You are here: HOME » LIFESTYLE »
പ്രകൃതിയിലൊരു കുളിമുറി
സ്വന്തം ലേഖകൻ Jayakeralam Malayalam News
Tuesday, 04 January 2011
'അകത്തളങ്ങളിലെ വിശാലമായ പുറംലോകം', വാസ്തുശില്പികള്‍ ഓപ്പണ്‍ബാത്ത്‌റൂമുകളെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്. പ്രകൃതിഭംഗിയും കുളിര്‍ക്കാറ്റും ഇളംവെയിലും ഈറന്‍മഴയും കുളിമുറിയില്‍ പുനര്‍സൃഷ്ടിക്കുന്ന രീതി ഇപ്പോള്‍ ട്രെന്‍ഡാണ്. അടുക്കള കഴിഞ്ഞാല്‍ ഏറ്റവും അധികം പരീക്ഷണം നടക്കുന്ന ബാത്ത്‌റൂം ഡിസൈനിലെ ഏറ്റവും പുതിയ പരീക്ഷണമാണിത്. പേരില്‍ തുറന്ന കുളിമുറി എന്നുണ്ടെങ്കിലും ഉപയോഗിക്കുന്നവര്‍ക്ക് പരമാവധി സ്വകാര്യത ഉറപ്പാക്കിയാണ് ഇതിന്റെ നിര്‍മാണം. പ്രകൃതിയെ വീട്ടിനുള്ളിലേക്ക് കൊണ്ടുവരുന്ന നടുമുറ്റത്തിന്റെ പരിഷ്‌കൃതരൂപമായും ഇതിനെ കാണാം.

കിടപ്പുമുറിയോട് ചേര്‍ന്നാണ് ഇത്തരം ബാത്ത്‌റൂമിന്റെ നിര്‍മാണം. വീടിന്റെ പുറത്തുനിന്ന് ഇവിടേക്ക് നോട്ടം എത്താത്ത രീതിയില്‍ ചുറ്റുമതില്‍ കൊടുത്താണ് ഇത് പണിയുന്നത്. ഷവര്‍ വരുന്ന ഭാഗത്ത് മാത്രം മേല്‍ക്കൂര തുറന്നിരിക്കും. ആ ഭാഗത്ത് വെള്ളം ഒലിച്ചുപോകാന്‍ പറ്റിയ ഫ്‌ളോറിങ്ങാണ് നല്‍കേണ്ടത്. വെള്ളാരങ്കല്ലുകള്‍ പാകിയും പുല്ലുപിടിപ്പിച്ചുമൊക്കെ നിലം പ്രകൃതിദത്തമാക്കിയാല്‍ വെള്ളം ഒലിച്ചുപോകുന്നതിന് തടസ്സമാകില്ല.


രൂപകല്പന

വലിയ ബാത്ത്‌റൂമുകളാണ് ഇപ്പോള്‍ പൊതുവെ സ്വീകാര്യം. ഡ്രസ്സിങ്, ടോയ്‌ലറ്റ്, ഷവര്‍, ബാത്ത് ടബ് തുടങ്ങിയവയെല്ലാം ഒരുക്കണമെങ്കില്‍ അല്പം സ്ഥലം കൂടുതലായി കരുതുകയും വേണം. ഓപ്പണ്‍ ബാത്ത്‌റൂം പണിയാന്‍ ആഗ്രഹിക്കുന്നവരും ആദ്യം കണക്കിലെടുക്കേണ്ടത് ഇതുതന്നെയാണ്. അത്യാവശ്യം ഏരിയ ഉണ്ടെങ്കിലേ ഓപ്പണ്‍ ബാത്ത്‌റൂം ഉദ്ദേശിക്കുന്ന രീതിയില്‍ സജ്ജീകരിക്കാന്‍ പറ്റൂ. ബില്‍ഡ്അപ് ഏരിയയില്‍ വരുന്നില്ല എങ്കില്‍പോലും വിശാലമായ സ്ഥലസൗകര്യം ഓപ്പണ്‍ ബാത്ത്‌റൂമിനോട് ചേര്‍ന്ന് ഉണ്ടായിരിക്കണം.

ഓപ്പണ്‍ ബാത്ത്‌റൂമിന് സ്ഥലം കണ്ടെത്തിക്കഴിഞ്ഞാല്‍ അടുത്തനടപടി ഇതിന് മതിലുകള്‍ പണിയുകയാണ്. മതില്‍ അലങ്കാരമുള്ള ഫെന്‍സിങ് ഉപയോഗിച്ചോ പ്രകൃതിദത്തമായ മുള, തടിക്കഷ്ണങ്ങള്‍, പലകകള്‍ ഉപയോഗിച്ചോ ചുമര്‍ നിര്‍മിച്ചോ ഉണ്ടാക്കാം. ഓപ്പണ്‍ ബാത്ത്‌റൂമില്‍ മുഖ്യഘടകം സ്വകാര്യതയാണ്. പ്ലാനിങ്ങില്‍ ഇതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. മറ്റു റൂമുകളില്‍ നിന്ന് നോക്കിയാല്‍ കാണാത്തതും എന്നാല്‍ പ്രകൃതിഭംഗി പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലും ആയിരിക്കണം ഇതിന്റെ സ്ഥാനം നിശ്ചയിക്കാന്‍.

ഓപ്പണ്‍ ബാത്ത്‌റൂമില്‍ പ്രകൃതിയെ പുനരാവിഷ്‌കരിക്കാനായി നമ്മുടെ കാലാവസ്ഥയില്‍ എളുപ്പം വളരുന്ന ചെടികള്‍ വച്ചുപിടിപ്പിക്കാം. മുള്‍ചെടികള്‍ പരമാവധി ഒഴിവാക്കണം. എല്ലാ കാലാവസ്ഥയിലും പൂക്കളുണ്ടാവുന്ന ചെടികളാണെങ്കില്‍ മനസ്സിന് കുളിര്‍മയേകും. ശക്തമായ സൂര്യപ്രകാശം വീഴാനിടയില്ലാത്തതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ വളരുന്ന ചെടികളാണ് നല്ലത്. അധികം പടര്‍ന്നു പന്തലിക്കാത്ത വള്ളിച്ചെടികളും നന്നായിരിക്കും. ഓപ്പണ്‍ ബാത്ത്‌റൂമില്‍ മറ്റ് അലങ്കാരങ്ങള്‍ക്കും സ്‌കോപ്പുണ്ട്. കല്‍വിളക്കുകള്‍, മണ്‍പാത്രങ്ങള്‍, പാറക്കൂട്ടങ്ങള്‍, വിവിധവര്‍ണത്തിലുള്ള കല്ലുകള്‍ (പെബ്ള്‍സ്), സിമന്റ് തൊട്ടികള്‍ ഇവയെല്ലാം ഓപ്പണ്‍ ബാത്ത്‌റൂമിലെ ലാന്‍ഡ്‌സ്‌കേപ്പ് അലങ്കരിക്കാന്‍ ഉപയോഗിക്കാം. ഇതിനകത്താണ് ഓപ്പണ്‍ ബാത്ത്ടബ്, ഓപ്പണ്‍ ക്ലോസറ്റ് എന്നിവ വെയ്ക്കുന്നത്. പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ ആസ്വദിച്ച് ബാത്ത്‌റൂം അനുഭവം എന്നതിലുപരി മനസ്സിനെ ശാന്തമാക്കാനുള്ള ചികിത്സ ആയിട്ടുകൂടിയാണ് ജപ്പാന്‍കാര്‍ ഇതിനെ കാണുന്നത്.


സുരക്ഷ പ്രധാനം

ഓപ്പണ്‍ ബാത്ത്‌റൂമുകളെക്കുറിച്ചുള്ള ആശങ്ക അവയുടെ സുരക്ഷാസംവിധാനമാണ്. ചുറ്റും മതിലുകള്‍കൊണ്ട് അതിര്‍ത്തി നിര്‍ണയിച്ചുകഴിഞ്ഞാല്‍ മുകളില്‍ 15 സെ.മീ. അകലത്തില്‍ പര്‍ഗോള നിര്‍മിക്കുകയോ ഗ്രില്‍ ഘടിപ്പിക്കുകയോ ചെയ്താല്‍ ഒളിഞ്ഞുനോട്ടക്കാരെയും കള്ളന്മാരെയും തടയാം. ഈ സംവിധാനം ആറ് മീറ്റര്‍ ഉയരത്തില്‍ മുകളിലത്തെ നിലയില്‍ നല്‍കിയാല്‍ സുരക്ഷയില്‍ ആശങ്ക വേണ്ട. ബാത്ത്‌റൂമില്‍ ഡ്രസിങ് ഏരിയക്ക് സെപ്പറേഷന്‍ വേണമെന്നുള്ളവര്‍ക്ക് സണ്‍ഗ്ലാസ് ഉപയോഗിച്ച് സെപ്പറേഷന്‍ കൊടുക്കാം. അല്ലെങ്കില്‍ പ്രത്യേക കാബിന്‍ ഉണ്ടാക്കുന്നതും നന്നായിരിക്കും.
സ്ഥലപരിമിധികള്‍ ഉള്ള പ്ലാനാണെങ്കില്‍ ബാത്ത്‌റൂമിന്റെ വാഷിങ് ഏരിയയോട് ചേര്‍ന്നുവരുന്ന ഭാഗം തറയില്‍ നിന്ന് ജനല്‍ കൊടുത്ത് തുറക്കാവുന്ന സംവിധാനത്തില്‍ ഡിസൈന്‍ ചെയ്താല്‍ ഓപ്പണ്‍ ബാത്ത്‌റൂമിന്റെ അനുഭവം ഉണ്ടാക്കിയെടുക്കാം. അധികം വലിയ പൂന്തോട്ടത്തിന് സാധ്യത ഇല്ലാത്ത സ്ഥലമാണെങ്കില്‍ കുളിക്കുന്ന വെറ്റ് ഏരിയയുടെ മുകളില്‍ റൂഫ് സ്ലാബ് തുറന്നിട്ട് ഗ്രില്‍ ഇടുകയോ പര്‍ഗോള ഇടുകയോ ചെയ്താല്‍ കുളിക്കുന്ന വെറ്റ് ഏരിയ മാത്രം ഓപ്പണ്‍ ബാത്ത്‌റൂം പ്രതീതി ജനിപ്പിക്കും.

ഓപ്പണ്‍ ബാത്ത്‌റൂമുകളിലേക്ക് സാനിറ്ററി വെയറുകള്‍ തിരഞ്ഞെടുക്കന്നതിന് മറ്റ് ബാത്ത്‌റൂമുകള്‍ക്കുള്ള മാനദണ്ഡം തന്നെയാണ്. ക്ലോസറ്റുകളില്‍ ടൂപീസ്, സിംഗിള്‍ പീസ് ക്ലോസറ്റുകളാണ് നല്ലത്.

വാഷ്‌ബെയ്‌സനുകളില്‍ കൗണ്ടര്‍ ബെയ്‌സുകള്‍ക്കാണ് കൂടുതല്‍ പ്രിയം. ഓപ്പണ്‍ ബാത്ത്‌റൂമുകള്‍ അധിക ബാത്ത്‌റൂം എന്ന നിലക്കല്ല സാധാരണ ബാത്ത്‌റൂമുകള്‍ക്ക് പകരമായാണ്. അതുകൊണ്ട് ഇതൊരു അധികച്ചെലവാണ് എന്നു പറയാനും കഴിയില്ല. സാധാരണ ബാത്ത്‌റൂമുകള്‍ക്ക് ചെലവാക്കുന്ന തുക മതി ഇതിനും.


SocialTwist Tell-a-Friend
Related Stories: പ്രകൃതിയിലൊരു കുളിമുറി - Monday, January 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon