You are here: HOME » KIDS »
കഴുകന്റെ സമ്മാനം!
സ്വന്തം ലേഖകൻ Jayakeralam Malayalam News
Friday, 14 October 2011
ഒരിക്കല്‍ റഷ്യയിലെ ഒരു സാര്‍ചക്രവര്‍ത്തി കാട്ടില്‍ നായാട്ടിനു പോയതായിരുന്നു.

അവിടെവെച്ച് അദ്ദേഹം ഒരു കഴുകനെ കണ്ടു. അതിന്റെ ചിറകുകള്‍ക്ക്

സ്വര്‍ണവര്‍ണമായിരുന്നു! അതിനെ വെടിവെച്ച് വീഴ്ത്താനായി ചക്രവര്‍ത്തി, തോക്ക് ഉന്നം

പിടിച്ചു!

''അയ്യോ! എന്നെ കൊല്ലരുതേ!'', സ്വര്‍ണച്ചിറകുള്ള കഴുകന്‍, പേടിച്ചുവിറച്ചുകൊണ്ട്

ചക്രവര്‍ത്തിയോട് അപേക്ഷിച്ചു. പക്ഷേ, കഴുകന്റെ വാക്കുകള്‍ ചക്രവര്‍ത്തി ചെവിക്കൊണ്ടില്ല.

അതിനെ വെടിവെച്ചു വീഴ്ത്താന്‍തന്നെ അദ്ദേഹം തീരുമാനിച്ചു. അപ്പോള്‍ സങ്കടത്തോടെ കഴുകന്‍

വീണ്ടും ചക്രവര്‍ത്തിയോട് കേണപേക്ഷിച്ചു:

''ദയവായി എന്നെ അങ്ങയുടെ തോക്കിന് ഇരയാക്കരുത്. വേണമെങ്കില്‍ എന്നെ ജീവനോടെ

പിടിച്ചോളൂ! എന്നെ പിടിച്ച്, മൂന്നു കൊല്ലക്കാലം അങ്ങയുടെകൂടെ ജീവിക്കാന്‍ അനുവദിക്കണം.

എങ്കില്‍ അത് അങ്ങേക്ക് ഒരിക്കലും മറക്കാനാവാത്തതും വിലപിടിച്ചതുമായ

അനുഭവമായിരിക്കും!''

അതു കേട്ടപ്പോള്‍ സാര്‍ചക്രവര്‍ത്തിയുടെ മനസ്സ് ഒന്നിളകി. അദ്ദേഹം തോക്ക് താഴെവെച്ചു.

അന്നത്തെ നായാട്ട് മതിയാക്കിയ ചക്രവര്‍ത്തി കഴുകനേയുംകൊണ്ട് കൊട്ടാരത്തിലേക്കു തിരിച്ചു.

ദിവസങ്ങള്‍ ഓരോന്നായി കടന്നുപൊയ്‌ക്കൊണ്ടിരുന്നു. സ്വര്‍ണച്ചിറകുള്ള കഴുകന്റെ ചങ്ങാത്തം

ചക്രവര്‍ത്തിയെ ഏറെ രസിപ്പിച്ചു. എന്നാല്‍, പിന്നെപ്പിന്നെ കഴുകന്റെ സ്വഭാവത്തിലും മറ്റും

കാര്യമായ മാറ്റങ്ങള്‍ കാണപ്പെട്ടുതുടങ്ങി. ചക്രവര്‍ത്തിയെ പലതരത്തിലും കഴുകന്‍

പരീക്ഷിച്ചുകൊണ്ടിരുന്നു!

ആട്ടിന്‍മാംസവും കോഴിയിറച്ചിയുംകൊണ്ട് ചക്രവര്‍ത്തിക്കുവേണ്ടി പ്രത്യേകം വിഭവങ്ങള്‍

കൊട്ടാരത്തില്‍ മിക്കപ്പോഴും തയ്യാറാക്കിയിരുന്നു. ചക്രവര്‍ത്തി കഴിക്കുന്നതിനു മുന്‍പ് കഴുകന്‍

അതെല്ലാം ആര്‍ത്തിയോടെ വെട്ടിവിഴുങ്ങും! എന്നാല്‍ അതൊന്നും ചക്രവര്‍ത്തി

കണ്ടതായിപോലും ഭാവിച്ചില്ല. കഴുകനെ കാട്ടില്‍നിന്ന് പിടികൂടി കൊട്ടാരത്തിലേക്കു

കൊണ്ടുവരുമ്പോള്‍ അദ്ദേഹം ഒരു ഉറപ്പ് നല്‍കിയിരുന്നു-മറ്റുള്ളവരോട് അങ്ങേയറ്റം

മഹാമനസ്‌കതയും ദയയും കാണിക്കുമെന്ന്! കഴുകന്റെ കാര്യത്തിലും ആ വാഗ്ദാനം അദ്ദേഹം

ലംഘിച്ചില്ല! കഴുകന് അനിഷ്ടം തോന്നുന്ന ഒരു പ്രവൃത്തിയും ചക്രവര്‍ത്തിയുടെ ഭാഗത്തുനിന്ന്

ഉണ്ടായില്ല.

അങ്ങനെയിരിക്കെ ആ ദിവസം വന്നെത്തി-സാര്‍ചക്രവര്‍ത്തിയുടെ കൂടെ സ്വര്‍ണച്ചിറകുള്ള

കഴുകന്‍ കൂടിയിട്ട് മൂന്നു വര്‍ഷം തികയുന്ന ദിവസം! അന്ന്, എന്തോ കാര്യത്തിനായി

ചക്രവര്‍ത്തിക്ക് അടുത്തുള്ള ഒരു രാജ്യത്തേക്കു പോകേണ്ടിവന്നു. ആ രാജ്യത്തെത്തണമെങ്കിലോ?

ഒരു സമുദ്രം കടക്കണം!

സ്വര്‍ണച്ചിറകുള്ള ആ കഴുകന്‍, ചക്രവര്‍ത്തിയെ തന്റെ പുറത്തിരുത്തി സമുദ്രത്തിനു

മുകളിലൂടെ ഉയരത്തില്‍ പറന്നു. പെട്ടെന്ന് ചക്രവര്‍ത്തിയുടെ ഉള്ളൊന്ന് നടുങ്ങി:

'അബദ്ധത്തിലെങ്ങാനും കഴുകന്റെ പുറത്തുനിന്ന് താഴെ വീണാല്‍ എന്തായിരിക്കും അവസ്ഥ?

സമുദ്രത്തില്‍ മുങ്ങി തന്റെ കഥ കഴിഞ്ഞതുതന്നെ!' ഏതു നിമിഷവും മരണം സംഭവിക്കാമെന്ന്

ചക്രവര്‍ത്തി ഭയപ്പെട്ടു.

പക്ഷേ, ഒന്നും സംഭവിച്ചില്ല. കഴുകന്‍, ചക്രവര്‍ത്തിയെ സമുദ്രം കടത്തി സുരക്ഷിതനായി ആ

രാജ്യത്തെത്തിച്ചു. കുറച്ചുകഴിഞ്ഞ് തിരിച്ച് അതുപോലെത്തന്നെ കൊട്ടാരത്തിലുമെത്തിച്ചു. എന്നിട്ട്

സാര്‍ ചക്രവര്‍ത്തിയോട് കഴുകന്‍ പറഞ്ഞു:

''ഞാന്‍ അങ്ങയുടെ കൂടെ ഈ കൊട്ടാരത്തില്‍ വസിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം

തികയുകയാണ്. ഈ കാലത്തിനിടയ്ക്ക് എന്നിലൂടെ വിലപ്പെട്ട മൂന്നു കാര്യങ്ങള്‍ അങ്ങ് പഠിച്ചു.

അതിലൊന്ന്, മഹാമനസ്‌കതയോടെയും ദയാവായ്‌പോടെയും മറ്റുള്ളവരോട് പെരുമാറുക! രണ്ട്,

എല്ലായ്‌പ്പോഴും താന്‍ കൊടുത്ത വാക്ക് പാലിക്കുക! മൂന്നാമതായി ഏതു നിമിഷവും മരണത്തെ

മുന്നില്‍ കാണുക! ഈ മൂന്നു കാര്യങ്ങള്‍ അങ്ങേക്കുള്ള എന്റെ സമ്മാനമാണ്. എന്റെ

ജീവനെടുക്കാതെ, എന്നോട് കരുണ കാണിച്ചതിനുള്ള പ്രത്യുപകാരം. ഇനി എന്റെ ചങ്ങാത്തം

അങ്ങേക്ക് ആവശ്യമില്ല!''

ഇങ്ങനെ പറഞ്ഞിട്ട്, സ്വര്‍ണച്ചിറകുള്ള കഴുകന്‍ ഉച്ചത്തില്‍ ചിറകടിച്ച് കൊട്ടാരത്തില്‍നിന്നും

പറന്നകന്നു.
സാര്‍ചക്രവര്‍ത്തിയെ സംബന്ധിച്ചിടത്തോളം, കഴുകനുമായുള്ള സഹവാസത്തില്‍നിന്നും അദ്ദേഹം

പഠിച്ച മൂന്നു പാഠങ്ങള്‍ വളരെ വിലപിടിച്ചതായിരുന്നു. അവയാകട്ടെ, സാര്‍ചക്രവര്‍ത്തിയെ

ലോകത്തിലെതന്നെ ഏറ്റവും പ്രമുഖനും പ്രഗല്ഭനുമായ ഭരണാധികാരിയാക്കിത്തീര്‍ത്തു.


SocialTwist Tell-a-Friend
Related Stories: കഴുകന്റെ സമ്മാനം! - Thursday, October 13, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon