You are here: HOME » PERCEPTIONS »
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Friday, 20 April 2012
ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെ അനാഥമായി കിടക്കുന്നു ദുബായ്. തൊട്ടടുത്ത്്് ആരവങ്ങളില്ലാതെ അബുദാബിയും ഷാര്‍ജയും. ദുബായില്‍ പൂര്‍ത്തിയാവാതെ കിടക്കുന്ന ഒരു ഭീമന്‍ കെട്ടിടത്തിന്റെ അസ്ഥിക്കൂടങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ സുഹൃത്ത് ജയരാജ് ഒരു പഴങ്കഥ പറഞ്ഞു. ''ലോകത്തെ മൊത്തം ക്രെയിനുകളുടെ 20 ശതമാനം പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഈ ദുബായ്. ഇപ്പോള്‍ ഒന്നിന്റെയെങ്കിലും മൂളക്കം കേള്‍ക്കുന്നുണ്ടോ'' ട്രക്ക് ഡ്രൈവറായ തനിക്ക് അന്നൊക്കെ വണ്ടിയില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും സമയമില്ലാത്തത്ര തിരക്കായിരുന്നുവെന്ന് സുഹൃത്ത്് ഓര്‍മിച്ചു. ഇപ്പോള്‍ ജോലി മൂന്നിലൊന്നായി ചുരുങ്ങിപ്പോയിരിക്കുന്നു.

ഞങ്ങളുടെ ആശങ്കകള്‍ക്ക് ഇടയിലേക്ക് ഇതിനിടെയതാ ഒരാള്‍ ഇടിച്ചുകയറി വന്നുനില്‍ക്കുന്നു. ഒരു ഭീമാകാരന്‍ അറബി ''ലേശ് ഇന്ത ഈജി മിന്നി'' മലബാറികളെ നിങ്ങള്‍ക്കെന്താണിവിടെ കാര്യമെന്ന് മൊഴിമാറ്റം. മാന്ദ്യത്തിന്റെ കഥയാണ് വിഷയമെന്ന് അറിഞ്ഞപ്പോള്‍ അറബി പെട്ടെന്ന്് ചങ്ങാതിയായി. പണി പാതിയില്‍ നിലച്ച പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഗ്രൗണ്ട്ഫ്ലോറില്‍നിന്ന് രാജ്യത്തെ സാമ്പത്തികത്തകര്‍ച്ചയുടെ കഥപറഞ്ഞു അദ്ദേഹം. എല്ലാം വിധിയെന്ന മട്ടില്‍ മുകളിലേക്ക് നോക്കി ഒരു അശരീരി പോലെ അറബിയുടെ അവസാനത്തെ ഡയലോഗ് ''മലബാറികള്‍ അധ്വാനികളാ. പക്ഷേ ഇനി അധികകാലമൊന്നും നിങ്ങളുടെ വേല ഇവിടെ വിളയില്ല. തൊഴിലെല്ലാം ഇനി ഞങ്ങള്‍ തന്നെ ചെയ്യും.'' ഒരു കൊച്ചുസമൂഹത്തിന്റെ പ്രത്യാശയ്ക്കുമേല്‍ ആണിയടിച്ചുകൊണ്ട് അയാള്‍ നടന്നകന്നു. ആളുകളെ ഗള്‍ഫിലേക്ക് കയറ്റിവിട്ട് ജീവിക്കുന്ന കൊച്ചുകേരളത്തിന്റെ വിധിക്കുനേരെ ആ വാക്കുകള്‍ കൊഞ്ഞനംകുത്തി. ക്ഷീണം തീര്‍ക്കാന്‍ കുറച്ചുദൂരെയുള്ള കഫറ്റീരിയയിലേക്ക് കയറി ഞങ്ങള്‍ രക്ഷപ്പെട്ടു.

ചായക്കട ജീവിതങ്ങള്‍


കേരളം ഗള്‍ഫിനെ പ്രേമിച്ചുതുടങ്ങുന്നത് 1970കളിലാണ്. ആ പ്രണയമാണ് നമ്മുടെ നാടിനെയാകെ മാറ്റിത്തീര്‍ത്തത്. മണിയോര്‍ഡറുമായി പോസ്റ്റ്മാന്‍ പരക്കംപാഞ്ഞകാലം,അന്നൊരു വിസയായിരുന്നു ഏറ്റവും വലിയ സ്ത്രീധനം.'' പഴയ കാലത്തിന്റെ കൗതുകങ്ങളിലേക്ക് ഊളിയിട്ടുപോയി കരുനാഗപ്പള്ളിക്കാരന്‍ മുസ്തഫ. ഈ ചായക്കടയുടെ മുതലാളികൂടിയാണ് അല്പം സാഹിത്യപ്രേമിയായ മുസ്തഫ. പ്രധാന തൊഴിലാളിയും കക്ഷി തന്നെ. മലയാളി ഏറ്റവും വേഗത്തില്‍ ജീവിതം കരുപ്പിടിപ്പിച്ച ഇടങ്ങളാണ് ഈ കഫറ്റീരിയകള്‍. യു.എ.ഇ.യില്‍ മാത്രമുണ്ട് മൂവായിരത്തിലധികം ചായക്കടകള്‍. മലയാളികളുടെ സ്വന്തം.

''പക്ഷേ ഇതൊക്കെ ഇനി എത്രകാലമെന്നാര്‍ക്കറിയാം. എല്ലാവരും കെട്ടുമുറുക്കി കഴിഞ്ഞു. ഏതുനിമിഷവും തിരിച്ചുപോവേണ്ടി വരുമെന്ന ഭീതിയിലാണ് ഞങ്ങള്‍.'' അരികിലെ ചില്ലുകൂട്ടില്‍നിരന്നുകിടക്കുന്ന കായപ്പത്തിനും ഉണ്ണിയപ്പത്തിനും സുഖിയനുമിടയില്‍ പ്രിയപ്പെട്ട പഴംപൊരി തിരയുന്നതിനിടയില്‍ മുസ്തഫ ഓര്‍മിപ്പിച്ചു.

കുടിയേറ്റത്തെക്കുറിച്ച് കേരളത്തില്‍ അടുത്തകാലത്തുനടന്ന പഠനങ്ങളും മുസ്തഫയുടെ ഈ ആധി ശരിവെക്കുന്നുണ്ട്. 1998ല്‍ 7.4 ലക്ഷംപേര്‍ വിദേശത്തുനിന്ന് കേരളത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. കൃത്യം പത്തുവര്‍ഷം കഴിയുമ്പോള്‍ 11.5 ലക്ഷമായി ഉയര്‍ന്നു തിരിച്ചുവന്നവരുടെ സംഖ്യ. തൊട്ടടുത്ത മൂന്നുവര്‍ഷങ്ങള്‍ കൊണ്ട് അത് 13 ലക്ഷത്തില്‍ തൊട്ടു. 2015 ഓടെ 15.8 ലക്ഷം പ്രവാസികള്‍ കേരളത്തില്‍ തിരിച്ചെത്തിയേക്കും. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ ഈ പഠനം ഒരു മുന്നറിയിപ്പാണ്. നൂറുവീടെടുത്തുനോക്കിയാല്‍ 24 ഇടത്തും ഗള്‍ഫുകാരുള്ള കേരളത്തിനുള്ള ഒരു താക്കീത്.

മുസ്തഫയുടെ ആധിക്കൊപ്പം മനസ്സുപായിച്ച രഘുനാഥിന്റെ ഓര്‍മയില്‍ തെളിഞ്ഞുവന്നത് അല്‍പം മുമ്പുള്ള മറ്റൊരു പ്രതിസന്ധികാലം.
''ഒന്നാം ഗള്‍ഫ് യുദ്ധം നടക്കുമ്പോഴും ഇതേപോലെ ബഹളമുണ്ടായിരുന്നു. മലയാളികളെല്ലാം വിറളിപിടിച്ച് നാട്ടിലേക്ക് പാഞ്ഞു. ഇതാ ഗള്‍ഫിന്റെ നല്ല കാലം അവസാനിച്ചെന്നായി എല്ലാവരും. പക്ഷേ യുദ്ധം കഴിഞ്ഞപ്പോള്‍ പോയവരെല്ലാംതന്നെ തിരികെയെത്തി. ഇന്ത്യയില്‍ പ്ലേഗ് പടര്‍ന്നപ്പോഴും ഇതേ പ്രശ്‌നങ്ങളുണ്ടായി. അവധിക്കുവന്നവര്‍ക്ക് തിരിച്ചുപോവാന്‍ വിലക്ക് . അപ്പോഴും നമ്മളത് മറികടന്നു. ഏറ്റവുമൊടുവില്‍ രണ്ടുവര്‍ഷംമുമ്പ് സാമ്പത്തികമാന്ദ്യം വന്ന് ഗള്‍ഫിന്റെ കഴുത്തിന് പിടിച്ചപ്പോഴും ഒരുപാട് മലയാളികള്‍ക്ക് ജോലിപോയി. അതിന്റെ വിഷമം തീരുംമുമ്പിതാ ജനാധിപത്യപ്രക്ഷോഭങ്ങളുടെ വരവായി.'' അതും മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ട്രാവല്‍ ഏജന്‍സിയില്‍ അക്കൗണ്ടന്റായ രഘുനാഥന്റെ സംസാരം. ഗള്‍ഫില്‍ ജീവിക്കുന്ന 25 ലക്ഷം മലയാളികളിലുമുണ്ട് ഈ പ്രത്യാശ. ഗള്‍ഫിലെ എണ്ണ പോലെ ഒരിക്കലും വറ്റിപ്പോവാത്ത ചില പ്രതീക്ഷകള്‍.

''യുദ്ധം പോലുള്ള സാഹചര്യങ്ങളൊക്കെ ഉണ്ടായാല്‍ ആളുകള്‍ ഇനിയും കൂട്ടത്തോടെ കൂടൊഴിഞ്ഞുപോരും. പിന്നെ മലയാളിക്കൊരു ഗുണമുണ്ട്. പരമാവധി പിടിച്ചുനിന്നിട്ടും രക്ഷയില്ലെങ്കിലേ തിരിച്ചുപോക്കിനെക്കുറിച്ച്് ആലോചിക്കൂ. കാരണം വലിയ തുക കടം വാങ്ങിപോവുന്നതാണ് ഭൂരിപക്ഷവും.'' സി.ഡി.എസ്സിലെ പ്രൊഫ.എസ്.ഇരുദയരാജന്‍ പറയുന്നു. ''എണ്ണയ്ക്ക് വില കൂടിക്കൊണ്ടിരിക്കുന്നിടത്തോളം കാലം ഗള്‍ഫില്‍ അവസരങ്ങളുണ്ടാവും. ഒരു പത്തുവര്‍ഷത്തേക്കെങ്കിലും മലയാളിക്ക് ഗള്‍ഫ് പൊന്മുട്ടയിടുന്ന താറാവുതന്നെയായിരിക്കും.'' അദ്ദേഹം ആശ്വസിപ്പിക്കുന്നു.


ഒളിവിലെ അഭയാര്‍ത്ഥികള്‍


ദുബായിലെ നാഷണല്‍ പെയിന്റ്‌സ്. അന്യരാജ്യ തൊഴിലാളികളുടെ ആ പ്രധാനതാവളത്തില്‍ ഒളിവുകാലത്തിലായിരുന്നു കാസര്‍കോട്ടുകാരന്‍ ഷംസുദ്ദീന്‍. നാട്ടിലേക്ക് തിരിച്ചുപോകാന്‍ കെട്ടുമുറുക്കുന്നതിനിടയിലാണ് ഷംസു സ്വന്തം കഥ പറയുന്നത്. '2005ല്‍ കുവൈത്തിലേക്കാണ് പോയത്,കഫറ്റീരിയയിലായിരുന്നു ജോലി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ സ്‌പോണ്‍സര്‍ എന്നെ ഇറാഖ്-ഇറാന്‍ അതിര്‍ത്തിയിലുള്ള കമ്പനിയിലേക്ക് സ്ഥലംമാറ്റി. ഇറാക്കില്‍ തമ്പടിച്ചിരുന്ന അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് ഭക്ഷണം എത്തിക്കുന്ന കമ്പനിയായിരുന്നു അത്. ദിവസം രണ്ട് ഷിഫ്റ്റിലൊക്കെ ജോലി ചെയ്യണം. 16 മണിക്കൂറൊക്കെ ഇടതടവില്ലാത്ത ജോലി. ആഴ്ചയില്‍ ഏഴുദിവസവും വിശ്രമമില്ലാതെ പണിയെടുത്തു. ആകെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കുറച്ചുനേരം വിശ്രമിക്കാന്‍ നേരം കിട്ടും. 15 മാസം പുറംലോകം കണ്ടിരുന്നില്ല. അന്നൊന്നും ഫോണില്ല,നാട്ടിലോട്ട് വിളിക്കാനുമാവില്ല. പാസ്‌പോര്‍ട്ട് സ്‌പോണ്‍സറുടെ കൈയിലാണ്. ശമ്പളം കൃത്യമായി കിട്ടിക്കൊണ്ടിരുന്നു,പക്ഷേ പറഞ്ഞതിന്റെ നാലിലൊന്ന് മാത്രം.'' അക്കാലത്തുവന്ന അസുഖം തനിക്ക് ഭാഗ്യമായെന്ന പക്ഷക്കാരനാണ് ഷംസുദ്ദീന്‍. അതോടെ കമ്പനി ഇയാളെ നാട്ടിലേക്ക് കയറ്റിവിട്ടു.

പിന്നെങ്ങനെ ഷംസു ദുബായിലെത്തി?ചെറുചിരിയോടെ അയാള്‍ മറുപടിക്ക് പരതി ''എന്റിഷ്ടാ,നാട്ടില്‍പ്പോയി എത്രകാലമാ വെറുതെ നില്‍ക്കുക. ചെല്ലുമ്പോള്‍ തന്നെ ആളുകള്‍ ചോദിച്ചത് എത്രമാസം ലീവുണ്ടെന്നാണ്. അങ്ങനെ ആറുമാസം കഴിയുംമുമ്പേ മറ്റൊരു ഭാഗ്യപരീക്ഷണം'' ദുബായില്‍ വിസിറ്റ് വിസയില്‍ വന്നു ജോലി തിരയുകയായിരുന്നു ഈ യുവാവ്. പുതിയ ജോലി സാധ്യതകള്‍ മങ്ങിത്തുടങ്ങിയതോടെ ഷംസുവും മറ്റൊരു മടങ്ങിപ്പോക്കിന്റെ വക്കിലാണ്. ഇങ്ങനെ മടങ്ങിപ്പോവാനൊരുങ്ങുന്ന ഒരാളുടെയെങ്കിലും കഥ പറയാനുണ്ട് കണ്ടുമുട്ടുന്ന ഓരോ മലയാളിക്കും.

''സാമ്പത്തികമാന്ദ്യത്തിന്റെ തുടക്കത്തിലൊക്കെ ദിവസം 500 പേരെയൊക്കെ ഞങ്ങള്‍ നാട്ടിലേക്ക് കയറ്റിവിട്ടിട്ടുണ്ട്. പലരെയും അന്ന് കപ്പലിലൊക്കെയാണ് നാട്ടിലെത്തിച്ചത്. അതേ അവസ്ഥയുണ്ട് ഇപ്പോഴും'' യു.എ.ഇ.യിലെ സാമൂഹികപ്രവര്‍ത്തകന്‍ അമാനുള്ള പറയുന്നു. നാട്ടിലേക്ക് പോവാനാവാതെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് മുന്നില്‍ രക്ഷകനാവാനുള്ള നിയോഗം എത്രയോവട്ടം വീണുകിട്ടിയിട്ടുണ്ട് അമാനുള്ളയ്ക്ക്്. ഇലക്ട്രിസിറ്റി ബോര്‍ഡിലെ ജീവനക്കാരനായി 1976 ലാണ് അമാനുള്ള ഷാര്‍ജയിലേക്ക് വന്നത്. ''അന്ന് വെറും മരുഭൂമിയാണിത്. മണ്‍കട്ട കൊണ്ടുള്ള ചെറിയചെറിയ വീടുകളായിരുന്നു. ഇപ്പോള്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. എന്റെ കണ്‍മുന്നിലാണ് ഈ നഗരം വളര്‍ന്നത്. അന്നൊക്കെ നാട്ടില്‍നിന്ന് ആളുകളുടെ കുത്തൊഴുക്കായിരുന്നു. എവിടെ നിന്നെങ്കിലും ഒരു ഉരു പുറപ്പെടുന്നുവെന്ന് അറിഞ്ഞാല്‍ ആളുകള്‍ ഇടിച്ചുകയറും. പക്ഷേ ഇപ്പോഴോ,നാട്ടിലേക്ക് ഉരുവുണ്ടെന്നറിഞ്ഞാല്‍ ആളുകള്‍ അങ്ങോട്ടുപോവാന്‍ തിക്കിത്തിരക്കും. കഴിഞ്ഞമാസം ഞങ്ങള്‍ ആറുപേരെ കയറ്റിവിട്ടു. അതില്‍ 13 വയസ്സുള്ള പെണ്‍കുട്ടിയും ഒരു ആറുവയസ്സുകാരനുമുണ്ടായിരുന്നു. കടക്കെണിയില്‍ പൂണ്ട അവരുടെ രക്ഷിതാക്കള്‍ ജയിലിലും.'' കഥ മുഴുമിപ്പിക്കുംമുമ്പേ അമാനുള്ളയുടെ ഫോണ്‍ ശബ്ദിച്ചു. കുറെ ചെറുപ്പക്കാരെ സി.ഐ.ഡി.പിടിച്ചു.അവരെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന കരച്ചിലാണ് മറുതലയ്ക്കല്‍. അമാനുള്ള പതുക്കെ അവരുടെ സങ്കടങ്ങളിലേക്ക് നടന്നുപോയി.


പെരുകുന്ന കടക്കെണി


പാലക്കാട്ടുകാരിയായ ആ വീട്ടമ്മയെ കണ്ടുമുട്ടിയത് അബുദാബിയിലെ അല്‍വാദയില്‍ വെച്ചാണ്. ഞങ്ങള്‍ക്ക് മുന്നിലിരുന്ന് വലിയൊരു കുരുക്കില്‍പ്പെട്ട കഥ പറഞ്ഞു അവര്‍,കടക്കെണിയില്‍പ്പെട്ട് വലഞ്ഞ് നാട് പിടിക്കാന്‍ വെമ്പുന്ന നിരവധി മലയാളി കുടുംബങ്ങളുടെ കഥ. ''ഭര്‍ത്താവിനും എനിക്കും ഒരേ കമ്പനിയിലായിരുന്നു ജോലി. ഞങ്ങള്‍ നല്ല നിലയില്‍ ജീവിച്ചുവന്നതാ. കുട്ടികള്‍ രണ്ടുപേരും ഇവിടുത്തെ സ്‌കൂളില്‍ പഠിക്കുന്നു. ഞാന്‍ കുറച്ചുവായ്പയെടുത്തിരുന്നു.ജോലിയുണ്ടല്ലോ തിരിച്ചടയ്ക്കാമെന്ന് കരുതി.പക്ഷേ ഇരുട്ടടി പോലെയാണ് ഞങ്ങളുടെ ജോലി പോയത്.''

വായ്പ തിരിച്ചടവുമുടങ്ങിയതോടെ ബാങ്കുകള്‍ ഇവരെ അന്വേഷിച്ചുതുടങ്ങി. വരുമാനമില്ലാതായതോടെ കുട്ടികളുടെ പഠനം മുടങ്ങി. ഇപ്പോള്‍ ഭര്‍ത്താവ് ട്യൂഷെനെടുത്താണ് കുടുംബം പുലര്‍ത്തുന്നത്.''ഞങ്ങള്‍ക്ക് എങ്ങനെയെങ്കിലും നാട്ടിലോട്ട് തിരിച്ചുപോവണം. പക്ഷേ വായ്പ തിരിച്ചടയ്ക്കാതെ പോവാനാവില്ല. വിമാനത്താവളത്തില്‍ വെച്ച് പിടിക്കപ്പെട്ടാല്‍ ജീവിതകാലം മൊത്തം ജയിലിലാവും'' സ്വന്തം ധര്‍മസങ്കടത്തിലേക്ക് വിരല്‍ചൂണ്ടി ആ ഗൃഹനാഥന്‍. നാട്ടിലെ ബന്ധുക്കളെ വിവരമറിയിച്ചാല്‍ നാണക്കേടാവുമെന്നല്ലാതെ ഫലമൊന്നുമില്ല. അരക്കോടിയിലധികമുള്ള കടം വീട്ടാന്‍ അവര്‍ക്കും അത്രയെളുപ്പമല്ല.ഒടുവില്‍ അയാള്‍ ഒരു രഹസ്യംപറഞ്ഞു, ''രണ്ടുലക്ഷം രൂപ കൊടുത്താല്‍ ഇറാന്‍ അതിര്‍ത്തിവഴി കടത്തിവിടാമെന്ന് ഒരു ഏജന്റ് ഉറപ്പുനല്‍കിയിട്ടുണ്ട്. റോഡുവഴിയാണ് യാത്ര.'' പിടിക്കപ്പെടാതെ നാടുപിടിക്കാന്‍ രണ്ടുലക്ഷം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ആ കുടുംബം.

കടംകയറി തിരിച്ചുവരാനാവാതെ മലയാളി കുടുംബങ്ങള്‍ ആത്മഹത്യ ചെയ്യുന്നതും ഗള്‍ഫില്‍ പതിവായെന്ന് ഓര്‍മിപ്പിക്കുന്നു മറ്റൊരു സംഭവം. കോഴിക്കോട് സ്വദേശി ഗിരീഷ്‌കുമാര്‍,ഭാര്യ ഷബിജ, രണ്ടുവയസ്സുകാരി മകള്‍ നന്ദ എന്നിവര്‍ ദുബായ് ക്രീക്കിന്റെ ആഴങ്ങളില്‍ ജീവിതം അവസാനിപ്പിച്ചിട്ട്് രണ്ടുവര്‍ഷമാവുന്നതേയുളളൂ. എട്ടുവര്‍ഷം ദുബായില്‍ ഫോര്‍മാനായിരുന്നു ഗിരീഷ്. 2000 ദിര്‍ഹം ശമ്പളം.വരുമാനം തികയാതെ വന്നപ്പോള്‍ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ അയാള്‍ക്ക് തുണയേകി.പക്ഷേ കടം പെരുകിയപ്പോള്‍ തിരിച്ചടവ് തെറ്റി. ക്രെഡിറ്റ് കാര്‍ഡിന്റെ ഇരകളുടെ പട്ടികയില്‍ മറ്റൊരുപേരായി അവസാനിക്കുകയായിരുന്നു ഗിരീഷും കുടുംബവും.

''നാട്ടിലേക്ക് വരാനാവാതെ കുടുങ്ങിക്കിടക്കുന്നവര്‍ ഒട്ടേറെയുണ്ട്. അടുത്തിടെ 110 കുടുംബങ്ങളെ ഞാന്‍ തന്നെ കയറ്റിവിട്ടിട്ടുണ്ട്'ഷാര്‍ജയില്‍ എമിഗ്രേഷന്‍ സര്‍വീസ് നടത്തുന്ന മുരളി പറയുന്നു.'സിവില്‍ മേഖലയിലും സ്‌പോണ്‍സറുടെ കീഴിലുമൊക്കെ അസംതൃപ്തിയോടെ ജോലി ചെയ്യുന്ന നിരവധിപ്പേരുണ്ട്. ഇവരെല്ലാം ഏതുനിമിഷവും ഒരു തിരിച്ചുപോക്കിനെപ്പറ്റി ആലോചിക്കുന്നുണ്ട്. ലേബര്‍ സപ്ലൈ കമ്പനിയൊക്കെ തുടങ്ങി അതില്‍നിന്നുളള പണം നാട്ടില്‍ മുടക്കിയിട്ടുണ്ടാവും. സാമ്പത്തികപ്രശ്‌നങ്ങള്‍ വന്നപ്പോള്‍ അത് തിരിച്ചടയ്ക്കാനോ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാനോ മാര്‍ഗമില്ലാതെ പൊളിഞ്ഞുപോയവരുമുണ്ട്'' തിരിച്ചുപോകുന്നവരുടെ പട്ടിക നിവര്‍ത്തിവെക്കുന്നു മുരളി.

''ഇവിടെ കുഴപ്പങ്ങളുണ്ട്. നാലഞ്ച് വര്‍ഷം മുമ്പ് കെട്ടിടനിര്‍മാണത്തിന്റെ പൊടിപൂരമായിരുന്നു. ഇപ്പോള്‍ അതൊക്കെ നിന്നുപോയി. നിര്‍മാണമേഖലയിലെ ജോലിക്കാരും ഉയര്‍ന്ന ശമ്പളം കിട്ടുന്ന വിഭാഗക്കാരുമെല്ലാം പേടിയിലാണ് ജീവിക്കുന്നത്.'' മുരളിക്ക് പിന്തുണ നല്‍കുന്നു എം.എം.സുള്‍ഫിക്കര്‍. മുന്‍മന്ത്രി എം.എം.ഹസ്സന്റെ അനിയന്‍. ഷാര്‍ജയില്‍ ചെറിയ പ്രിന്റിങ്ങ് പ്രസ് നടത്തുന്നു.

''എനിക്കറിയാവുന്ന രണ്ട് മലയാളികള്‍ സ്വന്തം കമ്പനി തുടങ്ങി. പണമില്ലാതെ ചെക്ക് മടങ്ങിയപ്പോള്‍ ഒരാള്‍ മുങ്ങി. മറ്റേയാള്‍ ജയിലിലുമായി. ഫലമോ ആയിരത്തോളം തൊഴിലാളികള്‍ പെരുവഴിയിലും. കുറച്ചുപേരെയൊക്കെ നാട്ടിലേക്ക് കയറ്റിവിട്ടു. അതിലുള്‍പ്പെട്ട ഒരുപാടുപേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്്. ഇപ്പോള്‍ നാട്ടില്‍നിന്ന് ജോലി തേടി വരുന്നവരുടെ എണ്ണവും കുറഞ്ഞുതുടങ്ങി.''

1990നുശേഷം കേരളത്തില്‍നിന്നുള്ള ഗള്‍ഫ് മോഹികളുടെ എണ്ണം കുറഞ്ഞുതുടങ്ങിയിട്ടുണ്ടെന്ന് വിവിധ പഠനങ്ങളും തെളിയിക്കുന്നു. പരിതാപകരമായ തൊഴില്‍ സാഹചര്യങ്ങള്‍,കടുത്ത എമിഗ്രേഷന്‍ നിയമങ്ങള്‍,റിക്രൂട്ട്‌മെന്റ് ചെലവുകളുടെ വര്‍ധന,ഫിലിപ്പീന്‍സിലും തായ്‌ലന്‍ഡിലും ബംഗ്ലാദേശില്‍നിന്നുമൊക്കെയുള്ള തൊഴിലാളികളുമായുള്ള മത്സരം തുടങ്ങി പലപല കാരണങ്ങള്‍. ''ഗള്‍ഫില്‍ ഇരുപതിനായിരംരൂപ വാഗ്ദാനം ചെയ്യപ്പെട്ട ഒരു വെല്‍ഡര്‍ക്ക് ഇപ്പോള്‍ 5000 രൂപയൊക്കെയേ മാസം സമ്പാദിക്കാനാവുന്നുള്ളൂ. നാട്ടില്‍ അയാള്‍ക്ക് മാസം പതിനായിരം രൂപ കിട്ടാന്‍ ഒരു പ്രയാസവുമില്ല.പണ്ടത്തെ പോലെ അത്ര ആകര്‍ഷണീയമല്ല ഗള്‍ഫ് തൊഴില്‍ മേഖല ഇപ്പോള്‍'' പ്രൊഫ.ഇരുദയരാജന്‍ ചൂണ്ടിക്കാട്ടുന്നു.


ആശങ്കയില്‍ ഒരു തലമുറ


ജുമൈറ ബീച്ചിലെ ഒഴിഞ്ഞ കോണില്‍ ചീട്ടുകളിയുടെ തിരക്കിലായിരുന്നു കുഞ്ഞിമുഹമ്മദും കൂട്ടരും. കൂട്ടുകാരന്റെ ഇസ്‌പേഡിനെ നേരിടാന്‍ ക്ലാവറിനെ രംഗത്തിറക്കിക്കൊണ്ട് കുഞ്ഞിമുഹമ്മദ് സ്വന്തം ആശങ്കകളിലേക്ക് തിരിഞ്ഞിരുന്നു. ''നാടുപിടിക്കുന്നതില്‍ വലിയൊരു വിഭാഗം ഞങ്ങളെപ്പോലുള്ളവരാ, പ്രായമായിട്ട് ഈ നാടിനു വേണ്ടാതാവുന്നവര്‍'' തനി മലപ്പുറം ശൈലിയില്‍ കുഞ്ഞിമുഹമ്മദ് സംസാരിച്ചുതുടങ്ങി.

''മൂപ്പര്‍ക്ക് അടുത്ത കൊല്ലം യാത്രയയപ്പാ.അതിന്റെ ബേജാറാ''കൂടെയുണ്ടായിരുന്ന മുനീറും രാധാകൃഷ്ണനും സുഹൃത്തിനെ ഒന്നുകളിയാക്കി. അറുപതുവയസ്സുകഴിഞ്ഞാല്‍ വിദേശികള്‍ തിരിച്ചുപോവണമെന്നാണ് നിയമം. വയസ്സുകാലത്ത് പ്രവാസികളെ ആര്‍ക്കുംവേണ്ടാതാക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തിന് ഇവിടെ രണ്ടുപക്ഷമില്ല.
''ഇനി നാട്ടില്‍പോയി എന്തുചെയ്യാനാ. ഇതുവരെയുള്ള അധ്വാനമൊക്കെ മക്കളെ കെട്ടിച്ചും വീടുണ്ടാക്കിയും ചെലവിട്ടുപോയി.ഇനി ജീവിക്കാന്‍ തൊഴിലെടുക്കണം.അതിനാണെങ്കില്‍ ആരോഗ്യം സമ്മതിക്കുമോ'' കുഞ്ഞിമുഹമ്മദ് ബേജാറായി.

ഗള്‍ഫ് കുടിയേറ്റം തുടങ്ങിയ കാലത്ത് വന്ന വലിയൊരുവിഭാഗവും ഇന്ന് അറുപതിന്റെ പടിവാതിലിലാണ്. യൗവനത്തിന്റെ ഊര്‍ജംമുഴുവന്‍ മരുഭൂമിയില്‍ ചെലവിട്ട് തിരിച്ചെത്തുന്നവരെ കേരളം എങ്ങനെ സ്വീകരിക്കും. ഒരു ചങ്ങാതിയുടെ അനുഭവം പറഞ്ഞു കടപ്പുറത്തെ ആ കൂട്ടുകാര്‍.' ഇവിടെ അലക്കുകാരനായിരുന്നു ആ തൃശ്ശൂര്‍ക്കാരന്‍. 16 വയസ്സിലെങ്ങാന്‍ വന്നതാണ്. അയാള്‍ ജീവിതകാലം മൊത്തം കഠിനമായി അധ്വാനിച്ചു. മൂത്തമോനെ പഠിപ്പിച്ചു ഡോക്ടറാക്കി. മറ്റൊരാളെ ഐ.എ.എസ്സുകാരനും. മൂന്നാമത്തെയാള്‍ ഇപ്പോള്‍ ആയുര്‍വേദം എം.ഡിക്ക് പഠിക്കുന്നു. എല്ലാം ഇയാള്‍ മരുഭൂമിയില്‍ വിഴുപ്പലക്കി കിട്ടിയ കാശുകൊണ്ടാണ്്. അയാള്‍ക്കാണെങ്കില്‍ ഇപ്പോള്‍ ഏതുസമയവും ചുമയോട് ചുമ. അതുകൊണ്ട് അവധിക്ക് വീട്ടില്‍ ചെന്നാല്‍പോലും വീട്ടുകാര്‍ പെട്ടെന്ന് മടക്കി അയയ്ക്കും. ഇപ്പോള്‍ 60 വയസ്സായി. നാട്ടില്‍ തിരിച്ചുചെന്നാല്‍ ആരും സ്വീകരിക്കില്ലെന്ന ഗതികേടില്‍ അലയുകയാണ് അയാള്‍'' സുഹൃത്തുക്കള്‍ ചീട്ടുകളി മതിയാക്കി എണീറ്റു.

''നാട്ടിലേക്ക് തിരിച്ചുപോവാനാവാതെയുള്ള പത്ത് കേസുകളെങ്കിലും ദിവസവും ഞങ്ങള്‍ക്ക് മുന്നില്‍ വരുന്നുണ്ട്. ഇവരൊക്കെ നമ്മുടെ നാടിനുവേണ്ടി കഷ്ടപ്പെടുന്നവരാണ്, നാളെ എന്താവുമെന്ന് ഓര്‍ക്കാതെ. തിരിച്ചുപോവുമ്പോള്‍ കുറെ രോഗം മാത്രമാവും അവരുടെ സമ്പാദ്യം'' ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ പറയുന്നു.

''ഇവിടെ ഉയര്‍ന്ന നിലയില്‍ ജീവിച്ച പല കുടുംബങ്ങളും നാട്ടില്‍ തിരിച്ചുപോയി കിടപ്പാടം പോലുമില്ലാത്ത അവസ്ഥയുണ്ട്.നാട്ടിലെത്തി ജീവിതം അവസാനിപ്പിച്ചവരുണ്ട്. ഒരുപാടാളുകള്‍ പരാജയപ്പെട്ട് തിരിച്ചുവരുന്നു. കേരളത്തിന്റെ സാമൂഹിക-സാമ്പത്തികജീവിതത്തെ ഇത് സാരമായി ബാധിക്കും.നോക്കിക്കോ അഞ്ചുവര്‍ഷം കൊണ്ട് കേരളത്തിലൊരു ഭീകരാന്തരീക്ഷമുണ്ടാവും. കേരളത്തിലെ ഒരു കുടുംബം പോലും പ്രവാസികളെ കൊണ്ട് നേട്ടമുണ്ടാക്കാതെ പോയിട്ടില്ല. എന്നിട്ടും എല്ലാവരും പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. നമ്മുടെ സര്‍ക്കാര്‍ പോലും അവര്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. പണ്ടെങ്ങോ ഇറാക്ക് യുദ്ധം നടക്കുമ്പോള്‍ കുറച്ചുപേരെ സൗജന്യമായി നാട്ടിലെത്തിച്ചതും പറഞ്ഞ് മേനി നടിക്കുകയാണ് ഭരണകൂടം'' ബാലകൃഷ്ണന്റെ രോഷം അടങ്ങുന്നില്ല.

അല്ലെങ്കിലും തിരിച്ചുവരാത്ത മച്ചാന്‍മാരെയാണ് കേരളത്തിനാവശ്യം.എഴുത്തുകാരന്‍ ബാബുഭരദ്വാജ് പറഞ്ഞപോലെ. ''മാതാപിതാക്കളും ജീവിതപങ്കാളിയും മക്കളും മരുമക്കളുമൊക്കെ ഇന്നാഗ്രഹിക്കുന്നത് ഗള്‍ഫിലുള്ളയാള്‍ തിരിച്ചുവരരുതെന്നാണ്. അതുകൊണ്ടുതന്നെ തിരിച്ചുവരുന്നവരെയൊക്കെ സ്വീകരിക്കാന്‍ കേരളസമൂഹം സന്നദ്ധരായെന്ന് വരില്ല. കല്പാന്തകാലത്തോളം അവര്‍ പ്രവാസികളായി കഴിഞ്ഞുകൂടുമെന്ന പ്രതീക്ഷയിലാണ് അവധിക്കാലങ്ങളില്‍ അവരെ കേരളം ആഘോഷപൂര്‍വം സ്വീകരിച്ചിരുന്നത്.''


തിരികെ പറക്കുന്ന പക്ഷികള്‍


ദോഹയിലെ ഷാലിമാര്‍ പാലസ് റസ്റ്റോറന്റിന്റെ പുറത്ത് ഓണസദ്യയുണ്ണാനുള്ള ക്യൂവിലായിരുന്നു ദിലീപും ശ്രീജയും. അതിഥികള്‍ക്ക് സന്തോഷം പകരാന്‍ ശ്രമിക്കുന്ന ഓണപ്പൊട്ടനും മാവേലിയുമുണ്ട് തൊട്ടരികെ.പക്ഷേ എല്ലാമുഖങ്ങളിലുമുണ്ട് ഒരു സന്തോഷക്കുറവ്. ''ഇപ്പോള്‍ ആഘോഷങ്ങളൊന്നും പണ്ടത്തെ പോലെയല്ല. മുമ്പൊക്കെ ചിങ്ങം പിറന്നാല്‍ അടുത്ത കര്‍ക്കടകംവരെ ഓണാഘോഷം തന്നെയായിരുന്നു ഗള്‍ഫില്‍. പഴയ ബഹളങ്ങളൊക്കെ അടങ്ങിപ്പോയിരിക്കുന്നു'' പ്രവാസികളുടെ തലയ്ക്കുമീതെ തൂങ്ങിയാടുന്ന നിത്വാഖത്ത് എന്ന നിയമത്തിന്റെ ഭീതിയാണ് ദിലീപിന്റെ മനസ്സുനിറയെ. ''തദ്ദേശീയര്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ അവസരം ഉറപ്പാക്കാന്‍ സൗദി സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണ് നിത്വാഖത്ത്. ഇതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് പിഴയുണ്ട്, നിയമം നടപ്പിലാക്കുന്ന കമ്പനികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും.കമ്പനികളെല്ലാം അതിവേഗം ആ നിയമത്തിന്റെ വഴിയെപ്പോവുകയാണ്. മലയാളികള്‍ അടക്കമുള്ള നിരവധിപ്പേര്‍ക്ക് ജോലി നഷ്ടമായികൊണ്ടിരിക്കുന്നു.'' തന്റെ നേരെ അതെന്നുവരുമെന്ന് കാത്തിരിക്കുകയാണെന്നൊരു ക്രൂരമായ ഫലിതം കൂടി കൂട്ടിച്ചേര്‍ത്തു അയാള്‍

'ഏഷ്യയിലേയും ആഫ്രിക്കയിലേയും മുസ്ലിം രാജ്യങ്ങളില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊടുങ്കാറ്റാണ് ഈ പുതിയ നിയമങ്ങളുടെ പിറവിക്കുപിന്നില്‍. ഈജിപ്തിലും മൊറോക്കോയിലും യെമനിലും സിറിയയിലും ലിബിയയിലും ഒമാനിലും ബഹ്‌റിനിലുമൊക്കെ വീശിയ പ്രക്ഷോഭകാറ്റിന്റെ അലകള്‍ സൗദിയിലുമെത്തി. നാട്ടുകാര്‍ക്ക് തൊഴിലും വരുമാനവുമില്ലാത്ത അവസ്ഥ നേരിടാന്‍ ഭരണകൂടങ്ങള്‍ രംഗത്തിറങ്ങി. അതോടെ തൊഴില്‍ നിയമങ്ങള്‍ കൂടുതല്‍ മുറുകിത്തുടങ്ങി. തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടാന്‍ മലയാളിക്ക് ഇങ്ങനെ എത്രയെത്ര കാരണങ്ങള്‍.

''ഈയടുത്തുണ്ടായ പ്രശ്‌നങ്ങള്‍ മലയാളികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. കുറെപ്പേര്‍ക്ക് ജോലി പോയി.ഒത്തിരിപ്പേര്‍ സാമ്പത്തികമായി തരിപ്പണമായി.'' ബഹ്‌റിനില്‍ അധ്യാപികയായ ജസ്റ്റിന്‍ ജോസഫ്. ''ഇപ്പോള്‍ നിര്‍മാണത്തൊഴിലൊക്കെ നിലച്ചുപോയിരിക്കുന്നു. കമ്പനി പൊക്കോളാന്‍ പറഞ്ഞു നാട്ടിലേക്ക് തിരിച്ചുപോയവര്‍ ഒട്ടേറെയുണ്ട്. 80 കുട്ടികളോളം എന്റെ സ്‌കൂളില്‍നിന്ന് മാത്രം വിടുതല്‍വാങ്ങി നാട്ടിലേക്ക് പോയി. മുമ്പൊക്കെ ഇവിടെത്തന്നെ സ്ഥിരമായി നില്‍ക്കാമെന്ന് കരുതുന്നവരായിരുന്നു മലയാളികളെല്ലാം. ഇപ്പോള്‍ തിരിച്ചുപോവണം എന്നുതന്നെയാണ് ഓരോരുത്തരുടെയും വിചാരം. പലരും.നാട്ടില്‍ സ്ഥലമൊക്കെ വാങ്ങിക്കുന്നു.എങ്ങനെയെങ്കിലും അവിടെ പോയി ജീവിക്കാമെന്ന് സ്വപ്‌നം കാണുന്നു.വീട് പണി പൂര്‍ത്തിയാക്കുന്നു. ഇവിടുത്തെ ജീവിതശൈലിയും മാറിത്തുടങ്ങി. എല്ലാവരും ചെലവ് ചുരുക്കലിന്റെ പാതയിലാണ്. ഗള്‍ഫൊന്നും ശാശ്വതമല്ലെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് അറിയാം'' മലയാളിയുടെ മാറ്റത്തെക്കുറിച്ച് വാചാലയായി ജസ്റ്റിന്‍.

''മുമ്പൊക്കെ ഏതുനേരവും മലയാളികളൊക്കെ ആഘോഷത്തിലായിരുന്നു.ഇപ്പോള്‍ അത്രത്തോളം ആവേശമൊന്നുമില്ല ആര്‍ക്കും.ഒരു ഭീതി നിറഞ്ഞുകിടക്കുന്നുണ്ട് എല്ലാവര്‍ക്കിടയിലും'' ബഹ്‌റിനിലെ ഉമല്‍ഹസമിലെ വീട്ടിലിരുന്ന് കോഴിക്കോട്ടുകാരി ഗീതയുടെ വാക്കുകള്‍.1989 മുതല്‍ ബഹ്‌റിനിലുണ്ട് ഗീത.ഈയിടെ പട്ടാളവും കലാപകാരികളും ഏറ്റുമുട്ടിയ സ്ഥലത്താണ് ഗീതയുടെ വീട്. ''അന്ന് സൈന്യം ഉണ്ടായിരുന്നപ്പോള്‍ നല്ല ധൈര്യമുണ്ടായിരുന്നു.ഇപ്പോള്‍ വീണ്ടും പ്രശ്‌നങ്ങള്‍ തലപൊക്കിത്തുടങ്ങി.പഴയപോലെ രാത്രി ഇറങ്ങിനടക്കുന്നതൊന്നും ആലോചിക്കാനാവുന്നില്ല. കലാപം നടന്ന സ്ഥലങ്ങളിലേക്കൊന്നും ആളുകള്‍ അധികം പോവുന്നുമില്ല. പലരും കുടുംബത്തെ നാട്ടിലേക്ക് അയച്ചു. ഇപ്പോള്‍ പലജോലിക്കും നാട്ടില്‍ നല്ല ശമ്പളം കിട്ടുന്നുണ്ട്.പിന്നെന്തിനാണ് ഇവിടെ നിന്ന് കഷ്ടപ്പെടുന്നതെന്ന് ആളുകള്‍ ചിന്തിച്ചുതുടങ്ങി. എനിക്ക് പരിചയമുള്ള പലരുടെയും മക്കള്‍ ഇവിടെനിന്ന് പഠിച്ചവരാണ്.പക്ഷേ അവര്‍ ജോലി തേടി പോവുന്നത് നമ്മുടെ നാട്ടിലേക്കാണ്. ഇപ്പോള്‍ ജോലിയുള്ളവര്‍തന്നെ എപ്പോഴുമൊരു ഒഴിവാക്കല്‍ പ്രതീക്ഷിച്ചാണ് ജീവിക്കുന്നതും.'' ഗള്‍ഫില്‍ ജീവിക്കുന്ന ഓരോ മലയാളിയുടെയും ആശങ്കയുണ്ട് ഈ വീട്ടമ്മയുടെ വാക്കുകളില്‍.


SocialTwist Tell-a-Friend
Related Stories: തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ - Thursday, April 19, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon