You are here: HOME » MAINNEWS »
തിരുവമ്പാടി തമ്പാന്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 30 January 2012
നെറ്റിപ്പട്ടവും വര്‍ണക്കുടയും സ്വര്‍ണത്തിടമ്പും പേറുന്ന കൊമ്പനാന. പൂരപ്പെരുമയില്‍ നിറയുന്ന പുരുഷാരം. ഈ കാഴ്ചകളെല്ലാം തൃശ്ശിവപ്പേരൂരിന്റെ ആവേശം നിറയ്ക്കുന്ന പൂരക്കാഴ്ചകളാണ്. ഗജവീരന്മാരെ ജീവനുതുല്യം സ്‌നേഹിച്ച തിരുവാമ്പാടി ആലങ്ങാട്ട് മാളികയിലെ ഇളമുറത്തമ്പാന്‍മാരുടെ കഥപറയുന്ന ചിത്രമാണ് 'തിരുവമ്പാടി തമ്പാന്‍'. ശിക്കാറിനു ശേഷം എം. പത്മകുമാര്‍, എസ്. സുരേഷ് ബാബു ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ ജയറാമാണ് നായകന്‍. നായിക ഹരിപ്രിയയാണ്. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു തുടങ്ങിയ താരങ്ങള്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മലയാള സിനിമയില്‍ ആനക്കഥ പറഞ്ഞ മിക്കചിത്രങ്ങളിലും ജയറാം നായകവേഷം അണിഞ്ഞിട്ടുണ്ട്. അവയെല്ലാം ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലേക്ക് കടന്ന ചിത്രങ്ങളായിരുന്നു. അത്തരം ആനക്കഥ പറഞ്ഞ ചിത്രങ്ങളില്‍ ഏറെ വ്യത്യസ്തമായ ചിത്രമാണ് തിരുവമ്പാടി തമ്പാന്‍.

ശക്തന്‍ തമ്പുരാന്റെ കാലത്ത് വ്യാപാര വികസനത്തിനുവേണ്ടി മധ്യകേരളത്തിലെ കഴിവുറ്റ 64 ക്രിസ്ത്യന്‍ കുടുംബാംഗങ്ങളെ രാജാവ് തൃശ്ശൂരിലേക്ക് ക്ഷണിച്ചു. ഇവിടെ വ്യാപാരം തുടങ്ങാനുള്ള സൗകര്യവും രാജ്യകാര്യങ്ങളില്‍ പങ്കാളിത്തവും അവര്‍ക്ക് നല്കി. മഹാരാജാവിന്റെ പ്രിയങ്കരരായി വളര്‍ന്ന 64 കുടുംബങ്ങളില്‍ പ്രധാനപ്പെട്ട തിരുവമ്പാടി ആലങ്ങാട് മാളികയിലെ ഇന്നത്തെ തലമുറക്കാരാണ് തിരുവമ്പാടി മാത്തന്‍ തരകനും മകന്‍ തിരുവമ്പാടി തമ്പാനും. ഇന്ന് സൗത്ത് ഇന്ത്യയില്‍ അറിയപ്പെടുന്ന ആന കോണ്‍ട്രാക്ടറാണിവര്‍. അവര്‍ക്ക് കൂട്ടായി അമ്മാവനായ കുഞ്ഞൂഞ്ഞ് മാപ്പിളയും ഉണ്ട്. 30 ലോറികളുള്ള കുഞ്ഞൂഞ്ഞിന് ആനപ്പട്ട ബിസിനസ്സാണ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആനപ്പന്തികളിലേക്ക് പനംപട്ട കയറ്റിയയയ്ക്കലാണ് പ്രധാന പരിപാടി. ഇവര്‍ മൂന്നുപേര്‍ ഒന്നിച്ചാല്‍ ആര്‍ക്കും അവരെ തടുക്കാന്‍ കഴിയില്ല. നാട്ടിലെ പൂരങ്ങള്‍ക്ക് തിടമ്പ് എഴുന്നള്ളിക്കാന്‍ തലയെടുപ്പുള്ള ആനകളെ ഇറക്കുന്നതും തമ്പാന്മാരാണ്.

നാട്ടിലെ ഉത്രംകര ക്ഷേത്രത്തിലെ പൂരത്തിന് ആനയെ കൊണ്ടുവരാന്‍ മാത്തന്‍ തരകനും തമ്പാനും അമ്മാവന്‍ കുഞ്ഞൂഞ്ഞും ചേര്‍ന്ന് സോന്‍പൂരിലെ ഗജമേളയില്‍ പോയി തിരിച്ചുവരുമ്പോള്‍ സംഭവിക്കുന്ന ചില പ്രശ്‌നങ്ങളാണ് ചിത്രത്തെ നയിക്കുന്നത്.
ചിത്രത്തില്‍ ആലങ്ങാട്ട് മാത്തന്‍ തരകനായി ജഗതി ശ്രീകുമാറും മകന്‍ തിരുവമ്പാടി തമ്പാനായി ജയറാമും അമ്മാവന്‍ കുഞ്ഞൂഞ്ഞ് ആയി നെടുമുടി വേണുവും വേഷമിടുന്നു.

ഹരിപ്രിയയാണ് ചിത്രത്തിലെ നായിക. ചേരന്റെ 'മുറ'യിലെ നായികയായിരുന്നു ഹരിപ്രിയ.
വെണ്ണിലാ കബഡിക്കൂട്ടത്തിലൂടെ ശ്രദ്ധേയനായ കിഷോര്‍, പശങ്ക, യുദ്ധംശെയ് എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ ജെ.പി. എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജനാര്‍ദ്ദനന്‍, ശ്രീലത, വിജയന്‍ പെരിങ്ങോട്, നന്ദു, വിക്രമന്‍നായര്‍, അനില്‍ മുരളി, സാദിഖ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ഔസേപ്പച്ചന്‍ ഒരുക്കിയ അഞ്ച് ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. മനോജ്പിള്ളയാണ് ക്യാമറാമാന്‍. ജിനി സിനിമയുടെ ബാനറില്‍ അലക്‌സാണ്ടര്‍ ജോണാണ് ചിത്രം നിര്‍മിക്കുന്നത്. വിദേശമലയാളിയും ഇലക്ട്രിക്കല്‍ എഞ്ചിനിയറുമായ അലക്‌സാണ്ടര്‍ ജോണ്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് തിരുവമ്പാടി തമ്പാന്‍. 'ഭാര്യ ഒന്ന് മക്കള്‍ മൂന്ന്' ആയിരുന്നു ആദ്യചിത്രം.

ആത്മബന്ധങ്ങളുടെ കഥ - എസ്. സുരേഷ് ബാബു, തിരക്കഥാകൃത്ത്
''അച്ഛനും മകനും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ കഥപറയുന്ന ചിത്രമാണ് 'തിരുവമ്പാടി തമ്പാന്‍'. കോമഡി നിറഞ്ഞ പശ്ചാത്തലത്തില്‍ തുടങ്ങി ഏറെ വ്യത്യസ്തമായ ത്രില്ലറായി മാറുന്ന റോഡ് മൂവി പോലുള്ള ഒരു ചിത്രം. ഒരു യാത്രക്കിടയില്‍ ആര്‍ക്കും സംഭവിക്കാവുന്ന ചില പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ടെക്‌നിക്കലി ബ്രില്ല്യന്റായി ഓരോ സീനും പിന്നിടുന്ന ചിത്രം മറയൂര്‍, പൊള്ളാച്ചി, മധുര, രാമേശ്വരം എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. പ്രതികാരത്തിനു കാലങ്ങള്‍ വേണ്ട ഒരു നിമിഷം മതിയെന്ന സത്യം ചിത്രം കാണിച്ചുതരുന്നു.'' ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബു സംസാരിക്കുന്നു. ശിക്കാറിനുശേഷം പത്മകുമാറുമായി സുരേഷ് ബാബു ഒന്നിക്കുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബനെ നായകനാക്കി വ്യത്യസ്തമായ ഒരു ചിത്രം സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ പത്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നുണ്ട്. തിരുവമ്പാടി തമ്പാന്റെ ചിത്രീകരണത്തിന് ശേഷം അത് തുടങ്ങാനാണ് പ്ലാന്‍.

ഇത് ഒരു ആനക്കഥയല്ല - പത്മകുമാര്‍
ജയറാം നായകനായി ഒരുക്കുന്ന ഒരു ആനക്കഥയല്ല തിരുവമ്പാടി തമ്പാന്‍. ആന ഒരു കഥാപാത്രമായി ഈ ചിത്രത്തില്‍ കടന്നുവരുന്നില്ല. ആനപ്രേമിയുടെ ജീവിതത്തിന്റെ ഒരു പശ്ചാത്തലം മാത്രമേ ഇവിടെയുള്ളൂ. തൃശ്ശൂരിലെ തേക്കിന്‍കാട് മൈതാനിയെ ചുറ്റിപ്പറ്റി രസകരമായ ചില ജീവിതങ്ങള്‍ ഉണ്ട്. ആനയും, ആനച്ചന്തവും കുടമാറ്റവും മനസ്സില്‍ താലോലിക്കുന്ന, ആനകളെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. തൃശ്ശൂരിന്റെ ഭൂമിശാസ്ത്രത്തില്‍ മാത്രമേ അത്തരം രസകരമായ കാഴ്ചകള്‍ കാണൂ. ജീവിതത്തെ ഫണ്ണിയായി കാണുന്ന ഒരു കൂട്ടം മനുഷ്യര്‍. അവരുടെ ജീവിതത്തില്‍ പെട്ടെന്ന് സംഭവിക്കുന്ന ചില പ്രശ്‌നങ്ങള്‍ തകിടംമറിക്കുന്ന ജീവിതത്തെയും അതിനെതിരെയുള്ള പ്രതിഷേധത്തിന്റെയും കഥയാണിത്.
തികച്ചും വ്യത്യസ്തമായ രണ്ട് ടോണിലാണ് ചിത്രം വര്‍ക്കൗട്ട് ചെയ്യുന്നത്. അപ്രതീക്ഷിതമായി വന്ന സിനിമാസമരം ചിത്രത്തിലെ സ്റ്റാര്‍ കാസ്റ്റിങ്ങിനെ ഏറെ ബാധിച്ചിട്ടുണ്ട്. നായികയെ വരെ മാറ്റേണ്ടിവന്നു. ഏറെ ടെന്‍ഷനുശേഷമാണ് അനുയോജ്യയായ മറ്റൊരു നായികയെ കണ്ടെത്താന്‍ കഴിഞ്ഞത്'' പത്മകുമാര്‍ പറയുന്നു.

സോണ്‍പൂര്‍ ആനച്ചന്തയിലെ വിശേഷങ്ങള്‍
ബിഹാറിലെ സോണ്‍പൂര്‍ ഗജമേളയ്ക്ക് ആനയെ വാങ്ങാന്‍ പോയ കഥ ജയറാം പങ്കുവെക്കുന്നു.
ഏഷ്യയിലെ ഏറ്റവും വലുതും ഇന്ത്യയിലെ നമ്പര്‍വണ്‍ ഗജമേളയാണ് ബിഹാറിലെ സോണ്‍പൂര്‍ മേള. ഗംഗാനദിയുടെ തീരത്ത് ശ്രീരാമന്റെയും സീതയുടെയും വിവാഹം നടന്ന സ്ഥലത്തെ ഒരാഘോഷം. പൗര്‍ണമി ദിവസം സോണ്‍പൂരിലെ സൂര്യക്ഷേത്രത്തിനടുത്തുള്ള ഗംഗയില്‍ സ്‌നാനം ചെയ്താല്‍ പാപമോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. ആ ഗംഗാതീരത്താണ് സോണ്‍പൂര്‍ മേള നടക്കുന്നത്. മേളയില്‍ ആന മാത്രമല്ല. കുതിര, ഒട്ടകം, പക്ഷികള്‍, പശു എല്ലാം ആ മേളയില്‍ ഉണ്ടാകും. പതിനൊന്ന് വര്‍ഷം മുന്‍പ് ആ മേളയില്‍ പങ്കെടുക്കാന്‍ എനിക്ക് കഴിഞ്ഞു.
സോണ്‍പൂര്‍ മേളയെക്കുറിച്ച് കേട്ടതല്ലാതെ അവിടെ എങ്ങനെ പോകണമെന്ന് എനിക്കറിയില്ല. പെട്ടെന്ന് എന്റെ മനസ്സില്‍ ഒരു രൂപം വന്നു
- രമേശ് ചെന്നിത്തല. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ രൂപം എന്റെ മനസ്സില്‍ കടന്നുവന്നതെന്ന് എനിക്കറിയില്ല. എങ്ങനെയോ തോന്നിയതാണ്. രമേശ്ജിയെ ഞാന്‍ വിളിച്ച് സോണ്‍പൂര്‍ മേളയെക്കുറിച്ച് ചോദിച്ചു.

''എന്താ നിനക്ക് വേണ്ടത്... മേള കാണാന്‍ പോണോ നിനക്ക്'', രമേശ് ജിയുടെ ചോദ്യം. ''പ്രദേശ് കമ്മിറ്റി കോണ്‍ഗ്രസ്സിന്റെ വര്‍ക്കിങ് കമ്മിറ്റി പ്രസിഡന്റാണ് ഞാന്‍. എന്റെ ഏരിയയാണത്. ഡല്‍ഹിക്ക് വണ്ടി കയറിക്കോളൂ. ബാക്കി കാര്യം ഞാന്‍ ഏറ്റു.'' രമേശ് ജി പറഞ്ഞു.
അങ്ങനെ ഡല്‍ഹിയിലേക്ക് ഞാന്‍ കയറി. അവിടെ നിന്ന് പാറ്റ്‌നയിലേക്ക്... പാറ്റ്‌ന എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതോടെ എനിക്ക് ചുറ്റും കുറെ ഖദര്‍ധാരികള്‍... ജയറാം.. ജി കീ.. ജയ്.. വിളിച്ച് ചുറ്റും കൂടി. ഓരോരുത്തരും കൈയില്‍ കരുതിയ മാല എനിക്ക് ചാര്‍ത്തി. (അവര്‍ കരുതിക്കാണും ഞാന്‍ രാഷ്ട്രീയക്കാരനാണെന്ന്). അടുത്തുള്ള ഒരു ഹോട്ടലില്‍ റൂം ശരിയാക്കിത്തന്നു. ഞാന്‍ എത്തിയദിവസം ഗംഗാസ്‌നാനത്തിന്റെ തലേദിവസമാണ്. അമ്പലത്തിനടുത്തുള്ള 35-40 കിലോമീറ്റര്‍ റോഡ് ആള്‍ക്കാരെക്കൊണ്ട് ബ്ലോക്കായിരിക്കും എന്ന് ഞാന്‍ അറിഞ്ഞു. പിന്നീടാണ് അവിടത്തെ ഡി.ജി.പി. ജേക്കബ് പുന്നൂസാണെന്ന് ഞാന്‍ അറിഞ്ഞത്. വിളിച്ച് എന്റെ സങ്കടം പറഞ്ഞപ്പോള്‍ ജേക്കബ് സാര്‍ പറഞ്ഞു.

''ഇന്ന് ഉച്ചയ്ക്ക് എന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ വരുകയാണെങ്കില്‍ തന്നെ ഞാന്‍ സോണ്‍പൂരില്‍ എത്തിക്കാം.'' ഞാന്‍ സമ്മതിച്ചു.
പിന്നീട് നേരെ അവിടുന്ന് പോലീസ് അകമ്പടിയോടെ ജേക്കബ് സാറിന്റെ വീട്ടില്‍ പോയി. അവിടെനിന്ന് പോലീസ് വാഹനത്തില്‍ എന്നെ അവര്‍ സോണ്‍പൂരില്‍ എത്തിച്ചു. തോക്കുധാരികളായ പോലീസുകാര്‍ക്കൊപ്പം മേളയില്‍ എത്തിയ എന്നെക്കണ്ട് തൃശ്ശൂര്‍ ഭാഗത്തുനിന്ന് ആനയെ വാങ്ങാന്‍ വന്ന പലരും ഞെട്ടി... രണ്ട് ദിവസം എല്ലാം കറങ്ങിക്കണ്ടാണ് ഞാന്‍ തിരിച്ചുപോന്നത്. ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരനുഭവമായിരുന്നു അത്.


SocialTwist Tell-a-Friend
Related Stories: തിരുവമ്പാടി തമ്പാന്‍ - Saturday, January 28, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon