You are here: HOME » MAGAZINE »
നാട്ടിടവഴി
എസ്‌.ആര്‍. ലാല്‍ Jayakeralam Malayalam News
പൊന്നരിവാളമ്പിളിയിലെന്ന കെ.പി.എസി. നാടകഗാനം മൂളിക്കൊണ്ടും ചുറ്റുപാടുകളെ സശ്രദ്ധം വീക്ഷിച്ചുകൊണ്ടും നാരായണേട്ടന്‍ ആ സായംകാലത്തില്‍ ജംഗ്ഷനിലേക്കു നടന്നു. തെളിഞ്ഞ വൈകുന്നേരം നേര്‍ത്ത കാറ്റ്‌, അരിച്ചുവീഴുന്ന ഇളംവെയില്‌ - ഇവയിലൊക്കെ അന്തരീക്ഷം സന്തോഷകരമായിരുന്നു. വീട്ടുമുറ്റത്തെ ലക്ഷ്മണരേഖയായി കരുതി രണ്ടുവര്‍ഷത്തോളമായി അതിനുള്ളില്‍ നട്ടം തിരിയുകയായിരുന്നു അയാള്‍. ആരെങ്കിലുമൊക്കെ വീട്ടിലേക്കുള്ള വഴി തിരിയുമ്പോള്‍ അയാള്‍ ആഹ്ലാദംകൊണ്ട്‌ വീര്‍പ്പുമുട്ടി. ലോക്കല്‍ കമ്മിറ്റി അഞ്ചുതവണ നാരായണേട്ടന്റെ വീട്ടില്‍ ചേര്‍ന്നത്‌ സഖാവിന്റെ അനാരോഗ്യം പരിഗണിച്ചായിരുന്നു. അടുത്ത കമ്മിറ്റിക്ക്‌ താനങ്ങെത്തിക്കൊള്ളുമെന്ന്‌ സഖാവ്‌ സുധാകരനോട്‌ അയാള്‍ ആത്മവിശ്വാസത്തോടെ പറയുകയുണ്ടായി. പിന്നെ, അവസാനത്തെ ആള്‍ പോയ വെളിച്ചം മറയുംവരെയും അവരുടെ ഒച്ച അകലുംവരെയും അയാള്‍ മുറ്റത്തുതന്നെ ഇരുന്നു.

വീട്ടിലിങ്ങനെ കുത്തിപ്പിടിച്ചിരുന്നുള്ള പരിചയമോ ഇത്തരം വിരസാവസ്ഥകളെ ആനന്ദകരമാക്കുന്നതെങ്ങനെ എന്നുള്ളതിനെപ്പറ്റിയുള്ള ജ്ഞാനമോ ഒന്നും ഉണ്ടായിരുന്നില്ല അയാള്‍ക്ക്‌. രാവിലെ അഞ്ചെന്നൊരു മണിയുണ്ടെങ്കില്‍ അയാള്‍ എഴുന്നേറ്റിരിക്കും. തൂമ്പയുമെടുത്ത്‌ പറമ്പിലേക്കോ വയലിലേക്കോ നടന്നിരിക്കും. അയാളെയും കാത്ത്‌ നെല്‍ച്ചെടികളും വാഴകളും പുലര്‍വെട്ടത്തില്‍ കണ്ണുംചിമ്മി നില്‍പുണ്ടാവും. നിനക്കെത്ര കുട്ട ചാണകമിട്ടതാ. എന്നിട്ടും കുരുടു പിടിച്ചല്ലേ നില്‍പ്‌ എന്ന്‌ തെങ്ങിന്‍ തയ്യിനോടൊരു സ്വകാര്യം പറയും. ഉച്ചകത്തുമ്പോള്‍, ജോലിനിര്‍ത്തി, തൂമ്പാ കഴുകി, മുഖം കഴുകി, കാല്‍ കഴുകി തിരിച്ചുനടക്കും. ഊണുംകഴിച്ചൊരു മയക്കം. മയക്കം വിട്ടുണര്‍ന്നാല്‍ പശുവിനെ കറക്കും. ചായ കുടിച്ചിട്ട്‌ പിന്നെ നില്‍പില്ല; നടത്തമാണ്‌, ചുമ്മാതങ്ങ്‌ ന���ക്കും. ഏതെങ്കിലുമൊരു വഴിയിലൂടെ. വര്‍ഷങ്ങളായുള്ള ശീലമാണ്‌. ഓരോ നാട്ടിടവഴിയും നാരായണേട്ടന്‌ സ്വന്തം കൈവരപോലെ പരിചിതം. ഓരോ ആളിനോടും കൂടപ്പിറപ്പിനോടെന്നപോലെ സ്നേഹം.

"നാരായണാ കേറിവാ, കട്ടന്‍ചായ കുടിച്ചേച്ചും പോവാം" എണ്‍പതുകഴിഞ്ഞ ചെല്ലമ്മ കമ്മാട്ടി വീട്ടുമുറ്റത്തുനിന്ന്‌ വിളിച്ചു.

"കമ്മാട്ടീ ഞാനിപ്പോ ചായകുടിച്ചിറ്റേയൊള്ള്‌".
വഴിയില്‍ ദാക്ഷായണിയമ്മ കാത്തുനിന്നു.

"നാരായണേട്ടാ..... അങ്ങേലെ വീട്ടുകാര്‌ എനിക്കിതുവരെ വഴി തന്നിട്ടില്ല കേട്ടാ. നിങ്ങളൊന്ന്‌ വന്നു സംസാരിച്ചാ ശരിയാവും. ഞാന്‍ വീട്ടിലോട്ട്‌ വരാനിരുന്നതാ".
"ദാക്ഷായണി വാ".

നാരായണേട്ടന്‍ ദാക്ഷായണിയേം വിളിച്ച്‌ നടക്കുമ്പോള്‍, പിറകേ അബ്ദുള്‍ ഖാദര്‍ അന്വേഷിച്ചുവരികയായിരുന്നു. അബ്ദുള്‍ ഖാദറിനെങ്ങനെയോ വിവരം കിട്ടി, നാരായണേട്ടന്‍ ഈ വഴി പോന്നിട്ടുണ്ടെന്ന്‌. ഉടനേ പിറകേ പിടിച്ചതാണ്‌.

"പോസ്റ്റ്‌ കൊണ്ടിട്ടിട്ട്‌ മാസം മൂന്നായി. നമ്മക്കാ ഇലക്ട്രിസിറ്റി ആപ്പീസുവരെയൊന്നു പോണം"
നാരായണേട്ടന്‍ അബ്ദുള്‍ ഖാദറിനേം കൂടെക്കൂട്ടി.

"പോണ കാര്യം നാളെ തീരുമാനിക്കാം. ഇപ്പ നിങ്ങള്‌ എന്റൊപ്പം വാ".
ദാക്ഷായണീടെ വഴിപ്രശ്നം പരിഹരിക്കാന്‍ എതിര്‍കക്ഷി വിദ്യാധരന്റെ വീട്ടുമുറ്റത്തെത്തുമ്പോ, പത്തുപതിനഞ്ചാളായിക്കഴിഞ്ഞു.

"നാരായണേട്ടാ...., നിങ്ങള്‌ പറഞ്ഞാ എനിക്ക്‌ പിന്നെതിരൊണ്ടാ, നിങ്ങള്‌ ചെയ്തിട്ടൊള്ള സഹായങ്ങള്‌ ഞാന്‍ മറക്കൂല"

പെട്ടെന്ന്‌ നാരായണേട്ടന്‌ കുഞ്ഞിരാമപ്പണിക്കരെ ഓര്‍മ്മവന്നു. അവിടെയത്താന്‍ ഇനിയും അരമണിക്കൂര്‍ നടക്കണം. പണിക്കരെ തളര്‍വാതം പിടികൂടീട്ട്‌ വര്‍ഷം അഞ്ചെട്ടായി. നാരായണേട്ടനെ കാണുമ്പോ പണിക്കര്‍ക്ക്‌ സന്തോഷമാവും - കാര്യങ്ങള്‌ പറയാന്‍ ഒരാളായി. നാരായണേട്ടനെ നാളെ ഏതുവഴിയേ പോയാല്‍ കാണാം എന്നൊരു സന്നിഗ്ദ്ധചിന്ത അബ്ദുള്‍ഖാദറിനെ പിടുകൂടുമ്പോള്‍ അയാള്‍ അകലെ മറഞ്ഞിരുന്നു. നാരായണേട്ടന്റെ നടത്തത്തിന്‌ മുന്‍നിശ്ചയങ്ങളൊന്നുമുണ്ടാവില്ല. ഏതുവഴി ചെന്നാലും അയാളെയും കാത്ത്‌ കുറച്ചുപേരുണ്ടാവും.
അങ്ങനെ ആ സായംകാലം നാരായണേട്ടനെ വരവേറ്റാനയിച്ചു. നടത്തത്തിന്‌ ഊന്നുവടി താങ്ങായി. ഏന്തിയും വലിഞ്ഞും വരുന്ന നാരായണേട്ടനെ കണ്ടതും കൊച്ചപ്പിയാശാന്‍ ഇരിപ്പിടത്തില്‍നിന്ന്‌ എഴുന്നേല്‍ക്കുകയും റോഡിലേക്കിറങ്ങിച്ചെന്ന്‌ കടയിലേക്കുവരാന്‍ സഹായിക്കുകയും ചെയ്തു. സ്വന്തം ഇരിപ്പിടം തൂത്ത്‌ വൃത്തിയാക്കി നാരായണേട്ടനെ നിര്‍ബന്ധപൂര്‍വ്വം അതില്‍ പ്രതിഷ്ഠിച്ചു. നാരായണേട്ടന്‍ കാലൊടിഞ്ഞു കിടക്കാന്‍ തുടങ്ങീട്ട്‌ നാളെത്രെയായി. ഇതിനിടയില്‍ പോകാന്‍ കഴിഞ്ഞത്‌ ഒരൊറ്റ ദിവസം മാത്രം. കൊച്ചപ്പിയാശാന്‍ കുറ്റബോധത്താല്‍ നനഞ്ഞുതുടങ്ങി.

കടയ്ക്ക്‌ നൂറുവാര അകലെനിന്നിരുന്ന ആല്‍മരത്തെ വ്യസനപ്പെട്ടുനോക്കി നാരായണേട്ടന്‍. ദൂരെനിന്നു വരുമ്പോള്‍ത്തന്നെ, ആ സ്ഥലത്തുനിന്നെന്തോ നഷ്ടപ്പെട്ടതായി നാരായണേട്ടന്‌ അനുഭവപ്പെട്ടിരുന്നു. കൊമ്പുകള്‍ നഷ്ടപ്പെട്ട ആല്‍മരത്തിന്റെ സ്ഥൂലശരീരത്തില്‍ കണ്ണീര്‍ പോലെ അതിന്റെ കറ കട്ടപിടിച്ചുനിന്നു. ആല്‍മരം തന്നോടെന്തോ പറഞ്ഞുവെന്ന്‌ അയാള്‍ക്കു തോന്നി. ഇതിന്റെ ചോട്ടില്‍നിന്ന്‌ പ്രസംഗിച്ച നേതാക്കളാരൊക്കെ!

ആ നോട്ടത്തിന്റെ ഉള്‍പൊരുള്‍ വെളിപ്പെട്ടു കിട്ടിയതോടെ വരാന്‍ പോകുന്ന റോഡിന്റെ വികസനത്തെപ്പറ്റി കൊച്ചപ്പിയാശാന്‍ വാചാലനായി. കടയുടെ മുന്‍വശം കുറച്ചുപോവും. എന്നാലെന്ത്‌; വസ്തുവിന്റെ വിലകേറിയങ്ങ്‌ പൊങ്ങില്ലേ. ഇപ്പോ റോഡ്സൈഡിലെ വസ്തൂന്റെ വെലയെത്രാന്ന്‌ അറിയാവോ? തന്റെ സംഭാഷണത്തിനൊപ്പം നാരായണേട്ടനില്ലെന്ന്‌ മനസ്സിലാക്കി, അയാള്‍ മറ്റൊന്നിലേക്ക്‌ മാറ്റിച്ചവിട്ടി: "ഉച്ചയ്ക്ക്‌ ചൂടുകാരണമിനി ഇരിക്കണ്ട. മറ്റേത്‌ എന്തൊരു തണലായിരുന���നു".

നാരായണേട്ടനപ്പോള്‍ റോഡ്‌ മുറിച്ചുവരുന്ന രണ്ടുപേരെ കണ്ണില്‍പ്പെടുത്താന്‍ കിണഞ്ഞുശ്രമിക്കുകയായിരുന്നു. ഒപ്പം രണ്ടുകുട്ടികളുമുണ്ട്‌. കാഴ്ചയക്കിപ്പോള്‍ ദൂരം പോരാ. അടുത്തുവന്നുനിന്നാലും ആളറിയാന്‍ വയ്യാത്ത അവസ്ഥ. ചെറുപ്പക്കാരന്‍ കടയുടെ നേരെ നടന്നപ്പോള്‍, പെണ്ണാള്‍ കുറച്ചകലത്തായി നടത്തം നിര്‍ത്തി. കുട്ടികളേയും പിടിച്ച്‌ റോഡിലേക്കു നോക്കി നിലയുറപ്പിച്ചു അവള്‍.
ആഗതന്‍ നാരായണേട്ടനു മുന്നില്‍ നിലയുറപ്പിച്ചു.

"നാരായണേട്ടനല്ലേ?"
വന്നയാള്‍ക്കായി നാരായണേട്ടന്‍ നിഷ്കളങ്കമായ ഒരു ചിരി സമ്മാനിച്ചു.

"എന്നെ ഓര്‍ക്കണില്ലേ?" നാരായണേട്ടന്റെയും കൊച്ചപ്പിയാശാന്റെയും മുഖത്ത്‌ പ്രതീക്ഷയോടെ അവന്‍ മാറി മാറി നോക്കി. രണ്ടാളുകളുടെയും മുന്നില്‍ ഓര്‍മ്മയുടെ വാതില്‍ നിര്‍ദ്ദയം അടഞ്ഞുകിടന്നു.
"ദിനേശനാ, ദിനേശന്‍. പണ്ട്‌ മുട്ടേക്കോട്ട്‌ എസ്റ്റേറ്റില്‌ ടാപ്പിങ്ങിന്‌ വന്ന..."

കൊച്ചപ്പയാശാനും നാരായണേട്ടനും അത്ഭുതത്തിന്റെ പാതയില്‍ ഒരുമിച്ചു കണ്ടുമുട്ടി.

"എടാ..നീയങ്ങ്‌ മാറിപ്പോയല്ലോടാ... ആ നിക്കണത്‌ ബീനയാ.... വിളിക്കവളെയിങ്ങ്‌".
നാരായണേട്ടന്‍ കുട്ടികളുടെ മുഖത്ത്‌ വാത്സല്യത്തോടെ തലോടി. കൊച്ചപ്പിയാശാന്‍ അവര്‍ക്ക്‌ മിഠായി സമ്മാനിച്ചു.

"നീയിത്രനാളും എവിടാരുന്നു ദിനേശാ?"

"ഞങ്ങളന്നിവിടുന്ന്‌ പോയേപ്പിന്നിങ്ങോട്ട്‌ വന്നില്ല നാരായണേട്ടാ. ബീനേടെ ഒരാങ്ങള വന്നിട്ടൊണ്ടാരുന്നല്ലോ ആയെടയ്ക്ക്‌: ഞങ്ങളെ കണ്ടാ കൊല്ലൂന്നും തിന്നൂന്നുക്കെ പറഞ്ഞിട്ട്‌. പേടിച്ചിറ്റല്ല.ഇവള്‌ സമ്മതിച്ചില്ല. പിന്നെ ഞങ്ങള്‌ തമിഴ്‌നാട്ടില്‌ പോയി. തെങ്കാശിക്കടുത്താ ഇപ്പ താമസം. ഞങ്ങള്‌ രണ്ടാളും ജോലിക്കു പോണൊണ്ട്‌.

"ഇപ്പഴായപ്പൊ ബീനയ്ക്കൊരു നിര്‍ബന്ധം. അച്ഛനേം അമ്മേനേം കാണണോന്ന്‌. പിള്ളാരാണെങ്കീ അപ്പൂപ്പനേം അമ്മൂമ്മേനേം കണ്ടിറ്റൂല്ല"

"അത്‌ നന്നായി" നാരായണേട്ടന്‍ പറഞ്ഞു.

മുട്ടേക്കോട്ട്‌ റബ്ബറെസ്റ്റേറ്റില്‍ പണിക്കു വന്ന ദിനേശന്‌, തോട്ടം നോക്കലുകാരന്റെ മകള്‍ ബീനയുമായി പ്രേമമായി. പണീന്ന്‌ പറഞ്ഞുവിട്ടിട്ടും ദിനേശന്‍ ഇവിടെത്തന്നെ ചുറ്റീം പേറ്റെം നിന്നു. ബീനേടെ വീട്ടുകാരും വരുത്തരായിരുന്നു. ദിനേശന്‍ നാരായണേട്ടന്റെ അടുക്കലെത്തി വിവരം ബോധിപ്പിച്ചു. അയാളന്ന്‌ മുട്ടേക്കോട്ടെസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഒരു ദിവസം അര്‍ദ്ധരാത്രീല്‌ രണ്ടാളും കൂടി വീട്ടില്‍ കയറിവന്നു. ഞങ്ങളെ ഒരുമിച്ച്‌ ജീവിക്കാന്‍ സമ്മതിച്ചില്ലേ ചത്തുകളയുന്ന്‌ പറഞ്ഞാണ്‌ വരവ്‌. സമാധാനമൊണ്ടാക്കാമെന്നു പറഞ്ഞ്‌ വീട്ടിനകത്തെ മുറീല്‌ ഒളിപ്പിച്ചിരുത്തി. കൊച്ചപ്പിയാശാന്‌ കാളവണ്ടിയൊള്ള കാലമാണ്‌. എല്ലാ ബുധനാഴ്ചേം രാവിലെ ചന്തേലേക്ക്‌ വണ്ടിപോവും. രണ്ടിനേംകൂടി വെളുപ്പാന്‍ കാലത്ത്‌ അതില്‍ കയറ്റിവിട്ടു. വഴിച്ചെലവിന്‌ കൊറച്ച്‌ കാശും കൊടുത്തു: എവിടേലും പോയി ജീവിച്ചോ

"അവരിപ്പൊ എവിടാന്ന്‌ അറിയോ നാരായണേട്ടാ?" ദിനേശന്‌ ചോദ്യം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കേണ്ടിവന്നു.
"ആര്‌?"

"ബീനേടെ വീട്ടുകാരേ?"

നാരായണേട്ടന്റെ ശരീരത്തില്‍ കുറച്ചു നേരത്തേക്കൊരു സ്തംഭനം ബാധിച്ചു.
"അവരിപ്പഴവിടില്ലേ?" - നാരായണന്റെ ശബ്ദത്തില്‍ ആശ്ചര്യത്തിന്റെ കഫക്കെട്ടുണ്ടായി.

"ഞങ്ങളുച്ചയ്ക്കേ വന്നതാ നാരായണേട്ടാ. വഴിതെറ്റിപ്പോയെന്നാ ആദ്യം കരുതിയതേ. ഇപ്പഴവിടാ വീടില്ല. കാടുപിടിച്ചു കെടക്കാണാ പൊരയിടം. മണ്ണും മരോമൊക്കെ പോയി. വീടിന്റെ അടിസ്ഥാനം മാത്രമൊണ്ടവിടെ".

"അടുത്തൊന്നും ചോദിച്ചില്ലേ?"

"തെരക്കിയാരുന്ന്‌. അവര്‍ക്കും അറിഞ്ഞൂടാ എങ്ങോട്ടാ പോയതെന്ന്‌. തോട്ടം പൂട്ടിയപ്പോ ഇവിടുന്ന്‌ വിറ്റുപെറുക്കി പോയെന്നേ അറിയൂ".

ചെമ്മണ്‍ നിരത്ത്‌. ഇടത്തുതിരിഞ്ഞാല്‍ വ��ല്‍ വരമ്പ്‌. വരമ്പേ നടന്നാല്‍ വയലിന്റെ പച്ചപ്പ്‌ ഇരുവശവും. വയലിനെ നെടുകേ പിളര്‍ന്ന്‌ കൊച്ചുതോട്‌. തോടിനു കുറുകേ കമുകിന്‍പാലം. പാലം കടന്ന്‌ പിന്നേം ഒരു മെയില്‌ നടന്നാല്‍ മുട്ടേക്കാട്ട്‌ എസ്റ്റേറ്റ്‌. എസ്റ്റേറ്റിന്റെ തുടക്കത്തില്‍ വയലിലേക്കു നോക്കിയിരിക്കുന്ന ഓലമേഞ്ഞവീട്‌.... വഴിതെറ്റാതെ മറുവശത്തുകൂടിയുള്ള ഏലാവഴിയേ കൊച്ചപ്പിയാശാനും ആ വീടിനു മുന്നിലെത്തിയിരുന്നു.

"അവരവിടുന്നു പോയ കാര്യം ഞാനറിഞ്ഞിട്ടേയില്ല ദിനേശാ. നിങ്ങള്‌ ഇടയ്ക്ക്‌ കത്തയയ്ക്കുകയോ കാണുകയോ ഒന്നുമുണ്ടായില്ലേ?"

ബീന പൊടുന്നനെ കരഞ്ഞുതുടങ്ങി.

"നീ കരയാതിരിക്ക്‌" - ദിനേശന്‍ ബീനയക്കുനേരെ തിരിഞ്ഞു.
"നാരായണേട്ടാ. അവരെ കാണുകയാണെങ്കില്‌ ഞങ്ങള്‌ വന്നിരുന്നതായി പറയണം. ഈ വിലാസത്തില്‌ ഒരു കത്തെഴുതിയിടാന്‍ പറയണംണം. അവന്‍ വിലാസം നാരായണേട്ടന്‌ കുറിച്ചു നല്‍കി.

"ഇനി നിക്കണില്ല. താമസിച്ച ഇന്നിനി പോകാനും പറ്റൂല്ല" ദിനേശന്‍ യാത്ര ചോദിക്കുകയാണ്‌.
നാരായണേട്ടന്‍ ചുറ്റുപാടുകള്‍ മറന്ന്‌ കസേരയില്‍ കുറേനേരമങ്ങനിരുന്നു. അവരെങ്കിലും എവിടെപ്പോയതാവും? ഇനിയെന്നെങ്കിലും ബീനയ്ക്കിനി അവരെ കാണാന്‍ കഴിയുമോ? എന്തുകൊണ്ടാണ്‌ ഒരു കുടുംബത്തിന്റെ തിരോധാനം ആരും പറഞ്ഞറിയാത്തത്‌?

അനക്കമറ്റിരിക്കുന്ന ദേഹത്തെ കൊച്ചപ്പിയാശാന്‍ സൂക്ഷിച്ചുനോക്കുമ്പോള്‍ നാരായണേട്ടന്‍ മുഖമൊന്നുയര്‍ത്തി ഇങ്ങനെയൊരു സംഭവം പറഞ്ഞു.

"എന്റെ അനിയന്റെ മകന്‍ ശശിയെ കൊച്ചപ്പിക്ക്‌ അറിയാമോ എന്തോ? ഞങ്ങളുടെ എല്ലാകാര്യത്തിലും സഹകരിക്കുന്നവന്‍. ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും വീട്ടില്‍ വരുന്നവന്‍. അവന്‍ പേര്‍ഷ്യയിലേക്കു പോയി. നാലഞ്ചുകൊല്ലം കഴിഞ്ഞാ തിരിച്ചുവന്നത്‌. കഴിഞ്ഞാഴ്ച വീട്ടിക്കേറിവന്നപ്പൊ ഞാന്‍ സത്യത്തീ അന്തിച്ചുനിന്നുപോയി. ഇങ്ങനെയൊരാള്‌ ഉണ്ടായിരുന്നല്ലോന്ന കാര്യം ഞാ��പ്പഴല്ലേ വീണ്ടും ഓര്‍ത്തത്‌. ജീവിതോം പിടിച്ചോണ്ടുള്ള ഓട്ടത്തിനെടേല്‌ വേണ്ടപ്പെട്ടവരെത്തന്നെ നമ്മള്‌ മറന്നുപോവും. പിന്നെങ്കിലും വീണ്ടുമവരു വന്നു നമ്മുടെ മുമ്പീക്കേറി നിക്കുമ്പം - ശ്ശെടാ... നിയിപ്പഴും ജീവിച്ചിരിക്കണല്ലേന്ന്‌!"

നാരായണേട്ടനിതു പറഞ്ഞ്‌ നിര്‍ത്തിയതും ഉള്ളിലെവിടെയോ ഒരു കാന്താരിമുളക്‌ എരിഞ്ഞതായി കൊച്ചപ്പിയാശാനു തോന്നി.

നാരായണേട്ടന്‍ പതിയെ റോഡിലേക്കിറങ്ങി. അപ്പോള്‍ വന്ന ബസ്സിലേക്ക്‌ ദിനേശനും ബീനയും കയറുകയായിരുന്നു. അവര്‍ക്കുനേരെ നാരായണേട്ടന്‍ കൈവീശി. അവരത്‌ കണ്ടോ എന്തോ?SocialTwist Tell-a-Friend
Related Stories: നാട്ടിടവഴി - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon