You are here: HOME » KIDS »
കൊടുക്കുന്നതും കിട്ടുന്നതും
സ്വന്തം ലേഖകൻ Jayakeralam Malayalam News
Friday, 14 October 2011
പാടലീപുത്രത്തില്‍ പണ്ട് ശ്വേതകേതു എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ടു

പുത്രന്മാരാണ്. ഇരട്ടപിറന്ന വീരകേതുവും ധര്‍മ്മകേതുവും. വീരകേതു ആളൊരു

മുന്‍ശുണ്ഠിക്കാരനും മറ്റുള്ളവരോട് കരുണയില്ലാതെ പെരുമാറുന്നവനുമായിരുന്നു.

ധര്‍മ്മകേതുവാകട്ടെ സൗമ്യമനസ്‌ക്കനും സ്‌നേഹസമ്പന്നനും ആയിരുന്നു.

ഒരു ദിവസം അദ്ദേഹം രണ്ടുപേരേയും അടുത്തുവിളിച്ചിട്ട് പറഞ്ഞു: ''നിങ്ങള്‍ രണ്ടാളും വേഷം

മാറി നമ്മുടെ രാജ്യത്തിലെ പ്രധാന നഗരങ്ങളിലൂടെ ഒറ്റയ്ക്ക് നടക്കണം.
മടങ്ങിവന്ന് അവിടത്തെ വിശേഷങ്ങള്‍ എന്നെ അറിയിക്കുകയും വേണം!''
വൈകാതെ വീരകേതുവും ധര്‍മ്മകേതുവും വേഷം മാറി രണ്ടുവഴിക്ക് പുറപ്പെട്ടു. ഒരേ

നഗരങ്ങളിലൂടെ കടന്നു പോയ രണ്ടു പേര്‍ക്കും രണ്ടു തരത്തിലുള്ള അനുഭവങ്ങളാണ് ഉണ്ടായത്.

ആദ്യം മടങ്ങിയെത്തിയത് വീരകേതുവായിരുന്നു. രാജാവ് യാത്രയെക്കുറിച്ചു തിരക്കിയപ്പോള്‍

അവന്‍ പുരികം
ചുളിച്ച് ദേഷ്യത്തോടെ പറഞ്ഞു: ''ഹും! നമ്മുടെ ആളുകളെല്ലാം എത്ര ധിക്കാരികളാണ്!

എന്തെങ്കിലും ഒരു കാര്യം തിരക്കിയാല്‍ മറുപടി പറയാന്‍ തന്നെ മടി! വാക്കിലും

നോക്കിലുമെല്ലാം ഡംഭും പൊങ്ങച്ചവും! ചിലപ്പോഴെല്ലാം എനിക്കവന്മാരെ പിടിച്ച്

തുറുങ്കിലടയ്ക്കാന്‍ തോന്നി.''

അപ്പോഴേക്കും ധര്‍മ്മകേതുവും തിരിച്ചെത്തി. അവന്‍ തന്റെ യാത്രയെക്കുറിച്ചു പറഞ്ഞത്

മറ്റൊന്നായിരുന്നു: ''നമ്മുടെ പ്രജകളെല്ലാം എത്ര നന്മ നിറഞ്ഞവരാണെന്നോ? ഞാനാരാണെന്ന്

തിരിച്ചറിയാതിരുന്നിട്ടും അവര്‍ എന്നെ അകമഴിഞ്ഞ് സഹായിച്ചു. എന്റെ ആവശ്യങ്ങള്‍

ചോദിക്കാതെ തന്നെ മനസ്സിലാക്കി പല സഹായങ്ങളും ചെയ്തു. അവര്‍ക്കുകൊടുക്കാന്‍

സമ്മാനങ്ങളൊന്നും എടുക്കാഞ്ഞതില്‍ പലപ്പോഴും എനിക്കു സങ്കടം വന്നു!''
അപ്പോള്‍ ശ്വേതകേതു രണ്ടു മക്കളോടുമായി പറഞ്ഞു:

''നോക്കൂ. നമ്മുടെ പ്രജകളില്‍നിന്ന് നിങ്ങള്‍ രണ്ടു പേര്‍ക്കും രണ്ടു തരത്തിലുള്ള

അനുഭവങ്ങളാണ് ഉണ്ടായത്. എല്ലാവരോടും ധിക്കാരത്തോടും കരുണയില്ലാതെയും

പെരുമാറുന്നതാണ് വീരകേതുവിന്റ സ്വഭാവം. അതുകൊണ്ടു തന്നെ ആളുകള്‍ അവനോട്

അങ്ങനെതന്നെ തിരിച്ചും പെരുമാറി. എന്നാല്‍ ധര്‍മ്മകേതുവാകട്ടെ എത്ര

താഴ്ന്നനിലയിലുള്ളവരോടും സ്‌നേഹത്തോടെയും സൗഹൃദത്തോടെയും പെരുമാറുന്നവനാണ്.

അതുകൊണ്ടു തന്നെ അവന്‍ ഇടപഴകിയ ആളുകളെല്ലാം അവനോടും നന്നായി പെരുമാറി!''

ഒന്നു നിര്‍ത്തിയിട്ട് രാജാവ് രണ്ടു മക്കളേയും ചേര്‍ത്തുനിര്‍ത്തി പറഞ്ഞു: ''നിങ്ങള്‍

രാജകുമാരന്മാരാണ് എന്ന കാര്യം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ആളുകള്‍ രണ്ടാളോടും നന്നായി

പെരുമാറിയേനെ. എന്നാല്‍ അത് ഭയത്തില്‍നിന്നു ജനിക്കുന്ന വെറും അഭിനയം

മാത്രമായിരിക്കും. ഇന്നു നിങ്ങള്‍ കണ്ടത് അഭിനയമല്ല. അതവരുടെ സ്വഭാവം തന്നെയാണ്. നല്ല

വാക്കിനും നല്ല പ്രവൃത്തിക്കും എവിടേയും പ്രതിഫലം നന്മ തന്നെയാണ്. അതാണ്

ധര്‍മ്മകേതുവിന് കിട്ടിയത്. അഹങ്കാരത്തിനും പൊങ്ങച്ചത്തിനും തിരികെക്കിട്ടുക അവഗണന

മാത്രമാകും. അതാണ് വീരകേതുവിന് പറ്റിയ തെറ്റ്.''

പിതാവിന്റെ വാക്കുകള്‍ കേട്ട് വീരകേതു തലകുനിച്ചു. വൈകാതെ അവനും തന്റെ

സഹോദരനെപ്പോലെ നല്ലവാക്കും നല്ല പ്രവൃത്തിയും സ്വഭാവമാക്കി മാറ്റി.


SocialTwist Tell-a-Friend
Related Stories: കൊടുക്കുന്നതും കിട്ടുന്നതും - Thursday, October 13, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon