You are here: HOME » HEALTH »
മധുരവും മദ്യവും ഒന്നുപോലെ
സിസ്സി ജേക്കബ്‌ mathrubhumi Jayakeralam Malayalam News
Sunday, 12 February 2012
ഒടുങ്ങാത്ത ആസക്തിയില്‍ നിന്നുളവാകുന്ന സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്ഥയും മരണകാരണമായേക്കാവുന്ന അനാരോഗ്യവുമാണ് മദ്യത്തെ സാമൂഹിക വിപത്തായി മുദ്രകുത്തി നിരോധിക്കുന്നതിനുള്ള കാരണമെങ്കില്‍ അതേ കാരണങ്ങളാല്‍ തന്നെ വിലക്കേണ്ടതാണ് മധുരവും; അഥവാ പഞ്ചസാരയും. പകര്‍ച്ച വ്യാധികളേക്കാള്‍ വലിയ ജീവഹാരികളായി ജീവിത ശൈലീ രോഗങ്ങള്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും.

ഹൃദ്രോഗവും അര്‍ബുദവും പ്രമേഹവും പോലെ, പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങള്‍ ഓരോ വര്‍ഷവും ഇല്ലാതാക്കുന്നത് മൂന്നരക്കോടി ജീവനുകളാണ്. ആരോഗ്യരംഗത്ത് പകര്‍ച്ചവ്യാധികളേക്കാള്‍ വലിയ ദുരന്തം ഇവയാണെന്ന് ചരിത്രത്തിലാദ്യമായി കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിക്കുകയും ചെയ്തു.

വികസിതവും വികസ്വരവും അവികസിതവുമായ എല്ലാ രാജ്യങ്ങളിലും ഭീഷണമാം വിധം ഈ ദുരന്തം നിലനില്‍ക്കുന്നുണ്ട്. പാശ്ചാത്യ ആഹാരശൈലിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
സംസ്‌ക്കരിച്ച് നാരുകളും പോഷണങ്ങളും ഊറ്റിക്കളഞ്ഞ് പാക്കറ്റുകളിലാക്കിയെത്തുന്ന ഈ ആഹാരം കഴിച്ച് ലോകത്തിന് തടികൂടുകയാണ്. പോഷകക്കുറവുള്ളവരേക്കാള്‍ 30 ശതമാനം അധികമാണ് ആഗോളതലത്തില്‍ പൊണ്ണത്തടിക്കാരുടെ എണ്ണം. എന്നാല്‍, പൊണ്ണത്തടിക്കാരില്‍ 20 ശതമാനം പേര്‍ക്കും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളോ അകാലമരണമോ സംഭവിക്കുന്നില്ല. അതേസമയം, സാധാരണ ശരീരഭാരമുള്ള 40 ശതമാനം പേര്‍ക്കും പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ലിപ്പിഡ് പ്രശ്‌നങ്ങള്‍, കാര്‍ഡിയോവാസ്‌കുലാര്‍ രോഗം, മദ്യപാനം കൊണ്ടല്ലാത്ത ഫാറ്റി ലിവര്‍ രോഗം എന്നിവ കാണുന്നുണ്ട്. എന്താവും ഇതിന് കാരണം?മദ്യം, പുകയില, ആഹാരം- രോഗകാരികളായി യു.എന്‍. ചൂണ്ടിക്കാട്ടുന്നത് ഇവ മൂന്നിനെയുമാണ്. ഇതില്‍, മദ്യത്തിനും മയക്കുമരുന്നിനും പൊതുജനാരോഗ്യ താത്പര്യാര്‍ഥം ഭരണകൂടങ്ങള്‍ നിയന്ത്രണമോ വിലക്കോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആഹാരത്തിന് അത്തരം നിയന്ത്രണമോ വിലക്കോ ഇല്ല. അത് സാധ്യവുമല്ല. കാരണം പുകയിലയും മദ്യവും അവശ്യവസ്തുക്കളല്ല. ആഹാരം അങ്ങനെയാണുതാനും. അപ്പോള്‍ എന്തു ചെയ്യും?

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഡെന്‍മാര്‍ക്ക് ഒരു കാര്യം ചെയ്തു. കൂടിയ അളവില്‍ പൂരിത കൊഴുപ്പടങ്ങിയ ഭക്ഷണസാധനങ്ങള്‍ക്ക് നികുതി ചുമത്തി. മേല്‍പ്പറഞ്ഞ രോഗങ്ങള്‍ക്ക് മുഖ്യകാരണം കൊഴുപ്പല്ലെങ്കിലും പൗരന്‍മാരുടെ ആരോഗ്യത്തിലുള്ള കരുതല്‍ കൊണ്ട് ചെയ്തതാണത്. പുതിയ ഒരു നികുതി കൂടി കൊണ്ടുവരാനുള്ള ആലോചനയിലാണ് ഭരണകൂടം. പഞ്ചസാരയ്ക്ക് നികുതി ഏര്‍പ്പെടുത്തുക. ഉപ്പിന്റെയും കൊഴുപ്പിന്റെയും പേരില്‍ ആഹാര നിയന്ത്രണം കൊണ്ടുവരുന്നതിനേക്കാള്‍ കാര്യക്ഷമമായ നീക്കമായാണ് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം ഇതിനെക്കാണുന്നത്. ആരോഗ്യം നശിപ്പിക്കുന്ന യഥാര്‍ഥ വില്ലനെ പിടിച്ചുകെട്ടാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ലഘുപാനീയങ്ങളുടെയും ചില ഭക്ഷണ പദാര്‍ഥങ്ങളുടെയും പാക്കിന് മുകളില്‍ ആഡഡ് ഫ്ലേവേഴ്‌സ് എന്നും ആഡഡ് ഷുഗര്‍ എന്നും കാണാറില്ലേ. പഴങ്ങളില്‍ നിന്ന് സംസ്‌ക്കരിച്ചെടുക്കുന്ന ഫ്രൂക്ടോസ് എന്ന പഞ്ചസാരയാണ് ഈ ആഡഡ് ഷുഗര്‍.അതില്‍ തന്നെ ഫ്രൂക്ടോസിന്റെ ഉപയോഗം വളരെ കൂടി. കരളിന് ദൂഷ്യമുണ്ടാക്കുന്നതും മരണം വരെ വിടാതെ പിന്തുടരുന്ന ഒട്ടേറെ രോഗങ്ങള്‍ക്കിടയാക്കുന്നതുമാണ് ഫ്രൂക്ടോസ് എന്ന് ശാസ്ത്രലോകം കണ്ടെത്തിക്കഴിഞ്ഞു. മിതമായ ഉപയോഗം രോഗകാരിയല്ല. അധികമായാല്‍ അത് സാവധാനത്തില്‍ മരണത്തിലേക്കടുപ്പിക്കും. അതുകൊണ്ട്, പൊതുജനാരോഗ്യത്തെപ്പറ്റിയുള്ള അന്താരാഷ്ട്ര സംഘടനകളുടെ ആശങ്കകള്‍ സത്യസന്ധമാണെങ്കില്‍ ഫ്രൂക്ടോസിന്റെ ഉപയോഗം പരിമിതപ്പെടുത്താന്‍ നടപടിയെടുക്കണമെന്നാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ദ സെന്റര്‍ ഫോര്‍ ഒബിസിറ്റി അസെസ്‌മെന്റ് , സ്റ്റഡി ആന്‍ഡ് ട്രീറ്റ്‌മെന്റിലെ റോബര്‍ട്ട് എച്ച്. ലസ്റ്റിങ് നേച്ചര്‍ മാസികയിലെഴുതിയ ലേഖനത്തില്‍ പറയുന്നത്.

ഉപയോഗിച്ചുപയോഗിച്ച് ഒഴിച്ചുകൂടാനാവത്തതായി മാറിയതും വിഷത്വവും (toxity) സമൂഹത്തിലെ നിഷേധാത്മക സ്വാധീനവും കുഴപ്പങ്ങളുമുണ്ടാക്കുന്നു എന്നതുമാണല്ലോ മദ്യത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്. പഞ്ചസാരയ്ക്കും ഇതിനൊക്കെ കഴിയുമെന്നാണ് ലസ്റ്റിങ്ങിന്റെ വാദം.

കാലം മധുരത്തെ അഭേദ്യമാംവിധം മനുഷ്യനുമായി അടുപ്പിച്ചു നിര്‍ത്തിയിരിക്കുന്നു. അതത് കാലത്ത് പ്രകൃതിയില്‍ ലഭ്യമായിരുന്ന പഴങ്ങളായിരുന്നു പൂര്‍വികര്‍ക്ക് മധുരത്തിന്റെ ഉറവിടങ്ങള്‍. അത് വര്‍ഷം മുഴുവനും ലഭ്യമല്ലായിരുന്നു. പിന്നുണ്ടായിരുന്നത് തേനീച്ചകള്‍ സംഭരിച്ച് സൂക്ഷിക്കുന്ന തേനായിരുന്നു. എന്നാല്‍, ഇന്ന് വിപണിയിലെത്തുന്ന ഏതാണ്ടെല്ലാ സംസ്‌ക്കരിച്ച ആഹാരസാധനങ്ങളിലും പഞ്ചസാരയുടെ അംശമുണ്ട്. ഇത് പ്രകൃതി ദത്തമല്ല. മനുഷ്യ നിര്‍മിതമാണ്. കാരണം പ്രകൃതി നിര്‍മിക്കുന്ന മധുരം കിട്ടാന്‍ പ്രയാസമാണ്. മനുഷ്യ നിര്‍മിതമാകട്ടെ എളുപ്പം ലഭ്യമാകും. ലോകത്തിന്റെ പല ഭാഗങ്ങളിലും ആഡഡ് ഷുഗറില്‍ നിന്നു മാത്രം ഒരാള്‍ ദിവസം ശരാശരി 500 കാലറി അകത്താക്കുന്നുണ്ട്.

ഇനി, വിഷത്വം. ഉപാപചയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങള്‍ക്കും ഹേതു പഞ്ചസാരയാണെന്ന് ലസ്റ്റിങ് അഭിപ്രായപ്പെടുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ (ഫ്രൂക്ടോസ് യൂറിക് ആസിഡിന്റെ ഉത്പാദനം കൂട്ടുന്നു. ഇത് രക്തസമ്മര്‍ദം ഉയര്‍ത്തുന്നു); കരളിലെ കൊഴുപ്പിന്റെ സംശ്ലേഷണത്തിലൂടെ ട്രൈഗ്ലുസറൈഡ്‌സിനും ഇന്‍സുലിനും ഉയര്‍ന്ന പ്രതിരോധം തീര്‍ക്കുന്നു; ഈ പ്രതിരോധത്തിനൊപ്പം കരളിലെ ഗ്ലൂക്കോസ് ഉത്പ്പാദനം കൂട്ടി പ്രമേഹത്തിനിടയാക്കുന്നു; ചെറുപ്പത്തിലേ വാര്‍ധക്യം കൊണ്ടുവരുന്നു. മദ്യം കരളിനുണ്ടാക്കുന്ന അതേ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ മധുരത്തിനും കഴിയും. ഇതില്‍ അതിശയിക്കനുമില്ല. പഞ്ചസാരയെ ഫെര്‍മെന്റേഷന് വിധേയമാക്കിയാണല്ലോ മദ്യമുണ്ടാക്കുന്നത്. മദ്യവും മധുരവും തമ്മില്‍ കേവലം 'മ'യ്ക്കപ്പുറം ഇത്രയും അടുത്ത ബന്ധവുമുള്ളപ്പോള്‍, അവയുണ്ടാക്കുന്ന ദുരന്തങ്ങള്‍ക്കും അടുപ്പം കാണാതിരിക്കുന്നതെങ്ങനെ? പഞ്ചസാരയുടെ ഉപയോഗവും അര്‍ബുദവും തമ്മില്‍ ബന്ധപ്പെടുത്തുന്ന ചില പഠനങ്ങള്‍ ആരോഗ്യരംഗത്ത് മുമ്പുണ്ടായിട്ടുണ്ട്.

ഉപയോഗിക്കുന്നയാളെ അടിമയാക്കാന്‍ മദ്യത്തിനും പുകയിലക്കുമെന്നപോലെ പഞ്ചസാരയ്ക്കും വിരുതുണ്ട്.ഭക്ഷണം കഴിച്ചതില്‍ സന്തോഷം തോന്നിപ്പിക്കുന്ന ഡോപമിന്‍ സിഗ്നലുകള്‍ തലച്ചോറിലെത്തുന്നത് കുറയ്ക്കുന്നു. തത്ഫലമായി പിന്നെയും പിന്നെയും കഴിക്കാന്‍ പ്രേരണയുണ്ടാകുന്നു.പഞ്ചസാരയുണ്ടാക്കുന്ന സാമൂഹിക വിപത്തുകള്‍ കൂടി പരിശോധിക്കാം. നിഷ്‌ക്രിയ ധൂമപാനവും കുടിച്ചുപൂസായുള്ള ഡ്രൈവിങ്ങുണ്ടാക്കുന്ന അപകടങ്ങളും പുകയിലയെയും മദ്യത്തെയും നിരോധിക്കേണ്ടതോ നിയന്ത്രിക്കേണ്ടതോ ആയ വസ്തുക്കളുടടെ പട്ടികയില്‍ പെടുത്തുന്നു. പഞ്ചസാരയുടെ അമിതോപയോഗം വിദൂരഭാവിയില്‍ സാമ്പത്തിക, ആരോഗ്യരക്ഷാ രംഗങ്ങളില്‍ ഉണ്ടാക്കാനിടയുള്ള ആഘാതങ്ങളെ ഇതേ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. അമേരിക്കയിലെ കാര്യം ഉദാഹരണമായി ചൂണ്ടിക്കാട്ടാം; ഉപാപചയപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ചികിത്സയ്ക്കായി വര്‍ഷം 15000 കോടി ഡോളറാണ് അവര്‍ ചെലവിടുന്നത്. പട്ടാളത്തിലേക്ക് ലഭിക്കുന്ന അപേക്ഷകളില്‍ 25 ശതമാനവും പൊണ്ണത്തടിയുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ തള്ളപ്പെടുന്നു. പൊണ്ണത്തടി 'ദേശസുരക്ഷയക്ക് ഭീഷണി'യാണെന്നാണ് യു.എസ്. ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ പ്രഖ്യാപിച്ചത്. കായികക്ഷമതാ പരിശോധനയില്‍ കേരളത്തിലെ സ്‌കൂളുകളിലെ കുട്ടികളുടെ പ്രകടനത്തെ ഇതുമായി ചേര്‍ത്തുവായിക്കാം.

പഞ്ചസാരയെ എങ്ങനെ പിടിച്ചുകെട്ടാം?
എല്ലാ നിയന്ത്രണങ്ങളുടെയും ആദിപാഠങ്ങള്‍ തുടങ്ങും പോലെ ഇതും സ്‌കൂളില്‍ തുടങ്ങാം. നല്ല ആഹാരശീലവും വ്യായാമവും കുട്ടികളെ പഠിപ്പിക്കാം. മദ്യത്തിന്റെയും പുകയിലയുടെയും ഉത്പ്പാദനത്തിനും വിതരണത്തിനും നിയന്ത്രണങ്ങളുണ്ട്. അതുപോലെയുള്ള നിയന്ത്രണങ്ങള്‍-നികുതി ചുമത്തലും മറ്റും-ആഡഡ് ഷുഗര്‍ ചേര്‍ത്ത ഉത്പ്പന്നങ്ങളുടെ കാര്യത്തില്‍ ഏര്‍പ്പെടുത്തണം. മധുരം ചേര്‍ത്ത ലഘുപാനീയങ്ങള്‍, ശീതളപാനീയങ്ങള്‍ തുടങ്ങിയവയെയും ഇതിന്റെ പരിധിയില്‍ പെടുത്തണം. മധുരമടങ്ങിയ തിരഞ്ഞെടുത്ത ഭക്ഷ്യവസ്തുക്കള്‍ക്കു മേല്‍ കാനഡയും ചില യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ തന്നെ ചെറിയ തോതില്‍ അധികനികുതി ചുമത്തിത്തുടങ്ങിയിട്ടുണ്ട്. ഒരൗണ്‍സിന് ഒരു പെന്നി എന്ന തോതില്‍ സോഡയ്ക്ക നികുതി ചുമത്തുന്നതിനുള്ള ആലോചനയിലാണ് യു.എസ്. കാരണം, ഒരു വര്‍ഷം 216 ലിറ്റര്‍ സോഡയാണ് ഒരു അമേരിക്കന്‍ പൗരന്‍ അകത്താക്കുന്നത്. ഇതിന്റെ 58 ശതമാനം പഞ്ചസാരയാണ്.
മദ്യത്തിന്റെയും പുകയിലയുടെയും വിപണനത്തിനുള്ള സമയപരിധിയും വില്‍പ്പന ശാലകള്‍ക്കുള്ള നിയന്ത്രണവും അതേ തോതിലല്ലെങ്കിലും മധുരമുള്ള ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലും കൊണ്ടുവരണം. സ്‌കൂളുകള്‍ക്ക് സമീപം ലഹരി ഉത്പ്പന്നങ്ങളുടെ വില്‍പ്പന പാടില്ല എന്ന പോലെ ഒന്ന്. ആഡഡ് ഷുഗറടങ്ങിയ ലഘുപാനീയങ്ങള്‍ വാങ്ങാന്‍ പ്രായപരിധി നിശ്ചയിക്കണം. ഇനിയും ഒരുദാഹരണം അമേരിക്കയില്‍ നിന്ന്. അവിടെ തെക്കന്‍ ഫിലഡല്‍ഫിയയില്‍ സ്‌കൂള്‍സമയം കഴിഞ്ഞ് കുട്ടികള്‍ കടകളില്‍ മധുരപാനീയങ്ങളും പലഹാരങ്ങളും വാങ്ങാന്‍ കയറുന്നില്ലെന്നുറപ്പ് വരുത്താന്‍ രക്ഷാകര്‍ത്താക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നു.എന്നാല്‍, വലിയ ചെലവില്ലാതെ സ്വാദുകൂട്ടാന്‍ സഹായിക്കുന്ന ഈ മാര്‍ഗം ഉപേക്ഷിച്ച് സ്വന്തം കഞ്ഞിയില്‍ പാറ്റയിടാന്‍ അവര്‍ തയ്യാറാകില്ല. അതിനാല്‍, ആത്മനിയന്ത്രണം തന്നെയാണ് ഫലപ്രദമായ വഴി.


SocialTwist Tell-a-Friend
Related Stories: മധുരവും മദ്യവും ഒന്നുപോലെ - Saturday, February 11, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon