You are here: HOME » INDIA »
ചാറ്റല്‍മഴയിലെ വണ്ടുകള്‍
സുരേശന്‍ കാനം പയ്യന്നൂര്‍ Jayakeralam Malayalam News
Monday, 23 April 2012
ഇടവപ്പാതിയുടെ മണമുള്ള സന്ധ്യ. കാറ്റ്‌ മരച്ചില്ലകള്‍ക്കിടയിലൂടെ മൂളിപ്പറന്നു. ഓര്‍ക്കുമ്പോള്‍ ഹൃദയംതന്നെ വിങ്ങ്വാണ്‌. ഓര്‍ക്കാണ്ടിരിക്കാന്‍ ശ്രമിച്ചാലും ഏതെങ്കിലും നിമിഷത്തില്‍ എല്ലാം ഒന്നിച്ചു മനസ്സിലേക്കടിച്ച്‌ കയറും. തറവാട്ടില്‍ ഒന്നു പോയിവരണമെന്ന ചിന്ത ഏറെ നാളായി വലയ്ക്കുന്നു. ബാങ്കില്‍ തിരക്കുള്ള നാളുകളാണ്‌. തിരക്കുകളെല്ലാം കഴിഞ്ഞ്‌ തറവാട്ടിലേക്ക്‌ പോകാം എന്നു ധരിച്ചാല്‍ ഈ വര്‍ഷവും അങ്ങോട്ടുള്ള യാത്ര നടക്കില്ല. ഇന്നലെവരെ അത്തരത്തിലൊക്കെയായിരുന്നു ചിന്ത. ഇന്നലെ വൈകീട്ട്‌ ബാങ്കില്‍നിന്നും വരുമ്പോള്‍ രണ്ടും കല്‍പിച്ച്‌ മാനേജരെ കണ്ടു. ആവശ്യം പറഞ്ഞു. മാനേജര്‍ തിരക്കിനെക്കുറിച്ച്‌ പറയാതിരുന്നില്ല. പക്ഷേ, തന്റെ ആവശ്യം അതിലും വലുതായിരുന്നു. ഒടുക്കം മൂന്നുദിവസത്തെ ലീവനുവദിച്ചു.

നേര്‍ത്ത കുളിരുള്ള സന്ധ്യയിലാണ്‌ തറവാട്ടിലെത്തിച്ചേര്‍ന്നത്‌. ദീര്‍ഘയാത്ര. ചെന്നുകയറുമ്പോള്‍, രാഘവമ്മാമ വയ്യായ കാലത്തും എന്തൊക്കെയോ പെറുക്കിക്കൂട്ടുന്നുണ്ടായിരുന്നു. പിന്നാമ്പുറത്തുകൂടെ ചെന്നുകയറി എല്ലാവരേയും അത്ഭുതപ്പെടുത്തണമെന്നുണ്ടായിരുന്നു. പക്ഷേ, കഴിഞ്ഞില്ല. ഉമ്മറത്തുതന്നെ സൗദാമിനി ചെറിയമ്മ നില്‍പ്പുണ്ടായിരുന്നു.

"സദന്‍ വരുന്ന വരവാ... അല്ലേ... ത്ര തെരക്കിട്ട്‌... അതും സന്ധ്യയ്ക്ക്‌... വല്ല...?"

ലോഹ്യംചോദിച്ച്‌ ചെറിയമ്മ അകത്തുകടന്നു. അടുക്കളയില്‍നിന്നും ഒന്നുരണ്ടു പേരുടെ ശബ്ദം കേള്‍ക്കാം. അവരെ അറിയിക്കാനായിരിക്കണം ചെറിയമ്മയുടെ ഈ ധൃതിപിടിച്ച പോക്ക്‌. ഉമ്മറത്തെ പഴകിയ ചൂരല്‍ക്കസേരയില്‍ ഇരിക്കുമ്പോള്‍, പുറത്തെ തൊടിയിലേക്ക്‌ ആരെയോ ലക്ഷ്യംവെച്ച്‌ ചെറിയമ്മ ഒച്ചവെച്ചു.

"ചെര്‍പ്പളശ്ശേരീന്ന്‌ സദന്‍ വന്നിട്ടുണ്ട്‌... അപ്രത്ത്‌ ഓന്‍ തനിച്ചേള്ളു ട്ട്വോ..." - രാഘവമ്മാമ കാലും മുഖവും കഴുകി തൊടിയില്‍നിന്നും കയറിവന്നു. അടുക്കളഭാഗത്തെ കിളിവാതിലിലൂടെ ഒന്നുരണ്ടു കണ്ണുകള്‍ പാളിനോക്കുന്നുണ്ടായിരുന്നു. അവയില്‍ രണ്ട്‌ കുസൃതിക്കണ്ണുകള്‍ കാണുന്നുണ്ടോ എന്ന്‌ പരതി. പക്ഷേ കണ്ടില്ല. അതിനപ്പുറത്തെവിടെയോ അവളുണ്ടായിരിക്കണം. എന്തിനാലോ തനിക്ക്‌ ലഭിക്കാതെപോയെ മീനാക്ഷി!

വലിയമ്മ ഉമ്മറത്തേക്കു വന്നു. മുഖത്തുനിറയെ ചിരിയുമായാണ്‌ എപ്പോഴും വലിയമ്മയെ കാണുക. ഉറങ്ങുമ്പോള്‍ പോലും വലിയമ്മയുടെ മുഖത്ത്‌ ചിരി വിരിയാറുണ്ടെന്ന്‌ സൗദാമിനി ചെറിയമ്മയുടെ കണ്ടുപിടുത്തമായിരുന്നു. ചെറുപ്പത്തില്‍ ഒരിക്കല്‍ സൗദാമിനിച്ചെറിയമ്മ തന്നെയും മീനാക്ഷിയെയും കാരോളത്തെ വലിയച്ഛന്റെ പേരക്കുട്ടി സദാശിവനെയും കൂട്ടി, വലിയമ്മ ഉച്ചമയക്കം കൊള്ളുന്ന സമയത്ത്‌ പതുങ്ങിച്ചെന്ന്‌ നോക്കാറുണ്ട്‌... അപ്പോഴൊക്കെ ഒരു കുഞ്ഞിന്റെ എന്നതുപോലെയുള്ള ചിരി കാണാമായിരുന്നു വലിയമ്മയുടെ മുഖത്ത്‌.

"എന്താ... സദാ, നിനക്ക്‌ ചന്ദ്രികയെയും കുട്ടികളേം കൂട്ടാര്‍ന്നില്ലേ... അവരവിടെ തനിച്ച്‌... നവീനും സ്നേഹയും ഇക്കൊല്ലം എത്രംക്ലാസ്സിലാ...?"

വലിയമ്മയ്ക്കു മറുപടി പറയവെ, ചുറ്റും പരതുകയായിരുന്നു. അവിടെയൊന്നും കുസൃതി വിരിയുന്ന രണ്ടു കണ്ണുകള്‍ തെളിഞ്ഞില്ല. എന്തോ ഒരലോസരംപോലെ ആ അറിവ്‌ വേദനിപ്പിച്ചു.

ദീര്‍ഘയാത്രയായതിനാല്‍, ശരീരമാസകലം വേദനിച്ചിരുന്നു. അസ്ഥികള്‍ നുറുക്കിയിട്ടതുപോലുള്ള വേദന.

"വലിയമ്മേ, മീനാക്ഷി ഇല്ലേ ഇവിടെ... കണ്ടില്യാ..."

നിരാശയുടെ ഏതോ ഒരു നിഴല്‍പ്പാട്‌ വലിയമ്മയുടെ കണ്‍തടങ്ങളില്‍ കറുത്തുനിന്നിരുന്നു.

"ഉണ്ട്‌... പണ്ടത്തെ ചൊടീംല്യാണ്ടായില്യേ... ചിലപ്പോള്‍ മിണ്ടുകേം പറകേം ചെയ്യുന്നതു തന്നെ കഷ്ടിയാണ്‌... ന്‍ഘാ... എല്ലാം ഒരു യോഗം... നീ ഇതിനുമുമ്പ്‌ ആന്തൂര്‍കാവിലെ ചിറപ്പിനല്ലേ വന്നത്‌... കൊല്ലം എത്ര കഴിഞ്ഞു. നിന്നെ കണ്ടാല്‍ തന്നെ മനസ്സിലാകാതെയായി... അതിനുശേഷം എന്തൊക്കെ സംഭവങ്ങളാണ്‌ ഉണ്ടായത്‌...!"

വലിയമ്മയുടെ സ്വരത്തില്‍ കുറ്റപ്പെടുത്തലുണ്ടോ...? ശരിയാണ്‌, ഞാനിവിടമൊക്കെ മറന്നതുപോലെയല്ലേ. ഇവരൊക്കെ അങ്ങനെ ചിന്തിക്കുന്നുണ്ടെങ്കില്‍ത്തന്നെ അത്‌ തെറ്റാണോ...! എത്ര വര്‍ഷങ്ങള്‍! പക്ഷേ... സ്നേഹബന്ധങ്ങള്‍ക്ക്‌ ശക്തിയില്ലാത്തതുകൊണ്ടല്ല വരാതിരുന്നതെന്ന്‌ പറഞ്ഞാല്‍ ആരാണ്‌ എന്നെ മനസ്സിലാക്കുക... മനസ്സിന്റെ വിങ്ങലുകള്‍ ആര്‍ക്കാണ്‌ മനസ്സിലാവുക... ഏറ്റവും ഒടുവില്‍ വന്നത്‌, ഏറെ വര്‍ഷങ്ങള്‍ക്കുശേഷം നടന്ന ആന്തൂരെ ഉത്സവത്തിനുതന്നെയാണ്‌... ഓര്‍മ്മയിലുണ്ട്‌ എല്ലാം... അന്ന്‌ ചന്ദ്രികയേയും നവീനിനെയും കൂട്ടിയിരുന്നു. അന്നവന്‍ കൈക്കുഞ്ഞായിരുന്നു. ഒന്നോ രണ്ടോ ദിവസം... കാവിലെ വേല കഴിയുന്നതിനുമുമ്പേ ചന്ദ്രിക പറഞ്ഞു.

"എനിക്കിവിടുത്തെ മട്ടുംമാതിരിയൊന്നും പിടിക്കണില്യാ... വെട്ടം വീഴാത്ത ഇടനാഴികളില്‍ പഴുതാരകളുടെ മണം, എവിടെ നോക്കിയാലും വൃത്തികെട്ട പാറ്റകള്‍... എനിക്ക്‌ തീരെ സഹിക്കണില്ല. ഇന്നുതന്നെ മടങ്ങണം. അവിടെയാണെങ്കില്‍ ഒരൂട്ടം ജോലിയുണ്ടെനിക്ക്‌. ഇവിടുത്തെ ഓരോ പെണ്ണുങ്ങളുടെ കൊഞ്ചലും കൊഴയലും കാണുമ്പോ..." - ചന്ദ്രിക മുഖംവീര്‍പ്പിച്ചു.

അവളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങേണ്ടിവന്നു. പടിയിറങ്ങുമ്പോള്‍, എന്തേ കാര്യമെന്ന്‌ ചോദിച്ച വലിയമ്മയോട്‌ കള്ളം പറഞ്ഞു:
"ചന്ദ്രികയ്ക്ക്‌ ജോലിത്തിരക്കുള്ള കാലമാണ്‌. മൂന്നുദിവസം തന്നെ നിന്നത്‌ നിര്‍ബന്ധിച്ചിട്ടാ..."

വലിയമ്മ വിശ്വസിച്ചുവോ എന്തോ...!

എല്ലാം മീനാക്ഷിയോട്‌ പറഞ്ഞിരുന്നു.

"ചന്ദ്രികയ്ക്ക്‌... ഒന്നും സഹിക്കണില്ല. നീ എന്റടുത്ത്‌ ഇങ്ങനെ സ്വാതന്ത്ര്യത്തോടെ പെരുമാറുന്നതും... വലിയമ്മയും ചെറിയമ്മയും രാഘവമ്മാമയും... എല്ലാവരും ഇത്രേം സ്നേഹം വാരിക്കോരി എന്റടുത്ത്‌ ചെലവഴിക്കുന്നതും ഒന്നും അവള്‍ക്ക്‌ പിടിക്കണുണ്ടാവില്ല. അല്ലാണ്ടെന്താ... പോട്���െ... സ്നേഹത്തിന്റെ മഹിമ മനസ്സിലാക്കാന്‍ എല്ലാവര്‍ക്കും പെട്ടെന്ന്‌
വരില്ലല്ലോ... മീനാക്ഷി, തിരിച്ചുതരാന്‍ കഴിയാത്ത സ്നേഹത്തിന്റെ ഭാരം ഞാനും മനസ്സില്‍ വഹിക്കുന്നുണ്ട്‌..."

അന്ന്‌ മീനാക്ഷി ഏറെ കരഞ്ഞിരിക്കണം. വീട്ടിലെ എല്ലാവരും കാവില്‍ പോയിരിക്കുകയായിരുന്നു. വലിയമ്മ അടുക്കളയില്‍ എന്തോ ജോലിത്തിരക്കിലായിരുന്ന നേരത്താണ്‌, മീനാക്ഷി കോണികയറി മുകളിലേക്കു വന്നത്‌. താഴെ തൊടിയിലുള്ള മുല്ലയുടെ പടര്‍പ്പുകള്‍ മറതീര്‍ത്ത മുകളിലെ വരാന്തയിലെ ചൂരല്‍ക്കസേരയില്‍ അകലത്തെ പാടങ്ങളിലേക്ക്‌ വെറുതെ നോക്കിയിരിക്കുകയായിരുന്നു അപ്പോള്‍. സംസാരത്തില്‍ നഷ്ടബോധ ചിന്തകള്‍ കടന്നുവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പഴയ കാര്യങ്ങളെല്ലാം മറക്കാന്‍ അന്നവളോട്‌ പറഞ്ഞു. വളരെ എളുപ്പം ഉരുക്കഴിക്കാവുന്ന നിര്‍ജ്ജീവങ്ങളായ സാന്ത്വന വാക്കുകള്‍!

"എല്ലാം ദൈവനിശ്ചയമാണ്‌. നമുക്ക്‌ രണ്ടുപേര്‍ക്കുമുള്ള ജീവിതം വിധിച്ചിട്ടില്ലാന്ന്‌ കരുത്വാ... അത്രയും ചെയ്യണം നമ്മള്‍..."

മീനാക്ഷിയെ സ്വന്തമാക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ എന്തിനെന്നറിയാതെ തറവാട്ടു കാരണവര്‍ ക്ഷോഭിച്ചത്‌.... ആരെയും എതിര്‍ക്കാന്‍ അന്ന്‌ കഴിഞ്ഞിരുന്നില്ല.

ഒരുപക്ഷേ, തന്റെ വിവാഹം തീരുമാനിച്ചപ്പോള്‍, തന്നെ സ്വാര്‍ത്ഥനെന്ന്‌ അവള്‍ കരുതിയിരിക്കുമോ... ഇല്ല, അവളുടെ മനസ്സ്‌ അങ്ങനെയൊന്നുമായിരുന്നില്ലല്ലോ. ഒടുക്കം അവളെല്ലാം സമ്മതിച്ചിരിക്കണം. അടുക്കളയില്‍നിന്നും വലിയമ്മയുടെ ശബ്ദമുയര്‍ന്നപ്പോള്‍, അന്നവള്‍ ധൃതിയില്‍ ഇറങ്ങിപ്പോയതാണ്‌. പോകുമ്പോള്‍ അവള്‍ കണ്ണീരു തുടയ്ക്കുന്നുണ്ടായിരുന്നു... പിന്നീട്‌ അടുത്തുനിന്നും കാണാന്‍ പേറ്റെര്‍ന്നില്ല.

മീനാക്ഷിയുടെ കല്യാണം നിശ്ചയിച്ചപ്പോള്‍ വലിയമ്മയുടെ ക്ഷണക്കത്തുണ്ടായിരുന്നു. കൂടെ മീനാക്ഷിയുടെ കൈപ്പടയിലുള്ള ഒരു കത്തും.

"വരണമെന്നില്ല... ഒന്നും കാണാണ്ടെ കഴിക്കാലോ... ഗുരുവായൂര്‌ വെച്ചാണ്‌ കല്യാണം. രാഘവമ്മാമയും മറ്റുള്ളവരും നിരര്‍ബന്ധിച്ചപ്പോള്‍ മൂളി.... അത്രേള്ളു... വലിയമ്മ ഒരുപാട്‌ ഗുണദോഷിച്ചു. നമ്മുടെ ബന്ധം വലിയമ്മയ്ക്ക്‌ അറിയാര്‍ന്നൂന്ന്‌ തോന്നുന്നു. ആളെങ്ങനെയുണ്ടെന്നു പോലും അറീല്യാ... ഒരുപക്ഷേ, ഇനിയൊരിക്കലും ഇതുപോലെ എഴുത്ത്‌ എഴുതാന്‍ കഴിയില്ലല്ലോ! ലോകത്തെവിടെയാണെങ്കിലും നല്ലതുമാത്രം വരുത്തണേ എന്ന പ്രാര്‍ത്ഥനയേയുള്ളു എനിക്ക്‌... എന്ന്‌ മീനാക്ഷി..."

ആരും ശബ്ദിക്കുന്നില്ല. സന്ധ്യയുടെ കനത്ത്‌ ഇരുട്ട്‌ പുറത്തെ തൊടിയില്‍ ഒരു മറയായി മാറി. വലിയമ്മ ഉമ്മറപ്പടിയില്‍ പുറത്തെ ഇരുട്ടിലേക്ക്‌ കണ്ണയച്ചിരിക്കുകയായിരുന്നു. ഒരുപാട്‌ ഓര്‍മ്മകള്‍ അവരെ നോവിക്കുന്നുണ്ടായിരിക്കണം. ഓര്‍മ്മകള്‍ക്കെപ്പോഴും വേദനയുടെ അകമ്പടിയായിരുന്നല്ലോ അവര്‍ക്ക്‌ ജീവിതം സമ്മാനിച്ചത്‌...!

"ആള്‌... സ്നേഹോള്ളവനായിരുന്നു. പക്ഷേ, വാഴാന്‍ യോഗമുണ്ടായില്ല... അത്രതന്നെ..." - വലിയമ്മ പറഞ്ഞു.

"ഒരുദിവസം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒന്നു ചുമച്ചു, പിന്നെ കുഴഞ്ഞുവീണു. വൈദ്യരെ കാണിച്ചു. പക്ഷേ... ന്റെ പെണ്ണിന്‌ ഭാഗ്യമുണ്ടായില്ല. അറിഞ്ഞുകൊണ്ട്‌ ആര്‍ക്കും ഒരു തെറ്റും ന്റെ മോള്‌ ചെയ്തിട്ടില്യാ... അന്തിത്തിരി വെക്കുന്ന ദൈവങ്ങളു പോലും കൈവിട്ടു... എല്ലാം അനുഭവിക്കണംന്നായിരിക്കും..."

വലിയമ്മ കണ്ണീരൊപ്പി. നിസ്സഹായതയുടെ ഒരു നെടുവീര്‍പ്പ്‌ ! രാഘവമ്മാമ തൊടിയിലേക്കിറങ്ങി. ഒന്നും കേള്‍ക്കാന്‍ കഴിയണുണ്ടാവില്ല. ഇരുളില്‍ കനപ്പെട്ടു നില്‍ക്കുന്ന മഞ്ഞുപോലെ തുളസിത്തറയ്ക്കടുത്തിരുന്നു.

പിറ്റേന്ന്‌ നേരിയ മഴച്ചാറല്‍ തുടങ്ങിയിരുന്നു. അന്തരീക്ഷത്തില്‍ മഴയുടെ ഈര്‍പ്പം തങ്ങിനിന്നിരുന്നു. വെറുതെ ആലോചിച്ചുപോയതാണ്‌ സ്നേഹത്തിന്റെ ഭഗ്നതകളെക്കുറിച്ച്‌. തന്റെ ജീവിതത്തിന���റെ ആകാശമേലാപ്പിലൂടനീളം ഉരുണ്ടുകൂടിയ മേഘങ്ങള്‍ പോലെ സ്നേഹാസ്വാസ്ഥ്യങ്ങള്‍... ഇത്തരം അസ്വാസ്ഥ്യങ്ങളില്‍നിന്നും രക്ഷ തേടിയല്ലേ ഇവിടെ വന്നത്‌...
ചന്ദ്രികയുടെ പല പെരുമാറ്റങ്ങളും തനിക്കു പിടിക്കുന്നില്ല. അവള്‍ അവളുടേതായ ഒരു ലോകം സൃഷ്ടിച്ചുവെച്ചിരിക്കുന്നു. കൂട്ടുകാര്‍... സല്‍ക്കാരങ്ങള്‍... പൊട്ടിച്ചിരി... അവളുടെ കൂട്ടുകാരാണെന്നും പറഞ്ഞ്‌ ധാരാളം പേര്‍ വീട്ടില്‍ കയറിവരും... നേരവും കാലവും നോക്കാതെ...

ചോദിച്ചപ്പോള്‍ ഒരിക്കലവള്‍ പറഞ്ഞു:

"സദേട്ടന്‍ കോംപ്ലക്സ്‌ കൊണ്ടു പറയുന്നതാ... ഞാന്‍ ഒരു എല്‍.ഐ.സി. ഏജന്റാണ്‌. അപ്പോള്‍ പലരേം കാണുകേം വര്‍ത്തമാനം പറകേം ചെയ്യേണ്ടതുണ്ട്‌. എനിക്കുവേണ്ടീട്ടല്ലല്ലോ... ഒരാളുടെ വരുമാനംകൊണ്ട്‌ ഇന്നെന്താവാനാ... അതിനിങ്ങനെ സംശയവുമായി കഴിഞ്ഞാല്‍ എനിക്കെന്താ ചെയ്യാന്‍ കഴിയാ..."

വിശദീകരണത്തിലെ പൊരുളുകളില്‍ വിശ്വസിച്ചു. പക്ഷേ, ദിനേന അവളുടെ തിരക്കും പെരുമാറ്റവും അസഹനീയമായിത്തുടങ്ങി. പലരും പലരേയും ചേര്‍ത്ത്‌ അവളുടെ നടപടി ദൂഷ്യത്തേക്കുറിച്ച്‌ പറയാന്‍ തുടങ്ങിയപ്പോള്‍ അടങ്ങിയിരിക്കാനായില്ല. ഒന്നും രണ്ടും പറഞ്ഞ്‌ ബഹളമായി. ഒരേ മേല്‍ക്കൂരയ്ക്കു താഴെ രണ്ട്‌ സമാന്തരജീവിതങ്ങള്‍. അസഹ്യമായിരുന്നു അതൊക്കെ. മക്കള്‍ക്കു വേണ്ടി എല്ലാം ക്ഷമിച്ചു. ഇനി എന്ത്‌ എന്ന്‌ മനസ്സില്‍ പലവട്ടം ചോദ്യമുയര്‍ന്നതാണ്‌. പക്ഷേ, ഒന്നിനും ഉത്തരം കണ്ടെത്താനായില്ല. എന്തുചെയ്യണമെന്നും.

സന്ധ്യയ്ക്ക്‌ പുതുമണ്ണിളക്കിപ്പെയ്ത ഒരു മഴയ്ക്കുശേഷം തറവാട്ടുപടിക്കലേക്ക്‌ കയറുന്ന പടിക്കെട്ടിലിരുന്ന്‌ മീനാക്ഷിയോട്‌ എല്ലാം പറയുമ്പോള്‍ തന്റെ വ്യാകുലതകള്‍, നിസ്സഹായാവസ്ഥ അവളെ ബോധ്യപ്പെടുത്തണമെന്നേ ആഗ്രഹിച്ചിരുന്നുള്ളു.

വേലിക്കല്‍ പൂത്തുനിന്നിരുന്ന മഞ്ഞക്കോളാമ്പിയുടെ കീഴില്‍നിന്നും അന്തരീക്ഷത്തിലേക്ക്‌ തുമ്പ��കള്‍ വട്ടമിട്ടു പറന്നുകൊണ്ടിരുന്നു. അവയുടെ മുരള്‍ച്ച. ഒന്നുരണ്ടു തുമ്പികള്‍ മീനാക്ഷിയുടെ വിടര്‍ത്തിയിട്ട മുടിയില്‍ പറ്റിച്ചേര്‍ന്നു. മെല്ലെ അവയെ തട്ടിമാറ്റാന്‍ വെമ്പിക്കൊണ്ട്‌ കൈകള്‍ നീട്ടി. മുടിയെ സ്പര്‍ശിച്ചു... മീനാക്ഷി ഒഴിഞ്ഞുമാറി.

"ചന്ദ്രിച്ചേച്ചിയോട്‌ സദേട്ടന്‍, ഇങ്ങനെ ദേഷ്യംവെച്ച്‌ നടന്നിട്ട്‌ കാര്യൂല്ല. സ്നേഹത്തിന്റെ വിലയെക്കുറിച്ച്‌ രണ്ടുപേര്‍ക്കുമറിയാല്ലോ. എന്നിട്ടും വെറുതെ അറിഞ്ഞുകൊണ്ട്‌ ചവിട്ടിമെതിച്ച്‌... നിങ്ങള്‍ അകലരുത്‌. കുട്ടികളെ ഓര്‍ക്കണം, എനിക്ക്‌ പിറക്കാതെപോയ സദേട്ടന്റെ കുട്ടികളാണവര്‌... ചന്ദ്രിച്ചേച്ചിക്ക്‌ തെറ്റ്‌ മനസ്സിലാകുമ്പോ... എല്ലാം ശരിയാവും. ഞാന്‍ പ്രാര്‍ത്ഥിക്കും എന്നും... അത്രയല്ലേ എനിക്ക്‌ ചെയ്യാനാകൂ... സദേട്ടന്റെ മനസ്സിലും ഇപ്പോ... വേണ്ട, ഞാനൊന്നും പറയണില്ല. സ്നേഹത്തിന്റെ ഇഴകള്‍ വളരെ നേര്‍ത്തതാണ്‌... അത്‌ പൊട്ടിപ്പോകാതെ നോക്കണം... എനിക്കുവേണ്ടിയെങ്കിലും..."

വിരിഞ്ഞുനില്‍ക്കുന്ന കോളാമ്പിയുടെ മണം, വണ്ടിന്റെ മുരളല്‍... മീനാക്ഷിയുടെ വാക്കുകള്‍ ഒരു ഗുരുവില്‍നിന്നെന്നപോലെ...

"... ഭര്‍ത്താവ്‌ മരിച്ചിട്ടും ഞാനിന്നും ഇത്തറവാട്ടില്‍ കഴിയുന്നതിന്‌ കാരണവും മറ്റൊന്നല്ല. വലിയമ്മ, ചെറിയമ്മ, രാഘവമ്മാമ, പാര്‍വേടത്തി... ഒക്കെ വേണ്ടപ്പെട്ടവരാണെന്ന തോന്നല്‍... അല്ലെങ്കില്‍ ഞാനെന്നേ...! ഒന്നേ മനസ്സില്‍ വിചാരിക്കേണ്ടൂ, നമ്മെ സ്നേഹിക്കുന്നവര്‍ നമ്മുടെ ഇത്തിരിവട്ടത്തിനു ചുറ്റും ഉണ്ടെന്ന്‌. അത്രേ വേണ്ടൂ..." - മീനാക്ഷിയുടെ കണ്ഠമിടറിയിരുന്നു. ഇരുട്ടിലും അവളുടെ കണ്ണുകളില്‍ നീരിന്റെ തിളക്കം.

മീനാക്ഷിയുടെ കവിളുകളെ കണ്ണീരു നനച്ചപ്പോള്‍ പതുക്കെ അവളെ ചേര്‍ത്തുപിടിച്ചു. സാന്ത്വനത്തിന്റെ ഒരു മുഖമായിരുന്നു അയാള്‍ക്കപ്പോള്‍. അവളെ, ഒരു കൊച്ചുകുട്ടിയെ എന്നപോലെ അയാള്‍ സമാശ്വസിപ്പിച���ചു. മീനാക്ഷിയുടെ മുടിക്കെട്ടില്‍നിന്നും വണ്ടുകള്‍ കൂട്ടത്തോടെ അന്തരീക്ഷത്തിലേക്കുയര്‍ന്നു. അല്‍പനിമിഷത്തേക്ക്‌ വണ്ടുകളുടെ മുരള്‍ച്ച മാത്രം അന്തരീക്ഷത്തില്‍ ശബ്ദമുണ്ടാക്കി. ഒപ്പം അവരെ നനച്ചുകൊണ്ട്‌ മഴ ചാറാന്‍ തുടങ്ങി.


SocialTwist Tell-a-Friend
Related Stories: ചാറ്റല്‍മഴയിലെ വണ്ടുകള്‍ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon