You are here: HOME » MAINNEWS »
കേരളത്തില്‍ 3.4 ലക്ഷം കറവപ്പശുക്കള്‍ കുറഞ്ഞു
സ്വന്തം ലേഖകൻ Jayakeralam Malayalam News
Saturday, 03 December 2011
പാലക്കാട്: പാലുത്പാദനച്ചെലവ് കുത്തനെ ഉയരുന്നതുമൂലം കേരളത്തില്‍ കറവപ്പശുക്കളുടെ എണ്ണം ഗണ്യമായി കുറയുന്നു.പശുപരിപാലനച്ചെലവിന് ആനുപാതികമായി പാല്‍വില കിട്ടാത്തതും ക്ഷീരകര്‍ഷകരെ സംരക്ഷിക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍നിലപാടുംകാരണം കര്‍ഷകര്‍ പശുക്കളെ ഉപേക്ഷിക്കുകയാണ്.

1996ലെ കന്നുകാലി സെന്‍സസ്പ്രകാരം കേരളത്തില്‍ 11.15 ലക്ഷം കറവപ്പശുക്കളാണുണ്ടായിരുന്നത്. 2007ല്‍ ഇത് 8.08 ലക്ഷമായി. 3.4 ലക്ഷം പശുക്കളാണ് ഇല്ലാതായത്. അടുത്ത സെന്‍സസ് 2012ലാണ്. 2007ല്‍ ഉള്ളതിനെക്കാള്‍ 30 ശതമാനം കറവപ്പശുക്കള്‍കൂടി ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ പറയുന്നു.
റിട്ട. ജോയന്റ്ഡയറക്ടര്‍ ഡോ.കെ.ഒ.ഉമ്മന്റെ പഠനത്തില്‍ പരമ്പരാഗത കര്‍ഷകര്‍മാത്രമാണ് ക്ഷീരമേഖലയില്‍ നിലനില്‍ക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

പശുപരിപാലനച്ചെലവ് ദിനംപ്രതിയെന്നോണം വര്‍ധിക്കുകയാണ്. ഒരുലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ കേരളത്തില്‍ 27 രൂപ ഇപ്പോള്‍ ചെലവുവരുന്നു. എന്നാല്‍, രണ്ടുമാസംമുമ്പുവരെ പാലിന് കിട്ടിയിരുന്ന 18 മുതല്‍ 20 രൂപവരെയും. കര്‍ഷകര്‍ ഓരോലിറ്ററിനും 11മുതല്‍ 7രൂപവരെ നഷ്ടംസഹിക്കുന്നു.
ഒരു പശുക്കിടാവിനെ വളര്‍ത്തിവലുതാക്കി അത് പാല്‍ തരുന്ന ഘട്ടംവരെയാക്കാന്‍ കേരളത്തില്‍ 46,000 രൂപ ചെലവുവരുന്നുണ്ടെന്ന് ഡോ.ഉമ്മന്‍ പറഞ്ഞു. ഈ ഘട്ടത്തിലെത്തിയ ഒരുപശുവിനെ വിറ്റാല്‍ കിട്ടുന്നത് 25,000 രൂപ വരെയാണ്. പശുവിനെ വിറ്റാലും കര്‍ഷകന് ലാഭമില്ലെന്ന് ചുരുക്കം.

തീറ്റയുടെ വിലപ്പെരുപ്പം, മേച്ചില്‍പ്പുറങ്ങളുടെ കുറവ്, അടിക്കടിയുള്ള രോഗങ്ങള്‍, തൊഴിലാളികളുടെ ഉയര്‍ന്ന കൂലി, അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് എന്നിവയും ക്ഷീരമേഖല പ്രതിസന്ധിയിലാവാന്‍ കാരണമായി.
പശു, എരുമ, ആട് എന്നിവയില്‍നിന്ന് കേരളത്തില്‍ ഒരുദിവസം കിട്ടുന്ന പാല്‍ ആളൊന്നിന് 183ഗ്രാം ആണ്. ചുരുങ്ങിയത് 250ഗ്രാം വേണം. ബാക്കി പാല്‍ കേരളം വര്‍ഷങ്ങളായി അന്യസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങുകയാണ്. ഏറ്റവുംകൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന പഞ്ചാബില്‍ ഇത് 955.18ഗ്രാമാണ്.പാല്‍വില ലിറ്ററിന് 28 രൂപയാക്കിയശേഷമാണ് കര്‍ഷകന് നഷ്ടംകുറഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു.


SocialTwist Tell-a-Friend
Related Stories: കേരളത്തില്‍ 3.4 ലക്ഷം കറവപ്പശുക്കള്‍ കുറഞ്ഞു - Saturday, December 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon