You are here: HOME » MUSIC »
ഒരു നാള്‍ ഒരു കനവ്
സ്വന്തം ലേഖകൻ Jayakeralam Malayalam News
Friday, 20 April 2012
'വാളെടുത്തങ്കക്കലി' തുള്ളിയാണ് അനുരാധ ശ്രീറാം മലയാള മനസ്സില്‍ ഇടംനേടിയത്. അതിനും ഏറെ മുമ്പ് എ.ആര്‍. റഹ്മാന്‍ കണ്ടെത്തിയ ഈ വേറിട്ട സ്വരം 'ബോംബെ'ക്കു വേണ്ടി ഹമ്മിങ് പാടി

ചലച്ചിത്രഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. കര്‍ണാടക സംഗീതത്തില്‍ എസ്. കല്യാണ രാമന്റെയും ഹിന്ദുസ്ഥാനിയില്‍ മണിക് ബുവ താക്കൂര്‍ദാസിന്റെയും ശിഷ്യയായ അനുവിന് ചലച്ചിത്ര പിന്നണിയില്‍

വേറിട്ട ശബ്ദമാകാന്‍ ഏറെനാള്‍ വേണ്ടിവന്നില്ല.

തമിഴില്‍ തരംഗമായ 'കറുപ്പു താന്‍ എനക്ക് പുടിച്ച കളറ്...', 'അപ്പടി പോട്...', 'ഓ പോട്...' പോലുള്ള വ്യത്യസ്തമായ തട്ടുപൊളിപ്പന്‍ ഗാനങ്ങളിലൂടെയും 'ഇനി അച്ചം അച്ചം ഇല്ലൈ...', 'അന്‍പെന്‍ട്ര മഴയിലേ...', 'ഇഷ്‌ക്

ബിനാ ക്യാ ജീനാ യാരോ...' തുടങ്ങിയ റഹ്മാന്‍ ഗാനങ്ങളിലൂടെയും അനുരാധ ആലാപന വഴിയില്‍ വ്യത്യസ്തമായ കൈയൊപ്പിട്ടു. അനുവിന്റെ ചലച്ചിത്രഗാനങ്ങള്‍ക്കെന്ന പോലെ ഭര്‍ത്താവ് ശ്രീറാം

പരശുറാമിനൊപ്പം നടത്തുന്ന ജുഗല്‍ബന്ദിക്കും കര്‍ണാടക സംഗീതക്കച്ചേരികള്‍ക്കും ഏറെ ആരാധകരുണ്ട്.

പാട്ടിന്റെ വഴിയില്‍
പഠനത്തില്‍ മിടുക്കിയായിരുന്നു അനു. ഡോക്ടറാവുക എന്നത് ലക്ഷ്യവും. പക്ഷെ മരുന്നിനു പകരം സംഗീതം കൊണ്ട് ആശ്വാസം പകരാനായിരുന്നു നിയോഗം. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ സംഗീതമായിരുന്നു

ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും ഐച്ഛിക വിഷയം. രണ്ടും പാസ്സായത് സ്വര്‍ണ മെഡലോടെ. ഗവണ്മെന്റ് സ്‌കോളര്‍ഷിപ്പോടെ യു.എസിലെ വെസ്ലിയന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം

പൂര്‍ത്തിയാക്കി. വെസ്‌റ്റേണ്‍ ക്ലാസിക്കല്‍ ഒാപറയും വശത്താക്കിയാണ് അനുരാധ തിരിച്ചെത്തിയത്. കുടുംബ സുഹൃത്ത് വഴി റഹ്മാനെ പരിചയപ്പെട്ടതോടെ സംഗീതജീവിതത്തില്‍ വഴിത്തിരിവായി.

ഡോക്ടറാകാന്‍ ആഗ്രഹിച്ചെങ്കിലും പിന്നണി ഗായികയായ അമ്മ രേണുകാ ദേവിയുടെ പാത പിന്തുടരാനായതില്‍ ഇന്നിവര്‍ക്ക് സന്തോഷം മാത്രം.

ഹിന്ദുസ്ഥാനിയിലും കര്‍ണാടക സംഗീതത്തിലും പരിശീലനം നേടിയിട്ടുണ്ടല്ലോ. രണ്ടും എങ്ങനെ താരതമ്യം ചെയ്യുന്നു?
കര്‍ണാടക സംഗീതം ആഴമേറിയതും ഗമകങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതുമാണ്. അല്‍പംകൂടി മൃദുലമാണ് ഹിന്ദുസ്ഥാനി. കച്ചേരിയില്‍ പാടാന്‍ എളുപ്പവും അതാണ്. ഉത്ഭവത്തില്‍ വളരെ സാവധാനം ഒഴുകി

പതുക്കെ വേഗതയേറുന്ന നദിയോട് ആ സംഗീതത്തെ ഉപമിക്കാം. സാവധാനം പുരോഗമിക്കുന്ന ഒരു പ്രക്രിയ. രാഗത്തെ നല്ലപോലെ മനസ്സിലാക്കിയാല്‍ ഗായകര്‍ക്ക് കഴിവ് പ്രകടിപ്പിക്കാന്‍ കൂടുതല്‍ അവസരം

ഹിന്ദുസ്ഥാനിയിലാണെന്നു പറയാം. മനോധര്‍മത്തില്‍ ഗായകന് നന്നായി ശോഭിക്കാനും കഴിയും.

ഭര്‍ത്താവിനൊപ്പമുള്ള കച്ചേരികള്‍?
ശ്രീറാം പരശുറാം വയലിനിസ്റ്റും ഹിന്ദുസ്ഥാനി സംഗീതജ്ഞനുമാണ്. രണ്ടുപേരും ചേര്‍ന്ന് ജുഗല്‍ബന്ദി/ഫ്യൂഷന്‍ അവതരിപ്പിച്ചു തുടങ്ങിയിട്ട് പതിനേഴു വര്‍ഷമായി. ഇപ്പോഴും തുടരുന്നു. ഒരുമിച്ചല്ലാതെയും ഞങ്ങള്‍

കച്ചേരികള്‍ അവതരിപ്പിക്കാറുണ്ട്. ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവത്തിന് ഇത്തവണ എന്റെ കച്ചേരിയുണ്ടായിരുന്നു. നിശാഗന്ധി ഫെസ്റ്റിവലിലും പാടി.

നാടോടി സംഗീതത്തില്‍ താത്പര്യമുണ്ടായത് എങ്ങനെയാണ്?
യു.എസിലെ വെസ്‌ലിയന്‍ യൂണിവേഴ്‌സിറ്റിയില്‍ എം.എ. എത്‌നോമ്യൂസികോളജിക്കു പഠിക്കുമ്പോള്‍ സീനിയറായി പുഷ്പവനം കുപ്പുസ്വാമി മാസ്റ്ററും ഉണ്ടായിരുന്നു. അദ്ദേഹത്തില്‍ നിന്നാണ് ഫോക്

മ്യൂസികിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയത്. ഞങ്ങള്‍ ഒരുമിച്ച് അവിടെ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.

കലര്‍പ്പും കളങ്കവുമില്ലാത്തതാണ് നാടോടി സംഗീതം. ഏറ്റവും സത്യസന്ധമായത്. ആനന്ദഭൈരവി, ചെഞ്ചുരുട്ടി, തോഡി തുടങ്ങിയ രാഗങ്ങളുടെയെല്ലാം അടിസ്ഥാനം നാടോടി സംഗീതമാണ്. ഇളയരാജ സാറാണ്

നാടോടി സംഗീതത്തെ മറ്റു ശാഖകള്‍ക്കൊപ്പം ജനപ്രിയമാക്കിയത്. ശുദ്ധ ഗ്രാമീണനായിരുന്ന അദ്ദേഹത്തിന്റെ 'അന്നക്കിളി ഉന്നൈ തേട്ത്...' പോലുള്ള പാട്ടുകളുടെ ജനപ്രീതി തന്നെ നാടോടിസംഗീതത്തെ

ജനങ്ങള്‍ ഹൃദയത്തിലേറ്റുവാങ്ങും എന്നതിന് ഉദാഹരണമല്ലേ?

ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അഭിനേത്രി എന്നീ റോളുകളെക്കുറിച്ച്?
'അന്‍പേ ശിവം' എന്ന ചിത്രത്തില്‍ കിരണിനു വേണ്ടി ശബ്ദം നല്‍കാന്‍ കമല്‍ഹാസന്‍ സാറാണ് ക്ഷണിച്ചത്. അതൊരു ഗോഡ് ഫാദറുടെ ഓഫറായി തോന്നി. അതുകൊണ്ട് സ്വീകരിച്ചുവെന്നു മാത്രം. 'കാളി' എന്ന

ചിത്രത്തില്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് ആയിട്ടാണ് ആദ്യ അഭിനയം. എന്‍.ടി.രാമറാവുവിന്റെ ഒരു സിനിമയിലും 'നിഷാന' എന്ന ഹിന്ദി ചിത്രത്തില്‍ ജിതേന്ദ്രയ്‌ക്കൊപ്പവും അഭിനയിച്ചു. പക്ഷെ അഭിനയത്തോട് വലിയ

താത്പര്യം തോന്നിയില്ല.

എന്തുകൊണ്ടാണ് ഹിന്ദി ചലച്ചിത്രഗാന രംഗത്ത് തുടരാതിരുന്നത്?
നാല്‍പ്പതോളം ഹിന്ദി ചിത്രങ്ങളില്‍ പാടി. ഉത്തരേന്ത്യയില്‍ തുടരുകയെന്നത് സ്വല്‍പം ബുദ്ധിമുട്ടു തന്നെയാണ്. ദക്ഷിണേന്ത്യക്കാര്‍ക്ക് വലിയ കഴിവൊന്നുമില്ലെന്ന അവരുടെ ധാരണ ഇപ്പോഴും മാറ്റമില്ലാതെ

തുടരുന്നു. നമ്മള്‍ എന്താണെന്ന് തെളിയിച്ചാലേ അവിടെ രക്ഷയുള്ളൂ. അതു സാധിച്ചു. അവസരങ്ങള്‍ക്കായി ഉത്തരേന്ത്യയില്‍ നില്‍ക്കുകയെന്നത് പ്രായോഗികമായി തോന്നിയില്ല. ശാസ്ത്രീയ സംഗീതത്തില്‍

കൂടുതല്‍ ശ്രദ്ധിക്കണമെന്നു മാത്രമാണിപ്പോഴത്തെ ലക്ഷ്യം.

മലയാളത്തില്‍ അവസരങ്ങള്‍ കുറവാണെന്നു തോന്നിയിട്ടുണ്ടോ?
സങ്കടം തോന്നിയിട്ടുണ്ട് പലപ്പോഴും. ഭാഷ ശരിക്കു വശമില്ലാത്ത ഗായകര്‍ക്കു വേണ്ടി കുറച്ചു ബുദ്ധിമുട്ടേണ്ടി വരും. ശരിയാണ്. എന്നുവെച്ച് അവസരം കൊടുക്കാതിരിക്കുന്നതില്‍ അര്‍ഥമുണ്ടോ? ഗായകരെ

മോള്‍ഡ് ചെയ്‌തെടുക്കാന്‍ ഇപ്പോള്‍ അധികമാര്‍ക്കും സമയമില്ല. അതുകൊണ്ട് പുതിയ സ്വരങ്ങളും കേള്‍ക്കാനാകുന്നില്ല.


SocialTwist Tell-a-Friend
Related Stories: ഒരു നാള്‍ ഒരു കനവ് - Thursday, April 19, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon