You are here: HOME » LIFESTYLE »
മൂന്നാമത്തെ ചാക്കില്‍ ഞാനുണ്ട് സാര്‍...-കാവ്യാ മാധവന്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Tuesday, 04 January 2011
നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍. ഓരോ നീലേശ്വരത്തുകാരന്റെയും നൊസ്റ്റാള്‍ജിയയാണ് ഈ വിദ്യാലയം. രാജാസില്‍ ഒരു വര്‍ഷമെങ്കിലും പഠിച്ചിട്ടില്ല എന്നു പറയുന്നതേ നീലേശ്വരത്തുകാരെ സംബന്ധിച്ച് മോശമുള്ള കാര്യമാണ്. ഏറെ പഴക്കമുള്ള സ്‌കൂളാണ് രാജാസ്. പണ്ട് നീലേശ്വരം രാജകുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു. അച്ഛന്‍ പഠിച്ചതും ഇവിടെയാണ്. വീട്ടില്‍നിന്ന് അഞ്ചു മിനിറ്റ് രാജാ റോഡിലൂടെ നടന്നാല്‍ സ്‌കൂളിലെത്തും. രാജാ റോഡിലായിരുന്നു ഞങ്ങളുടെ ടെക്‌സ്റ്റൈല്‍സ് 'സുപ്രിയ'യും.

അച്ഛന്റെ തറവാടും സുപ്രിയ ടെക്‌സ്റ്റൈല്‍സും ഒരേ ബില്‍ഡിങ്ങിലാണ്. തറവാട്ടില്‍നിന്ന് ഒരു വാതില്‍ കടന്നാല്‍ ടെക്‌സ്റ്റൈല്‍സായി. 'തുളസി'യിലേക്കു താമസം മാറ്റുന്നതുവരെ അച്ഛന്റെ ഈ തറവാട്ടിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. വീട്ടില്‍ ജോലിത്തിരക്ക് വരുമ്പോഴൊക്കെ അമ്മ എന്നെ സുപ്രിയയില്‍ കൊണ്ടുചെന്നാക്കും. അവിടുത്തെ സെയില്‍സ്മാന്മാരാണ് എന്നെ നോക്കിയിരുന്നത്. അച്ഛന്‍ കടയിലുള്ള സമയമാണെങ്കില്‍ ക്യാഷ് കൗണ്ടറില്‍ അച്ഛനൊപ്പം ഞാനുമുണ്ടാകും.

ജി.എല്‍.പി. സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേരാന്‍ പോയ ആവേശമൊന്നും രാജാസില്‍ ചേരുമ്പോള്‍ എനിക്ക് ഉണ്ടായിരുന്നില്ല. ഒരുപാട് കുട്ടികളും അധ്യാപകരും ഉള്ള സ്‌കൂള്‍. ജി.എല്‍.പി.യിലെപ്പോലെ സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ടീച്ചര്‍മാരായിരിക്കുമോ രാജാസില്‍?

നാലാം ക്ലാസ്സുവരെ ജി.എല്‍.പി. സ്‌കൂളില്‍ പഠിത്തത്തില്‍ ഞാനായിരുന്നു ഫസ്റ്റ്. ഇനി ആ സ്ഥാനം ഉണ്ടാകുമോ? എല്ലാ കാര്യത്തിലും ആശങ്ക തോന്നി. ഇതിനു പുറമെ രാജാസില്‍ ആദ്യമായി അഞ്ചാം ക്ലാസ്സിലെ ഒരു ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയമാക്കുന്നു. അഞ്ച് ബി. ക്ലാസ്. ഈ ക്ലാസ്സില്‍ ചേരാന്‍ കുട്ടികളെ കിട്ടുക പ്രയാസമാണ്. കുട്ടികളെ കിട്ടാതെ വന്നാല്‍ ആറ്റുനോറ്റിരുന്ന് കിട്ടിയ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ക്യാന്‍സലാവും. ടീച്ചര്‍മാര്‍ അച്ഛനോട് പറഞ്ഞു, ''കാവ്യമോള്‍ ജി.എല്‍.പി. സ്‌കൂളില്‍ ഫസ്റ്റല്ലേ? അവളെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്തോളൂ...'' ഇതു കേട്ടതും അച്ഛന് ആശ്വാസമായി. എന്നെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു. ഞാന്‍ എതിര്‍ത്തതുകൊണ്ടുമാത്രമാണ് ഒന്നാം ക്ലാസ്സില്‍ ജി.എല്‍.പി. സ്‌കൂളില്‍ ചേര്‍ത്തത്. ഇത്തവണ എന്റെ എതിര്‍പ്പ് വകവെക്കാതെ അച്ഛനെന്നെ ഇംഗ്ലീഷ് മീഡിയം ഡിവിഷനില്‍ ചേര്‍ത്തു. അഞ്ച് ബി ക്ലാസ്സില്‍ പഠിപ്പിസ്റ്റുകള്‍ക്കിടയില്‍ ഈ ഞാനും. ആദ്യദിവസം തന്നെ എനിക്ക് മടുത്തു. ഇതുവരെ ക്ലാസ്സില്‍ ഫസ്റ്റായിരുന്ന എനിക്ക് ആ സ്ഥാനം നഷ്ടപ്പെടുമെന്നു തോന്നി. ഞാന്‍ വീട്ടില്‍വന്ന് കരച്ചിലോട് കരച്ചില്‍.

സഹിക്കാന്‍ പറ്റാതായപ്പോള്‍ അച്ഛന്‍ സ്‌കൂളില്‍ വന്ന് ഹെഡ്മാഷടെയടുത്ത് പറഞ്ഞു, ''കുഞ്ഞി സമ്മതിക്കുന്നില്ല. അവള്‍ക്ക് മലയാളം മീഡിയത്തില്‍തന്നെ പഠിക്കണമെന്ന്.'' ഹെഡ് മാഷ് പറഞ്ഞു, ''ഓകെ. ഒരു കാര്യം ചെയ്യാം. ഡി.ഇ.ഒ. ഓഫീസ്സില്‍നിന്ന് തലയെണ്ണാന്‍ വരുന്ന ദിവസംവരെ കാവ്യ ബി ഡിവിഷനില്‍ പഠിക്കട്ടെ. അതു കഴിഞ്ഞാല്‍ മലയാളം മീഡിയത്തിലേക്ക് മാറ്റാം.'' പക്ഷേ, ഏതോ ചില ഹതഭാഗ്യവാന്മാര്‍ ഇതിനിടെ ബി ഡിവിഷനില്‍ അഡ്മിഷന്‍ വാങ്ങി. അതുകൊണ്ട് തലയെണ്ണല്‍ ദിവസംവരെ എനിക്ക് കാത്തിരിക്കേണ്ടി വന്നില്ല. എന്നെ അഞ്ചു സിയിലേക്കു മാറ്റി.

രാജാസ് ഹൈസ്‌കൂളിലെ മെയിന്‍ കെട്ടിടത്തില്‍നിന്ന് ഏറെ ദൂരെയുള്ള ഒരു ബില്‍ഡിങ്ങിലായിരുന്നു അഞ്ച് സി ക്ലാസ്. ഇന്ത്യയുടെ ഭൂപടത്തില്‍നിന്ന് ശ്രീലങ്ക വിട്ടുനില്‍ക്കുന്നതുപോലെ. അതുകൊണ്ട് അഞ്ച് സി ക്ലാസ്സിനെ ഞങ്ങള്‍ ശ്രീലങ്ക എന്നാണ് വിളിച്ചിരുന്നത്. 'നീ ഏതു ക്ലാസ്സിലാ' എന്ന് ആരെങ്കിലും ചോദിച്ചാല്‍ 'ലങ്കയിലാ' എന്നു മറുപടി പറഞ്ഞാലേ ടീച്ചര്‍മാര്‍ക്കുപോലും പിടികിട്ടൂ.

നാലുവര്‍ഷം മുന്‍പ് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ നീലേശ്വരത്തെ പൗരാവലി എനിക്കൊരു സ്വീകരണം തന്നു. ആ ചടങ്ങ് രാജാസിലെ 'ലങ്ക' യില്‍വെച്ചായിരുന്നു. അഞ്ചാം ക്ലാസ് പഠിച്ചിറങ്ങിയശേഷം ആ ഭാഗത്തേക്ക് ആദ്യമായി പോകുന്നത് അന്നാണ്. എറണാകുളത്തുനിന്നു നീലേശ്വരത്തേക്ക് മടങ്ങുമ്പോള്‍ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ. അതുപോലെയുള്ള ഒരു അനുഭവമായിരുന്നു അത്. അവിടെ പ്രസംഗത്തില്‍ ഞാനിക്കാര്യം പറയുകയും ചെയ്തു.

ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 'പൂക്കാലം വരവായ്'യില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും എന്റെ യഥാര്‍ഥ സിനിമാജീവിതം തുടങ്ങുന്നത് അഞ്ചാം ക്ലാസ്സിലാണ്. 'പൂക്കാലം വരവായി'ല്‍ അഭിനയിക്കുമ്പോള്‍ സിനിമയില്‍ അഭിനയിക്കുകയാണെന്നുപോലും അറിയില്ലായിരുന്നു. വെറുതെ ലൊക്കേഷന്‍ കാണാന്‍ പോയീന്നേ തോന്നിയുള്ളൂ. ആ നിലയ്ക്ക് അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അഭിനയിച്ച 'പാവം ഐ.എ. ഐവാച്ചനി'ലൂടെയാണ് എന്റെ സിനിമാനുഭവങ്ങള്‍ തുടങ്ങുന്നത്.

'പൂക്കാലം വരവായ്'യുടെ ആര്‍ട്ട് ഡയറക്ടര്‍ റോയ് പി. തോമസ് സംവിധാനം ചെയ്ത സിനിമയായിരുന്നു പാവം ഐ.എ. ഐവാച്ചന്‍. റോയങ്കിളുമായുള്ള പരിചയംകൊണ്ടാണ് ഐവാച്ചനില്‍ എനിക്കഭിനയിക്കാന്‍ പറ്റുന്നത്. ശ്രീവിദ്യയും ഇന്നസെന്റുമായിരുന്നു ഈ സിനിമയിലെ പ്രധാന നടീനടന്മാര്‍. അവരുടെ മകളുടെ വേഷമായിരുന്നു എനിക്ക്. അവരെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതുമെല്ലാം അന്നാണ്.


ശ്രീവിദ്യാന്റിയുടെ സൗന്ദര്യം

ശ്രീവിദ്യാന്റിക്ക് കുട്ടികളെ ഭയങ്കര ഇഷ്ടമായിരുന്നു. ഐവാച്ചനില്‍ ഞാനും ഗോപുകിരണ്‍ എന്നൊരു ചേട്ടനും ആന്റിയുടെ മക്കളായിട്ടാണ് അഭിനയിച്ചത്. അഭിനയിക്കുമ്പോള്‍ മാത്രമല്ല, അല്ലാത്തപ്പോഴും ഞങ്ങളെ മക്കളെപ്പോലെയാണ് അവര്‍ കണ്ടിരുന്നത്. ശ്രീവിദ്യാന്റിയെ കാണാന്‍ നല്ല ഭംഗിയായിരുന്നു. സൗന്ദര്യകാര്യത്തില്‍ ഭയങ്കര ശ്രദ്ധയായിരുന്നു അവര്‍ക്ക്. ലൊക്കേഷനില്‍ വന്നാല്‍ ഒരു പാത്രം നിറയെ കട്ടത്തൈരും കുറച്ച് പച്ചക്കറി അരിഞ്ഞതും കൊണ്ടുവരാന്‍ പറയും. പച്ചക്കറി തൈരിലിട്ട് കഴിക്കും. അതാണവരുടെ ലൊക്കേഷന്‍ ഭക്ഷണം.

ചിലപ്പോഴൊക്കെ ഭക്ഷണം കഴിക്കുമ്പോള്‍ ടേബിളിന്റെ മറ്റേ അറ്റത്ത് ഞാനിരിക്കുന്നുണ്ടാവും. ഞാനവരെത്തന്നെ നോക്കിയിരിക്കും.

''മോളെന്താ എന്നെയിങ്ങനെ നോക്കുന്നേ'', ഒരു ദിവസം അവര്‍ ചോദിച്ചു. ഞാന്‍ ചിരിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു, ''മോള്‍ടെ ചിരി കാണാന്‍ നല്ല ഭംഗിയുണ്ട്. മോള്‍ വലുതായാല്‍ നല്ല ഭംഗിയുള്ള കുട്ടിയാവും.''

ഇത് നടന്‍ സിദ്ദിക്ക് അങ്കിള്‍ കേട്ടു. ''അതെന്താ ചേച്ചി കാവ്യടെ ചിരിയെക്കുറിച്ച് മാത്രം പറയുന്നത്. അവളുടെ കണ്ണും നല്ലതല്ലേ'', സിദ്ധിക്ക് അങ്കിള്‍ ചോദിച്ചു. ''മുഖം മുഴുവന്‍ ഭംഗിയുണ്ടെങ്കിലേ ചിരി നന്നാവൂ'', അവര്‍ പറഞ്ഞു.SocialTwist Tell-a-Friend
Related Stories: മൂന്നാമത്തെ ചാക്കില്‍ ഞാനുണ്ട് സാര്‍...-കാവ്യാ മാധവന്‍ - Monday, January 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon