ?"
"ഉവ്വ്‌"

ജഡ്ജി അപ്രത്യക്ഷനായി. പിന്നാലെ ഇര. അഭിഭാഷകര്‍. എല്ലാവരും പോയിട്ടുവേണം കഥാകൃത്തായി തിരിച്ചുപോരാന്‍. തരം നോക്കിയിരിക്കെ തൊട്ടുമുന്നിലൊരു പൂച്ച.

"അയ്യോ എന്നെ കൊല്ലല്ലേ." - ഞാന്‍ നിലവിളിച്ചു.
"ഇല്ലെടാ. നിന്നെ ഞാന്‍ വളര്‍ത്താം." - ഗുണശ��ഖരേട്ടന്‍ പരിഹസിച്ചു.

ഞാനെന്റെ ജാടയുടെ ആധുനികോത്തരവാല്‌ മുറിച്ചിട്ട്‌ തല്‍ക്കാലം പൂച്ചയെ വിഭ്രമിപ്പിക്കുന്നു. പക്ഷേ, പൂശകന്‍ വീണ്ടുമെന്റെ പിന്നാലെ തന്നെ. ഒരു മൊട്ടുസൂചി കിട്ടിയിരുന്നെങ്കില്‍ - പൂച്ചയുടെ, അല്ലെങ്കില്‍ അനുവാചകന്റെ കണ്ണിലേക്ക്‌ കുത്തിക്കയറ്റാമായിരുന്നു- വഴിതെറ്റിച്ച്‌ രക്ഷപ്പെടാമായിരുന്നു.
ഇതാണ്‌ രചയിതാവിന്റെ പ്രതിസന്ധി. കൃതിയുടെ ഭാവതലങ്ങളെ ആവിഷ്കരിക്കാന്‍ കോപ്പുകളില്ലാതെ നിസ്സഹായനാവുക. എങ്ങനെയെങ്കിലും ചെറുകഥയില്‍ തിരിച്ചുകയറി ടൈറ്റിലില്‍ ഒളിച്ചിരിക്കുകയല്ലാതെ മറ്റൊരു വഴിയില്ല. എങ്കിലും കൊതിച്ചുപോകുന്നു. മിമിക്രിക്കാര്‍ സിനിമാനടന്‍ ജയനെ അനുകരിച്ചു പറയാറുള്ളതുപോലെ-
"ഒരു മൊട്ടുസൂചി കിട്ടിയിരുന്നെങ്കില്‍.............."


SocialTwist Tell-a-Friend
Related Stories: മെയ്യെഴുത്ത്‌ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon