You are here: HOME » MAINNEWS »
കിങ് മേക്കര്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Friday, 20 April 2012
കിങ്ങും കമ്മീഷണറും കേരളത്തിലെ തായംകളി അവസാനിപ്പിച്ച് കേന്ദ്രത്തിലേക്ക് ചേക്കേറിയിരിക്കുന്നു. ചടുലസംഭാഷണങ്ങള്‍ കൊണ്ട് തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സും, ഭരത്ചന്ദ്രന്‍ ഐ പി എസ്സും

തിയ്യറ്ററുകള്‍ ഇളക്കിമറിക്കുമെന്ന് സംവിധായകന്‍ തറപ്പിച്ചു പറയുന്നു. പത്ത് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ഇംഗ്ലീഷ് ഡിക്ഷണറി സൗജന്യമായി നല്‍കണമെന്ന അണിയറയിലെ അടക്കംപറച്ചില്‍

കേള്‍ക്കാനിരിക്കുന്ന ഡയലോഗുകളുടെ കരുത്ത് പ്രകടമാക്കുന്നു.

സിനിമയെക്കുറിച്ച് സംവിധായകന്‍ സംസാരിക്കുന്നു.
ഷാജി കൈലാസ് ത്രില്ലിലാണ്, വാക്കുകളില്‍ സംസാരത്തില്‍ മുമ്പൊന്നും കാണാത്ത ആവേശം, കണ്ണുകളില്‍ നിറഞ്ഞ പ്രതീക്ഷ. വെള്ളിത്തിരയിലെ സൂപ്പര്‍താര സംഗമവും ഒരു ഇടവേളക്കൊടുവില്‍ സംഭവിച്ച

അണിയറയിലെ കൂടിച്ചേരലുമെല്ലാം കിങ്ങ് ആന്‍ഡ് കമ്മീഷണറുടെ പ്രതീക്ഷ വാനോളമുയര്‍ത്തിയിരിക്കുന്നു. സിനിമയുടെ ഫിനിഷിങ് ജോലികളെല്ലാം ചെന്നൈയില്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച കേരളത്തിലെ 200

തിയ്യറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിനെ വരവേല്‍ക്കാന്‍ മമ്മൂട്ടിയുടെയും സുരേഷ്‌ഗോപിയുടെയും ഫാന്‍സ് അസോസിയേഷനുകള്‍ വിപുലമായ ഒരുക്കങ്ങളും ഏര്‍പ്പാടാക്കിയിരിക്കുന്നു.

എക്‌സ്ട്രാ ബോണ്‍
1995 ല്‍ ജനം കണ്ട കിങ്ങിലെ നായകന് ഒരെല്ലായിരുന്നു കൂടുതല്‍, എന്നാല്‍ 2012ല്‍ ചരിത്രദൗത്യവുമായെത്തുന്ന തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സിന് എത്ര എല്ല് കൂടുതലുണ്ടെന്ന് കണ്ടറിയണം,

സംവിധായകന്റെ വാക്കുകള്‍ക്ക് കഥാപാത്രത്തിന്റെ കരുത്ത്. നട്ടെല്ലുള്ള രണ്ട് കഥാപാത്രങ്ങള്‍ അനീതിക്കും, രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ഇത്തവണ കൊടുങ്കാറ്റായി കൂടുകള്‍ തകര്‍ത്തെത്തുന്നു.

കിങ്ങിനു ശേഷം രണ്‍ജി പണിക്കരുമായി ഒന്നിക്കുന്ന പടമാണിത്.

തിരക്കഥയുടെ ഉലച്ചിലില്‍ മുമ്പ് ചെയ്ത പല സിനിമകളും പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍ കിങ്ങ് ആന്‍ഡ് കമ്മീഷണര്‍ അളന്നുമുറിച്ചു ചെയ്ത സിനിമയാണ്. കൈയ്യടികള്‍ കൊണ്ട് പ്രേക്ഷകന്‍ തിയ്യറ്ററില്‍

ഭൂകമ്പങ്ങള്‍ സൃഷ്ടിക്കും. ഭരണകൂടഭീകരത തന്നെയാണ് ഒരര്‍ത്ഥത്തില്‍ കഥയുടെ വണ്‍ലൈന്‍. അന്വേഷണാത്മകതയിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. ദേശസ്‌നേഹത്തിന്റെ വികാരനിര്‍ഭരമായ ഒരു

ക്ലൈമാക്‌സ് സമ്മാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ജസ്റ്റ് റിമംബര്‍ ദാറ്റ്
ഓര്‍മ്മയുണ്ടോ ഈ മുഖം? ഭരത്ചന്ദ്രന്റെ നാവില്‍ നിന്ന് ഇത്തവണയും തീപാറുന്ന ഒരുപിടി ഡയലോഗുകള്‍ പുറത്തുവരുന്നുണ്ട്. മമ്മൂട്ടിയും സുരേഷ്‌ഗോപിയും ഡയലോഗുകള്‍ പഠിച്ചെടുക്കാനാണ് സെറ്റില്‍

കൂടുതല്‍ സമയമെടുത്തത്. ഇംഗ്ലീഷ് വാക്കുകളും വാചകങ്ങളും സംഭാഷണങ്ങളിലുടനീളം തുന്നിച്ചേര്‍ത്താണ് രണ്‍ജി ഇത്തവണ തിരക്കഥയൊരുക്കുന്നത്. സൂപ്പര്‍താരങ്ങള്‍ ഡയലോഗുകള്‍ കൃത്യമായി

പകുത്തുനല്‍കിയിട്ടുണ്ട്്. പത്ത് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് ഒരു ഇംഗ്ലീഷ് മലയാളം ഡിക്ഷണറി സൗജന്യമായി നല്‍കണമെന്നുവരെ അണിയറയില്‍ നിന്ന് കമന്റ് ഉയര്‍ന്നിട്ടുണ്ട്.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടാണ് കിങ്ങും കമ്മീഷണറും ഡെല്‍ഹിയില്‍ എത്തുന്നത്. ഉദ്യാഗജനകമായ രംഗങ്ങള്‍ സിനിമക്ക് കരുത്ത് നല്‍കും. സമകാലികപ്രശ്‌നങ്ങളും ഭരണകൂടഭീകരതയോടുമാണ് ചിത്രം

പ്രതികരിക്കുന്നത്. സംഘട്ടനങ്ങള്‍ക്ക് പ്രാധാന്യം കുറവാണ്. നല്ല അടിയേക്കാള്‍ ഗുണം ചെയ്യും വാക്കുകള്‍ എന്ന തിരിച്ചറിവിലാണ് പടം ഒരുക്കിയത്. കിങ്ങ് സിനിമക്ക് മൂന്നു മണിക്കൂര്‍ പത്ത് മിനുട്ട്

ദൈര്‍ഘ്യമുണ്ടായിരുന്നു. കിങ്ങ് ആന്‍ഡ് കമ്മീഷണര്‍ മൂന്നു മണിക്കൂറിലേക്ക് പരിമിതപ്പെടുത്തിയിട്ടുണ്ട്.

വെയ്റ്റ് ആന്റ് സീ
ഡല്‍ഹിയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. പ്രധാനമന്ത്രിയുടെ വീടും ആഭ്യന്തരമന്ത്രാലയവും പാര്‍ലമെന്റ് പരിസരങ്ങളുമെല്ലാം സിനിമക്ക് വേദിയായിട്ടുണ്ട്. ഒരേസമയം ഏഴ് ക്യാമറകള്‍ ഉപയോഗിച്ചാണ്

ഷൂട്ടിങ്് നടന്നത്. മമ്മൂട്ടിയുടെയും സുരേഷ്‌ഗോപിയുടെയും മാനറിസങ്ങള്‍ക്ക് മാറ്റമില്ല. സായികുമാര്‍ അവതരിപ്പിച്ച മൗലീശ്വരബാബ എന്ന കഥാപാത്രം ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

സമകാലികവിഷയങ്ങള്‍ ചിത്രത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ഡല്‍ഹിക്കു പുറമെ ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെല്ലാം ചിത്രീകരണം നടന്നു. കിങ്ങിന്റേയും കമ്മീഷണറുടേയും കടുത്ത

ആരാധകനായ് ആന്റോജോസഫാണ് പുതിയ ചിത്രത്തിന്റെ നിര്‍മാതാവ.് ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ടൈറ്റില്‍ അവതരണത്തിലും, ഫ്രെയ്മുകളിലും പുതുമകള്‍കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.


SocialTwist Tell-a-Friend
Related Stories: കിങ് മേക്കര്‍ - Thursday, April 19, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon