You are here: HOME » PERCEPTIONS »
വിവരസാങ്കേതികവിദ്യയും ജനാധിപത്യവും
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 27 December 2010
സാമ്രാജ്യത്വത്തിനെതിരെ ആയുധമെടുത്ത് നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന മാവോയിസ്റ്റുകള്‍ക്കും സാമ്രാജ്യത്വത്തിനെതിരെ എന്നും പ്രചാരണപരമായ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന പാര്‍ലമെന്ററി കമ്യൂണിസ്റ്റുകാര്‍ക്കും ചെയ്യാനാകാത്ത, അവര്‍ക്ക് ചിന്തിക്കാന്‍ പോലുമാകാത്ത അത്ര കനത്ത ആഘാതമാണ് വിക്കിലീക്‌സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചെറുസംഘം പത്രപ്രവര്‍ത്തകരും വിവരസാങ്കേതിക വിദഗ്ധരും ചേര്‍ന്ന് സാമ്രാജ്യത്വത്തിനേല്പിച്ചിരിക്കുന്നത്. സാമ്രാജ്യത്വ ഗൂഢനീക്കങ്ങള്‍ക്കും മുതലാളിത്ത രാഷ്ട്രീയവ്യവസ്ഥയുടെ നിഗൂഢതകള്‍ക്കുമെതിരായ ഭീമമായ ഒരു ബോംബാക്രമണം നടത്തിയിരിക്കയാണ് വിക്കിലീക്‌സ്. ജനാധിപത്യക്രമത്തിനു ചേരാത്ത അരാജകപ്രവണതയാണ് ഇതില്‍ മുഴച്ചുനില്‍ക്കുന്നതെന്ന് പറയാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ജനാധിപത്യക്രമത്തെ ഉയര്‍ന്ന തലത്തിലേക്ക് വളര്‍ത്താന്‍ സഹായകമായ ശ്രദ്ധേയമായ ഇടപെടലാണ് ഇവര്‍ നടത്തിയിരിക്കുന്നത്.

ദശകങ്ങള്‍ക്കുമുമ്പ് അമേരിക്കയില്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ കാലത്ത്, എനിക്കപ്പോള്‍ ബന്ധമുണ്ടായിരുന്ന അമേരിക്കന്‍ മാവോയിസ്റ്റുകള്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ കേന്ദ്രീകരണത്തിന്റെ ഉപകരണമാണെന്ന് പറഞ്ഞതോര്‍മയുണ്ട്. ഞാനപ്പോള്‍ത്തന്നെ പ്രതികരിച്ചു, ഈ കേന്ദ്രീകരണത്തിന് വിപരീതമായ ഒരു വികേന്ദ്രീകരണ പ്രവണതയും അതോടൊപ്പം കാണുമെന്ന്. അധികം താമസിയാതെ അമേരിക്കയിലെതന്നെ ഒരു ചെറുപ്പക്കാരന്‍ ഹാക്കര്‍ (കമ്പ്യൂട്ടര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നയാള്‍) തന്റെ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പെന്റഗണ്‍ സൂപ്പര്‍ കമ്പ്യൂട്ടറില്‍ നിന്ന് പ്രധാനപ്പെട്ട രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് വരികയുണ്ടായി. ഞാന്‍ സങ്കല്പിച്ച വികേന്ദ്രീകരണ പ്രവണതയുടെ പ്രകടിത രൂപമായിരുന്നു അത്.

ബില്‍ഗേറ്റ്‌സ് മൈക്രോസോഫ്റ്റിലൂടെ കോടീശ്വരനായി വളര്‍ന്നപ്പോള്‍ ലിനസ് ടോര്‍വാള്‍ഡ്‌സ് എന്ന ഫിന്‍ലന്‍ഡുകാരന്‍ ചെറുപ്പക്കാരന്‍ താന്‍ വികസിപ്പിച്ചെടുത്ത തുറന്ന പ്രവര്‍ത്തനവ്യവസ്ഥ മനുഷ്യസമൂഹത്തിനായി അര്‍പ്പിക്കുകയാണുണ്ടായത്. ലിനക്‌സ് എന്ന സ്വതന്ത്ര പ്രവര്‍ത്തനവ്യവസ്ഥ നിലവില്‍ വരികയും മൈക്രോ സോഫ്റ്റിന് സമാന്തരമായി വളര്‍ന്നുവരികയും ചെയ്തത് അങ്ങനെയാണ്. മനുഷ്യസമൂഹത്തിന് അന്തര്‍ലീനമായ സമൂഹവത്കരണ പ്രക്രിയയുടെ പ്രതിഫലനമാണ് ലിനസ് ടോര്‍വാള്‍ഡ്‌സിലൂടെ പ്രകടമായത്. ബില്‍ഗേറ്റ്‌സ് അതിന്റെ മറുവശത്തെയും പ്രതിനിധാനം ചെയ്യുന്നു.

2005-ല്‍ ടിയാനന്‍മെന്‍ കൂട്ടക്കൊല വാര്‍ഷികത്തെപ്പറ്റി ഒരു ചൈനീസ് ഉദ്യോഗസ്ഥന്റെ ഇ-മെയില്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ചതിന് ഒരു ചൈനീസ് പത്രപ്രവര്‍ത്തകന്‍ 10 കൊല്ലം തടവിന് ശിക്ഷിക്കപ്പെടുകയുണ്ടായി. അത്തരം ശിക്ഷാനടപടികള്‍ ആവര്‍ത്തിക്കുന്നത് തടയുക എന്ന പ്രഖ്യാപിതലക്ഷ്യത്തോടുകൂടി ഏതാനും ചൈനീസ് വിമതരും അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങി ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള പത്രപ്രവര്‍ത്തകര്‍, ഗണിതശാസ്ത്രജ്ഞര്‍, കമ്പ്യൂട്ടര്‍ വിദഗ്ധര്‍ തുടങ്ങിയവരും ചേര്‍ന്ന് രൂപവത്കരിച്ച കൂട്ടായ്മയാണ് വിക്കിലീക്‌സിന് ജന്മം നല്‍കിയത്. 2006-ല്‍ ഇതാരംഭിച്ചു. പേര് വെളിപ്പെടുത്താത്ത വാര്‍ത്താ ഉറവിടങ്ങളില്‍ നിന്നുള്ള, സാധാരണഗതിയില്‍ ലഭ്യമല്ലാത്ത രേഖകളും മറ്റും പ്രസിദ്ധീകരിക്കുന്ന ഒരു പുതിയ മാധ്യമം എന്ന നിലയ്ക്കാണ് ഇത് രൂപംകൊണ്ടത്.

സണ്‍ഷൈന്‍ പ്രസ് നടത്തുന്ന ഈ മാധ്യമകേന്ദ്രം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും പന്ത്രണ്ടുലക്ഷം രേഖകള്‍ സമാഹരിച്ചു എന്ന് അവകാശപ്പെടുകയുണ്ടായി. 2008-ലും 2009-ലുമായി ഇറാഖ് യുദ്ധത്തെയും അഫ്ഗാനിസ്താന്‍ യുദ്ധത്തെയും സംബന്ധിച്ച് പതിനായിരക്കണക്കിന് രേഖകള്‍ അവര്‍ പുറത്തുവിട്ടു. 2010 നവംബര്‍ 28-ന് പുറത്തുവിടാന്‍ തുടങ്ങിയിട്ടുള്ളത് 274 അമേരിക്കന്‍ എംബസികളില്‍ നിന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തലസ്ഥാനത്തേക്ക് 1966-നും 2010 ഫിബ്രവരി 28-നും മധ്യേ അയച്ചിട്ടുള്ള 2,51,287 കേബിള്‍ സന്ദേശങ്ങളാണ്. ഇവയില്‍ 15,652 എണ്ണം രഹസ്യസ്വഭാവത്തിലുള്ളതായി തരംതിരിച്ചിട്ടുള്ളതുമാണ്. ഏതാനും മാസങ്ങള്‍കൊണ്ടാണ് ഇവ പുറത്തെത്തുക. അമേരിക്കന്‍ ഭരണകൂടവും വിവിധ രാജ്യങ്ങളും തമ്മില്‍ കൈമാറിയിട്ടുള്ള ഈ സന്ദേശങ്ങളില്‍ നിന്ന് വെളിവാകുന്നത് സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ മാത്രമല്ല, ജനാധിപത്യ ഭരണകൂടങ്ങളും ജനങ്ങളില്‍ നിന്ന് മറച്ചുവെച്ചുകൊണ്ട് അന്യായവും ജനവിരുദ്ധവുമായ കാര്യങ്ങള്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ്.

ജനാധിപത്യ ഭരണസംവിധാനങ്ങള്‍ പൊതുവെ തുറന്ന പ്രവര്‍ത്തനശൈലിയാണ് സ്വീകരിക്കുന്നതെന്ന ധാരണയാണ് നിലവിലുള്ളത്. പക്ഷേ, രാജ്യരക്ഷയുടെയും ആഭ്യന്തരസുരക്ഷയുടെയും മറ്റും പേരുപറഞ്ഞ് ഭരണത്തിന്റെ ഗണ്യമായ ഭാഗങ്ങള്‍ നിഗൂഢവും രഹസ്യാത്മകവുമായി വെക്കാന്‍ എല്ലാതരം ഭരണകൂടങ്ങള്‍ക്കും കഴിയുന്നു എന്നതാണ് വാസ്തവം. ജനാധിപത്യപ്രക്രിയയിലൂടെ തന്നെ ഉരുത്തിരിഞ്ഞു വന്ന അറിയാനുള്ള അവകാശം പോലുള്ള നിയമനിര്‍മാണങ്ങള്‍ ജനാധിപത്യത്തെ സുതാര്യമാക്കാന്‍ സഹായകമായ ചുവടുവെപ്പുകളാണ്. പക്ഷേ, ഈ നിയമം ഫലപ്രദമാകണമെങ്കില്‍ ജനങ്ങള്‍ ഈ അവകാശം ഉപയോഗിക്കാന്‍ മൂന്നോട്ടുവരണം. അത് അധികപക്ഷവും സംഭവിക്കുന്നില്ല. അതോടൊപ്പം, ഈ നിയമത്തിന് കടന്നുചെല്ലാനാവാത്തവിധം പ്രതിരോധ, സുരക്ഷാ മേഖലകളുടെ പേരുംപറഞ്ഞ് നിര്‍ണായക ഭരണമേഖലകളെ ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് ഫലത്തില്‍ പാര്‍ലമെന്ററി ജനാധിപത്യ ഭരണസംവിധാനങ്ങളിലെ നിഗൂഢത തത്പരകക്ഷികള്‍ ജനവിരുദ്ധമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

ഈ അവസ്ഥയ്ക്ക് അടിസ്ഥാനപരമായ മാറ്റമുണ്ടാക്കാന്‍ കഴിയുംവിധമുള്ള ഒരു ഇടപെടലാണ് ഇപ്പോള്‍ വിക്കിലീക്‌സ് നടത്തിയിരിക്കുന്നത്. ഒരു സര്‍ക്കാറിനും അവര്‍ ചെയ്യുന്ന ഒരു പ്രവൃത്തിയും മൂടിവെക്കാനാവില്ലെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. സാങ്കേതികവിദ്യയിലെ മുന്നേറ്റം സാമൂഹിക, രാഷ്ട്രീയഘടനയില്‍ ഇത്രമാത്രം സ്വാധീനം ചെലുത്തുന്നത് ഇതാദ്യമാണ്. എല്ലാതരം ഭരണസംവിധാനങ്ങളും തികച്ചും സുതാര്യമായിരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. ഏതു രീതിയിലുള്ള കള്ളത്തരങ്ങള്‍ ചെയ്താലും അതെല്ലാം തുറന്നുകാട്ടപ്പെടും എന്നത് എല്ലാ ഭരണകൂടങ്ങള്‍ക്കും നിത്യഭീഷണിയായിരിക്കും. വിക്കിലീക്‌സ് ഇപ്പോള്‍ പുറത്തുകൊണ്ടുവരുന്നത് അധികവും എംബസികള്‍ വഴിയുള്ള നയതന്ത്രരേഖകളാണ്. പക്ഷേ, ഭരണകൂടങ്ങള്‍ ഉപയോഗിക്കുന്ന ഏതു കമ്പ്യൂട്ടര്‍ ശൃംഖലയിലേക്കും ഹാക്കര്‍മാര്‍ക്ക് കടന്നുകയറാനാകുമെന്നുള്ള ഭീഷണി തന്നെയാണ് ഇത് ഉയര്‍ത്തുന്നത്. ഈ ഭീഷണിയെ നേരിടാനുള്ള പല പുതിയ സംവിധാനങ്ങളും കണ്ടെത്താന്‍ ഭരണകൂടങ്ങളും രാഷ്ട്രീയനേതൃത്വങ്ങളും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. ഇപ്പോള്‍ത്തന്നെ ചില നീക്കങ്ങള്‍ കാണാം. വിക്കിലീക്‌സിന്റെ പ്രധാന മുന്‍നിരക്കാരനായി കണക്കാക്കപ്പെടുന്ന ജൂലിയന്‍ അസാഞ്ജിനെതിരെ സ്വീഡനില്‍ ഒരു ലൈംഗികക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് അമേരിക്കന്‍ നീക്കത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അമേരിക്കയിലെ ആമസോണ്‍ കമ്പ്യൂട്ടര്‍ കമ്പനി വിക്കിലീക്‌സിന് സെര്‍വര്‍ സൗകര്യം നല്‍കിയിരുന്നത് നിര്‍ത്തിയതും അമേരിക്കന്‍ സര്‍ക്കാറിന്റെ സമ്മര്‍ദഫലമാണെന്ന് വ്യക്തമാണ്. വിക്കിലീക്‌സിന്റെ അക്കൗണ്ടുകള്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്കുകള്‍ അവരുടെ അക്കൗണ്ട് മരവിപ്പിച്ചതും ഇത്തരം സമ്മര്‍ദഫലമായാണ്. ലോകവ്യാപകമായി വിക്കിലീക്‌സിന് സെര്‍വര്‍ പിന്തുണ നല്‍കുന്ന പല കമ്പനികള്‍ക്കുമേലും സമ്മര്‍ദം ചെലുത്തപ്പെടുന്നുണ്ട്. സമ്മര്‍ദത്തിന് വഴങ്ങാത്തവര്‍ക്കുനേരേ സൈബര്‍ രീതിയിലുള്ള ആക്രമണങ്ങളും ആരംഭിച്ചിട്ടുണ്ട്.

ഇത്തരം കടന്നാക്രമണങ്ങള്‍ക്കുനേരേ പ്രതിരോധവും പ്രത്യാക്രമണവും മറുപക്ഷത്തുനിന്നും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. അസാഞ്ജിന്റെ അറസ്റ്റിനെതിരെ ലോകവ്യാപകമായിത്തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വേര്‍ മേഖലയിലെ സംഘങ്ങളും വ്യക്തികളും ലോകവ്യാപകമായിത്തന്നെ വിക്കിലീക്‌സിന് പിന്നില്‍ അണിനിരന്നുകഴിഞ്ഞിട്ടുണ്ട്. അവര്‍ എതിരാളികള്‍ക്കു നേരേ സൈബര്‍യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു സൈബര്‍യുദ്ധം അരങ്ങേറുന്നത്. അതിന്റെ പ്രത്യാഘാതങ്ങള്‍ പ്രവചിക്കാനാവില്ല.

വിക്കിലീക്‌സ് ചെയ്തതുപോലുള്ള വിവരം ചോര്‍ത്തല്‍ അരാജകവാദപരമായ ഇടപെടലല്ലേ എന്ന ചോദ്യം പ്രസക്തമാണ്. കാരണം, ജനാധിപത്യവ്യവസ്ഥയുടെ അടിത്തറ തന്നെ നിയമവാഴ്ചയാണ്. നിയമലംഘനങ്ങളെ പ്രോത്സാഹിപ്പിക്കാനാവില്ല. നിയമങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ ജനാധിപത്യപരമായി അത് നിര്‍വഹിക്കണം. ഈ പ്രക്രിയ ഒട്ടുംതന്നെ എളുപ്പമല്ല. പ്രകൃതിയില്‍ കര്‍ക്കശമായ നിയമങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് പ്രകൃതിയുടെ ക്രമം കാര്യമായി തെറ്റാതെ തുടരുന്നത്. പക്ഷേ, പ്രകൃതിയില്‍ നിരന്തരം മാറ്റങ്ങളുണ്ടാവുന്നുണ്ട്. പുതിയ പ്രതിഭാസങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അനിവാര്യമായ ചട്ടക്കൂടുകളെ പലപ്പോഴും തകര്‍ക്കുന്നത് യാദൃച്ഛിക സംഭവങ്ങളാണ്. ആ സംഭവങ്ങള്‍ മാറ്റത്തിന്റെ ചാലകശക്തിയാകുന്നു. ജനാധിപത്യക്രമത്തിന്റെ ചട്ടവട്ടങ്ങളില്‍ മാറ്റമുണ്ടാകുന്നതും ചില യാദൃച്ഛിക സംഭവങ്ങളിലൂടെയാകാം. വിക്കിലീക്‌സ് അത്തരമൊരു യാദൃച്ഛിക സംഭവം തന്നെയാണല്ലോ.

വിക്കിലീക്‌സിന്റെ ഇടപെടല്‍ ജനാധിപത്യ ഭരണസംവിധാനങ്ങളെ ഒരു പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ചിരിക്കുന്നു. അതിനെ മറികടക്കാന്‍ ഒരൊറ്റ മാര്‍ഗമേയുള്ളൂ. ജനാധിപത്യ ഭരണസംവിധാനത്തെ പരമാവധി സുതാര്യമാക്കുക എന്നതാണത്. ജനാധിപത്യ സമ്പ്രദായത്തിന്റെ ഗുണപരമായ മുന്നേറ്റമായിരിക്കും അത്. ജനാധിപത്യവ്യവസ്ഥയിലെ മര്‍ദകഭരണകൂടത്തിന്റെ മര്‍ദകസ്വഭാവം നിലനില്‍ക്കാനാവാത്ത ഒരവസ്ഥയിലേക്ക് ജനാധിപത്യപ്രക്രിയ എത്തിച്ചേരുകയാണുണ്ടാവുക. മനുഷ്യസമൂഹം വലിയൊരു സാമൂഹികസംഘടനയായി പ്രവര്‍ത്തിക്കുന്ന അവസ്ഥ. കാല്പനികം എന്ന് വിളിക്കാവുന്ന ഒരു സങ്കല്പം യാഥാര്‍ഥ്യമാവാനുള്ള സാധ്യത!

ഇന്ത്യയിലെയും കേരളത്തിലെയും ഭരണസംവിധാനം നേരിടുന്നതും ഈ സുതാര്യതയുടെ പ്രശ്‌നം തന്നെയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും 2 ജി സ്‌പെക്ട്രം കുംഭകോണവുമെല്ലാം സുതാര്യതയുള്ള ഒരു ഭരണക്രമത്തില്‍ സംഭവിക്കുകയില്ല. കേരളത്തിലെ ഉദ്യോഗസ്ഥ നിയമനരംഗത്ത് നടമാടുന്ന അതിക്രമങ്ങളും സുതാര്യ ഭരണസംവിധാനമുണ്ടെങ്കില്‍ നടക്കുമായിരുന്നില്ല. പക്ഷേ, കേരളത്തിലെ ഭരണസംവിധാനം സുതാര്യമാക്കുക എളുപ്പമല്ല. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം തന്നെയാണ് കാരണം. അവര്‍ സംഘടിതരായതുകൊണ്ട് പ്രതിലോമ സ്വഭാവം വര്‍ധിച്ചിട്ടേ ഉള്ളൂ. ഇച്ഛാശക്തിയുള്ള ഒരു രാഷ്ട്രീയനേതൃത്വത്തിനു മാത്രമേ ഈ അവസ്ഥയില്‍ മാറ്റമുണ്ടാക്കാനാവൂ.


SocialTwist Tell-a-Friend
Related Stories: വിവരസാങ്കേതികവിദ്യയും ജനാധിപത്യവും - Sunday, December 26, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon