You are here: HOME » LIFESTYLE »
പ്ലാറ്റിനത്തിലെ പുതിയ ഫാഷന്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 14 November 2010
സ്വര്‍ണത്തിനും വൈറ്റ്‌ ഗോള്‍ഡിനും തല്‍ക്കാലം ഗുഡ്‌ബൈ പറഞ്ഞ്‌ ഇനി പ്ലാറ്റിനം ആഭരണങ്ങള്‍ ധരിക്കാം. സ്വര്‍ണത്തിന്‌ വില കൂടുന്നതുകൊണ്ടാണെന്ന്‌ വിചാരിക്കണ്ട. സ്വര്‍ണത്തേക്കാള്‍ വിലയുണ്ട്‌ ഈ വെളുത്ത സുന്ദരന്‌. വൈറ്റ്‌ ഗോള്‍ഡിനെയും സ്വര്‍ണത്തെയും നിറഞ്ഞ്‌ ബലവും തിളക്കവും കൊണ്ട്‌ കടത്തിവെട്ടുന്നവന്‍ തന്നെയാണ്‌ ഈ മിടുക്കന്‍.

സ്വര്‍ണമോ വെള്ളിയോ മുത്തുപതിപ്പിച്ച ആഭരണങ്ങളോ ഏതുമാകട്ടെ ഫാഷനും വ്യത്യസ്‌തതയുമുണ്ടെങ്കില്‍ രണ്ട്‌ കൈയും നീട്ടി സ്വീകരിക്കാന്‍ തയാറാണ്‌ ജനങ്ങള്‍. പ്ലാറ്റിനത്തോടുള്ള ഇഷ്‌ടം കണ്ടാല്‍ സ്വര്‍ണം ഔട്ട്‌ ഓഫ്‌ ഫാഷന്‍ ആയതുപോലെയാണെന്നുതോന്നും. കല്യാണ ആവശ്യങ്ങള്‍ക്ക്‌ മുതല്‍ പ്രണയജോഡികള്‍ക്കുവേണ്ടിയുള്ളതായ 'ലൗ ബാന്‍ഡ്‌' വരെ ഇപ്പോള്‍ ഏറെ പ്രിയപ്പെട്ടവയായിക്കഴിഞ്ഞു. കമ്മലുകള്‍, വളകള്‍, നെക്ലേയ്‌സ് എന്നു വേണ്ട നിങ്ങള്‍ മനസില്‍ വിചാരിക്കുന്ന ഏതുതരം ആഭരണങ്ങളും പ്ലാറ്റിനത്തിന്റെ വമ്പിച്ച ശേഖരത്തില്‍ ലഭ്യമാണ്‌.

ഗ്രാമിന്‌ ഇത്രരൂപ നിരക്കില്‍നിന്ന്‌ വ്യത്യസ്‌തമായി ഓരോ ആഭരണത്തിനും ഓരോ വില എന്ന രീതിയിലാണ്‌ വില നിശ്‌ചയിച്ചിരിക്കുന്നത്‌. ഇനി പ്ലാറ്റിനം ആഭരണങ്ങള്‍ തിരികെ കൊടുക്കുമ്പോള്‍ മുടക്കിയ തുകയുടെ 80% തിരികെ ലഭിക്കുന്നതാണ്‌. അത്‌ പണമായോ പ്ലാറ്റിനമായോ സ്വര്‍ണമായോ ഏതുവേണമെങ്കിലും മാറ്റി വാങ്ങുകയും ചെയ്യാം.

പ്ലാറ്റിനത്തോടൊപ്പം സ്വര്‍ണവും ഡയമണ്ടും കൂടെ കലര്‍ത്തി ഉപയോഗിക്കാം. സ്വര്‍ണം പാളികളായാണ്‌ ഉപയോഗിക്കുന്നത്‌. പ്ലാറ്റിനത്തിന്റെ വെളുത്തനിറത്തിന്‌ അനുയോജ്യമായതും ആകര്‍ഷകവുമായതും ഡയമണ്ട്‌ തന്നെ. നല്ല തിളക്കവും തോന്നിക്കും.

ആകര്‍ഷകത്വവും ഗുണങ്ങളും

പ്ലാറ്റിനം സ്വര്‍ണത്തേക്കാള്‍ അമൂല്യമായ ലോഹമാണ്‌. വിലയും കൂടും. ചരിത്രാതീതകാലം മുതല്‍ക്കേ പ്ലാറ്റിനത്തിന്റെ അപൂര്‍വതയെ മാനിച്ച്‌ അതിനെ രാജകീയ ലോഹമായി പരിഗണിച്ചുവരുന്നു. ലഭ്യതയിലുള്ള കുറവാണ്‌ വിലയിലും മറ്റും വര്‍ധനവ്‌ വരാന്‍ കാരണം. മറ്റ്‌ ലോഹങ്ങളേക്കാള്‍ കട്ടിയുള്ളതും കൂടുതല്‍ കാലം നിലനില്‍ക്കുന്നതുമാണിത്‌. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും തിളക്കം നഷ്‌ടപ്പെടാതെയും തേഞ്ഞുപോകാതെയും നില്‍ക്കാന്‍ പ്ലാറ്റിനത്തിന്‌ മാത്രമേ കഴിയൂ. സമ്പന്നവര്‍ഗത്തില്‍പ്പെട്ടവരുടെ മാത്രം ശരീരത്തിന്‌ അലങ്കാരമായിരുന്ന പ്ലാറ്റിനത്തെ മറ്റുള്ളവരും ഇഷ്‌ടപ്പെട്ട്‌ തുടങ്ങിയിരിക്കുന്നു.

95 ശതമാനവും ശുദ്ധമായതിനാല്‍ മറ്റ്‌ ലോഹങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെ അലര്‍ജിയുണ്ടാകുന്നില്ല എന്നത്‌ പ്ലാറ്റിനത്തിന്റെ മാത്രം പ്രത്യേകതയാണ്‌. ഏതുതരം ചര്‍മ്മക്കാര്‍ക്കും ഉപയോഗിക്കാം. മറ്റൊരു പ്രത്യേകത പോറലുകള്‍ ഉണ്ടായാലും തൂക്കത്തില്‍ വ്യത്യാസം വരുന്നില്ല എന്നതാണ്‌. ആകര്‍ഷകവും പോളീഷ്‌ ചെയ്‌തതുമായ രീതിയിലാണ്‌ പ്ലാറ്റിനം ആഭരണങ്ങള്‍ പുറത്തിറക്കുന്നത്‌.

യഥാര്‍ത്ഥമാണോ എന്നറിയാന്‍

എല്ലാ ആഭരണങ്ങളിലും (PE950) എന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആഭരണങ്ങളുടെ 95% ശുദ്ധത തെളിയിക്കുന്നതാണ്‌ ഈ രേഖപ്പെടുത്തല്‍.

* ഓരോന്നിനും തിരിച്ചറിയല്‍ നമ്പര്‍ ഉണ്ടാകും.

* ഗുണനിലവാരം തെളിയിക്കുന്ന പി.ജി.ഐ. രജിസ്‌ട്രേഷന്‍ കാര്‍ഡ്‌ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്നു.

* ഡയമണ്ട്‌ പതിപ്പിച്ച ആഭരണങ്ങള്‍ക്ക്‌ ഐ.ജി.ഐ രജിസ്‌ട്രേഷന്‍ ലഭിക്കുന്നു.

പ്ലാറ്റിനവും വൈറ്റ്‌ ഗോള്‍ഡും

പ്ലാറ്റിനവും വൈറ്റ്‌ ഗോള്‍ഡും തമ്മില്‍ തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല. ഒന്നോര്‍ക്കുക വൈറ്റ്‌ ഗോള്‍ഡ്‌ യഥാര്‍ത്ഥമായ വെളുത്ത ലോഹമല്ല. മഞ്ഞ സ്വര്‍ണവും മറ്റ്‌ വസ്‌തുക്കളും ചേര്‍ത്ത്‌ വെള്ളനിറമാക്കി മാറ്റിയെടുത്തിരിക്കുകയാണ്‌. ഈ വെള്ളനിറം തേഞ്ഞുപോയാല്‍ അവിടെ മഞ്ഞനിറം പ്രത്യക്ഷപ്പെടും. വൈറ്റ്‌ മെറ്റല്‍ ഒരിക്കലും സ്വര്‍ണത്തേക്കാള്‍ മികച്ചതല്ല.

പ്ലാറ്റിനം തിരിച്ചറിയാന്‍

ഭാരംകൊണ്ട്‌ പ്ലാറ്റിനവും വൈറ്റ്‌ ഗോള്‍ഡും തിരിച്ചറിയാം. വൈറ്റ്‌ ഗോള്‍ഡിനേക്കാള്‍ ഭാരം പ്ലാറ്റിനത്തിനാണ്‌.

ഒരു ചെറിയ പ്ലാറ്റിനം വിവാഹമോതിരത്തിന്‌ അതേ അളവിലുള്ള വൈറ്റ്‌ ഗോള്‍ഡുകൊണ്ട്‌ നിര്‍മ്മിച്ച മോതിരത്തേക്കാള്‍ ഭാരക്കൂടുതലാണ്‌.


SocialTwist Tell-a-Friend
Related Stories: പ്ലാറ്റിനത്തിലെ പുതിയ ഫാഷന്‍ - Saturday, November 13, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon