You are here: HOME » PERCEPTIONS »
സിവില്‍ സര്‍വീസില്‍ അഴിച്ചുപണി ആവശ്യം
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 30 October 2011
സി.ആര്‍. ജോസ്​പ്രകാശ്‌

വയനാട് കളക്ടറേറ്റില്‍ നടന്ന ജോലി തട്ടിപ്പ് കേരളത്തെ മുഴുവന്‍ ഞെട്ടിച്ചു. കേരളത്തിലെ 103 വകുപ്പുകളിലും നടക്കുന്ന പി.എസ്.സി. വഴിയുള്ള നിയമനം ഒരിക്കലും സംശയത്തിന്റെ നിഴലില്‍ വന്നിട്ടില്ല. എന്നാല്‍ എന്തു തട്ടിപ്പിനും കേരളത്തില്‍ പഴുതുകളുണ്ടെന്ന് ഈ സംഭവം വെളിപ്പെടുത്തുന്നു. ഈ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായി കരുതുന്ന അഭിലാഷ് എസ്. പിള്ള, കഴിഞ്ഞ രണ്ടു വര്‍ഷമായി ജോയന്റ് കൗണ്‍സിലിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. രണ്ടാഴ്ച മുമ്പു നടന്ന ജില്ലാ സമ്മേളനത്തില്‍ ഇദ്ദേഹത്തെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എല്ലാ ജീവനക്കാരുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഈ ജീവനക്കാരന്റെ മറ്റൊരു മുഖം കണ്ടെത്താന്‍ ജോയന്റ് കൗണ്‍സിലിനു കഴിഞ്ഞില്ല. തീര്‍ച്ചയായും സംഘടനാപരമായ ജാഗ്രതക്കുറവ് ഇക്കാര്യത്തില്‍ സംഭവിച്ചിട്ടുണ്ട് എന്ന് ഖേദപൂര്‍വം സമ്മതിക്കുന്നു. 30,000-ത്തോളം അംഗങ്ങളുള്ള ഒരു സംഘടനയില്‍ എല്ലാവരും സംഘടനയുടെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നവരാണെന്ന് ഉറപ്പാക്കുക പ്രയാസമുള്ള കാര്യമാണെങ്കിലും അത് നിര്‍ബന്ധപൂര്‍വം ചെയ്യേണ്ടതാണെന്ന് സംഘടന മനസ്സിലാക്കുന്നു. തീര്‍ച്ചയായും ഭാവിയില്‍ അക്കാര്യം ഉറപ്പാക്കും. അഴിമതി കാട്ടുന്നവരും കൃത്യമായി പണിയെടുക്കാത്തവരും പൊതുജനങ്ങളുമായി മോശമായി പെരുമാറുന്നവരും സിവില്‍ സര്‍വീസിനും സംഘടനകള്‍ക്കും വലിയ ശാപമാണ്.

ഇന്ത്യയില്‍ ഏറ്റവും ശക്തമായ സിവില്‍ സര്‍വീസുള്ള സംസ്ഥാനമാണ് കേരളം. ശതമാനക്കണക്കില്‍ കേന്ദ്രവും മറ്റു സംസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തി പരിശോധിച്ചാല്‍, വരുമാനത്തിന്റെ വലിയൊരു ഭാഗം ശമ്പളത്തിനും പെന്‍ഷനുംവേണ്ടി ചെലവഴിക്കുന്ന സംസ്ഥാനവും കേരളമാണെന്നു കാണാന്‍ കഴിയും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കേന്ദ്രത്തിലും മിക്ക സംസ്ഥാനങ്ങളിലും സിവില്‍ സര്‍വീസ് ചെറുതാകുകയായിരുന്നു. എന്നാല്‍ കേരളത്തില്‍ ഈ കാലഘട്ടത്തില്‍ 30,124 തസ്തികകള്‍ കൂടുതലായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

കേരളത്തിന്റെ വളര്‍ച്ചയില്‍ സിവില്‍ സര്‍വീസ് വഹിച്ച പങ്ക് ചെറുതായി കാണാനാകില്ല. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസം, ആരോഗ്യം, പട്ടികജാതി-പട്ടികവര്‍ഗ വികസനം, ഭവനനിര്‍മാണം,

മൃഗസംരക്ഷണം, പൊതുവിതരണം, ഗതാഗതം, ജലസേചനം, വൈദ്യുതി, സാമൂഹികസുരക്ഷ തുടങ്ങി ധാരാളം കാര്യങ്ങളില്‍ ഇന്ത്യയ്ക്കാകെ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ജീവിക്കുന്നതിനേക്കാള്‍ പത്തും പതിനൊന്നും വര്‍ഷം കൂടുതല്‍ ജീവിക്കുന്നവരായി മലയാളികള്‍ മാറിയതില്‍ നിര്‍ണായകമായ പങ്ക് സിവില്‍ സര്‍വീസിനുണ്ട്. ഇതു പറയുമ്പോള്‍ത്തന്നെ, സര്‍ക്കാര്‍ ജീവനക്കാരെക്കുറിച്ചും ഓഫീസുകളെക്കുറിച്ചും പൊതുസമൂഹത്തിന് പൊതുവെ ശക്തമായ ആക്ഷേപമുണ്ട് എന്നതും വസ്തുതയാണ്. ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്താണെന്ന് സര്‍ക്കാറും രാഷ്ട്രീയനേതൃത്വവും സര്‍വീസ് സംഘടനകളും ജീവനക്കാരാകെയും സ്വയംവിമര്‍ശപരമായി ചിന്തിക്കണം. സിവില്‍ സര്‍വീസിലെ അഴിമതി അവസാനിപ്പിക്കുന്നതിനും കാര്യക്ഷമത ഉയര്‍ത്തുന്നതിനും സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ഉപകരിക്കുന്ന 27 നിര്‍ദേശങ്ങള്‍ ജോയന്റ് കൗണ്‍സില്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാറിനു മുമ്പിലും 34 നിര്‍ദേശങ്ങള്‍ ഇപ്പോഴത്തെ സര്‍ക്കാറിനു മുന്നിലും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ യു.ഡി.എഫ്. സര്‍ക്കാറിന്റെയോ എല്‍.ഡി.എഫ്. സര്‍ക്കാറിന്റേയോ അജന്‍ഡയില്‍ ഇങ്ങനെയൊരു കാര്യം ഒരിക്കലും ഉണ്ടായിട്ടില്ല.

ഓരോ ഭരണമാറ്റത്തിനുമനുസരിച്ച് സ്വന്തം സംഘടനയില്‍ അംഗങ്ങളെ കൂട്ടുന്ന അജന്‍ഡ ലക്ഷ്യമാക്കി സര്‍വീസ് സംഘടനകള്‍ പ്രവര്‍ത്തിച്ചു. സെക്രട്ടേറിയറ്റ് മുതല്‍ ഗ്രാമപ്പഞ്ചായത്തും വില്ലേജ് ഓഫീസുംവരെ ഇതാണ് സ്ഥിതി. സ്വാഭാവികമായും അഴിമതിക്കാരും അപ്രാപ്തരും എല്ലാ സംഘടനകളിലും കടന്നുകൂടി. ജോയന്റ് കൗണ്‍സില്‍ ഉള്‍പ്പെട്ട എല്ലാ സംഘടനകള്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്. കേരളത്തിലെ 103 വകുപ്പുകളില്‍ സംസ്ഥാന, ജില്ലാ തലങ്ങളിലായി നിയമനവും സ്ഥലംമാറ്റവും നടത്തുന്ന 1400-ലധികം സീറ്റുകളുണ്ട്. അതില്‍ ഒന്നു മാത്രമാണ് വയനാട് ജില്ലയിലെ എ 1 സീറ്റ്. ആ ഒരു സീറ്റിലൂടെമാത്രം സൃഷ്ടിക്കാന്‍ കഴിഞ്ഞ അഴിമതിയുടെയും ക്രമക്കേടിന്റെയും വ്യാപ്തി നമ്മള്‍ അമ്പരപ്പോടെ കണ്ടുകൊണ്ടിരിക്കയാണ്.

ഈ 1400-ലധികം സീറ്റുകളില്‍ ജോയന്റ് കൗണ്‍സില്‍ കൈകാര്യം ചെയ്യുന്നത് അമ്പതില്‍ താഴെ സീറ്റുകള്‍ മാത്രമാണ്. മറ്റു മഹാഭൂരിപക്ഷം സീറ്റുകളും നിലവില്‍ കൈകാര്യം ചെയ്യുന്നത് എന്‍.ജി.ഒ. യൂണിയനാണ്. യു.ഡി.എഫ്. ഭരണകാലത്ത് ഈ സീറ്റുകള്‍ മൊത്തമായിത്തന്നെ കൈകാര്യം ചെയ്തിരുന്നത് എന്‍.ജി.ഒ. അസോസിയേഷനായിരുന്നു. ഇങ്ങനെയൊരു അവസ്ഥ സംഭവിക്കാന്‍ പാടില്ലാത്തതാണ്. സിവില്‍ സര്‍വീസിനാകെ അപമാനമാകുന്ന, നിലനില്‍പ്പിനെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. ജില്ലകളില്‍ അഴിമതിവിരുദ്ധ ബ്യൂറോ രൂപവത്കരിക്കുക, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം ആരംഭിക്കുക, തട്ടുകളുടെ എണ്ണം കുറയ്ക്കുക, കൂടുതല്‍ അധികാരങ്ങള്‍ താഴെത്തട്ടുകള്‍ക്ക് കൈമാറ്റം ചെയ്യുക, വര്‍ഷത്തിലൊരിക്കല്‍ വീതമെങ്കിലും പി.എസ്.സി. അഡൈ്വസ് ചെയ്യുന്ന ലിസ്റ്റ് പ്രകാരമാണോ വകുപ്പുകളില്‍ നിയമനം നടക്കുന്നതെന്ന് ഉറപ്പുവരുത്തുക, ഭരണഭാഷ മലയാളമാക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാറിന് ഭരണപരിഷ്‌കാര കമ്മിറ്റികള്‍ നല്കിയ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്ത്, കാലാനുസൃതമായ മാറ്റങ്ങളോടെ നടപ്പാക്കണം. നല്ല ജാഗ്രതയോടെ പുത്തന്‍ സാങ്കേതികവിദ്യ നടപ്പാക്കണം. ഹാജര്‍ നിലവാരം ഉറപ്പാക്കുന്നവിധം പഞ്ചിങ് സംവിധാനം എല്ലാ ഓഫീസുകളിലും ഏര്‍പ്പെടുത്തണം. സ്ഥലംമാറ്റവിഷയങ്ങളില്‍ സര്‍വീസ് സംഘടനകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മന്ത്രിമാരുടെ ഓഫീസിനും നിയമവിരുദ്ധമായി ഇടപെടാനുള്ള പഴുതുകള്‍ അടയ്ക്കുന്നവിധം സ്ഥലംമാറ്റക്കാര്യത്തില്‍ പുതിയ ചട്ടങ്ങള്‍ക്ക് രൂപം നല്കുകയും വേണം.

വയനാട് സംഭവം എല്ലാവരുടെയും കണ്ണു തുറപ്പിക്കണം. അഴിമതിക്കാരെയും ക്രമക്കേട് കാട്ടിയവരെയും മുഴുവന്‍ പുറത്തുകൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കരുതലോടെയുള്ള നടപടികള്‍ സ്വീകരിക്കണം. ഒപ്പം, ഈ അവസരം സിവില്‍ സര്‍വീസിന്റെ നവീകരണത്തിനും അഴിമതിക്കാരെ കണ്ടെത്തി പുറത്താക്കുന്നതിനും പരാതിരഹിത സര്‍ക്കാര്‍ഓഫീസുകള്‍ രൂപപ്പെടുത്തുന്നതിനും പ്രയോജനകരമാവുംവിധം ഉപയോഗപ്പെടുത്തുകയും വേണം.

(ലേഖകന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ജോയന്റ് കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയാണ്)


SocialTwist Tell-a-Friend
Related Stories: സിവില്‍ സര്‍വീസില്‍ അഴിച്ചുപണി ആവശ്യം - Sunday, December 26, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon