You are here: HOME » MAINNEWS »
എരിവിന് കാന്താരി
test data Jayakeralam Malayalam News
Saturday, 03 December 2011
മലയാളിയുടെ ജീവിതത്തില്‍ ഒഴിവാക്കാനാത്തതാണ് കാന്താരി മുളക്. മലയാളികളുടെ ഇഷ്ട ഭക്ഷണമായ കപ്പയുടെ പ്രയപ്പെട്ട കൂട്ടുകാരിയാണ് കാന്താരി. വെന്ത് മലര്‍ന്ന കപ്പയ്‌ക്കൊപ്പം കാന്താരിച്ചമ്മന്തി ചേര്‍ന്നാലുള്ള രുചി മലയാളികളുടെ നാവില്‍ ഇപ്പോഴും പറ്റിക്കിടക്കുന്നുണ്ടാവും. ഔഷധ സസ്യം എന്ന നിലയില്‍ കാന്താരിയെ എവിടേയും പരാമര്‍ശിച്ചിട്ടില്ലെങ്കിലും നാടന്‍ ചികിത്സയില്‍ കാന്താരിയുണ്ട്. വയറ്റിലെ പുണ്ണ്, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ദഹനക്കേട് എന്നിവയ്‌ക്കെല്ലാം കാന്താരി പലരും ഔഷധമായി ഉപയോഗിക്കുന്നു. പ്രസവത്തിന് ശേഷം കാന്താരി അരച്ച് കുടിക്കുന്ന ചികിത്സയും പണ്ട് ചിലയിടങ്ങളില്‍ നില നിന്നിരുന്നു.

കാപ്‌സിക്കം ഫ്രൂട്ടന്‍സ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന കാന്താരി മുളക് ദീര്‍ഘിച്ച വിളവ് കാലമുള്ളതും കൂടുതല്‍ കായ്ഫലം നല്‍കുന്നതുമാണ്. ചീനി മുളക് എന്നും ഇത് അറിയപ്പെടുന്നു. കാന്താരി മുളക് ചെടിയില്‍ നിന്ന് മുകളിലേക്ക് കുത്തനെയാണ് സാധാരണ ഉണ്ടാകുന്നത്. ഒന്നര സെന്റീ മീറ്റര്‍ മുതല്‍ മൂന്നു സെന്റീ മീറ്റര്‍ വരെ നീളമുള്ള വ്യത്യസ്ത തരം കാന്താരി മുളകുകളുണ്ട്. തെക്കു കിഴക്കന്‍ ഏഷ്യയിലാണ് കാന്താരി മുളക് കൂടുതല്‍ കണ്ടു വരുന്നത്. ഇന്ത്യയില്‍ കേരളത്തിലാണ് ഇതിന്റെ ഉപയോഗം കൂടുതല്‍.

വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, ഉണ്ടക്കാന്താരി എന്നിങ്ങനെ പല തരത്തിലുള്ള കാന്താരി മുളകുകളുണ്ട്. ചെറുകാന്താരിക്ക് എരിവ് കൂടുതലും വെള്ളക്കാന്താരിക്ക് എരിവ് അല്‍പ്പം കുറവുമാണ്. കറികളില്‍ ഉപയോഗിക്കുന്നതിന് പുറമെ അച്ചാറിട്ടും ഉണക്കിയും കാന്താരി മുളക് സൂക്ഷിക്കാറാണ്ട്.

പണ്ട് നാട്ടിന്‍ പുറങ്ങളില്‍ തനിയെ വളര്‍ന്നിരുന്ന കാന്താരി ഇന്ന് പലരും നട്ടു വളര്‍ത്തുകയാണ്. നഗരപ്രദേശങ്ങളില്‍പ്പോലും വളരെ എളുപ്പത്തില്‍ നട്ടുപിടിപ്പിക്കാവുന്നതാണ് കാന്താരിച്ചെടി. എല്ലാ കാലാവസ്ഥയിലും കാന്താരി വളരും. നല്ല വെയിലിലും തണലിലും ഉഷ്ണകാലത്തും കൊടും തണുപ്പിലും വളരാനും കായ്ക്കാനും കാന്താരിക്ക് സാധിക്കും.

മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്ത് ഉണക്കിയ ശേഷം വിത്തുകള്‍ പാകി തൈകള്‍ മുളപ്പിക്കണം. പിന്നീട് അനുയോജ്യമായ സ്ഥലത്തേക്ക് പറിച്ചു നടാം. അടിവളമായി ചാണകപ്പൊടിയോ കമ്പോസ്‌റ്റോ നല്‍കാം.വേനല്‍ക്കാലത്ത് നനച്ചു കൊടുത്താല്‍ കൂടുതല്‍ കായ്ഫലം ലഭിക്കും. പൂത്തുതുടങ്ങിയാല്‍ എന്നും കാന്താരി ചെടികളില്‍ നിന്ന് കായ്കള്‍ ലഭിക്കും. നാലു മുതല്‍ അഞ്ച് വര്‍ഷം വരെ ഒരു ചെടി നിലനില്‍ക്കും. കൃഷിയായി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഇത് ഇടവിളയായും കൃഷി ചെയ്യാം. കൃഷി നടത്തുമ്പോള്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ പിഴുത് മാറ്റി പുതിയ തൈകള്‍ പിടിപ്പിക്കണം. കാന്താരിയില്‍ കാര്യമായ കീടബാധ ഉണ്ടാകാറില്ല. എങ്കിലും മൂടുചീയല്‍ രോഗം കണ്ടാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഉപയോഗിക്കാം. വേനല്‍ക്കാലങ്ങളില്‍ പുതയിടല്‍ നടത്തുന്നതും നനച്ചു കൊടുക്കുന്നതും നല്ലതാണ്.

കാന്താരിയെ സാധാരണ കീടങ്ങള്‍ ആക്രമിക്കാറില്ല. കാന്താരി തന്നെ നല്ല ഒരു കീടനാശിനിയാണ്. ഒരു ലിറ്റര്‍ ഗോമൂത്രം 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് 10 ഗ്രാം അരച്ച കാന്താരിയോടൊപ്പം 10 ഗ്രാം പാല്‍ക്കായവും ചേര്‍ത്ത് ലയിപ്പിച്ച ദ്രാവകം പച്ചക്കറികളിലെ കീടങ്ങള്‍ക്കെതിരെ പ്രയോഗിക്കാവുന്ന കീടനാശിനിയാണ്.

വീട്ടു പറമ്പുകളില്‍ നിന്ന് കാന്താരി അപ്രത്യക്ഷമായതോടെ വിപണിയില്‍ ഇതിന് ആവശ്യ്യം കൂടിയിരിക്കുകയാണ്. കിലോയ്ക്ക് ഏതാണ്ട് 250 രൂപയാണ് ഇപ്പോള്‍ കാന്താരി മുളകിന്റെ വില. ഒരു കാലത്ത് കാന്താരി മുളക് ചെടി ഇല്ലാത്ത വീടുകള്‍ വിരളമായിരുന്നു. പക്ഷികള്‍ മുഖാന്തിരം വിതരണം നടത്തുന്ന കാന്താരി ചെടികള്‍ക്ക് ഭീഷണിയായത് റബ്ബര്‍ കൃഷിയും മെഷീന്‍ ഉപയോഗിച്ചുള്ള കാടു തെളിക്കലുമാണ്. ഇപ്പോള്‍ വയനാട്ടില്‍ നിന്നും ആദിവാസി കേന്ദ്രങ്ങളില്‍ നിന്നുമാണ് കാന്താരി മുളക് വിപണിയില്‍ എത്തുന്നത്. ജീവകം സിയുടെ ഉറവിടമാണ് മുളക്. കാപ്‌സയിസിന്‍ എന്ന രാസവസ്തുവാണ് മുളകിലെ എരിവിന് കാരണം. കാപ്‌സിക്കം ജനുസ്സിലും സൊളനേസിയ കുടുംബത്തിലുമാണ് മുളക് .


SocialTwist Tell-a-Friend
Related Stories: എരിവിന് കാന്താരി - Saturday, December 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon