You are here: HOME » HEALTH »
പ്രമേഹചികിത്സ എപ്പോള്‍ തുടങ്ങണം?
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 04 December 2011
അത്യാസന്ന നിലയില്‍ കിടക്കുന്ന ഒരു

രോഗിക്ക് ചികിത്സ എപ്പോള്‍ തുടങ്ങണം എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എത്രയും പെട്ടെന്ന്

ആസ്പത്രിയിലെത്തിക്കുക, ചികിത്സ തുടങ്ങുക. എന്നാല്‍, ഈ അപകടത്തെക്കാളും ഗുരുതരമായ

വിപത്തുകളാണ് പ്രമേഹം വരുത്തിവെക്കുന്നതെന്ന് എത്രപേര്‍ക്കറിയാം? ഇന്ന് ആഗോളതലത്തില്‍

പ്രമേഹം അറിയപ്പെടുന്നതു തന്നെ, ശരീരത്തിലെ സുപ്രധാന അവയവങ്ങളെയെല്ലാം

തകരാറിലാക്കാന്‍ കഴിയുന്ന, ആരോഗ്യമുള്ള ഒരു മനുഷ്യനെ പൂര്‍ണമായും അവശനാക്കാന്‍

കഴിയുന്ന, ചികിത്സയ്ക്ക് ഏറ്റവും ചെലവേറിയ ഒരു രോഗമായിട്ടാണ്.

പ്രമേഹം 'നിശ്ശബ്ദ കൊലയാളി' എന്നൊക്കെ അറിയപ്പെടുന്നുണ്ടെങ്കിലും ചികിത്സ എപ്പോള്‍

തുടങ്ങണമെന്ന കാര്യത്തില്‍ ഒരു സംശയം രോഗികള്‍ക്ക് മാത്രമല്ല, ചികിത്സകര്‍ക്കും ഉണ്ട്

എന്നതാണ് സത്യം. പ്രമേഹ ലക്ഷണങ്ങളായ ശരീരഭാരം കുറയുക, കലശലായ ക്ഷീണം, വിശപ്പ്,

ദാഹം, എപ്പോഴും മൂത്രം ഒഴിക്കണമെന്നു തോന്നുക എന്നിവയെല്ലാം അനുഭവപ്പെടുന്നത് ടൈപ്പ്-2

പ്രമേഹം വന്നെത്തി എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ്. സ്വാഭാവികമായും വേദനയോ

ക്ഷീണമോ കാഴ്ചക്കുറവോ ഒന്നും തന്നെ അനുഭവപ്പെടാതിരിക്കുന്നതു കൊണ്ട്, പലരും

ആദ്യത്തെ 5-8 വര്‍ഷം ചികിത്സിക്കാതിരിക്കുകയോ ചികിത്സയ്ക്ക് പ്രാധാന്യം

കൊടുക്കാതിരിക്കുകയോ ചെയ്യും. ഇതു തന്നെയാണ് ഭാവിയിലെ ഗുരുതര വിപത്തുകള്‍ക്കും 20

മടങ്ങോളം വര്‍ദ്ധിക്കുന്ന ചികിത്സാ ചെലവിനും കാരണമാവുന്നത്.

പ്രമേഹചികിത്സ എന്നാല്‍ ഗുളികകളും ഇന്‍സുലിന്‍ ഇന്‍ജക്ഷനും ഉപയോഗിച്ചുള്ള ചികിത്സ

മാത്രമല്ല. പ്രമേഹചികിത്സയ്ക്ക് പ്രധാനമായും താഴെ പറയുന്ന ലക്ഷ്യങ്ങളാണുള്ളത്.

1. അമിതഭാരം ഉണ്ടെങ്കില്‍ കുറയ്ക്കണം. 2. രക്തത്തിലെ പഞ്ചസാര കൂടുതലാണെങ്കില്‍ അത്

നിയന്ത്രണവിധേയമാക്കണം. 3. രക്തത്തിലെ കൊഴുപ്പ് കൂടുതലാണെങ്കില്‍ അത്

നിയന്ത്രണവിധേയമാക്കണം. 4. രക്തസമ്മര്‍ദം അല്പമെങ്കിലും കൂടുതലുണ്ട് എങ്കില്‍ അതും

നിയന്ത്രണവിധേയമാക്കണം.

മേല്‍പ്പറഞ്ഞ നാല് രോഗാവസ്ഥകളില്‍ ഏതെങ്കിലും ഒന്ന് ചികിത്സിക്കാന്‍ വിട്ടുപോകുകയോ

അവഗണിക്കപ്പെടുകയോ ചെയ്യുകയാെണങ്കില്‍ പ്രമേഹചികിത്സ ഭാവിയില്‍ പരാജയപ്പെടും

എന്ന് ഏകദേശം ഉറപ്പാക്കാം.

മറ്റൊരര്‍ഥത്തില്‍ രക്തത്തിലെ പഞ്ചസാര കൂടുതലാെണന്ന് കണ്ടെത്തി പ്രമേഹചികിത്സ

തുടങ്ങുമ്പോള്‍, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, അമിതവണ്ണം എന്നീ ഘടകങ്ങളില്‍ ഏതെങ്കിലും

ഒന്ന് ഒപ്പമുണ്ടെങ്കില്‍ അതിന് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കുക തന്നെ വേണം.

വെറുംവയറ്റില്‍ ഷുഗര്‍ 126-ല്‍ കൂടുതല്‍ ആകുമ്പോഴാണ് പ്രമേഹം ആണെന്ന് ഉറപ്പിക്കുന്നത്.

അല്ലെങ്കില്‍ റാന്‍ഡം ബ്ലഡ് ഷുഗര്‍ 200-ല്‍ കൂടുതലോ എച്ച്.ബി. എ വണ്‍ സി-6.5 ശതമാനമോ

ആവണം. ഈ മൂന്ന് അവസ്ഥകളിലും പ്രമേഹചികിത്സ തീവ്രമായിത്തന്നെ തുടങ്ങണം.

വെറുംവയറ്റില്‍ ഷുഗര്‍ 100 ആണെങ്കില്‍ അത് പ്രമേഹത്തിന്റെ പ്രാരംഭ അവസ്ഥയാണ്. ഈ

ഘട്ടത്തിലും ചികിത്സ തുടങ്ങണം.

പ്രമേഹത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഏറ്റവും ഫലപ്രദമായ ചികിത്സ നിത്യേന 30 മിനിറ്റ്

വ്യായാമമാണ്. അതോടൊപ്പം ഭക്ഷണത്തിലെ മധുരവും കൊഴുപ്പും നന്നേ ഒഴിവാക്കാനും

ശ്രമിക്കണം. എന്നാല്‍ വ്യായാമം ചികിത്സയുടെ ഭാഗമാക്കുന്നത് 30 വയസ്സിനു ശേഷം

ആദ്യമായാണെങ്കില്‍, വിശദമായ വൈദ്യപരിശോധനകള്‍ക്കു ശേഷമായിരിക്കണം അത്. കാരണം,

നമ്മളറിയാതെ രക്തസമ്മര്‍ദമോ കൊഴുപ്പോ കൂടുതലാണ് എങ്കില്‍ അവ ചികിത്സിച്ചിട്ടോ,

ചികിത്സയോടൊപ്പമോ വേണംവ്യായാമം നടത്താന്‍.
അല്ലെങ്കില്‍ രോഗി വ്യായാമം ചെയ്യുമ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദവും രക്തത്തിലെ ഉയര്‍ന്ന

കൊഴുപ്പും രക്തക്കുഴലുകളിലെ രോഗങ്ങള്‍ക്കു കാരണമാകാം.

പ്രമേഹ പ്രാരംഭാവസ്ഥയിലുള്ള പല രോഗികള്‍ക്കും രക്തത്തിലെ പഞ്ചസാരയ്ക്കു പലപ്പോഴും

മരുന്ന് വേണ്ടിവരുന്നില്ല. മറിച്ച്, പ്രമേഹം വരാനും അതു കൂട്ടാനും സാധ്യതയുള്ള

മറ്റേതെങ്കിലും രോഗമുെണ്ടങ്കില്‍ (പ്രധാനമായും രക്തത്തിലെ എല്‍.ഡി.എല്‍. കൊളസ്‌ട്രോള്‍

കൂടുതലാണെങ്കില്‍, രക്തസമ്മര്‍ദം 140/90 ൗൗ/ഃഷ-യില്‍ കൂടുതലാണെങ്കില്‍) ഇവയ്‌ക്കൊക്കെ

ഫലപ്രദമായ ചികിത്സ സ്വീകരിക്കുകയാണ് വേണ്ടത്. പ്രമേഹ ചികിത്സ തുടങ്ങുമ്പോള്‍

മരുന്നുകള്‍ എന്താകണം എന്നു തീരുമാനിക്കേണ്ടത് പ്രമേഹം ചികിത്സിക്കുന്ന ഡോക്ടറും

ഡയറ്റീഷ്യനും ഡയബറ്റിസ് നഴ്‌സ് എഡ്യൂക്കേറ്ററും ഒക്കെ അടങ്ങുന്ന ഒരു ടീം ആണ്.

ഈ വിദഗ്ധ സംഘത്തിനു മാത്രമേ പ്രമേഹചികിത്സ തുടങ്ങുമ്പോള്‍ വ്യായാമവും

ഭക്ഷണശൈലിയിലുള്ള മാറ്റങ്ങളും മാത്രം മതിയോ, ഔഷധങ്ങള്‍ ഒപ്പം വേണമോ എന്നു

തീരുമാനിക്കാന്‍ ശാസ്ത്രീയമായി കഴിയൂ. നിരവധി ലബോറട്ടറി പരിശോധനകളുടെ

അടിസ്ഥാനത്തിലാണ് ചികിത്സയുടെ പ്രാരംഭത്തില്‍ മെറ്റ്‌ഫോര്‍മിന്‍ എന്ന ഗുളിക മാത്രം മതിയോ

അതോ അതോടൊപ്പം മറ്റേതെങ്കിലും ഔഷധങ്ങള്‍ വേണമോ, അല്ല പ്രാരംഭത്തില്‍ ഇന്‍സുലിന്‍

ഇഞ്ചക്ഷനുകള്‍ തുടങ്ങണമോ എന്നൊക്കെ തീരുമാനിക്കുന്നത്.

പ്രമേഹചികിത്സ തുടങ്ങിയാല്‍ അതു നിര്‍ത്താന്‍ കഴിയുമോ? ഇന്‍സുലിന്‍ ഇഞ്ചക്ഷനുകള്‍

തുടങ്ങിയാല്‍ അത് ജീവിതകാലം മുഴുവന്‍ തുടരേണ്ടി വരില്ലേ? ഇതെല്ലാം വെറും

അബദ്ധധാരണകള്‍ മാത്രമാണ്. വേണ്ട സമയത്ത് വേണ്ട വിധത്തിലാണ് ചികിത്സ തുടങ്ങുന്നത്

എങ്കില്‍ ചികിത്സ നിര്‍ത്താന്‍ കഴിയും. മരുന്നുകള്‍ ഇല്ലാതെ തന്നെ തുടരാന്‍ കഴിയും. എന്നാല്‍,

പ്രമേഹം ഉെണ്ടന്നറിയാതെ പോകുകയോ ഉണ്ട് എന്നറിഞ്ഞിട്ട് അത് അവഗണിക്കുകയോ

ചെയ്യുകയാണെങ്കില്‍ ചികിത്സ വൈകി എന്നാണര്‍ഥം. അങ്ങനെ വളരെ വൈകിയാണ്

ഇന്‍സുലിനോ ഗുളികകളോ തുടങ്ങുന്നതെങ്കില്‍ ജീവിതകാലം മുഴുവന്‍ അത് ഉപയോഗിക്കേണ്ടി

വരും. അല്ലെങ്കില്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷനുകളാണെങ്കില്‍ പോലും മൂന്നോ നാലോ മാസങ്ങള്‍ക്കു

ശേഷം പൂര്‍ണമായി നിര്‍ത്താന്‍ കഴിയും.

പ്രമേഹത്തിന് ചില പ്രത്യേകതകളുണ്ട്. ഓരോ 10 സെക്കന്റിലും ഒരാള്‍വീതം മരിക്കുന്നു.

രണ്ടുപേര്‍ക്കു വീതം പ്രമേഹം കണ്ടെത്തുന്നു. പ്രമേഹമാണ് ഇന്ന് വൃക്കസ്തംഭനത്തിനും

ഡയാലിസിസിനും പ്രധാന ഹേതു. അന്ധതയ്ക്ക് ഒന്നാമത്തെ കാരണവും പ്രമേഹം തന്നെ.

പ്രമേഹരോഗികള്‍ക്ക് ഹൃദ്രോഗസാധ്യത മൂന്ന് മടങ്ങ് കൂടുതലാണ്.

ഹൃദ്രോഗത്തിന് ചികിത്സിക്കപ്പെടുന്നവരില്‍ 80 ശതമാനത്തിലേറെ പ്രമേഹരോഗികളാണ്.

പ്രമേഹത്തെ വെറും പഞ്ചസാരയുടെ രോഗമായി മാത്രം കണ്ട് ചികിത്സിക്കുകയാണെങ്കില്‍

ഇപ്പറഞ്ഞ നഷ്ടങ്ങളൊന്നും തടയാന്‍ കഴിയില്ല. അതിനാല്‍ പ്രമേഹത്തിനെതിരെയുള്ള യുദ്ധം

വൈകിപ്പിക്കരുത്. രക്തത്തില്‍ പഞ്ചസാര കൂടുതലാണെന്നറിഞ്ഞ ശേഷവും ജീവിതശൈലീ

മാറ്റങ്ങളോ ഔഷധങ്ങളോ സ്വീകരിക്കാതെ മാസങ്ങളും വര്‍ഷങ്ങളും പിന്നിടുന്നത് വീടിനുള്ളില്‍

ഒരു ടൈംബോംബ് ഉണ്ടെന്നറിഞ്ഞ ശേഷവും സുഖമായി ഉറങ്ങുന്നതിനു തുല്യമാണ്.


SocialTwist Tell-a-Friend
Related Stories: പ്രമേഹചികിത്സ എപ്പോള്‍ തുടങ്ങണം? - Thursday, October 13, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon