You are here: HOME » MAINNEWS »
സ്പാനിഷ് മസാല
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 30 January 2012
സ്‌പെയിനില്‍ നിന്നും ഒരു മലയാള സിനിമ അണിഞ്ഞൊരുങ്ങുന്നു. സ്പാനിഷ് മസാല. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദിലീപാണ്. നായികയായി അഭിനയിക്കുന്നത് സ്‌പെയിന്‍ താരമായ ഡാനിയേല സക്കേരിയാണ്. ഈ നായികയെ കണ്ടെത്തിയതിനെക്കുറിച്ച് ലാല്‍ജോസ് പറഞ്ഞതിങ്ങനെ.

''കഥാപരമായി ഒരു സ്‌പെയിന്‍കാരി പെണ്‍കുട്ടിയാണ് ഈ ചിത്രത്തിലെ നായിക. അതിനു പറ്റിയ ഒരു പെണ്‍കുട്ടിക്കു വേണ്ടിയുള്ള അന്വേഷണം നടത്തിയിരുന്നു. പ്രധാനമായും നെറ്റ് വഴിയുള്ള ശ്രമങ്ങള്‍. ഇതിനിടയില്‍ ലൊക്കേഷന്‍ നോക്കുവാനായി തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും ഛായാഗ്രാഹകന്‍ ലോകനാഥനും ഒന്നിച്ച് സ്‌പെയിനിലെത്തിയപ്പോഴാണ് ഡാനിയേല സക്കേരിയെന്ന ഈ നായികയെ കണ്ടെത്തിയത്.''

ലാല്‍ജോസ്-ദിലീപ് കൂട്ടുകെട്ട് എപ്പോഴും പ്രേക്ഷകര്‍ക്ക് കൗതുകമാണ്. ഒപ്പം ബെന്നി പി. നായരമ്പലവും കൂടിയാകുമ്പോള്‍ അതേറെ ഹരം പകരുന്നു. ചാന്തുപൊട്ടിനുശേഷം ലാല്‍ ജോസ്, ദിലീപ്, ബെന്നി, വിദ്യാസാഗര്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ബെന്നിയും ദിലീപും ഒത്തുചേര്‍ന്നിട്ടുള്ള കല്ല്യാണരാമന്‍, കുഞ്ഞിക്കൂനന്‍, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

നര്‍മ്മരസപ്രധാനമായ ഒരു മ്യൂസിക്കല്‍ ലൗ സ്റ്റോറിയുടെ ചലച്ചിത്രാവിഷ്‌കരണമാണ് സ്പാനിഷ് മസാല.
സ്‌പെയിന്‍, ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. ഏറ്റവും ദൃശ്യഭംഗിയുള്ള ഈ പശ്ചാത്തലത്തിലൂടെ ഉരുത്തിരിയുന്ന ഈ പ്രണയകഥ, മലയാള സിനിമയില്‍ എന്നും അഭിമാനചിത്രം തന്നെയായിരിക്കും.

സ്‌പെയിനിലെ ഒരു ഇന്ത്യന്‍ റസ്റ്റോറന്റിലെ ഷെഫ് ആണ് ചാര്‍ളി. തന്റെ കൈപ്പുണ്യം കൊണ്ട് ആരെയും തൃപ്തനാക്കുന്ന ചാര്‍ളിയുടെ പെരുമാറ്റവും വാക്ചാതുര്യവുമെല്ലാം ആരെയും ആകര്‍ഷിക്കുന്നതാണ്. ഈ ഷെഫിനെ പ്രണയിക്കുവാന്‍ ഒരു സ്‌പെയിനുകാരിയുണ്ടായി. കമീല. ഇവള്‍ ഒരു സാധാരണ സ്‌പെയിന്‍കാരി ആയിരുന്നില്ല. ഇന്ത്യയിലെ സ്‌പെയിന്‍ അംബാസിഡറിന്റെ മകളാണ്. ഈ രാജ്യത്തെ ഒരു വി.ഐ.പി. പെണ്‍കുട്ടി. അവളുടെ കാമുകന്‍ ഇന്ത്യക്കാരനായ ഒരു ഷെഫും. ഈ പ്രണയത്തിന്റെ നൂലാമാലകളാണ് ലാല്‍ജോസും ബെന്നി പി. നായരമ്പലവും ചേര്‍ന്ന് അത്യന്തം രസാവഹമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ചാര്‍ളിയെ ദിലീപ് അവതരിപ്പിക്കുന്നു. ദിലീപിന്റെ സ്വതസിദ്ധമായ രസഭാവങ്ങള്‍ക്ക് ഏറെ പ്രാധാന്യം നിറഞ്ഞ ഒരു കഥാപാത്രം.
കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന രാഹുല്‍ ഈ ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രമാണ്.

സ്‌പെയിന്‍ അംബാസിഡറിന്റെ പ്രൈവറ്റ് സെക്രട്ടറി മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജു മേനോനാണ്.
വിനയപ്രസാദ്, കലാരഞ്ജിനി എന്നിവരും ഏതാനും സ്‌പെയിന്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഈ പ്രണയത്തിന് മറ്റു ചില പശ്ചാത്തലങ്ങളുണ്ട്. കമീല, ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയാണ്. അതുകൊണ്ടു തന്നെ ഇന്ത്യയോടും ഇന്ത്യാക്കാരോടും ഒരു പ്രത്യേക മമതയുണ്ട്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സംസ്‌കാരങ്ങളുടെ സംഗമം കൂടിയാണീ ചിത്രം.

വിദ്യാസാഗറിന്റേതാണ് സംഗീതം. റഫീഖ് അഹമ്മദും വേണുവുമാണ് ഗാനങ്ങള്‍ രചിക്കുന്നത്.
ലോകനാഥനാണ് ഛായാഗ്രഹണം. എഡിറ്റിംഗ്-രഞ്ജന്‍ എബ്രഹാം. കലാസംവിധാനം-ഗോകുല്‍ ദാസ്. മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍, അസോസിയേറ്റ് ഡയറക്ടര്‍-സലാം പാലപ്പെട്ടി. സഹസംവിധാനം- രഘുരാമവര്‍മ്മ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് ഷൊര്‍ണ്ണൂര്‍.
ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ നൗഷാദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.


SocialTwist Tell-a-Friend
Related Stories: സ്പാനിഷ് മസാല - Sunday, January 15, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon